അദാനിയെ ‘രക്ഷകനാ'യി അവതരിപ്പിക്കുന്നതിനുപുറകിൽ

കേരളത്തിൽ വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെയുള്ള പ്രതിരോധത്തിന് ഒരു മുദ്രാവാക്യത്തിന്റെ പിൻബലമില്ല. അദാനിയെയാണോ എതിർക്കുന്നത് അതോ ഇത്തരം കുത്തകവൽക്കരണം ജനാധിപത്യ സർക്കാരിനെ അപ്രസക്തമാക്കുന്നതിനെയാണോ എന്ന വ്യക്തതയിലേക്ക് ഇതുവരെ എത്തപ്പെട്ടിട്ടില്ല. സർക്കാരും മൂലധനവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ, മൂലധനവളർച്ച ജനാധിപത്യത്തെ എങ്ങനെ ദുർബലപ്പെടുത്തുന്നു എന്ന് പരിശോധിക്കപ്പെടുന്നു

ർക്കാരും മൂലധനവും തമ്മിലുള്ള ബന്ധത്തിന് നീണ്ടകാല ചരിത്രമുണ്ട്. പൊതുവിൽ മറന്നുപോകുന്ന ചില ചിത്രങ്ങൾ ഓർമപ്പെടുത്താനുള്ള ശ്രമമാണ് ഈ ലേഖനം. കൊളോണിയൽ അധികാരം എങ്ങനെ മൂലധനത്തെ സംരക്ഷിച്ചു എന്നത് ഇന്ത്യൻ ചരിത്രം കൂടിയാണ്. കൊളോണിയൽ ചരിത്രപഠനത്തിന്റെ പശ്ചാത്തലമില്ലാതെ തന്നെ പഠിക്കേണ്ട ചില മൂലധന ചരിത്രവും ഉണ്ട്, അത് ഇന്നും തുടരുന്നു എന്നതും വിസ്മരിക്കാൻ കഴിയില്ല.

നാസികളും മൂലധനശക്തികളും തമ്മിലുണ്ടായിരുന്ന ബന്ധം വർത്തമാനകാലത്തിൽ ഗൗരവ വിശകലനം അർഹിക്കുന്നുണ്ട്. നാസി കാലത്തെ സാമ്പത്തിക വ്യവസ്ഥയെ കുറിച്ചുള്ള മാക്‌സിൻ സ്വീസ്യയുടെ പുസ്തകത്തിൽ പറയുന്നത് പ്രധാനമായും, നാസികളുടെ കാലത്തെ സ്വകാര്യവൽക്കരണത്തിന്റെ പ്രത്യേകതകളെ കുറിച്ചാണ്. ആ കാലത്തുതന്നെ സർക്കാർ സ്വകാര്യവൽക്കരണത്തെ വൻതോതിൽ പ്രോത്സാഹിപ്പിച്ചിരുന്നു, അതേസമയം, അക്കാലത്ത് എല്ലാ സ്വകാര്യകമ്പനികൾക്കും കടന്നുചെല്ലാനും കഴിയുമായിരുന്നില്ല. നാസി പാർട്ടിക്കും സർക്കാരിനും സാമ്പത്തിക പിന്തുണ നൽകുന്ന കമ്പനികൾ മാത്രമാണ് നേട്ടമുണ്ടാക്കിയത് എന്ന് ഈ പുസ്തകം രേഖപ്പെടുത്തുന്നു. നാസികളുടെ മനുഷ്യത്വവിരുദ്ധ ഭരണചരിത്ര പഠനങ്ങളിൽ അത്രകണ്ട് ശ്രദ്ധിക്കപ്പെട്ടതല്ല ഈ പുസ്തകം. നാസിവിരുദ്ധതയെ എതിർക്കുന്ന ഇടതു-ഉദാര ചിന്തകൾ വേണ്ടത്ര ശ്രദ്ധിക്കാതെ പോയതാണ് നാസികൾക്ക് അക്കാലത്തെ വൻകിട കോർപറേറ്റുകളിൽ നിന്ന് കിട്ടിയ വൻതോതിലുള്ള പിന്തുണ. ഹിറ്റ്‌ലർക്ക് ജൂതരെ കൊന്നൊടുക്കുന്നതിന്റെ കണക്കെടുക്കാൻ ആ കാലത്തെ ഏറ്റവും ആധുനികമായ സാങ്കേതിക സൗകര്യത്തിന്, ഐ.ബി.എം (I B M ) കമ്പനി സഹായിച്ചിരുന്നതായി എഡ്വിൻ ബ്ലാക്ക് എഴുതിയ ഐ.ബി.എം ആൻഡ് ഹോളോകോസ്റ്റ് എന്ന പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്.
ഇന്ത്യയിൽ നടപ്പിലാക്കപ്പെടുന്ന സാമ്പത്തികനയങ്ങൾ പൂർണതയിലേക്ക് കടക്കുന്ന ഒരു ഘട്ടത്തിൽ ഗൗരവമായി മനസ്സിലാക്കേണ്ടതും ചർച്ച ചെയ്യേണ്ടതുമായ ആശയങ്ങൾ കൂടിയാണ് മുകളിൽ പറഞ്ഞ പുസ്തകങ്ങൾ ചർച്ച ചെയ്യുന്നത്. മാറുന്ന സർക്കാർ നയങ്ങളോടൊപ്പം, ഇന്ത്യൻ സ്വകാര്യ മേഖലയിലുണ്ടാകുന്ന മാറ്റങ്ങളും ചർച്ച ചെയ്യേണ്ടതാണ്. മൂലധനവളർച്ച ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു എന്നും മനസ്സിലാക്കേണ്ടതുണ്ട്.

