ലക്ഷദ്വീപ്​: വംശഹത്യക്കു സമാനം, ഈ സാംസ്​കാരിക ഭീകരത

റെഡ്ഡിന്ത്യക്കാരോട് കൊളോണിയൽ ശക്തികൾ കാണിച്ചതിനു സമാനമായ സംഭവങ്ങളാണ്, അതുല്യമായ ലക്ഷദ്വീപ് സംസ്‌ക്കാരത്തിനു നേരെ നടന്നു കൊണ്ടിരിക്കുന്നത്. ആദിമ, പ്രാക്തന ജനതകൾ ലോകമെങ്ങും നേരിട്ടുകൊണ്ടിരിക്കുന്ന വംശനാശത്തിന്റെ പശ്ചാത്തലത്തിൽ തന്നെ വേണം ദ്വീപിൽ ഇപ്പോൾ അരങ്ങേറുന്ന സംഭവ വികാസങ്ങളെ കാണാൻ.

ക്ഷദ്വീപുകാരന് ചന്ദ്രക്കല ഹവ്വയുടെ കണ്ണുകൾ പോലെയാണ്.
ആദി മാതാവിനെയാണ് അവർ ഓരോ ചന്ദ്രപ്പിറവിയിലും കാണുന്നത്. അവരുടെ സംസ്‌ക്കാരത്തെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന പ്രയോഗമാണിത്. അങ്ങിനെ ആദിമവും പ്രാക്തനവുമായ മുസ്​ലിം വിശ്വാസങ്ങളിലും മിത്തുകളിലും ജീവിക്കുന്ന ആ ജനതക്കുനേരെയാണ് ഇപ്പോൾ പരിവാരം അവരുടെ ബുൾഡോസറുകൾ പായിക്കുന്നത്.

റമദാൻ നോമ്പു കാലത്ത് മാസം കാണാൻ ചന്ദ്രക്കല നോക്കിയിരിക്കുമ്പോഴുള്ള ദ്വീപുകാരുടെ പാട്ട് ഇങ്ങനെയാണ്:
മാസം കണ്ടിനിയോ
ബിളി ബിളിയിട്ടിനിയോ
ഹവ്വാ തിത്തിയ കൺപോലെ.
ചന്ദ്രക്കല ഹവ്വാ ബീവിയുടെ കണ്ണുകളുമായി ഉപമിക്കുന്ന രീതി ലക്ഷദ്വീപിലെ വാമൊഴി വഴക്കത്തിൽ മാത്രമുള്ളതാണ്. അതായത് ആ സംസ്‌ക്കാരത്തിന്റെ അതുല്യതയിലേക്ക് ഒരാൾ നോക്കുകയാണെങ്കിൽ അവർ ഹവ്വയുടെ കണ്ണുകളെ തന്നെ കാണുകയാണെന്നാണ് ദ്വീപ് വിശ്വാസം. ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപുകാരനായ ഇസ്മത്ത് ഹുസൈൻ എഴുതിയ റമദാൻ ആഘോഷിക്കുന്ന ലക്ഷദ്വീപുകൾ (പ്രബോധനം, 2021 ഏപ്രിൽ 21) എന്ന ലേഖനത്തിൽ നിന്നാണ് ദ്വീപിന്റെ സംസ്‌ക്കാരത്തിലേക്കുള്ള തെളിമയാർന്ന ചില നോട്ടങ്ങൾ കിട്ടിയത്. ഇസ്മത്ത് ദ്വീപിൽ നിന്നുള്ള ആദ്യ മലയാള നോവൽ കോലോടത്തിന്റെ രചയിതാവും കൂടിയാണ്.

ഫോട്ടോ: മനില സി. മോഹൻ

1988ൽ വിദ്യാർഥിയായിരിക്കുമ്പോൾ ഞാനും പ്രശസ്ത ഫോട്ടോഗ്രഫർ റസാക്ക് കോട്ടക്കലുമടങ്ങുന്ന 11 അംഗ സംഘം ദ്വീപ് സന്ദർശിച്ചിരുന്നു. അന്ന് വളരെ സവിശേഷമായ മുസ്​ലിം സംസ്‌ക്കാരത്തിന്റെ സന്ദർഭങ്ങൾ നേരിൽ കണ്ടു. ഒപ്പം സ്ത്രീകൾക്ക് സ്വത്തവകാശം നൽകുന്ന, ഇസ്​ലാമിക ലോകത്തിന് പൊതുവിൽ അന്യമായ മരുമക്കത്തായം ശക്തമായി ദ്വീപ് സമൂഹത്തിൽ പ്രവർത്തിക്കുന്നതും കണ്ടു. മരുമക്കത്തായത്തെക്കുറിച്ചുള്ള പഠനങ്ങളിൽ നിന്നും ഇന്ന് വ്യക്തമാകുന്ന കാര്യം മുസ്​ലിംകൾക്കിടയിൽ മരുമക്കത്തായമുള്ളത് ലക്ഷദ്വീപിലും ഇന്തോനേഷ്യയിലെ മിനങ്കബാവു സമൂഹത്തിലുമാണ് എന്നാണ്. (മരുമക്കത്തായത്തെക്കുറിച്ച് ആഴമേറിയ ഗവേഷണങ്ങൾ നടത്തുന്ന ഡോ. മഹ്‌മൂദ് കൂരിയ ഈ രണ്ടു വിഭാഗങ്ങൾക്കിടയിലും വിശദമായ ഫീൽഡ് പഠനങ്ങൾ നടത്തിയിട്ടുണ്ട്).

