മൂശയിലേക്കെന്നപോലെ പ്രാണനെ ഉരുക്കി ഒഴിക്കുന്ന കവി

പാരമ്പര്യേതരമായ എഴുത്തിനെ/കവിതയെ അഥവാ ഉള്ളെഴുത്തിനെ/ഉൾക്കവിതയെ അഭിമുഖീകരിക്കാനും തിരിച്ചറിയാനും ആഴവും പരപ്പുമുള്ള വേറിട്ട വായനയും ഭാവുകത്വവും ഉണ്ടാവേണ്ടതുണ്ട്. ഇത്തരത്തിലുള്ള ഒരു സമീപനം വിവിധനിലകളിൽ ആവശ്യപ്പെടുന്ന കവിതകളാണ് ബിനു എം. പള്ളിപ്പാടിന്റേത്

നിയതവായനകളെ മറികടക്കുന്ന, അട്ടിമറിക്കുന്ന ഉള്ളെഴുത്തുകളുടെ സാന്നിധ്യം ഏതൊരു ഭാഷയിലെ എഴുത്തിലുമുണ്ടാവാം. ഉള്ളെഴുത്തുകളെ എഴുത്തിൽ കലർത്താൻ കൂടുതൽ അനുയോജ്യമായ സാഹിത്യരൂപം കവിതയാണെന്ന് തോന്നുന്നു. കവിതകളിൽ ഒളിഞ്ഞും തെളിഞ്ഞും കണ്ടുവരുന്ന ഉള്ളെഴുത്തുകളെ ഉൾക്കവിതകളെന്ന് വിളിക്കാവുന്നതാണ്. കവിതകളുടെ സാമാന്യവായന സാധ്യമാകുന്നതുപോലെ ഉൾക്കവിതകൾ വായനക്ക് വഴങ്ങിക്കൊള്ളണമെന്നില്ല. കവിതകളെപ്പോലെ ഉൾക്കവിതകൾ ആദ്യവായനകളിൽ തിരിച്ചറിയപ്പെടണമെന്നുമില്ല. ഒഴുക്കിനെപ്പോലെ ഉള്ളൊഴുക്കുകൾ അതിന്റെ മലരികളേയും ചുഴികളേയും വെളിപ്പെടുത്തുകയില്ലെന്ന് ചുരുക്കം.

ഉൾക്കവിതകളെ വേർതിരിച്ചറിയാനും വായിച്ചെടുക്കാനും പാരമ്പ്യര്യേതരമായ സാമൂഹ്യ-രാഷ്ട്രീയ ചരിത്രാവബോധവും, ഭാവുകത്വവും, ജീവിതാനുഭവ സമാനതകളും ആവശ്യമാണെന്ന് തോന്നുന്നു. ജനാധിപത്യപരമായ സഹവർത്തിത്വവും, സാമൂഹ്യനീധിബോധവും, മുഖ്യധാരാ ഹിംസകളോടുള്ള ചെറുത്തുനിൽപ്പും, അധീശ പൊതുബോധത്തോടുള്ള വിയോജിപ്പും, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളും ഇതിന്റെ ഭാഗമാണ്. എഴുത്തുപോലെ തന്നെ നീതിമൂല്യങ്ങളിൽ, പ്രതിരോധങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ള വായനയും ഒരു രാഷ്ട്രീയ പ്രവർത്തിയാണ്. പാരമ്പര്യേതരമായ എഴുത്തിനെ/കവിതയെ അഥവാ ഉള്ളെഴുത്തിനെ/ഉൾക്കവിതയെ അഭിമുഖീകരിക്കാനും തിരിച്ചറിയാനും ആഴവും പരപ്പുമുള്ള വേറിട്ട വായനയും ഭാവുകത്വവും ഉണ്ടാവേണ്ടതുണ്ട്. ഇത്തരത്തിലുള്ള ഒരു സമീപനം വിവിധനിലകളിൽ ആവശ്യപ്പെടുന്ന കവിതകളാണ് ബിനു എം. പള്ളിപ്പാടിന്റേത്.

1991 മുതൽ മലയാളത്തിലെ ആനുകാലികങ്ങളിൽ ബിനു കവിതകളെഴുതുന്നുണ്ടെങ്കിലും, തൊണ്ണൂറുകളുടെ ഒടുക്കത്തോടെ ഞാൻ കവിതയിൽ സജീവമാകുമ്പോഴാണ് അദ്ദേഹത്തിന്റെ കവിതകൾ എന്റെ ശ്രദ്ധയിൽ പെട്ടുതുടങ്ങുന്നത്. ശ്രദ്ധയിൽ പെട്ടതിനുശേഷം നാളിതുവരെ അവയെന്റെ ശ്രദ്ധ വിട്ടുപോയിട്ടില്ല എന്നതിന് തുടർന്നുള്ള രണ്ടുപതിറ്റാണ്ടിലെ എന്റെ കവിതാവായനകൾ സാക്ഷ്യം. രണ്ടായിരത്തിന്റെ പകുതിയോടെ ബിനുവിന്റെ കവിതകൾ തുടർച്ചയായി പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത് മാധ്യമം ആഴ്ചപ്പതിപ്പിലാണ്. 2009 ൽ പുറത്തുവന്ന ബിനുവിന്റെ ആദ്യ കവിതാസമാഹാരമായ പാലറ്റും 2013 ഇറങ്ങിയ അവർ കുഞ്ഞിനെ തൊടുമ്പോൾ എന്ന രണ്ടാമത്തെ സമാഹാരവും ഇപ്പോൾ വീണ്ടും വായിച്ചു. അവ മാത്രമല്ല തുടർന്ന് പല വാരികകളിലും, എഫ്ബി യിലുമായി വന്ന ഇരുപതിലധികം കവിതകളും.

പല കവിതകളും ആവർത്തിച്ച് വായിച്ചതിന്റെ വെളിച്ചത്തിലും അനുഭവത്തിലുമാണ് തുടക്കത്തിൽ ചേർത്തിട്ടുള്ള അഭിപ്രായം ഉള്ളിലുറച്ചത്. ഈ അഭിപ്രായം എന്റേത് മാത്രമാണെന്നോ, ഇത് ബിനുവിന്റെ കവിതകൾക്കു മാത്രമിണങ്ങുന്ന പരാമർശമാണെന്നോ അവകാശപ്പെടുന്നില്ല. സമകാലികരായ പലരുടെയും കവിതകളോട് ചേർത്തുവെച്ച് ഈ പരാമർശങ്ങളെ വായിക്കാമെങ്കിലും, ബിനുവിന്റെ കവിതകളോളം അവയെ പ്രതിഫലിപ്പിക്കുന്ന രചനകൾ അധികമില്ലെന്ന് തോന്നുന്നു. തീർച്ചയായും ഇതെന്റെ കാഴ്ചയുടേയും വായനയുടേയും അഴിച്ചെടുക്കലിന്റെയും പരിമിതിയാവും എന്നു അടിവരയിട്ടുകൊണ്ട്, എന്റെ അനുഭവത്തിൽ ബിനുവിന്റെ കവിതകളിൽ തെളിഞ്ഞുകണ്ട ചില ചിത്രങ്ങളെ എഴുതാൻ ശ്രമിക്കുകയാണ്.

എന്റെ വംശത്തിൻ കഥ
എഴുതി വച്ചീടാൻ പണ്ടീ
ഉർവിയിലൊരുവരുമില്ലാതെ
പോയല്ലോ

എന്ന ‘ഖേദ'ത്തോടുകൂടിയുള്ള പൊയ്കയിൽ അപ്പച്ചന്റെ ഓർമപ്പെടുത്തിലിനെ നെഞ്ചിലേറ്റി എഴുത്തിലേക്കും അതുവഴി ചരിത്രത്തിലേക്കും തന്റെ ദേശത്തേയും ‘അടിമസന്തതി'കളുടെ തുടർച്ചയേയും അടയാളപ്പെടുത്തിയ ഉത്തരാധുനിക എഴുത്തുകാരിൽ പ്രമുഖനാണ് ബിനു എം. പള്ളിപ്പാട്. ചിത്രകലയുടേയും സംഗീതത്തിന്റേയും സിനിമയുടേയും ഭാഷകൾ വേർതിരിച്ച് എടുക്കാനാവാത്തവിധം കവിതയിൽ കലർത്തി ബിനു ദേശത്തേയും ദേശസന്തതികളേയും ദേശപ്രകൃതിയേയും എഴുതുമ്പോൾ നാളിതുവരെയുള്ള എഴുത്തുകളിൽ ‘ഒരക്ഷര'മായിപ്പോലും പരാമർശിക്കപ്പെടാതിരുന്ന ‘വംശത്തി'ന്റെ ചരിത്രമാണ് തെളിയുന്നത്. കവിതകളിലൂടെ മാത്രമല്ലാതെ ബിനുവിനെ അറിയുന്നവർക്കും ‘ഫോളോ' ചെയ്യുന്നവർക്കുമറിയാം ചിത്രകലയ്ക്കും സംഗീതത്തിനും സിനിമയ്ക്കും മറ്റും ബിനുവിന്റെ കലാജീവിതത്തിലുള്ള സ്ഥാനം.

