മദ്യ ഉപഭോക്താക്കൾക്ക് മാന്യമായ പെരുമാറ്റവും പരിഗണനയും ലഭിക്കണം- എക്​സൈസ്​ മന്ത്രി എം.വി.​ ഗോവിന്ദൻ

● മദ്യ ഔട്ട്​ലെറ്റുകളിൽ നവീകരണം ആവശ്യമാണെങ്കിൽ അത് പരിഗണിക്കാം. ● ജി.എസ്.ടി വന്നാൽ മദ്യവില കുറയുമെന്നത് വ്യാമോഹം മാത്രം. ● ബാറുകളിൽ അമിത ചാർജ്ജ് ഈടാക്കുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ സർക്കാർ ഇടപെടും. ● സ്ത്രീസൗഹൃദ ബാറുകൾ എന്ന ആവശ്യം ഉയർന്നാൽ അത്​ പരിഗണിക്കാം. ● കോവിഡ് 19ന്റെ സാഹചര്യത്തിലല്ലാതെ ഓൺലൈൻ ആപ്പുകൾ വഴിയുള്ള മദ്യവിതരണം എന്ന ആവശ്യം പരിഗണിക്കുന്നില്ല. ● വീടുകളിൽ മദ്യം എത്തിച്ച് മദ്യ ഉപഭോഗം വർധിപ്പിക്കുക എൽ.ഡി.എഫ് നയം അല്ല. ● എക്​സൈസ്​ നയത്തിൽ നവീകരണ ചർച്ച ഇല്ല. ● പുതിയ ടീം വരട്ടെയെന്ന് തീരുമാനിച്ചത് എല്ലാവരുടെയും കഴിവിലുള്ള വിശ്വാസത്തിൽ തന്നെയാണ്: എക്​സൈസ്​- ത​ദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ബന്ധപ്പെട്ടും മന്ത്രിസഭയിലെ പുതിയ ടീമിനെക്കുറിച്ചും ത​ന്റെ നിലപാട്​ ആദ്യമായി വ്യക്​തമാക്കുകയാണ്​ ‘തിങ്കി’ന്​ നൽകിയ ഈ അഭിമുഖത്തിൽ മന്ത്രി എം.വി. ഗോവിന്ദൻ.

മുഖ്യമന്ത്രിയും രണ്ടു ഘടകകക്ഷി മന്ത്രിമാരും ഒഴികെ മറ്റെല്ലാവരെയും പുതുമുഖങ്ങളാക്കിയുള്ള പുതിയ ടീമുമായി രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം. വി. ഗോവിന്ദനാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും ചുമതല. തദ്ദേശവകുപ്പ് ജനജീവിതവുമായി ഏറെ അടുത്തുനിൽക്കുന്നതാണെങ്കിൽ എക്‌സൈസ് സംസ്ഥാനത്തെ പ്രധാന വരുമാന മാർഗമാണ്. കോവിഡിന്റെ കൂടി പശ്ചാത്തലത്തിൽ നിരവധി വെല്ലുവിളികളാണ് ഇരുവകുപ്പുകളിലും അദ്ദേഹത്തെ കാത്തിരിക്കുന്നത്. താളം തെറ്റിയ പദ്ധതികളുടെ പുനരാവിഷ്‌കരണം തദ്ദേശവകുപ്പിലെ വെല്ലുവിളിയാണെങ്കിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരിക്കുന്ന മദ്യ വിതരണമാണ് എക്സൈസ് വകുപ്പിലെ പ്രധാന പ്രശ്നം. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പുതിയ മന്ത്രി. എം.വി. ഗോവിന്ദൻ 'തിങ്കി'ന് നൽകിയ അഭിമുഖം.

അരുൺ ടി. വിജയൻ: സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് ഏറ്റവും വരുമാനമുള്ള വകുപ്പാണ് എക്സൈസ്. രണ്ടാം പിണറായി സർക്കാർ എന്തെല്ലാം നവീകരണങ്ങളാണ് എക്സൈസ് നയത്തിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്?

