പിടിവിടാതിരിക്കാം, കേരളം പുതിയ കോവിഡ് തരംഗത്തിൽ

കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ, കേരളത്തെ സംബന്ധിച്ച് അടുത്ത രണ്ടുമാസങ്ങൾ അതീവ പ്രധാനമാണ്. തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പ്, ശബരിമല തീർത്ഥാടനം, ക്രിസ്മസ്, പുതുവർഷം ഒക്കെ ആൾക്കൂട്ടങ്ങളുടെ ആഘോഷമാണ്. കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാനശീലങ്ങളിൽ അയവ് വന്നതാണ് യൂറോപ്പിൽ നിന്നുള്ള പ്രധാനപാഠം. യൂറോപ്പിൽ നിന്നൊക്കെ എന്തെങ്കിലും പാഠം നമ്മൾ പഠിക്കുന്നുണ്ടെങ്കിൽ, അത് പഠിച്ച് പ്രാവർത്തികമാക്കേണ്ട സമയമിതാണ്. രോഗികളുടെ എണ്ണത്തിൽ ചെറിയ കുറവ് വരുമ്പോഴേക്കും ജാഗ്രതയിൽ ആ കുറവ് വരാൻ പാടില്ല. അതുകൊണ്ട് നമ്മൾ തുടർന്നുപോന്ന ജാഗ്രത തുടർന്നേ മതിയാവൂ

ന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. എന്നുവച്ചാൽ ഒരു നൂറ്റാണ്ട് മുമ്പ്, 1918 ഏപ്രിലിൽ അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ ഒരുതരം പനിരോഗം പൊട്ടിപ്പുറപ്പെട്ടു, പ്രധാനമായും സൈനികർക്കിടയിൽ. യുദ്ധാവശ്യത്തിന് അമേരിക്കയിൽ നിന്ന് ഫ്രാൻസിലേക്ക് പോയ സൈനികർ വഴി ഫ്രാൻസിലും ഈ പനി ഒരു പകർച്ചവ്യാധിപോലെ പടർന്നു.

തുടർന്ന്, ജർമനി, ബ്രിട്ടൻ, ഇറ്റലി, സ്‌പെയിൻ എന്നിവിടങ്ങളിലേക്കും.
അവിടെ നിന്ന് റഷ്യ, വടക്കേ ആഫ്രിക്ക, ഇന്ത്യയിൽ ബോംബെ വരെ അതെത്തി. ഇന്ത്യയിൽ നിന്ന് അത് കിഴക്കോട്ട് സഞ്ചരിച്ചു. ചൈനയിൽ, ജപ്പാനിൽ എല്ലാം ഫ്‌ലൂ പുറപ്പെടുന്നതായി വാർത്തകൾ വന്നു. ജൂലൈ മാസത്തോടെ രോഗം ഓസ്‌ട്രേലിയയിലെത്തി. പിന്നെ പതിയെ പിൻവാങ്ങി.

‘സ്പാനിഷ് ഫളൂ' എന്ന് വിളിക്കുന്ന, കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പാൻഡെമിക്കിന്റെ ആദ്യ തരംഗമായിരുന്നു അത്. താരതമ്യേന സൗമ്യമായിരുന്നു ആ തരംഗമെന്നതായിരുന്നു സത്യം.

1918 ആഗസ്റ്റിൽ ഇൻഫ്‌ളുവൻസ പാൻഡെമിക്കിന്റെ രണ്ടാമത്തെതും ഏറ്റവും മാരകമായതുമായ തരംഗമായി ഫ്‌ളൂ വീണ്ടുമെത്തി. ആദ്യ വരവിൽ സൈനികരെയാണ് കൂടുതൽ ബാധിച്ചതെങ്കിൽ രണ്ടാം വരവിലത് ആരെയും വെറുതെ വിട്ടില്ല. 1918 മാർച്ചിൽ രേഖപ്പെടുത്തിയ ആദ്യ രോഗിയും 1920 മാർച്ചിൽ അവസാനമായി രേഖപ്പെടുത്തിയ കേസും ഉൾപ്പെടെ, 5- 10 കോടി ആളുകൾ വരെ, അല്ലെങ്കിൽ ആഗോള ജനസംഖ്യയുടെ 2.5 മുതൽ 5 ശതമാനം വരെ ആളുകൾ സ്പാനിഷ് ഫ്‌ളൂ കാരണം കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കുന്നത്.

