അഖില കേരള ആൺവർഗ്ഗമേ, ആചാരമല്ല അടുക്കളയാണ് വലുത്

കൂലി അതീത വേലയുടെ മൂല്യം തിരിച്ചറിയാനോ അംഗീകരിക്കാനോ കൂലിവേലാ സമ്പദ് വ്യവസ്ഥയുടെ ആണധികാരം ഒരിക്കലും തയ്യാറാവുകയില്ല. കാരണം പെൺ പ്രത്യുൽപാദന (കൂലി അതീത വേല) മാണ് ആൺ ഉൽപാദന (കൂലിവേല ) ത്തിന്റെ മൂലധനം എന്ന ബോധോധയമാണത്. അഥവാ പെണ്ണിന്റെ വീട്ടുപണിയാണ് ആണിനെ കൂലിവേലയ്ക്കു പ്രാപ്തനാക്കുന്നത് എന്ന വിവേകമാണത്. അതോടെ കൂലിവേലയേക്കാൾ മഹത്തരമായ കൂലി അതീത വേലയിലേക്ക് ആൺവർഗ്ഗം അവരുടെ സവിശേഷാധികാരം കൈയൊഴിഞ്ഞു പങ്കാളിയാകേണ്ടിവരും. അതേവരെ ആണു മാത്രമായ അയാൾ പെണ്ണു കൂടി ആകേണ്ടി വരും. അവനും കൂലി ഇല്ലാത്ത വേല ചെയ്യാൻ ബാധ്യസ്ഥനാണ്.

ബരിമലയിൽ കയറുക എന്നത് പെണ്ണുങ്ങളുടെ പൗരാവകാശമാണെങ്കിൽ അടുക്കളയിൽ കയറുക എന്നത് ആണുങ്ങളുടെ പൗരധർമ്മമാകുന്നു. പെണ്ണുങ്ങൾക്ക് ശബരിമല വിലക്കും ആണുങ്ങൾക്ക് അടുക്കള വിലക്കും ജനായത്ത പ്രക്രിയയിലൂടെ തകർക്കേണ്ടതുണ്ട്.
പെണ്ണ് കയറിയില്ലെങ്കിലും ശബരിമലക്ക് വലിയ കോട്ടമൊന്നും വരാനില്ല. എന്നാൽ ആണ് കയറിയില്ലെങ്കിൽ ഇനി അടുക്കളകൾ തന്നെ ഇല്ലാതാകും.

കൂലി കൊടുക്കാത്തതിനാൽ, യാതൊരു മൂല്യവും ഇല്ലാത്ത, തരം താഴ്ന്ന ഒന്നായി ഗൃഹഭരണത്തെ സമൂഹം കണക്കാക്കുന്നതിനാൽ, സദാ അടുക്കളയിൽ നിൽക്കേണ്ടി വരുന്നവൾ സ്വയം അപകർഷതയുള്ളവളായിത്തീരുന്നുണ്ട്. അത്തരം സമൂഹത്തിൽ അവൾക്ക് തലയുയർത്തി നടക്കണമെങ്കിൽ, അടുക്കളമതിൽ പൊളിച്ച് കൂലി കിട്ടുന്ന വേലകളിലേക്ക് ഇറങ്ങിത്തിരിക്കാതെ നിർവാഹമില്ലല്ലോ.

ആണിന്റെ കൂലിവേല , പെണ്ണിന്റെ കൂലി അതീതവേല

എൻ. എ. നസീർ തന്റെ വനയാത്രാക്കുറിപ്പുകളിൽ, കാശുകൊടുത്ത് കുപ്പികളിൽ വാങ്ങിയ മിനറൽ വാട്ടറുമായി , കാട്ടിലെ തെളിനീരരുവിയുടെ അരികിലിരിക്കുന്ന ടൂറിസ്റ്റുകളെ പറ്റി പറയുന്നുണ്ട്. കാട്ടരുവികളിലെ ഔഷധഗുണമുള്ള വെള്ളത്തിന് ഈ ടൂറിസ്റ്റുകൾ ഒരു വിലയും കാണുന്നില്ല. പ്ലാസ്റ്റിക് തരികളും ഘനലോഹാംശംങ്ങളും കൊണ്ടു മലിനമായ കുപ്പിവെള്ളത്തിന് അവർ വലിയ വില കാണുന്നുതാനും.

കാർഷിക പരിഷ്‌ക്കാരങ്ങൾ എന്ന പേരിൽ കൊണ്ടുവന്ന മൂന്നു നിയമങ്ങളുടെയും ഒരേയൊരു ലക്ഷ്യം ഇന്ത്യൻ അടുക്കളയുടെ സമ്പൂർണ്ണാധിപത്യം ആഗോള ഭക്ഷണക്കമ്പനികളുടെ പിടിയിലാക്കുക എന്നതാണ്​ photo: AIKS, Facebook

അരുവിയിലെ വെള്ളവും കുപ്പി വെള്ളവും പോലെയാണ് വീട്ടിലെ പെണ്ണുങ്ങളുടെ കൂലി അതീത വേലയും ആണിന്റെ കൂലിവേലയും. വെള്ളം മനുഷ്യാധ്വാനം കൊണ്ട് ഫാക്ടറിയിൽ നിന്ന്​ കുപ്പികളിൽ പുറത്തിറക്കുമ്പോൾ അത് വിലയുള്ളതായി മാറുന്നു. ആറ്റൂർ രവിവർമ്മയുടെ സംക്രമണത്തിൽ പറഞ്ഞതുപോലെ, വീട്ടിൽ ആദ്യം എഴുന്നേൽക്കുന്നവളും അവസാനം കണ്ണടക്കുന്നവളുമായ പെണ്ണിനെ പോലെയാണ് പ്രകൃതിയും. അവളുടെ നിരന്തരമായ പ്രത്യുൽപാദന കർമത്തിന്റെ ഭാഗമാണ് കാട്ടരുവിയിലെ തെളിനീര്.

""അനഘത പെടുമമ്മേ വത്സലത്വത്തിൻ നിൻ
സ്തനഗിരികൾ ചുരത്തും നൽ പയസല്പമെന്യേ
ദിനമനു പരിപാനം ചെയ്കയാൽ നിന്നിലുണ്ടാ -
മനവധി ചെറുധാന്യം പുഷ്ടി പൂണ്ടുല്ലസിപ്പൂ.''
പ്രകൃതിയുടെ മുലകളാകുന്ന കുന്നുകൾ ചുരത്തുന്ന പാൽ കുടിച്ച് അനേകം ചെറുധാന്യങ്ങൾ ആരോഗ്യത്തോടെ വളരുന്നു എന്ന് ഈ പ്രത്യുല്പാദന സത്യം ഉള്ളൂർ എഴുതിയിട്ടുണ്ട്.

