ഡിജിറ്റൽ പൗരത്വം, ഡിജിറ്റൽ ജന്മിത്വം

ഓൺലൈൻ ക്ലാസ്സ്മുറികളിൽ എങ്ങനെയുള്ള പൗരന്മാരും പൗരകളുമാണ് ഉണ്ടാകുക? സാങ്കേതികതയാൽ നയിക്കപ്പെടുന്ന ക്ലാസ്സ്മുറികൾ ജാതി-ജന്മിത്വ ഭൂതകാലത്തെ സമകാലീനവിദ്യാഭ്യാസത്തിന്റെ ഇടനാഴികളിലേക്ക് വീണ്ടും ആവാഹിക്കുമോ? ഒരു അന്വേഷണം.

തിവിചിത്രമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നിലവിലെ എല്ലാ അറിവുകളെയും വെല്ലുവിളിച്ച് ഒരു സൂക്ഷ്മാണു, അറിവിന്റെ പരമോന്നതിയിൽ എത്തി എന്ന് സ്വയം വിശ്വസിച്ചിരുന്ന മനുഷ്യന്റെ ഹുങ്കിനെയും ദൈനംദിന ജീവിതത്തെയും പരിഹാസ്യമാക്കിയിരിക്കുന്നു. ഇതോടൊപ്പം, ജ്ഞാനസ്രോതസ്സുകളുടെ ഇടങ്ങൾ എന്ന് നാം കരുതിയിരുന്ന ക്ലാസ്സ്മുറികൾ സമാനതകളില്ലാത്ത വിധം മാറ്റിയെഴുതപ്പെടേണ്ട സാഹചര്യവും.
കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം ജ്ഞാനസംവേദനത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. ക്ലാസ്സ്മുറികളുടെ പരിമിത ഭൗതികസാഹചര്യങ്ങളെ മറികടക്കാനും, ഉള്ളടക്കത്തിലും രീതിശാസ്ത്രങ്ങളിലും പുത്തൻ ചലനാത്മകതകൾ കൈവരിക്കാനും ഇ-ലേണിംഗ് നമ്മുടെ അദ്ധ്യാപനസമ്പ്രദായങ്ങളെ പ്രാപ്തമാക്കി എന്നതിൽ സംശയമില്ല. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിൽ വിസിറ്റിങ് പ്രഫസ്സറായി എത്തിയപ്പോൾ ഞാൻ പഠിപ്പിക്കാൻ തുടങ്ങിയ പാഠ്യപദ്ധതിയോടനുബന്ധിച്ച എല്ലാ പഠനസ്രോതസ്സുകളും, ഇ-പുസ്തകങ്ങളും, സമാനമായ മുൻകാല പാഠ്യപദ്ധതികളും പഠനസാമഗ്രികളും ഒക്കെ ഡിജിറ്റൽ രൂപത്തിൽ സർവകലാശാലാ ലൈബ്രേറിയൻ എനിക്ക് അയച്ചുതരികയുണ്ടായി. എത്ര മനോഹരമായ ആചാരങ്ങളെന്ന് മനസ്സിൽ കുറിച്ചെങ്കിലും ഇതിനെയാണ് നമ്മൾ ടീച്ചിംഗ് കോമൺസ് അഥവാ വിദ്യാഭ്യാസ പൊതുസഞ്ചയം എന്നു വിളിക്കുന്നത്.

