ഈ കൊടുംക്രൂരത നടപ്പിലാക്കിയവരാണ്
ഇന്നും കൊലക്കത്തിയുമായി
കേരളത്തിലാകമാനം പാഞ്ഞു നടക്കുന്നത്
ഈ കൊടുംക്രൂരത നടപ്പിലാക്കിയവരാണ് ഇന്നും കൊലക്കത്തിയുമായി കേരളത്തിലാകമാനം പാഞ്ഞു നടക്കുന്നത്
2 Sep 2020, 12:14 PM
ചൂള വെയ്ക്കുന്നത് കണ്ടിട്ടുണ്ടോ നിങ്ങള്‍? വിറക് അട്ടിയട്ടിയായി അടുക്കിവെച്ച് ചുറ്റും വൈക്കോലിട്ട് മൂടി മണ്ണു തേച്ച് പൊത്തിവെയ്ക്കുന്നു. തീ കൊളുത്തുവാന്‍ വേണ്ടി ഒന്നോ രണ്ടോ ദ്വാരങ്ങള്‍ ഇരുവശവുമുണ്ടാക്കുന്നു. അതിലൂടെ കൊളുത്തപ്പെടുന്ന തീ ഉള്ളില്‍ നിറച്ചിരിക്കുന്ന വിറകില്‍ നീറിനീറിപ്പിടിച്ച് കത്തിക്കയറുന്നു.അവസാനം മാന്തിയെടുക്കുമ്പോള്‍ കരിക്കഷണങ്ങള്‍ മാത്രം അവശേഷിക്കുന്നു. അതുപോലെ മനുഷ്യനെ ജീവനോടെ ചൂളയ്ക്കു വെച്ച ഒരു സ്ഥലമുണ്ട്. സാക്ഷാല്‍ ഇ.എം.എസ് രണ്ടാം ജാലിയന്‍ വാലാബാഗ് എന്ന് വിശേഷിപ്പിച്ച ചീമേനി. അഞ്ചു സഖാക്കളെയാണ് അവിടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചുട്ടും വെട്ടിയും കൊന്നുതള്ളിയത്. കെ. കരുണാകരന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് ചരിത്രത്തിലെവിടേയും സമാനതകളില്ലാത്ത ഈ കൊടുംക്രൂരത ചീമേനിയില്‍ അരങ്ങേറിയത്.
1987 മാര്‍ച്ച് 23. കെ കരുണാകരനും കോണ്‍ഗ്രസിനുമെതിരെ കേരളം വിധിയെഴുതിയ തിരഞ്ഞെടുപ്പു ദിനം. അന്ന് വൈകുന്നേരം അഞ്ചു മണിക്ക് ചീമേനിയിലെ സി.പി.ഐ.എം. ഓഫീസില്‍ തിരഞ്ഞെടുപ്പു കണക്കുകളുമായി സ്ത്രീകളടക്കമുള്ള കുറച്ചു സഖാക്കള്‍ ഒത്തു കൂടി. ഓടു മേഞ്ഞ ഒരു ചെറിയ കെട്ടിടമായിരുന്നു അത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത് നായനാരാണ്. അതുകൊണ്ടുതന്നെ വീഴ്ച കൂടാതെ കണക്കുകള്‍ പരിശോധിക്കേണ്ടതുണ്ട്.ചീമേനി കോണ്‍ഗ്രസിന് മൃഗീയമായ ഭൂരിപക്ഷമുള്ള പ്രദേശമായിരുന്നു അക്കാലത്ത്. അവര്‍ അറിയാതെ ഒരിലപോലും അനങ്ങില്ല എന്നുതന്നെ പറയാം. അവിടങ്ങളിലെ ബുത്തുകളില്‍ മറ്റു പാര്‍ട്ടികളിലെ ഏജന്റുമാരെ ഇരുത്തുവാന്‍ പോലും സമ്മതിക്കാറില്ല. എന്നാല്‍ പതിവിനു വിപരീതമായി ചീമേയില്‍ സി.പി.ഐ.എം. വലിയ മുന്നേറ്റമുണ്ടാക്കി. അതു കോണ്‍ഗ്രസിന് കടുത്ത വെല്ലുവിളിയായി. എങ്ങനേയും ഇടതരെ ഒതുക്കണമെന്ന് തീരുമാനിക്കപ്പെട്ടു. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓഫീസില്‍ ബൂത്തുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയും ചര്‍ച്ചകള്‍ ചെയ്തുകൊണ്ടിരിക്കുകയുമായിരുന്ന സഖാക്കളുടെ അടുത്തേക്ക് തൊട്ടടുത്തുള്ള കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും മാരകായുധങ്ങളുമായി ഇരുന്നൂറോളം ആളുകള്‍ ഇരച്ചെത്തിയത്.
എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയുന്നതിനു മുമ്പേ മുറ്റത്തും മറ്റുമായി നിന്നിരുന്നവരെ കുതിച്ചെത്തിയവര്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി. പലരും ഓടി രക്ഷപ്പെട്ടു. അവശേഷിച്ചവര്‍ പാര്‍ട്ടി ഓഫീസിനുള്ളില്‍ അഭയം തേടി. ഉള്ളില്‍ കടന്നവര്‍ വാതിലുകളും ജനലുകളും ചേര്‍ത്തടച്ചു. ഒട്ടും അമാന്തിച്ചില്ല , അക്രമികള്‍ ഓഫീസിന്റെ ജനലുകളും വാതിലുകളും തകര്‍ക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഉള്ളിലുണ്ടായിരുന്നവര്‍ ബെഞ്ചുകളും ഡെസ്‌കുകളുമുപയോഗിച്ച് വാതിലുകള്‍ക്ക് ബലം കൊടുത്തു. എന്നാല്‍ ആ പ്രതിരോധം അധികനേരം നീണ്ടു നിന്നില്ല. അക്രമികള്‍ ജനലുകളും വാതിലുകളും അടിച്ചു തകര്‍ത്തു. ഉള്ളിലുള്ളവര്‍ പുറത്തേക്ക് ഇറങ്ങിയോടിയാല്‍ വെട്ടി വീഴ്ത്തുന്നതിനുവേണ്ടി മാരകായുധങ്ങളുമായി കോണ്‍ഗ്രസ് സംഘം ഓഫീസ് വളഞ്ഞു പിടിച്ചു. പിന്നീടാണ് ലോകത്തെ ഞെട്ടിച്ച കൊടുംക്രൂരത അരങ്ങേറിയത്. വീടു കെട്ടിമേയാനുപയോഗിക്കുന്ന പുല്ല് കെട്ടുകെട്ടായി കൊണ്ടുവന്ന് അവര്‍ പൊളിഞ്ഞു വീണ ജനലിലൂടെ ഓഫീസിനകത്തേക്ക് തള്ളി. ഉള്ളിലെ സഖാക്കളെ ജീവനോടെ ചുട്ടുകളയുക എന്നതായിരുന്നു ഉദ്ദേശം. പുല്ലിന് മുകളിലേക്ക് നേരത്തെ കരുതിയിരുന്ന മണ്ണെണ്ണ കോരിയൊഴിച്ചു.തീ കൊടുത്തു. തീ ആളിപ്പടര്‍ന്നു.
അകത്തുള്ള സഖാക്കള്‍ മരണത്തെ മുഖാമുഖം കണ്ടു. തീയില്‍ വെന്തെരിയാനാണ് പോകുന്നതെന്ന് തിരിച്ചറിഞ്ഞ അവര്‍ രക്ഷപ്പെടാന്‍ പഴുതുകള്‍ നോക്കി. പുറത്ത് അക്രമികള്‍ വെട്ടി വീഴ്ത്താന്‍ തയ്യാറായി നില്ക്കുന്നു. അകത്ത് തീ ആളിപ്പടരുന്നു. അവര്‍ വാതിലുകള്‍ വലിച്ചു തുറന്നു. തീയ്യില്‍ നിന്നും രക്ഷപ്പെടാന്‍ പുറത്തേക്ക് ഓടിയ സഖാക്കളെ കാത്തു നിന്നവര്‍ അരിഞ്ഞു വീഴ്ത്തി.എന്തൊരു ക്രൂരതയാണെന്ന് ചിന്തിച്ചു നോക്കൂ. ശ്വാസം മുട്ടി ചുമച്ചും കണ്ണുകാണാതെയും പുറത്തേക്ക് വരുന്നവരെയാണ് വളഞ്ഞിട്ട് കഷണം കഷണമായി വെട്ടി നുറുക്കിയത്. ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത കൊടുംക്രൂരത.അതും അഹിംസാവാദികളെന്ന് നാഴികയ്ക്ക് നാല്പതു വട്ടം വാതുവെയ്ക്കുന്ന കോണ്‍ഗ്രസുകാര്‍. ഹിംസ്രജന്തുക്കള്‍ക്കുപോലും ഇത്രയും ക്രൂരതയുണ്ടാകുമോ?