പ്രത്യുല്പാദന നിരതയായ പ്രകൃതിയുടെ ഈ അധ്വാനമാകട്ടെ മൂല്യം കണക്കാക്കാൻ പറ്റാത്ത കൂലി അതീത വേലയാണ്. കാരണം പ്രകൃതിയുടെ അധ്വാനമില്ലെങ്കിൽ - കാടായും മണ്ണിലെ സൂക്ഷ്മാണുക്കളായുമൊക്കെ അനുസ്യൂത കർമ്മങ്ങളില്ലെങ്കിൽ സസ്യജന്തുജാലങ്ങളോ അവയെ ആശ്രയിച്ച് ആരോഗ്യം ഉണ്ടാക്കി അധ്വാനശക്തി കരസ്ഥമാക്കുന്ന മനുഷ്യവർഗ്ഗമോ ഇല്ലതന്നെ. തന്റെ എല്ലാ സാമ്പത്തിക സമാഹരണ പടപ്പുകൾക്കും ആധാരമായി വർത്തിക്കുന്ന പ്രകൃതിയിലെ കൂലി അതീത വേലയുടെ മൂല്യം തിരിച്ചറിയാത്ത കൂലിവേല സമൂഹത്തെ പറ്റിയാണ് ഭൂമിക്കൊരു ചരമഗീതത്തിൽ കവി എഴുതിയത്.

ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ
ചിത്രപടകഞ്ചുകം ചീന്തി
നിൻ നഗ്‌നമേനിയിൽ നഖം താഴ്ത്തി മുറിവുകളിൽ
നിന്നുതിരുമുതിരമവർ മോന്തി
ആടിത്തിമർക്കും തിമിർപ്പുകളിലെങ്ങെങ്ങു
മാർത്തലയ്ക്കുന്നു മൃതിതാളം.

ഒ.എൻ.വി കുറുപ്പ്, ആറ്റൂർ രവിവർമ്മ

കൂലി കൊടുത്തു വാങ്ങുന്ന അധ്വാനശക്തി കൊണ്ട് ഏതു പ്രകൃതിയെയും ചരക്കുൽപ്പന്നങ്ങളാക്കി മാറ്റി, അവ ആർത്തി മാറാതെ ഉപഭോഗിച്ച് ധൂർത്തടിക്കുന്ന കൂലിവേലാ സമൂഹത്തിന്റെ കൂത്താട്ടത്തിൽ മുഴങ്ങുന്നത് സർവനാശത്തിന്റെ മൃതിതാളമത്രേ.

കൂലി അതീത വേലയുടെ മൂല്യം

മൂലധനത്താൽ നയിക്കപ്പെടുന്ന കൂലിവേലാ സമൂഹത്തിന്റെ അത്യുൽപാദനവും അതിയുപഭോഗവും കാരണം പ്രകൃതിയുടെ പ്രത്യുൽപ്പാദന ശേഷി തകർച്ച നേരിടുകയാണിന്ന്. ഈ തിരിച്ചറിവിൽ നിന്നാണ് പ്രകൃതിയുടെ കൂലിയില്ലാ വേലയുടെ മഹത്വം എത്രയധികമെന്ന് , എന്തിനെയും പണത്താൽ അളന്നു തിട്ടപ്പെടുത്തുന്ന കൂലിവേലാ സമൂഹത്തെ ബോധ്യപ്പെടുത്താൻ "ആവാസവ്യവസ്ഥാ സേവന മൂല്യം' (Ecosystem Service value) പരിസ്ഥിതി സാമ്പത്തിക ശാസ്ത്രത്തിൽ സ്ഥാനം നേടിയത്. അതനുസരിച്ച് തീരദേശത്തെ ഒരു ഹെക്ടർ തണ്ണീർത്തടത്തിന്റെ പാരിസ്ഥിതിക സേവനങ്ങളുടെ സാമ്പത്തികമൂല്യം 107 ലക്ഷം രൂപയാണ്. ഇതേപോലെ ഓരോ ആവാസവ്യവസ്ഥയും ഒന്നാകെ മനുഷ്യവർഗ്ഗത്തിനു നൽകുന്ന പാരിസ്ഥിതിക സേവനമൂല്യം (347 ട്രില്യൻ ഡോളർ ) ലോകരാഷ്ട്രങ്ങളുടെ മൊത്തം ജി.ഡി.പി (75 ട്രില്യൻ ഡോളർ) യേക്കാൾ അത്ര ഏറെ ഉയരെയാണ്.

കുടുംബത്തിൽ പെണ്ണിന്റെ അധ്വാനം, ജൈവപ്രകൃതി എന്ന പ്രത്യുൽപാദന വ്യവസ്ഥയുടെ തുടർച്ചയായ കൂലി അതീത വേലയത്രേ. പ്രത്യുൽപ്പാദനത്തെക്കാൾ സാമ്പത്തികോൽപാദനം മഹത്തരം എന്നും, കൂലി അതീത വേലയേക്കാൾ കൂലിവേല ഉത്തമമെന്നും, വീടിനേക്കാൾ വിപണി മുഖ്യമെന്നും, പെണ്ണിനേക്കാൾ ആണ് ശ്രേഷ്ഠമെന്നും കരുതുന്ന സാമൂഹ്യ വ്യവസ്ഥയിലാണ് നാം ജീവിക്കുന്നത്. പെണ്ണിന്റെ പ്രത്യുൽപാദന ധർമ്മങ്ങൾ ഇല്ലെങ്കിൽ ആൺ സമ്പദ്ഘടനയുടെ എല്ലാ അത്യുൽപാദനവും അസാധ്യമാണ്. ആൺവ്യവസ്ഥയുടെ ഉൽപാദനത്തിന്റെ ആദിമ മൂലധനം, പ്രകൃതിയുടെയും പെണ്ണിന്റെയും മാത്രമല്ല, കൂലിവേലക്ക് വിധേയമാകാത്ത എല്ലാ പാർശ്വവത്കൃത സമൂഹങ്ങളുടെയും കൂലി അതീത വേലയിൽ നിന്നാണ് സ്വരൂപിച്ചെടുക്കുന്നത്.

