truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
N-prabhakaran-autobiography

Autobiography

ചിത്രീകരണം : ദേവപ്രകാശ്

ഞാന്‍
മാത്രമല്ലാത്ത
ഞാന്‍

ഞാന്‍ മാത്രമല്ലാത്ത ഞാന്‍

22 Oct 2021, 01:42 PM

എന്‍. പ്രഭാകരന്‍

ഒന്ന്

അശു

ഓര്‍മയില്‍ നിന്നുള്ള വീണ്ടെടുപ്പുകളില്‍ ഏറെയും വേദനയുണ്ടാക്കുന്നതാണ്. "വേദനിക്കാന്‍ മാത്രം എന്ത്?' എന്ന ചോദ്യത്തിന് യുക്തിവിചാരത്തിന്റെ വഴിയിലൂടെ പോയാല്‍ ഉത്തരം കിട്ടണമെന്നില്ല. ജീവിതത്തില്‍ ഇനിയൊരിക്കലും തിരിച്ചുകിട്ടാത്തതോ തിരുത്തലുകള്‍ സാധ്യമല്ലാത്തതോ ആയ അനുഭവങ്ങളാണ് ഓര്‍മയില്‍ തിരികെയെത്താന്‍ തിരക്കു കൂട്ടുക. അവയോരോന്നും വേദനയുടെ ഉറവയായിത്തീരുന്നത് അതുകൊണ്ടാകാം. എന്തോ, അതിനപ്പുറം പോകാന്‍ മനസ്സ് സമ്മതിക്കുന്നില്ല.

മൂന്ന് നാല് വയസ്സുള്ളപ്പോഴത്തെ എന്നെ എനിക്ക് ഏതാണ്ട് ശരിയായിത്തന്നെ ഓര്‍ക്കാനാവുന്നുണ്ട്. ഓടാനും ചാടാനും അമ്മമ്മയോട് ഓരോന്നൊക്കെ ആവശ്യപ്പെട്ട് ബഹളം വെക്കാനും നല്ല മിടുക്കുണ്ടായിരുന്നെങ്കിലും ഞാന്‍ വെറുമൊരശുവായിരുന്നു. ഒറ്റക്കാഴ്ചയില്‍ ബലവും ആരോഗ്യവും കുറഞ്ഞ മെലിഞ്ഞ ഒരു ശരീരത്തിന്റെ ഉടമ. വളരുന്തോറും ഈ ആരോഗ്യമില്ലായ്മയ്ക്കു പുറമെ ഓജസ്സിന്റെയും പ്രസാദത്തിന്റെയും ഇല്ലായ്മ കൂടി എന്നെ ബാധിച്ചു. തനിച്ചായിപ്പോവുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഞാന്‍ തികച്ചും വിഷാദവാനായി. അപരിചിതരുടെ മുന്നിലെത്തുമ്പോഴെല്ലാം വല്ലാത്തൊരു സങ്കോചം എന്നെ ബാധിച്ചു. സഹതപിക്കാന്‍ കഴിവുള്ളവര്‍ എന്നെ നോക്കി "പാവം' എന്നു പറഞ്ഞിട്ടുണ്ടാവും. അല്ലാത്തവര്‍   "ഒന്നിനും കൊള്ളാത്ത ഒരു ജീവി' എന്ന അവജ്ഞയോടെയാവാം എന്നെ കണ്ടിരിക്കുക. മാടായി ഹൈസ്‌കൂളില്‍ അല്‍പകാലം മാത്രം ഉണ്ടായിരുന്ന സ്‌നേഹസമ്പന്നനായ ഒരധ്യാപകന്‍ ഞാന്‍ ഒമ്പതാം ക്ലാസിലായിരുന്നപ്പോള്‍ ഒരു ദിവസം എന്നോട് പറഞ്ഞു: "ഇങ്ങനെയായാല്‍ ഒട്ടും ശരിയാവൂല്ല കേട്ടോ. ഒരു കൊല്ലം കൂടി കഴിഞ്ഞാല്‍ കോളേജിലൊക്കെ പോവേണ്ടതല്ലേ. തടിയൊക്കെ മെച്ചപ്പെടുത്തണം. ആകെക്കൂടി ഒന്നുഷാറാവണം.'  

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

മാഷ് നിര്‍ദ്ദേശിച്ചതുപോലെ എനിക്ക് തടി നന്നാക്കാനോ ഉഷാറാവാനോ കഴിഞ്ഞില്ല. ഞാന്‍ രൂപത്തിലും പ്രകൃതത്തിലും ഉള്‍ക്കരുത്തില്ലാവനെന്ന പ്രതീതിയുണ്ടാക്കുന്നവനായിത്തന്നെ തുടര്‍ന്നു. അമ്പത്തഞ്ച് വയസ്സ് കഴിഞ്ഞതില്‍പ്പിന്നെയാവണം അതിന് ചെറിയൊരു മാറ്റം വന്നു. പക്ഷേ, ആത്മവിശ്വാസമില്ലായ്കയുടെ അടയാളങ്ങള്‍ എന്റെ മുഖത്ത് പിന്നെയും തെളിഞ്ഞു നിന്നു. അതുകാരണം എത്രയോ പേര്‍ക്ക് എന്നോട് മോശമായി പെരുമാറുന്നതിന്റെ ആനന്ദം അനായാസമായി അനുഭവിക്കാന്‍ കഴിഞ്ഞു. അവരില്‍ പല തൊഴില്‍ മേഖലകളില്‍ നിന്നുള്ളവരുണ്ടായിരുന്നു. പല രാഷ്ട്രീയാഭിപ്രായക്കാരുണ്ടായിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരും നാലാം ക്ലാസിനപ്പുറം പോവാത്തവരും ഉണ്ടായിരുന്നു. പാവപ്പെട്ട തൊഴിലാളികളും അതിസമ്പന്നരും ഉണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു. ജട കെട്ടിയ മുടിയും മുഷിഞ്ഞുനാറുന്ന തുണിയുമായി എല്ലാ വീടിനു മുന്നിലുമെത്തി "ബാപ്പു കാച്ചി, ബാപ്പുകാച്ചി' എന്ന് ഏതോ ഭാഷയില്‍ ഉരുവിട്ട് അന്നന്നത്തെ അന്നം ഒരു കിണ്ണത്തില്‍ സ്വീകരിച്ച് തന്റെ വാസസ്ഥലമായ ആലിന്‍ ചുവട്ടിലേക്ക് തിരിച്ചുപോയി കിടന്നുറങ്ങുകയും സന്ധ്യയോടെ എഴുന്നേറ്റിരുന്ന്, തെലുങ്ക് എന്ന് നാട്ടിലെ ചില ബഹുഭാഷാജ്ഞാനികള്‍ ഉറപ്പിച്ചു പറഞ്ഞ ഭാഷയില്‍ അതിമനോഹരമായി പാടുകയും ചെയ്യുന്ന "ബാപ്പു കാച്ചി' എന്ന സ്ത്രീവരെ എന്നെ കല്ലെടുത്തെറിഞ്ഞിട്ടുണ്ട്. താന്‍ ഒരു നിരുപദ്രവിയാണ്, പ്രതികൂല സാഹചര്യങ്ങളില്‍ അതിജീവിക്കാനുള്ള ശേഷിയും സാമര്‍ത്ഥ്യവുമില്ലാത്തവനാണ് എന്നൊക്കെ ശരീരം കൊണ്ട് മാലോകരോട് വിളിച്ചു പറയുന്ന ഏതൊരാള്‍ക്കും ഈ ലോകത്തില്‍ നിന്ന് നല്ല അനുഭവങ്ങള്‍ക്കുള്ള സാധ്യത നന്നേ കുറവായിരിക്കും.
അനാരോഗ്യവും നിരുന്മേഷവും അധൈര്യവും ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നെങ്കിലും ഞാന്‍ മറ്റുള്ളവരില്‍ നിന്ന് അകന്നുമാറി ഏകാകിയായി കഴിയാന്‍ താല്‍പര്യപ്പെടുന്ന കൂട്ടത്തിലായിരുന്നില്ല.

N-prabhakaran-autobiography

കൂട്ടുകാരോടൊ-ത്തായിരിക്കുമ്പോഴാണ് കുഞ്ഞുന്നാള്‍ തൊട്ടേ ഞാന്‍ ഏറ്റവുമധികം സന്തോഷിച്ചത്. എല്‍.പി. സ്‌കൂളിലായിരുന്നപ്പോഴും ഏഴാം ക്ലാസ് വരെയും എന്റെ പ്രകൃതം അതായിരുന്നു. കൂട്ടുകൂടി നടക്കുന്നതിനെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടു. പല സുഹൃത്തുക്കളെയും ഗാഢമായി സ്‌നേഹിച്ചു. പെണ്‍കുട്ടികളുമായും എനിക്ക് നല്ല ബന്ധമായിരുന്നു. വിശേഷിച്ചും എല്‍.പി.സ്‌കൂള്‍ കാലത്ത്. അതുകഴിഞ്ഞപ്പോള്‍ അതിന് തുടര്‍ച്ച സാധിച്ചില്ല.
ആണ്‍കുട്ടികളുമായുള്ള എന്റെ സൗഹൃദം വളരെ സജീവമായിരുന്നു. അവരെ സന്തോഷിപ്പിക്കാന്‍ എന്തെന്തൊക്കെ ചെയ്യണം എന്ന ആലോചനയിലായിരുന്നു മിക്കപ്പോഴും ഞാന്‍.  അങ്ങനെയാണ് നിത്യവുമെന്നോണം കണ്ടുമുട്ടുന്ന പല തരക്കാരായ മനുഷ്യരെ അഭിനയിച്ചു കാണിക്കുന്ന വിദ്യയില്‍ ഞാന്‍ എത്തിയത്.N-prabhakaran-autobiography

എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ട ഉടന്‍ ഞാന്‍ വീട്ടില്‍ ഓടിയെത്തി ഊണുകഴിച്ച് എത്രയും വേഗം  സ്‌കൂളില്‍ തിരിച്ചെത്തും. പിന്നെ അഞ്ചെട്ട് സുഹൃത്തുക്കളെയും കൂട്ടി മാടായിപ്പാറയിലെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിന്റെ ഭാഗത്തേക്ക്. അല്ലെങ്കില്‍ സ്‌കൂളിനു മുന്നിലെ റോഡിനപ്പുറം കിഴക്ക് ഭാഗത്തുള്ള പാറയുടെ ഏതെങ്കിലും ചെരിവിലെ പറങ്കിമാവിന്‍ ചുവട്ടിലേക്ക് ചെല്ലും. അവിടെ വെച്ച് അവരെ ഞാന്‍ പലതും അഭിനയിച്ചു കാണിക്കും. പല ജീവിതരംഗങ്ങളും ഞാന്‍ സങ്കല്‍പിച്ചുണ്ടാക്കും. അപ്പപ്പോള്‍ മനസ്സില്‍ വരുന്നത് സംഭാഷണമായി പറയും. ചിലപ്പോള്‍ മോണോആക്ട് രീതിയില്‍ ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഏഴാം ക്ലാസ് കഴിയും വരെ ഈ പതിവ് ഞാന്‍ തുടര്‍ന്നു. പല പല നാടുകളില്‍ തെണ്ടിത്തിരിഞ്ഞെത്തുന്ന സ്വാമി, കുരങ്ങിനെ കളിപ്പിക്കാന്‍ കൊണ്ടു വരുന്ന കുറവന്‍, കള്ള് കുടിച്ചുവന്ന് വീട്ടിലെ ചട്ടിയും കലവും പുറത്തേക്ക് വലിച്ചെറിയുന്നവന്‍, "ഓര്‍മയും കതയു'മില്ലാതെ ആരെയൊക്കെയോ എന്തിനെന്നില്ലാതെ വഴക്ക് പറയുന്ന വയസ്സന്‍  അങ്ങനെ പലരും ഹാസ്യകഥാപാത്രങ്ങളായി എന്നിലൂടെ അവതരിച്ചു. എന്റെ സുഹൃത്തുക്കളുടെ പൊട്ടിച്ചിരികളും കൂട്ടിച്ചേര്‍പ്പുകളും എന്നെ എത്രയെന്നില്ലാതെ ആഹ്ലാദിപ്പിച്ചു.

രണ്ട്

നാടകാന്തം

അല്പായുസ്സായിരുന്നു എന്റെ അഭിനയജീവിതം. ഏഴ് കഴിഞ്ഞ് എട്ടാം ക്ലാസിലെത്തിയതോടെ അത് അവസാനിച്ചു. പല കാരണങ്ങള്‍ കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അഭിനയം, മോണോആക്ട് ആയാലും അല്ലെങ്കിലും, അത് ഒട്ടും എളുപ്പമല്ല എന്നു ഞാന്‍ മനസ്സിലാക്കി എന്നതുതന്നെ ഒന്നാമത്തെ കാരണം.

സ്‌കൂള്‍ യുവജനോത്സവങ്ങളാണ് അത് എന്നെ കൃത്യമായി ബോധ്യപ്പെടുത്തിയത്. അതിനുപുറമെ, അക്കാലത്ത് നാട്ടില്‍ ഇടയ്‌ക്കൊക്കെ എത്തിയിരുന്ന ചില ദരിദ്രനാടകസംഘങ്ങളുടെ നാടകങ്ങളില്‍ നിന്ന് നാടകം വളരെ സീരിയസ്സായ ഒരു സംഗതിയാണെന്നും അതില്‍ ഹാസ്യം കടന്നു വരുന്ന സന്ദര്‍ഭങ്ങളേക്കാള്‍ പ്രാധാന്യം ദുഃഖഭരിതമായ മുഹൂര്‍ത്തങ്ങള്‍ക്കാണെന്നും നേരിട്ട് അനുഭവിച്ചറിയാന്‍ കഴിഞ്ഞതും എന്നെ തിരിച്ചറിവിലേക്കെത്താന്‍ സഹായിച്ചിട്ടുണ്ടാവും.

ALSO READ

സ്വാര്‍ത്ഥനായ ഒരു ഇരട്ടത്താപ്പുകാരന്‍ മാത്രമായിരുന്നു സവര്‍ക്കര്‍

പ്രധാന നടന്‍ സുന്ദരനായ യുവാവായിരിക്കണം, സ്ത്രീകള്‍ വേണം, വൃദ്ധന്‍ വേണം, ദുഷ്ടന്‍ വേണം, മന്ദബുദ്ധിയായ ഒരു കഥാപാത്രമെങ്കിലും വേണം, നാടകത്തിലെ സ്ത്രീയും പുരുഷനും ചേര്‍ന്ന് കരുണാര്‍ദ്രമായ ശബ്ദത്തില്‍ പാട്ട് പാടണം എന്നൊക്കെ ഞാന്‍ മനസ്സിലാക്കി.(പാട്ട് പാടുന്നത് അഭിനേതാക്കളല്ല, സൈഡ് കർട്ടന്റെ പിന്നില്‍ മറഞ്ഞിരിക്കുന്നവരാണെന്ന് പിന്നീടാണ് പിടി കിട്ടിയത്.) 

N-prabhakaran-autobiography

ഞങ്ങളുടെ വീട് നിന്നിരുന്ന എരിപുരത്തുനിന്ന് കുറച്ചകലെയുള്ള മണ്ടൂര് എന്ന സ്ഥലത്താണെന്ന് മങ്ങിയ ഓര്‍മയുണ്ട്, ഒരു ദിവസം ഒരു നാടകം കളിച്ചു. അത് "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' തന്നെ ആയിരുന്നുവെന്ന് ഇന്ന് ഞാന്‍ കരുതുന്നു. 1956 അവസാനമോ 57 ആദ്യമോ ആയിരുന്നിരിക്കണം ആ നാടകാവതരണം. നാടകത്തിന്റെ ഒടുവില്‍ ചെങ്കൊടി പിടിച്ച്, മുദ്രാവാക്യം വിളിച്ച് കുറച്ചുപേര്‍ വേദിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. മൈതാനത്തുള്ള മുഴുവനാളുകളും ഒന്നിച്ചു കയ്യടിച്ചു. ചിലര്‍ ആവേശപൂര്‍വം മുദ്രാവാക്യം ഏറ്റുവിളിച്ചു. നാടകം സംബന്ധിച്ച് ഇത്രയുമേ എനിക്ക് ഓര്‍ക്കാനാവുന്നുള്ളൂ. വലിയ ഒരു സമ്മേളനം കഴിഞ്ഞാണ് നാടകം വേദിയിലെത്തിയത്. പ്രസംഗങ്ങള്‍ കഴിയുന്നതു വരെ ഞാന്‍ അച്ഛന്റെ കയ്യില്‍ തൂങ്ങി മൈതാനിയില്‍ അവിടെയും ഇവിടെയുമൊക്കെയായി നടന്നതും ഓര്‍മയിലുണ്ട്.

എട്ടാം ക്ലാസിലെത്തിയതോടെ എന്റെ നാടകാഭിനയം നിന്നുപോയ കാര്യമാണ് ഞാന്‍ പറഞ്ഞുവന്നത്. അക്കാലത്ത് മാടായി ഹൈസ്‌കൂളില്‍ കഴിവുറ്റ കലാകാരന്മാരുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു. ചന്തു, നാണി എന്നീ മികച്ച പാട്ടുകാര്‍. ദുഃഖപര്യവസായിയായ ഏകാങ്കനാടകങ്ങളിലൂടെ കാണികളെ കരയിച്ചിരുന്ന മികച്ച നടന്മാര്‍. പില്‍ക്കാലത്ത് ഒന്നാംകിട സംസ്‌കൃത പണ്ഡിതന്‍, ഇടതുപക്ഷ സാംസ്‌കാരിക വേദികളിലെ ഒരു പ്രധാന സാന്നിധ്യം, കോഴിക്കോട് സര്‍വകലാശാലയിലെ സംസ്‌കൃതവകുപ്പിന്റെ അധ്യക്ഷന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളിലൊക്കെ അറിയപ്പെട്ട എന്‍.വി.പി. ഉണിത്തിരി അക്കാലത്ത് മാടായി ഹൈസ്‌കൂളിലെ മിന്നുന്ന മോണോആക്ട് താരമായിരുന്നു. ഞാന്‍ യു.പി.ക്ലാസിലായിരുന്ന കാലത്തു തന്നെയാണ്  അദ്ദേഹത്തിന്റെ  മോണോ ആക്ട് പ്രകടനങ്ങള്‍ നടന്നത്.

പാട്ടുകാരും നടീനടന്മാരും നര്‍ത്തകികളുമെല്ലാം സ്‌കൂള്‍ ജീവിതത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഭാഗമായി പരിഗണിക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. ഒരു വര്‍ഷത്തെ യുവജനോത്സവത്തിന്റെ സമാപനദിവസം രാത്രി അധ്യാപകര്‍ കൂടി അഭിനയിച്ച് ഇടശ്ശേരിയുടെ"കൂട്ടുകൃഷി' വേദിയിലെത്തിച്ചിരുന്നു. ഡാന്‍സ്, പാട്ട്, പ്രസംഗം, നാടകം, നൃത്തനാടകം അങ്ങനെ സ്‌കൂള്‍ മുഴുവന്‍ തിളച്ചു മറിയുന്ന ദിവസങ്ങളായിരുന്നു യുവജനോത്സവത്തിന്റെ ദിവസങ്ങള്‍. സുമുഖനും അരോഗദൃഢഗാത്രനുമായ ഒരു മാഷും അതിസുന്ദരിയായ ഒരു മ്യൂസിക് ടീച്ചറും ഒരു നൃത്തനാടകത്തില്‍ ശിവനും പാര്‍വതിയുമായി വേദിയിലെത്തിയത് ഇന്നും എനിക്ക് കണ്മുന്നിലെന്ന പോലെ കാണാനാവുന്നുണ്ട്.