സ്ത്രീകൾക്ക് സ്വത്ത് നിയന്ത്രണാധികാരമുള്ളതിനാൽ തന്നെ ദ്വീപിലെ മുസ്​ലിം സ്ത്രീകൾക്ക് കുടുംബത്തിനും അതിനാൽ തന്നെ സമൂഹത്തിനും മേൽ അധികാരവും നിയന്ത്രണങ്ങളുമുണ്ട്. തീർച്ചയായും ഇന്ത്യയിൽ മറ്റൊരിടത്തും ഇങ്ങിനെയുള്ള മുസ്ലിം സമൂഹത്തെ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. (മലബാറിലെ ചിലയിടങ്ങളിൽ ഈ രീതിയുണ്ടായിരുന്നു, ഇന്നത് ക്ഷയോൻമുഖമാണെന്ന് ഗവേഷകർ പറയുന്നു).

അവിടെ അതിശക്തമായി പ്രവർത്തിക്കുന്നത് ഹവ്വയുടെ കണ്ണുകളാണ്.
അങ്ങനെയുള്ള ഒരു സമൂഹത്തെയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ സംഘ് പരീക്ഷണശാലയാക്കിയിരിക്കുന്നത്. റെഡ്ഡിന്ത്യക്കാരോട് കൊളോണിയൽ ശക്തികൾ കാണിച്ചതിനു സമാനമായ സംഭവങ്ങളാണ്, അതുല്യമായ ദ്വീപ് സംസ്‌ക്കാരത്തിനു നേരെ നടന്നു കൊണ്ടിരിക്കുന്നത്. ആദിമ, പ്രാക്തന ജനതകൾ ലോകമെങ്ങും നേരിട്ടുകൊണ്ടിരിക്കുന്ന വംശനാശത്തിന്റെ പശ്ചാത്തലത്തിൽ തന്നെ വേണം ദ്വീപിൽ ഇപ്പോൾ അരങ്ങേറുന്ന സംഭവ വികാസങ്ങളെ കാണാൻ.

ഫോട്ടോ: മനില സി. മോഹൻ

ഇസ്മത്ത് ആ ലേഖനത്തിൽ ഇങ്ങനെ എഴുതുന്നു: പഴയ കാലത്താണെങ്കിൽ തുണി തുമ്പത്ത് വറുത്ത അരിയും ചന്ദ്രക്കല പോലെ മുറിച്ചെടുത്ത കരിക്കിൻ കഷ്ണങ്ങളുമെടുത്താണ് മാസപ്പിറവി കാണാൻ മേലാവാ (പടിഞ്ഞാറെ കടപ്പുറം)യിലേക്ക് പോവുക. ദ്വീപിലുള്ള സ്ത്രീകളും പുരുഷൻമാരും കടപ്പുറത്ത് കൂട്ടം കൂട്ടമായി ഇരുന്ന് ആകാശ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കും. ഇങ്ങിനെ സംഘടിതമായി തങ്ങളുടെ മത-സംസ്‌ക്കാര വിശ്വാസങ്ങളെ ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുന്നവരാണ് ദ്വീപുകാർ.

ലോകമെങ്ങും ദ്വീപുകൾ ഏകാധിപത്യത്തിന്റെ പരീക്ഷണ ശാലകളായിട്ടുണ്ട്. ലക്ഷദ്വീപിലും അതു തന്നെ സംഭവിക്കുന്നു. നിഷ്കളങ്കരായ ഒരു പറ്റം മനുഷ്യരെ സംഘ് പരീക്ഷണശാലയിലിട്ട് പീഡിപ്പിക്കുകയും ഫലം എന്തായിരിക്കുമെന്നുമറിയാനുള്ള പരീക്ഷണ ശ്രമമാണ് അഡ്മിനിസ്‌ട്രേറ്ററെ ഉപയോഗപ്പെടുത്തി മോദി സർക്കാർ ചെയ്യുന്നത്. ഇന്റർനെറ്റും മൊബൈലും വിഛേദിക്കപ്പെടുമെന്നും അതോടെ പുറം ലോകവുമായുള്ള തങ്ങളുടെ ബന്ധം നഷ്ടപ്പെടുമെന്നും ദ്വീപുകാർ പറയുന്നു. അങ്ങനെ സംഭവിച്ചാൽ ദ്വീപ് അക്ഷരാർഥത്തിൽ ഒരു ഗ്യാസ് ചേമ്പറിനു സമാനമായി മാറുകയും ചെയ്യും.