എം.വി. ഗോവിന്ദൻ: ഇവിടെ നവീകരണത്തിന്റെ ചർച്ചകൾ ഒന്നുമില്ല. മുൻ ഇടതുപക്ഷ സർക്കാരിന് ഒരു മദ്യനയമുണ്ടായിരുന്നു. അതിന്റെ തുടർച്ച തന്നെയാകും ഈ സർക്കാരിലുമുണ്ടാകുക. ആ നയം നടപ്പിലാക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മദ്യവർജ്ജനം ആണ് ഇടതുപക്ഷത്തിന്റെ നയം. മദ്യനിരോധനവും അല്ല, യഥേഷ്ടം മദ്യം കൊണ്ട് കളിക്കുക എന്നതും അല്ല ലക്ഷ്യമിടുന്നത്. മദ്യം വേണ്ടവർക്ക് കഴിക്കാം. അല്ലാത്തവർ കഴിക്കേണ്ടതില്ല. മദ്യാസക്തി കുറച്ചുകൊണ്ടുവരാനുള്ള പ്രധാനപ്പെട്ട നിലപാടുകളും ചേർത്തുകൊണ്ടായിരിക്കും ഇടതുപക്ഷ സർക്കാർ എക്സൈസ് നയം കൈകാര്യം ചെയ്യുക. ഡീ അഡിക്ഷൻ സെന്ററുകൾ പോലുള്ള ബോധവൽക്കരണ പദ്ധതികൾ ചേർത്തുകൊണ്ടുള്ള മദ്യനയമായിരിക്കും അത്.

മദ്യത്തെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്. ജി.എസ്.ടി നടപ്പിലാക്കുമ്പോൾ മദ്യവിലയിൽ വലിയ കുറവുണ്ടാകുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നുണ്ട്. ഇത് സംസ്ഥാന സർക്കാരിന് വരുമാന നഷ്ടത്തിന് കാരണമാകില്ലേ?

ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള ശ്രമമാണ് ജി.എസ്.ടി സംവിധാനത്തിലൂടെ പൊതുവേ കേന്ദ്രം നടത്തുന്നത്. അതിനുവേണ്ടിയാണ് ജി.എസ്.ടി നടപ്പാക്കാൻ ശ്രമിക്കുന്നതും. ജി.എസ്.ടിക്ക് പൊതുവേ ഇടതുപക്ഷ സർക്കാർ അനുകൂല നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കയറി കേന്ദ്രസർക്കാർ പിടിമുറുക്കുകയാണ് അതിലൂടെ ചെയ്യുന്നത്. പണ്ടും ഇതിനെതിരായ നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോഴും അതേ നിലപാട് തന്നെയാണ് ഞങ്ങൾക്കുള്ളത്. ജി.എസ്.ടി നടപ്പാക്കുന്നതിലൂടെ മദ്യവില കുറയുമെന്നത് പ്രതീക്ഷ മാത്രമാണ്. സംസ്ഥാന സർക്കാർ ഈടാക്കുന്ന ടാക്സ് ഒഴിവാകുമ്പോൾ വേറെ തീരുവകൾ പകരം ഏർപ്പെടുത്തും. ഇപ്പോൾ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്നത് നാം കാണുന്നതാണ്. കേന്ദ്രസർക്കാരിന്റെ മാത്രം കയ്യിൽ പണം കിട്ടുന്ന വിധത്തിലാണ് പെട്രോൾ വിലയിൽ വർധനവുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ മദ്യവില കുറയുമെന്നത് ഒരു വ്യാമോഹം മാത്രമായിരിക്കും.

സംസ്ഥാന സർക്കാർ നിലവിൽ മദ്യത്തിനുമേൽ 250 ശതമാനം ടാക്സ് ഈടാക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ മദ്യഉപഭോക്താക്കൾ സർക്കാരിനെ സംബന്ധിച്ച് പ്രധാന ഉപഭോക്താക്കളാണ്. എന്നാൽ അതനുസരിച്ചുള്ള പരിഗണനയൊന്നും അവർക്ക് ലഭിക്കുന്നില്ല. ഒരു ജ്വല്ലറിയിൽ ചെന്നാൽ, ഒന്നും വാങ്ങാൻ കയറുന്നതല്ലെങ്കിൽ കൂടി ഇരിക്കാൻ കസേരയും ചായയും പോലും കൊടുക്കുന്ന പതിവുണ്ട്. കൂടിയ ടാക്സ് കൊടുക്കുന്ന മദ്യഉപഭോക്താക്കൾക്ക് നിലവിൽ നൽകുന്ന പരിഗണന തീർത്തും അപര്യാപ്തമല്ലേ?