മൂലധനും അധികാരവും

ആഗോളവും പ്രാദേശികവുമായ മൂലധനങ്ങൾ അതിവേഗം വളർന്നതിന്റെ ചരിത്രം പഠിച്ചാൽ, അധികാരവും മൂലധനവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാം. ‘പോളിസ്റ്റർ പ്രിൻസ്’ എന്ന അംബാനിയുടെ ജീവചരിത്രത്തിനും അദാനി രാജ്യത്തെ മറ്റേതു സ്വകാര്യ വ്യക്തികളേക്കാളും വേഗത്തിൽ വളർച്ച നേടിയതിനും പുറകിൽ ഇത്തരം കണ്ണികളുണ്ട്. രാഷ്ട്രീയപാർട്ടികളുടെ അജണ്ട നിശ്ചയിക്കുന്നതിൽ പോലും ഇത്തരം ഇടപെടലുണ്ടാകാറുണ്ട്. പത്രപ്രവർത്തകനായ പരൻജോയ് ഗുഹ താകുർത്തയും സുബീർ ഘോഷും ചേർന്നെഴുതിയ പുസ്തകവും, താകുർത്തയുടെ പുസ്തകവും ഇന്ത്യയിൽ എങ്ങനെയാണ് ഈ ബന്ധം രൂപപ്പെടുന്നത് എന്ന് വിശദീകരിക്കുന്നു. ഇത്തരം ബന്ധങ്ങൾ പൊതുവിൽ ജനാധിപത്യത്തെ ദുർബലപ്പെടുത്തിക്കൊണ്ടാണ് മുന്നേറുന്നത്. സുപ്രധാന സാമ്പത്തിക തീരുമാനങ്ങൾ പാർലമെന്റിൽ നിന്ന് മാറി പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേക്ക് ചുരുക്കപ്പെടുന്നതും, ഇത്തരം അധികാര കേന്ദ്രങ്ങളെ സ്വകാര്യ കോർപറേറ്റുകൾ നിയന്ത്രിക്കുന്നതും ഇന്ത്യ മഹാരാജ്യത്ത് സാധാരണ സംഭവമായിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖം

ഇത്തരം ബന്ധങ്ങളിൽകൂടി ശക്തിപ്പെടുന്ന മുതലാളിത്തം മുതലാളിത്തത്തിന്റെ തന്നെ മൂല്യങ്ങളെ നിഷേധിച്ചുകൊണ്ടാണ് മുന്നേറുന്നത്. വിപണിയിലെ മത്സരം എന്നത് ഒരു മുതലാളിത്ത യുക്തിയാണ്, എന്നാൽ പുതിയ കാലത്തെ മുതലാളിത്തം മത്സരത്തിനല്ല, പകരം സർക്കാരിനെ നിയന്ത്രിച്ച് മൂലധനം കേന്ദ്രീകരിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്. ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതോടെ ഈ ബന്ധം കൂടുതൽ സുതാര്യമായി എന്ന് പറയാം.

കോൺഗ്രസ് ആണ് രാജ്യത്ത് സ്വകാര്യവൽക്കരണം തുടങ്ങിവച്ചത് എങ്കിലും ഈ പ്രക്രിയ വേഗത്തിലാക്കിയത് ബി.ജെ.പി സർക്കാരാണ്. വാജ്പേയി സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച ഓഹരി വിറ്റഴിക്കൽ നയം പൂർണ്ണതയിൽ എത്തിക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്തികളുടെ മൂല്യം നിശ്ചയിക്കാതെ പ്രവർത്തനചെലവ് മാത്രം അടിസ്ഥാനമാക്കി വില നിശ്ചയിക്കുന്ന രീതിയിലാണ് പൊതുമേഖലാസ്ഥാപങ്ങൾ വിറ്റഴിച്ചത്. പലപ്പോഴും ഈ സ്ഥാപനങ്ങൾ വ്യക്തി​കൾക്കും സമൂഹത്തിനും നൽകുന്ന സേവനങ്ങളെ പൂർണമായും നിഷേധിച്ചായിരുന്നു ഇത്തരം കച്ചവടങ്ങൾ, പലപ്പോഴും സർക്കാരിന്റെ നഷ്ടം പെരിപ്പിച്ചുകാണിച്ചും. ഇത്തരം സ്ഥാപനങ്ങൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്ക് നൽകിയത് ക്ഷേമരാഷ്ട്ര സുരക്ഷയും കൂടിയാണ്. എന്നാൽ ഇത്തരം ക്ഷേമരാഷ്ട്ര സങ്കൽപങ്ങൾക്കുണ്ടായിരുന്ന രാഷ്ട്രീയ ഉടമസ്ഥത ഇല്ലാതായിതീർന്നിട്ടുണ്ട്.