ബിനു എം. പള്ളിപ്പാട് / ഫോട്ടോ: ബിജു കെ. വിജയൻ

സൂചിതകലകളുടെ ഇരുളും വെളിച്ചവും വീണുകിടക്കുന്ന കവിതകളെഴുതുന്ന കവികളേയും മറ്റെഴുത്തുകാരേയും കണ്ടെത്താമെങ്കിലും ബിനുവിന്റെ തിരഞ്ഞെടുപ്പുകളും അവതരണവും അദ്ദേഹത്തെ മറ്റുള്ളവരിൽനിന്ന് ഏറെ വ്യത്യസ്തനാക്കുന്നു. സവിശേഷമായൊരു സാമൂഹ്യ- രാഷ്ട്രീയ കാഴ്ചപ്പാടും വ്യതിരിക്തമായ ഭാവുകത്വവും ലാവണ്യബോധവുമാണ് ബിനുവിന്റെ തിരഞ്ഞെടുപ്പുകളെ തീരുമാനിക്കുന്നത്. അരക്ഷിതവും അപകടം നിറഞ്ഞതുമായ തിരഞ്ഞെടുപ്പുകളുമായി മുമ്പോട്ടുപോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല; കലയിലായാലും ജീവിതത്തിലായാലും. ബിനു അത് ചെയ്യുന്നു എന്നതാണ് ബിനുവിന്റെ കവിതകളെപ്പോലെ ബിനുവിനേയും കൂട്ടത്തിൽ ഒരാളാവാതെ ഒറ്റയ്ക്ക് നിലനിർത്തുന്നത്.

എവിടെയെങ്കിലും ബ്രഷ് സ്‌ട്രോക്ക് വീഴാത്ത ഒരൊറ്റ കവിതപോലും ബിനുവിന് ഉണ്ടെന്ന് തോന്നുന്നില്ല. ചിലതിൽ അവ അടിമുടി പ്രകടമാണ്. ചിലതിൽ ബ്രഷിന്റെ തൊടലുകൾക്കൊപ്പം നൈഫിന്റെ തോണ്ടലും തേക്കലുകളും കാണാം. ചിലതിൽ ഇതോടൊപ്പം ഫോട്ടോഗ്രാഫി കൂടി അലിഞ്ഞിട്ടുള്ളതായി കാണാം. ഒരു നാട്ടുപാതയിലേക്ക് എന്നപോലെ ബിനുവിന്റെ ദേശത്തിലേക്ക്/ ക്യാൻവാസിലേക്ക് നിറങ്ങളോടോപ്പം ചിത്രകാരും, സംഗീതത്തോടൊപ്പം സംഗീതജ്ഞരും, വിഷ്വലുകൾക്കൊപ്പം സിനിമാക്കാരും കടന്നുവരുന്നു. ചിത്രകലയുടെ/ഫോട്ടോഗ്രഫിയുടെ/സിനിമയുടെ ‘അപഹാരം' ഏറിയും കുറഞ്ഞും വരുന്ന പ്രകടമാക്കുന്ന കവിതകളാണ് പാലറ്റ്, സാപ്ഗ്രീൻ, ആമ്പലും തീയും, കൺമതിപ്പ്, ചിപ്രൻ, കള്ളക്കഴുവേറി, കുയിൽ കുടി, ജുഗൽബന്ദി, പോസ്റ്റർ, അന്വയം, ജംപേ തുടങ്ങിയവ. ഇവ ഉദാഹരണങ്ങൾ മാത്രം. സൂചിതകവിതകളിൽ നിന്നുള്ള ചിലഭാഗങ്ങൾ വായിച്ചു കാണുക.

മഞ്ഞയും
ബ്രൗണും കൊടുക്കണം
വിളഞ്ഞ പാടത്തിന്
......
.......
മുറ്റത്തെ
ഒറ്റാലിനകത്തെ
കോഴിക്കുഞ്ഞിന്
ഐവറിയിൽ
ചെമ്പുകൊണ്ട്
ചെറുതായി
തൊട്ടുവിടണം.
(പാലറ്റ്)

പലവിതാനങ്ങളിൽ
പച്ചയിലേക്ക് പോകും
......
......
ചൂട്ടുകറ്റയിൽ
നാമൊന്നിച്ചൊരു
മഞ്ഞ
ഉത്സവത്തിന് പോകും
(സാപ്ഗ്രീൻ)

തിണിർത്ത ഞരമ്പുപോലെ
ഉണങ്ങിയ ചെമ്മൺ പാതയ്ക്കപ്പുറം
ചോന്നുതുടുത്ത പട്ടത്തിനെ
ഇരുള് സംരക്ഷിക്കുന്നുണ്ട്

കാറ്റടങ്ങി നിശബ്ദമായ
ആ പകർച്ചയിൽ
രണ്ട് വലിയ പക്ഷികൾ
അത്ര ദുഃഖികളല്ലാതെ
അതിനുള്ളിലേക്ക്
മെല്ലെ നീങ്ങുന്നുണ്ട്
(ആമ്പലും തീയും)

പറക്കും ഷാളിൽ
നിന്നുവരും
വിയർപ്പുമണം
ഉള്ളിൽ
വയലറ്റും ബ്ലാക്കും ചേർന്ന
മേവ് എന്ന നിറമുണ്ടാക്കും
(കൺമതിപ്പ്)

പച്ചതൊടാതെ
മരം വരച്ചു
തീയ്
എന്ന നിറംകൊണ്ട്
മുന്നുവീടുകൾ
വരച്ചു

അത്രയേറെ
കനലുണ്ടായിട്ടും
മേഞ്ഞ പുല്ല്
ആളിയില്ല
(ചിപ്രൻ)

കൊത്തിയ ചൂണ്ടയുടെ
വെളുത്ത പൊങ്ങുപോലവന്റെ
കറുത്ത കൊച്ചുവള്ളം
വെള്ളത്തലപ്പിൽ
കുത്തിപ്പൊങ്ങി കറങ്ങി
(കള്ളക്കഴുവേറി)

ഉത്സവം കഴിഞ്ഞ്
അടുക്കി നിർത്തിയ
അയ്യനാരുടെ
മൺകുതിരകളുടെ
കണ്ണിലെ നീലയും
കഴുത്തിലെ ചെമ്പും
ഒലിച്ചിറങ്ങി
(കുയിൽ കുടി)

അയാളുടെ കിഴക്കിപ്പോൾ
മഞ്ഞ പതഞ്ഞുയരും കാറ്റ്
കതിരിൻ തിരതല്ലും കടൽ
അതയാൾ കാണുന്നില്ല
(ജുഗൽബന്ദി)

കത്തുന്ന പച്ചയിൽ
പുല്ലും പാളയും
കൊയ്ത്തുത്സവങ്ങളുടെ
കാളത്തലയും വരച്ചു

അതിനിടയിലെല്ലാം
മറ്റൊരുവൻ
മഞ്ഞയിലും കറുപ്പിലും
പുലിയും പൂക്കളും ചാലിച്ച്
നീട്ടിനീട്ടിയെടുത്തു
(പോസ്റ്റർ)

നെല്ലിന് മീതേ
പറക്കുന്ന കൊക്കുകൾക്കൊപ്പം
ഓടുന്ന കുട്ടികൾ
ആ കിളികളെ
നിശ്ചലമാക്കുന്നുണ്ട്
(അന്വയം)

ഉരിഞ്ഞു പോകുമ്പോൾ
തൊലിയുടെ ഉൾഭാഗം
റോസ് നിറത്തിൽ
കാണുമ്പോൾ
രക്തത്തിൽ
രാഷ്ട്രീയപ്പറ്റുള്ളവർക്ക്
ഒരിത് തോന്നാതിരിക്കില്ല
(ജംപേ)

പറ്റ് എന്ന വാക്ക് കടം എന്ന അർത്ഥത്തിലാണ് പൊതുവെ ഉപയോഗിക്കപ്പെടുന്നെതെങ്കിലും അതിന് സ്‌നേഹം, ദയ എന്നിങ്ങനെകൂടി അർത്ഥങ്ങളുണ്ട്. മനുഷ്യപ്പറ്റ് എന്ന വാക്കിൽ അതതിനെയാണ് സൂചിപ്പിക്കുന്നത്. ജംപേ (ഒരു പടിഞ്ഞാറൻ ആഫ്രിക്കൻ തുകൽവാദ്യം) എന്ന കവിതയിലെ ‘രാഷ്ട്രീയപ്പറ്റ്' എന്ന വാക്ക് മുമ്പെവിടെയും ഞാൻ കാണാത്തതാണ്. ഈ വാക്ക് ബിനുവിന് അവകാശപ്പെട്ടതാണെന്ന് തോന്നുന്നു. അതിന്റെ അർത്ഥം കവിതയിലുണ്ട്.

വയനാട്ടിലെ കനവിലെ യുവചിത്രകാരനാണ് ചിപ്രൻ. ചിപ്രനെ കൂടാതെ നിരവധി വിഖ്യാത ചിത്രകാരും ശില്പികളും ബിനുവിന്റെ കവിതയിലെ "കവിതാപാത്രങ്ങ'ളാണ് (പ്രയോഗം ചിത്രകാരനും കവിയുമായ സുധീഷ് കോട്ടേമ്പ്രത്തിന്റേത്). സാൽവദോർ ദാലി, രാം കിങ്കർ ബെയ്ജ്, ഭുപൻ ഖാക്കർ, കെ.പി കൃഷ്ണകുമാർ ഒക്കെ ഇവരിൽ ചിലരാണ്.