മദ്യ ഉപഭോക്താക്കൾക്ക് മാന്യമായ പെരുമാറ്റവും പരിഗണനയും ലഭിക്കണമെന്നതിന് ആർക്കും സംശയമില്ല. എന്നാൽ ഔട്ട്​ലെറ്റുകളിൽ മദ്യം വാങ്ങാനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്. അവർക്ക് കസേരയൊന്നും നൽകാൻ സാധിക്കില്ല. ഔട്ട്​ലെറ്റുകളുടെ ശോച്യാവസ്ഥ പരിശോധിച്ച് ആവശ്യമായ പരിഹാര മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. കേരളീയ സമൂഹത്തിന്റെ മറ്റ് മേഖലകളിലെ വളർച്ച പോലെ തന്നെ മദ്യ ഔട്ട്​ലെറ്റുകളിലും നവീകരണം ആവശ്യമാണെങ്കിൽ അത് പരിഗണിക്കാവുന്നതുതന്നെയാണ്.

സംസ്ഥാന സർക്കാർ ഈടാക്കുന്ന വലിയ ടാക്സ് കൂടാതെ ബാറുകൾ വലിയ വില കൂടി ഈടാക്കുന്നുണ്ട്. ഇതും മദ്യത്തിന്റെ വില ഭീമമായി വർധിക്കാൻ കാരണമാകുന്നുണ്ട്. ഇതിനെന്തെങ്കിലും പരിഹാരം കാണാൻ സാധിക്കുമോ?

ബാർ എന്നത് ഒരു സംവിധാനം ആണല്ലോ? മദ്യപിക്കുന്നത് മാത്രമല്ലല്ലോ മനുഷ്യന്റെ സാംസ്‌കാരിക ജീവിതം? ഔട്ട്​ലെറ്റുകളിൽ നിന്നും മദ്യം വാങ്ങുന്നതും ബാറിൽ നിന്നും മദ്യം വാങ്ങുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ബാറുകൾ നൽകുന്ന സൗകര്യങ്ങൾക്ക് അവർ ചാർജ്ജ് ഈടാക്കും. അവർ അമിതമായി ചാർജ്ജ് വല്ലതും ഈടാക്കുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ സർക്കാർ ഇടപെടും.

ഇടതുപക്ഷ സർക്കാർ ലിംഗസമത്വത്തെക്കുറിച്ച് സംസാരിക്കുന്ന സർക്കാറാണ്. പല മേഖലകളിലും അത് നടപ്പാക്കാൻ ശ്രമിക്കുന്നുമുണ്ട്. സ്ത്രീ സൗഹൃദ ബാറുകൾ കേരളത്തിൽ നടപ്പിലാക്കാൻ ഈ സർക്കാർ എന്തെങ്കിലും ശ്രമങ്ങൾ നടത്തുമോ?

നിലവിൽ ബാറുകൾ പുരുഷ സൗഹൃദ ബാറുകൾ എന്ന് പറയാതെ തന്നെയാണല്ലോ അങ്ങനെ നിലനിൽക്കുന്നത്. ബാറുകൾ പുരുഷന്മാർക്ക് മാത്രമുള്ളതാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. പിന്നെ എല്ലാ ബാറുകളിലും പൊതുവായ ബാത്ത്റൂം സൗകര്യങ്ങളാണുള്ളത്. ബാറുകളിൽ സ്ത്രീകൾക്ക് പ്രത്യേകം ബാത്ത്റൂമുകൾ എന്ന ആവശ്യം എവിടെയും ഉന്നയിക്കപ്പെട്ടിട്ടില്ല. സ്ത്രീസൗഹൃദ ബാറുകൾ എന്ന ആവശ്യം ഉയർന്നാൽ മാത്രമേ അത്തരമൊരു ആവശ്യം പരിഗണിക്കേണ്ടതുള്ളൂ.