ഞാന്‍ ഹൈസ്‌കൂള്‍ ക്ലാസിലെത്തിയപ്പോഴും യുവജനോത്സവം ഉഷാറായി നടക്കുന്നുണ്ടായിരുന്നു. പക്ഷേ, എന്റെ ശ്രദ്ധ അപ്പോഴേക്കും വായനയിലേക്കും എഴുത്തിലേക്കും പൂര്‍ണമായി മാറിക്കഴിഞ്ഞിരുന്നു. എഴുത്തിന്റെ ആദ്യകാലവേദികള്‍ കയ്യെഴുത്ത് മാസികകളായിരുന്നു. പുലരി, ഉദയം, പൂവാടി എന്നൊക്കെയുള്ള പേരുകളില്‍ പുറത്തിറങ്ങിയ മാസികകള്‍ കൈമാറിക്കൈമാറി വായിക്കുമ്പോള്‍ ഞങ്ങളനുഭവിച്ച ആവേശം വാക്കുകളിലൊതുങ്ങാത്തതാണ്. കഥയും കവിതയും നര്‍മലേഖനങ്ങളുമൊക്കെയായി ഈ മാസികകളില്‍ ഞാനും എഴുതി. "പുലരി'-യിലാണെന്നാണ് ഓര്‍മ "മാതൃഹൃദയം' എന്ന പേരില്‍ ഞാനൊരു കഥയെഴുതി. നാടുവിട്ട് പോയ മകനെയോര്‍ത്ത് ദുഃഖിക്കുന്ന ഒരമ്മയായിരുന്നു അതിലെ കേന്ദ്രകഥാപാത്രം. എന്റെ സുഹൃത്തുക്കളില്‍ നിന്നും ചില അധ്യാപകരില്‍ നിന്നും വളരെ നല്ല പ്രതികരണം കിട്ടിയ ഒരു കഥയായിരുന്നു അത്. ആദ്യകഥയ്ക്കു തന്നെ അങ്ങനെ നല്ല സ്വീകരണം കിട്ടിയെങ്കിലും കവിതയിലായിരുന്നു അക്കാലത്ത് എനിക്ക് കൂടുതല്‍ കമ്പം. കേക, കാകളി, മഞ്ജരി വൃത്തങ്ങളിലും അനുഷ്ടുപ്പ് വൃത്തത്തിലും ഞാന്‍ തുടരെത്തുടരെ എഴുതിക്കൊണ്ടിരുന്നു. ചിലത് കയ്യെഴുത്ത് മാസികകളില്‍ ഇടം നേടി. പലതും തുണ്ടു കടലാസ്സുകളില്‍ അവിടെയുമിവിടെയും കിടന്നു. അങ്ങനെയിരിക്കെ എന്റെ ഒരു കവിത "ചക്രം' എന്ന മാസികയില്‍ അച്ചടിച്ചു വന്നു. കണ്ണൂര്‍ ജില്ലയിലെ മണ്‍പാത്രത്തൊഴിലാളി യൂനിയന്റെ മാസികയായിരുന്നു "ചക്രം.' രണ്ടോ മൂന്നോ ലക്കത്തിനപ്പുറം അത് പുറത്തിറങ്ങിയില്ല. അതിന്റെ രണ്ടാം ലക്കത്തിലാണ് ആയിടെ അന്തരിച്ച ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ഓര്‍മയ്ക്കു മുന്നില്‍ കൂപ്പുകൈകള്‍ അര്‍പ്പിച്ചു കൊണ്ട് ഞാനെഴുതിയ കവിത "സ്മരണാഞ്ജലി' "ചക്ര'-ത്തില്‍ അച്ചടിച്ചു വന്നത്. 1966 ലായിരുന്നു അത്.

എഴുത്തും വായനയും വിശുദ്ധമായ കര്‍മങ്ങളാണെന്നാണ് അന്ന് ഞാന്‍ ധരിച്ചുവെച്ചിരുന്നത്. ഒരു തരത്തിലുള്ള മാലിന്യവും അവയെ സ്പര്‍ശിക്കരുത്. ഈയൊരു നിര്‍ബന്ധം കാരണം സ്‌കൂളിലെ പ്രധാനപ്പെട്ട പരിപാടികളില്‍,(സാഹിത്യസമാജം ഉദ്ഘാടനം, യുവജനോത്സവം ഉദ്ഘാടനം പോലുള്ളവ) സംഘാടകരായ അധ്യാപകരുടെ അനുവാദം വാങ്ങി കവിത അവതരിപ്പിക്കാന്‍ പോവുമ്പോഴെല്ലാം ഞാന്‍ വെള്ള ഷര്‍ട്ടും ട്രൗസറുമാണ് ധരിച്ചിരുന്നത്. അതിനു വേണ്ടി മാത്രം ഞാന്‍ ഒരു വെള്ള ഷര്‍ട്ടും ട്രൗസറും അലക്കിയുണക്കി  പെട്ടിയില്‍ സൂക്ഷിച്ചിരുന്നു. വെള്ള വസ്ത്രം ധരിച്ച് സ്‌കൂളിന്റെ സ്റ്റേജില്‍ നില്‍ക്കുന്ന ആ കൊച്ചുകവിയെ എന്നില്‍ നിന്ന് വേറിട്ട് നിഷ്‌കളങ്കാനായ ഒരു കുട്ടിയായി എനിക്കിന്ന് കാണാന്‍ കഴിയുന്നു. അവന്റെ രൂപം എന്നെ കരയിക്കുന്നു.

മൂന്ന്

ഹൈസ്‌കൂള്‍ ജീവിതത്തിന്റെ ഓര്‍മകളിലേക്ക് ഞാന്‍ ഓടിക്കയറിയത് അല്‍പം തിടുക്കത്തിലായിപ്പോയി. അതുകൊണ്ട് ഒന്നു തിരിഞ്ഞു നടക്കുകയാണ്. മാടായി എല്‍.പി.സ്‌കൂളിനെക്കുറിച്ചും അവിടത്തെ വിദ്യാര്‍ത്ഥിയാവും മുമ്പ് ഞാന്‍ എത്തിച്ചേര്‍ന്ന പാഠശാലകളെക്കുറിച്ചും ചിലത് പറയാനുണ്ട്. ഞാന്‍ ആദ്യമായി മറ്റ് കുട്ടികളോടൊപ്പം ഒരു ടീച്ചര്‍ക്കു മുന്നിലിരുന്നത് പറശ്ശിനിക്കടവിലെ ഒരു ബാലവാടിയിലാണ്. "കോള്‍മൊട്ട' എന്ന സ്ഥലത്ത് ഇപ്പോഴത്തെ വിസ്മയ വാട്ടര്‍ തീം പാര്‍ക്കിന് സമീപത്തായിരുന്നു ആ ബാലവാടി. നാല് വയസ്സുള്ളപ്പോഴാണെന്നു തോന്നുന്നു ഞാന്‍ അവിടെ പ്രവേശനം നേടിയത്. വലിയ ഉത്സാഹത്തിലായിരുന്നു അങ്ങോട്ടേക്കുള്ള എന്റെ യാത്ര. നിത്യവും എന്നെ അവിടെ എത്തിച്ചത് എന്റെ അമ്മയുടെ കാരണവരായ അമ്പുക്കാരണവരുടെ വീട്ടിലുള്ള ആരോ ആയിരുന്നു.

ALSO READ

'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' കണ്ട രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല

തലുവില്‍ എന്ന സ്ഥലത്തായിരുന്നു അമ്പുക്കാരണവരുടെ വീട്. വീടിന്റെ കോലായയില്‍ വലിയൊരു കസേരയില്‍ ഇരിക്കുന്നതായേ അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടുള്ളൂ. ഞങ്ങള്‍ കുട്ടികളോടൊക്കെ ഒന്നു ചിരിക്കും. അദ്ദേഹം എന്തെങ്കിലും ചോദിക്കുകയും പറയുകയുമൊക്കെ ചെയ്തിട്ടുണ്ടാവാം. ഒന്നും പക്ഷേ, എനിക്ക് ഓര്‍ത്തെടുക്കാനാവുന്നില്ല. ആ വീട്ടിലാണ് ഒരു കാലത്ത് അമ്മ കഴിഞ്ഞിരുന്നത്. കാരണവരുടെ മകള്‍ നാരായണിയുമായി എന്റെ അമ്മ നല്ല അടുപ്പത്തിലായിരുന്നു. നല്ല മാനസിക ഔന്നത്യമുള്ള സ്‌നേഹസമ്പന്നയായ ഒരു സ്ത്രീയായിരുന്നു അവര്‍. സമീപകാലത്ത് നാരായണിയേടത്തി മരിച്ചു.

N-prabhakaran-autobiography

പഴയ കാലത്തെ സ്ഥിതി വെച്ചു നോക്കിയാല്‍ കാരണവരുടെ വീട് സാമാന്യം വലുതായിരുന്നു. വീട്ടുമുറ്റത്ത് മിക്കപ്പോഴും നെല്ല് ചിക്കിയിരിക്കും. മുറ്റത്തിന്റെ അതിരില്‍ വൈക്കോല്‍ക്കൂനകളുണ്ടാവും. കൃഷിയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു ആ വീട്ടിലെ എല്ലാവരുടെയും ജീവിതം.

കോള്‍മൊട്ടയിലെ ബാലവാടിയില്‍ ഞാന്‍ ഒന്നോ രണ്ടോ മാസമേ പോയിരുന്നുള്ളൂ.
"ഇത്തിരിപ്പുവേ ചുവന്ന പൂവേ
ഇത്തിറ നാളും നീയെങ്ങുപോയി
മണ്ണിന്നടിയിലൊളിച്ചിരുന്നോ
മറ്റുള്ള പൂക്കളെ കാത്തിരുന്നോ'

എന്നു തുടങ്ങുന്ന പാട്ടാണ് അവിടെ നിന്ന് പഠിപ്പിച്ചത്. ഈ നാല് വരി മാത്രമേ പഠിപ്പിച്ചിരുന്നുള്ളൂ എന്നാണ് തോന്നുന്നത്. അവസാന വരിയിലെ കല്‍പനയുടെ അപാരമായ ഭംഗിയെപ്പറ്റി പിന്നീട് പത്തുപന്ത്രണ്ട് വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ആലോചിക്കുന്നത്. ഭാവനയുടെ ലോകത്തേക്ക് ആഹ്ലാദപൂര്‍വം പ്രവേശിക്കാന്‍ പ്രേരണ നല്‍കുന്ന  ഇത്തരം കവിതകളുമായും കഥകളുമായൊക്കെ  പരിചയപ്പെടാന്‍ ചെറുപ്രായം മുതല്‍ക്കേ എല്ലാവര്‍ക്കും അവസരമുണ്ടാക്കിക്കൊടുക്കേണ്ടതാണ്. പാഠ്യപദ്ധതി തയ്യാറാക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ഓര്‍മിക്കണം. സാഹിത്യത്തിന്റെയും ഇതരകലകളുടെയും പ്രാധ്യാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതില്‍ താല്‍പര്യം പുലര്‍ത്താത്ത വിദ്യാഭ്യാസം അവരുടെ മാനസികലോകത്തിന് ഉണ്ടാക്കിവെക്കുന്ന നഷ്ടം നികത്താനാവാത്തതു തന്നെയാണ്. നൈപുണി വികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് ആവേശപൂര്‍വം പ്രചരിപ്പിക്കുന്നവര്‍ക്ക് ഇത് മനസ്സിലാവില്ല.

