മൊറോക്കോ തുടരും, വമ്പൻ ടീമുകൾക്ക്​ തലവേദനയായി

ഇന്നലെ കളിച്ച മൊറോക്കൻ ടീമിലെ എല്ലാ കളിക്കാരും ഹീറോകളാണ്. ക്ലാസ്സിക് സ്പാനിഷ് അറ്റാക്കുകൾക്ക് മഗ്‌രിബിലെ അറ്റ്‌ലസ് സിംഹങ്ങളുടെ ചുവന്ന മതിൽ കടക്കാനായില്ല

ഗ്രൂപ്പ് F ൽ നിന്ന് പോരാടി ഒന്നാം സ്ഥാനക്കാരായി മുന്നോട്ട് വന്നു പ്രീ ക്വർട്ടറിൽ എത്തിയവരാണ് മൊറോക്കോ. ഇവർക്കെതിരെ കളിക്കുന്നവർ അല്പം വിയർപ്പൊഴുക്കേണ്ടിവരും എന്ന കാര്യം ഏതാണ്ടുറപ്പായിരുന്നു. 2018 ലോകകപ്പ് ഗ്രൂപ് മാച്ചിൽ ജെറാർഡ് പിക്വേ, റാമോസ് , ബുസ്കെറ്റ്സ്, കർവഹാൽ, ഇനിയേസ്റ്റ തുടങ്ങിയവരുള്ള സ്പാനിഷ് നിരയെ 2 -1 ന് ഏതാണ്ട് തോൽപ്പിച്ചവരായിരുന്നു, പക്ഷെ 90+1' മിനുട്ടിൽ ഗോളടിച്ചു സ്പെയ്ൻ രക്ഷപ്പെട്ടു.

ആദ്യപകുതിയിലേ മൊറോക്കോയുടെ നയം വ്യക്തമായിരുന്നു, മിഡ്ഫീൽഡിൽ സോഫിയാൻ അംറാബാത്തിന്റെ ധൈര്യത്തിൽ പൊരുതുക, ബോക്സിനു മുന്നിൽ സ്പെയിനിനെ തടയുക, വിടവുകൾ നൽകാതിരിക്കുക. ഒരു ഭാഗത്തു അല്പം ക്രിയേറ്റിവ് ആയി കളിക്കുന്ന ഹകീം സിയാച്ച് കൂടെ പിന്നിൽ കളിക്കുന്ന അഷ്‌റഫ് ഹകിമി മറുഭാഗത്ത് സലിം അമല്ലയും സോഫിയാൻ ബൗഫലും. സ്‌പെയിനിൽ നിന്ന് പന്ത് പിടിച്ചു വാങ്ങി അത്യാവശ്യം വേഗതയോടെ ട്രഡീഷണൽ രീതിയിൽ പ്രസ് ചെയ്ത മൊറോക്കോ മുന്നേറി കളിക്കുകയും ഒപ്പം മൊറോക്കൻ കാണികളുടെ ആരവവും കൂടിയായപ്പോൾ സ്‌പെയ്ൻ ആരാധകർ ഭയന്നിട്ടുണ്ടാകും. അല്പം പരിക്കോടെ കളിച്ചിരുന്ന ബൗഫൽ പരമാവധി പോരടിച്ചു കളിച്ചെങ്കിലും പിൻവലിക്കപ്പെട്ടു.