"ശാന്തിനികേതനിലെ കുഞ്ഞിക്കുട്ടന്' എന്ന കവിതയിൽ രാംകിങ്കറിന്റെ "കുടുംബം'മെന്ന ശില്പവും, കൃഷ്ണകുമാറിന്റെ "കള്ളൻ' "കാണ്ടാമൃഗം' എന്നീ ശില്പങ്ങളും കടന്നുവരുന്നു. രബീന്ദ്ര സംഗീതത്തേയും "എസ്രാജ്', വാദ്യത്തെയും മറികടന്ന് ബാവുൾ സംഗീതത്തിലേക്കും അതിന്റെ വാദ്യങ്ങളായ "ഏക് താര'യിലേക്കും "ദോതാര'യിലേക്കും രാഷ്ട്രീയപ്പറ്റുള്ള ബിനുവിലെ കവി ആർജ്ജവത്തോടെ എത്തുന്നതും ഈ കവിതയിൽ കാണാം. ചുവടേ ചേർത്തിട്ടുള്ള വരികൾ അത് സാക്ഷ്യപ്പെടുത്തും.

ഓടക്കുഴൽ വാദകൻ കൂടിയായ ബിനു, ബാവുൽ ഗായകരോടൊപ്പം കേരളത്തിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്‌

ഇന്ദ്രിയങ്ങളിൽ
രസഗുള പടർത്തരുത്
അത് നിറയെ
കൊഴുത്ത രബീന്ദ്രസംഗീതമാണ്
......
......
‘എസ്രാജി'ൽ നിന്നും
‘ഏക് താര'യിലേക്കുള്ള ദൂരത്ത്
തൊരുൺദാസ് ബാവുലിന്റെ
വീടുകണ്ടു.

ബിനുവിന്റെ പല കവിതകളിലേയും ഇമേജറികളുടെ വിന്യാസത്തെ കൃത്യമായി ചിത്രകല, ഫോട്ടോഗ്രാഫി, സിനിമ തുടങ്ങിയ സങ്കേതങ്ങളിലേക്ക് ക്രമപ്പെടുത്താനാവില്ലെങ്കിലും ചില കവിതകളിലെ ദൃശ്യവിതാനങ്ങൾ ഒറ്റയ്ക്കും കൂട്ടായും നമ്മളെ സൂചിത കലകളിലേക്ക് കൊണ്ടുപോകാതിരിക്കില്ല.
സ്‌കൂൾ, വിൻഡ് ജേർണി, അവർ കുഞ്ഞിനെ തൊടുമ്പോൾ, മർച്ചന്റ് ഓഫ് ഫോർ സീസൺസ്, സിലൗട്ട്, തെറോൺ, അച്ചട്ട്, മരിച്ചയാൾ, ചൂണ്ടക്കാരൻ, കനി വീഴ്ത്തിയ കാറ്റുകൾ, പുലിവാഹ, വടകിഴക്കിൻ മായവെട്ടങ്ങൾതുടങ്ങിയ കവിതകളിലെ ചിലഭാഗങ്ങളെക്കുറിച്ച് സൂചിപ്പിക്കാതിരിക്കാനാവില്ല.

ഇടിമുഴങ്ങി
വിളക്കിനെ കാറ്റ്
വിരട്ടുമ്പോൾ
തിളങ്ങും കൊള്ളിയാൻ
വെട്ടത്തിൽ
ഞങ്ങൾക്കൊരു
കുടുംബഫോട്ടോയുണ്ട്.
(സ്‌കൂൾ)

കൊളമ്പിയൻ ബ്രൗണിൽ
കൊയ്ത്തുകാരെ
കാത്തുകിടക്കുന്ന
ഗോതമ്പുപാടം.
(വിൻഡ് ജേർണി)

പൊറത്ത്
നെല്ലിരുന്ന്
ചൊറിയുമ്പോൾ
തോട്ടിൽ
താറാവിനൊപ്പം
അരിവാളുമായി
മുങ്ങിനിവരുന്നു.
(അവർ കുഞ്ഞിനെ തൊടുമ്പോൾ)

വിളക്കുവെട്ടത്തിൽ
പെറ്റിക്കോട്ടിട്ട മകൾ
ഉപ്പൂറ്റിവരെ പുതയുന്ന
ചെളിയിൽ കാൽപുതച്ച്
കുളത്തിൽ
കാടിന്റെ ഇടയിലേക്ക്
ചൂണ്ടച്ചുള്ളികൊണ്ട് അനക്കി
ഒരു തടമുണ്ടാക്കി
അതിലേക്ക് ചൂണ്ടയിടുന്നു.
.........
..........
ചാറ്റൽ മഴയിൽ കൊച്ചാട്ടന്റെ വീട്
ചെങ്ങാടത്തിലിരുന്ന് നോക്കുമ്പോൾ
ചരിയുകയും തിരിയുകയും
ഭൂമിയിൽനിന്ന് പൊങ്ങുകയും
താഴുകയും ചെയ്യുന്നു.
(മർച്ചന്റ് ഓഫ് ഫോർ സീസൺസ്)

കൊയ്തുകൂട്ടിയ കറ്റ
ചുളുങ്ങിയ ബ്രഡ്ഡുപോലെ
നിരനിരയായ്
അടുക്കിവെച്ചിട്ടുണ്ട്
റോഡിന്നിരുവശവും.
........
.........
ബൾബുകളാൽ
കംബാർട്ടുമെന്റുകളായ്
തിരിച്ച ഒരു ട്രെയിൻ പോലെ
ആ വഴിയങ്ങനെ കിടന്നു.
(സിലൗട്ട്)

കടവിലെ പാലമരത്തിൽ
പൊട്ടിവന്നു കുരുങ്ങി
നിറം പോയ പട്ടങ്ങൾ
പടിഞ്ഞാറൻ കാറ്റിൽ
വാലൂർന്നിളകിപ്പറന്നു.
(തെറോൺ)

പെട്ടെന്ന് മഴവീണു
പിറകേയിടി മിന്നിത്തിളങ്ങി
മുറ്റത്തൂടെവയൊഴുകി മിനുസമായ്
ഓരോന്നിൻ വാലിൽക്കടിച്ചൊന്നായ്
ദൂരെയാറ്റിൻകര ലക്ഷ്യംവെച്ചു
(അച്ചട്ട്)

ഇപ്പോഴിരുട്ടും
ഇരുണ്ടവള്ളവും
അവരും ഒറ്റനിറത്തിന്റെ
ചിത്രമായ് നമുക്ക് നിശ്ചയിക്കാം.

തുഴയാൽ വാരിപ്പിടിക്കും
വെള്ളത്തിന്റെ മൂളലിൽ
വള്ളം പതുങ്ങിക്കുതിച്ചു.
(മരിച്ചയാൾ)

സൂര്യനെ പിളർത്താനെന്നവണ്ണം
പടിഞ്ഞാട്ട് കിടക്കുന്ന
കറുത്ത വെട്ടുകത്തിയുടെ
വായ്ത്തലപ്പിലൂടെന്നവണ്ണം
പുഞ്ചയ്ക്കും ആറിനും
നടുവിലൂടെ നടന്നു.
(ചൂണ്ടക്കാരൻ)

അവിടുത്തെ
മാന്തണലുകളിൽ
ഉച്ചകയറിയ കൊയ്ത്തുകാർ
കാറ്റിലുതിർന്ന
മാമ്പഴവും ചേർത്ത് പിഴിഞ്ഞ്
ചോറുണ്ട്
അവിടങ്ങളിൽ തന്നെ കിടന്നു.
(കനി വീഴ്ത്തിയ കാറ്റുകൾ)

ചെകിള ഇളക്കി
ചോര ഒലിപ്പിച്ച്
അനുസരണയുള്ള
കുഞ്ഞിനെപ്പോലെ
അത് വാലിളക്കി കിടന്നു.
(പുലിവാഹ)

അന്തംവിട്ട ഗ്രാമങ്ങൾ
മല്ലികപ്പൂവച്ച മുന്തിരിപ്പെണ്ണുങ്ങൾ
വെള്ളരിക്കുഞ്ഞുങ്ങൾ
നെല്ലറുക്കുമമ്മമാർ.
.........
.........
പുളിമരത്തിന് മാത്രമല്ല
കഥയെന്ന്
എരിയും വെയിൽ
കാവിപ്പിരിവുകൾ
പതുങ്ങിയ വേമ്പ്
കരിമ്പിൻ പാടങ്ങൾ
തെന്ന മരത്തോട്ടങ്ങൾ
അവയെ ചുറ്റിപ്പായും
ചെമ്പൻ ഗ്രാമപാതകൾ.
(വടകിഴക്കിൻ മായവെട്ടങ്ങൾ)

ഏതൊന്നിനെ കവിതയാക്കി മാറ്റുമ്പോഴും, വിവിധരൂപങ്ങളിൽ അതിനെ അവതരിപ്പിക്കുമ്പോഴും ബിനു തന്റെ സാമൂഹ്യ-രാഷ്ട്രീയ നിലപാടുകളും പ്രബലധാരാ സാഹിത്യ-ഭാവുകത്വ വിമർശങ്ങളും ഉതിരാതെ നോക്കുന്നുണ്ട്.
തമിഴ്‌നാട്ടിലെ ഒരു ഗ്രാമദൃശ്യത്തെ കവിതയാക്കുമ്പോൾ "പുളിമരത്തിന് മാത്രമല്ല കഥ'യുള്ളത് എന്നെഴുതുന്ന ബിനു സാന്ദർഭികമായി സുന്ദര രാമസ്വാമിയുടെ നോവൽ തള്ളിക്കളഞ്ഞവരുടെ കഥകളുടെ രാഷ്ട്രീയത്തെയാണ് ഉയർത്തിക്കാട്ടുന്നത്.