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയും- ഇടതുപക്ഷമടക്കം- സർക്കാർ ഉടമസ്ഥയിലുള്ള ഒരു ക്ഷേമരാഷ്ട്ര ഇടപെടൽ ആഗ്രഹിക്കുന്നില്ല എന്നതാണ് വസ്തുത. രാഷ്ട്രീയ പാർട്ടികൾ ജനങ്ങളോട് നടത്തുന്ന ആശയവിനിമയം പോലും ഇത്തരം ക്ഷേമരാഷ്ട്ര സുരക്ഷയെപ്പറ്റിയല്ല. മതവും, ദേശസുരക്ഷയും അതോടൊപ്പം അപരവൽക്കരണവും ചേർന്ന ഒരു പ്രത്യേക സഹചര്യത്തിൽ സർക്കാരിനോട് ചേർന്നു നിൽക്കുന്ന മൂലധനശക്തികൾ, രാജ്യത്തിന്റെ നിലനിൽപ്പിനും വികസനത്തിനും അനിവാര്യമാണെന്ന ഒരു പൊതുകാഴ്പ്പാട് രൂപപ്പെടുത്തിയെടുക്കുന്നതിൽ ഭരണകൂടങ്ങൾ വിജയിച്ചു എന്നതും വിസ്മരിക്കാൻ കഴിയില്ല.

ആരെയാണ് നിങ്ങൾ എതിർക്കുന്നത്?

ക്ഷേമരാഷ്ട്ര ആശയങ്ങളെ പോലും തങ്ങളുടെ സാമ്പത്തിക താൽപര്യത്തിന് പ്രയോജനപ്പെടുത്തുന്നതിൽ ഇത്തരം കേന്ദ്രീകൃത മുതലാളിത്തത്തിന് കഴിയുന്നുണ്ട്. കുറഞ്ഞ ചെലവിൽ ഫോൺ വിളിയ്ക്കാനും ഇന്റർനെറ്റിനുമുള്ള സൗകര്യം കിട്ടുന്നതിനുപിന്നിൽ കുത്തകവൽക്കരണം എന്ന മത്സരമുതലാളിത്വ ആശയത്തിന്റെ പരാജയമാണ് എന്നും അങ്ങനെ ഒരു സാമ്പത്തിക നിയന്ത്രണത്തിലേക്ക് ഒരു രാജ്യം എത്തുന്നത് ഭരണകൂടത്തെ നിയന്ത്രിച്ചുകൊണ്ടുകൂടിയാണ് എന്നും തിരിച്ചറിയേണ്ടതുണ്ട്. എന്നാൽ കുറഞ്ഞ ചെലവിലെ സേവനങ്ങൾ ഇത്തരം ഗൗരവ വിഷയങ്ങളിൽ നിന്ന് മാറി ചിന്തിക്കാൻ ഇടയാക്കുന്നുണ്ട്. പതിവില്ലാതെ ഒരു വലിയ സമൂഹത്തെ ഒരു കമ്പനിയുടെ ഉപഭോക്താക്കളാക്കി മാറ്റുന്നതിലൂടെ ഇത്തരം മൂലധനങ്ങൾ സംരക്ഷിക്കേണ്ട സാമൂഹിക ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടിവരും. ഇന്ത്യയിലെ ടെലികോം മേഖലയിലെ മാറ്റം പഠിച്ചാൽ ഇത് മനസ്സിലാകും. ഒന്നോ രണ്ടോ കമ്പനികളിലേക്ക് ഇത്തരം സേവനങ്ങൾ ചുരുക്കപ്പെടുന്നതോടെ പൗരനുവേണ്ടി സർക്കാരിന് ഈ കമ്പനികളെ നിലനിർത്തേണ്ടിവരും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, മൂലധനത്തിന് സർക്കാർ സംരക്ഷണം ഉറപ്പാക്കേണ്ടിവരും എന്നർത്ഥം. അത്തരം അവസ്ഥയിൽ ജനാധിപത്യത്തിനുള്ള പ്രസ‌ക്തി ഒരു ചോദ്യചിഹ്നമായി മാറും.

