ഇന്ത്യയെപ്പോലൊരു ജനാധിപത്യസമൂഹത്തില്‍ മനുഷ്യവിരുദ്ധമായ മതനിയമങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ലെന്ന് മേരി റോയിയുടെ പോരാട്ടജീവിതം തെളിയിക്കുന്നു. വ്യക്തിജീവിതങ്ങള്‍ക്കുമേല്‍ സമ്പൂര്‍ണമായ സ്വേച്ഛാധികാരം കൈയാളുന്ന സഭയെയും പുരോഹിതവര്‍ഗത്തെയും ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടങ്ങളെയുമാണ് മേരി റോയി തനിച്ച് എതിരിട്ടത്. അത് ഒരു സ്ത്രീയുടെ പോരാട്ടം എന്നതിനൊപ്പം, ആധുനിക ജനാധിപത്യ സമൂഹത്തില്‍ ഒരു പൗര നടത്തിയ വലിയ മനുഷ്യാവകാശസംരക്ഷണ പ്രവര്‍ത്തനം കൂടിയായി മാറുന്നു.
1 Sep 2022, 01:27 PM
മതത്തിന്റെയും കുടുംബ സംവിധാനത്തിന്റെയും സ്ത്രീവിരുദ്ധമായ കല്‍പ്പനകളെ ഒറ്റക്കുനേരിട്ട്, നിയമസംവിധാനത്തിന്റെ വ്യവസ്ഥാപിതവഴിയിലൂടെ തന്നെ അവക്ക് പുരോഗമനപരമായ ഒരു തിരുത്ത് നേടിയെടുത്ത സ്ത്രീ എന്ന നിലയ്ക്കാണ്മേരി റോയി കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുക.
പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്ക് അര്‍ഹമായ അവകാശം നിഷേധിക്കുന്ന 1916ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാനിയമത്തിനെതിരെ സുപ്രീംകോടതി വരെ അവര്‍ നടത്തിയ ഏകാംഗ നിയമയുദ്ധം, 1986ല്‍ ഈ നിയമം അസാധുവാക്കുന്നതിലേക്കാണ് നയിച്ചത്. നിയമം റദ്ദാക്കിയ സുപ്രീംകോടതിവിധി ക്രിസ്ത്യന്‍ സമുദായത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന സഭയെയും പുരോഹിതവര്‍ഗത്തെയും അവരോടൊപ്പമുള്ള രാഷ്ട്രീയകക്ഷികളെയും വിറളിപിടിപ്പിച്ചെങ്കിലും മേരി റോയ് ഇവരെയെല്ലാവരെയും ഒറ്റക്കുതന്നെ നേരിട്ടു. സംഘര്‍ഷഭരിതമായ സ്വന്തം ജീവിതം നല്‍കിയ പാഠങ്ങളാണ് അവരെ, അതിജീവനത്തിലേക്ക് നയിച്ചത്.
സാമ്പത്തികഭദ്രതയുള്ള കുടുംബത്തിലാണ് മേരി ജനിച്ചത്. മുത്തച്ഛന്‍ ജോണ്‍ കുര്യന്‍ കോട്ടയത്തെ ആദ്യത്തെ സ്‌കൂളുകളില്‍ ഒന്നായ അയ്മനം സ്‌കൂളിന്റെ സ്ഥാപകനായിരുന്നു. മലയാളം മീഡിയത്തില്‍ പഠിക്കാന്‍ കുട്ടികളില്ലാതിരുന്നതുകൊണ്ടാണ് ആ സ്‌കൂള്‍ പൂട്ടിപ്പോയതെന്ന് ഒരു അഭിമുഖത്തില്‍ മേരി പറയുന്നുണ്ട്.
