28 Mar 2022, 07:37 PM
ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള നൃത്തോത്സവത്തില്‍ ഈ വരുന്ന ഏപ്രില്‍ 21 ന് വൈകീട്ട് ഭരതനാട്യം അവതരിപ്പിക്കേണ്ടയാളായിരുന്നു നര്‍ത്തകിയായ മന്‍സിയ. കാര്യപരിപാടികള്‍ അച്ചടിച്ച നോട്ടീസും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം പ്രോഗ്രാം കമ്മിറ്റിയുടെ കണ്‍വീനര്‍ അഡ്വക്കറ്റ് മണികണ്ഠന്‍ മന്‍സിയയെ വിളിച്ച് ഭരതനാട്യം അവതരിപ്പിക്കേണ്ടതില്ല എന്നറിയിച്ചു. മന്‍സിയ ഹിന്ദുമതത്തില്‍പ്പെട്ടയാളല്ല എന്നതായിരുന്നു കാരണം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മന്‍സിയയുടെ മുസ്ലിം പശ്ചാത്തലമായിരുന്നു ഈ വിലക്കിന് കാരണം.
ഇത് ആചാരങ്ങളുമായി ബന്ധപ്പെട്ട പരിപാടിയല്ലല്ലോ, ഒരു ദേശീയ നൃത്തോത്സവമല്ലേ, ഭരതനാട്യത്തിലെ യോഗ്യതയുടെ രേഖകള്‍ മുഴുവന്‍ നല്‍കാം, അതിനപ്പുറം മതവും കൂടി അടിസ്ഥാനമാക്കേണ്ടതില്ലല്ലോയെന്ന മന്‍സിയയുടെ വിശദീകരണത്തിന്, നമുക്ക് മതമാണ് ആദ്യപരിഗണനയെന്നായിരുന്നു കമ്മിറ്റി കണ്‍വീറുടെ മറുപടി.
മകന്‍ ഒരു മുസ്ലിമിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ കരിവെള്ളൂരിലെ ക്ഷേത്രങ്ങളില്‍ നിന്ന് പൂരക്കളി കലാകാരാനായ വിനോദ് പണിക്കരെ വിലക്കിയതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിട്ട് കേവലം ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളൂ. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കേരളത്തിലെ ഒരു സുപ്രധാന ക്ഷേത്രത്തില്‍ നിന്ന് ഇപ്പോഴിതാ മറ്റൊരു കലാകാരി കൂടി തന്റെ മതപശ്ചാത്തലത്തിന്റേ പേരില്‍ വിലക്കപ്പെട്ടിരിക്കുന്നു.
സമീപകാലത്ത് നടന്ന മന്‍സിയയുടെ മിശ്രവിവാഹത്തിന് ശേഷം അവര്‍ മതം മാറിയിട്ടുണ്ടോ എന്നും കമ്മിറ്റി കണ്‍വീനര്‍ക്ക് അറിയേണ്ടിയിരുന്നു. ഒരു മതത്തിലും ഇല്ലാത്ത താന്‍ ഏത് മതത്തിലേക്കാണ് മാറേണ്ടത് എന്ന മന്‍സിയ നല്‍കിയ മറുപടിചോദ്യം മതനിരപേക്ഷ നവോത്ഥാന മൂല്യങ്ങളെ മുറുകെപിടിച്ച് ജീവിക്കുന്ന ആയിരങ്ങളുടേത് കൂടിയാണ്.
വിലക്കുകളുടെ പേരില്‍ നര്‍ത്തകിയും ഗവേഷകയുമായ മന്‍സിയ ഇതാദ്യമായല്ല വാര്‍ത്തകളില്‍ നിറയുന്നത്. മതബോധം സ്വതന്ത്രമായ കലാവിഷ്‌കാരങ്ങള്‍ക്ക് മേല്‍ നിയന്ത്രണങ്ങളും അതിര്‍വരമ്പുകളും തീര്‍ക്കുന്നതിനെതിരെ ചെറുപ്പം മുതലേ പോരാടിയവളാണ് മന്‍സിയ. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ സംസ്ഥാന യുവജനോത്സവത്തില്‍ നൃത്തം അവതരിപ്പിച്ചതിന് നാട്ടിലെ മഹല്ല് കമ്മിറ്റിയുടെ ഊരു വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട് മന്‍സിയയ്ക്ക്. ശാസ്ത്രീയ നൃത്തം പഠിച്ചു എന്ന കാരണത്താല്‍ നാട്ടിലെ പുരുഷ പൗരോഹിത്യത്തിന്റെ വേട്ടയാടല്‍ നിരന്തരം അനുഭവിക്കേണ്ടി വന്നു. മന്‍സിയുടെ ഉമ്മ അകാലത്തില്‍ മരണപ്പെട്ടപ്പോള്‍ ജന്മനാട്ടിലെ പൗരോഹിത്യത്തിന്റെ വിലക്ക് കാരണം തൊട്ടടുത്ത മഹല്ലിലെ ഖബര്‍സ്ഥാനിലാണ് അവരുടെ ഭൗതിക ശരീരം സംസ്‌കരിച്ചത്.
