വിജയകുമാർ മേനോൻ: കലാചരിത്രമെഴുത്തിലെ ഒരു ക്ലാസ്​റൂം

പാരമ്പര്യവാദമെന്ന നിരുത്തരവാദപരമായ വിമർശനം വിജയകുമാർ മേനോനെതിരെ പ്രയോഗിക്കപ്പെടുമ്പോൾ തന്നെ, അദ്ദേഹത്തിന്റെ ഭൗതികശരീരം പഠനവസ്തുവായി മാറിക്കഴിഞ്ഞുവെന്നത് അത്തരം വിമർശനങ്ങൾക്കുനേരെയുള്ള കാവ്യനീതിയായി തീരുന്നു. ഒരു കലാചരിത്രകാരന്റെ ശരീരശാസ്ത്രം ഇനി മെഡിക്കൽ വിദ്യാർഥികൾ കണ്ടെടുക്കട്ടെ. അതിൽ ഉറഞ്ഞുകൂടിയ കലാചരിത്രവിശകലനയുക്തിയുടെ പൊരുൾ നമ്മുടെ കലാവിദ്യാർഥികൾ പഠിക്കട്ടെ.

ലാചരിത്രം എന്ന ജ്ഞാനശാഖയുമായി ഗാഢബന്ധം പുലർത്തുകയും മലയാള വായനാസംസ്‌കാരത്തിൽ കലാചരിത്രരചനയുടെ സംവാദമണ്ഡലം വികസിപ്പിക്കുകയും ചെയ്ത പ്രധാനികളിലൊരാളാണ് കേരളപ്പിറവിദിനത്തിൽ അന്തരിച്ച വിജയകുമാർ മേനോൻ. വിവിധ തലമുറകളിൽപ്പെട്ട കലാവിദ്യാർഥികൾക്ക് മാർഗദർശിയായിരുന്ന അധ്യാപകനായും ആജീവനാന്തം കലാചരിത്രമെഴുത്തിൽ വ്യാപരിക്കുകയും ചെയ്ത മേനോൻ തനിക്ക് മുൻപേ എഴുതപ്പെട്ട കലാചരിത്രമാതൃകകളിൽനിന്ന് വേറിട്ട് നടന്നു.

എന്തായിരുന്നു കലാചരിത്രരചനയിൽ വിയജയകുമാർ മേനോൻ പുലർത്തിയ ദർശനം? എന്തുകൊണ്ട് അദ്ദേഹം കലാസമൂഹത്തിനാകെ പ്രിയപ്പെട്ടവനായി? സൗമ്യദീപ്തമായ വ്യക്തിവിശേഷത്തിനപ്പുറത്ത് അതിന് അനേകം ഉത്തരങ്ങളുണ്ട്. ഒരുപക്ഷേ ആ സൗമ്യത ഒരു നവവ്യാവഹാരികതയുടെ കടിഞ്ഞാൺ പിടിക്കാൻ നിയോഗിക്കപ്പെട്ട ജ്ഞാനിയുടേതായിരുന്നു. ആപാദചൂഢം സാഹിതീയമായ നമ്മുടെ സാംസ്‌കാരിക മണ്ഢലത്തിൽ കലയുടെയും സൗന്ദര്യശാസ്ത്രത്തിന്റെയും ഭാഷയെ കരുപ്പിടിപ്പിക്കാനുള്ള സാർത്ഥകമായ ശ്രമങ്ങളായിരുന്നു അവ. ഖണ്ഡനവിമർശനമായിരുന്നില്ല വിജയകുമാർ മേനോന്റെ വിമർശനം. അത് കലയുടെ സാകല്യത്തിൽ കാലൂന്നിനിന്നു. കലയുടെ പാരസ്പര്യത്തെ ഇണക്കിച്ചേർക്കാൻ നിരന്തരം പരിശ്രമിച്ചു. സാഹിത്യത്തിന്റെയും നാടോടിവിജ്ഞാനത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും ത്രികോണബന്ധത്തെയാണ് മേനോൻ തന്റെ എഴുത്തിലുടനീളം പ്രതിഫലിപ്പിച്ചത് എന്നും പറയാം. ചിത്ര- ശില്പകലയുടെ ഒട്ടൊക്കെ ഗോപ്യമായിരുന്ന ഇടങ്ങളെ മലയാളത്തിൽ അവതരിപ്പിക്കുകയും അതിലൂടെ സാഹിതീയവായനയിൽ ചിത്രവായനയുടെ സമാന്തരധാര സജീവമാക്കിനിർത്താൻ ശ്രമിക്കുകയും ചെയ്തു.