മുൻനിര സർവകലാശാലകളും കോളേജുകളും തങ്ങളുടെ ഉയർന്ന മൂല്യമുള്ള അദ്ധ്യാപനസാമഗ്രികൾ സ്വരൂപിച്ചു നിർമ്മിക്കുന്ന പൊതുസഞ്ചയങ്ങളെയാണ് ടീച്ചിംഗ് കോമൺസ് എന്ന് അർത്ഥമാക്കുന്നത്. ലൈബ്രേറിയൻമാരും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇത്തരം സഞ്ചയങ്ങളിലൂടെ പാഠ്യപുസ്തകങ്ങൾ, പഠനസാമഗ്രികൾ, അദ്ധ്യയനപദ്ധതികൾ, മൾട്ടിമീഡിയ റിസോഴ്‌സുകൾ എന്നിവ വിദ്യാർത്ഥിസമൂഹത്തിന് ലഭ്യമാക്കാറുണ്ട്. ഒരുപക്ഷേ ഇത്രത്തോളം എത്തിയിട്ടില്ലെങ്കിലും നമ്മുടെ അദ്ധ്യാപകരിൽ പലരും ഡിജിറ്റൽ ലൈബ്രറികളും ഡിജിറ്റൽ രേഖാലയങ്ങളും ഓൺലൈൻ പ്രഭാഷണങ്ങളും ഫലപ്രദമായി ഉപയോഗിക്കുകയും പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയും ചെയ്യുന്നതായി കാണാം. നമ്മുടെ അദ്ധ്യാപകരിൽ ചിലരെങ്കിലും ഫ്‌ളിപ്പ്ഡ് ക്ലാസ്സ്‌റൂം എന്ന ആശയവും ഉപയോഗിച്ചു കണ്ടിട്ടുണ്ട്. വിദ്യാർത്ഥികൾ ഒന്നിച്ചുചേർന്ന് ഒരു വിഷയത്തെക്കുറിച്ച് ലഭ്യമായ പരമാവധി ഓൺലൈൻ, ഓഫ്‌ലൈൻ സ്രോതസ്സുകളും റെക്കോർഡ് ചെയ്യപ്പെട്ട ലക്ചറുകളും പുസ്തകങ്ങളും ഉപയോഗപ്പെടുത്തി സ്വയം പഠിക്കുകയും, സാമ്പ്രദായിക ക്ലാസ്സ്മുറികളെ അദ്ധ്യാപകരുടെ സഹായത്തോടെ ആഴത്തിലുള്ള ചർച്ചകളുടെയും സംവാദങ്ങളുടെയും ഇടങ്ങളായി മാറ്റിയെടുക്കുകയും ചെയ്യുന്നതിനെയാണ് ഫ്‌ലിപ്പ്ഡ് ക്ലാസ്സ്‌റൂം എന്ന ആശയം കൊണ്ട് അർത്ഥമാക്കുന്നത്.

Photo: education.kerala.gov.in

നാലാം വ്യവസായവിപ്ലവത്തിന്റെ കാലം

ഈ മാറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ പോലും, ആഗോള ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ ഉയർച്ചയുടെ പശ്ചാത്തലത്തിൽ ഇ-ലേണിംഗിനെയും ഓൺലൈൻ ക്ലാസ്സ്മുറികളെയും വേർതിരിച്ചറിയേണ്ടത് ആവശ്യമാണ്. ഇന്റർനെറ്റ്, മൾട്ടിമീഡിയ, ഡിജിറ്റൽ ടൂളുകൾ, ഉപകരണങ്ങൾ, ലേണിംഗ് മാനേജ്‌മെന്റ് സമ്പ്രദായങ്ങൾ എന്നിവയാൽ പഠനത്തിന്റെയും പരിശീലനത്തിന്റെയും വിതരണം പരിപോഷിപ്പിക്കപ്പെടുന്നതിനെയാണ് ഇ-ലേണിംഗ് അഥവാ ഇലക്ട്രോണിക് ലേണിംഗ് കൊണ്ട് അർത്ഥമാക്കുന്നത്. ലേണിംഗ് മാനേജ്‌മെന്റ് സമ്പ്രദായങ്ങൾ അഥവാ പഠനനിർവ്വഹണ സമ്പ്രദായങ്ങൾ രണ്ടു തരത്തിലുണ്ട്--ഇൻസ്റ്റോൾഡ് സൊല്യൂഷനുകളും ക്ലൗഡ് മാനേജ്‌മെന്റ് സമ്പ്രദായങ്ങളും. വിദ്യാഭ്യാസത്തിന്റെ വിതരണത്തിന് പ്രത്യേകമായി ഇൻസ്റ്റോൾ ചെയ്യപ്പെട്ട സോഫ്റ്റ് വെയറുകളോ, ഹാർഡ് വെയറുകളോ ഉപയോഗപ്പെടുത്തുന്നതാണ് ആദ്യത്തെ രീതി. അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരു വെബ് പോർട്ടലിൽ ലോഗിൻ ചെയ്യുന്നതു വഴി അതിന്റെ വിവിധ ഫീച്ചറുകളിലേക്ക് പ്രവേശനം നേടുന്നതാണ് ക്ലൗഡ്-ബേസ്ഡ് രീതി.
എന്നാൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉൽപാദനത്തെയും ഉപഭോഗത്തെയും സ്വാധീനിക്കുന്ന ക്രമങ്ങളെയും രീതികളെയും സൂചിപ്പിക്കാനാണ് ഡിജിറ്റൽ സമ്പദ്വ്യവസ്ഥ അഥവാ ഡിജിറ്റൽ ഇക്കോണമി എന്ന പദം ഉപയോഗിക്കുന്നത്.