പള്ളിക്കമ്മിറ്റിയില്‍ നിന്നും മതനേതാക്കളില്‍ നിന്നും ഊരുവിലക്ക് നേരിട്ട മന്‍സിയ സ്വന്തം നാട്ടില്‍ തന്നെ 'ആഗ്നേയ' എന്ന നൃത്ത വിദ്യാലയം തുടങ്ങി അവയ്ക്ക് മറുപടിയും പറഞ്ഞു. ആ രാഷ്ട്രീയ ബോധ്യത്തേയും ഇച്ഛാശക്തിയേയും ഒരു വേദി നിഷേധിച്ച് തകര്‍ത്തു കളയാമെന്നാണ് കൂടല്‍മാണിക്യ ക്ഷേത്ര ഭാരവാഹികളും ഉത്സവ സംഘാടകരും കരുതുന്നത്. നേരത്തെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും സമാനമായ അനുഭവം മന്‍സിയക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
പരമ്പരാഗത കലാരൂപങ്ങളെയും അവയുടെ ചരിത്ര സാംസ്‌കാരിക പശ്ചാത്തലങ്ങളെയുമെല്ലാം തങ്ങളുടേതാക്കി മാറ്റാന്‍ ശ്രമിക്കുന്ന സവര്‍ണ രാഷ്ട്രീയം കലാകാരന്‍മാരെ അവരുടെ സാമൂഹിക പശ്ചാത്തലങ്ങളുടെ പേരില്‍ ക്ഷേത്ര മതിലുകള്‍ക്ക് പുറത്തുനിര്‍ത്തുന്നത് ഇതാദ്യമായല്ല. കലാമണ്ഡലം ഹൈദരാലിയെയും പെരിങ്ങോട് ചന്ദ്രനെയുമെല്ലാം പടിക്ക് പുറത്തുനിര്‍ത്തിയവരുടെ പിന്‍മുറക്കാര്‍ തന്നെയാണ് മന്‍സിയക്ക് നേരെയും വിലക്കുമായി വന്നിരിക്കുന്നത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജാതിയില്‍ താഴ്ന്ന മനുഷ്യര്‍ വഴിനടക്കുന്നതിനും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുമായി നടത്തിയ ഐതിഹാസിക സമരങ്ങളില്‍ നിന്ന് തവോത്ഥാന മുന്നേറ്റങ്ങള്‍ ഉയിര്‍കൊണ്ട നാട്ടില്‍ ഇന്നും കലാകാരന്‍മാര്‍ക്ക് നേരെയുള്ള ഈ ഭ്രഷ്ട് അക്ഷരാര്‍ത്ഥത്തില്‍ നാം ആര്‍ജിച്ച സാമൂഹിക നവോത്ഥാന മൂല്യങ്ങളെ നോക്കി പല്ലിളിക്കുകയാണ്. വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വവും കൊടുക്കല്‍ വാങ്ങലുകളുമെല്ലാം ഐതിഹ്യങ്ങളിലും പ്രാചീരന കലാരൂപങ്ങളിലുമൊക്കെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ചരിത്ര സാമൂഹികതയാണ് കേരളത്തിന്റേത് എന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്.
കൂത്തമ്പലമുറ്റത്തും പടിപ്പുരകള്‍ക്കുള്ളിലും കയ്യില്‍ മുറുക്കാന്‍ ചെല്ലവുമായി ചാരുകസേരകളില്‍ ഞെളിഞ്ഞിരുന്ന നാടുവാഴികള്‍ക്ക് മുന്നില്‍ ചായം പൂശിയ സ്ത്രീകള്‍ ചുവടുവെച്ചിരുന്ന കാലത്ത് നിന്ന് കലകള്‍ മുന്നോട്ടുപോയി എന്നതും ആ ഭൂതകാലത്തില്‍ നിന്നും മുന്നോട്ടു സഞ്ചരിച്ച സമൂഹത്തിനൊപ്പം കലകളും ജനാധിപത്യവത്കരിക്കപ്പെട്ടിട്ടുണ്ട് എന്നതും തിരിച്ചറിയാന്‍ ക്ഷേത്രകമ്മിറ്റികള്‍ തയ്യാറാകേണ്ടതുണ്ട്.
