മാവേലിക്കര: കോൺഗ്രസിലെയും ബി.ജെ.പിയിലെയും ഇടതു സ്‌പെയ്‌സുകൾ

ഇടതുപക്ഷത്തിന് മികച്ച വോട്ടുബേസുള്ള മണ്ഡലത്തിൽ ഇത്തവണയും എൽ.ഡി.എഫിനുതന്നെയാണ് സാധ്യത

Election Desk

1957 മുതൽ ഇടതുപക്ഷത്തെയും സോഷ്യലിസ്റ്റുകാരെയും പിന്തുണച്ച പാരമ്പര്യമുള്ളതുകൊണ്ടാകാം, മാവേലിക്കരയിലെ സ്ഥാനാർഥികളിലെല്ലാം ഒരു ഇടതുപക്ഷം തെളിഞ്ഞും ഒളിഞ്ഞുമിരിക്കുന്നുണ്ട്.

എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ എം.എസ്. അരുൺകുമാറാണ് സ്ഥാനാർഥി. കോൺഗ്രസ് സ്ഥാനാർഥിയും മുൻ എം.എൽ.എയുമായ കെ.കെ. ഷാജുവാകട്ടെ, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി മുതൽ ജില്ല പ്രസിഡന്റ് വരെയായിരുന്നു. സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. കെ.ആർ. ഗൗരിയമ്മയെ സി.പി.എമ്മിൽനിന്ന് പുറത്താക്കിയപ്പോൾ ജെ.എസ്.എസിൽ ചേർന്നതാണ്. രണ്ടു തവണ എം.എൽ.എയായതും ജെ.എസ്.എസ് ടിക്കറ്റിൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിനുതൊട്ടുമുമ്പ് കോൺഗ്രസിലെത്തി ദളിത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായി.

ബി.ജെ.പി സ്ഥാനാർഥി കെ. സഞ്ജുവിലുമുണ്ട് ഒരു ഇടതുപക്ഷക്കാരൻ. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയിലൂം സി.പി.എം ചുനക്കര ലോക്കൽ കമ്മിറ്റിയിലും അംഗമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചുനക്കര പഞ്ചായത്തിലേക്ക് മത്സരിച്ചുതോറ്റയാളാണ്.

ഇടതുപക്ഷത്തിന് മികച്ച വോട്ടുബേസുള്ള മണ്ഡലത്തിൽ ഇത്തവണയും എൽ.ഡി.എഫിനുതന്നെയാണ് സാധ്യത. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കൊടിക്കുന്നിൽ സുരേഷിന് 969 വോട്ടിന്റെ ലീഡുണ്ടായിരുന്നുവെങ്കിൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 14,213 വോട്ട് ലീഡ് നേടാനായി. മണ്ഡല പരിധിയിലെ എല്ലാ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും എൽ.ഡി.എഫിനാണ്. മാവേലിക്കര, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തുകളും തഴക്കര, തെക്കേക്കര, ചുനക്കര, നൂറനാട്, പലമേൽ, വള്ളികുന്നം പഞ്ചായത്തുകളും എൽ.ഡി.എഫ് ഭരിക്കുന്നു. മാവേലിക്കര നഗരസഭയും താമരക്കളും പഞ്ചായത്തും യു.ഡി.എഫിന്. മാവേലിക്കര നഗരസഭയിൽ മൂന്ന് മുന്നണിക്കും ഒമ്പതുസീറ്റ് വീതമാണ് ലഭിച്ചത്. സി.പി.എം വിമതന്റെ പിന്തുണയോടെയാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്. താമരക്കുളം, തഴക്കര പഞ്ചായത്തുകളിൽ ബി.ജെ.പിക്കും സ്വാധീനമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽ.ഡി.എഫിന് 70,415, യു.ഡി.എഫിന് 56,202, എൻ.ഡി.എക്ക് 40,042 വോട്ടുവീതമാണ് ലഭിച്ചത്.

2016- നിയമസഭാ തെരഞ്ഞെടുപ്പിലെ കക്ഷിനില.

സഞ്ജുവിന്റെ സ്ഥാനാർഥിത്വത്തിനെതിരെ കർഷക മോർച്ച ജില്ല ട്രഷററും പട്ടികജാതി മോർച്ച ജില്ല കമ്മിറ്റി അംഗവുമായ ബി. സുഭാഷ് വിമതനായും മത്സരിക്കുന്നുണ്ട്.

ദ്വയാംഗ മണ്ഡലമായതിനാൽ 1957ലും 1960ലും സി.പി.ഐയിലെ രണ്ടുപേർ വീതം എം.എൽ.എമാരായി. 1965ൽ കോൺഗ്രസിലെ കെ.കെ. ചെല്ലപ്പൻപിള്ളക്കായിരുന്നു ജയം. 1967, 1970 തെരഞ്ഞെടുപ്പുകളിൽ സപ്തകക്ഷി മുന്നണിയിലെ എസ്.എസ്.പി സ്ഥാനാർഥി ജി. ഗോപിനാഥ പിള്ള ജയിച്ചു. 1977ൽ കോൺഗ്രസ് മുന്നണിയിലെ എൻ.ഡി.പി സ്ഥാനാർഥി എൻ. ഭാസ്‌കരൻ നായർ. 1980, 82, 87 തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിലെ എസ്. ഗോവിന്ദക്കുറിപ്പ്. 1991 മുതൽ തുടർച്ചയായി നാലുവർഷം കോൺഗ്രസിലെ എം. മുരളി എം.എൽ.എയായി. 2011ൽ പുനർനിർണയത്തിനുശേഷം സംവരണ മണ്ഡലമായപ്പോൾ എൽ.ഡി.എഫിലെ ആർ. രാജേഷ് വിജയിച്ചു.


Comments