ഞാന്‍ അമ്പുക്കാരണവരുടെ വീട്ടില്‍ കഴിഞ്ഞിരുന്ന മാസങ്ങളിലും അതിനു മുമ്പും എന്റെ അച്ഛനും അമ്മയും എരിപുരത്തിനടുത്ത് സൗകര്യപ്രദമായ ഒരു പാര്‍പ്പിടം നോക്കി നടക്കുകയായിരുന്നു എന്നു തോന്നുന്നു. കുറച്ചുകാലം അവര്‍ മാടായിയില്‍ "സുല്‍ത്താന്‍തോടി'ല്‍ നിന്ന് ഏറെയകലെയല്ലാത്ത ഒരു വീട്ടില്‍ താമസിച്ചിരുന്നു. കുറച്ചുനാള്‍ എന്നെയും അങ്ങോട്ട് കൂട്ടിയിരുന്നു. പിന്നെ അടുത്തില എന്ന സ്ഥലത്തെ ഒരു വാടകവീട്ടിലെത്തി. അപ്പോള്‍ പറശ്ശിനിക്കടവില്‍ നിന്ന് എന്നെ വീണ്ടും അങ്ങോട്ട് കൂട്ടി. അത് 1958ലായിരിക്കണം. വാടകവീട്ടിനടുത്തുള്ള അടുത്തില എല്‍.പി.സ്‌കൂളില്‍ ഏതാനും ദിവസങ്ങള്‍ എന്നെ ഒന്നാം ക്ലാസില്‍ കൊണ്ടുപോയി ഇരുത്തിയിരുന്നു.

വൈകാതെ താമസം എരിപുരത്തെ ഒരുവീട്ടിലേക്ക് മാറി. ചെറിയ വീടായിരുന്നു അത്. അവിടെ വീട്ടുകാരനും ഭാര്യയും ചെറിയ ഒരു പെണ്‍കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ അച്ഛനും അമ്മയും ഞാനും പറ്റിക്കൂടി. അപ്പോഴേക്കും അച്ഛന്‍ ആയിരം രൂപകൊടുത്ത് എരിപുരത്ത് ഒരേക്കര്‍ പറമ്പ് വാങ്ങിയിരുന്നു. അവിടെ ഒരു ചെറിയ വീടിന്റെ പണി ഏതാണ്ടൊക്കെ പൂര്‍ത്തിയായപ്പോള്‍ ഞങ്ങള്‍ അങ്ങോട്ട് മാറി. അതോടെ എന്റെ പഠനം മാടായി എല്‍.പി സ്‌കൂളിലായി. ഞാന്‍ വളരെയേറെ സ്‌നേഹത്തോടെ ഓര്‍ക്കുന്ന സ്‌കൂളാണിത്. എസ്.കെ.മാഷ്, കുമാരന്‍ മാഷ്, കേളുമാഷ്, സി.സി. കുഞ്ഞിക്കണ്ണന്‍ മാഷ്, കോട്ടോളി കണ്ണന്‍ മാഷ്, കാര്‍ത്തായനി ടീച്ചര്‍, കണ്ണന്‍ മാഷ് എന്നിവരായിരുന്നു ഞാന്‍ പഠിക്കുന്ന കാലത്ത് ആ സ്‌കൂളിലെ അധ്യാപകര്‍. എന്നോടൊപ്പം ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവര്‍ സുരേശന്‍, പപ്പന്‍, സുകുമാരന്‍ എന്നിവരായിരുന്നു. പെണ്‍കുട്ടികളുടെ ബെഞ്ചില്‍ വിജയ, ഖദീജ, വിലാസിനി എന്നിവര്‍. അധ്യാപകരില്‍ എന്നെ ഏറ്റവുമധികം സ്വാധീനിച്ചത് സി.സി.കുഞ്ഞിക്കണ്ണന്‍ മാഷാണ്. ചെറിയ ക്ലാസ്സില്‍ കവിത പഠിപ്പിക്കുന്നതില്‍ ഒരു വിദഗ്ധന്‍ തന്നെയായിരുന്നു അദ്ദേഹം. "നിറന്ന പീലികള്‍ നിരക്കവേ കുത്തി' എന്നു തുടങ്ങുന്ന പദ്യത്തിലെ (മഹാഭാരതം കിളിപ്പാട്ടിലെ വരികളാണവ) ആദ്യത്തെ ആറ് വരി പഠിപ്പിച്ചു തീര്‍ക്കാന്‍ അദ്ദേഹം ആറ് പീരിയഡെങ്കിലും എടുത്തിട്ടുണ്ടാവും. ഓരോ വാക്കും വിസ്തരിച്ചു വിസ്തരിച്ച്, വരികള്‍ പലവട്ടം ചൊല്ലിച്ചൊല്ലി കുട്ടികളുടെ മനസ്സില്‍ ഉറപ്പിച്ചെടുക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റെത്. കവിത, സാഹിത്യം എന്നീ വാക്കുകളുമായൊക്കെ പിന്നീടാണ് ഞാന്‍ പരിചയപ്പെടുന്നത്. കവിതയ്ക്ക് പദ്യം എന്ന വാക്ക് മാത്രമേ അന്ന് എന്റെ അറിവിലുണ്ടായിരുന്നുള്ളൂ. അധ്യാപകരും ആ പദം മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. പദ്യം ഗംഭീരമായൊരു കാര്യമാണെന്നും ആറ് വരികൊണ്ടു തന്നെ നൂറായിരം കാര്യങ്ങള്‍ പറയാന്‍ പദ്യത്തിന് കഴിയുമെന്നും കുഞ്ഞിക്കണ്ണന്‍ മാഷാണ് എന്നെ ആദ്യമായി ബോധ്യപ്പെടുത്തിയത്.

ഞാന്‍ എല്‍.പി.സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്താണ് ഇ.എം.എസ് ഗവണ്മെന്റ് പിരിച്ചുവിടപ്പെട്ടത്. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, പി.എസ്.പി, മുസ്‌ലിം
ലീഗ് മുന്നണി (മുക്കൂട്ട് മുന്നണി എന്ന് കമ്യൂണിസ്റ്റുകാര്‍ പരിഹാസപൂര്‍വം വിളിച്ച മുന്നണി) വിജയിച്ചു. അതിന്റെ നേതാവ് പി.എസ്.പിക്കാരനായ പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. കാരണം എന്താണെന്നൊന്നും എനിക്കറിയില്ല, പട്ടം താണുപിള്ളയ്‌ക്കെതിരെ ഒരു ഘട്ടത്തില്‍ കമ്യൂണിസ്റ്റുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഒരു ദിവസം ഞാന്‍ പഴയങ്ങാടിയില്‍ പോയി വീട്ടിലേക്ക് വേണ്ട ചെറിയ ചില സാധനങ്ങള്‍ വാങ്ങി മടങ്ങിവരുമ്പോള്‍ അവരുടെ ഒരു ജാഥ കണ്ടു. കുറച്ചധികം ആളുകള്‍ ആവേശത്തില്‍ മുദ്രാവാക്യം വിളിച്ച് നീങ്ങുന്ന ജാഥയായിരുന്നു. അതില്‍  കുഞ്ഞിക്കണ്ണന്‍ മാഷെയും കണ്ട് ഞാന്‍ അന്തം വിട്ടു. ഏതോ ഒരു മുദ്രാവാക്യത്തിന്റെ ഒരു ഭാഗം കയ്യുയര്‍ത്തി വിരല്‍ ചൂണ്ടി ഏറ്റു വിളിക്കുകയായിരുന്നു അദ്ദേഹം. ആ ഭാഗം ഇങ്ങനെയായിരുന്നു: "പട്ടം പോലെ പറപ്പിക്കും, പട്ടം പോലെ പറപ്പിക്കും.' ഒരു പക്ഷേ പട്ടം എന്ന വാക്ക് കാരണമാകാം, ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും എന്റെ മനസ്സില്‍ ആ മുദ്രാവാക്യഖണ്ഡം ബാക്കി നില്‍ക്കുന്നത്.

N. Prabhakaran

കുട്ടികള്‍ക്ക് നല്ല ഇഷ്ടം തോന്നുന്ന പരിസരമായിരുന്നു മാടായി എല്‍.പി.സ്‌കൂളിന്റേത്. സ്‌കൂളിന്റെ മുന്നിലൂടെ മാസങ്ങളോളം ഒരു നീര്‍ച്ചാല്‍ ഒഴുകിപ്പോവും. അതിലൂടെ നൊയിച്ചിങ്ങകള്‍ ഒഴുകി വരും. തെളിനീരില്‍ ഇടക്കിടെ ചെറിയ കല്ലുകളില്‍ തട്ടിത്തടഞ്ഞ് അവ ഒഴുകിപ്പോവുന്നത് നോക്കി നില്‍ക്കുമ്പോള്‍ അന്നൊക്കെ അനുഭവിച്ച രസം പറഞ്ഞറിയിക്കാനാവാത്തതാണ്. സ്‌കൂളിന്റെ പിന്നില്‍ ചെറിയ കുറ്റിക്കാടാണ്. അതിനപ്പുറം പല തരം മരങ്ങളുള്ള ഒരു പറമ്പും. കുറ്റിക്കാട്ടില്‍ ഇടയ്ക്കിടെ മുയലുകള്‍ പ്രത്യക്ഷപ്പെടും. "അതാ, അതാ' എന്ന് ഞങ്ങള്‍ അത്ഭുതം കൊള്ളുമ്പോഴേക്കും അവ ഓടി മറഞ്ഞിരിക്കും.