പാർത്ഥാ മിത്തർ സൂചിപ്പിക്കുന്നതുപോലെ, ‘സാർവത്രികമായ കലാചരിത്രം' പശ്ചാത്യ ആധുനികതയുടെ സൃഷ്ടിയാണ് എന്ന് കാണാം. സാർവ്വദേശീയമായ ഒരു സങ്കല്പം എന്ന മട്ടിലാണ് പലപ്പോഴും ചിത്ര- ശില്പകല എഴുതപ്പെട്ടിട്ടുള്ളതും. പാശ്ചാത്യ കലാചരിത്രരചനയുടെ ചുവടുപിടിച്ച് ഇ.എം.ജെ. വെണ്ണിയൂർ, സി.ജെ. മണ്ണുമൂട്, കേസരി ബാലകൃഷ്ണപ്പിള്ള, ഡോ. കെ.ടി. രാമവർമ തുടങ്ങിയ നിരൂപകർ തുടങ്ങിവെച്ച മലയാളത്തിലെ കലാചരിത്രമെഴുത്തിനെ കുറെക്കൂടി തദ്ദേശീയമായി പുനർനിർമ്മിക്കുകയായിരുന്നു വിജയകുമാർ മേനോൻ അടക്കമുള്ള ആധുനിക കലാചരിത്രകാരന്മാർ. ‘ഈസ് ആർട്ട് ഹിസ്റ്ററി ഗ്ലോബൽ?' (ജെയിംസ് എൽക്കിൻസ്) എന്ന ചോദ്യം കലാചരിത്രത്തിന്റെ സമകാലിക സന്ദർഭത്തിൽ പ്രസക്തമായി ഉന്നയിക്കപ്പെടുമ്പോൾ അരനൂറ്റാണ്ടിനപ്പുറം മലയാളത്തിൽ കലയുടെ ആഗോള- പ്രാദേശികതകളെ അഭിസംബോധന ചെയ്തുതുടങ്ങിയതിന്റെ മുന്തിയ തെളിവുകളിലൊന്നാണ് വിജയകുമാർ മേനോന്റെ ഇടപെടലുകൾ.

കേസരി ബാലകൃഷ്ണപ്പിള്ളയുടെ ‘നവീനചിത്രകല' എന്ന പുസ്തകത്തിന്റെ പില്ക്കാലപതിപ്പിന്റെ അവതാരികയിൽ എം.എൻ. വിജയൻ എഴുതി: ‘‘സാഹിത്യത്തിന്റെ അയ്യായിരം വർഷങ്ങളെക്കുറിച്ച് അഭിമാനിക്കുമ്പോഴും അതിന്റെ നാലിരട്ടി പഴക്കമുള്ള ശിലായുഗചിത്രങ്ങളെ നമുക്ക് വിസ്മരിക്കാൻ കഴിയുന്നുണ്ട്. ധർമ്മത്തിന്റെ തത്ത്വം നിഗൂഹനം ചെയ്തിട്ടുള്ള ഇതിഹാസഗുഹയാണ്, നെഞ്ചിൽ ജീവിതബോധം വാർന്നുവെച്ചിട്ടുള്ള എടക്കൽ ഗുഹയല്ല ഇന്നും നമ്മുടെ അന്വേഷണരംഗം. എഴുത്തുകാർ ഇപ്പോഴും യജമാനന്മാർ തന്നെ- നാട്ടിൽ പകുതിയും നാക്കുള്ളവർക്കാണ്''.