വെെക്കം മുഹമ്മദ് ബഷീർ/ ഫോട്ടോ: പുനലൂർ രാജൻ

പ്രത്യുല്പാദന വ്യവസ്ഥയുടെ ഭാഗമായ മുലയൂട്ടലിന്റെ തുടർച്ചയാണ് ഊട്ടുപുര അഥവാ അടുക്കള. വൈക്കം മുഹമ്മദ് ബഷീറിന്റെ അനുഭവ വിവരണത്തിൽ, എന്നോ വീടുവിട്ടിറങ്ങി പോയ മകനെ കാത്ത്​, ദിവസവും പാതിരാത്രിയോളം അരണ്ട മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ, അവനുവേണ്ടി ചോറും കറിയും വിളമ്പി അടച്ച്, അതിനു മുന്നിൽ ഇരുന്നു ഉറക്കം തൂങ്ങുന്ന ഉമ്മയെപറ്റി പറയുന്നുണ്ട്. മാധവിക്കുട്ടിയുടെ കോലാട് എന്ന കഥയിൽ, ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിലേക്ക് അമ്മയെ സ്‌ട്രെച്ചറിൽ കിടത്തി ഉന്തിക്കൊണ്ടുപോകുമ്പോൾ, അബോധാവസ്ഥയിലും അവർ ‘അടുപ്പത്ത് പരിപ്പു വേകുന്നു' എന്നു പുലമ്പുന്നു. "മഹത്തായ ഭാരതീയ അടുക്കള' എന്ന സിനിമയിലാകട്ടെ ഇണചേരുന്ന വേളയിലും, പാത്രം കഴുകുന്ന ബേസിനടിയിലെ പൊട്ടിയ പൈപ്പിൽ നിന്ന് അഴുക്കുവെള്ളം വീണു കുതിർന്ന ചണച്ചാക്കുകളാണ് ഭാര്യയുടെ മനസ്സുനിറയെ. പോറ്റലിന്റെ ഉത്കണ്ഠാഭരിതമായ നെഞ്ചിടിപ്പിന്റെ വില അഥവാ കൂലി അതീത വേലയുടെ മൂല്യം തിരിച്ചറിയാനോ അംഗീകരിക്കാനോ കൂലിവേലാ സമ്പദ് വ്യവസ്ഥയുടെ ആണധികാരം ഒരിക്കലും തയ്യാറാവുകയില്ല. കാരണം പെൺ പ്രത്യുൽപാദന (കൂലി അതീത വേല) മാണ് ആൺ ഉൽപാദന (കൂലിവേല ) ത്തിന്റെ മൂലധനം എന്ന ബോധോധയമാണത്. അഥവാ പെണ്ണിന്റെ വീട്ടുപണിയാണ് ആണിനെ കൂലിവേലയ്ക്കു പ്രാപ്തനാക്കുന്നത് എന്ന വിവേകമാണത്. അതോടെ കൂലിവേലയേക്കാൾ മഹത്തരമായ കൂലി അതീത വേലയിലേക്ക് ആൺവർഗ്ഗം അവരുടെ സവിശേഷാധികാരം കൈയൊഴിഞ്ഞു പങ്കാളിയാകേണ്ടിവരും. അതേവരെ ആണു മാത്രമായ അയാൾ പെണ്ണു കൂടി ആകേണ്ടി വരും. അവനും കൂലി ഇല്ലാത്ത വേല ചെയ്യാൻ ബാധ്യസ്ഥനാണ്.

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ലെ രംഗം

കൂലി അതീത വേലയിൽ വേരാഴ്ത്തിയ പ്രത്യുല്പാദന വ്യവസ്ഥയുടെ ഭാഗമായ ഗാർഹിക ജോലികളുടെ മൂല്യം കൂലിവേലയിൽ വിജൃംഭിതമായ
ആണധികാരത്തെ ബോധ്യപ്പെടുത്തി, അതിന്റെ പത്തി താഴ്ത്തുന്നതിനു വേണ്ടിയുള്ള ശ്രമമെന്ന നിലയിലാണ് വീട്ടമ്മയുടെ സേവന മൂല്യത്തെ മാനിക്കുന്ന നിയമ പര്യാലോചനകൾ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരി അഞ്ചിന് സുപ്രീം കോടതിയിൽ ജസ്റ്റിസ് എൻ. വി. രമണയുടെ ഒരു വിധിയിൽ പറയുന്നത് , കൂലിവേല ചെയ്യുന്ന ആണിനെപ്പോലെ ഇൻഷുറൻസ് മൂല്യം ഒരു ഇന്ത്യൻ വീട്ടമ്മയ്ക്ക് കിട്ടണമെന്നാണ്. കാരണം ഇന്ത്യയിൽ ഒരു പെണ്ണ് കുടുംബാംഗങ്ങൾക്ക് വേണ്ടി ദിവസവും 299 മിനിറ്റ് വീട്ടുപണി ചെയ്യുന്നുണ്ട്. കൂടാതെ വീട്ടിലുള്ളവരുടെ പരിരക്ഷയ്ക്കുവേണ്ടി അവൾ 134 മിനിറ്റ് കൂടി പണിയെടുക്കുന്നു. ഈ വിധത്തിൽ ഇന്ത്യൻ സ്ത്രീകളുടെ വീട്ടു സേവനങ്ങളുടെ ഒരു വർഷത്തെ മൂല്യം 612.8 ബില്യൻ ഡോളർ ആണ് (Women's Economic Contribution through their Unpaid Work: A case study of India 2009). ഇൻഷുറൻസ് മേഖലയും ഭരണകൂടവും കൂലിവേലാ വ്യവസ്ഥയുടെ ആണധികാരത്തിലായതിനാൽ വീട്ടമ്മയ്ക്ക് ഇൻഷുറൻസ് മൂല്യം തീരെ ഇല്ലാതാകുകയും, ദേശീയ വരുമാനം കണക്കാക്കുമ്പോൾ വീട്ടമ്മയുടെ സേവനമൂല്യത്തെ ഉല്പാദനപരമല്ലാത്ത തൊഴിൽ (Unproductive work) എന്ന ഗണത്തിൽ പെടുത്തി പാടെ നിരസിക്കുകയും ചെയ്യുന്നു. ഇൻഷുറൻസ് കമ്പനിയുമായിട്ടുള്ള മറ്റൊരു കേസിൽ സുപ്രീം കോടതി പറഞ്ഞത് , വീട്ടമ്മയുടെ സേവനങ്ങൾ അമൂല്യമായതിനാൽ അതിനെ പണത്തിന്റെ രൂപത്തിൽ പരാവർത്തനം ചെയ്യുക എളുപ്പമല്ല എന്നാണ്.