ആലവളപ്പില്‍ അമ്പു, കെ വി കുഞ്ഞിക്കണ്ണന്‍ , എം. കോരന്‍ , സി. കോരന്‍ , പി. കുഞ്ഞപ്പന്‍. പാതി വെന്ത ശരീരത്തോടെ തീയ്യില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി പുറത്തേക്കോടിയ അഞ്ചു സഖാക്കളെയാണ് അക്രമിക്കൂട്ടം തീര്‍ത്തെടുത്തത്. ആദ്യം പുറത്തുചാടിയ അമ്പുവിനെ നിമിഷനേരം കൊണ്ടാണ് വെട്ടിമുറിച്ചത്. കത്തുന്ന കെട്ടിടത്തിനകത്തിരുന്ന് അദ്ദേഹത്തിന്റെ മക്കള്‍ ആ അരും കൊലയ്ക്ക് സാക്ഷികളായി. പഞ്ചായത്ത് മെമ്പറായിരുന്ന പി കുഞ്ഞപ്പന്റെ തല അടിച്ചു പൊളിച്ച് പുല്ലിട്ട് കത്തിച്ചാണ് കൊന്നത്. കെ.വി. കുഞ്ഞിക്കണ്ണനെ അമ്മിക്കല്ലെടുത്തുകൊണ്ടുവന്ന് ഇഞ്ചിഞ്ചായി ഇടിച്ചു നുറുക്കി കൊന്നുതള്ളി. അദ്ദേഹം ബസ്സുകാത്തു നില്ക്കുന്നിടത്തു നിന്ന് പിടിച്ചുകൊണ്ടുവന്നാണ് ഈ പൈശാചികകൃത്യം നടത്തിയത്. കൊല്ലുന്നതിനു മുമ്പേ അവയവങ്ങള്‍ അറുത്തുമാറ്റിയും കൈയ്യില്‍ കിട്ടിയ സഖാക്കളെ അതിക്രൂരമായി പീഡിപ്പിച്ചു.കത്തുന്ന തീയില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയോടിയവരെ വാളുകൊണ്ടും കഠാരികൊണ്ടും വെട്ടിമുറിച്ചു. മാരകമായി മുറിവേറ്റ് ചിതറി വീണ അവരില്‍ പലരേയും ചത്തുവെന്ന് കരുതി അക്രമികള്‍ ഉപേക്ഷിച്ചു. അതുകൊണ്ടുമാത്രമാണ് അവര്‍ക്ക് രക്ഷപ്പെടാനായത്. ഇത്രയും അതിക്രമം നടന്നിട്ട് തൊട്ടടുത്തുതന്നെ ഒരു പോലീസ് ചെക്കുപോസ്റ്റുണ്ടായിരുന്നിട്ടും ഒരു പോലീസുകാരന്‍ പോലും അങ്ങോട്ടു തിരിഞ്ഞില്ല.

കേരളത്തില്‍ കോണ്‍ഗ്രസിന് തുടര്‍ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പു കഴിഞ്ഞ അന്നുതന്നെ ചീമേനിയിലെ ഈ അക്രമം അരങ്ങേറിയത്. എന്നാല്‍ ചീമേനിയടങ്ങുന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തിലടക്കം ഇടതുപക്ഷം വിജയിച്ചു. കേരളത്തില്‍ നായനാരുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.അത് കോണ്‍ഗ്രസിന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായിരുന്നു.