നാക്കില്ലാത്തത് കലയ്ക്കായിരുന്നു. പറച്ചിലിനെതിരായി കണ്ട ചിത്ര- ശില്പകല, കലയുടെ സദസ്സിൽ ഏറ്റവും പിൻബെഞ്ചിൽ ഇരുന്നു. ചിത്രകാരരെ ആദരിക്കുകയും കലാനിരൂപകരെ അകറ്റുകയും ചെയ്യുന്ന ഒരു ഭാഷാസാമൂഹികതയിലാണ് വിജയകുമാർ മേനോൻ അടക്കമുള്ള നിരൂപകർ തങ്ങളുടെ ശബ്ദം കേൾപ്പിക്കാൻ തുനിഞ്ഞിറങ്ങിയത്. ഏതനിഷേധ്യരായ ചിത്രകാരർക്ക് കിട്ടിയ സാമൂഹികാംഗീകാരങ്ങൾക്കുപുറകിലും കലാചരിത്രരചനയുടെ അടിപ്പടവുണ്ടെന്ന് നാം മറന്നുപോവുകയായിരുന്നു. അതുകൊണ്ടുതന്നെയാവണം, കലാചരിത്ര- വിമർശനമേഖലയെ അക്കാദമികൾ പോലും കൈയ്യൊഴിയുന്നത്, കലാകാരർക്കൊപ്പം നില്ക്കാൻ നിരൂപകർക്ക്​സർഗാത്മകമായ യോഗ്യതയില്ലെന്ന് അധികാരസ്ഥാപനങ്ങൾ വിധിയെഴുതുന്നതും.

സാഹിത്യവായനക്കാരുടെ ഇടയിലേക്കാണ് കലാചരിത്രവായനയുടെ മറ്റൊരു രീതിശാസ്ത്രം വിജയകുമാർ മേനോൻ അവതരിപ്പിക്കുന്നത്. കേസരിയുടേയും അതിനുശേഷം വന്ന കലാനിരൂപകരുടെയും എഴുത്ത് നേരിട്ട വിമർശനം അത് പലപ്പോഴും പാശ്ചാത്യനോട്ടക്കോണിൽ എഴുതപ്പെട്ടു എന്നതാണ്. അതിനപവാദങ്ങളുമുണ്ട്. കേസരി തന്നെയും കേരളീയതയെക്കുറിച്ച് കലയുടെ സന്ദർഭത്തിൽ പ്രതിപാദിക്കുന്നതും പൗരസ്ത്യഭാവനാമണ്ഡലത്തെ പഠിക്കുന്നുമുണ്ട്. എന്നാൽ, ഏറിയകൂറും പാശ്ചാത്യാഭിമുഖ്യം നമ്മുടെ കലാചരിത്രരചനക്കുണ്ടായിരുന്നു എന്നത് തള്ളിക്കളയാവുന്ന ഒന്നല്ല. മറ്റൊരർത്ഥത്തിൽ പാശ്ചാത്യാധുനികതയുടെ കൈവഴിയിൽ രൂപപ്പെട്ട ഇന്ത്യൻ ആധുനികകല തന്നെ കലയെക്കുറിച്ചുള്ള നമ്മുടെ ആലോചനകളിൽ പാശ്ചാത്യരീതിശാസ്ത്രത്തിന്റെ അസ്ഥിവാരമിട്ടു എന്നും കരുതാം. എന്നാൽ ഈ വ്യവഹാരബന്ധത്തെ ദേശസാത്കരിക്കാൻ വിജയകുമാർ മേനോൻ തന്റെ കൃതികളിലുടനീളം പരിശ്രമിച്ചു.