നൂറുവർഷം മുമ്പ്, മനുഷ്യൻ സഞ്ചരിക്കുന്ന ഏറ്റവും വലിയ വേഗത, കപ്പലിന്റെ വേഗതയായിരുന്നു. മനുഷ്യന്റെ വേഗതക്കനുസരിച്ചാണ് പകർച്ചവ്യാധികളും സഞ്ചരിക്കുന്നത്. മനുഷ്യന്റെ ശീലാനുശീലങ്ങൾക്കനുസരിച്ച് അവ വീണ്ടും വീണ്ടും വരികയോ സ്വയമേ കെട്ടടങ്ങുകയോ ചെയ്യുന്നതാണ് പ്രകൃതി നിയമവും.

അതീവ ഗുരുതരം, യൂറോപ്പിലെ രണ്ടാം തരംഗം

സ്പാനിഷ് ഫ്‌ളൂവിൽ നിന്ന് കോവിഡിലെത്തിയപ്പോൾ അത് പടർന്നത് ജെറ്റ് വിമാനങ്ങളുടെ വേഗതയിലായിരുന്നു. രോഗം പടർന്നുപിടിച്ചപ്പോൾ തന്നെ അതിനകം ശാസ്ത്രം പഠിച്ച മനുഷ്യൻ, അതിന് തടയിടാനായി അവന്റെ ശീലങ്ങളെ പുതുക്കിപ്പണിതു. പുറത്തിറങ്ങുന്നത് കുറച്ചു. മാസ്‌കും സാനിറ്റൈസറും ശാരീരിക അകലങ്ങളും ചേർന്ന് പുതിയൊരു ജീവിതക്രമം കൊണ്ടുവന്നു.

കോവിഡ് പകർച്ചയുടെ ആദ്യകാല ചരിത്രം നമുക്കറിയാവുന്നത് തന്നെയാണ്. ചൈനക്കുപുറമേ ഇറ്റലിയിലും ഇറാനിലും വലിയ തോതിൽ രോഗവ്യാപനമുണ്ടായ ഫെബ്രുവരി അവസാനം മുതലുള്ള സമയം ഭീതിയോടെ കാര്യങ്ങളെ നോക്കിക്കണ്ടിരുന്ന നമ്മളെ നമ്മൾ മറക്കാനിടയില്ല.
ഇന്ന് ലോകത്തിന്റെ പലയിടങ്ങളിലും കോവിഡിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ തരംഗങ്ങളാണ് സംഭവിക്കുന്നത്.

മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ യൂറോപ്പ് മൊത്തത്തിൽ പ്രതിദിനം 35,000- 38,000 വരെയാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം ഈ സംഖ്യ ക്രമേണ കുറഞ്ഞു. പിന്നീട് അമേരിക്കയും പിന്നാലെ ഇന്ത്യയും പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായി ഉയർന്നു. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ യൂറോപ്പിൽ പ്രതിദിനം 20,000-ൽ താഴെ കേസുകൾ മാത്രമാണ് യൂറോപ്യൻ റീജ്യണിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്, ആ സമയം ഇന്ത്യയിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നതിന്റെ മൂന്നിലൊന്നോ നാലിലൊന്നോ മാത്രം.