നമ്മുടെ ക്ലാസ്സ്മുറികളിൽ പങ്കാളികളാകുന്ന കുട്ടികൾ ഡിജിറ്റൽ സാക്ഷരതയോടൊപ്പം ഡിജിറ്റൽ പൗരത്വവും കൈവരിക്കുക എന്നത് അനിവാര്യമാണ്.

ഡിജിറ്റൽ സമ്പദ്ഘടനയിൽ, മറ്റെന്തുമെന്നപോലെ അറിവും ഡിജിറ്റൽ സാങ്കേതികതയാൽ പ്രഭാവിതമാകുകയും അറിവിന്റെ ഉൽപാദന, വിതരണ, ഉപഭോഗ ബന്ധങ്ങളെ ഡിജിറ്റൽ സാങ്കേതികത ക്രമീകരിച്ചുതുടങ്ങുകയും ചെയ്യുന്നു. ഇന്റർനെറ്റ് ഈ സമ്പദ്ഘടനയുടെ പല മാനങ്ങളിൽ ഒന്നുമാത്രമാണ്. അനലോഗ് സാങ്കേതികവിദ്യയാൽ നിർമ്മിതമായ ചലച്ചിത്രങ്ങൾ ഡിജിറ്റൽ സാങ്കേതികതയാൽ നിർമ്മിക്കപ്പെട്ട ചലച്ചിത്രങ്ങൾക്കു വഴിമാറുന്നത് ഇതിന്റെ മറ്റൊരുദാഹരണമായിക്കാണാം. കഴിഞ്ഞ ദശകങ്ങളിൽ നടന്ന ഒരു ഡിജിറ്റൽ വിപ്ലവത്തിന്റെ സാധ്യതയിലേക്കാണ് ഈ മാറ്റങ്ങളെല്ലാം വിരൽചൂണ്ടുന്നത്. മാനുഷികശക്തിയിൽ നിന്ന് യാന്ത്രികശക്തിയിലേക്കും പിന്നീട് അനലോഗ് സാങ്കേതികതയിലേക്കും ഒടുവിൽ ഡിജിറ്റൽ സാങ്കേതികതയിലേക്കുമുള്ള ഓരോ മാറ്റത്തെയും ഓരോ വ്യവസായവിപ്ലവങ്ങൾക്കു തുല്യമായിക്കാണുന്ന സൈദ്ധാന്തിക വീക്ഷണങ്ങൾക്കനുസരിച്ച് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉയർച്ച നാലാം വ്യവസായവിപ്ലവം എന്നു വരെ വിളിക്കപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടെ ഒന്നാം വ്യവസായവിപ്ലവവും പത്തൊമ്പതാം നൂറ്റാണ്ടിൽ വിദ്യുച്ഛക്തിയുടെ കണ്ടെത്തലോടെ രണ്ടാം വ്യവസായവിപ്ലവവും ഇരുപതാം നൂറ്റാണ്ടിൽ പേഴ്‌സണൽ കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും ആവിർഭാവത്തോടെ മൂന്നാം വ്യവസായവിപ്ലവവും ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കെത്തുമ്പോൾ മനുഷ്യബുദ്ധിക്കു പകരംനിൽക്കാൻ പോന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും റോബോട്ടിക്‌സിന്റെയും സ്‌ഫോടനാത്മകതയിലൂടെ പുത്തൻ ഡിജിറ്റൽ വിപ്ലവും സാധ്യമായിരിക്കുന്നു.

ഡിജിറ്റൽ ലോകത്തിനുപുറത്തെ കുട്ടികൾ

നിഷേധിക്കാനാവാത്ത തരത്തിൽ ഡിജിറ്റൽ സമ്പദ്ഘടന ദൈനംദിനജീവിതത്തിന്റെറ ഭാഗമായിക്കഴിയുമ്പോഴും ഈയൊരു സമ്പദ്ഘടനയിൽ പങ്കാളികളാകുന്നതിനും അതിന്റെ ക്രയവിക്രയങ്ങളിൽ ഏർപ്പെടുന്നതിനും ഡിജിറ്റൽ സാക്ഷരതയോളം തന്നെ പ്രാധാന്യം ഡിജിറ്റൽ പൗരത്വത്തിനുമുണ്ട്. പൗരത്വം എന്ന വാക്ക് സൂചിപ്പിക്കുന്നത് ഒരു രാഷ്ട്രീയസമൂഹത്തിലെ സക്രിയ പങ്കാളിത്തത്തെയാണ്. ഡിജിറ്റൽ സമ്പദ്ഘടന ഒരു സാമ്പത്തികസമൂഹത്തെ ക്രമീകരിക്കുന്ന യുക്തി മാത്രമല്ല, മറിച്ച് അതിന്റെ രാഷ്ട്രീയ-സാമൂഹിക ഇടപെടലുകളെ നിർവ്വചിക്കുന്ന ഒന്നാണ് എന്ന മനസ്സിലാക്കൽ പരമപ്രധാനമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ക്ലാസ്സ്മുറികളിൽ പങ്കാളികളാകുന്ന കുട്ടികൾ ഡിജിറ്റൽ സാക്ഷരതയോടൊപ്പം ഡിജിറ്റൽ പൗരത്വവും കൈവരിക്കുക എന്നത് അനിവാര്യമാണ്.