ബാവുൽ സംഗീതത്തിന്റെ സ്വാധീനം ബിനുവിന്റെ കവിതകളിൽ പ്രത്യക്ഷമാണ്. അദ്ദേഹത്തിന്റെ കവിതകളിൽ ബാവുൽ സംഗീതവും, കലാകാരന്മാരും 'കവിതാപാത്ര’ങ്ങളായി വന്നു പോകുന്നു

സൂചിതകവിത അത്തരം ജീവിതങ്ങളിലേക്ക്/ദൃശ്യങ്ങളിലേക്കാണ് ഫോക്കസ് ചെയ്യുന്നത്. വംഗനാട്ടിലെത്തുമ്പോഴും ബിനുവിന്റെ കവിത രബീന്ദ്രസംഗീതത്തോടല്ല മറിച്ച് അരികുവൽക്കരിക്കപ്പെട്ട ബാവുൾസംഗീതത്തോടും സന്താളന്മാരോടും ഒപ്പമാണ് നിലയുറപ്പിക്കുന്നതെന്ന് നമ്മൾ കണ്ടതാണ്.

ചിത്രകാരേയും ശില്പികളേയും പോലെ സംഗീതജ്ഞരും ചലച്ചിത്രപ്രതിഭകളും ചലച്ചിത്രങ്ങളും ബിനുവിന്റെ കവിതകളിലേക്ക് കടന്നുവരുന്നു അഥവാ കവിതകൾക്ക് പാത്രമാകുന്നു. ബോബ് മാർലി, ബിസ്മില്ലാഹ്ഖാൻ, ട്രേസി ചാപ്മാൻ, തൊരുൺദാസ്, ഫാസ്ബിന്ദർ, സിറോ ഗുവേര തുടങ്ങിയവർ ഇവരിൽ ചിലരാണ്. കൊളംബിയൻ സംവിധായകനായ ഗുവേരയുടെ ‘വിൻഡ് ജേർണി'യെ കുറിച്ച് ബിനുവിന് അതേപേരിൽ കവിതയുണ്ട്. ഡി സീക്കയുടെ ‘ബൈസിക്കിൾ തീവ്‌സും', ഫാസ് ബിന്ദറിന്റെ ‘മർച്ചന്റ് ഓഫ് ഫോർ സീസൺസും', ബർഗുമാന്റെ ‘വെർജിൻ സ്പ്രിംഗും', റോബർട്ട് എൻ റികോയുടെ ‘ആൻ ഒക്കറൻസ് അറ്റ് ഔൾ ക്രീക്കും' ബിനുവിന് കവിതകളാണ്. ഇവരെക്കൂടാതെ യഹോവ, ബുദ്ധൻ തുടങ്ങിയ ദൈവങ്ങളും, ഭഗത് സിംഗ്, ആസാദ്, ടാഗൂർ, ഇ.വി.ആർ, ഗാന്ധി, ചെഗ്വേര, ചെങ്കുട്ടുവൻ, സെൻ, ഓഷോ, കാൾ മാക്‌സ്, ഫുക്കുവോക്ക, നഞ്ചുണ്ടസ്വാമി, പൊക്കുടൻ, രാഘവൻ മാഷ്, ഇളയരാജ തുടങ്ങിയവരും ബിനുവിന്റെ കവിതയിൽ വന്നുപോകുന്നു.

ബിനുവിന്റെ കവിതകളിൽ പരക്കെ കടന്നുവരുന്ന മുഖ്യദേശം കുട്ടനാടാണ്. മറ്റൊരു ദേശം തമിഴ്‌നാടാണ്. ബംഗാളും ബിനുവിന്റെ കാവ്യദേശമാണ്. ‘വടകിഴക്കിൻ മായവെട്ടങ്ങൾ' കൂടാതെ തമിഴകം കാവ്യപരിസരമാകുന്ന കവിതകൾ നിരവധിയുണ്ട് ബിനുവിന്.

പൈങ്കിളിക്കണ്ണമ്മ, വരലാറ്റ്‌റിൻ കാൽതടങ്കൽ, കുയിൽ കുടി, കൺമതിപ്പ്, വടകിഴക്കിൻ മായവെട്ടങ്ങൾ, മൂലവെട്ടി, ആളിയും അണഞ്ഞും തുടങ്ങിയ കവിതകൾ ഉദാഹരണം. ‘പൈങ്കിളക്കണ്ണമ്മ' യിലെ ചിലവരികൾ ഇങ്ങനെ നീളുന്നു.

​​​​​​​വളർന്ന് മഞ്ഞച്ച
കൊയ്യാപ്പഴത്തിൻ കീഴെ
കണ്ണമ്മ നിന്നു.
.......
.........
കണ്ണുമുറിയുന്ന
ചെമ്മണ്ണകലങ്ങളിലേക്ക്
ഓടിപ്പോകും കണ്ണമ്മ.

‘വടകിഴക്കിൻ മായവെട്ടങ്ങൾ' തഞ്ചാവൂരിൽ നിന്നും കല്ലണയ്ക്കുള്ള യാത്രയിലുണ്ടായ കവിതയാണ്. 'വരലാറ്റ്‌റിൻ കാൽതടങ്കൽ' രാമേശ്വരം യാത്ര അവശേഷിപ്പിച്ച കവിതയാണ്. അതിൽനിന്നും ചിലവരികൾ.

മൂക്കുത്തി
മുളപ്പയർ
നിരനിരയായ്
മഞ്ഞൾ മുഖം
സാരിച്ചുവപ്പ്
രാജാസാറിൻ
ശീവാളിപ്പാട്ട്
ഘടശിങ്കാരി
തകിൽ മേളം

ഇമേജറികളിലൂടെ വ്യതിരിക്തത തേടുമ്പോഴും ഈ ദേശങ്ങുടെ ചിത്രീകരണത്തിലും ബിനുവിന്റെ കവിതകൾ മുമ്പോട്ടുവെക്കുന്ന സാമൂഹ്യ-രാഷ്ട്രീയവും, സൗന്ദര്യശാസ്ത്ര ഭാവുകത്വും ഒന്നുതന്നെയാണ്. അത് പലവിതാനങ്ങളിൽ വിന്യസിക്കപ്പെട്ടപ്പെട്ടിരിക്കുന്ന പാർശ്വവൽകൃത സമൂഹങ്ങളുടെ സൂക്ഷ്മരാഷ്ട്രീയത്തോടും ഇടപെടലുകളോടും ഐക്യപ്പെടുന്നതിനൊപ്പം, ആഗോള-ദേശീയ-പ്രാദേശീയ തലങ്ങളിൽ ഭരണകൂടവും അധികാരവർഗ്ഗങ്ങളും തെളിക്കുന്ന അധീശ്ശത്വത്തിന്റെ/ഹിംസകളുടെ/നീതിനിഷേധങ്ങളുടെ/അസഹിഷ്ണുതകളുടെ തേരോട്ടങ്ങളെ പ്രശ്‌നവൽക്കരിക്കുകയും ചെയ്യുന്നു.