എന്നാൽ, കഴിഞ്ഞ ഒരു മാസത്തിനിടെ യൂറോപ്പിൽ കേസുകളിൽ ഗണ്യമായ വർധനവാണുണ്ടാവുന്നത്. യൂറോപ്പിലെ ഈ രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ വളരെ ഗുരുതരമാണ്, രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിൽ. കഴിഞ്ഞാഴ്ച യൂറോപ്പിൽ ഒരു ദിവസം രണ്ടര ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസം വരെയുണ്ടായി. ആശ്വസിക്കാവുന്ന ഏകകാര്യം, രോഗികളുടെ എണ്ണത്തിനനുസരിച്ച് പഴയ ആ മരണനിരക്കില്ല എന്നതാണ്.

ജീവിതം പഴയപടി, പിടിമുറുക്കി വൈറസ്

നവംബർ 6 വരെയുള്ള കണക്കുപ്രകാരം ഏറ്റവുമധികം പ്രതിദിനരോഗികൾ (Per million population) യു.കെയിലാണ്. അവരെന്തായാലും ഒരു മാസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞു. സമാനമായ പാതയിലാണ് സ്‌പെയിനും ഇറ്റലിയും ഫ്രാൻസും റഷ്യയുമൊക്കെ. നെതർലൻഡിൽ ഭാഗിക ലോക്ക് ഡൗണായി. ആദ്യ തരംഗസമയത്ത് അധികം നിയന്ത്രണങ്ങളൊന്നും വേണ്ടാന്ന് ശഠിച്ചു നിന്ന സ്വീഡൻ പോലും ഇപ്പോൾ നിയന്ത്രണങ്ങളെ പറ്റി കാര്യമായി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.

യൂറോപ്പിനേക്കാൾ അൽപം വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ച യു.എസും രണ്ടാം തരംഗത്തിലാണ്. ജൂൺ മുതൽ യു.എസിലെ ദൈനംദിന രോഗികളുടെ എണ്ണം ശരാശരി കണക്ക് 30,000 ത്തിലധികമാണ്. നിലവിലെ തരംഗത്തിൽ, ദിവസേനയുള്ള പുതിയ കേസുകളുടെ എണ്ണം 88,000 കവിഞ്ഞു.
യൂറോപ്പിലെയും യു.എസിലെയും കോവിഡിന്റെ ഈ പുതിയ കുതിപ്പിന് പിന്നിൽ പല കാരണങ്ങളുണ്ടാകാമെങ്കിലും, വിദഗ്ധർ രണ്ട് കാര്യങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

ഒന്ന്, പ്രതിരോധത്തിന് മനുഷ്യൻ ശീലിച്ച പുതിയ ശീലങ്ങളിൽ കാര്യമായ അയവ് വന്നത് തന്നെ. രോഗം കുറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ജീവിതരീതികൾ എല്ലാം പഴയപോലായി. വൈറസ്​ എങ്ങും പോയിട്ടുമുണ്ടായിരുന്നില്ല. സ്‌പെയിൻ ജൂലൈ മുതൽ 25 ലക്ഷം അതിഥികളെയാണത്രേ സ്വീകരിച്ചത്. രണ്ട്, താപനിലയിലുണ്ടായ മാറ്റം. തണുത്തതും വരണ്ടതുമായ കാലാവസ്ഥ വൈറസിനെ കൂടുതൽ കാലം അതിജീവിക്കാനും വിറുലന്റായി തുടരാനും സഹായിക്കുമെന്നാണ് കരുതുന്നത്, അതിനുള്ള തെളിവുകൾ പൂർണമായും ലഭ്യമല്ലെങ്കിൽ പോലും.