കലാമണ്ഡലമടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ശാസ്ത്രീയ കലകള്‍ പഠിക്കുന്നത് ഏതെങ്കിലും ഒരു മതത്തിലുള്ളവര്‍ മാത്രമല്ല. അതുകൊണ്ട് തന്നെ എല്ലാ വിഭാഗങ്ങളിലുള്ളവര്‍ക്കും അവരുടെ കലാപ്രകടനങ്ങള്‍ക്കുള്ള വേദി നമ്മുടെ നാട്ടില്‍ ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ കേരളത്തില്‍ ശാസ്ത്രീയ നൃത്തരൂപങ്ങള്‍ക്ക് വേദികളുള്ളത് കൂടുതലും ക്ഷേത്രങ്ങളിലാണ്. അതിനാല്‍ ക്ഷേത്രങ്ങളില്‍ ഹിന്ദുക്കളല്ലാത്തവര്‍ക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് ആ കലയെ തന്നെയാണ് ബാധിക്കുക. ഇത് സര്‍ക്കാറും ദേവസ്വം ബോര്‍ഡും പരിഹാരം കാണേണ്ട വിഷയമാണ്.
ജാതീയമായ ഉച്ഛനീചത്വങ്ങളുടെ അംശങ്ങള്‍ പേറുന്ന നിരവധി ആചാരങ്ങള്‍ ഇന്നും ഏതാനും ക്ഷേത്രങ്ങളില്‍ തുടര്‍ന്നുവരുന്നുണ്ട്. തൃപ്പൂണിത്തുറയിലെയും കൊടുങ്ങല്ലൂരിലെയും ക്ഷേത്രങ്ങളില്‍ കാല്‍കഴുകിച്ചൂട്ടും ബ്രാഹ്മണസദ്യയും നടക്കാനിരുന്നത് സമീപകീലത്ത് ഏറെ വിവാദമായിരുന്നു.
ദളിതര്‍ക്ക് പ്രവേശനമില്ലാത്ത നിരവധി ക്ഷേത്രങ്ങള്‍ ഇന്നും കേരളത്തിന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. കാസര്‍ഗോട്ടെ എന്‍മകജെയിലും പാലക്കാട് മുതലമടയിലും ഇടുക്കിയിലെ വട്ടവടയിലുമെല്ലാം ദളിതര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളുണ്ട്. കാസര്‍ഗോട്ടെ ബെള്ളൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി നടന്ന അന്നദാനത്തില്‍ ബ്രാഹ്മണര്‍ക്കും അല്ലാത്തവര്‍ക്കുമായി വെവ്വേറ പന്തിയൊരുക്കിയത് ഈയടുത്ത കാലത്ത് തന്നെയാണ്. അബ്രാഹ്മണര്‍ക്ക് പ്രവേശനമില്ല എന്ന് നിശ്ചിത സ്ഥലങ്ങളില്‍ ബോര്‍ഡ് തൂക്കിക്കൊണ്ടുള്ള മുച്ചിലോട്ട് ഭഗവതി തെയ്യം പയ്യന്നൂരില്‍ നടന്നിട്ടും അധിക കാലമായില്ല.
ആചാരങ്ങളെയും കലാരൂപങ്ങളെയും ജനാധിപത്യവത്കരിക്കാനും പ്രാകൃത മതബോധത്തില്‍ നിന്ന് അവയെ വിമോചിപ്പിക്കാനും നമുക്ക് ബാധ്യതയുണ്ട്. വിലക്ക് നേരിട്ട വിനോദ് പണിക്കര്‍ക്കും മന്‍സിയയ്ക്കും പകരം ആയിരം വേദികള്‍ ഒരുക്കിക്കൊണ്ട് തന്നെ മറുപടി പറയാന്‍ കേരളത്തിന് സാധിക്കേണ്ടതുണ്ട്.
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോത്സവത്തില്‍ മന്‍സിയയെ പങ്കെടുപ്പിക്കുന്നതിനായി ഇടപെടുമെന്നും ഇതിനായി യോഗം ചേരുമെന്നും അറിയിച്ച ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍രെ ഇടപെടലുകള്‍ പ്രതീക്ഷാനിര്‍ഭരമാണ്.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
ഷഫീഖ് താമരശ്ശേരി
Aug 05, 2022
14 Minutes Read
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
Truecopy Webzine
Aug 01, 2022
2 minutes Read
Delhi Lens
Jul 31, 2022
8.6 minutes Read
ഷഫീഖ് താമരശ്ശേരി
Jul 29, 2022
13 minutes Read