നാഗാലാന്റിലെ കൊഹിമയിൽ ഒരു ഹെറിറ്റേജ് വില്ലേജിൽ പുല്ലാങ്കുഴൽ വായിക്കുന്ന ബിനു

മൂർത്തമായും അമൂർത്തമായും ബിനുവിന്റെ കവിതകളിൽ വിഭിന്നതയോടെ ദേശങ്ങൾ കടന്നുവരുന്നു. അനന്യവും സൂക്ഷ്മവും പ്രാദേശീയവുമായ ഇമേജറികൾകൊണ്ട് കെട്ടിപ്പടുക്കുന്ന ഈ അനുഭവദേശം രണ്ടായിരത്തിന് ശേഷമുള്ള മലയാളകവിതയിൽ അപൂർവമാണെങ്കിലും അപരിചിതമായ കാഴ്ചയല്ല. ‘മുടിക്കൽ പുഴ', ‘കോമാങ്ങ' എന്നീ സമാഹാരങ്ങളിലൂടെ ശ്രദ്ധേയനായ നന്ദനൻ മുളമ്പത്തിന്റെയും മറ്റും കവിതകളിൽ ഇത് വളരെ പ്രകടമാണ്.
ദേശങ്ങളെ സവിശേഷമായി എഴുതുന്നതിന് ബിനു കണ്ടെത്തുന്ന വാക്കുകളും ഇമേജറികളും നിറങ്ങളും ഫ്രെയിമുകളും ഈണങ്ങളും അതിന്റെ വിന്യാസവുമാണ് ബിനുവിന്റെ കവിതകളെ വ്യതിരിക്തമാക്കുന്നത്. ചിത്രകലയും, സിനിമയും, സംഗീതവും, ഫോട്ടോഗ്രഫിയും, ഇൻസ്റ്റലേഷനും മാത്രമല്ല, പ്രണയവും, സൗഹൃദവും, യാത്രയും, അലച്ചിലും, തുഴച്ചിലും, തൊഴിലും, കള്ളുകുടിയും, സ്വത്വാന്വേഷണങ്ങളും, ധാർമ്മിക രോഷങ്ങളും എഴുത്തിന് അപൂർവത നൽകുന്ന ഉള്ളെഴുത്തുകളായി, വാട്ടർ കളറിലെ വാഷുപോലെ ബിനുവിന്റെ കവിതകളിൽ പ്രവർത്തിക്കുന്നുണ്ട്.

അംബേദകറിസത്തിലും അടിസ്ഥാനജനതയുടെ ഇതര വിമോചന ചിന്തകളിലും അടിയുറച്ച സ്വത്വരാഷ്ട്രീയാവബോധം പേറുന്നവയാണ് ബിനുവിന്റെ കവിതകൾ. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ അടിമത്തവും, ജാതിയും, മാടമ്പിത്തവും, മതങ്ങളും, അധിനിവേശങ്ങളും, പ്രത്യയശാസ്ത്രങ്ങളും ചിന്നിച്ചിതറിച്ച ജീവിതങ്ങളെ അവ ചേർത്തുപിടിക്കുന്നു. ഓരോരോ കാലങ്ങളിൽ ഓരോ രീതിയിൽ അടിച്ചമർത്തപ്പെടുകയും ചതിക്കപ്പെടുകയും ചെയ്ത ജീവിതങ്ങളെ അവ ചെറുത്തുനിൽപ്പിനും പോരാട്ടങ്ങൾക്കും പ്രേരിപ്പിക്കുകയും ചെയ്യുന്നു. അയ്യൻകാളിയുടെയും പൊയ്കയിൽ അപ്പച്ചന്റെയും മുൻകൈയിൽ നടന്ന കേരളീയ നവോത്ഥാനത്തിന്റെ അലകളെ പിൻപറ്റികൊണ്ടും അടയാളപ്പെടുത്തിക്കൊണ്ടുമാണ് ബിനു തന്റെ ദേശത്തെ എഴുതുന്നത്.

‘അയിത്തവണ്ടി- ചില പ്രതിഷ്ഠാപനശ്രമങ്ങൾ' ഇതിനൊരു മികച്ച/പ്രകടവുമായ ഉദാഹരണമാണ്. ശ്രീനാരായണ ഗുരുവിന്റെ ഈഴവശിവപ്രതിഷ്ഠപോലെ കേരളത്തിന്റെ ജനാധിപത്യഹൃദയത്തിൽ തറയ്‌ക്കേണ്ട പ്രഖ്യാപനമായിരുന്നു ‘എന്റെ കുട്ടികളെ സ്‌കൂളിൽ കയറ്റിയില്ലെങ്കിൽ നിങ്ങളുടെ പാടത്ത് മുട്ടിപ്പുല്ല് മുളപ്പിക്കും' എന്നത്. പക്ഷെ അപരിഷ്‌കൃത കേരളത്തെ ജനാധിപത്യ കേരളമാക്കി മാറ്റിയതിൽ നിർണ്ണായക പങ്കുവഹിച്ച സംജ്ഞയായി മാറേണ്ട ‘മുട്ടിപ്പുല്ല്' എന്ന വാക്കിനെ പുരോഗമന കേരളം മറന്നുകളയുകയാണുണ്ടായത്. അതുകൊണ്ടാണ് കവിതയിലൂടെ ബിനു ചില ‘പ്രതിഷ്ഠാ'പനങ്ങൾക്ക് മുതിരുന്നത്.

ബിനുവിന്റെ ആദ്യ കവിതാ സമാഹാരം പാലറ്റിന്റെ പ്രകാശനച്ചടങ്ങ്. (ഇടതു നിന്ന്) എസ്. ജോസഫ്, കുരീപ്പുഴ ശ്രീകുമാർ, ബിനു, ചാരു നിവേദിത, കെ. കെ. ബാബുരാജ്, പാർത്ഥ സാരഥി വർമ, വി. വി. തങ്ക സാമി

സമാനസാഹചര്യങ്ങളിൽ തള്ളപ്പെട്ടുപോയ ദളിത് ജീവിതങ്ങളുടെ/ഇടപെടലുകളുടെ ‘പുനഃപ്രതിഷ്ഠാപന'ശ്രമങ്ങൾ തന്റെ കവിതകളിൽ ഉടനീളം നടത്തിവരുന്ന കവിയാണ് ബിനു. അയ്യൻ കാളിയ്ക്കും, അപ്പച്ചനും, മുട്ടിപ്പുല്ലിനും പുറമേ ഈ കവിതയിൽ വില്ലുവണ്ടിയും വൈക്കം സത്യാഗ്രവും പെരിയാറും കറുമ്പൻ ദൈവത്താനും പാമ്പാടി ജോൺ ജോസഫും വെള്ളിക്കര ചോതിയും ചരതൻ സോളമനും കണ്ടൻ കുമാരനും രാമൻ ചേന്നനും പാറടി ഏബ്രഹാമും ജ്ഞാന ജോഷ്വായും വേളിക്കായലും വെങ്ങാനൂരും തലേക്കട്ടും കടുക്കനും പള്ളിക്കൂടവും പഞ്ചമിയും പത്തുബീയേക്കാരും ഒക്കെ കടന്നുവരുന്ന ഈ ഇൻസ്റ്റലേഷൻ കവിത ഇങ്ങനെ തുടങ്ങുന്നു.

പുല്ല്
എന്ന സംജ്ഞയെ
അരക്ഷിതമായ
പുറമ്പോക്കുകളിൽനിന്ന്
ഭൗതിക ബോധത്തിലൂടെ
സെപ്പിയൻ നിറമുള്ള
പകലുകിലേക്ക്
പ്രതിഷ്ഠാപിക്കാം.

രണ്ട് നൂറ്റാണ്ടിനിടയ്ക്ക്
കണ്ടെത്തുന്ന
ആദ്യത്തെ
ഇമേജായി
നമുക്കിതിനെ കാണാം.

മിഷണറി പ്രവർത്തനത്തെ തള്ളിക്കളയുകയും അടിമത്താനുഭവത്തെ രൂപകമായി വീണ്ടെടുക്കകയും ചെയ്യുന്ന ഈ കവിതയെ അധിനിവേശാനന്തര വിമർശത്തിന്റെ ഭാഗമായി കാണാവുന്നതാണ്.

പോരാട്ടം
മിഷണറിമാരുടെ
കാൽക്കീഴിൽ നിന്നുമാറി
അടിമകളുടെ
നിഴലുകളാക്കി
സന്നിവേശിപ്പിക്കുന്നതിന്
കറുപ്പ് എന്ന നിറം തന്നെ
കൊടുക്കാം.

കൊളോണിയൽ കാലത്തെ മിഷണനറി പ്രവർത്തനങ്ങളുടെ വേർതിരിവും ചതിയും അതിന്റെ തുടർച്ചയെന്നുതന്നെ പറയാവുന്ന ദളിതർക്കിടയിലെ പെന്തക്കോസ്ത് ഇടപെടലുകളേയും ബിനു കവിതകളിൽ പ്രശ്‌നവൽക്കരിക്കുന്നുണ്ട്.

അതിനുമപ്പുറത്ത്
എരണ്ടയിറങ്ങിയ
പാടംപോലെ
ചതിച്ച ജന്മങ്ങളുടെ
കയം കാണാം

മിഷണറിമാരുടെ
കാൽക്കീഴിലേക്ക്
ഓടിമായുന്ന
നൂറായിരം മനുഷ്യരുടെ
നിഴല് കാണാം.
(പ്രകാശങ്ങൾ)

കാറ്റിണചേർന്ന
ഞങ്ങളുടെ കുടിലുകളിൽ
രണ്ടായിരം വർഷം
പഴക്കമുള്ള
മീശയില്ലാത്ത
പുസ്തകം വന്ന്
ചെറ്റപൊക്കുന്നു.
.........
............
നമുക്ക്
ഉടുത്തിരിക്കുന്ന തുണി
പറിച്ച് തലയിലിടാം
പ്രാർത്ഥിക്കാം.
(അവൻ വരുന്നു)

ദളിത് ക്രൈസ്തവരുടെ നിരവധിയായ പ്രശ്‌നങ്ങളും അവർ നേരിടുന്ന സവിശേഷ വിവേചനങ്ങളും പ്രതിപാദിക്കുന്ന സാഹിത്യ-സാഹിത്യേതര എഴുത്തുകൾ പലതുണ്ടെങ്കിലും, സുഹൃത്തായ എബി ജോൺസൻ കഴിഞ്ഞദിവസം എഫ്.ബി യിലെഴുതിയ ഒരു ചെറിയ പോസ്‌ററ് ഈ അവസരത്തിൽ ഓർമവരുന്നു. അതിങ്ങനെയാണ് ‘കറുത്തവന്റെ കൈ മുത്തിയ്ക്കാതെ ഞങ്ങളെ കാത്ത കർത്താവേ സ്‌തോത്രം'.