മൂലധനവും കൂലിവേലയും കൈകോർത്തു നിൽക്കുന്ന അത്യുൽപാദനത്തിന്റെ സമ്പദ് വ്യവസ്ഥ പ്രകൃതിയുടെ പ്രത്യുൽപാദന വ്യവസ്ഥയ്ക്ക് ഭംഗം വരുത്തി, അതിന്റെ തിരിച്ചടി നമ്മുടെ സമ്പദ് വ്യവസ്ഥയിലും നിലനിൽപ്പിലും വരെ ഭീഷണിയായ സന്ദർഭത്തിലാണ്
""ആടിമുകിൽമാല കുടിനീര് തിരയുന്നു
ആതിരകൾ ഒരു കുഞ്ഞുപൂവ് തിരയുന്നു
ആറുകളൊഴുക്കു തിരയുന്നു
സർഗലയ താളങ്ങൾ തെറ്റുന്നു
ജീവരഥ ചക്രങ്ങൾ ചാലിലുറയുന്നു'' -എന്ന് ഭൂമിക്കൊരു ചരമഗീതത്തിൽ ഒ.എൻ.വി.) പ്രകൃതിയുടെ സേവനമൂല്യത്തെ വിലമതിക്കാൻ നാം നിർബ്ബന്ധിതരായത്. അതേ വിധത്തിൽ, ആണധികാരത്തിന്റെ ഇതേ സമ്പദ്ഘടന, കുടുംബത്തിൽ പെൺ സേവനത്തെ അവമതിച്ച്, മാനുഷികമായ എല്ലാ വൈകാരിക പെൺമൂല്യങ്ങളെയും ""അൺപ്രൊഡക്ടീവ്'' ആക്കി മുദ്രകുത്തി, സമൂഹത്തിൽ നിന്നു തന്നെ റദ്ദാക്കി, ബന്ധങ്ങൾ അത്രയും ശിഥിലമാക്കുന്ന സാമൂഹ്യ ദശാസന്ധിയിൽ വീട്ടമ്മയുടെ സേവന മൂല്യം കണക്കാക്കേണ്ടത് അത്യാവശ്യമായി വരുന്നു.

വീടും വിപണിയും

മാനുഷിക മൂല്യങ്ങളുടെ ഈറ്റില്ലമായ പ്രത്യുല്പാദന വ്യവസ്ഥ ( ജൈവപ്രകൃതി) യേക്കാൾ മികവുറ്റതാണ് സ്വാർത്ഥ മൂല്യങ്ങൾ കൊടികുത്തി വാഴുന്ന ഉല്പാദന വ്യവസ്ഥ (സമ്പദ്ഘടന/ വിപണി) എന്നാണ് ആണധികാരം സമൂഹത്തെ പഠിപ്പിക്കുന്നത്. അമേരിക്കൻ ഫെമിനിസ്റ്റ് സമ്പദ് ശാസ്ത്രജ്ഞയായ നാൻസി ഫോൾബർ (Nancy Folbre) പറഞ്ഞത് (The moral elevation of the home was accompanied by the economic devaluation of the work performed there) ഉദ്ധരിച്ചു കൊണ്ട് ഫൈസൻ മുസ്തഫ (Faizan Mustafa ) പറയുന്നു, "നൂറ്റാണ്ടുകളായി വീടിനെയും വിപണിയെയും രണ്ടു വ്യത്യസ്ത മണ്ഡലങ്ങളായി കരുതി പോന്നു. സ്വാർത്ഥ മത്സരത്തിന്റെ ആൺ വേദിയാണ് അങ്ങാടിയെങ്കിൽ, അതിന്റെ നെറികെട്ട വ്യാപാരങ്ങളിൽ നിന്ന് ആശ്വാസം നൽകുന്ന ആത്മീയോന്നതിയുടെ പെണ്ണിടമത്രേ വീട്.'

നാൻസി ഫോൾബർ, ഫൈസൻ മുസ്തഫ

തസ്തികയുടെ തരംതിരിവുകളിൽ നിന്നും
അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ബലാത്സംഗത്തിൽ നിന്നും
ഒരു നിമിഷം മോഷ്ടിച്ചെടുത്ത് "ശാന്ത'യുടെ അരികിലേയ്ക്കു ഓടിയെത്തുന്ന പ്രിയതമനെ കടമ്മനിട്ട കാണിച്ചതോർക്കുക.

വിപണിയാണ് വീടിനേക്കാൾ സുപ്രധാനം എന്ന ആൺബോധത്തിലേക്ക് എല്ലാ പെണ്ണുങ്ങളെയും മാമോദീസാ മുക്കുക എന്നതത്രേ ആധുനിക സമ്പദ്ഘടനയുടെ പരമലക്ഷ്യം. ആണധികാരത്തെ അരിയിട്ടു വാഴിച്ച പരമ്പരാഗത കുടുംബ വ്യവസ്ഥയുടെ കൈപ്പിടിയിൽ നിന്ന്, അതിലേറെ നിർദ്ദയമായ ആൺസമ്പദ് വ്യവസ്ഥയുടെ ഉല്പാദന കാർക്കശ്യങ്ങളിലേക്കാണ് പെണ്ണിനെ തെളിക്കുന്നത്. കൂലി അതീത വേലയിൽ നിന്ന് കൂലിവേലയിലേക്ക് പെണ്ണിന് 'പ്രമോഷൻ 'കൊടുത്തുകൊണ്ട് , പത്തും പന്ത്രണ്ടും മണിക്കൂർ നേരം, പ്രാഥമികാവശ്യങ്ങൾ പോലും അനുവദിക്കാതെ അവളെ പണിയെടുപ്പിക്കുന്നതാണ് ആണധികാരത്തിന്റെ അതിഗൂഢ രൂപമായ ആധുനിക തൊഴിൽ കമ്പോളം.