മാടായിപ്പാറയുടെ ഒരു ചെരിവിലാണ് സ്‌കൂള്‍. ഓരോ ആണ്‍കുട്ടിയും പാറപ്പുറത്ത് കൂര്‍ത്ത കല്ല് കൊണ്ട് കുത്തിവരഞ്ഞ് തനിക്കു വേണ്ടി ഒരു മൂത്രച്ചാലുണ്ടാക്കും. കുറച്ചു ദിവസത്തെ ശ്രദ്ധാപൂര്‍വമായ അധ്വാനം വേണ്ടി വരും അതിന്റെ നിര്‍മാണത്തിന്. ഉച്ചയൊഴിവിന്റെ സമയത്ത് ചാറ്റല്‍ മഴയിലും പൊരിവെയിലിലുമൊക്കെയായി പണി നടക്കും. താന്‍ നിര്‍മിച്ച ചാലിലൂടെ തന്റെ മൂത്രം ഒഴുകിപ്പോവുന്നത് കാണുമ്പോള്‍ ഓരോരുത്തര്‍ക്കും അനുഭവപ്പെട്ട അത്യാനന്ദവും അഭിമാനവും ഒന്നു വേറെത്തന്നെയാണ്.വനന്നേ ചെറിയ പ്രായം മുതല്‍ക്കേ ഓരോ മനുഷ്യനിലും "എന്റേത്,എന്റേത് മാത്രം!' എന്ന ചിന്ത രൂപംകൊള്ളുന്നുണ്ട്; തീര്‍ച്ച.  

നാല്

അമ്മ എന്ന അധ്യാപിക

ഞാന്‍ മാടായി ഹൈസ്‌കൂളിലെ യു.പി. ക്ലാസിലെത്തിയപ്പോള്‍ എന്റെ അമ്മയും എന്റെ അധ്യാപികയായി. പക്ഷേ, ടീച്ചറുടെ മകനായി വളരെ അഭിമാനത്തോടെ സ്‌കൂളിലേക്ക് പോകാനും ക്ലാസിലിരിക്കാനുമുള്ള ഭാഗ്യം ഏറെനാള്‍ നിലനിന്നില്ല. ഞാന്‍ ആറാം ക്ലാസിലെത്തിയപ്പോള്‍ എന്റെ അമ്മയെ മാട്ടുല്‍ പഞ്ചായത്തിന്റെ ഭാഗമായ തെക്കുമ്പാട് ദ്വീപിലെ ഗവണ്മെന്റ് മാപ്പിള യു.പി.സ്‌കൂളിലേക്ക്
മാറ്റി. മാടായി ഹൈസ്‌കൂളിലെ കോണ്‍ഗ്രസ്സുകാരനായ ഒരധ്യാപകനാണ് ആ ട്രാന്‍സ്ഫറിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് പറഞ്ഞുകേട്ടിരുന്നു. സ്‌കൂളില്‍ രാഷ്ട്രീയം
കളിക്കുന്നതില്‍ വലിയ കമ്പമായിരുന്നു ഇദ്ദേഹത്തിന്. 1966 ലാണെന്നാണ്
ഓര്‍മ. സ്‌കൂള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കെ.എസ്.യു ജയിച്ചു. അതിനു മുമ്പും
കെ.എസ്.യു ജയിച്ചിട്ടുള്ള സ്‌കൂളാണിത്. ഞാന്‍ അഞ്ചാം ക്ലാസിലായിരുന്നപ്പോള്‍
കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു കെ.എസ്.യുവിന്റെ സ്‌കൂള്‍ ലീഡര്‍
സ്ഥാനാര്‍ത്ഥി. അന്ന് വോട്ടു ചോദിച്ചു വന്നപ്പോള്‍ കണ്ട പരിചയമേ
ഉള്ളൂ. എങ്കിലും ഇപ്പോഴും കാണുമ്പോള്‍ ഏറെ സൗഹൃദത്തോടെയാണ് പെരുമാറുക. ഞാന്‍ കോണ്‍ഗ്രസ് എസ്സിന്റെ മാടായി ഭാഗത്തുള്ള ഒരു പ്രവര്‍ത്തകനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചിട്ടുണ്ടാവുമോ എന്നു പോലും സംശയിച്ചുപോവാറുണ്ട്. അത്രയും അടുപ്പത്തിലാണ് പെരുമാറ്റം.

ALSO READ

'മുല' എന്നു കേട്ടപ്പോള്‍ കുട്ടി ചിരിച്ച വഷളന്‍ ചിരിയുടെ ഉത്തരവാദി നമ്മളാണ്, പ്രത്യേകിച്ച് അധ്യാപകര്‍

അത് അദ്ദേഹത്തിന്റെ പ്രകൃതം തന്നെയാണെന്ന് കരുതുന്നതാവും കൂടുതല്‍ ശരി. 66-67 കാലത്ത് ആരായിരുന്നു സ്‌കൂള്‍ ലീഡര്‍ എന്ന് ഓര്‍ക്കുന്നില്ല. ആരായാലും ആ ലീഡര്‍ കോണ്‍ഗ്രസ് നേതാവ് പാമ്പന്‍ മാധവനെക്കൊണ്ട് സ്‌കൂള്‍ പാര്‍ലിമെന്റിന്റെ ഉദ്ഘാടനം നടത്തിക്കാന്‍ തീരുമാനിച്ചു. പാമ്പന്‍ മാധവന്‍ അന്ന് മികച്ച പത്രപ്രവര്‍ത്തകന്‍, ദേശീയ സ്വതന്ത്ര്യസമര ചരിത്രത്തിലെ ഗംഭീരമായ
മുഹൂര്‍ത്തങ്ങള്‍ പരാമര്‍ശിച്ച് സംസാരിക്കുന്ന നല്ല പ്രാസംഗികന്‍ എന്നതിനേക്കാ
ളൊക്കെ  കണ്ണൂര്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിട്ടാണ്
അറിയപ്പെട്ടിരുന്നത്. അദ്ദേഹം മാടായി ഹൈസ്‌കൂളിലെ പാര്‍ലമെന്റ് ഉദ്ഘാടനം
ചെയ്യാന്‍ വരുന്നത് സ്‌കൂളിലെ കെ.എസ്.എഫുകാര്‍ക്കും എരിപുരം, ഏഴോം പ്രദേശത്തെ മാര്‍ക്സിസ്റ്റുകാര്‍ക്കും വലിയ അപമാനമായിത്തോന്നി. സ്‌കൂള്‍
പാര്‍ലിമെന്റ്, സാഹിത്യസമാജം ഇവയുടെയൊക്കെ ഉദ്ഘാടനത്തിന് മുഴുവന്‍ സമയരാഷ്ട്രീയക്കാരെ വിളിക്കുന്ന രീതി പൊതുവെ കുറവായിരുന്നു അന്ന്. പാമ്പന്‍
മാധവന്‍ വന്നപ്പോള്‍ കെ.എസ്.എഫുകാര്‍ ഭയങ്കരമായി ബഹളം വെച്ചു. അങ്ങനെ
ഉദ്ഘാടനപരിപാടി അലങ്കോലമായി. നാലഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ എരിപുരത്ത്
കെ.എസ്.എഫ്കാര്‍ ഒരു വന്‍ പ്രതിഷേധ സമ്മേളനം നടത്തി. വൈകുന്നേരം ആറ് മണിക്ക് തുടങ്ങിയ സമ്മേളനം ഒമ്പതുമണിയോളമായപ്പോഴാണ് തീര്‍ന്നത്. സമ്മേളനത്തിലെ മുഖ്യ പ്രാസംഗികന്‍ പിണറായി വിജയനായിരുന്നു.