ഇന്ത്യ പോലൊരു രാഷ്ട്രത്തിൽ നമ്മൾ ഇപ്പോൾ വിഭാവനം ചെയ്യുന്ന ഓൺലൈൻ ക്ലാസ്സ്മുറികളിൽ ഇത്തരം പൗരന്മാരും പൗരകളുമാണോ ഉണ്ടാകുക? നമ്മുടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ഈയൊരു മാറ്റത്തിനാവശ്യമായ സാങ്കേതികജ്ഞാനമോ അതിന്റെ അസമത്വങ്ങളെ മറികടക്കാനുള്ള സാമൂഹിക-സാമ്പത്തിക മൂലധനമോ ഇല്ല. നമ്മുടെ വിദ്യാർത്ഥികളിൽ മുപ്പതുശതമാനത്തോളം പേർക്കേ പുതിയ സാങ്കേതികത പ്രാപ്യമാകൂ എന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. സാങ്കേതികതയാൽ നയിക്കപ്പെടുന്ന ക്ലാസ്സ്മുറികൾ, നമുക്കിടയിലെ സാമൂഹിക-സാമ്പത്തിക അകലത്തെ വർദ്ധിപ്പിക്കുകയും, അതുവഴി, പൂർണമായും കുഴിച്ചുമൂടാനാവാത്ത നമ്മുടെ ജാതി-ജന്മിത്വ ഭൂതകാലത്തെ സമകാലീനവിദ്യാഭ്യാസത്തിന്റെ ഇടനാഴികളിലേക്ക് വീണ്ടും ആവാഹിക്കുകയുമാണോ ചെയ്യുക?

ലോകത്തിലേറ്റവും കൂടുതൽ പെൺഭ്രൂണഹത്യകൾ നടക്കുന്ന സമൂഹങ്ങളിലൊന്നായ ഇന്ത്യയിൽ പെൺകുഞ്ഞുങ്ങൾക്ക് കമ്പ്യൂട്ടറുകൾ ലഭിക്കുമോ എന്നതിനെപ്പറ്റി അത്ര ഉറപ്പോടെ നമുക്കു വാദിക്കാനാവില്ല.

ഉദാഹരണത്തിന്, അട്ടപ്പാടിയിലെയോ മാനന്തവാടിയിലെയോ ഒരു ഒറ്റപ്പെട്ട ആദിവാസി ഊരിലെ വിദ്യാർത്ഥിനിക്ക് ഈ പ്രതിബന്ധങ്ങളെ മറികടക്കാനാകുമോ? വർഗ്ഗ, ജാതി, മത, ലിംഗ, ദേശ, ഗ്രാമീണ-നാഗരിക വ്യത്യാസങ്ങളാൽ വർദ്ധിപ്പിക്കപ്പെടുന്ന ഡിജിറ്റൽ പിളർപ്പ്, പൊതുവിദ്യാഭ്യാസത്തിൽ ഇപ്പോഴും നിലനില്ക്കുന്ന സാമൂഹികദൂരങ്ങളെ താണ്ടാനാകാത്ത അഗാധഗർത്തങ്ങളാക്കി മാറ്റില്ലേ? ഇനി ഒരു സാധാരണ, സാമ്പ്രദായികകുടുംബത്തിലാകട്ടെ, സ്വകാര്യകമ്പ്യൂട്ടറുണ്ടെങ്കിൽപ്പോലും ആ വീട്ടിലെ പെൺകുട്ടിക്ക് അവൾക്കുവേണ്ട സമയത്ത് അതു പ്രാപ്യമാകുമോ? ലോകത്തിലേറ്റവും കൂടുതൽ പെൺഭ്രൂണഹത്യകൾ നടക്കുന്ന സമൂഹങ്ങളിലൊന്നായ ഇന്ത്യയിൽ പെൺകുഞ്ഞുങ്ങൾക്ക് കമ്പ്യൂട്ടറുകൾ ലഭിക്കുമോ എന്നതിനെപ്പറ്റി അത്ര ഉറപ്പോടെ നമുക്കു വാദിക്കാനാവില്ല.