കഴിഞ്ഞ ലോക്ക്ഡൗണിൽ ഓൺലൈൻ ആപ്പുകൾ വഴി മദ്യം വീട്ടിലെത്തിക്കുന്നതിനെക്കുറിച്ച് ചർച്ച ആരംഭിച്ചിരുന്നു. കോവിഡ് 19 ഇതേരീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ ഇടയ്ക്കിടെ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ ഓൺലൈൻ വഴി മദ്യം വീട്ടിലെത്തിക്കുന്നതിനെക്കുറിച്ച് ഇനിയൊരു ചർച്ചയുണ്ടാകുമോ?

അത്തരമൊരു ആലോചനകളൊക്കെ നേരത്തെയുണ്ടായിരുന്നെങ്കിലും ഒരു തീരുമാനത്തിൽ എത്തിയിരുന്നില്ല. ഇടയ്ക്കിടയ്ക്ക് വരുന്ന ലോക്ക്ഡൗൺ കൊണ്ടുമാത്രം ഓൺലൈൻ വഴി മദ്യ വിതരണം ഏർപ്പെടുത്തുന്നത് പ്രായോഗികമല്ല. എന്നാൽ ലോക്ക്ഡൗൺ ഇങ്ങനെ തുടർന്നുപോകുകയാണെങ്കിൽ അതിനെക്കുറിച്ച് ഇനിയും ആലോചിക്കേണ്ടി വരും. മദ്യം ലഭിക്കാതെ വരുമ്പോൾ ഉപഭോക്താക്കൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ സ്വാഭാവികമായും സർക്കാരിന് കൈകാര്യം ചെയ്യേണ്ടതുണ്ട്. ഗൗരവമായ ആലോചനകളിലൂടെ മാത്രമേ ഇക്കാര്യം നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. അതിന് കുറച്ചുകൂടി ചർച്ചകൾ വേണമെന്നാണ് ഇപ്പോഴത്തെ തീരുമാനം. കോവിഡ് 19ന്റെ സാഹചര്യത്തിലല്ലാതെ ഓൺലൈൻ ആപ്പുകൾ വഴിയുള്ള മദ്യവിതരണം എന്ന ആവശ്യം ഞങ്ങൾ പരിഗണിക്കുന്നതേയില്ല. കാരണം, മദ്യ ഉപഭോഗം കുറയ്ക്കുക എന്നതാണ് നമ്മുടെ നിലപാട് തന്നെ. മദ്യം എങ്ങനെയെങ്കിലും ഉപയോഗിക്കട്ടെയെന്ന് നമ്മൾ ആലോചിക്കുന്നതേയില്ല. അതുകൊണ്ട് മദ്യം കഴിച്ചേ പറ്റൂ എന്നുള്ളവർക്ക് നിലവിലുള്ള സംവിധാനങ്ങൾ മാത്രം മതിയെന്നാണ് തീരുമാനം. വീടുകളിൽ മദ്യം എത്തിച്ച് മദ്യ ഉപഭോഗം വർധിപ്പിക്കുക എന്നത് എൽ.ഡി.എഫ് നയം അല്ല.

മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം വകുപ്പിലെ ഉന്നതോദ്യോഗസ്ഥരുമായി ചേമ്പറിൽ ചേർന്ന യോഗത്തിൽ എം.വി. ഗോവിന്ദൻ

തദ്ദേശ സ്വയംഭരണ വകുപ്പിനൊപ്പമാണ് ഇത്തവണ എക്സൈസ് വകുപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങളുമായി ഏറെ ബന്ധമുള്ള ഒരു വകുപ്പും സംസ്ഥാനത്തിന് ഏറ്റവുമധികം വരുമാനം നേടിത്തരുന്ന വകുപ്പുമാണ് ഇവ. കഴിഞ്ഞ പിണറായി സർക്കാർ ഉൾപ്പെടെ മുൻ സർക്കാരുകളെല്ലാം എക്സൈസിന് പ്രത്യേക പ്രാധാന്യം നൽകിയിരുന്നത്. ഇനിയത് വേണ്ടെന്നാണോ പുതിയ തീരുമാനം?