ഇ.എം.എസും നായനാരും മറ്റു നേതാക്കളും ചീമേനിയിലെത്തി. കോണ്‍ഗ്രസ് നടത്തിയ കൊടുംക്രൂരതയുടെ മുന്നില്‍ അവര്‍ നടുങ്ങി നിന്നു. അഞ്ചിടങ്ങളിലായി കത്തിക്കരിഞ്ഞും വെട്ടുകൊണ്ടു ചിതറിത്തെറിച്ചും സഖാക്കള്‍ വീണു കിടക്കുന്നു. അസഹനീയമായ കാഴ്ചയായിരുന്നു അത്. വെറുതെ കൊല്ലുകമാത്രമായിരുന്നില്ല അവര്‍ ചെയ്തത്. ഏറ്റവും ക്രൂരമായിത്തന്നെ കൊല്ലണമെന്ന നിര്‍ബന്ധം അക്രമികള്‍ക്കുണ്ടായിരുന്നു. ആ അഞ്ചുശരീരങ്ങളും അത്തരമൊരു സമീപനത്തിന്റെ ഫലമായി ശകലീകരിക്കപ്പെട്ട് വിറങ്ങലിച്ചു കിടന്നു.
ഈ കൊടുംക്രൂരത നടപ്പിലാക്കിയ കാട്ടാളന്മാരാണ് ഇന്നും കൊലക്കത്തിയുമായി കേരളത്തിലാകമാനം പാഞ്ഞു നടക്കുന്നത്. ചിമേനിയില്‍ അരിഞ്ഞു വീഴ്ത്തപ്പെട്ടവരെപ്പോലെ കേരളത്തിലാകമാനം നിരവധി സഖാക്കളാണ് കോണ്‍ഗ്രസടക്കമുള്ള വര്‍ഗ്ഗശത്രുക്കളുടെ കത്തിമുനയില്‍ പിടഞ്ഞു തീര്‍ന്നത്. സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ വെമ്പിനടക്കുന്ന നമ്മുടെ മാധ്യമങ്ങളാകട്ടെ ഇത്തരം അരുംകൊലകള്‍ക്കെതിരെ എക്കാലത്തും കണ്ണടച്ചു പോന്നു. എന്നാല്‍ പൊരുതിവീണ ആ സഖാക്കളുടെ പേരുകള്‍ കേരളത്തിന്റെ ഇടതുപക്ഷ മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ തിളങ്ങി നില്ക്കുന്നു. ആരു ചവിട്ടിത്താഴ്ത്തിയാലും മറവിയുടെ ഗര്‍ത്തങ്ങളിലേക്ക് പോയിമറയുകയില്ലെന്ന വാശിയോടെ. അതുകൊണ്ട് ചരിത്രത്തെ ഓര്‍മിക്കുവാനും ഓര്‍മ്മിപ്പിക്കുവാനും വെട്ടിവീഴ്ത്തപ്പെട്ട ആ രക്തസാക്ഷികളുടെ സ്മരണകള്‍ നിരന്തരം ഇവിടെ അലയടിച്ചുയരേണ്ടതുണ്ട്.
മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രചരിപ്പിച്ച ഇല്ലാക്കഥകളൊന്നും ജനം വിശ്വസിക്കുന്നില്ലെന്ന് വന്നപ്പോള്‍ വെട്ടുകത്തിയും കൊടുവാളുമെടുത്ത് വീണ്ടും നിരത്തിലേക്ക് ഇറങ്ങുവാനാണോ കോണ്ഗ്രസിന്റെ തീരുമാനം ? കഴിഞ്ഞ ദിവസം മിഥിലാജ് (30), ഹഖ് മുഹമ്മദ്(24) എന്നീ രണ്ടു ചെറുപ്പക്കാരെയാണ് കോണ്ഗ്രസ് കൊലക്കത്തിക്ക് തീര്‍ത്തത്. പരാജയ ഭീതിയില്‍ ഇത്തരത്തിലുള്ള എന്തു തെമ്മാടിത്തരത്തിനും മടിക്കില്ലെന്നാണോ. കൊല്ലപ്പെട്ട ആ യുവാക്കളുടെ ചോര തെരുവില്‍ക്കിടന്ന് അലറിക്കരയുന്നത് ആരെയാണ് ഉലയ്ക്കാതിരിക്കുക? കാട്ടാളനീതിയുടെ ഗുണ്ടകള്‍ തീര്‍ത്തുകളഞ്ഞത് ജീവിതം തുടങ്ങിയിട്ടില്ലാത്ത രണ്ടു യുവാക്കളെയാണ്. സമൂഹത്തില്‍ അക്രമം വിതച്ച് വിളവു കൊയ്യാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെങ്കില്‍ അതുണ്ടാക്കുന്ന ഭവിഷ്യത്ത് ഗുരുതരമായിരിക്കും.