‘കവിതയും ചിത്രകല'യും പോലുള്ള ഈടുറ്റ പ്രബന്ധങ്ങളിലൂടെ ഭാവനയുടെ സൗന്ദര്യമണ്ഡലത്തെ പൗരസ്ത്യമായി പുനർനിർവ്വചിക്കാനുള്ള ശ്രമം മേനോൻ നടത്തുന്നുണ്ട്. കേരള ചുവർചിത്രകലയിലെ ദൃശ്യാഖ്യാനത്തിനും കുഞ്ചൻ നമ്പ്യാരുടെ തുള്ളൽപ്പാട്ടിന്റെ ഘടനയ്ക്കുമുള്ള സാമ്യതയെ അദ്ദേഹം സൂക്ഷ്മമായി വിശദീകരിക്കുമ്പോൾ അതുവരെ മറഞ്ഞിരുന്ന ഒരു സൗന്ദര്യമാനം കലയ്ക്കും സാഹിത്യത്തിനും കൈവരികയായിരുന്നു. പാരമ്പര്യകലകളെയും ആധുനികകലയെയും ഒരേ ആവേശത്തോടെ സമീപിക്കുകയും അവയ്ക്കിടയിലൂടെ സഞ്ചരിക്കുകയും ചെയ്ത മേനോന്റെ വിമർശപദ്ധതി അദ്ദേഹത്തിനുശേഷം വന്ന കലാവിമർശകരുടെ അപ്രീതി പിടിച്ചുപറ്റാനും കാരണമായി. എന്നാൽ, കേരളീയതയെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണങ്ങൾക്ക് പാരമ്പര്യവിശകലനം ഒഴിച്ചുകൂടാനാവാത്തതാണെന്ന് അദ്ദേഹം വാദിച്ചു. കെ.സി.എസ് പണിക്കരുടെ കലാസങ്കല്പത്തെക്കുറിച്ച് പഠിക്കുന്ന സന്ദർഭത്തിൽ വിജയകുമാർ മേനോൻ എഴുതി: ‘‘ഒരു വ്യക്തിയും പാരമ്പര്യമില്ലാത്തവനല്ല. നിഷേധിക്കാനെങ്കിലും ഒരു പാരമ്പര്യം ആവശ്യമായിരിക്കുന്നു. പാരമ്പര്യം ഒരു മൃതാവസ്ഥയുടെയും അവശിഷ്ടമല്ല. ബോധപൂർവ്വമായി വർത്തമാനകാലത്തെ സമീപിക്കുമ്പോൾ ഭൂതകാലത്തെക്കുറിച്ചുള്ള ഒരവബോധം അതിൽ നിർലീനമായിരിക്കും'' ഇങ്ങനെ തന്റെ പാരമ്പര്യസങ്കല്പത്തെ അദ്ദേഹം കാര്യകാരണസഹിതം വ്യക്തമാക്കുന്നു.