അങ്ങനെയൊന്നുമില്ല. എക്സൈസ് വകുപ്പിന് ഇപ്പോഴും പ്രാധാന്യമുണ്ട്. എന്നാൽ അതിനേക്കാൾ പ്രാധാന്യമുള്ള വകുപ്പാണ് തദ്ദേശ സ്വയം ഭരണ വകുപ്പ്. കോർപ്പറേഷനുകൾ വഴിയാണെങ്കിലും മുൻസിപ്പാലിറ്റികൾ വഴിയാണെങ്കിലും ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ വഴിയാണെങ്കിലും കേരളത്തിലെ മുഴുവൻ ജനങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന വകുപ്പാണത്. ജനങ്ങളെ അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തരാക്കേണ്ട വകുപ്പും ഇതാണ്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി കഴിഞ്ഞ 25 വർഷമായി അധികാര വികേന്ദ്രീകരണം ഇവിടെ നടപ്പാക്കുന്നുണ്ട്. അതിനെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകേണ്ടത് ആവശ്യമാണ്.

കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിലെല്ലാം തൊഴിൽദിനങ്ങൾ വല്ലാതെ കുറഞ്ഞിരിക്കുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പ് അതിന് എന്ത് പരിഹാരമാണ് മുന്നിൽ കണ്ടിരിക്കുന്നത്?

തൊഴിലെടുക്കാനുള്ള സാഹചര്യം നിലനിർത്തിക്കൊണ്ടാണ് ഇവിടെ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നതിനാണ് വിലക്ക്. ജോലിക്ക് പോകുന്ന ആരെയും തടയുന്നില്ല. പിന്നെ ഒരാളും പട്ടിണി കിടക്കാൻ പാടില്ല എന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും തൊഴിൽ ഇല്ലാത്ത അവസരങ്ങളിലും ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് അതിന് മേൽനോട്ടം വഹിക്കുന്നത്. ഇതെല്ലാം ഫലപ്രദമായി നടക്കുന്നുമുണ്ട്. ചുമതലയേറ്റ ശേഷം ഞാൻ അതെല്ലാം പരിശോധിച്ചതിൽ നിന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നാണ് അറിയാൻ സാധിച്ചത്. കോവിഡ് വ്യാപനത്തിനെതിരെ പ്രവർത്തിക്കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അതിന്റെ വാർഡ് തല കമ്മിറ്റികളുമാണ്. സന്നദ്ധ പ്രവർത്തകരും ആരോഗ്യപ്രവർത്തകരും തദ്ദേശ സ്ഥാപനങ്ങളും എല്ലാം ഒത്തുചേർന്ന് പ്രവർത്തിക്കുമ്പോഴാണ് കോവിഡ് പ്രതിരോധം ഫലപ്രദമാകുന്നത്.

ലോക്ക്ഡൗൺ സമയത്തെ സത്യപ്രതിജ്ഞ വിവാദമായിരുന്നല്ലോ? സർക്കാരിനും ജനങ്ങൾക്കും ഇരട്ടനീതിയാണ് എന്ന ആരോപണവും ഉയർന്നു. വമ്പിച്ച വിജയം നേടി വന്നെങ്കിലും ഇത്തരമൊരു തീരുമാനം സർക്കാർ വിരുദ്ധ പ്രതിച്ഛായയ്ക്ക് കാരണമായില്ലേ?