മിഥിലാജിനേയും ഹഖ് മുഹമ്മദിനേയും തിരുവോണത്തലേന്ന് പാതിരാത്രിയില്‍ വെട്ടിക്കൊലപ്പെടുത്തിയവരെ സഹായിക്കില്ലെന്ന് ഷാഫി പറമ്പില്‍ പറയുന്നതില്‍ നിന്നും വ്യക്തമാകുന്നത്, തുടക്കം മുതലെ ഡി.വൈ.എഫ്.ഐ.യും സി.പി.ഐ.എമ്മും ആരോപിച്ചതുപോലെ കൊലയ്ക്കു പിന്നില്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണ് എന്ന് അവസാനം കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുന്നുവെന്നാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന ആ അര്‍ത്ഥത്തില്‍ ഒരു കുറ്റസമ്മതം കൂടിയാകുന്നു. പ്രതികള്‍ക്ക് കോണ്‍ഗ്രസ് ബന്ധമില്ലെന്ന് പരമാവധി പറഞ്ഞു നോക്കി. എന്നാല്‍ കൂടുതല്‍ വ്യക്തമായ തെളിവുകള്‍ പുറത്തു വന്നതോടുകൂടി നേതൃത്വത്തിന് നിഷേധിക്കാനാകാത്ത സാഹചര്യം സംജാതമായി. ഞങ്ങളല്ല കൊലയാളികള്‍ എന്ന ആണയിടല്‍ ആരും കണക്കിലെടുക്കാതെയായപ്പോള്‍ യൂത്തു കോണ്‍ഗ്രസോ കോണ്‍ഗ്രസോ പ്രതികളെ ഒരു തരത്തിലും സഹായിക്കില്ലെന്ന് അവര്‍ ചുവടുമാറി. ആ മാറ്റത്തിലെ കുടിലത മറച്ചുവെച്ച് കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ മഹാമനസ്‌കതയെന്നൊക്കെ പാടിപ്പുകഴ്ത്താന്‍ ഇവിടെ നിഷ്പക്ഷരുടെ വേലിയേറ്റം തന്നെയുണ്ടായി. അത് പിടിക്കപ്പെട്ടവന്‍ രക്ഷപ്പെടാനായി നടത്തുന്ന പിടച്ചില്‍ തന്ത്രം മാത്രമായിരുന്നുവെന്ന് മനസ്സിലാക്കാത്തവന്‍ രാഷ്ട്രീയതിമിരത്തില്‍ ആന്ധ്യം ബാധിച്ചവരാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ആ ചുവടുമാറ്റത്തിന്റെ കാരണങ്ങള്‍ പരിശോധിക്കാതെ നമ്മുടെ മാധ്യമങ്ങളും അത് കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ ബഹിര്‍സ്ഫുരണമാണെന്ന് വിളിച്ചു പറഞ്ഞ് ഒപ്പം കൂടി കൈയ്യടിച്ചു. അത്തരത്തിലൊരു അധമ നിലപാടു സ്വീകരിച്ചതുകൊണ്ടാണ് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയെ വിളിച്ചിരുത്തി, ഈ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയമാനങ്ങളുണ്ടോ, കൊന്നത് കോണ്‍ഗ്രസ് തന്നെയോ എന്നൊക്കെ മാധ്യമങ്ങളിലെ നിഷ്പക്ഷര്‍ സ്ഖലിച്ചു രസിക്കുന്നത്. ആ രസത്തില്‍ അവര്‍ക്ക് സ്വയം മുഴുകാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നതോടൊപ്പം തന്നെ കേരളമാകെ അതാണു രസമെന്ന് കൈയ്യടിക്കണമെന്നുള്ള വാശിയോട് ബോധമുള്ളവര്‍ക്ക് യോജിക്കാനാകുമോ?
യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റു കാണിച്ച ആര്‍ജ്ജവം പോലും കോണ്‍ഗ്രസിലെ ആദര്‍ശവാനെന്ന് പലരും ചൂണ്ടിക്കാണിക്കുന്ന ഒരു നേതാവിനുണ്ടായില്ല. കാസര്‍കോഡ് സ്വന്തം പാര്‍ട്ടിയിലെ രണ്ടുപേര്‍ കൊല്ലപ്പെട്ടപ്പോള്‍ പൊട്ടിക്കരയുന്ന മുല്ലപ്പള്ളിയെ നാം കണ്ടു. എന്നാല്‍ കേരളമാകെ കണ്ടുകൊണ്ടിരുന്ന ആ കരച്ചില്‍ സ്വന്തം ഇമേജുണ്ടാക്കുവാന്‍ വേണ്ടിമാത്രമായിരുന്നെന്ന് അന്നേ കോണ്‍ഗ്രസിലെ ചിലര്‍ തന്നെ സത്യസന്ധമായി വിലയിരുത്തിയതാണ്. പിന്നീട് ഏറെ താമസിക്കാതെ സിസ്റ്റര്‍ ലിനിയെ ആക്ഷേപിച്ചുകൊണ്ട് താനെന്താണെന്ന് തിരിച്ചറിയാനുള്ള ഒരവസരംകൂടി കേരളത്തിന് നല്കി. എത്രയൊക്കെ ഒളിച്ചു വെച്ചാലും ഉള്ളിലെ കള്ളന്‍ ഒരിക്കല്‍ പുറത്തു വരും എന്ന പഴമൊഴിയ്ക്ക് നാം നന്ദി പറയുക. എന്തായാലും അമ്പത്തൊന്നു വെട്ടിന്റെ പരിവേഷമുണ്ടായാല്‍ മാത്രം ഉത്തജനമുണ്ടായി കവിത ചുരക്കുന്ന ഒരു കൂട്ടം ഫെറ്റിഷ് കവികള്‍ കൂടി കേരളത്തിലുണ്ടായിരിക്കുന്നുവെന്നതാണ് ഏറ്റവും അവസാനമായി വെളിപ്പെട്ടു കിട്ടുന്നത്.
എം.പി.കെ.അഹമ്മദ് കുട്ടി
2 Sep 2020, 06:28 PM
വെഞ്ഞാറമൂട്ടിലെ ക്രൂരത കിരാതമാണ്. മനുഷ്യത്വത്തിന് വിരുദ്ധമാണ്. കുറ്റവാളികളെ നിർദാക്ഷിണ്യം ശിക്ഷിക്കണം.തർക്കമില്ല. പറയുമ്പോൾ എല്ലാം പറയണ്ടേ? വൈകാരിക പ്രതികരണം ഏകപക്ഷീയമാകാമോ? പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് അധ്യാപകനെ വെട്ടിക്കൊന്നതും ആൾക്കൂട്ടത്തിൻ്റെ മുന്നിൽ വിചാരണ ചെയ്ത് യുവാവിനെ കുത്തികൊന്നതുമടക്കം അനേകം അരുംകൊലകളെ ഏത് ശുദ്ധജലം കൊണ്ടാണ് കഴുകിക്കളയാനാവുക?മാശാ അല്ലാഹ് സ്റ്റിക്കറും ഫസലിൻ്റ ചോര പുരണ്ട കൈലേസ് Rss ആലയത്തിൽ കൊണ്ടിട്ടതും ഹിംസ യേക്കാൾ വലിയ പാതകമല്ലേ? രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്ക് പറയരുത്. അത് പരോക്ഷ ന്യായീകരണമായിപ്പോകും.
arshad K Kanam.
