കോവിഡ്​ വാക്​സിൻ ഇന്ത്യക്കാർക്ക്​ സൗജന്യമായി കിട്ടുമോ?

Truecopy Webzine

ന്ത്യക്കാർ ഏറെ ആകാംക്ഷയോടെ ചോദിക്കുന്ന ചോദ്യങ്ങൾ ഇന്ത്യയിലെപ്പോൾ വാക്‌സിൻ വരും, ഈ പറയുന്നതിൽ ഏതു വാക്‌സിനാണ് കിട്ടാൻ പോകുന്നത്, അതാദ്യം ആർക്ക് കിട്ടും എന്നൊക്കെയാണ്. ഏതാനും ആഴ്ചകൾക്കകം ഇന്ത്യയിൽ കോവിഡ് വാക്‌സിൻ വിതരണത്തിന് റെഡിയാവുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. തീർച്ചയായും ശുഭപ്രതീക്ഷ നൽകുന്ന പ്രഖ്യാപനം തന്നെയാണത്. കൊവിഡ് രോഗീ പരിപാലനം നടത്തുന്ന ആരോഗ്യപ്രവർത്തകർക്കാണ് ഇന്ത്യയിൽ ആദ്യം വാക്‌സിൻ ലഭിക്കുന്നത്.

മേരിക്കയിലെ Duke University-യുടെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവുമധികം കോവിഡ് വാക്‌സിൻ ഓർഡർ ചെയ്ത് കാത്തിരിക്കുന്ന രാജ്യം ഇന്ത്യയാണ്. നിലവിൽ 1.6 ബില്യൺ ഡോസുകൾ. ഇന്ത്യ ഇത്രയും വാക്‌സിൻ യൂണിറ്റുകൾ വാങ്ങുന്നത് മൂന്നു വാക്‌സിൻ നിർമ്മാതാക്കളിൽ നിന്നാണ്. അതിൽ രണ്ടുപേർ ഓക്‌സ്‌ഫഡ്-ആസ്ട്രസെനേക്ക വാക്‌സിനും റഷ്യൻ Sputnik-V വാക്‌സിനുമാണ്. ഓക്‌സ്‌ഫഡ് വാക്‌സിൻ 500 മില്യൺ യൂണിറ്റും റഷ്യൻ വാക്‌സിൻ 100 മില്യൺ യൂണിറ്റും ആണ് ഇന്ത്യ വാങ്ങുന്നത്. ഓക്‌സ്‌ഫഡ് വാക്‌സിൻ നിർമ്മിക്കുന്നതിന് പൂനയിലെ സീറം ഇൻസ്റ്റിട്യൂട്ടുമായി ആസ്ട്രസെനക്ക കമ്പനിക്ക് കരാറുണ്ട്. റഷ്യൻ വാക്‌സിന്റെ ക്ലിനിക്കൽ ട്രയൽ ഹൈദരാബാദിലെ ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസുമായി ചേർന്ന് ഇന്ത്യയിലും നടക്കുന്നുണ്ട്. 1.6 ബില്യണിൽ ബാക്കിയുള്ള 1 ബില്യൺ (100 കോടി) വാക്‌സിനും ഇന്ത്യ വാങ്ങുന്നത് അമേരിക്കൻ വാക്‌സിൻ നിർമ്മാതാക്കളായ NOVAVAX എന്ന കമ്പനിയിൽ നിന്നാണ്.

തായാലും ഈ മൂന്നു വാക്‌സിനുകളും ഇപ്പോൾ ക്ലിനിക്കൽ ട്രയലിന്റെ മൂന്നാംഘട്ടത്തിലാണ്. അവ എത്രത്തോളം കാര്യക്ഷമമാണെന്ന് ട്രയലിന്റെ ഫലം വന്നാൽ മാത്രമേ അറിയാൻ കഴിയൂ. ആ ഫലം വന്ന് അതിനു അംഗീകാരം കിട്ടിയതിനു ശേഷമേ ഈ വാക്‌സിൻ എന്നുമുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് പറയാൻ കഴിയൂ.

തേസമയം ഭാരത് ബയോടെക് കമ്പനി വികസിപ്പിച്ച ഇന്ത്യയുടെ സ്വന്തം വാക്‌സിനും ക്ലിനിക്കൽ ട്രയലിന്റെ മൂന്നാംഘട്ടത്തിലാണ്. അതുപോലെ ഇന്ത്യയിലെ മറ്റൊരു സ്വകാര്യ ലാബായ Panacea biotech അയർലൻഡിലെ Rafana ഗ്രൂപ്പുമായി ചേർന്ന് സംയുക്തമായ വാക്‌സിൻ ഗവേഷണവും നടക്കുന്നുണ്ട്. ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് എന്ന ലാബ് അമേരിക്കയിലെ Codagenix-മായി ചേർന്ന് ഒരു ലൈവ് അറ്റന്വേറ്റഡ് കൊവിഡ് വാക്‌സിന്റെ ഗവേഷണവും പുരോഗമിക്കുന്നുണ്ട്. ഇതൊക്കെയും പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണെങ്കിലും വാക്‌സിൻ ജനങ്ങൾക്ക് ലഭിക്കാൻ എത്രകാലം വേണ്ടിവരുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

മാത്രമല്ല ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ജനങ്ങൾ വാക്‌സിനുവേണ്ടി പണം ചെലവാക്കേണ്ടി വരുന്നതും അഭിലഷണീയമല്ല. നിലവിൽ വാക്‌സിൻ കൊടുത്തു തുടങ്ങുന്ന UK-യും വാക്‌സിൻ റെഡിയായാൽ ഉടൻ നൽകുമെന്ന് പ്രഖ്യാപിച്ച USA-യും പൂർണമായും സൗജന്യമായാണ് വാക്‌സിൻ നൽകുന്നത്. ജനസംഖ്യയുടെ ഭൂരിഭാഗവും ദരിദ്രരായ ഒരു രാജ്യത്ത് വാക്‌സിൻ വാങ്ങാൻ കാശ് കൊടുക്കേണ്ടി വരുന്നത് വാക്‌സിനേഷന്റെ മൊത്തത്തിലുള്ള വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമൊന്നുമില്ല. തീർച്ചയായും ഇന്ത്യാ ഗവൺമെന്റ് എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകുന്ന കാര്യം പരിഗണിക്കേണ്ടതാണ്.

കോവിഡ്​ വാക്​സിൻ ലഭ്യതയും വിതരണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവെക്കുന്നു; ഡോ. മനോജ് വെള്ളനാട്

ട്രൂ കോപ്പി വെബ്​സീനിൽ വായിക്കാം, കേൾക്കാം

Comments