‘മീ ടു' പെർഫെക്റ്റ് പ്രസ്ഥാനമല്ല, എങ്കിലും അത് ഉച്ചത്തിൽ തുടരണം- റിമ കല്ലിങ്കൽ

Truecopy Webzine

ന്റെ ചുറ്റുമുള്ള മനുഷ്യരെ ഉപദ്രവിക്കുകയും ആക്രമിക്കുകയും ആഘാതങ്ങളിലേക്ക് തള്ളിയിടുകയും ചെയ്യുന്ന ഒരു ആർട്ടിസ്റ്റ്, ധാർമികതയെ കുറിച്ചും ജീവിതത്തിന്റെ സൗന്ദര്യത്തെക്കുറിച്ചുമൊക്കെ എഴുതുകയും വരയ്ക്കുകയും പാടുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുന്നത് ആർട്ടല്ല, അത് നുണയാണെന്ന് നടി റിമ കല്ലിങ്കൽ. എംപതിയില്ലാത്ത കല കളവു മാത്രമാണെന്നും ട്രൂ കോപ്പി വെബ്‌സീനിലെ ‘രണ്ടു ചോദ്യങ്ങൾ' എന്ന പംക്തിയിൽ ‘മീ ടൂ'വുമായി ബന്ധപ്പെട്ട ചോദ്യത്തോട് അവർ പ്രതികരിക്കുന്നു.

വൈരമുത്തുവിന് ഒ.എൻ.വി. പുരസ്‌കാരം നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പാശ്ചാത്തലത്തിലാണ് പ്രതികരണം.

‘‘മീ ടൂ ഒരു പെർഫെക്റ്റ് പ്രസ്ഥാനമൊന്നുമല്ല, വ്യാജമായ കേസുകൾ ഉണ്ടാവുന്നുണ്ട്. പ്രിവിലേജ് കുറഞ്ഞവരുടെ ശബ്ദങ്ങൾ മുങ്ങിപ്പോവുന്നുണ്ട്. അത്തരം തിരസ്‌കാരങ്ങൾ മാപ്പർഹിക്കുന്നതല്ലെന്നറിയാം. ഇരയാക്കപ്പെട്ടവർക്ക് ബഹുമാനവും ആത്മവിശ്വാസവും ഉണ്ടാവുന്ന, തെറ്റു ചെയ്തവർ തിരിച്ചറിവിലേക്ക് നയിക്കപ്പെടുന്ന, ഒരു സംവാദത്തിന് അവസരമൊരുങ്ങേണ്ടതിനു പകരം ഇരയാക്കപ്പെടുന്നവരും ആരോപണമേൽക്കുന്നവരും ഒരുപോലെ മോബ് ലിഞ്ചിങ്ങിന് വിധേയരാവുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിപ്പെടുന്നതിനോടും എനിക്ക് വിയോജിപ്പുണ്ട്. പക്ഷേ, കൂടുതൽ സ്ത്രീകളെ ഞാൻ ശ്രദ്ധിച്ചു കേൾക്കും, ഇത്തരം സംഭാഷണങ്ങൾ തുടരും. കാരണം ഈ പ്രസ്ഥാനം അതിനായുള്ളതാണ്. ഒടുവിൽ സ്ത്രീകൾ സ്വന്തം ശബ്ദം കണ്ടെത്തിയതിന്റേയും ആ ശബ്ദം ഉറക്കെ കേൾപ്പിക്കാൻ തുടങ്ങിയതിന്റേയും ആരംഭം. ഈ ശബ്ദങ്ങൾക്ക് ഇനി കൂടുതൽ വ്യക്തത വരും, ഈ ശബ്ദങ്ങൾ കൂടുതൽ ഉച്ചത്തിലാവും. അത് കൂടുതൽ മികച്ചതായി പുറത്ത് കേൾക്കും’’ - റിമ പറയുന്നു.

‘‘മീ ടൂ പ്രസ്ഥാനത്തിന്റെ നിർണായക സന്ധിയിൽ നിൽക്കുമ്പോൾ സ്ത്രീകളുടെ ശബ്ദങ്ങളെ വലിച്ച് താഴെയിട്ടവരോട്, ആണുങ്ങളോട് എനിക്ക് ചിലത് ചോദിക്കാനുണ്ട്. എവിടെ നിന്നാണ് നിങ്ങൾക്കീ രോഷം വരുന്നത്? ഒടുക്കം നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു എന്നതുകൊണ്ടാണോ? നിങ്ങളുടെ പരമാധികാരങ്ങൾ എടുത്തു മാറ്റപ്പെടുന്നതുകൊണ്ടോ? അതോ ഒരിക്കൽ നിങ്ങൾ തെറ്റായിരുന്നു എന്ന് നിങ്ങളോട് തന്നെ പറയുന്നതു കൊണ്ടോ? 'എന്തുകൊണ്ടാണ് ഇപ്പോൾ പറയുന്നത്?', 'തെളിവെവിടെ?' എന്നീ ചോദ്യങ്ങൾ ചോദിക്കുന്നതിനിടയ്ക്ക് സ്വയം ഈ ചോദ്യം ചോദിക്കുന്നത് നന്നായിരിയ്ക്കും. എവിടെ നിന്നാണ് നിങ്ങളുടെ ഈ രോഷം മുളയ്ക്കുന്നത്?’’- റിമ പറയുന്നു.


Comments