2 Sep 2020, 04:22 PM
"ജീവിതം തുടങ്ങിയിട്ടു പോലുമില്ലാത്ത '' രണ്ട് വെള്ളരിപ്രാവുകൾ പാതിരാത്രി കൊടുവാളുമായി ബൈക്കിൽ പോകുമ്പോൾ മറ്റു ചില ആയുധങ്ങളുമായി മറ്റു ചില വാഹനങ്ങളിലെത്തിയ മറ്റു ചില വെള്ളരിപ്രാവുകളുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച സംഭവത്തിൽ അനുശോചനം. അന്ത്യാഭിവാദ്യം. ചീമേനിയിലെ വെള്ളരിപ്രാവുകളുടെ കഥയെ ഇത്തരുണത്തിൽ അനുസ്മരിച്ചെടുത്ത് കൂട്ടിയിണക്കി പുന:പ്രകാശനം ചെയ്തതിലെ സന്ദർഭോചിതത്വം അഭിനന്ദനാർഹം. ചീമേനിയിലെ പാർട്ടി ഓഫീസിന് കോൺഗ്രസ് കാപാലികന്മാർ തീയിടുന്നതിന് അര മുക്കാൽ മണിക്കൂർ മുമ്പ് തൊട്ടപ്പുറത്തെ കയ്യൂരിലെ പോളിങ്ങ് ബൂത്തിലെ യു.ഡി.എഫ് ഏജൻ്റായിരുന്ന കൃഷ്ണാട്ടനെന്ന ജനകീയ കോൺഗ്രസ് നേതാവിനെ കള്ളവോട്ട് തടഞ്ഞതിൻ്റെ പേരിൽ പ്രമുഖ പാർട്ടി ക്രിമിനലുകൾ കുത്തിക്കൊന്ന കാര്യം ലേഖകൻ കൃത്യാന്തരബാഹുല്യത്തിനിടയിൽ മറന്ന് പോയതായിരിക്കും. പോട്ടെ, സാരമില്ല. ചീമേനിക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതും, തുടർന്ന് പാർട്ടിക്കോടതി വധശിക്ഷ വിധിച്ച് നടപ്പാക്കിയതും കൃത്യാന്തര ബാഹുല്യത്തിൽ വിട്ടുപോയതാവും. അതും സാരമില്ല. വാനിൽ വെള്ളക്കൊടി പാറട്ടെ. സമാധാനത്തിൻ്റെ വെള്ളരിപ്രാവുകൾ കൊടുവാളുമേന്തി പാഞ്ഞു നടക്കട്ടെ.
ടി.എസ്.രവീന്ദ്രൻ
2 Sep 2020, 03:51 PM
ബൗദ്ധിക സത്യസന്ധത ഉള്ള സാഹിത്യ- സാംസ്കാരിക പ്രവർത്തകരില്ലാത്തതാണ് കേരളത്തെ ചെകുത്താന്റെ സ്വന്തം നാടാക്കുന്നത്. കാളമൂത്രം പോലെയുള്ള ഈ ഛർദ്ദിൽ മുമ്പൊന്നും കണ്ടില്ല. എത്രയോ പാവപ്പെട്ടവർ ഇവിടെ വിവിധ പാർട്ടിക്കാരുടെ കൊലക്കത്തിക്കിരയായിട്ടുണ്ട്. വിധവകളെയും അച്ഛനില്ലാത്ത കുട്ടികളെയും സൃഷ്ടിക്കാൻ മനസ്സാക്ഷിക്കുത്തില്ലാത്ത പാർട്ടിക്കാരാണ് ഒട്ടുമിക്കതും.. വെറുപ്പിന്റെയല്ല, സ്റ്റേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും മഹാപാഠങ്ങളാവണം ഓരോ എഴുത്തും
N.C.Haridasan
2 Sep 2020, 02:48 PM
ഇത്കേ രളത്തിലെ ഏറ്റവും അവസാനത്തെ 'രാഷ്ട്രീയ കൊല'യാവാൻ എന്ത് ചെയ്യാം? സാധാരണ ഗതിയിൽ സംഭവിക്കുന്നത്: ജില്ലാ കളക്ടർ വിളിച്ചുചേർക്കുന്ന സർവകക്ഷി നേതാക്കളുടെ ഒരു 'സമാധാനസമ്മേളനം', രണ്ടു മാസം പിന്നിടുന്നതോടെ പകയുടെ ആവർത്തനം, വെട്ടും കുത്തും കൊലപാതകവും! ഇതിനെയാണ് 'രാഷ്ട്രീയക്കൊല',എന്ന് നമ്മുടെ മാധ്യമങ്ങൾ വിളിക്കുന്നത്! രാഷ്ട്രീയത്തിന്റെ എബിസിഡി അറിയാതെ കക്ഷിരാഷ്ട്രീയം തൊഴിലാക്കിയ അരാഷ്ട്രീയ പ്രവർത്തകർ രാഷ്ട്രീയത്തിന്റെകൊല നടത്തിയത് എന്ന അർത്ഥത്തിൽ ആ പ്രയോഗം ശരിതന്നെ!! ഇത്തരം കൊലപാതകക്കേസുകളിൽ പ്രതികളായവർ പ്രവർത്തിക്കുന്ന പാർട്ടിയുടെയോ സംഘടനയുടെയോ പ്രാഥമിക ഘടകം ഒരു വർഷം പകരം സംവിധാനം ഏർപ്പെടുത്താതെ പൂർണമായും സസ്പെൻഡ് ചെയ്യാനും ആ ജില്ലയിൽ തുടർന്നും ഇതേ പാർട്ടിക്കാരോ സംഘടനക്കാരോ പ്രതികളായ കൊലപാതകം നടന്നാൽ പകരം സംവിധാനം ഏർപ്പെടുത്താതെ ജില്ലാ ഘടകം ഒരു വർഷം പൂർണമായും സസ്പെൻഡ് ചെയ്യാനും എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും തയ്യാറാവുമോ?ഈ കാലയളവിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പോലും ഈ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിൽ ഒരാൾപോലും മത്സരിക്കില്ല എന്നും തീരുമാനിച്ച് പരസ്യപ്രസ്താവന നടത്താൻ തയ്യാറാവണം! ആർക്കുണ്ട് ചങ്കൂറ്റം??