കേരളത്തിന്റെ ചിത്രപാരമ്പര്യത്തിൽ ഭൂഭാഗദൃശ്യത്തിന് പ്രാധാന്യമുണ്ടായിരുന്നില്ല. മുഖത്തെഴുത്ത്, മെയ്യെഴുത്ത്, ചുമരെഴുത്ത്, നിലത്തെഴുത്ത്, പാളയെഴുത്ത് തുടങ്ങിയവയിൽ നിലനിന്നിരുന്ന ചിത്രകലാപാരമ്പര്യം ഭൂഭാഗദൃശ്യത്തിന് പശ്ചാത്തലമെന്ന നിലയിൽപ്പോലും പ്രാധാന്യം നല്കിയിരുന്നില്ല. രംഗകലകളുടെയും അനുഷ്ഠാനകലകളുടെ ‘സംഗ്രഹദൃശ്യപാഠം' എന്ന നിലയിലാണ് ചിത്രകലയെ കാണേണ്ടത് എന്ന് മേനോൻ നിരീക്ഷിച്ചു. വിഗ്രഹപരമായിരുന്ന ഒരു കലാഭാഷയിൽനിന്ന് രവിവർമ്മ അഭിസംബോധന ചെയ്ത നാടകീയരംഗസജ്ജീകരണ ഭാഷയിലേക്കും അതിൽനിന്ന് തദ്ദേശീയാധുനികത എന്ന് വിളിക്കാവുന്ന മദ്രാസ് സ്‌കൂൾ കലാഭാവുകത്വത്തിലേക്കും വളർന്ന ചിത്രകലാചരിത്രത്തെ വിജയകുമാർ മേനോൻ സാകൂതം പിന്തുടർന്നു. കെ. സി.എസ് പണിക്കരുടെ ‘വാക്കുകളും പ്രതീകങ്ങളും' എന്ന ചിത്രപരമ്പരയിലേക്കെത്തുമ്പോൾ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ മറ്റൊരടര് ചിഹ്നവ്യവസ്ഥയിലൂടെ ആധുനീകരിക്കുകയാണെന്നും മേനോൻ നിരീക്ഷിച്ചു. പ്രകൃത്യോപസാകരായ ചിത്രകാരൻ / ചിത്രകാരി ആധുനികതയുടെ സൃഷ്ടിയാണ്. അഥവാ മതേതരമായ കലയുടെ പരിഗണനകളിലാണ് ഭൂമിയും ആവാസവ്യവസ്ഥയും കലയ്ക്ക് വിഷയങ്ങളായി തീർന്നത്.

വിജയകുമാർ മേനോൻ എഴുതിയ പ്രദർശന കാറ്റലോഗുകളിൽ ഭൂരിഭാഗവും പ്രകൃതിചിത്രങ്ങളുടെ വായനയായിത്തീർന്നത്തിന് പിന്നിലും ഒരുപക്ഷേ ഇത്തരമൊരു യുക്തി പ്രവർത്തിച്ചിരുന്നിരിക്കാം. പ്രകൃതിവര സംഗതമായിത്തീർന്നതിനു പിന്നിൽ അദ്ദേഹം മനസ്സിലാക്കിയതുപോലെ ഒട്ടനേകം പാരമ്പര്യനിഷേധങ്ങളുടെ അടരുകളുണ്ട്. അതിനാൽ തന്നെ ‘പാരമ്പര്യവാദി' എന്ന്​ വിളിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ സൗമ്യമായ മറുപടിയെന്നോണം സമകാല കേരളീയകലയിൽ പ്രകൃതിചിത്രണത്തിന്റെ അലയൊലികൾ നിർബാധം തുടരുകയും ചെയ്യുന്നു.