N-prabhakaran-autobiography

അന്ന് അദ്ദേഹം കെ.എസ്.എഫിന്റെ നേതാവായിരുന്നു. എണ്ണയൊലിക്കുന്ന ഇരുണ്ട മുഖവും മുഷിഞ്ഞ മുറിക്കയ്യന്‍ വെള്ള ഷര്‍ട്ടും മുണ്ടുമായി മൈക്കിനു മുന്നില്‍ നിന്ന അദ്ദേഹത്തിന്റെ രൂപം ഇപ്പോഴും എനിക്ക് ഓര്‍മിച്ചെടുക്കാന്‍ വിഷമം തോന്നുന്നില്ല. അന്നാണ് ഞാന്‍ പിണറായിയുടെ പ്രസംഗം ആദ്യമായി കേട്ടത്. അന്നേ വാചാലത കുറവായിരുന്നു അദ്ദേഹത്തിന്. കാര്യം മാത്രം പറയും. അതും കനപ്പിച്ച്, എതിരാളിയെ താന്‍ അണുപോലും വകവെക്കുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ട്. സ്‌കൂളില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന കോണ്‍ഗ്രസ്സുകാരന്‍ മാഷെ കഠിനമായി
അധിക്ഷേപിച്ചുകൊണ്ടുള്ളതായിരുന്നു പിണറായിയുടെ അന്നത്തെ പ്രസംഗം.
പിണറായി വിജയനു പുറമെ വൈക്കം വിശ്വനും സുഭാഷ് ചന്ദ്രബോസും അന്ന്
വേദിയിലെത്തിയിരുന്നു. പ്രാസംഗികരെന്ന നിലയില്‍ രണ്ടുപേരും
തീപ്പൊരി. വിശേഷിച്ചും സുഭാഷ് ചന്ദ്രബോസ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ
ജീവിതത്തിന് പിന്നെ എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ച് ഒരു പിടിയുമില്ല.
കേരള രാഷ്ട്രീയത്തില്‍ എല്ലാ തലമുറയിലും ഒരു ഘട്ടം കഴിയുമ്പോള്‍ ഇങ്ങനെ
രാഷ്ട്രീയജീവിതം അവസാനിപ്പിച്ച് പൊതുരംഗത്തുനിന്ന് പിന്മാറിയ പലരുമുണ്ട്.
പിണറായി രൂക്ഷഭാഷയില്‍ അധിക്ഷേപിച്ച കോണ്‍ഗ്രസ്സുകാരന്‍ മാഷ് തന്നെയാണ് അതിന് ആധാരമായ സംഭവം നടക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പ് എന്റെ അമ്മയെ
തെക്കുമ്പാട് സ്‌കൂളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ചത്. ഉന്നതാധികാരികള്‍ക്ക്
അദ്ദേഹം ദീര്‍ഘമായ ഒരു പരാതി അയച്ചു എന്നാണ് കേട്ടത്. ഞങ്ങളുടെ വീട്ടില്‍
കമ്യൂണിസ്റ്റുകാര്‍ യോഗം ചേരാറുണ്ടായിരുന്നുവെന്നാണത്രെ അതിലെ പ്രധാന
ആരോപണം. അത് പച്ചക്കള്ളമായിരുന്നു. പാര്‍ട്ടിക്കാരില്‍ പലരും അച്ഛന്റെ
തുണിപ്പീടികയില്‍ എല്ലാ ദിവസവും ഏതെങ്കിലുമൊരു നേരത്ത്
എത്തിപ്പെടുമായിരുന്നു എന്നത് ശരിയാണ്. അവരിലാരും വീട്ടിലേക്ക്
വന്നിരുന്നില്ല. ഇനി  വീട്ടില്‍ പാര്‍ട്ടിയുടെ യോഗം ചേര്‍ന്നിരുന്നെങ്കില്‍ത്തന്നെ
അതൊരു കുറ്റമാവുന്നതെങ്ങനെ എന്ന് ഇപ്പോഴും എനിക്ക്
മനസ്സിലാവുന്നില്ല. അമ്മയുടെ ട്രാന്‍സ്ഫര്‍ പ്രശ്നത്തില്‍ കമ്യൂണിസ്റ്റ്
അനുഭാവികളായ അധ്യാപകരുടെ സംഘടനയ്ക്ക് ഒരു ഇടപെടലും സാധ്യാമാവാതെ
പോയതെന്തുകൊണ്ടെന്ന് ഊഹിച്ചെടുക്കാനാവുന്നുമില്ല.
എന്തായാലും തെക്കുമ്പാടേക്കുള്ള ട്രാന്‍സ്ഫര്‍ അമ്മയ്ക്ക് വലിയ
ബുദ്ധിമുട്ടുണ്ടാക്കി. രാവിലെ എട്ടര മണിക്ക് പഴയങ്ങാടിയില്‍ നിന്ന്
പുറപ്പെടുന്ന ബോട്ടില്‍ കയറിപ്പറ്റിയാല്‍ തെക്കുമ്പാട് ദ്വീപില്‍
ഇറങ്ങാം. വൈകുന്നേരം സ്‌കൂള്‍ വിടുന്ന സമയത്ത് ബോട്ടില്ല. ദ്വീപില്‍ നിന്ന്
തോണിയില്‍ ഇക്കരെ വന്ന് ചെറുകുന്ന് കതിരുവെക്കുംതറ വരെ നടക്കണം. പിന്നെ
ബസ്സില്‍ പഴയങ്ങാടി കടവില്‍ വന്നിറങ്ങണം. അവിടെ നിന്ന് തോണിയില്‍
ഇക്കരെയെത്താം. പിന്നെ ഒന്നൊന്നര കിലോമീറ്ററിലധികം നടന്നാല്‍
വീട്ടിലെത്താം. അമ്മ അന്നൊക്കെ എത്രയധികം കഷ്ടപ്പെട്ടിട്ടുണ്ടാവുമെന്ന്
ഇന്നാണ് എനിക്ക് ഏറെക്കുറെ പൂര്‍ണമായി മനസ്സിലാക്കാനാവുന്നത്. ട്രാന്‍സ്ഫര്‍
ഓര്‍ഡര്‍ കൈപ്പറ്റിയ ശേഷം "ഞാന്‍ നാളെ മുതല്‍ ക്ലാസില്‍ വരില്ല. ഇനി മറ്റൊരു
സ്‌കൂളിലാണ് എനിക്ക് ജോലി'
എന്ന് അമ്മ ആറാം ക്ലാസില്‍ വന്ന് പറഞ്ഞപ്പോള്‍
ക്ലാസിലെ പല കുട്ടികളും കരഞ്ഞു. കൂട്ടത്തില്‍ ഞാനും.

തെക്കുമ്പാട് ജോലി ചെയ്തിരുന്ന കാലത്ത് ഒരു ദിവസം അമ്മ എന്നെ
സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആ ദ്വീപില്‍ ഉത്സവം നടക്കുന്ന
ദിവസമായിരുന്നു അത്. തെക്കുമ്പാട് ഇന്ന് പ്രശസ്തമായിരിക്കുന്നത്
സംസ്ഥാനത്ത് സ്ത്രീ കെട്ടുന്ന ഒരേയൊരു തെയ്യം ആടുന്നത് അവിടെയാണ് എന്നതു
കൊണ്ടാണ്. തെക്കുമ്പാട് കൂലോം ക്ഷേത്രത്തിലെ ദേവക്കൂത്ത് ആണ് ഈ
തെയ്യം. സ്വര്‍ഗലോകത്തില്‍ നിന്ന് തെക്കുമ്പാട് കൂലോം പരിസരത്ത് പൂ പറിക്കാന്‍
വന്ന ആറ് ദേവതമാരില്‍ ഒരാള്‍ വഴി പിഴച്ച് തെക്കുമ്പാട്
കുടുങ്ങിപ്പോയി. സ്ഥലവാസികള്‍ അവര്‍ക്ക് പാര്‍ക്കാന്‍ ഒരു കുടില്‍
കെട്ടിക്കൊടുത്തു. അവള്‍ തന്നെ തിരികെ കൊണ്ടുപോകണമെന്ന് നാരദനോട്
പ്രാര്‍ത്ഥിച്ചുകൊണ്ട് മൂന്ന് ദിവസം ആ കുടിലില്‍ കഴിയുന്നു. മൂന്നാം ദിവസം
നാരദന്‍ പുതിയ വസ്ത്രങ്ങളുമായി വന്ന് അവളെ തിരികെ കൊണ്ടുപോവുന്നു. ഇതാണ് "ദേവക്കൂത്തി'ന്റെ കഥ.

കൂലോം ക്ഷേത്രത്തില്‍ "ദേവക്കൂത്ത്' നടക്കുന്ന ദിവസമാണ് അമ്മ എന്നെ
തെക്കുമ്പാട് സ്‌കൂളിലേക്ക് കൊണ്ടുപോയത്. ഞങ്ങള്‍ പക്ഷേ, തെയ്യം കാണാന്‍
നിന്നില്ല. കാവിനടുത്ത് വരെ പോയി തിടുക്കത്തില്‍ മടങ്ങുകയാണ് ചെയ്തത്.
അമ്മ അന്നനുഭവിച്ച കഷ്ടപ്പാടുകള്‍ ഓര്‍ക്കുമ്പോള്‍ ഇന്നെനിക്ക് വല്ലാത്ത സങ്കടം
തോന്നുന്നു. അക്കാലത്തെ പല അമ്മമാരും ഇങ്ങനെ, പലരും ഇതിനേക്കാള്‍ എത്രയോ മടങ്ങ് കഷ്ടപ്പെട്ടിരുന്നു. മക്കളില്‍ പലരും അതൊന്നും പിന്നീട്
ഓര്‍ക്കാറില്ല. ഞാനും അതൊന്നും ഓര്‍ത്തിരുന്നില്ല. വളരുമ്പോഴേക്കും, വളര്‍ന്ന്
പത്തിരുപത് വയസ്സാവുമ്പോഴേക്കും എല്ലാവരുടെ ജീവിതത്തിലും ഒരുപാട് പുതിയ
സംഭവങ്ങള്‍ വന്നുനിറയും.  അവ മനസ്സിനെ അപ്പാടെ മാറ്റിത്തീര്‍ക്കും. വളര്‍ച്ചയുടെ
ഭാഗമായി സംഭവിക്കുന്ന വലിയ നഷ്ടങ്ങളിലൊന്നാണത്. ഒഴിവാക്കാനാവാത്ത നഷ്ടം.

അഞ്ച്

പഴയങ്ങാടി ഒരു പുരാതനനഗരമാണ്. നന്നന്‍ എന്ന സംഘകാലരാജാവിന്റെ തലസ്ഥാനമായിരുന്ന പാഴി തന്നെയാണ് പിന്നീട് പാഴി അങ്ങാടിയും പഴയങ്ങാടിയുമായതെന്നാണ് ചരിത്രാന്വേഷികള്‍ പറയുന്നത്. പാഴി അങ്ങാടിയുടെ ആദ്യത്തെ പേര് മാരാഹി എന്നായിരുന്നുവെന്നും മാരാഹി എന്നും മാറാവി എന്നും അറിയപ്പെട്ടിരുന്ന വിശാലമായൊരു പ്രദേശത്തിന്റെ ഭാഗമായിരുന്നു പഴയങ്ങാടി എന്നും അഭിപ്രായഭേദങ്ങളുണ്ട്. നന്നന്റെ ആദ്യതലസ്ഥാനം മാരാഹിയായിരുന്നുവെന്നും മൂഷകവംശത്തിന്റെ കാലത്താണ് തലസ്ഥാനം പഴയങ്ങാടിയിലേക്ക് മാറ്റിയതെന്നും ചിലര്‍ പറയുന്നു. ഒന്നുരണ്ട് ദശകകാലമായി പ്രാദേശിക ചരിത്രത്തില്‍ പൊതുവെ ഉണ്ടായ താല്‍പര്യം മാടായിയുടെ ഭൂതകാലം അന്വേഷിച്ചു ചെല്ലാന്‍ പ്രദേശവാസികളില്‍ ഒരുപാട് പേര്‍ക്ക് പ്രേരണയായിട്ടുണ്ട്. മാടായിപ്പാറയുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ കൂടുതലാളുകള്‍ ബോധവാന്മാരായിത്തുടങ്ങിയപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ചരിത്രാന്വേഷണത്തിലേക്കും തിരിഞ്ഞു എന്നതാണ് മറ്റൊരു കാര്യം.