അത്യുല്പാദനത്തിലും അതിയുപഭോഗത്തിലും കേന്ദ്രിതമായ ആധുനിക ആൺ സമ്പദ് വ്യവസ്ഥയുടെ ശത്രുക്കളാണ് സഹകരണം, സ്‌നേഹം, ത്യാഗം, കാരുണ്യം , സഹനം തുടങ്ങിയ ജൈവപ്രകൃതിയുടെ മാനുഷികമായ മൂല്യങ്ങൾ. നിലനിൽപ്പിന്റെ അച്ചുതണ്ടായ ഈ വൈകാരിക ബന്ധങ്ങളിൽ നിന്നും വ്യക്തിയെ അടർത്തിമാറ്റി , ഈ ജൈവ മൂല്യങ്ങൾക്കു പകരം, വ്യക്തിയിൽ സ്വാർത്ഥപൂരിതമായ ഉപഭോഗാസക്തി കുത്തിനിറച്ചു മാത്രമേ ആധുനിക ആൺ സമ്പദ്ഘടനക്കു അതിന്റെ സാമ്രാജ്യങ്ങൾ വിപുലീകരിക്കാനാവൂ. വ്യക്തിക്കും മാർക്കറ്റിനും ഇടയിൽ മറ്റൊന്നും തടസ്സമാകരുതെന്നാണ് അതിന്റെ പക്ഷം. മരണക്കിടക്കയിലെ അമ്മയുടെ അന്ത്യരംഗങ്ങളും മരണാനന്തര ചടങ്ങുകളും വീഡിയോയിൽ ആക്കി, തനിക്ക് അമേരിക്കയിലേക്ക് അയച്ചുതരണം എന്നു പറയുന്ന മകൻ, ആ വീഡിയോ ആരുടെയും കരച്ചിൽ കൊണ്ട് നനക്കരുത് എന്നു പ്രത്യേകം സഹോദരിയെ ഓർമ്മപ്പെടുത്തുന്നുണ്ട് (വീഡിയോ മരണം - അയ്യപ്പപണിക്കർ ).

നെടുകേ പിളർക്കുന്ന ദാമ്പത്യം

ആൺസമ്പദ് വ്യവസ്ഥയുടെ വിപണിക്കു വേണ്ടത് പരസ്പരം പങ്കിടുന്നവരെയല്ല; അതിന്റെ അദൃശ്യമായ ആജ്ഞകൾക്കു സ്വയമറിയാതെ കീഴടങ്ങി കഴിയുമ്പോൾ തന്നെ, തന്റെ ഇഷ്ടാനിഷ്ടങ്ങളും തെരഞ്ഞെടുപ്പും തന്റേതു മാത്രമാണെന്ന് മിഥ്യാഭിമാനം കൊള്ളുന്ന ഒറ്റയൊറ്റ ഉപഭോഗ വ്യക്തികളെയാണ്. വ്യക്തികൾക്കിടയിൽ സഹകരണവും പങ്കുവെക്കലും സഹനവും ത്യാഗവും ഏറുന്തോറും ആൺവിപണിക്ക് മനുഷ്യർക്കിടയിൽ നിന്ന് പിൻവലിയേണ്ടി വരും. അതുകൊണ്ട് സ്വാശ്രയത്വം എന്ന സാമൂഹിക മൂല്യത്തിന് ലാഭമാത്രാധിഷ്ഠിത ആൺ സമ്പദ്ഘടന പുതിയ നിർവചനമാണ് നൽകുന്നത്. കയ്യിൽ പണമുണ്ടെങ്കിൽ മാർക്കറ്റിൽ നിന്ന് സാധന സേവനങ്ങൾ വാങ്ങാൻ കഴിവുള്ളയാളാണ് അവിടെ സ്വാശ്രിത/ സ്വാശ്രിതൻ. വിപണിയിൽനിന്ന് ലോണെടുത്ത്, ആ പണം സ്വകാര്യ കോളേജിൽ അടച്ച് കരസ്ഥമാക്കുന്ന വിദ്യയുടെ പേര് സ്വാശ്രയ വിദ്യാഭ്യാസം എന്നാക്കുന്നത് ഓർക്കുക. വിപണി അടിമത്തത്തിന്റെ പുതിയ പേരായി സ്വാശ്രയത്വം മാറിയിരിക്കുന്നു. ആളുകൾ പരസ്പരം വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യുന്ന സമൂഹത്തിൽ ബാങ്ക് വായ്പകൾ വേണ്ടപോലെ ക്ലച്ച് പിടിക്കില്ല.

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ലെ രംഗം

ഇന്ത്യയും പാക്കിസ്ഥാനും സഹകരിച്ചാൽ ആഗോള ആയുധ വ്യാപാരം പരുങ്ങലിലാകും. ആണും പെണ്ണും അടുക്കളയിൽ അധ്വാനം പങ്കുവെച്ചാൽ മാർക്കറ്റ് ഭക്ഷണം പടിക്കു പുറത്താക്കപ്പെടും. ("മഹത്തായ ഭാരതീയ അടുക്കള'യിൽ കഥാനായിക തീണ്ടാരിയാകുമ്പോൾ അടുക്കള തീണ്ടി സ്വയം അശുദ്ധനാകാൻ ഇഷ്ടമില്ലാത്ത ഭർത്താവ് രാവിലത്തെ ഭക്ഷണം കടയിൽ നിന്നു വാങ്ങിക്കുന്നു). അപ്പോൾ അവർക്ക് ഒരു ലോൺ കൊണ്ട് ഒരു വീടുവെച്ച് ഒരടുക്കളയിൽ ഒരുമിച്ച് പാചകം ചെയ്ത് ഒന്നിച്ച് ഒരൊറ്റ കട്ടിലിൽ ഉറക്കഗുളിക വാങ്ങിക്കഴിക്കാതെ തന്നെ കിടന്നുറങ്ങാൻ പറ്റും. (അമേരിക്കയിൽ 60 വയസ്സിൽ താഴെയുള്ള 25 % സ്ത്രീകളും ആന്റി ഡിപ്രഷൻ ഗുളികകൾ കഴിക്കുന്നവരാണ്). അത്യുല്പാദനത്തിന്റെ ആധുനിക സമ്പദ്ഘടനക്ക് ഈ ആൺപെൺ ഐക്യം കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്.

