ചിക്കനില്‍ അലിഞ്ഞ
ബഡേ ഗുലാം അലി ഖാന്‍,
കുമാര്‍ ഗന്ധര്‍വയുടെ പച്ചമാങ്ങപ്പുളിരാഗം
ചിക്കനില്‍ അലിഞ്ഞ ബഡേ ഗുലാം അലി ഖാന്‍, കുമാര്‍ ഗന്ധര്‍വയുടെ പച്ചമാങ്ങപ്പുളിരാഗം
സംഗീതവും ഭക്ഷണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഹിന്ദുസ്ഥാനി സംഗീതജ്ഞരില്‍ പലരും മികച്ച ഭക്ഷണപ്രിയരും പാചകവിദഗ്ധരുമെന്നാണ് ഏഡ്രിയന്‍ മക്നീല്‍ (Adrian McNeil) നടത്തിയ പഠനത്തില്‍ പറയുന്നത്. ഏഡ്രിയന്‍ മക്നീല്‍ എന്ന ഈ ആസ്ത്രേലിയക്കാരന്‍ ചില്ലറക്കാരനല്ല. വര്‍ഷങ്ങളോളം ഇന്ത്യയില്‍ താമസിച്ച് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ള സരോദ് എന്ന സംഗീതോപകരണം അതിമനോഹരമായി ഇദ്ദേഹം വായിക്കും.
2 Nov 2022, 02:52 PM
അടുക്കളയില്‍ കയറാത്ത സംഗീതസംവിധായകനായിരുന്നു ജോണ്‍സണ്‍. എന്നാല്‍ ഭാര്യ റാണിയുടെ പാചകത്തിനോട് വലിയ മതിപ്പായിരുന്നു ജോണ്‍സണ്‍ മാഷിന്. രവീന്ദ്രന്‍ മാഷ് നേരെ തിരിച്ചും. അടുക്കളയില്‍ കയറാനും പാചകം ചെയ്യാനും അത്യാവശ്യം ഭാര്യയെ സഹായിക്കാനും രവീന്ദ്രന് ഉത്സാഹമാണ്. സുഹൃത്തുക്കള്‍ക്ക് വേണ്ടി വച്ച് വിളമ്പുന്നതും ഭക്ഷണം ആസ്വദിക്കുന്നതും രവീന്ദ്രന് ഏറെ പ്രിയപ്പെട്ട പരിപാടികളായിരുന്നു.

"അദ്ദേഹം നന്നായി സംഗീതം പറഞ്ഞു തരും. പക്ഷേ പാചകക്കുറിപ്പുകളുടെ രഹസ്യം പങ്ക് വയ്ക്കില്ല. ഒരിക്കല്‍ അദ്ദേഹം കോഴിക്കറിയില്‍ റം ചേര്‍ക്കുന്നത് ഞാന്‍ കണ്ടു. സംഗീതത്തിലെന്ന പോലെ പാചകത്തിനും അദ്ദേഹത്തിന് സവിശേഷമായ ചില രീതികളുണ്ടായിരുന്നു.' തന്റെ ഗുരുവായ സലില്‍ ചൗധരിയെ കുറിച്ച് ദേബ് ജ്യോതി മിശ്ര എന്ന സംഗീതസംവിധായകന്‍ പറഞ്ഞതാണിത്.
കൊല്‍ക്കൊത്ത ന്യൂസ് എന്ന മലയാള പടത്തിന് വേണ്ട ദേബ് ജ്യോതി പാട്ടുകള്‍ ചെയ്തിട്ടുണ്ട്. അതിലെ കണികണ്ടുവോ വസന്തം എനിക്കേറെ പ്രിയപ്പെട്ട ഗാനം.