കോളനിയനന്തര ആധുനികതയുടെ സൃഷ്ടിയായ കലയെ നിരൂപണം ചെയ്യാൻ ഡി- കൊളോണിയൽ മെതഡോളജി ആവശ്യമാണെന്ന് തെളിയിച്ച എഴുത്തുകാരനാണ് വിജയകുമാർ മേനോൻ. കെ.എസി.എസ്. പണിക്കരെക്കുറിച്ചുള്ള പഠനം അത് സാധൂകരിക്കുന്നു. കെ.സി.എസ് തന്റെ കലാസങ്കല്പത്തെ രൂപംകൊടുത്തത് പശ്ചാത്യാധുനികകലയുടെ അതിപ്രസരത്തിൽനിന്ന് സമ്പൂർണമായി സ്വയം റദ്ദുചെയ്തുകൊണ്ടാണ്. എന്നാൽ കെ.സി.എസ് വിമർശിക്കപ്പെട്ടതാകട്ടെ പാശ്ചത്യകലാസിദ്ധാന്തങ്ങളുടെ നിലംതൊടാവാദങ്ങളുടെ അകമ്പടിയുമായാണ്. ഈ വൈരുദ്ധ്യത്തെ വിജയകുമാർ മേനോൻ അഭിസംബോധന ചെയ്തു എന്നത് ചെറിയ കാര്യമല്ല. ചന്തുമേനോന്റെ ആമുഖത്തിൽ പറയുന്നതുപോലെ, ‘ഉണ്ടാകാൻ പാടില്ലാത്ത വിധമുള്ള ആകൃതി' യായി കെ.സി.എസിന്റെ വക്രീകരണ ദൃശ്യഭാഷയെ അതിന്റെ തനതുസന്ദർഭത്തിൽ വിശദീകരിക്കാൻ വിജയകുമാർ മേനോൻ ശ്രമിച്ചു. ആദർശരൂപങ്ങളുടെ എതിർദിശയിൽ, ഇന്ത്യൻ ശില്പകലാചരിത്രത്തിലെ കുറിയ രൂപങ്ങളുടെ ആധുനീകരിക്കപ്പെട്ട മോട്ടീഫുകളായി അദ്ദേഹം കെ.സി.എസിന്റെ ദൃശ്യഘടകങ്ങളെ കണ്ടെടുത്തു. കെ.സി.എസിൽ ആദർശലാവണ്യത്തെ ന്യൂനോക്തികളിലൂടെയും വക്രോക്തികളിലൂടെയും പുനഃസംവിധാനം ചെയ്യുകയായിരുന്നുവെന്ന് മേനോൻ നിരീക്ഷിച്ചു. ‘‘വികലീകരണത്തിലേക്കുള്ള ഈ മാറ്റം നവീനതയുടെ മുൻപന്തിയിൽ നിന്ന എക്​സ്​പ്രഷണിസത്തിലെ വികലീകരണം പോലെയല്ല. കെ.എസി.എസിലേത് പാരമ്പര്യരീതികളിൽനിന്ന് നിർധാരണം ചെയ്ത് വിദൂരമാക്കിയെടുത്ത ഒന്നാണ്'' എന്നും അദ്ദേഹമെഴുതി. ആശയനിഷ്ഠതയ്ക്ക് വേണ്ടിയുള്ള വാദം അപകടമാണെന്നും ദൃശ്യപാഠം എന്ന നിലയിൽ കലാവസ്തുവിനെ നോക്കിക്കാണണം എന്നും വിജയകുമാർ മേനോൻ ഇത്തരം പഠനങ്ങളിലൂടെ അടിവരയിട്ടു.

മേൽസൂചിപ്പിച്ച പോലെ കലാചരിത്രത്തെ അതിന്റെ കേവലവ്യാവഹാരികതയിൽനിന്ന് അന്തർവിഷയപരമായി അഴിച്ചുപണിയുക കൂടിയായിരുന്നു വിജയകുമാർ മേനോന്റെ കലാനിരൂപണപദ്ധതി. രേഖീയമായതും പാരമ്പര്യനിഷ്ഠമായതുമായ ചരിത്രരചനാരീതിയിൽ അദ്ദേഹം വിശ്വസിച്ചിരുന്നപ്പോഴും തന്റെ ഗവേഷണത്തെ എല്ലായ്​പ്പോഴും അതിന്റെ വ്യാവഹാരിക അതിരുകളെ ലംഘിച്ചുകൊണ്ട് വ്യാപിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. നാടോടി വിജ്ഞാനീയത്തെയും ആധുനിക കലാസങ്കല്പങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാമെന്നത് അത്തരമൊരു മനസ്സിലാക്കലിന്റെ ഉപലബ്ധിയാണ്. ഭാഷയുടെയും മിത്തിന്റെയും ഫോക്​ലോറിന്റെയും ജ്ഞാനലോകത്തെ കലയുമായി കൂട്ടിയിണക്കുന്നതിലൂടെ സവിശേഷമായ ഒരു നോട്ടക്കോൺ അദ്ദേഹം വികസിപ്പിച്ചെടുത്തു. ഇത് പൊതുവെ കലയുടെ സാമൂഹികസ്വീകാര്യതയുടെ പ്രകരണത്തിൽ ലോകത്താകമാനം പ്രചരിച്ച മാർക്സിയൻ കലാചരിത്രപദ്ധതിക്ക് (സോഷ്യൽ ഹിസ്റ്ററി ഓഫ് ആർട്ട്) പുറത്തായിരുന്നു എന്നുവേണം മനസ്സിലാക്കാൻ. അതുകൊണ്ടുതന്നെ ഏതെങ്കിലും അടിയന്തിര രാഷ്ട്രീയ ആവശ്യങ്ങളെ തന്റെ ബൗദ്ധികപ്രവർത്തനത്തിലൂടെ സാധൂകരിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. എന്നാൽ കലയിലുണ്ടാവുന്ന ഏറ്റവും സമകാലികമായ മുന്നേറ്റങ്ങളെയും ഒരു കലാപഠിതാവിന്റെ കൗതുകത്തോടെ പിന്തുടർന്നു. ഗുഹാചിത്രത്തെക്കുറിച്ച് എഴുതുന്ന അതേ ഗ്രാഹ്യത്തോടെ ഇൻസ്റ്റലേഷനെക്കുറിച്ചും പെർഫോമൻസ് ആർട്ടിനെക്കുറിച്ചും അദ്ദേഹത്തിന് എഴുതാൻ സാധിച്ചത് ഈ അന്തർവിഷയപരത തുടക്കം മുതലേ തന്റെ കലാചരിത്ര രീതിശാസ്ത്രമായി സങ്കല്പനം ചെയ്കയാലാണ്.