വൈറസിന് സംഭവിച്ച മ്യൂട്ടേഷനെ പറ്റി പലരും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും അതിനും കൃത്യമായ തെളിവില്ല. ഒരു പ്രീ-പ്രിന്റ് സെർവറിൽ കഴിഞ്ഞ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ (ഇതുവരെ സമഗ്രമായി അവലോകനം-Peer review- ചെയ്തിട്ടില്ല), യൂറോപ്പിനുള്ളിലെ യാത്ര, പ്രത്യേകിച്ച് സ്‌പെയിനിലേക്കും പുറത്തേക്കും, വൈറസ് പടരുന്നതിന്റെ കാരണമായി സൂചിപ്പിക്കുന്നു. ജൂലൈയിൽ സ്‌പെയിനിലെ ആളുകൾക്കിടയിൽ ആദ്യമായി കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദം ഇപ്പോൾ ഈ മേഖലയിലെ പല രാജ്യങ്ങളിലും വ്യാപിച്ചതായിട്ടാണ് റിപ്പോർട്ടിൽ പറയുന്നത്.

20A.EU1 എന്ന് പേരിട്ടിരിക്കുന്ന ഈ വേരിയന്റ് യുകെ, സ്വിറ്റ്‌സർലൻഡ്, നെതർലാന്റ്‌സ്, ഫ്രാൻസ്, നോർവേ എന്നിവിടങ്ങളിൽ പ്രത്യേകിച്ചും ഇപ്പോൾ പടരുന്നുണ്ടെന്നും. എന്നിരുന്നാലും, ഈ പുതിയ വകഭേദം മറ്റുള്ളവയേക്കാൾ വേഗത്തിൽ വ്യാപിച്ചുവെന്നതിനോ കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമായതിനോ നേരിട്ട് തെളിവുകളില്ലെന്നും പഠനം പറയുന്നു. ഫലത്തിൽ, പുതിയ വേരിയന്റ് യൂറോപ്പിലാകെ പടർന്നുവെങ്കിലും, ഇത് അതിവേഗം രോഗികളുടെ എണ്ണത്തിൽ വർദ്ധനവിന്, അതായത് രണ്ടാം തരംഗത്തിന്, കാരണമായോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

കേരളത്തിൽ പുതിയ തരംഗം

ഇന്ത്യയിൽ കാര്യങ്ങൾ അൽപ്പം വ്യത്യസ്തമാണ്. ഇവിടെ ഒന്നാം തരംഗം അതിന്റെ കൊടുമുടി കടന്ന്, താഴ്‌വാരത്തിലേക്ക് പോകുന്നതായാണ് സൂചന. ദിവസേനയുള്ള പുതിയ കേസുകളുടെ എണ്ണം സെപ്റ്റംബർ മധ്യത്തിൽ ഏറ്റവും ഉയർന്ന നിലയിലെത്തി, ശേഷം കുറഞ്ഞുവരുന്നുണ്ട്. സെപ്റ്റംബർ 16-ന് ഇന്ത്യയിൽ 97,894 പുതിയ കേസുകൾ കണ്ടെത്തിയതാണ് രാജ്യത്തെ ഏറ്റവും കൂടിയ കണക്ക്. നിലവിൽ 45,000- 50,000 വരെ പുതിയ കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഡൽഹി, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം തന്നെ പുതിയ തരംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. വാസ്തവത്തിൽ, ഡൽഹി ഇപ്പോൾ മൂന്നാമത്തെ തരംഗത്തിലൂടെയാണ് കടന്നുപോകുന്നത്, നേരത്തെ രണ്ട് കൊടുമുടികളും താഴ്‌വാരങ്ങളും അവർ കണ്ടതാണ്, ഓരോ കൊടുമുടിയും മുമ്പത്തേതിനേക്കാൾ കൂടുതലായിരുന്നുവെന്നും കാണാം.