സർവൈലൻസിനു വിധേയമാകുന്ന വിയോജിപ്പ്

ഓൺലൈൻ വിദ്യാഭ്യാസത്തിലേക്കു ചുവടുമാറുന്നതിന്റെ മറ്റൊരു വിരോധാഭാസം, അദ്ധ്യാപകൻ/അദ്ധ്യാപിക എന്ന സങ്കൽപ്പം തന്നെ ഒഴിച്ചുകൂടാവുന്ന ഒന്നായി മാറുമെന്നതാണ്. ഓൺലൈൻ ക്ലാസ്സ്മുറികളിലേക്ക് ആവശ്യമായ പാഠ്യഭാഗങ്ങൾ ഒരിക്കൽ റെക്കോഡ് ചെയ്തു കഴിഞ്ഞാൽ, അദ്ധ്യാപകരില്ലെങ്കിലും പിന്നെ വർഷംതോറും ഈ കോഴ്‌സുകൾ നടത്താനാകും. ഇന്ന് കൂണുപോലെ മുളയ്ക്കുന്ന സ്വകാര്യസർവകലാശാലകളിൽ പിന്നെ കൂലിത്തൊഴിൽ മാത്രമാകും അദ്ധ്യാപനം. അതതു വിഷയങ്ങളിലെ വിദഗ്ധരെ വെച്ച് റെക്കോഡ് ചെയ്ത വ്യത്യസ്ത പാഠ്യഭാഗങ്ങൾ കോർത്തിണക്കിയാൽ ഒരു കോഴ്‌സ് അനായാസം നടത്താം. തുച്ഛമായ പ്രതിഫലം നൽകി ഈ പാഠ്യഭാഗങ്ങളുടെ പകർപ്പവകാശം സ്ഥാപനങ്ങൾ സ്വന്തമാക്കിയാൽ കാലക്രമേണ ഇത്തരം വിദ്യാഭ്യാസക്കച്ചവടത്തിൽ ഒഴിച്ചുകൂടാവുന്ന ഒരു ചരക്കായി അദ്ധ്യാപനം മാറും.

അട്ടപ്പാടിയിലെയോ മാനന്തവാടിയിലെയോ ഒരു ഒറ്റപ്പെട്ട ആദിവാസി ഊരിലെ വിദ്യാർത്ഥിനിക്ക് ഈ പ്രതിബന്ധങ്ങളെ മറികടക്കാനാകുമോ?

ഇതിലുമൊക്കെ പ്രധാനമായ വസ്തുത, ഓൺലൈൻ വിദ്യാഭ്യാസം വിമർശനാത്മക ചിന്തയെ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നതാണ്. സാമ്പ്രദായിക ക്ലാസ്സ്മുറികളിൽ വിമർശനാത്മകമായി ചിന്തിക്കാമെങ്കിൽ ഓൺലൈൻ ക്ലാസ്സ്മുറികളിൽ ഇതെന്തുകൊണ്ടു സാധ്യമാവില്ല എന്നാണ് ഈ വീക്ഷണത്തിന്റെ വിമർശകർ ചോദിക്കുന്നത്. അതിനുള്ള മറുപടി ഒരു മറുചോദ്യമാണ്. എങ്ങനെയാണ് ഓൺലൈൻ ക്ലാസ്സ്മുറികളിൽ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അവർ ഭാഗമാകുന്ന ചർച്ചകളുടെയും സ്വകാര്യത ഉറപ്പുവരുത്തുക? നമ്മൾ ഇന്നു ജീവിക്കുന്നത് ഒരു ഡിജിറ്റൽ സമ്പദ്ഘടനയിൽ മാത്രമല്ല സർവലൻസ് മുതലാളിത്തത്തിന്റെ കാലത്തുകൂടെയാണെന്ന് ഓർമിക്കുന്നത് നന്നായിരിക്കും. ഒരു ആദർശ ക്ലാസ്സ്മുറിയെന്നാൽ വിമർശനാത്മകചിന്തയുടെയും യുക്തിപരമായ ചർച്ചകളുടെയും വിഷമകരമായ സംവാദങ്ങളുടെയും സുരക്ഷിത ഇടമാണ്. മറ്റെങ്ങും പറയാനോ ഉയർത്താനോ പറ്റാത്ത ചോദ്യങ്ങളെയും തത്വങ്ങളെയും തലനാരിഴകീറി വിശകലനം ചെയ്യാനും തമ്മിൽ കലഹിക്കുന്ന ആശയങ്ങളെ മുഖാമുഖം നിർത്തി വിരോധബുദ്ധിയില്ലാതെ വാദപ്രതിവാദങ്ങളിൽ ഏർപ്പെടാനും അനുവദിക്കുന്ന ഒരിടം. ഇത്തരം ഇടങ്ങൾ നിരന്തരം നിരീക്ഷണത്തിനു വിധേയമായാൽ സംഭവിക്കാവുന്ന വിപത്ത് ഊഹിക്കാവുന്നതേയുള്ളൂ.