ജീവിത പങ്കാളി അമ്പിളിക്കൊപ്പം ബിനു

സാമൂഹ്യ വിവേചനങ്ങളിലും അനീതികളിലും ധർമ്മസങ്കടവും, വിയോജിപ്പും, പ്രതിഷേധവും, രോഷവും പ്രകടിപ്പിക്കുന്നവയുമാണ് ബിനുവിന്റെ കവിതകൾ. മതരപമായ ഹിംസകളേയും അപരവൽക്കരണത്തേയും അത് അഭിമുഖീകരിക്കാതിരിക്കുന്നില്ല. ദേശീയതയുമായി ബന്ധപ്പെട്ട ഭരണകൂട നിർബന്ധങ്ങളേയും അസഹിഷ്ണുതകളേയും അടിച്ചേൽപ്പക്കലുകളേയും അത് കാണാതിരിക്കുന്നില്ല. ഇതിനെ ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന "ബിസ്മില്ലാഹ്ഖാന്' എന്ന കവിത ഇങ്ങനെയാണ് അവസാനിക്കുന്നത്.

നിന്റെ
അഗ്രചർമ്മങ്ങൾ ചികഞ്ഞ്
പക പരതുന്ന
ദേശീയത
ചീന്നിപ്പോയ
ഞങ്ങളുടെ
മെസൊപ്പൊട്ടാമിയ.

മിഷണറി ‘ആധുനികത'യുടേയും സംഘപരിവാര ഫാഷിസത്തിന്റെയും ഇടപെടലുകൾക്കൊപ്പം ഇടതുപക്ഷ/തീവ്ര ഇടതുപക്ഷ പ്രവർത്തനങ്ങളും ആശയങ്ങളും അവശേഷിപ്പിച്ച ദളിത് ജീവിതങ്ങളേയും ബിനുവിന്റെ കവിതകൾ തീഷ്ണതയോടെ നെഞ്ചിൽതൊട്ടു എഴുതുന്നുണ്ട്. സർട്ടിഫിക്കററ്, പഴയ ക്ഷുഭിത യൗവ്വനങ്ങളെ സൂക്ഷിക്കുക, വസന്തത്തിന്റെ ഇടിമൊഴക്കം, തുടങ്ങിയ കവിതകളിലിത് പ്രകടമാണ്.

അവസാനത്തെയാളുടെ
വാരിയെല്ലുകൾ
ചെറുപ്പത്തിലേതന്നെ
അടിയന്തരാവസ്ഥ
അകത്തേക്ക്
ഒതുക്കിയിരുന്നു.
(സർട്ടിഫിക്കറ്റ്)

ഹസിനയെ ഉപേക്ഷിച്ച്
സരസ്വതിയെ കെട്ടും

ഒരു വർഷത്തിനുശേഷം
ഉണ്ടാകുന്ന കുഞ്ഞിന്
ഉണ്ണിക്കണ്ണൻ
എന്നുപേരിടും
കവിളിൽ നീലം പുരട്ടും
പീലിത്തൊപ്പി ഇടുവിക്കും
മുളന്തണ്ട് കടിപ്പിക്കും.
(പഴയ ക്ഷുഭിത യൗവ്വനങ്ങളെ സൂക്ഷിക്കുക)

നെഞ്ച് തടവുമ്പോൾ
കൈമുറിയുന്ന ചിലർ
ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്
വസന്തം പിടിച്ച്
ചൊമച്ച് ചൊമച്ച്.
(വസന്തത്തിന്റെ ഇടിമൊഴക്കം)

നോട്ട് ദ പോയന്റ് ‘വസന്ത' പിടിച്ചല്ല; ‘വസന്തം' പിടിച്ച്. വസന്ത എന്താണെന്നും, വസന്തം എന്താന്താണെന്നും വിശദീകരിക്കേണ്ടതില്ലല്ലോ.

ജീവിതത്തോട് അടുക്കുമ്പോൾ വ്യാജ ജാതി/വർഗ/മതേരതര/സവർണ ആണത്തിന്റെ പുള്ളിതെളിഞ്ഞ് ഇടതുപക്ഷ രാഷ്ട്രീയപുരുഷൻ ഹസീനയെവിട്ട് സരസ്വതിയെ പുൽകി സാംസ്‌കാരികമായി സംഘപരിവാര പുരുഷനായി മാറുന്ന ‘മഹത്തായ' കാഴ്ചയുടെ കവിതയാണ് 'പഴയ ക്ഷുഭിത യൗവ്വനങ്ങളെ സൂക്ഷിക്കുക'.

കനി വീഴ്ത്തിയ കാറ്റുകൾ എന്ന കവിതയിലും നൊസ്റ്റാൾജിയ എന്ന കവിതയിലും ഇടതുപക്ഷ രാഷ്ട്രീയ ഇടപെടലുകളുടെ പൊള്ളത്തരത്തെ ദളിത് പക്ഷത്തുനിന്നും തുറന്നുകാണിക്കുന്ന ഭാഗങ്ങളുണ്ട്. അസമിൽനിന്ന് കൊയ്ത്തിന് കേരളത്തിലെത്തിയവർ താമസിക്കുന്ന വീട്ടിൽനിന്നും ഉയർന്നുകേൾക്കുന്നത് 'അവരുടെ നാട്ടിലെ നാടകഗാനങ്ങളാകുമോ' എന്ന ‘കനി വീഴ്ത്തിയ കാറ്റുകളു'ടെ സംശയം അഥവാ ‘കറുത്ത'ഹാസ്യം മലയാളത്തിലെ ‘വിപ്ലവനാടകഗാനങ്ങളെ' അസാധുവാക്കുന്നുണ്ട്. കുറച്ചുകൂടി തുറന്നമട്ടിലാണ് 'നൊസ്റ്റാൾജിയ' സൂചിത വിഷയത്തിൽ അഭിപ്രായം പ്രകടിപ്പിക്കുന്നത്. പാർട്ടി സംഘടിപ്പിച്ച ‘അടിമച്ചങ്ങല'യിൽ പങ്കെടുത്തവർക്ക് അത് വേഗത്തിൽ മനസിലാകും.

മനുഷ്യച്ചങ്ങല
കഴിഞ്ഞ് വഴിതെറ്റി
കപ്പലണ്ടീം പച്ചവെള്ളോം
കുടിച്ചത്
ബാല്യകാല സ്മരണകൾ
ഉണർത്താനല്ല.

വിശ്വാസവും ആധുനികതയും പാർട്ടിയും ചതിച്ച/കൈയൊഴിഞ്ഞ ജീവിതങ്ങൾക്ക് പിടിവിട്ടുവീഴാൻ പുറമ്പോക്കുകളും കോളനികളുമല്ലാതെ കൃഷിഭൂമിയോ തറവാടോ മറ്റുവിഭവങ്ങളോ ഉണ്ടായിരുന്നില്ലല്ലോ. സ്വതന്ത്ര ചിന്തയിലും അവബോധത്തിലേയ്ക്കും എത്തിച്ചേരാൻ അവർ തേടിയ വഴികൾ ചരിത്രമാണ്. ഓർമ്മകളെയും അടിമത്തത്തെയും അവർ സ്വയം നിർണയത്തിന്റെയും നിർവ്വചനത്തിന്റെയും സർഗാത്മക പാഠങ്ങളായും അനുഭവങ്ങളായും വേർതിരിച്ചെടുത്തു. ആധുനിക യുക്തിയുടെ അതിരുകൾക്ക് പുറത്തേക്കിറങ്ങിനിന്ന് ഭൂതാവിഷ്ടതയുടെ തോളിൽ കൈയിട്ട്, നിലയുറപ്പിച്ച് ആത്മപ്രകാശനങ്ങൾ നടത്തി. സി. അയ്യപ്പന്റെ കഥാപാത്രങ്ങൾ ഈവിധം തന്റെ എതിർലോകത്തോട് പ്രതികരിക്കുകയും സംവാദത്തിലേർപ്പെട്ടവരുമാണ്. പലതരം അടരുകളുള്ള ദളിതരുടെ സങ്കീർണ്ണമായ ജീവലോകത്തുനിന്നും വിട്ടുപിരിയാത്ത ഭൂതാവിഷ്ടത പലപ്പോഴും അവരുടെ ജീവിതത്തിലും എഴുത്തിലുമൊക്ക മായികമായ ഇഫക്ടുകൾ ഉണ്ടാക്കാറുണ്ട്. ബിനുവിന്റെ കവിതകളിലുമുണ്ട് അന്യാദൃശ്യമായ ഇത്തരം അനുഭവലോകങ്ങൾ. തോട്ടുകോഴി എന്ന കവിത നോക്കുക.