നവരാത്രിയുടെ എട്ടാം ദിവസമായ അഷ്ടമിക്ക് മട്ടന്‍ ആണത്രെ കൊല്‍കത്തയിലെ സവിശേഷ വിഭവം. തിരക്കേറിയ ചന്തയില്‍ നിന്നും ആട്ടിറച്ചി വാങ്ങാന്‍ പോകുന്നതും മുത്തശ്ശി തനതായ ശൈലിയില്‍ അതുണ്ടാക്കുന്നതും ദേബ് ജ്യോതി ഒരു അഭിമുഖത്തില്‍ പങ്ക് വച്ചിട്ടുണ്ട്. മുത്തശ്ശിയില്‍ നിന്നാണ് അദ്ദേഹം പാചകം പഠിച്ചത്.
സംഗീതവും ഭക്ഷണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
ഹിന്ദുസ്ഥാനി സംഗീതജ്ഞരില്‍ പലരും മികച്ച ഭക്ഷണപ്രിയരും പാചകവിദഗ്ധരുമെന്നാണ് ഒരു സായിപ്പ് നടത്തിയ പഠനത്തില്‍ പറയുന്നത്. ഏഡ്രിയന്‍ മക്നീല്‍ (Adrian McNeil) എന്ന ഈ ആസ്ത്രേലിയക്കാരന്‍ സായിപ്പ് ചില്ലറക്കാരനല്ല. വര്‍ഷങ്ങളോളം ഇന്ത്യയില്‍ താമസിച്ച് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ള സരോദ് എന്ന സംഗീതോപകരണം അതിമനോഹരമായി ഇദ്ദേഹം വായിക്കും. ഇപ്പോള്‍ മെല്‍ബണിലെ ഒരു സര്‍വകാലാശാലയില്‍ സംഗീതം പഠിപ്പിക്കുന്നു.
മധുവന്തി എന്ന ഹിന്ദുസ്ഥാനി രാഗം ഒരു അപരാഹ്ന രാഗമാണ് (Afternoon raga) ഇതിന് പൂര്‍വാംഗവും ഉത്തരാംഗവുമുണ്ട്. ഉത്തരേന്ത്യയില്‍ ഉച്ചയ്ക്ക് ശേഷം ഒരു മൂന്ന് മൂന്നര മണിക്കാണ് സമോസ എന്ന പലഹാരം മധുരവും നേര്‍ത്ത പുളിയുമുള്ള ചമ്മന്തി കൂട്ടി കഴിക്കുന്നത്. സമോസയുടെ കൊതിപ്പിക്കുന്ന രുചി മധുവന്തിയുടെ പൂര്‍വാംഗവും ചമ്മന്തിയുടെ മധുരരുചി അതിന്റെ ഉത്തരാംഗവുമാണത്രെ!

കുമാര്‍ ഗന്ധര്‍വ്വ എന്ന ഹിന്ദുസ്ഥാനി ഗായകനെ ഹിന്ദുസ്ഥാനി സംഗീതം കേള്‍ക്കുന്നവര്‍ക്കൊക്കെ അറിയാം. അദ്ദേഹം നല്ലൊരു പാചകക്കാരനും ഭക്ഷണപ്രിയനുമായിരുന്നുവെന്ന് മകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കല്‍ വീട്ടുമുറ്റത്തെ മാവില്‍ നിന്നും പച്ചമാങ്ങ എടുത്ത് നന്നായി അരിഞ്ഞ് മുളകുപൊടിയും ഉപ്പും ചേര്‍ത്ത് അവിടെ വന്നവര്‍ക്കെല്ലാം അദ്ദേഹം വിളമ്പി. ഓരോ കഷണം വായിലേക്ക് ഇടുമ്പോഴും ഒരു നല്ല രാഗവിസ്താരം കേട്ടെന്ന മട്ടില്‍ ആഹാ...എന്ന ആസ്വാദന ശബ്ദവും പുറപ്പെടുവിച്ചു എന്ന് Bhanukul's Kitchen Raga എന്ന ചെറുകുറിപ്പില്‍ ഗന്ധര്‍വ്വയുടെ മകള്‍ കാലാപിനി എഴുതുന്നു.