The Death of Socrates / Artist: Jacques-Louis David

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ, വിശ്വവിഖ്യാതനായ തത്വചിന്തകനും അദ്ധ്യാപകനുമായ സോക്രട്ടീസിന് 399 ബി.സിയിൽ എന്തു സംഭവിച്ചുവെന്നു കാണാൻ കഴിയും. രണ്ടു കുറ്റങ്ങളാണ് അദ്ദേഹത്തിനുമേൽ ചുമത്തപ്പെട്ടത്. പുത്തൻ ആശയങ്ങളിലൂടെ ഏതൻസ് എന്ന നഗരത്തിന്റെ ദൈവങ്ങളെ നിഷേധിച്ചുവെന്നതും അവർക്കുവേണ്ട ആദരവ് നല്കിയില്ലെന്നതുമായിരുന്നു ഇതിലൊന്ന്. രണ്ടാമത്തെ കുറ്റം അദ്ദേഹം ഏതൻസിലെ യുവാക്കളോട് രാഷ്ട്രീയ- തത്വചിന്താത്മക ചോദ്യങ്ങൾ ചോദിക്കുകയും അങ്ങനെ വഴിതെറ്റിക്കുകയും ചെയ്തു എന്നതും. വധശിക്ഷക്കു വിധിക്കപ്പെട്ട ആ അദ്ധ്യാപകൻ ഹെംലോക്കെന്ന കൊടിയവിഷം കഴിച്ച് മരണം വരിച്ചുവെന്നത് ചരിത്രത്തിന്റെ ഏടുകളിൽ മായാതെ നില്ക്കുന്ന ഒന്നാണ്. ലോകമെമ്പാടും നിരീക്ഷണരാഷ്ട്രങ്ങൾ ഉയർന്നുവരുന്ന സമകാലീന സാഹചര്യത്തിൽ, 2400 വർഷം മുമ്പു നടന്ന ഈ സംഭവം ഇന്നും പ്രസക്തമാണ്.
ഭൂരിപക്ഷപ്രീണന രാഷ്ട്രീയം പൊതുസർവകലാശാലകളുടെ പ്രവർത്തനത്തെ അട്ടിമറിക്കുന്ന തരത്തിൽ വളർന്നുവരുന്നതിന്റെ ഉദാഹരണങ്ങൾ കോവിഡ് കാലത്തിനു മുമ്പുള്ള മാസങ്ങളിൽത്തന്നെ നാം കണ്ടിരുന്നു. ഇതിനുപുറമെ മദ്ധ്യ-ഉപരിവർഗ്ഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ നികുതിദായകരിൽ പലരും വിദ്യാഭ്യാസമേഖലയെ 'ശുദ്ധീകരിക്കുന്ന'തിന്റെയും പൊതുസർവകലാശാലകളെ പൂർണ്ണമായും ദേശീയതാത്പര്യങ്ങൾക്കും അജണ്ടകൾക്കും കീഴിൽ കൊണ്ടുവരുന്നതിന്റെയും ആവശ്യകതയെപ്പറ്റി വാചാലരാകുന്നതും നാം കണ്ടു. സ്വതന്ത്രചിന്തയുടെയും യുക്തിപരമായ വിമർശനാത്മകതയുടെയും ഭാവിയെ സംബന്ധിച്ച് ഒട്ടും ശുഭസൂചകമല്ല ഇത്തരം പ്രവണതകൾ. എന്നുമാത്രമല്ല, സ്വതന്ത്രഗവേഷണത്തിന്റെ മരണമണി മുഴക്കുന്നതിനും ഇവ വഴിവെയ്ക്കും. അദ്ധ്യയനത്തെയും വിദ്യാഭ്യാസത്തെയും സാമൂഹ്യനീതിയിലും ജനാധിപത്യമൂല്യങ്ങളിലും അടിയുറച്ച സക്രിയ ഇടപെടലുകളാക്കി മാറ്റുന്നത് സർഗ്ഗാത്മകതയിലും വിമർശനാത്മകതയിലും ഒരുപോലെ നിലകൊള്ളുന്ന പ്രബോധനരീതികളാണ്. ഒരു തരത്തിലുള്ള അറിവിനും നിഷ്പക്ഷമോ അരാഷ്ട്രീയമോ ആയിരിക്കാൻ സാധ്യമല്ലാത്ത ഇന്നത്തെ ലോകത്തിൽ, ഓൺലൈൻ ക്ലാസ്സ്മുറികൾ വിളിച്ചുവരുത്തുന്ന നിരീക്ഷണഘടനകൾ മൂലം ഇല്ലാതാകുക സാമ്പ്രദായിക ക്ലാസ്സ്മുറികളിലെ സർഗ്ഗാത്മകതയുടെയും വിമർശനാത്മകതയുടെയും ഈ സന്തുലിതാവസ്ഥയാണ്.