നാലു മക്കളില്‍ ഏറ്റവും ഇളയവളായിരുന്ന മേരി. കൃഷിവകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായ അച്ഛന്‍ പി.വി. ഐസക് പ്രമുഖ സിറിയന്‍ ക്രിസ്ത്യന്‍ കുടുംബാംഗവും എന്റമോളജിസ്റ്റുമായിരുന്നു. മേരിയുടെ അമ്മയും സമ്പന്നമായ ഒരു സിറിയന്‍ ക്രിസ്ത്യന്‍ കുടുംബാംഗമായിരുന്നു. വന്‍ തുക സ്ത്രീധനം നല്‍കിയായിരുന്നു അവരുടെ വിവാഹം. നാലു വയസ്സുകാരിയായ മേരിയും കുടുംബവും 1937ലാണ് പിതാവിനൊപ്പം ഡല്‍ഹിയിലെത്തിയത്. ഡല്‍ഹി ജീസസ് മേരി കോണ്‍വെന്റിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ഡല്‍ഹിയില്‍നിന്ന് പെന്‍ഷനായി മടങ്ങിയ പിതാവ് ഊട്ടിയില്‍ ഒരു വീടു വാങ്ങി. ഊട്ടിയില്‍ പിതാവിന്റെ കൂടെയുള്ള ജീവിതം മേരിക്ക് നരകതുല്യമായിരുന്നു. ഐസക് മേരിയുടെ അമ്മയെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നു. ഒരു ദിവസം അമ്മയെ വീട്ടില്‍നിന്ന് അടിച്ചുപുറത്താക്കി, പിന്നീട് അവര്‍ കേരളത്തിലേക്ക് മടങ്ങി.

ചെന്നൈ ക്വീന്‍ മേരീസ് കോളേജിലായിരുന്നു മേരിയുടെ ബിരുദ പഠനം. സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഇച്ഛ അന്നുമുതല്‍ അവരെ ഒരു ജോലിക്കുവേണ്ടിയുള്ള അന്വേഷണങ്ങളിലെത്തിച്ചു. അങ്ങനെ ബിരുദപഠനശേഷം, കൊല്‍ക്കത്തയില്‍ ജോലി ചെയ്തിരുന്ന മൂത്ത ജ്യേഷ്ഠന്‍ ജോര്‍ജിന്റെ അടുത്തേക്ക് മേരി പോയി. മെറ്റല്‍ ബോക്‌സ് എന്ന കമ്പനിയില്‍ സെക്രട്ടറിയായി. അവിടെ വച്ചാണ്, പിന്നീട് ജീവിതപങ്കാളിയായും ദുരന്തപൂര്‍ണമായ ഒരു ബന്ധത്തിന്റെ കണ്ണിയായും മാറിയ രാജീബ് റോയിയെ കണ്ടുമുട്ടിയത്. തീര്‍ത്തും അരക്ഷിതവും ഏകാന്തവും ദുരിതമയവുമായ ജീവിതത്തിന് ഒരു കൂട്ട് എന്ന നിലയിലാണ് മേരി രാജീബ് റോയിയുടെ ജീവിതം പങ്കിടാന്‍ തയാറായത്. എന്നാല്‍, അമിത മദ്യപാനവും മറ്റും മൂലം ജീവിതം താളം തെറ്റിയ നിലയിലായിരുന്നു അദ്ദേഹം. തുടരെത്തുടരെ ജോലികള്‍ മാറുകയും സാമ്പത്തിക സ്ഥിതി മോശമാകുകയും ചെയ്തു. ഒടുവില്‍, 30ാം വയസ്സില്‍ മേരി റോയ്, മക്കളായ ലളിത് റോയ്, അരുന്ധതി റോയ് എന്നിവരെയും കൊണ്ട് ഊട്ടിയില്‍ പൂട്ടിക്കിടന്നിരുന്ന പിതാവിന്റെ കോട്ടേജിലെത്തി താമസം തുടങ്ങി. ലളിതിന് അന്ന് അഞ്ചും അരുന്ധതിക്ക് മൂന്നും വയസായിരുന്നു അന്ന്.