N-prabhakaran-autobiography

ഇസ്‌ലാംമതപ്രചരണാര്‍ത്ഥം കൊടുങ്ങല്ലൂരില്‍ വന്നെത്തിയ മാലിക് ഇബ്‌നു ദിനാറും സംഘവും കേരളത്തില്‍ സ്ഥാപിച്ച മൂന്നാമത്തെ പള്ളിയാണ് മാടായിപ്പള്ളി എന്നറിയപ്പെടുന്ന പഴയങ്ങാടിയിലെ പള്ളി. "മക്കത്തെപ്പള്ളിയ്‌ക്കൊപ്പിച്ചൊരു പള്ളി' എന്ന് കേള്‍വിപ്പെട്ട പള്ളിയാണ് മാടായിപ്പള്ളി. ഇസ്‌ലാം പൂര്‍വകാലത്തുതന്നെ അറബികള്‍ വ്യാപാരാര്‍ത്ഥം പഴയങ്ങാടിയിലെത്തിയിരുന്നു എന്നാണ് കരുതപ്പെടുന്നത്. അറബികള്‍ക്കു പുറമെ എ.ഡി.9ാം നൂറ്റാണ്ട് മുതല്‍ ചൈനീസ് വ്യാപാരികളും റോമന്‍ വ്യാപാരികളും പഴയങ്ങാടിയില്‍ എത്തിയിരുന്നു. ജൂതന്മാരുടെ ശക്തമായ സാന്നിധ്യവും പ്രാചീനകാലത്തു തന്നെ ഉണ്ടായിരുന്നു. മാടായിപ്പള്ളി ഹിജ്‌റ വര്‍ഷം 518ല്‍ (എ.ഡി.1124) പണികഴിക്കപ്പെട്ടതാണെന്നാണ് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇത് ശരിയല്ലെന്നും പള്ളിയുടെ നിര്‍മാണ കാലം കുറേക്കൂടി പുറകിലാണെന്നുമാണ് "മലബാറിലെ ഇസ്‌ലാമിന്റെ ആധുനികപൂര്‍വ ചരിത്രം' എന്ന ഗ്രന്ഥത്തില്‍ കൃത്യമായ തെളിവുകളുടെ പിന്‍ബലത്തോടെ സ്വതന്ത്ര ചരിത്രഗവേഷകനായ അബ്ദുല്ല അഞ്ചിലത്ത് സ്ഥാപിച്ചിരിക്കുന്നത്. ഊഹിച്ചുണ്ടാക്കിയ ഒരു ചെമ്പുതകിട് ലിഖിതത്തെ അടിസ്ഥാനമാക്കിയാണ് എം.ജി.എസ്. കാലഗണന നിര്‍വഹിച്ചതെന്നും അദ്ദേഹം പറയുന്നു. അബ്ദുല്ലയുടെ അഭിപ്രായത്തില്‍ പള്ളിയുടെ നിര്‍മാണ വര്‍ഷം ഹിജ്‌റ 21(എ.ഡി 627)ആണ്. ഈ കണ്ടെത്തലിന് പൊതുസമ്മിതി കൈവന്നു കഴിഞ്ഞു. എന്തായാലും മാടായിയില്‍ പണ്ടുകാലം മുതല്‍ക്കേ മുസ്‌ലീംകളുടെ സാന്നിധ്യം വലിയ തോതില്‍ ഉണ്ടായിരുന്നുവെന്നതില്‍ സംശയമില്ല. വടക്കന്‍ കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ മാടായി മുസ്‌ലീംകള്‍ക്ക് സമുന്നതമായ സ്ഥാനമുണ്ടായിരുന്നുവെന്നും ഹിന്ദുക്കളും അവരും തമ്മില്‍ ഗാഢമായ സൗഹൃദമുണ്ടായിരുന്നുവെന്നും സംശയാതീതമായി തെളിയിക്കുന്നതാണ് മുസ്‌ലീംകള്‍ എന്നര്‍ത്ഥമാക്കിക്കൊണ്ട് തെയ്യം വാചാലിലുള്ള "എന്റെ മാടായി നഗരേ' എന്ന പ്രയോഗം.

മാടായിപ്പള്ളിയില്‍ നിന്ന് കഷ്ടിച്ചൊരു നൂറ് മീറ്റര്‍ അപ്പുറത്തായി ചെറിയ ഒരു പീടിയകയിലാണ്  ഞാന്‍ എല്‍.പി,സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് എന്റെ അച്ഛന്‍  തുണിക്കച്ചവടം  നടത്തിയിരുന്നത്. ദിവസവും വൈകുന്നേരം സ്‌കൂള്‍ വിട്ടാല്‍ പുസ്തകം വീട്ടില്‍ കൊണ്ടുപോയി വെച്ച് ഞാന്‍ നേരെ അച്ഛന്റെ പീടികയിലേക്ക് പോവും. വീട്ടിലേക്ക് വേണ്ട അത്യാവശ്യം ചില അനാദി സാധനങ്ങളുമായി സന്ധ്യയോടെയാണ് തിരിച്ചു വരിക. മാടായിപ്പാറയുടെ തെക്കേയറ്റത്തുള്ള കോട്ടക്കുന്ന് എന്ന കുന്ന് കയറിയാവും പലപ്പോഴും മടക്കം. കോട്ടക്കുന്നിലേക്കുള്ള വഴിയില്‍ കുറച്ച് മുകളിലെത്തിക്കഴിഞ്ഞാല്‍ പിന്നെ കാണുക മീസാന്‍ കല്ലുകളുടെ ഒരു ലോകമാണ്. അത് അവിടെ നിന്നു തുടങ്ങി അടുത്തുള്ള മറ്റൊരു പള്ളിയുടെ പിന്നില്‍ നിന്നാരംഭിച്ച് കുറേയധികം ഏക്കറുകള്‍ പരന്നു കിടക്കുന്ന അതിവിശാലമായൊരു ശ്മശാനത്തിലാണ് അവസാനിക്കുക. ഈ ശ്മശാനത്തില്‍ വളര്‍ന്നുകാണാറുണ്ടായിരുന്ന ഒരു ചെടി നൊച്ചിയാണ്. നൊച്ചിയുടെ ഗന്ധം കൊതുകിനെ അകറ്റുമെന്നതിനാല്‍ ആളുകള്‍ ശ്മശാനത്തിന്റെ റോഡരികിലുള്ള ഭാഗത്തുനിന്ന് നൊച്ചിക്കമ്പുകള്‍ പറിച്ചുകൊണ്ടുപോവുന്നത് കാണാമായിരുന്നു.

N-prabhakaran-autobiography

പഴയങ്ങാടിപ്പുഴയ്ക്ക് പാലം പണിയുന്നതിനു മുമ്പ് അങ്ങാടിയിലെ കടവ് സദാസമയവും ആള്‍ത്തിരക്കുള്ളതായിരുന്നു. ചെത്തുകല്ല്, മലഞ്ചരക്ക്, വാഴക്കുലകള്‍ തുടങ്ങിയവുമായി വരുന്ന മഞ്ചു എന്നറിയപ്പെടുന്ന വലിയ ജലവാഹനങ്ങള്‍, അങ്ങാടിയില്‍ നിന്ന് പട്ടുവത്തേക്കും കുപ്പത്തേക്കും അതിനപ്പുറത്തേക്കുമെല്ലാം അരിയും മറ്റ് സാധനങ്ങളും കയറ്റിപ്പോവുന്ന തോണികള്‍, പറശ്ശിനിക്കടവില്‍ നിന്നു വരുന്ന യാത്രാ ബോട്ട്, വലിയ ചങ്ങാടങ്ങള്‍, ചെറുതും വലുതുമായ കടത്തുതോണികള്‍, തൂക്കി നടക്കുന്ന ചെറിയ കരിയടുപ്പില്‍ ചായയും തരിപ്പായസവു(റവ കാച്ചിയത്)മൊക്കെയായി വട്ടം ചുറ്റുന്ന കച്ചവടക്കാര്‍ ഇവരെല്ലാം കൂടി കടയും പരിസരവും രാവിലെ മുതല്‍ വൈകുന്നേരം വരെ സജീവമായിരിക്കും. ദൂരസ്ഥലങ്ങളില്‍ നിന്നു വരുന്ന മഞ്ചുവിലെ ജോലിക്കാര്‍ ചരക്കിറക്കിക്കഴിഞ്ഞ് അകത്തിരുന്ന് ആഹാരം പാകം ചെയ്യുമ്പോള്‍ മഞ്ചുവിന്റെ മേല്‍ക്കൂരയ്ക്കുമേല്‍ പുക പടരും. അത് കണ്ടു നില്‍ക്കെ ഏതോ അന്യദേശത്തെ ഏതോ അതിപുരാതന നഗരത്തില്‍ എങ്ങനെയോ എത്തിപ്പെട്ടതിന്റെ അമ്പരപ്പും ആഹ്ലാദവും ഒരുവേള ഞാന്‍ അനുഭവിച്ചിരുന്നിരിക്കാം. ഇപ്പോഴും ചിലപ്പോഴൊക്കെ തീര്‍ത്തും അവിചാരിതമായി ആ അനുഭവം അവാച്യമായ ഒരനുഭൂതിയായി  ഉള്ളില്‍ വന്നു നിറയാറുണ്ട്.