തിരുവനന്തപുരം വിമാനത്താവളം

കേരളം ഈ പ്രക്രിയയിൽ നിന്ന് മാറിനിൽക്കുന്ന പ്രദേശമൊന്നുമല്ല. വിഴിഞ്ഞം തുറമുഖത്തിനായി കേരളത്തിൽ നടന്ന ‘ജനകീയ' സമരങ്ങൾ ഇതിനുപിന്നിലെ മൂലധന താൽപര്യത്തെ അവഗണിക്കുകയായിരുന്നു. മലയാള പത്രങ്ങൾ അദാനിയെ ഒരു രക്ഷകനായി അവതരിപ്പിച്ചു, എന്നാൽ ഇതൊരു സ്വകാര്യ -സർക്കാർ പങ്കാളിത്ത പദ്ധതിയാണ് എന്നും അതുകൊണ്ട് തന്നെ സർക്കാരിന് ചില ഉത്തരവാദിത്തങ്ങൾ ഉണ്ട് എന്നും വിസ്മരിക്കപ്പെട്ടു. അഷ്നി, സന്തോഷ് എന്നിവർ എഴുതിയ പ്രബന്ധത്തിൽ പറയുന്ന ഒരു വസ്തുത ഗൗരവമായി കാണേണ്ടതാണ്: പൊതുവിൽ കേരളത്തിലെ മൽസ്യതൊഴിലാളി മേഖലകളിൽ ക്രിസ്ത്യൻ പള്ളികൾക്ക് വലിയ സാമൂഹിക അധികാരങ്ങൾ ഉണ്ട്​. എന്നാൽ, വിഴിഞ്ഞത്ത് പള്ളികൾ വികസന വിരോധികൾ എന്ന് മുദ്ര കുത്തപ്പെടുമോ എന്ന ഭയം കൊണ്ടാണ് പദ്ധതിക്കെതിരെ പ്രതികരിക്കാതിരുന്നത് എന്ന് അവർ ഈ പ്രബന്ധത്തിൽ പറയുന്നു.
പരിസ്ഥിതി സംരക്ഷണവും, മൂലധന വിരുദ്ധതയും മുന്നോട്ടുവയ്ക്കുന്നവരെ വികസന വിരോധികൾ എന്ന് മുദ്രയടിക്കുന്നത് ഇടതു-വലതു വ്യതാസമില്ലാതെ തുടരുന്നതും നേരത്ത സൂചിപ്പിച്ച കുത്തകവൽക്കരണത്തിന്റെ നേട്ടമാണ്. ഇതിനെ, വികസനത്തിന് കിട്ടുന്ന പൊതുഅംഗീകാരമായിട്ടാണ് കണക്കാക്കപ്പെടുന്നത്, അതുകൊണ്ട് തന്നെ പൗരസമൂഹത്തിന് പ്രതിരോധത്തിന്റെ ഭാഷ നഷ്ടമാകും.

കേരളത്തിൽ വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെയുള്ള പ്രതിരോധത്തിന് ഒരു മുദ്രാവാക്യത്തിന്റെ പിൻബലമില്ല എന്നതും ശ്രദ്ധേയമാണ്. അദാനിയെയാണോ എതിർക്കുന്നത് അതോ ഇത്തരം കുത്തകവൽക്കരണം ജനാധിപത്യ സർക്കാരിനെ അപ്രസക്തമാക്കുന്നതിനെയാണോ എന്ന വ്യക്തതയിലേക്ക് എത്തപ്പെട്ടിട്ടില്ല. പുതിയ കാലത്തെ ജനാധിപത്യത്തെ വിലയിരുത്തേണ്ടത് ഈയൊരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ കൂടിയാകണം.

ഗ്രന്ഥസൂചിക:
Ashni, A. L and R. Santhosh.2019. Catholic Church, Fishers and Negotiating Development: A Study on the Vizhinjam Port
Project. Review of Development and Change. 24(2) 187-204, 2019.
Black, Edwin. 2001. IBM and the Holocaust: The Strategic Alliance Between Nazi Germany and America's Most Powerful Corporation.
McDonal, Hamish.1999.The Polyester Prince: The Rise of Dhirubhai Ambani. Allen & Unwin.
Sweezy, Maxine Y. 1941. The Structure of the Nazi Economy. Cambridge (MA): Harvard University Press.
Thakurta, Paranjoy Guha and Subir Ghosh. 2016. Sue the Messenger How legal harassment by corporates is shackling reportage and undermining democracy in India. Author Upfront.
Thakurta, Paranjoy Guha. 2014 . Gas Wars Crony Capitalism and the Ambanis

Comments