വടകരയിലെ കോ ലീ ബി സഖ്യവും
നഷ്ടമായ ഇടതു തുടർഭരണവും
ഒരു ചുവരെഴുത്തുകാരന്റെ ഓർമ
വടകരയിലെ കോ ലീ ബി സഖ്യവും നഷ്ടമായ ഇടതു തുടർഭരണവും; ഒരു ചുവരെഴുത്തുകാരന്റെ ഓർമ
പകലത്തെ റബ്ബര്‍ ടാപ്പിങ് കഴിഞ്ഞ് രാത്രിയാണ് ബോര്‍ഡെഴുത്തും മറ്റും നടക്കാറ്. പക്ഷേ ആ ഇലക്ഷന്‍ കാലത്ത് രാപ്പകലില്ലാതെ എനിക്ക് അധ്വാനിക്കേണ്ടിവന്നു. പതിവില്ലാത്ത പല സൗകര്യങ്ങളും അന്ന് എഴുത്തുപണിക്ക് കിട്ടി. വെള്ള കുമ്മായം അടിച്ച് അതിന്‍മേല്‍ ചുവപ്പും നീലയും സ്റ്റയിനര്‍ കൊണ്ട് ചുമരെഴുതിയ സ്ഥാനത്ത്, വെള്ള ഡിസ്റ്റംബറടിച്ച് അതിന്‍മേല്‍ ചുവന്ന ഫ്‌ലൂറസന്റ് കൊണ്ടാണ് മതിലെഴുതിയത്
29 Oct 2022, 10:33 AM
കോ. ലീ. ബി സഖ്യമെന്ന് കേരള രാഷ്ട്രീയത്തില്‍ അടയാളപ്പെട്ട ആ കുപ്രസിദ്ധ സഖ്യമുണ്ടായത് ഞാനവിടെ ചുമരുകള്‍ എഴുതുന്ന കാലത്താണ്. കെ. പി. ഉണ്ണികൃഷ്ണനായിരുന്നു ഇടതുപക്ഷ സ്ഥാനാര്‍ഥി. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസും ലീഗും ബി.ജെ.പിയും ഒന്നിച്ചുനിര്‍ത്തിയ സ്ഥാനാര്‍ഥിയായിരുന്നു അഡ്വ. രത്നസിങ്. ഇലക്ഷന്‍ പ്രചാരണം തുടങ്ങുന്നതിനുമുമ്പുതന്നെ സഖാക്കള്‍ സകല സന്നാഹങ്ങളും ഒരുക്കിയിരുന്നു. അത്തരമൊരു സഖ്യത്തെ തോല്‍പ്പിക്കേണ്ടത് വടകര മണ്ഡലത്തിന്റെ മാത്രം ആവശ്യമായിരുന്നില്ല, കേരളത്തിന്റെ മൊത്തം ആവശ്യമായിരുന്നു. ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും ടി.കെ. ഹംസക്കെതിരെ, കെ. മാധവന്‍കുട്ടിയെ ഇതേ സഖ്യം സ്ഥാനാര്‍ത്ഥിയായി ആ തെരഞ്ഞെടുപ്പില്‍ നിര്‍ത്തിയിരുന്നു.
പകലത്തെ റബ്ബര്‍ ടാപ്പിങ് കഴിഞ്ഞ് രാത്രിയാണ് ബോര്‍ഡെഴുത്തും മറ്റും നടക്കാറ്. പക്ഷേ ആ ഇലക്ഷന്‍ കാലത്ത് രാപ്പകലില്ലാതെ എനിക്ക് അധ്വാനിക്കേണ്ടിവന്നു. പതിവില്ലാത്ത പല സൗകര്യങ്ങളും അന്ന് എഴുത്തുപണിക്ക് കിട്ടി. വെള്ള കുമ്മായം അടിച്ച് അതിന്‍മേല്‍ ചുവപ്പും നീലയും സ്റ്റയിനര്‍ കൊണ്ട് ചുമരെഴുതിയ സ്ഥാനത്ത്, വെള്ള ഡിസ്റ്റംബറടിച്ച് അതിന്‍മേല്‍ ചുവന്ന ഫ്‌ലൂറസന്റ് കൊണ്ടാണ് മതിലെഴുതിയത്.