ടൈറ്റ് ആൻഡ് കോംപാക്റ്റ് ആണ് കളിയെന്നും ഒരിഞ്ചു വിടുകയില്ലെന്നും മനസ്സിലായപ്പോൾ ലൂയിസ് എന്ററികെ നികോ വില്യംസിനെയും മൊറാറ്റയെയും ഇറക്കി, അല്പം മാറ്റങ്ങളും കണ്ടു. പണിയെടുത്തു തളർന്ന മൊറോക്കോയുടെ വെസ്റ്റ്ഹാം ഡിഫൻഡർ നയീഫ് അഗ്വേർഡ് പരിക്ക് പറ്റി പിൻവാങ്ങിയപ്പോൾ ക്യാപ്റ്റൻ റൊമെയ്ൻ സെയ്‌സ്ന് ഉത്തരവാദിത്വം കൂടി, കാൽ തുടക്ക് പരിക്കുണ്ടായിട്ടും പിന്മാറാതെ അവസാന വിസിൽ വരെ പൊരുതാനുറച്ചു തന്നെ നിലകൊണ്ടു. സോഫിയാൻ അംറാബാത്തിനൊപ്പം നബീൽ ദിറാർ എന്ന കഴിഞ്ഞ ലോകകപ്പിലെ പടക്കുതിര കൂടിയുണ്ടായിരുന്നെങ്കിൽ മൊറോക്കോ കുറച്ചു കൂടി അപകടകാരികളായേനെ.

എക്സ്ട്രാ ടൈമിൽ മൊറോക്കോക്ക് രണ്ടു നല്ല ചാൻസുകൾ നഷ്ടമായി, അവസാന നിമിഷങ്ങളിൽ ഏറെ ആകാംക്ഷകളും ഉത്ഘണ്ടകളും പിരിമുറുക്കങ്ങളും നിറഞ്ഞു നിന്നിരുന്നു, പാബ്ലോ സറാബിയയുടെ ഷോട്ട് മൊറോക്കൻ പോസ്റ്റിലുരുമ്മി പോയതോടെ പെനാൾടി ഷൂട്ട്ഔട്ട് ഉറപ്പായി.

മൊറോക്കൻ ഗോൾകീപ്പർ : ലോകകപ്പിൽ പലരും ശ്രദ്ധിക്കാതെ പോയ താരം. ലാലിഗയിൽ 2016 മുതൽ ജിറോണക്കായും 2019 മുതൽ സെവിയ്യക്കായും കളിക്കുന്ന ആറടി അഞ്ചിഞ്ചുള്ള കാവൽക്കാരൻ യാസിൻ ബോനോ. അദ്ദേഹത്തിന് മനഃപാഠമാണ് സ്പെയിനിനായി കിക്കെടുക്കാൻ വരാനിരിക്കുന്ന ഒരുവിധം കളിക്കാർ എന്നതും മൊറോക്കൻ ടീമിന് നേട്ടമായിരുന്നു. അദ്ദേഹത്തിന്റെ മനസ്സാന്നിധ്യവും ജയിക്കണമെന്ന വാശിയും കൂടിച്ചേർന്നപ്പോൾ മൊറോക്കോ സ്പെയ്നിനെ കീഴടക്കി.

മൊറോക്കൻ ഗോൾകീപ്പർയാസിൻ ബോനോ

മൊറോക്കൻ കോച്ച് വാലിദ് റെഗ്റാഗ്‌വി നിയമിതനായ ശേഷമുള്ള അവസാനത്തെ ഏഴ് കളികളിൽ അവർ തോൽവിയറിഞ്ഞിട്ടില്ല. വഴങ്ങിയത് ഒരു ഗോൾ മാത്രം. ഇന്നലെ കളിച്ച മൊറോക്കൻ ടീമിലെ എല്ലാ കളിക്കാരും ഹീറോകളാണ്. ക്ലാസ്സിക് സ്പാനിഷ് അറ്റാക്കുകൾക്ക് മഗ്‌രിബിലെ അറ്റ്ലസ് സിംഹങ്ങളുടെ ചുവന്ന മതിൽ കടക്കാനായില്ല.

മൊറോക്കോ ക്വർട്ടറിൽ. അടങ്ങാത്ത പോരാട്ടവീര്യമുള്ള ഇവർ വലിയ ടീമുകൾക്ക് തലവേദനയാകും. മൊറോക്കോ ഖത്തറിൽ തുടരും.

Comments