ഈ തീരുമാനം തുടക്കത്തിലേ എടുത്തതാണ്. അതാണ് നടപ്പിലാക്കിയത്. കോവിഡ് 19ന്റെ പ്രോട്ടോക്കോൾ തെറ്റിക്കാതെ വളരെ പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചുതന്നെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്. ഇതിൽ യാതൊരു ഇരട്ടനീതിയുമില്ല. മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ പരിശോധന നടത്തിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചത്. പ്രോട്ടോക്കോൾ അനുസരിച്ച് വ്യക്തികൾ തമ്മിലുള്ള അകലം ഉൾപ്പെടെ പാലിക്കപ്പെട്ടിട്ടുണ്ട്. യാതൊരു പഴുതും ഇല്ലാതെ മാതൃകാപരമായാണ് ഈ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്. ഇത് കഴിഞ്ഞപ്പോൾ ആർക്കും യാതൊരു ആക്ഷേപവും ഇല്ലല്ലോ? മാത്രമല്ല, കോവിഡ് വാക്സിനേഷന്റെ കേന്ദ്രമായി ഈ വേദി മാറ്റുകയും ചെയ്തിട്ടുണ്ട്. വലിയ പന്തൽ കെട്ടിയത് തന്നെ അകലം പാലിക്കണം എന്നതിനാലാണ്. ചില മാധ്യമങ്ങളും ആളുകളും കല്ലുകടിയെന്ന് പറഞ്ഞുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം വെറുതെയാണ്.

മന്ത്രിസഭയിൽ നിന്ന് കെ.കെ. ശൈലജയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായങ്ങളുണ്ടായിട്ടുണ്ട്. മുതിർന്ന പാർട്ടി നേതാവെന്ന നിലയിൽ താങ്കൾ അതിനെ ഏത് വിധത്തിലാണ് ന്യായീകരിക്കുന്നത്?

പാർട്ടിയിലാണെങ്കിലും ജനങ്ങൾക്കിടയിലാണെങ്കിലും അതിനെക്കുറിച്ച് ഒരു ആശയക്കുഴപ്പമുണ്ടാകേണ്ട കാര്യമില്ല. വൈകാരികമായി ഇതിനെ സമീപിക്കേണ്ടതില്ല. രണ്ട് ടേം തുടർച്ചയായി മത്സരിച്ചവർക്ക് മൂന്നാമതൊരു ടേം കൂടി മത്സരിക്കേണ്ടതില്ലെന്നാണ് ആദ്യം പാർട്ടി തീരുമാനിച്ചത്. അങ്ങനെ തീരുമാനിച്ചപ്പോൾ തന്നെ വലിയ പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. ഇന്നയാളെ ഒഴിവാക്കാൻ പറ്റുമോ ഇന്നയാളെ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്നൊക്കെയായിരുന്നു ചർച്ച. ചർച്ചകൾക്കൊടുവിലാണ് ആ നയം തുടരാമെന്ന് തീരുമാനിച്ചത്. അതിന്റെ ഫലമായിരുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർച്ചയായ വിജയം. അതും അടുത്തകാലത്തൊന്നുമില്ലാതിരുന്ന വിധത്തിൽ വമ്പിച്ച വിജയം. ഈയൊരു പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഒഴികെ ആരും മന്ത്രിസഭയിലുണ്ടാകേണ്ടെന്ന് തീരുമാനിച്ചത്. ഒരാളും വേണ്ട എല്ലാവരും പുതുമുഖങ്ങൾ വരട്ടേയെന്നാണ് തീരുമാനിച്ചത്. അവരവരുടെ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ് എല്ലാവരും. പഴയ ടീം മാറി പുതിയ ടീം വരട്ടെയെന്ന് തീരുമാനിച്ചത് എല്ലാവരുടെയും കഴിവിലുള്ള വിശ്വാസത്തിൽ തന്നെയാണ്. ചിലർക്കൊക്കെ ഇതിൽ അഭിപ്രായവ്യത്യാസം ഉണ്ടാകും. ഇതൊരു ജനാധിപത്യ സമൂഹം അല്ലേ? അതൊന്നും ഒരു പ്രധാന പ്രശ്നമായി കാണേണ്ട കാര്യമില്ല. നന്നായി പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. ഇനി ശരിയായ രീതിയിൽ മുന്നോട്ട് പോകുക എന്നതാണ് ലക്ഷ്യം.

Comments