വില കുറഞ്ഞതും കട്ടിയില്ലാത്തതുമായ തുണികള്‍ക്കുപകരം കട്ടിയുള്ളതും വിലകൂടിയതുമായ തുണികള്‍ കൊണ്ടാണ് ബോര്‍ഡുകളും ബാനറുകളും തയ്യാറാക്കിയത്. ചുവപ്പിന്റെ വകഭേദങ്ങളും നീലയും പച്ചയുമായ വര്‍ണങ്ങളുമൊക്കെ എനിക്ക് സുലഭമായി കിട്ടി. ഇതിന്റെയൊക്കെ പണം ടാപ്പിംഗ് തൊഴിലാളികളും കൂലിപ്പണിക്കാരും ചുമട്ടുതൊഴിലാളികളും ടാക്സി തൊഴിലാളികളും തന്നെയാണ് മുടക്കിയത്.

തീര്‍ന്നുപോവുന്ന ചായങ്ങള്‍ അവരാണ് എനിക്ക് കൊണ്ടുതന്നത്. വിശക്കുമ്പോള്‍ അവരാണ് ഭക്ഷണം തന്നത്. ഇന്നത്തെ സൗകര്യങ്ങളൊന്നുമില്ലാത്ത അക്കാലത്ത് ഒരു തുണിബോര്‍ഡ് തയ്യാറാക്കി അതില്‍ എഴുതി വര്‍ണമണിയിച്ച് ഒരുക്കുക എന്നത് എന്റെ രണ്ടു ദിവസത്തെ അധ്വാനമാണ്. അത് കവലയില്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ പിറ്റേദിവസം മറുപക്ഷം (കോ.ലീ.ബി. ) ബ്ലെയിഡ് വെക്കും. എന്റെ അധ്വാനത്തിന് പ്രതിഫലം വേണ്ടെങ്കിലും ബോര്‍ഡിലെ തുണിയും ചായങ്ങളും ആ ബ്ലേഡ് വെപ്പു കൊണ്ട് പാഴായിപ്പോവും. ഇത്തരത്തില്‍ രണ്ടു മൂന്നു ബോര്‍ഡുകളും ബാനറുകളും നശിപ്പിക്കപ്പെട്ടപ്പോള്‍ സഖാക്കള്‍ രാത്രി ഉറക്കമിളച്ച് പ്രചാരണ ബോര്‍ഡുകള്‍ക്ക് കവലയില്‍ കാവലിരിക്കാന്‍ തുടങ്ങി. അവര്‍ക്ക് മുന്‍തൂക്കമുള്ള മേഖല ആയിരുന്നിട്ടും മറുവശത്ത് മൂന്ന് പാര്‍ട്ടികള്‍ ഒന്നിച്ചു നിന്ന് നിരന്തരം പല ആക്രമണങ്ങളും കാട്ടി.

രാത്രികളില്‍ പെട്രോള്‍ മാക്സിന്റെ വെളിച്ചത്തില്‍ ചുമരെഴുതുമ്പോള്‍ കല്ലുകള്‍ പറന്നുവരും. തുടക്കത്തില്‍ എനിക്ക് സഹായിയായി ഒരു സഖാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറ് വരാന്‍ തുടങ്ങിയപ്പോള്‍ പകലിലെ അധ്വാന ക്ഷീണം മാറ്റാനായി, ഒന്ന് തല ചായ്ക്കുക പോലും ചെയ്യാതെ എട്ടും പത്തും സഖാക്കള്‍ ഉറക്കമിളച്ച് എനിക്ക് കാവല്‍ നിന്നു. എന്നിട്ടും ഏറ് വന്നു. കവലയില്‍ റോഡ് പണിക്കിറക്കിയിട്ട ഒന്നാന്തരം കരിങ്കല്ലിന്റെ ബോളര്‍ കൊണ്ടാണ് എറിയുന്നത്. ഏറ് നടുമ്പുറത്തും കാലിലും വന്നു കൊള്ളും. കയ്യില്‍ നിന്ന് ഫ്‌ലൂറസന്റ് പാത്രം തെറിച്ച് ചുമരില്‍ ചായം പടര്‍ന്ന് അക്ഷരങ്ങള്‍ വികൃതമാവും. നടുമ്പുറത്ത് ചോര പൊടിയും. സഖാക്കള്‍ ഏറു വന്ന ദിക്കിലേക്ക് ഓടും, എറിഞ്ഞവര്‍ അപ്പഴേക്കും സ്ഥലം വിട്ടിരിക്കും. പിന്നീട് എന്റെ തൊട്ടടുത്ത് കാവല്‍ നില്‍ക്കാതെ, സഖാക്കള്‍ നാല് ദിക്കിലുമായി മാറി നിന്നു. എറിയാന്‍ കല്ലുകള്‍ തോര്‍ത്തില്‍ പൊതിഞ്ഞു കൊണ്ടു വന്നവരെ പിടികൂടി. അക്കൂട്ടത്തില്‍ കോണ്‍ഗ്രസുകാരനും ലീഗുകാരനും ബി.ജെ.പിക്കാരും ഉണ്ടായിരുന്നു. മൂന്നു കൂട്ടരും ഒരുമിച്ചും, ചിലപ്പോള്‍ ഓരോ കൂട്ടര്‍ ഓരോ ദിവസത്തെ ഊഴമിട്ടുമാണ് അക്രമം നടത്തിയത്.