Photo: Wikimedia Commons

വേണം, സഹാനുഭൂതിയും ജാഗ്രതയും

വിദ്യാഭ്യാസമേഖല അനുദിനം സ്വകാര്യവത്കരിക്കപ്പെടുകയും, നവലിബറൽ കമ്പോളം വിദ്യാർത്ഥികളെ ഉപഭോക്താക്കളായി മാത്രം വിഭാവനം ചെയ്തു തുടങ്ങുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഭൂരിപക്ഷപ്രീണനത്തിലും കോർപ്പറേറ്റ് അജണ്ടകളിലും അധിഷ്ഠിതമായ ഇത്തരം വിദ്യാഭ്യാസവീക്ഷണങ്ങൾ സഹായിക്കുന്നത് സ്വകാര്യമേഖലയെ മാത്രമാണ്. കമ്പോളമാതൃകയിൽ അധിഷ്ഠിതമായ ഒരു വിദ്യാഭ്യാസത്തെ അതിന്റെ ഏറ്റവും കപടമായ/ആപൽകരമായ രൂപത്തിൽ ക്ഷണിച്ചുവരുത്തുന്നതിന് ഈ പ്രവണതകൾ കാരണമാകും. സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ട വിദ്യാർത്ഥികളെ മറന്നുകളയുന്നതിനും, കമ്പോളത്താലും സാങ്കേതികതയാലും മാത്രം നയിക്കപ്പെടുന്ന ഇടങ്ങളായി ക്ലാസ്സ്മുറികളെ മറച്ചുകെട്ടുന്നതിനും, അതുവഴി വിദ്യാഭ്യാസത്തിന്റെ തന്നെ പൗരസമത്വത്തിലൂന്നിയ മൂല്യങ്ങളെയും നൈസർഗ്ഗികതയെയും ഇല്ലാതാക്കുന്നതിനും കോവിഡ് ഒരു ഒഴിവുകഴിവായി മാറരുതെന്ന് ഊന്നിപ്പറയേണ്ടിവരുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. അസാധാരണ സാഹചര്യങ്ങളിൽ (states of exception) പൊതുനന്മയ്‌ക്കെന്ന വ്യാജേന തുടങ്ങിവെക്കുന്ന മാറ്റങ്ങൾ പലപ്പോഴും പിന്നീട് ചട്ടങ്ങളായി മാറുന്ന പ്രവണത നാം മുന്നിൽ കാണേണ്ടതുണ്ട്.

ഒരു തരത്തിലുള്ള അറിവിനും നിഷ്പക്ഷമോ അരാഷ്ട്രീയമോ ആയിരിക്കാൻ സാധ്യമല്ലാത്ത ഇന്നത്തെ ലോകത്തിൽ, ഓൺലൈൻ ക്ലാസ്സ്മുറികൾ വിളിച്ചുവരുത്തുന്ന നിരീക്ഷണഘടനകൾ മൂലം ഇല്ലാതാകുക സാമ്പ്രദായിക ക്ലാസ്സ്മുറികളിലെ സർഗ്ഗാത്മകതയുടെയും വിമർശനാത്മകതയുടെയും ഈ സന്തുലിതാവസ്ഥയാണ്.