ഇരുപത്തിനാലിന്റെ
ചിറയ്ക്ക്
പുലിമുട്ടിലെ
പാലച്ചുവട്ടിൽ
ഒരു മാടനുണ്ടായിരുന്നു

താറാവിനേം കൊണ്ടുപോയ
മാപ്ലച്ചനെ അടിച്ച്
മലരിയിൽ
കുത്തിനിർത്തിയിട്ടുണ്ട്

പണ്ട്
മട ഒറയ്ക്കാനായി
ചവിട്ടിപ്പതുക്കിയതാ

പാലക്കൊമ്പിൽ
പരുന്തിൻ കൂടുണ്ട്
അകലത്തിൽ
കരഞ്ഞുനടക്കുന്ന
ഒരൊറ്റപ്പരുന്തിന്റെ കൂട്.
(തോട്ടുകോഴി)

സ്വയം സംസാരിക്കുന്ന ഈ കവിതാശകലത്തെപ്പറ്റി അധികം പറയേണ്ടതില്ല. പൊയ്കയിൽ അപ്പച്ചന്റെ അടിമവിഷയവും പാട്ടുകളും ഉള്ളിലുള്ളവരുടെ വായന ഈ കവിതയിലെ "പരുന്തി'ലെത്തുമ്പോൾ കണ്ണുനിറയും. കവിതയിലെ പരുന്ത് അപ്പച്ചന്റെ പാട്ടുകളിലെ ചക്കിപ്പരുന്തിന്റെ തുടർച്ചയാണെന്ന് തോന്നാതെയുമിരിക്കില്ല.

‘ചൂണ്ടക്കാരൻ' എന്ന കവിതയിൽ ‘ഭാഷ വശമുള്ളതുപോലെ മൂളുകയും ഞരങ്ങുകയും ചെയ്യുന്ന, പതിനാല് വയസ്സെങ്കിലും വരുന്ന, മനുഷ്യക്കൊച്ചിനെപ്പോലെ നോക്കുകയും ചിരിക്കുകയും കണ്ണ് തൊറന്നടയ്ക്കുകയും' ചെയ്യുന്ന ഒരു വെളുത്ത വാളയുണ്ട്.

വിജനതയിൽ ഇരുട്ടിലൂടെ തനിച്ചുനടക്കുമ്പോൾ ആരിലും അരിച്ചുകയറുന്ന തരത്തിലുള്ള കുളിരും കിടുങ്ങലും ഈ കവിത വായിച്ചാൽ കൂട്ടത്തിൽകൂടും.ഭൂമിയിൽ തൊട്ടും തൊടാതെയും നിഴലില്ലാതെ മായങ്ങൾകാട്ടി കൂട്ടത്തിൽ സഞ്ചരിക്കുന്ന കവിത ഇങ്ങനെ അവസാനിക്കുന്നു.

കൈയിലിരുന്ന്
വഴുക്കാൻ തുടങ്ങിയ മീൻ
എന്നെ നോക്കി
കണ്ണ് മുഴപ്പിച്ച്
നെറ്റിനോക്കി ഒറ്റയിടി
എന്നെയും കൊണ്ടത്
ആറ്റിലേക്ക് മറിഞ്ഞു.

പൂച്ചക്കുട്ടിയ്ക്ക, മരിച്ചയാൾ എന്നീ കവിതകളിലും ആദ്യസമാഹാരത്തിന്റെ തുടക്കം ചേർത്തിട്ടുള്ള പേരില്ലാത്ത കവിതയിലുമുണ്ട് സാമാനമായ ഭൂതാവിഷ്ടതയുടെ വായനക്കുളിരും കിടുങ്ങലും ഉള്ളിലേക്ക് തെറിപ്പിക്കുന്ന ഭാഗങ്ങൾ.

പള്ളത്തിയേപ്പോലെ
പുള്ളിയുടുപ്പിട്ട നോട്ടങ്ങൾ
അകലെ നിന്നലറി വിളിച്ചു,
കുട്ടികൾ
കൂട്ടം കൂട്ടമായ്
മേഘങ്ങൾക്കിടയിലിരുന്ന്
ചിരിച്ചു.
(പൂച്ചക്കുട്ടിയ്ക്ക)

അവർ വിദൂരമായ ഒരു
ദുർഗന്ധത്തിന്റെ
ദൂരമളന്നു തുഴഞ്ഞു
..........
...........
അഞ്ചാമതൊരാളെപ്പോലെ
രൂക്ഷഗന്ധം പരന്നു തുടങ്ങി.
(മരിച്ചയാൾ)

രണ്ടോ മൂന്നോ
പല്ലുമാത്രം വന്ന
ഒരു കുട്ടി ഈ
വെള്ളത്തിലുണ്ട്.
(പേരില്ലാത്ത കവിത)

ബിനുവിന്റെ കവിതകളിൽ വീട് കാണപ്പെടുന്നത് സവിശേഷമായ ലക്ഷണങ്ങളോടെയാണ്. ഏതുദേശത്ത് കാണുന്ന വീടുകളുടെ ഇരിപ്പിൽനിന്നും പൊതുവായ ചിലതെടുത്ത് ബിനു കവിതയ്ക്ക് നൽകുന്നുണ്ട്. ശാന്തിനികേതനിലെ വീടുകൾ ബിനുവിന് ‘ആമയോളം ക്ഷമയുള്ള കുടിലുകളാണ്'. കഥാർസിസ് എന്ന കവിതയിലെ ഓലപ്പെരകൾ ‘കമഴ്‌ത്തോടു' പോലെയാണ്. എഫ്.ബി യിലെഴുതിയ ഒരു ചെറുകവിതയിലെ വീടിന് മേൽക്കൂര 'ആമത്തോടാ'ണ്. അതൊരു പരിച കൂടിയാണ്. ഇതാണ് ആ ചെറുകവിത.

ഓർമ്മയിൽ വീട്
ഒരു നനഞ്ഞ തീപ്പെട്ടി
മീൻമുള്ളിന്റെ വാളും
ആമത്തോടിന്റെ പരിചയും കൊണ്ട്
ഓച്ചിറക്കളിപോലെ
ചരിഞ്ഞ് ചരിഞ്ഞ്
ഒഴിഞ്ഞ് ഒഴിഞ്ഞ്
തടഞ്ഞ് തടഞ്ഞ്
ഓർമ്മയിലെ വീട്

ഈ കവിതയിൽ വീടിന്റെ ഉടലല്ല അതിന്റെ ഇടപെടലും സ്വഭാവവും വിശദാംശങ്ങളുമാണ് ഓർമ്മയിൽ കുത്തുന്നത്. ചൂണ്ടക്കാരൻ എന്ന കവിതയിൽ വീടുകൾക്കല്ല വീടിരിക്കുന്ന പരിസരത്തിനാണ് പ്രധാന്യം.

എസ്. ജോസഫ്, അഭിജിത്ത് എന്നിവർക്കൊപ്പം ബിനു

പക്ഷേ വീടവിടെ ഇരിക്കുന്നതുകൊണ്ടാണ് പരിസരങ്ങൾ കവിതയിലിങ്ങനെ മുഖം കാണിക്കുന്നത്. ആ പരിസരങ്ങൾ മലയാളകവിതയ്ക്ക് അത്ര പരിചിതമാണെന്ന് തോന്നുന്നില്ല; അവിടങ്ങളിൽ വീടുകളുണ്ടെന്നും അവയ്ക്കുള്ളിൽ മനുഷ്യർ ജീവിക്കുന്നുണ്ടെന്ന കാര്യവും. ആകയാലത് അപ്പാടെ ചുവടെ ചേർക്കുന്നു.

വലിയ പാലയും
അതിലെ പരുന്തിൻ കൂടും
ഇലഞ്ഞിയും കാഞ്ഞിരവും
പിടിമുറ്റാത്ത കാട്ടുവള്ളിയും
അതിൽ നിറയെ
പലതരം കിളികളും
നിറഞ്ഞ മരത്തിന് താഴെ
ഒരു ചെറിയ
വീട്ടിലാണ് താമസം.
............
.............
ഓളം തല്ലുന്ന മണൽത്തിട്ടുള്ള
ഒലിച്ചുപോയ മണ്ണിനെ തടഞ്ഞ്
വേരുകൾ പടിപോലെ തോന്നിക്കുന്ന
കൂറ്റൻ ഇലവുമരത്തിന്റെ കീഴിൽ
ഓലമേഞ്ഞ് പനമ്പ് തറച്ച
ഒരു വീട്.
(ചൂണ്ടക്കാരൻ)

മിന്നിമറയുന്ന ദൃശ്യങ്ങൾക്ക് ബിനുവിന്റെ കവിതകളിൽ യാതൊരു ക്ഷാമവുമില്ല. അപ്രതീക്ഷിതമായി പൊടുന്നനെ ഇടതുകൈകൊണ്ട് ചെകിട്ടത്ത് അടികിട്ടുന്നതുപോലെയാണ് ഈ മിന്നലും മറയലും. 'ഒരുവെട്ടിന് ഒരോർമ്മ' എന്ന് 'എത്‌നോഗ്രാഫി' എന്ന കവിതയിൽ ബിനു എഴുതുന്നതിന് തുല്യമാണീ അനുഭവം. പരൽമീൻ പോലെ വായനയ്ക്കിടയിൽ പാളിപ്പോകുന്ന ചില കവിതാശകലങ്ങളെക്കൂടി എന്റെയീ വായനയുടെ കോർമ്പലിൽ കോർക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