യൂറോപ്പിൽ സംഭവിച്ചതു പോലുള്ള ഒരു രണ്ടാം തരംഗത്തിലൂടെ ഇന്ത്യ കടന്നുപോകുമോ എന്ന് പ്രവചിക്കാൻ പ്രയാസമാണ്. കാരണം, ഇന്ത്യയിലെയും യൂറോപ്പിലെയും സാഹചര്യങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്. പ്രധാനമായും, യൂറോപ്പിലും ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളിലും, മനുഷ്യന്റെ ശീലാനുശീലങ്ങൾ, ദൈനംദിന പ്രവർത്തനങ്ങൾ ഒക്കെ ഋതുക്കളിലെ മാറ്റങ്ങളെയും നിലവിലുള്ള കാലാവസ്ഥയെയും ആശ്രയിച്ച് കാര്യമായി വ്യത്യാസപ്പെടുന്നുണ്ട്.

എന്നാൽ, ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും, കാലാവസ്ഥാ വ്യതിയാനങ്ങൾ മനുഷ്യന്റെ ശീലാനുശീലങ്ങളിൽ കാര്യമായ വ്യത്യാസമുണ്ടാക്കുന്നില്ല. എന്നിരുന്നാലും, അത് ഏതെങ്കിലും വിധത്തിൽ നമ്മെ സംരക്ഷിക്കുമോ എന്നത് കാത്തിരുന്ന് കാണാനേ കഴിയൂ.

അതേസമയം ഉത്സവങ്ങൾ, തെരെഞ്ഞെടുപ്പുകൾ ഒക്കെ നമ്മുടെ രാജ്യത്തെ രണ്ടാം തരംഗത്തെ സ്വാധീനിക്കാൻ സാധ്യതയേറെയാണ്. കൂടാതെ അന്തരീക്ഷ മലിനീകരണവും. അങ്ങനെ എന്തെങ്കിലുമുണ്ടെങ്കിൽ, ബീഹാർ തിരഞ്ഞെടുപ്പ് ഇപ്പോൾ കഴിയുന്നല്ലേയുള്ളൂ, ഏതാനും ആഴ്ചകൾക്കകം വ്യക്തമായൊരു ചിത്രം പ്രതീക്ഷിക്കാം.

കേരളത്തെ സംബന്ധിച്ച് അടുത്ത രണ്ടുമാസങ്ങൾ അതീവ പ്രധാനമാണ്. തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പ്, ശബരിമല തീർത്ഥാടനം, ക്രിസ്മസ്, പുതുവർഷം ഒക്കെ ആൾക്കൂട്ടങ്ങളുടെ ആഘോഷമാണ്. യൂറോപ്പിൽ നിന്നൊക്കെ എന്തെങ്കിലും പാഠം നമ്മൾ പഠിക്കുന്നുണ്ടെങ്കിൽ, അത് പഠിച്ച് പ്രാവർത്തികമാക്കേണ്ട സമയമിതാണ്.

തുടക്കത്തിൽ പറഞ്ഞ പോലെ, നമ്മുടെ ശീലങ്ങളാണ് ഒരു പകർച്ചവ്യാധി പടരണോ വേണ്ടേ എന്ന് തീരുമാനിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാനശീലങ്ങളിൽ അയവ് വന്നതാണ് യൂറോപ്പിൽ നിന്നുള്ള പ്രധാനപാഠം. എന്തായാലും ഒന്നോർക്കുക, ലോകത്തെവിടെയെങ്കിലും ഈ രോഗമുള്ളപ്പോൾ എല്ലായിടവും ഒരുപോലെ റിസ്‌കിലാണ്. രോഗികളുടെ എണ്ണത്തിൽ ചെറിയ കുറവ് വരുമ്പോഴേക്കും ജാഗ്രതയിൽ ആ കുറവ് വരാൻ പാടില്ല. അതുകൊണ്ട് നമ്മൾ തുടർന്നുപോന്ന ജാഗ്രത ഇനിയും തുടർന്നേ മതിയാവൂ. സ്പാനിഷ് ഫ്‌ളൂ പോലെ രണ്ടുതരംഗത്തോടെ കോവിഡ് അവസാനിക്കുമെന്നും പ്രതീക്ഷിക്കാനിപ്പോൾ സാധിക്കില്ല.

Comments