എനിക്കുമാത്രമല്ല ഏറ് കിട്ടിയത്, ഞാന്‍ എഴുതിയ ബോര്‍ഡുകളില്‍ മാത്രമല്ല ബ്ലെയിഡ് വെക്കപ്പെട്ടത്, വടകര ലോക്സഭാ മണ്ഡലത്തിലെ ഓരോ കവലയിലും ബോര്‍ഡുകളും ബാനറുകളും നശിപ്പിക്കപ്പെട്ടു. പാര്‍ട്ടി ഓഫീസുകളിലിരുന്ന് ബോര്‍ഡുകള്‍ എഴുതിയ എത്രയോ സഖാക്കളും അനുഭാവികളും ആക്രമിക്കപ്പെട്ടു.
ആകെ പുകഞ്ഞുകത്തിയ ആ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് കെ. പി. ഉണ്ണികൃഷ്ണന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. അതൊരു വെറും തിരഞ്ഞെടുപ്പ് വിജയമല്ല. ഇന്നത്തെയത്ര മലീമസമാവാത്ത രാഷ്ട്രീയത്തില്‍, ഇടതുപക്ഷം പൊരുതിത്തന്നെ നേടിയ രാഷ്ട്രീയവിജയമായിരുന്നു അത്. ലീഗിനും ബി.ജെ.പിക്കും ഒപ്പം കൂടി കോണ്‍ഗ്രസുകാര്‍ എറിയാന്‍ എടുത്ത കല്ലും, എറിഞ്ഞ കല്ലും അവരുടെ മുഖത്തേക്കുതന്നെ ജനം തിരിച്ചെറിഞ്ഞു.
ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍, കെ. മാധവന്‍കുട്ടിയും പരാജയപ്പെട്ടു. ആ വിജയം സഖാക്കളും ഇടതുപക്ഷവും ആഘോഷിച്ചു. തുടര്‍ഭരണം കിട്ടുമെന്ന് ഏതാണ്ടുറപ്പിച്ച ഇലക്ഷനായിരുന്നു അത്. രാജീവ് ഗാന്ധിയുടെ വധം തീര്‍ത്ത സഹതാപ തരംഗമില്ലായിരുന്നെങ്കില്‍ അന്നേ ഇടതുപക്ഷം തുടര്‍ഭരണം നേടുമായിരുന്നു. ഇടതുപക്ഷത്തിന് തുടര്‍ഭരണം കിട്ടിയതുകൊണ്ട് കേരളം അപ്പടി സ്വര്‍ഗമായി മാറും എന്ന മിഥ്യാധാരണയൊന്നും ഈയുള്ളവനില്ല. ഒരുപാട് മനുഷ്യര്‍ വിയര്‍ത്തും ഉറക്കമിളച്ചും അടികൊണ്ടും തല്ലു കൂടിയും ഏറുകൊണ്ടും തിരിച്ചെറിഞ്ഞും നേടിയ വിജയമായിരുന്നു കെ.പി. ഉണ്ണികൃഷ്ണന്‍ എന്ന ആ മനുഷ്യന്റെത്. പിന്നീട് ആ മനുഷ്യന്‍ കോണ്‍ഗ്രസിലേക്കുതന്നെ മടങ്ങിപ്പോയി. അങ്ങനെ മടങ്ങുമ്പോള്‍ അയാള്‍ ഓര്‍ത്തിട്ടുണ്ടാവില്ല, അയാളെ ജയിപ്പിച്ചെടുക്കാന്‍ വടകര മണ്ഡലത്തില്‍ രക്തം വിയര്‍പ്പാക്കിയ മനുഷ്യരെ, റബ്ബര്‍ വെട്ടി കിട്ടുന്ന കുറഞ്ഞ വേതനത്തില്‍നിന്ന് അയാള്‍ ജയിക്കാന്‍ വേണ്ടി ഒരുപാട് ചെലവിട്ട മനുഷ്യരെ, കരിങ്കല്ല് ചുമന്നും ലോഡിറക്കിയും തളര്‍ന്ന മനുഷ്യര്‍ ആ പ്രതിഫലത്തില്‍ നിന്ന് വാങ്ങിയ ചുവന്ന നിറമുള്ള ഫ്‌ലൂറസെന്റിനെ ഈയുള്ളവന്‍ ഓര്‍ക്കുന്നുണ്ട്, ആ കറുപ്പും ചുവപ്പും തുണികളെ ഓര്‍ക്കുന്നുണ്ട്.