പിതാവ് ഐസക് വില്‍പത്രം എഴുതിവക്കാതെയാണ് മരിച്ചത്. അതുകൊണ്ടുതന്നെ, സഹോദരന്‍ ജോര്‍ജിന്റെ കൈവശമായിരുന്നു, പിതാവിന്റെ കോട്ടേജ്. അത് മേരി കൈവശപ്പെടുത്തുമോ എന്ന ആശങ്കയില്‍ സഹോദരന്‍ ജോര്‍ജ്, അവിടെനിന്ന് ഒഴിയാനാവശ്യപ്പെട്ടു. മേരി അത് നിരസിച്ചു. പിതാവിന്റെ വീട് വില്‍ക്കാനും സഹോദരന്‍ നീക്കം നടത്തി. എന്നാല്‍, ഇത് മേരി എതിര്‍ത്തു. തനിക്കും ഇതില്‍ ഓഹരിയുണ്ടെന്ന് അവര്‍ പറഞ്ഞപ്പോള്‍, 1916ലെ തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ചൂണ്ടിക്കാട്ടി അത് നിരസിക്കുകയാണ് സഹോദരന്‍ ചെയ്തത്. മേരി, കുടുംബത്തിന്റെ എതിര്‍പ്പ് വകവെക്കാതെ സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തിനുപുറത്തുള്ള ആളെ വിവാഹം കഴിച്ചുവെന്നത്, സ്ത്രീധനവും കുടുംബസ്വത്തിലെ പങ്കും നല്‍കാതിരിക്കാനുള്ള കാരണമായി കുടുംബം കണ്ടു. ഒടുവില്‍, മേരിയെ ബലംപ്രയോഗിച്ച് സഹോദരന്‍ വീട്ടില്‍നിന്നിറക്കിവിട്ടു.
പിതാവിന്റെ സ്വത്തില്‍ മകന് ലഭിക്കുന്ന വീതത്തിന്റെ നാലിലൊന്നോ 5000 രൂപയോ എതാണ് കുറവ് അതുമാത്രമേ നിയമപ്രകാരം തനിക്കു ലഭിക്കുന്നുള്ളൂ എന്ന് മേരി മനസ്സിലാക്കി. രാജ്യം തന്നെ ശ്രദ്ധിച്ച ആ നിയമപോരാട്ടത്തിന്റെ തുടക്കമായിരുന്നു അത്.
മകള്‍ എന്ന നിലയില്‍ തനിക്കുള്ള അവകാശം നിഷേധിക്കുന്ന നിയമത്തെക്കുറിച്ച് അവര്‍ അന്വേഷണം തുടങ്ങി. മദ്രാസ് ഹൈകോടതിയില്‍ ഈ നിയമത്തെ ചോദ്യം ചെയ്ത് അവര്‍ കേസുകൊടുത്തു. മേരിക്ക് അനുകൂലമായിരുന്നു വിധി. ഇതേതുടര്‍ന്ന് വീട് ഇഷ്ടദാനമായി മേരിക്ക് നല്‍കേണ്ടിവന്നു. സ്വന്തമായി കിട്ടിയ ആ വീടുവിറ്റ് കോട്ടയത്തേക്കുമടങ്ങിയ അവര്‍, 1967ല്‍ കോര്‍പസ് ക്രിസ്റ്റ് ഹൈസ്‌കൂള്‍ തുടങ്ങി. അരുന്ധതിയും മകന്‍ ലളിതും അടക്കം ഏഴു വിദ്യാര്‍ഥികളുമായാണ് സ്‌കൂള്‍ തുടങ്ങിയത്. ഊട്ടിയിലെ വീട് വിറ്റ് കിട്ടിയ പണത്തില്‍ ഒരു ലക്ഷം രൂപ കൊണ്ടാണ് സ്‌കൂള്‍ ഇരിക്കുന്ന അഞ്ചേക്കര്‍ വാങ്ങിയത്.