ആധുനിക ആണധികാര സമ്പദ്ഘടന അതിന്റെ ഒന്നാംഘട്ട വളർച്ച സാധ്യമാക്കിയത് കൂട്ടുകുടുംബങ്ങൾ അണുകുടുംബ യൂണിറ്റുകളാക്കി ചിതറിത്തെറിപ്പിച്ചു കൊണ്ടാണ്. ‘ചെറിയ കുടുംബം സന്തുഷ്ട കുടുംബം' എന്നതാണ് അന്നത്തെ മുദ്രാവാക്യം. ‘സ്വന്തമായി വീട് നിങ്ങളുടെ സ്വപ്നം' എന്ന് ബാങ്ക് പരസ്യങ്ങളിലും ഈ മാതൃകാ അണുകുടുംബത്തെ കാണിച്ചിരിക്കുന്നു. കൂട്ടുകുടുംബ വിച്ഛേദനത്തിന്റെ പടവാൾ കയ്യിലേന്തി അണുകുടുംബസ്വർഗ്ഗത്തിലേക്ക് ആണിനെ നയിക്കാൻ മാർക്കറ്റ് വിപ്ലവം മുന്നിൽ നിർത്തിയത് പെണ്ണിനെയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിൽ തന്നെ, കൂട്ടുകുടുംബ കുരുക്കുകളെ പൊട്ടിച്ചെറിഞ്ഞ് ഇംഗ്ലീഷ് പഠിച്ച ഇന്ദുലേഖ, മാധവനൊപ്പം മറുനാട്ടിൽ അണുകുടുംബം സ്ഥാപിച്ചു. ഉത്തരാധുനിക സമ്പദ്ഘടനയിലാകട്ടെ അണുകുടുംബം വീണ്ടും രണ്ടായി പിളർത്തപ്പെട്ട് ഇന്ദുലേഖാമാധവന്മാർ രണ്ടുവഴിക്ക് പിരിയുന്നു. ഒറ്റ രക്ഷാകർതൃത്ത്വത്തെ (Single parenting) വികസിത ആൺ ഭരണകൂടങ്ങൾ അവിടുത്തെ സാധാരണക്കാർക്കിടയിൽ കണക്കറ്റ് പ്രോത്സാഹിപ്പിക്കുന്നുണ്ടിന്ന്.

2012 ലെ കണക്കനുസരിച്ച് , അമേരിക്കയിലെ സന്താനങ്ങളിൽ 28% വും കഴിയുന്നത് ഒറ്റ രക്ഷിതാവ് മാത്രമുള്ള (പ്രത്യേകിച്ച് സ്ത്രീകൾ) കുടുംബങ്ങളിലാണ്. അങ്ങനെ വ്യക്തിയുടെ ആത്മമിത്രമായ ആജീവനാന്ത പങ്കാളി വിപണി മാത്രമായി മാറിയിരിക്കുന്നു. അതോടെ പ്രത്യുല്പാദന വ്യവസ്ഥ (കൂലി അതീത വേല) ക്കു മേൽ ഉല്പാദന വ്യവസ്ഥ (കൂലിവേല) സമ്പൂർണമായ ആധിപത്യം നേടിയെടുക്കുന്നു. സ്‌നേഹം, കാരുണ്യം, സഹനം, ത്യാഗം തുടങ്ങിയ കൂലി അതീത പ്രത്യുല്പാദന മൂല്യങ്ങളെല്ലാം, ഉപയോഗശൂന്യമായ പഴയ പാത്രങ്ങൾ പോലെ അടിച്ചു ചളുക്കി, കൂലിവേല യുടെ ആൺവിപണി അതിനെയെല്ലാം കസ്റ്റമർ കെയർ സേവനങ്ങൾ ആക്കി റീസൈക്കിൾ ചെയ്യുന്നു.മുമ്പ് 'പൂമുഖ വാതിൽക്കൽ സ്‌നേഹം വിടർത്തുന്ന പൂന്തിങ്കൾ ' ഇപ്പോൾ കല്യാൺ സിൽക്‌സിന്റെയോ എ.എം. മോട്ടോഴ്‌സിന്റെയോ ചില്ലുകവാടത്തിൽ, (വിദൂരത്തിരിക്കുന്ന ബോസിന്റെ സി.സി.ടി.വി ക്യാമറയുടെ വലയത്തിനകത്ത് ) പാൽ പുഞ്ചിരിയുമായി നമ്മളെ വരവേൽക്കുന്നുണ്ട്. ആരുടെ മുഖത്തു നോക്കിയും വെറുതേ ചിരിക്കരുതെന്നാണ് ‘ചിരിക്കുന്ന ജന്തു 'വായ മനുഷ്യനോട് ആൺ സമ്പദ്ഘടന ആവശ്യപ്പെടുന്നത്. മൂലധന സമാഹരണത്തെ സഹായിച്ച് രാജ്യത്തിന്റെ ജി.ഡി.പി ഉയർത്താത്ത ഒരു ചിരിയും ആവശ്യമില്ലെന്നല്ലേ വിപണി നമ്മെ പഠിപ്പിക്കുന്നത്? അഥവാ "അൺ പ്രൊഡക്ടീവ് ' ആയ ചിരികൾ പാടില്ല തന്നെ.