എനിക്കായി സുരക്ഷ തീര്‍ത്ത് ചുറ്റും നിന്ന സഖാക്കളെ, അവരുടെ അര്‍പ്പണബോധത്തെ, തങ്ങള്‍ക്ക് ഏറുകൊണ്ടാലും തങ്ങളുടെ സ്ഥാനാര്‍ത്ഥിക്കുവേണ്ടി ചുമരെഴുതുന്നവന് ഏറുകൊള്ളാതിരിക്കാന്‍ എല്ല് വിറപ്പിക്കുന്ന ആ തണുത്ത കാറ്റുകളെ ബീഡിച്ചൂടുകൊണ്ട് നേരിട്ട പ്രിയ സഖാക്കളെ ഈയുള്ളവന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ഞങ്ങള്‍ ഒന്നിച്ച് കപ്പപ്പുഴുക്ക് തിന്നു. ഒന്നിച്ച് ചുമരുകളില്‍ ഡിസ്റ്റംബറടിച്ചു. പട്ടികകള്‍ കൊണ്ട് ഒരുമിച്ച് ബോര്‍ഡുകളുണ്ടാക്കി. വെള്ള ഡിസ്റ്റംബര്‍ കൊണ്ട് ബാനറുകളില്‍ ഞാന്‍ എഴുതിയ, കെ.പി. ഉണ്ണികൃഷ്ണന്റെ പേരിന്മേല്‍ ചുവന്ന ഫ്‌ലൂറസെന്റ് ചായം തേച്ചുപിടിപ്പിക്കുന്ന സഖാക്കളെയെല്ലാം എനിക്ക് ഓര്‍മയുണ്ട്.
ഓരോ ഇലക്ഷന്‍ കാലത്തും പ്രതിഫലമൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന എത്രയോ സഖാക്കളും അനുഭാവികളും എന്റെ ജീവിത പരിസരങ്ങളിലുണ്ട്. എന്താണ് അവര്‍ ഇതുകൊണ്ട് നേടുന്നത് എന്നുചോദിച്ചാല്‍, ലാഭനഷ്ടങ്ങള്‍ കണക്കുകൂട്ടി നോക്കുന്ന ഒരു കച്ചവടമല്ല അവര്‍ക്ക് രാഷ്ട്രീയപ്രവര്‍ത്തനം. അതവരുടെ ചോരയിലുള്ളതാണ്. ജനിതകമായി പോലും കിട്ടിയേക്കാവുന്ന മതബോധത്തെ പിന്തള്ളി, നല്ല നാളെയെ കുറിച്ചുള്ള അവരുടെ രാഷ്ട്രീയസ്വപ്നങ്ങളിലാണ് വര്‍ത്തമാനകേരളം നിലനിന്നുപോരുന്നത്. അവരുടെ ചെറിയ ചെറിയ അവിവേകങ്ങളെ പൊറുക്കാന്‍ മാത്രം നന്മ അവരിലുണ്ട്. അത് അടിസ്ഥാനപരമായി മനുഷ്യനന്മ തന്നെയാണ്. കക്ഷിരാഷ്ട്രീയത്തിന്റെ അരിപ്പയില്‍ അരിച്ചെടുത്താലും അവരില്‍ ആ നന്മ ബാക്കിയാവുക തന്നെ ചെയ്യും.
ട്രൂകോപ്പി വെബ്സീനില്‍ മുഹമ്മദ് അബ്ബാസ് എഴുതുന്ന ആത്മകഥയില്‍ നിന്ന്
കെ.പി. ഉണ്ണികൃഷ്ണനുവേണ്ടി ബോർഡെഴുത്ത്, കോ ലീ ബി സഖ്യത്തിന്റെ ബ്ലേഡുവെപ്പ് | മുഹമ്മദ് അബ്ബാസ്
പ്രമോദ് രാമൻ
Feb 01, 2023
2 Minutes Read
Truecopy Webzine
Feb 01, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
ഡോ. രാജേഷ് കോമത്ത്
Jan 25, 2023
8 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read