അതിനാൽ വ്യക്തമായ ജാഗ്രതയോടെയും സഹാനുഭൂതിയോടെയും വേണം നാം മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഓൺലൈൻ രൂപങ്ങളിലേക്ക് കടക്കേണ്ടത്. എല്ലാവരെയും ഒരുപോലെ ഉൾച്ചേർക്കുന്ന ഒരു സാമൂഹിക സമത്വദർശനത്തെ വെല്ലുവിളിക്കുന്ന സാങ്കേതിക, സാമ്പത്തിക, സാംസ്‌കാരികവിടവുകളെയും തടസ്സങ്ങളെയും മനസ്സിലാക്കുന്നവരാകണം നമ്മൾ. മുന്നിലുള്ള ഈ പ്രതിസന്ധിഘട്ടത്തെ നാം തരണം ചെയ്യുന്നതു വരെ പല ബദൽമാർഗ്ഗങ്ങളും നമ്മൾക്കു മുന്നിലുണ്ട്. നിശിതമായ ഗ്രേഡിംഗിനു പകരം പരീക്ഷയിൽ പാസ്-നോ പാസ് സമ്പ്രദായം ആവിഷ്‌കരിക്കുക, വായനാസാമഗ്രികളുടെ സൗജന്യലഭ്യത ഉറപ്പാക്കുക, പരീക്ഷാനടത്തിപ്പിൽ നിന്നും സാങ്കേതികതയെ ഒഴിവാക്കുന്ന ഓപ്പൺ ബുക്ക് രീതി സ്വീകരിക്കുക എന്നിവ ഇവയിൽ ചിലതാണ്. നമ്മുടെ കാലഹരണപ്പെട്ട പരീക്ഷാസമ്പ്രദായങ്ങൾ തച്ചുടക്കേണ്ട ഒരു കാലം കൂടിയാണിത്. കേവലം ഓർമശക്തിയുടെ പരീക്ഷണം മാത്രമായി മാറുന്ന പരീക്ഷകൾക്കു പകരം വിദ്യാർത്ഥികളുടെ മുന്നിലുള്ള എല്ലാ പാഠങ്ങളോടും സംവദിച്ചുകൊണ്ടും സ്വന്തം ആശയങ്ങൾ കോർത്തിണക്കിയും അവർ ഉത്തരമെഴുതുന്ന രീതിക്കാണ് നമ്മൾ മുൻതൂക്കം കൊടുക്കേണ്ടത്.
ഒരു പൊതു ആരോഗ്യപരിപാലനമേഖലയുടെ വിജയമെന്നത് ഏറ്റവും ബലഹീനരെയും ദരിദ്രരെയും അരികുവത്കരിക്കപ്പെട്ടവരെയും സംരക്ഷിക്കാനാവുന്നു എന്നുള്ളതാണ്. പൊതുവിദ്യാഭ്യാസം നിർവ്വഹിക്കേണ്ട കർത്തവ്യവും ഇതുതന്നെയാണ്. സാമൂഹികമായി പിന്നോട്ടുനിൽക്കുന്നവരും സാമ്പത്തികമായി വെല്ലുവിളിക്കപ്പെട്ടവരും ഭിന്നശേഷിക്കാരുമായ വിദ്യാർത്ഥികളായിരിക്കണം ഏതൊരു പരിവർത്തനാദർശത്തിന്റെയും മുന്നിൽ സ്ഥാനം പിടിക്കേണ്ടത്. പൊതുവിദ്യാഭ്യാസത്തിന്റെ ഏറ്റവുമുയർന്ന തലങ്ങളിൽ വരെ അവരുടെ തുല്യപങ്കാളിത്തവും പ്രവേശനവും ഉറപ്പാക്കിയാൽ മാത്രമേ, സമത്വപൂർണ്ണവും ജനാധിപത്യപരവുമായ ദർശനങ്ങളോടു ചേർന്നുനില്ക്കുവാൻ ഓൺലൈൻ വിദ്യാഭ്യാസരീതികൾക്കു കഴിയൂ. ജീവിതത്തിലും തൊഴിലിലും പൗരകർത്തവ്യങ്ങളിലും കൂടുതൽ സഹാനുഭൂതിയോടെയും ധാർമ്മികബോധത്തോടെയും ജനാധിപത്യമൂല്യങ്ങളോടെയും ഇടപെടുന്ന ഒരു ജനതയെ വാർത്തെടുക്കാൻ കെല്പുള്ള പൊതുവിദ്യാഭ്യാസ-ആരോഗ്യസ്ഥാപനങ്ങളിലാകട്ടെ കോവിഡ്-അനന്തരകാലത്ത് നമ്മുടെ മുതൽമുടക്കുകൾ.


ഡോ. മീന ടി. പിള്ള
പ്രഫസ്സർ, യൂണിവേഴ്‌സിറ്റി ഓഫ് കേരള
ഫുൾബ്രൈറ്റ് വിസിറ്റിംഗ് പ്രൊഫസ്സർ
യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ജലസ്

Comments