വടക്കു നിന്നുള്ള മാലിന്യം തട്ടൽ

ജൈവപ്രകൃതിയുടെ പ്രത്യുല്പാദന വ്യവസ്ഥയ്‌ക്കേൽക്കുന്ന ക്ഷതങ്ങൾ ജൈവവൈവിധ്യ നാശമായും മലിനീകരണ ദുരിതങ്ങളായും കാലാവസ്ഥാ പ്രകോപനങ്ങളായും , അവയ്ക്ക് കാരണമായ ആൺ ഉൽപാദന ഘടനയെയും മാനവവംശത്തിന്റെ നിലനില്പിനെയും (പ്രത്യുല്പാദന വ്യവസ്ഥയേയും) സാരമായി ബാധിക്കുന്നു എന്നതാണ് നമ്മുടെ ഉത്തരാധുനിക ബോധ്യം. ഈ തിരിച്ചറിവിൽ നിന്നാണ് ഭൂഗോളത്തിന്റെ വടക്കേ പാതിയിൽ നിന്ന് തെക്കേ പാതിയിലേക്ക്, അവിടുത്തെ ഉൽപ്പാദന പ്രത്യുല്പാദനങ്ങളെ പിന്നോട്ടു വലിക്കുന്ന എല്ലാവിധ മാലിന്യങ്ങളും കയറ്റി അയക്കുന്നത്. ഉപയോഗശൂന്യമായ കപ്പലുകൾ, ആണവനിലയങ്ങൾ, യുദ്ധോപകരണങ്ങൾ, സാങ്കേതികവിദ്യകൾ, എന്നിങ്ങനെ ഇലക്ടോണിക്ക് - പ്ലാസ്റ്റിക് മാലിന്യങ്ങൾ വരെയുള്ള വസ്തുവകകൾ മാത്രമല്ല , കാലഹരണപ്പെട്ട ചിന്താപദ്ധതികളും തെക്കൻ രാഷ്ട്രങ്ങളിലേക്ക് കയറ്റിവിട്ടു കൊണ്ടിരിക്കുന്നു. വടക്കൻ രാഷ്ട്രങ്ങളിലെ അടുക്കളകളിലേക്ക് അധിനിവേശം നടത്തിയ കമ്പനി നിർമ്മിത വിഷലിപ്ത ഭക്ഷണം, അവിടുത്തെ പ്രത്യുൽപാദന വ്യവസ്ഥയേയും അതിന്റെ മൂല്യങ്ങളെയും തകർക്കുന്നു എന്നു ഉൾക്കാഴ്ച അവിടെ കൈവന്നപ്പോഴാണ് ഫാസ്റ്റ് ഫുഡ് നേഷൻ (എറിക് ഷ്‌ളോസർ 2001), ഫുഡ് പൊളിറ്റിക്‌സ് (മരിയോൺ നെസ്ലേ 2002), സീഡ്സ് ഓഫ് ഡിസെപ്ഷൻ (ജെഫ്രി എം. സ്മിത്ത് 2003 ) എന്നീ പുസ്തകങ്ങൾ പുറത്തുവന്നതും ആണും പെണ്ണും ഒത്തൊരുമിച്ച് അടുക്കളകൾ തിരിച്ചുപിടിക്കുന്ന ഭക്ഷണ പോരാട്ടങ്ങൾ തുറക്കുന്നതും. ഭൂഗോളത്തിലെ വടക്കൻ രാഷ്ട്രങ്ങളിൽ ഭക്ഷണ കമ്പനികൾക്കു നേരേ ഉയർന്നുവരുന്ന ഈ വെല്ലുവിളിയെ മറികടക്കാൻ തെക്കേ പാതിയിലെ രാഷ്ട്രങ്ങളിലെ അടുക്കളകളിലേക്ക് ഭക്ഷണക്കമ്പനികൾക്ക് അധിനിവേശം നടത്തിയേ തീരൂ.

2020 സെപ്തംബറിൽ കാർഷിക പരിഷ്‌ക്കാരങ്ങൾ എന്ന പേരിൽ കൊണ്ടുവന്ന മൂന്നു നിയമങ്ങളുടെയും ഒരേയൊരു ലക്ഷ്യം ഇന്ത്യൻ അടുക്കളയുടെ സമ്പൂർണ്ണാധിപത്യം ആഗോള ഭക്ഷണക്കമ്പനികളുടെ പിടിയിലാക്കുക എന്നതത്രേ. (കാർഷിക നിയമങ്ങളും ഭാരതീയ അടുക്കള എന്ന സിനിമയും ഒരേ സമയം സംഭവിക്കുന്നത് യാദൃച്ഛികമായി കാണരുത്).

തീൻമേശയിലെയും വാഷ്‌ബേസിനിലെയും ആൺ മാലിന്യങ്ങളിൽ നിന്ന് ഇന്ത്യൻ സ്ത്രീയെ രക്ഷപ്പെടുത്താൻ അടുക്കള കീഴടക്കുന്ന ഭക്ഷണക്കമ്പനികൾക്കേ കഴിയൂ എന്ന ഉത്തരമാണ് വടക്കേ പാതിയിൽ നിന്നും കയറ്റിവിട്ട കാലഹരണപ്പെട്ട മധ്യവർഗ്ഗ ഫെമിനിസം നൽകുന്നത്. അടുക്കളകൾ ഇല്ലാത്ത ഒരു ലോകത്തേക്ക് ആണിനെപ്പോലെ തലയുയർത്തി നെഞ്ചുവിരിച്ച് നടന്നു പോകുകയാണ് ഭാരതീയ അടുക്കളയിലെ നായിക. (ഈ സിനിമ ആണിൽ ആത്മവിചാരണയാൽ ആത്മശുദ്ധിക്ക് അവസരം നൽകുമ്പോൾ അത് ലക്ഷ്യം കണ്ടെത്തുന്നു. എന്നാൽ പെണ്ണിനെ, ആൺവിപണിയുടെ മർദ്ദകമൂല്യങ്ങൾ സ്വംശീകരിക്കുന്നത്, അവളുടെ സ്വാതന്ത്ര്യമായി തെറ്റിദ്ധരിപ്പിക്കുന്നു. അങ്ങനെ, പരമ്പരാഗത സവർണ്ണ മൂല്യങ്ങളോട് പ്രത്യക്ഷത്തിൽ കലഹിക്കുന്ന ചിത്രം, ഒളിഞ്ഞ് നവലിബറൽ ഫെമിനിസത്തോടും അതിന്റെ സൃഷ്ടികർത്താവായ ആഗോള മൂലധനത്തോടും , അതിനെ ശക്തിപ്പെടുത്തുന്ന അതേ സവർണാധികാരത്തോടും ഒട്ടി നിൽക്കുന്നു).

അതേപോലെ ആൺ കമ്പോളവ്യവസ്ഥയുടെ കൂലിവേലാ അടിമത്തം പെണ്ണിന്റെ പ്രത്യുല്പാദന മൂല്യത്തെ പാടെ അവഗണിക്കുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് ചില നോർഡിക് രാഷ്ട്രങ്ങളിലും മറ്റും ആർത്തവ ദിനങ്ങൾ അവധി ദിനങ്ങളാക്കുന്നത്. എന്നാൽ ഇതേ സമയം ആർത്തവ ദിനങ്ങളിലെ പെൺസുരക്ഷയെ പരിഗണിക്കാതെ, അതിനുമേൽ കയറ്റി വെച്ചിരിക്കുന്ന പുരുഷാധിപത്യ പാരമ്പര്യ ഭാരങ്ങളിൽ മാത്രം ശ്രദ്ധയൂന്നിക്കൊണ്ട് , ആർത്തവ ദിനങ്ങളിൽ പെണ്ണ് അടുക്കളയിൽ കയറുന്നതും , അതിനേക്കാളുപരി പുറംപണിക്കു പോകുന്നതുമാണ് നമ്മുടെ ഫെമിനിസ്റ്റ് സമരം! "മഹത്തായ ഭാരതീയ അടുക്കള'യിൽ ദളിത് പെണ്ണിന് ആർത്തവാവധിയില്ല. ആർത്തവത്തിലും പണിക്കു പോകാനുള്ള സ്വാതന്ത്ര്യം അവൾ നേടിയല്ലോ എന്ന് സവർണ്ണത്തറവാട്ടിലെത്തിയ നായിക കൊതിയോടെ ഓർക്കുന്നുണ്ടാകണം.