നോമ്പെടുത്തവർ സ്വർഗത്തിലേക്ക് പോകുന്നതിനെക്കുറിച്ച് ദ്വീപിലുള്ള ഒരു പാട്ട് ഇസ്മത്ത് തന്റെ ലേഖനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്:
ഒരു നൂമ്പെടുത്താൽ ഞാറിന മേൽ
സ്വർഗത്തിൽ പോകും
രണ്ടുമെടുത്താൽ ഈർക്കിലിമേല്
മൂന്നുമെടുത്ത് മുക്കാലിയ മേല്
നാലുമെടുത്ത് നാക്കാലിയ മേല്
അഞ്ചുമെടുത്ത് കൊഞ്ചിന മേല്
ആറുമെടുത്ത് അറഫാ മേല്
ഏഴും പിടിച്ച് ഏണിയ മേല്
ഒമ്പതും പിടിച്ച് ഒട്ടകത്തമേല്
പത്തും പിടിച്ച് പച്ചക്കുതിര മേല്
മുപ്പതും പിടിച്ച് മുത്തും പവിഴവും
കയറ്റി ഏഴ് കുമ്പകാരൻ കപ്പലിന മേല്.

ദ്വീപുകാരുടെ വിശ്വാസവും സംസ്‌ക്കാരവും സാഹിത്യ രൂപകങ്ങളും മനസ്സിലാക്കാൻ ഈ പാട്ടും നമ്മെ സഹായിക്കും.
ദ്വീപിൽ സഞ്ചാരികളായി പോയിട്ടുള്ള എല്ലാവർക്കും ആ ജനതയുടെ നിഷ്കളങ്കവും സൗഹാർദ പൂർണ്ണവുമായ ആതിഥേയത്വം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടാകും. 1988ലെ യാത്രയിൽ ഞങ്ങളുടെ സംഘം അത് തിരിച്ചറിഞ്ഞതാണ്. ദ്വീപ് ശർക്കരയും ഉണക്ക മൽസ്യവും അവർ ഞങ്ങൾക്ക് സമ്മാനമായി നൽകി. ഇടക്കിടെ കത്തുകളെഴുതി. മതിലുകളും വേലികളുമില്ലാത്ത, കുറ്റവാളികളില്ലാത്ത, അടഞ്ഞു കിടക്കുന്ന ജയിലും ഉറക്കം തൂങ്ങുന്ന പൊലീസ് സ്റ്റേഷനുമുള്ള, ചാകരയാണെങ്കിലും അല്ലെങ്കിലും ആർപ്പുവിളികളുയരാത്ത, കടലിലും കരയിലെ മണൽപ്പറമ്പുകളിലും അലിഞ്ഞു ജീവിക്കുന്ന ജനതയാണ് ദ്വീപുകാർ.
അവരെ തങ്ങളുടെ സംസ്‌ക്കാരത്തിൽ നിന്ന്, ഭക്ഷണ ശീലങ്ങളിൽ നിന്ന്, ജീവിത വിശ്വാസങ്ങളിൽ നിന്ന് പുറത്തു തള്ളാനുള്ള ശ്രമം മറ്റൊരു വംശ ഹത്യ പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല.

ഫോട്ടോ: അബ്ദുൽ റഷീദ്

ദ്വീപുകാരനായ വിഖ്യാത ചിത്രകാരൻ മുത്തുക്കോയയെക്കുറിച്ചുള്ള ഒരു ലേഖനത്തിന്റെ തലക്കെട്ട് "മനസ്സിന്റെ ആഴങ്ങളിൽ മുത്തുച്ചിപ്പികൾ' എന്നാണ്. ദ്വീപ് പ്രകൃതി അദ്ദേഹത്തിന്റെ സർറിയൽ ചിത്രങ്ങളിൽ എങ്ങിനെ സ്പന്ദിക്കുന്നു എന്നതിന്റെ പ്രതിനിധാനമാണ് ആ തലക്കെട്ട്. ആ പ്രകൃതിയേയും ടൂറിസത്തിനായി നശിപ്പിക്കുമെന്ന ഭീതിയും ദ്വീപുകാർക്കിടയിലുണ്ട്. കവരത്തിയുടെ പ്രകൃതിക്ക് താങ്ങാവുന്നതിലുമേറെ കെട്ടിടങ്ങൾ ഇപ്പോഴേ അവിടെയുണ്ടെന്നാണ് ദ്വീപ് വാസികൾ പറയുന്നത്. ടൂറിസ വികസനം കൊണ്ടു വരാനിടയുള്ള "വികസന ഭീകരതയും' വംശഹത്യക്ക് സമാനമായ സാംസ്‌ക്കാരിക ഭീകരതയും ഒരേ പോലെ അരങ്ങേറാൻ ഇടയുള്ള ഒരിടമായി ലക്ഷദ്വീപിനെ മാറ്റിയെടുത്തിരിക്കുന്നു എന്നാണ് അവിടെ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത്.

Comments