വിനയ രാജ് പി.കെ.
2 Sep 2020, 01:22 PM
ഏറെ വേദനാജനകമാണ് എല്ലാ കൊലപാതകങ്ങളും.ഇതാവെഞ്ഞാറമൂടും- .....മാത്രമല്ല പെരിയയും ചീമേനിയും പാനൂരും തലശ്ശേരിയും കണ്ണൂരും നാദാപുരവും - ഒഞ്ചിയത്തും ---കുട്ടികളുടെ മുമ്പിൽ വെച്ച്, അച്ഛനമ്മമാരുടെയും സ്വന്തം ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് ---- എത്രയെത്ര കൊലപാതകങ്ങൾ! എല്ലാറ്റിനുംഒരേ സ്വരം - സാധാരണ ചെറുപ്പക്കാരാണ് ,പാവപ്പെട്ടവനാണ് ഇതിനെല്ലാം ഇരയാക്കപ്പെടുന്നത്. എന്തിൻ്റെ പേരിലായാലും ഒരിക്കലും ഒന്നും ന്യായീകരിക്കാനേ ആവില്ല. ആശയപരമായ വിയോജിപ്പുകളെ വെട്ടി വെട്ടി തീർക്കുന്നവർ, കൊലവിളി നടത്തുന്നവർ, മൈതാന പ്രസംഗത്തിൽ ആവേശ കൈയടി കിട്ടാൻ, കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്നറിയുമ്പോൾ കൊലക്കത്തി കൊണ്ട് തന്ത്രം മെനയുന്നവർ, സ്വകാര്യമായി വെട്ടാൻ നിർദ്ദേശം നൽകുന്നവർ,അന്യൻ്റ രാഷ്ട്രീയത്തെ മതത്തെ ജാതിയെ വിശ്വാസത്തെ ആശയത്തെ ചോരയിൽ തീർക്കുന്നവർ, കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത് കോടതികളായ കോടതികൾ കയറിയിറങ്ങി സ്വന്തം ഗുണ്ടകളെ സംരക്ഷിക്കാൻ ഓടി നടക്കുന്നവർ, സർക്കാർ സംവിധാനങ്ങൾ പോലും കൊലയാളികൾക്കുവേണ്ടി ഒരുക്കി കൊടുക്കുന്നവർ, ആരാണ് ശുദ്ധൻമാർ, ആർക്ക് പറയാനാവും ഒരു കൊലപാതകത്തിലും പങ്കാളികളായിട്ടില്ലെന്ന് ??? ആരും ഒന്നും പഠിക്കുന്നില്ല കഴിഞ്ഞ അനുഭവങ്ങളിൽ നിന്ന് - ഒരു രാഷ്ട്രീയ പാർട്ടിയും മുക്തമല്ല ഈ ചോരക്കായിൽ നിന്ന് ---
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
സെബിൻ എ ജേക്കബ്
Dec 17, 2020
19 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read
Think
Nov 24, 2020
35 Minutes Read
ഡോ. സനില്‍ എം. നീലകണ്ഠന്‍
Nov 18, 2020
7 Minutes Read
KISHOR KUMAR KP
2 Sep 2020, 10:06 PM
രാഷ്ട്രീയം വിശ്വാസത്തിന് അടിമപ്പെടുകയും വിശ്വാസം യുക്തിയില്ലായ്മമയിൽ അധിഷ്ടിതമാകുമ്പോൾ മരണം രക്തസാക്ഷിത്വമാകുന്നു