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ വീട്ടു ജോലിക്കാരിയുടെ വേഷം കെെകാര്യം ചെയ്ത കബനി

ആർത്തവാസ്വാസ്ഥ്യങ്ങളെല്ലാം സഹിച്ച് ഉഷയെന്ന ദളിത് പെണ്ണ് അടുക്കളപ്പണിക്കു വന്നതു കൊണ്ടാണ് അടുക്കള മോചനം താൽക്കാലികമായെങ്കിലും നേടി, നായികക്ക് അപ്പോഴെങ്കിലും പുസ്തകത്താളുകൾ മറിക്കാനെങ്കിലും സമയം കിട്ടിയത്.

ഉത്തരാധുനിക കാലത്ത് ആർത്തവാവധി ആൺകോയ്മയുടെ ദുരാചാര കാർക്കശ്യമായി അവളെ വീർപ്പുമുട്ടിക്കുന്നെങ്കിൽ അങ്ങ് സ്വീഡനിൽ ഇതേ പെണ്ണിനത് നേടിയെടുത്ത സ്വാതന്ത്ര്യമത്രേ! ഭൂഗോളത്തിന്റെ തെക്കേ പാതിയിൽ പെണ്ണുങ്ങൾ തീണ്ടാരിക്കാലത്തും പാഡും വെച്ചുകെട്ടി തിരക്കുള്ള ബസ്സിൽ തൂങ്ങി, കൂലിവേലയ്ക്ക് ആൺ യജമാന ഉല്പാദന വ്യവസ്ഥയിൽ എത്തിയാൽ മാത്രമേ, ഭൂഗോളത്തിന്റെ വടക്കേ പാതിയിൽ പെണ്ണിന് കൂലിവേലയിൽ നിന്നൊഴിഞ്ഞ്, തീണ്ടാരി നാളിൽ നാലുദിവസത്തെ ഒഴിവ് കിട്ടൂ. 2019 ജൂലൈ 5 മുതൽ ഇന്ത്യൻ മാധ്യമങ്ങളിൽ പല തവണ വന്ന വാർത്തയനുസരിച്ച്, മഹാരാഷ്ട്രയിലെ കരിമ്പിൻ തോട്ടങ്ങളിൽ, മെൻസസ് സമയത്തും ജോലിക്കു ഹാജരാകണം എന്ന യജമാന ശാഠ്യം അനുസരിക്കാൻ , കഴിഞ്ഞ 3 വർഷത്തിനകം 30000 ത്തിലേറെ പെൺ തൊഴിലാളികളാണ് അവരുടെ ഗർഭപാത്രം മാറ്റാൻ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്! എങ്കിലേ നവലിബറൽ അടുക്കളയിലെ ഭാരതീയ നാരീജനങ്ങൾക്ക് ആചാരം കാത്തു പോകാൻ പറ്റൂ.

ഭൂഗോളത്തിന്റെ തെക്കേ പാതിയിലെ പെൺവർഗ്ഗത്തോട് ആഗോള മൂലധനം ആവശ്യപ്പെടുന്നത് ""അടുക്കളയിൽ നിന്നും അതിലും ദുഷിച്ചു നാറിയ ആചാരങ്ങളിൽ നിന്നും, ആർത്തവനാളുകളിലും സർവ്വതന്ത്ര സ്വതന്ത്രയായി വിഹരിക്കാൻ നിനക്കു ചിറകു നൽകുന്നവനായി ഇതാ എന്റെ പിന്നാലെ 12 മണിക്കൂർ കൂലിവേലയിലേക്കൂ വരൂ'' എന്നാണ്. ‘ഗ്ലോബൽ ലേബർ മാർക്കറ്റിന് നീയെന്ന മൂന്നാംലോക പെണ്ണിന്റെ അമൂല്യമായ ചീപ് ലേബർ എത്രയെങ്കിലും ആവശ്യമുണ്ടെ'ന്നാണ് ( കർഷക നിയമങ്ങൾ വന്നതിനു തൊട്ടു മുന്നേ , തൊഴിൽ നിയമങ്ങൾ പാടെ അട്ടിമറിച്ച് നിയമം കൊണ്ടുവന്നതോർക്കുക ) . ""നിനക്കു ഞാനല്ലാതെ മറ്റൊരു ആണധികാരി ഇനിമേൽ പാടില്ല'' എന്നാണ്. അതുകൊണ്ട് മനുഷ്യവർഗ്ഗത്തിന്റെ നിലനില്പിൽ അല്പമെങ്കിലും ആശങ്കയുള്ള ആൺവർഗ്ഗമേ, വിപണി പെണ്ണിനെ തട്ടിയെടുക്കുന്നതിനു മുമ്പ്, പ്രത്യുല്പാദനത്തിന്റെ പെൺമൂല്യങ്ങൾ മാനവ ഹൃദയങ്ങളിൽ നിന്നു വടിച്ചു നീക്കപ്പെടുന്നതിനു മുമ്പ്, അമ്മിഞ്ഞയും ഇങ്കും താരാട്ടും വെള്ളം കോരിക്കുളിപ്പിച്ച യ്യയ്യായും കോർപ്പറേറ്റുകളുടെ കസ്റ്റമർ കെയറാകുന്നതിനു മുമ്പ് ഉറച്ച കാൽവെയ്പുകളോടെ സഹനവും ത്യാഗവുമായി ശിരസ്സു കുനിച്ചു കൊണ്ട് അടുക്കളയിലേക്കു പോകാം. അവളുടെ എച്ചിലും അറപ്പില്ലാതെ എടുക്കാം. ആണിൽ ഒരു പെണ്ണിനെ കുടിയിരുത്തി ജൈവപ്രകൃതിയും മനുഷ്യ പ്രകൃതിയും കാത്തുരക്ഷിക്കാം.

അരുളില്ലയതെങ്കിൽ
അസ്ഥിതോൽസിരനാറു -
ന്നൊരുടമ്പു താനവൻ

(പ്രത്യുല്പാദന മൂല്യമെന്ന സ്‌നേഹമില്ലെങ്കിൽ മനുഷ്യൻ നാറുന്ന വെറും ശവശരീരമാണ് )- അനുകമ്പാദശകം - ശ്രീ നാരായണഗുരു)


Comments