കായലിൽ മടകെട്ടുന്ന
നീലപ്പേശിയുള്ള അപ്പൂപ്പൻ.
(പ്രകാശങ്ങൾ)

പെട്ടെന്ന്
കൈതപൂത്തു.
(പൂച്ചക്കുട്ടിയ്ക്ക)

എന്തിനാണ്
ഒരു കുട്ടിമാത്രം
ജീവിച്ചിരിക്കുന്നത്.
(വാർഡ്)

പെങ്ങളകത്തുണ്ടെന്ന്
വൃത്തിയായ മുറ്റം
കണ്ടാലറിയാം.
(ചിപ്രൻ)

കിളി തിളയ്ക്കും
മരങ്ങൾ.
(ചേക്കകൾ)

എന്റെ ദിശയും
നിൽപ്പുമാണ്
എന്റെ കിഴക്ക്.
(കള്ളൻ)

പിടിച്ചിട്ട ചേറുമീൻ പോൽ
താളം നിമിഷത്തെ
നിശ്ചയിക്കുമ്പോൾ.
(ജുഗൽബന്ദി)

കിഴക്ക് കൊണ്ടുവച്ച
വെട്ടത്തിന്റെ ഓറഞ്ച്
നിറമുള്ള കതിരിൽ.
(ആമ്പലും തീയും)

കൊഴച്ച കപ്പക്ക് മീതെ
മീഞ്ചാറിന്റെ ഇരുട്ടുപടരുന്നു.
(സ്‌ട്രേഞ്ച് ഫ്രൂട്ട്)

മോഡേൺ ബ്രഡിന്റെ
നിറമായിരുന്നു
ആ കാലത്തിന്.
(പോസ്റ്റർ)

ഉച്ചപ്പടം കണ്ടമൂച്ചിന്
കപ്പക്കാടും
ആറ്റുമാലിക്കകത്തെ
വാഴക്കൂട്ടവും കുലുങ്ങി.
(ഉത്സവങ്ങൾ)

ചാരമുയൽക്കുഞ്ഞുങ്ങൾ
പ്രതീക്ഷകളിൽ
ചാടിച്ചാടിപ്പോയ്.
(ആളിയും അണഞ്ഞും)

മുറുക്കാൻ കറയുള്ള പല്ല്
ഏതംപകരണത്തിന്റെ
തന്ത്രിയാണ്.
(പാലങ്ങൾ ജിപ്‌സികൾ)

കടവിലെ
ആറ്റുവഞ്ചിച്ചെടിയിൽ
പൊട്ട് ഒട്ടിപ്പിടിച്ചിരിക്കുന്നു.
(ലൗ ലെറ്റർ)

രണ്ടോ മൂന്നോ വാക്കുകളോ, വരികളോ കൊണ്ട് തലയ്ക്കുപിടിക്കുന്ന അനുഭൂതികളുടെ വെള്ളക്കെട്ടുകൾ തുറന്നുവിടുന്ന ബിനു ആറ് വാക്കുകൾകൊണ്ട് ഒരു കവിതയ്ക്ക് തലക്കെട്ട് തീർത്തിട്ടുണ്ട്. ‘ആറ് ദാർശനികർ ചേർന്ന് നാടകത്തിൽനിന്നും അമവാസിയെ ഒഴിവാക്കുന്നു' ഇതാണാ തലക്കെട്ട്. ഇതിലെ ‘അമാവാസി' എന്നത് ഒരു ബാലന്റെ പേരാണെന്ന് കവിത വായിച്ചാലേ അറിയൂ. ഇതിനുമുമ്പ് Yesterday എന്ന സൗത്താഫ്രിക്കൻ സിനിമയിലാണ് ഇതുപോലെ അത്യപൂർവവും സുന്ദരവും അർത്ഥവത്തുമായ ഒരുപേരിനെ ഞാൻ നേരിടുന്നത്. സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ പേരായിരുന്നു യെസ്റ്റർഡെ. ലെലെതി ഖുമാല എന്ന നടിയായിരുന്നു യെസ്റ്റർഡെ ആയത്.

മലയാളത്തിൽ വേരുകളും തമിഴിൽ ഇലച്ചിലുകളുമുള്ള ഒരുമരം പോലെയാണ് ബിനു എന്ന് ചില കവിതകളെങ്കിലും വായിക്കുമ്പോൾ തോന്നിയിട്ടുണ്ട്. കവിത മലയാളത്തിൽ എഴുതുമ്പോഴും എഴുതപ്പെടുന്ന ദേശത്തോട് നീതിപുലർത്താനായി ബിനു തമിഴ് വാക്കുകളും ഇമേജറികളും ഉപയോഗിക്കാറുണ്ട്. തമിഴകത്തോടും തമിഴ് കവിതയോടുമുള്ള ബിനുവിന്റെ ഇഴയടുപ്പം സുഹൃത്തുക്കൾക്ക് ഇടയിലെങ്കിലും സുവിദിതമാണ്.

തമിഴ് കവി എൻ. ഡി. രാജ്കുമാറിനൊപ്പം ബിനു

2017 ൽ കുമളിയിൽ വെച്ചുനടന്ന മലയാളം-തമിഴ് കവികളുടെ ക്യാമ്പിന്റെ മുഖ്യസംഘാടകൻ ബിനുവായിരുന്നു. എൻ.ഡി. രാജ്കുമാറിന്റെ കവിതകൾ ‘തെറി' എന്നപേരിൽ ബിനു തമിഴിൽനിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. രാജ്കുമാറുമായി ചേർന്ന് ബിനു ‘ഒലിക്കാത ഇളവേനിൽ' എന്ന പേരിൽ ശ്രീലങ്കൻ തമിഴ് പെൺകവിതകൾ മലയാളത്തിൽ മൊഴിമാറ്റിയിട്ടുണ്ട്. പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകൾ തമിഴിലെത്തിക്കാൻ രാജ്കുമാറിനും അനിൽ കാവുങ്കലിനുമൊപ്പം പണിപ്പെട്ടിട്ടുണ്ട്. ഗ്രാമീണബംഗാളും ശാന്തിനികേതനും ബാവുൾ സംഗീതവുമായും ബിനുവിന് അനുഭവപരമായ അടുപ്പങ്ങളുണ്ട്. 2006 ലും 2011 ലും ബിനു പുല്ലാങ്കുഴൽ വാദകനായി ബാവുൾ ഗായകർക്കൊപ്പം പലയിടങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്.

അസാധ്യ കവിയായ ബിനു മറ്റുപലതും കൂടിയാണ്. പല്ലാങ്കുഴൽ വാദകനാണ്, ചിത്രകല, സംഗീതം, സിനിമ തുടങ്ങിയ കലകളിൽ അസാമാന്യമായ അറിവുള്ളയാളാണ്. മനസ്സിന്റെ അടിത്തട്ടിനെ തൊടുന്ന ഓർമ്മക്കുറിപ്പുകളും യാത്രാക്കുറിപ്പുകളും എഴുതുന്നയാളാണ്. മികച്ച പുസ്തകങ്ങളേയും സിനിമകളേയും നിതാന്തമായി തേടുന്നയാളാണ്. സർവോപരി ഹൃദയത്തെ പിൻതുടരുന്നയാളാണ്. സാഹിത്യത്തിലെ ഓടക്കുഴലാണ് കവിത എന്നു ചിലപ്പോൾ തോന്നിയിട്ടുണ്ട്. ‘കാറ്റല്ലാതെ ഒന്നുമല്ല ഓടക്കുഴലെ'ന്ന് ഇളയരാജ പറഞ്ഞിട്ടുണ്ട്. കാറ്റ് ഓടക്കുഴലിൽ ചെയ്യുന്നതാണ് ജീവിതം കവിതയിൽ ചെയ്യുന്നതെന്ന് തോന്നുന്നു. ‘ജീവിതമല്ലാതെ ഒന്നുമല്ല കവിത' എന്ന് ബിനുവിന്റെ കവിതകളുടെ വായന അടിവരയിടുന്നു. കവിതയും ഓടക്കുഴലും പ്രാണനായ ബിനുവിന്റെ ‘വൃദ്ധനായ ഒരാൾ ഓടക്കുഴൽ വായിക്കുന്നു' എന്ന കവിതയിലെ ചില വരികൾ/സ്വരങ്ങൾ എടുത്തെഴുതിക്കൊണ്ട് ഈ കുറിപ്പ് മുഴുമിപ്പിക്കാമെന്ന് കരുതുന്നു.

കണ്ണുകളടച്ച്
ചുണ്ടിൽ കാറ്റുകൊണ്ടൊരു
സുഷിരമുണ്ടാക്കി
താഴെയുള്ള സുഷിരത്തിലേക്ക്
മൂശയിലേക്കെന്നപോലെ
പ്രാണനെ ഉരുക്കി ഒഴിക്കുന്നു.

Comments