സരോദ് വാദകന്‍ അലി അക്ബര്‍ ഖാന്‍ ഗംഭീരമായി ബിരിയാണി വയ്ക്കുമായിരുന്നുവെന്ന് തബലാ വാദകന്‍ സക്കീര്‍ ഹുസൈന്‍ Zakir Hussain: A Life in Music എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
പട്യാല ഘരാനയിലെ ഗംഭീര ഗായകനായിരുന്നു ബഡേ ഗുലാം അലി ഖാന്‍. ഡല്‍ഹിയില്‍ അദ്ദേഹം അതിഥിയായി ചെന്നത് ഒരു സസ്യഭുക്കിന്റെ വീട്ടിലായിരുന്നു. മാംസഭക്ഷണം കിട്ടാത്തതിനാല്‍ അദ്ദേഹം ആകെ നിരാശനായെന്നും ആതിഥേയന്‍ വീടിന് പുറത്ത് താല്‍ക്കാലിക അടുക്കള ഒരുക്കി കൊടുക്കകയും ഗുലാം അലി ഖാന്‍ തന്നെ നെയ്യും ബദാമും പലവിധ സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് രുചികരമായ ചിക്കന്‍ വിഭവം തയ്യാറാക്കി കഴിച്ചുവെന്നും ഷീലാ ധര്‍ Raga’n Josh എന്ന പുസ്തകത്തില്‍ പറയുന്നു. സംഗീതജ്ഞരുടെ രുചിഭേദങ്ങളെ കുറിച്ച് മനോഹരമായി വിവരിക്കുന്ന പുസ്തകമാണിത്.

ലോക പ്രശസ്തനായ സിത്താര്‍ വാദകന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ പാചകക്കാരന്‍ ഒരു വാസുദേവന്‍ നായരായിരുന്നു. രവിശങ്കര്‍ പോകുന്ന വിദേശരാജ്യങ്ങളിലടക്കം ഈ മലയാളിയും അദ്ദേഹത്തിന്റെ പാചക വൈഭവവും യാത്ര ചെയ്തു. അതാരടാ ഈ മലയാളി നളന്‍ എന്നറിയാന്‍ ഞാന്‍ തിരഞ്ഞു മടുത്തു. വാസുദേവന്‍ നായരെന്ന് ഗൂഗിള്‍ ചെയ്തു നോക്കുമ്പോള്‍ കിട്ടുന്നതത്രയും നമ്മുടെ കൂടല്ലൂരുള്ള ഒരുഎഴുത്തുകാരന്റെ പേര്. പാചകക്കാരനെ കിട്ടാനില്ല. എവിടെയാണ് നിങ്ങള്‍ മിസ്റ്റര്‍ വാസുദേവന്‍ നായര്‍?
ചിലര്‍ക്ക് സംഗീതവും പാചകവും ഒരു പോലെ വഴങ്ങും. ചിലര്‍ക്ക് സംഗീതം മാത്രം, മറ്റ് ചിലര്‍ക്ക് പാചകം മാത്രം. ഇത് രണ്ടും വഴങ്ങാത്ത എന്നെ പോലെയുള്ളവര്‍ നല്ല സംഗീതവും നല്ല ഭക്ഷണവും നന്നായി ആസ്വദിക്കും. അത് പോരെ?
മുസ്തഫ ദേശമംഗലം
Jan 26, 2023
7 Minutes Read
താഹ മാടായി
Jan 20, 2023
2 Minutes Read
രശ്മി സതീഷ്
Jan 11, 2023
3 Minutes Read
എസ്. ശാരദക്കുട്ടി
Jan 10, 2023
3 minute read
സെബിൻ എ ജേക്കബ്
Jan 09, 2023
3 Minutes Read
അനു പാപ്പച്ചൻ
Dec 31, 2022
5 Minutes Read
കരോൾ ത്രേസ്യാമ്മ അബ്രഹാം
Dec 14, 2022
3 minutes read
പുഷ്പവതി
Nov 17, 2022
15 Minutes Read