സമകാലിക കല വിമർശരഹിതമായ കലാലോകത്തെ സ്വപ്നം കാണുകയും കലാനിരൂപണത്തെ കലാകാരരുടെ പ്രതിഭാപട്ടം അലങ്കരിക്കാനുള്ള എഴുത്തുപണിയായി ന്യൂനീകരിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ കലാചരിത്രകാരരുടെ ബൗദ്ധികമണ്ഡലം എന്തായിരിക്കണമെന്നും കലാകൃതി എന്നതുപോലെ സ്വയംസന്നിഹിതത്വമുള്ള ഒന്നാണ് കലാചരിത്ര- വിമർശന മണ്ഡലമെന്നും വിജയകുമാർ മേനോന്റെ വിയോഗം ഓർമിപ്പിക്കുന്നു. ചിത്ര-ശില്പകലാമേഖലയുടെ സജീവ ഇടപാടുകളിലും അതിന്റെ വിമലീകരണ പ്രക്രിയയിലും ഭാഗഭാക്കാവേണ്ടുന്ന കലാസാഹിത്യത്തിന്റെ വീണ്ടെടുപ്പിനും ഈ വിയോഗം കാരണമാവട്ടെ.

വിജയകുമാർ മേനോൻ തുടങ്ങിവെച്ച കലാചരിത്രരചനാ പദ്ധതികൾക്ക് തുടർച്ചയുണ്ടാവുകയും അതുവഴി കലാപഠനത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും പുതിയ കൈവഴികൾ രൂപംകൊള്ളുകയും ചെയ്യട്ടെ. ഒപ്പം പാരമ്പര്യവാദമെന്ന നിരുത്തരവാദപരമായ വിമർശനം വിജയകുമാർ മേനോനെതിരെ പ്രയോഗിക്കപ്പെടുമ്പോൾ തന്നെ, അദ്ദേഹത്തിന്റെ ഭൗതികശരീരം പഠനവസ്തുവായി മാറിക്കഴിഞ്ഞുവെന്നത് അത്തരം വിമർശനങ്ങൾക്കുനേരെയുള്ള കാവ്യനീതിയായി തീരുന്നു. ഒരു കലാചരിത്രകാരന്റെ ശരീരശാസ്ത്രം ഇനി മെഡിക്കൽ വിദ്യാർത്ഥികൾ കണ്ടെടുക്കട്ടെ. അതിൽ ഉറഞ്ഞുകൂടിയ കലാചരിത്രവിശകലനയുക്തിയുടെ പൊരുൾ നമ്മുടെ കലാവിദ്യാർത്ഥികൾ പഠിക്കട്ടെ.

Comments