കോട്ടയത്തെ താമസത്തിനിടയില്‍, ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം അവരുടെ ജീവിതത്തില്‍ വീണ്ടും ഇടപെടാന്‍ തുടങ്ങി. നാട്ടിലുള്ള കുടുംബസ്വത്തില്‍, ഈ നിയമപ്രകാരം തനിക്ക് അവകാശമില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ്, 1916 ലെ തിരു-കൊച്ചി ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമവും 1921ലെ കൊച്ചിന്‍ പിന്തുടര്‍ച്ചാവകാശ നിയമവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേരി റോയി 1984ല്‍ സുപ്രീംകോടതിയെ സമീപിച്ചത്. 1986ല്‍ നിയമം അസാധുവാക്കി സുപ്രീംകോടതി ഉത്തരവിട്ടു. വില്‍പ്പത്രമെഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യമായ അവകാശമുണ്ടെന്നായിരുന്നു വിധി. ഇന്ത്യയില്‍ എല്ലായിടത്തും നിലനില്‍ക്കുന്ന 1925ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം മാത്രമാണ് എല്ലാവര്‍ക്കും ബാധകമെന്നും മറ്റെല്ലാ നിയമങ്ങളും അസാധുവാണെന്നം വിധിയില്‍ ചൂണ്ടിക്കാട്ടി. നിയമയുദ്ധം വഴി, പിതൃസ്വത്തില്‍നിന്ന് നാട്ടകത്ത് ലഭിച്ച ഭൂമി, സഹോദരനുതന്നെ തിരിച്ചുനല്‍കി അവര്‍ മധുരമായി പ്രതികാരവും ചെയ്തു.
ഇന്ത്യയെപ്പോലൊരു ജനാധിപത്യസമൂഹത്തില്‍ മനുഷ്യവിരുദ്ധമായ മതനിയമങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ലെന്ന് മേരി റോയിയുടെ പോരാട്ടജീവിതം തെളിയിക്കുന്നു. വ്യക്തിജീവിതങ്ങള്‍ക്കുമേല്‍ സമ്പൂര്‍ണമായ സ്വേച്ഛാധികാരം കൈയാളുന്ന സഭയെയും പുരോഹിതവര്‍ഗത്തെയും ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടങ്ങളെയുമാണ് മേരി റോയി തനിച്ച് എതിരിട്ടത്. അത് ഒരു സ്ത്രീയുടെ പോരാട്ടം എന്നതിനൊപ്പം, ആധുനിക ജനാധിപത്യ സമൂഹത്തില്‍ ഒരു പൗര നടത്തിയ വലിയ മനുഷ്യാവകാശസംരക്ഷണ പ്രവര്‍ത്തനം കൂടിയായി മാറുന്നു.
‘അമ്മ എന്നതിനേക്കാളേറെ അവര്‍ ഒരു സ്ത്രീയാണ്, വളരെ ഉള്‍ക്കരുത്തുള്ള സ്ത്രീ' എന്ന് വനിതക്കുവേണ്ടി നടത്തിയ അഭിമുഖത്തില്‍ പ്രിയ എ.എസിനോട്അരുന്ധതീ റോയ് പറയുന്നുണ്ട്. അരുന്ധതീ റോയിയുടെ ഈ വിശേഷണം മേരി റോയിയുടെ ജീവിതത്തിന്റെ സാര്‍ഥകമായ അടിക്കുറിപ്പായി മാറുന്നു.
എം.വി. സന്തോഷ് കുമാർ
Jan 12, 2023
5 Minutes Read
ഹരികുമാര്‍ സി.
Dec 30, 2022
3 Minutes Read
അജു കെ. നാരായണന്‍
Oct 19, 2022
6 Minutes Read
കെ. ശ്രീകുമാര്‍
Oct 15, 2022
6 Minutes Read
ടി.പി.കുഞ്ഞിക്കണ്ണന്‍
Oct 11, 2022
6 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ്
Oct 02, 2022
7 Minutes Read