അറുപത് വര്‍ഷം മുമ്പുള്ള പഴയങ്ങാടിയെക്കുറിച്ചുള്ള എന്റെ ഓര്‍മകളില്‍ മങ്ങിപ്പോവാത്തവയായി എന്തൊക്കയാണുള്ളത്? ഇപ്പോഴത്തെ പഴയങ്ങാടി ബസ് സ്റ്റാന്റിലേക്ക് വടക്കുനിന്നുള്ള  പ്രവേശനവഴിക്ക് തൊട്ടടുത്തായി പണ്ട് ഒരു പപ്പടച്ചെട്ടിയുടെ കുടുംബമാണ് ഉണ്ടായിരുന്നത്. ഞാന്‍ കാണുമ്പോഴെല്ലാം ആ കുടുംബത്തിലെ രണ്ടുപേര്‍, മുണ്ടും ബനിയനും ധരിച്ച കുറച്ച് പ്രായമായ ഒരാളും അയാളുടെ മകനെന്നു തോന്നിക്കുന്ന ഒരു കൗമാരപ്രായക്കാരനും, അവരുടെ ചെറിയ വീടിന്റെ കോലായയിലിരുന്ന് പപ്പടം പരത്തുകയായിരിക്കും. പരത്തിക്കഴിഞ്ഞ പപ്പടം അവര്‍ക്ക് നേരെ മുന്നിലുള്ള പരന്ന ഒരു പായയില്‍ ഉണക്കാനിട്ടിട്ടുണ്ടാവും. കൃഷിയില്‍ നിന്നു വ്യത്യസ്തമായി ഞാന്‍ ആദ്യമായി കാണുന്ന കൗതുകകരമായ ഒരു നിര്‍മാണ പ്രവൃത്തി പപ്പടമുണ്ടാക്കലാണ്. അങ്ങാടിയുടെ പ്രധാനഭാഗം, മാടായിപ്പള്ളി മുതല്‍ അഹമ്മദിയാ മുസ്‌ലീംകളുടെ
പള്ളിവരെയുള്ള ഭാഗം, എപ്പോഴും ആളുകള്‍ ഓരോരോ തിരക്കുകളുമായി ധൃതിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നുപോകുന്ന ഭാഗമാണ്. ചില ദിവസങ്ങളില്‍ ഇത്രയും ദൂരം വിശേഷിച്ചൊരാവശ്യവുമില്ലാതെ ഞാനും നടക്കും. മറ്റുള്ളവര്‍ക്കിടയിലായിരിക്കുന്നതില്‍ അക്കാലം മുതല്‍ക്കേ എന്തോ ഒരാനന്ദം ഞാന്‍ അനുഭവിച്ചിരുന്നു. ആളുകള്‍ ഏര്‍പ്പെടുന്ന പ്രവൃത്തികളിലെ വൈവിധ്യം നിരീക്ഷിക്കുന്നതിലും അന്നേ ഞാന്‍ സവിശേഷമായ താല്‍പര്യം പുലര്‍ത്തിയിരുന്നു. കച്ചവടക്കാരുടെയും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെയും അങ്ങാടി മാത്രമായിരുന്നില്ല പഴയങ്ങാടി. കൊല്ലപ്പണിയെടുക്കുന്നവര്‍, കടവിലേക്കും കടവില്‍ നിന്നും നാനാസാധനങ്ങളുമായി ഓടുന്നവര്‍, ഉന്തുവണ്ടിക്കാര്‍, കരുവന്‍ എന്ന പേരില്‍ മാത്രം പണ്ടൊക്കെ മാടായി പഴയങ്ങാടി ഭാഗത്ത് പരാമര്‍ശിക്കപ്പെട്ടിരുന്ന ചിക്കണ്‍ പോക്‌സിനും ബിണ്ടി വീക്കം എന്നറിയപ്പെട്ടിരുന്ന മംപ്‌സിനുമെല്ലാം ഹോമിയോ മരുന്ന് കൊടുത്തിരുന്ന കരുണന്‍ ഡോക്ടര്‍; ഹീറോ,യൂത്ത് എന്നീ പേനകളും അനേകം കൗതുക വസ്തുക്കളും വാങ്ങാന്‍ കിട്ടുമായിരുന്ന മികച്ച കട നടത്തിയിരുന്ന സ്റ്റേഷനറി കച്ചവടക്കാരന്‍, രണ്ടുമൂന്ന് പണിക്കാരെ വെച്ച് തറിമരുന്ന് വ്യാപാരം നടത്തിയിരുന്ന വൈദ്യര്‍, മീന്‍കച്ചവടക്കാര്‍, ബാര്‍ബര്‍, അഹമ്മദിയാ പള്ളിയ്ക്കടുത്തുള്ള മദാര്‍ ഔഷധശാലയിലെ വളരെ മാന്യമായി മാത്രം പെരുമാറുന്ന ജോലിക്കാര്‍, ഔഷധശാലയുടെ വരാന്തയിലിരുന്ന് വലിയ മരക്കുറ്റികളില്‍ കഷായത്തിനും വേതിനും മറ്റുമുള്ള മരുന്ന് തറിച്ചിരുന്നവര്‍, ഹോട്ടല്‍ക്കാര്‍, ഇങ്ങനെ എന്തെല്ലാം ജോലികളിലേര്‍പ്പെടുന്നവരെയാണ് കുട്ടിയായിരുന്ന എനിക്ക് പഴയങ്ങാടി കാണിച്ചു തന്നത്.

മാടായി ഹൈസ്‌കൂളിലെ എന്റെ അടുത്ത ചങ്ങാതിമാരില്‍ ചിലര്‍ പഴയങ്ങാടിക്കാരായിരുന്നു. ഇസ്മയില്‍ ഈസ, ഷെരീഫ്, മൊയ്തു, ദറാര്‍ തുടങ്ങി പലരും. സ്‌കൂള്‍ കാലത്തിനു ശേഷം നീണ്ട ഇടവേളകള്‍ക്കിടയില്‍ ഷെരീഫിനെ രണ്ടുമൂന്നു തവണ കണ്ടിരുന്നു. മൊയ്തുവിനെ ഒരു തവണയും. മറ്റുള്ളവരെ കണ്ടിട്ടേയില്ല. 

ALSO READ

അധ്യാപകരെ പ്രതിക്കൂട്ടിലാക്കുമ്പോള്‍; ചില കോവിഡുകാല അനുഭവങ്ങള്‍

ഇനി എന്റെ സ്വന്തം നാടായ എരിപുരത്തെ കുറിച്ച്. പഴയങ്ങാടി ബസ് സ്റ്റാന്റില്‍ നിന്ന് പിലാത്തറ ഭാഗത്തേക്ക് അരക്കിലോമീറ്ററിലധികം പോയാല്‍ താഴെ എരിപുരം എന്ന സ്ഥലമായി. അവിടെ നിന്ന് അതേ ദിശയില്‍ പിന്നെയും ഒരു കിലോമീറ്ററോളം പോയാല്‍ മാടായിക്കാവിലേക്കുള്ള പ്രധാന കവാടത്തിനു മുന്നിലെത്തും. ഈ കവാടത്തിന് നേരെ എതിര്‍ വശത്താണ് എന്റെ വീട്. അഞ്ച് വയസ്സ് മുതല്‍ പതിനെട്ട് വയസ്സ് വരെ ഈ വീട്ടിലാണ് അമ്മയോടും അച്ഛനോടും സഹോദരങ്ങളോടുമൊപ്പം ഞാന്‍ താമസിച്ചത്. പിന്നീടുള്ള കാലത്ത് ഞാന്‍ ആ വീട്ടില്‍ മിക്കവാറും ഒരു സന്ദര്‍ശകനെപ്പോലെയായി. ആഴ്ചയില്‍ ഒരു ദിവസം എത്തുന്ന സന്ദര്‍ശകന്‍. ഓണം, ക്രിസ്മസ് അവധിക്കും ഏപ്രില്‍ മെയ് മാസങ്ങളിലും അധിക ദിവസവും അവിടെത്തന്നെ ഉണ്ടാവുന്ന സന്ദര്‍ശകന്‍.

നാടേതാണെന്നു ചോദിച്ചാല്‍ മുമ്പൊക്കെ ഞാന്‍ പറഞ്ഞിരുന്നത് പഴയങ്ങാടിയില്‍ നിന്ന് കുറച്ചപ്പുറം മാടായിക്കാവിനടുത്തുള്ള എരിപുരം എന്നാണ്. ആദ്യകാലത്ത് എരിപുരം പ്രഭാകരന്‍ എന്ന പേരിലാണ് ഞാന്‍ കവിതകളും കഥകളും ലേഖനങ്ങളുമൊക്കെ എഴുതിയിരുന്നത്. എന്‍.പ്രഭാകരന്‍ എന്ന പേരില്‍ എത്തിച്ചേരുന്നതിനു മുമ്പ് ഉപയോഗിച്ചിരുന്ന മറ്റൊരു പേര് എന്‍.പി.എരിപുരം എന്നാണ്. ചില പഴയകാല സുഹൃത്തുക്കള്‍ ഇപ്പോഴും എന്നെ "എരിപുരം' എന്നാണ് വിളിക്കാറുള്ളത്. 

മൂഷകവംശത്തില്‍ രിപുരാമന്‍ എന്ന ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് എരിപുരത്തിന്റെ പേര് മാരിപുരം എന്നായിരുന്നു. രിപുരാമനു ശേഷം അധികാരത്തിലെത്തിയ പാലികന്റെ കാലത്ത് മാരിപുരത്തെ നാട്ടുമൂപ്പന്മാർ  മൂഷകന്മാരുടെ അധീനതയിലുള്ള ചില പ്രദേശങ്ങള്‍ ആക്രമിച്ച് കീഴടക്കി. തുടര്‍ന്ന് പാലികന്‍ വലിയ ഒരു സൈന്യവുമായി വന്ന് മാരിപുരത്തെ അഗ്നിക്കിരയാക്കി. അതിനു ശേഷമാണ് മാരിപുരം എരിഞ്ഞ പുരം എന്ന അര്‍ത്ഥത്തില്‍ എരിപുരം എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ഏഴിമല രാജാവായിരുന്ന നന്നന്‍ ചേരസൈന്യവുമായി ഏറ്റുമുട്ടിയ പാഴിയുദ്ധത്തിലും പിന്നീട് ചേരരാജാവായ നാര്‍മുടി ചേരല്‍ നന്നനെ വധിച്ച "വാകൈ പെരുന്തുറൈ യുദ്ധ'-ത്തിലുമായി പൂര്‍ണമായും എരിഞ്ഞുപോയ പുരമാണ് എരിപുരം എന്ന മറ്റൊരു ഐതിഹ്യവും രേഖപ്പെടുത്തിക്കണ്ടിട്ടുണ്ട്. ഏതോ ഒരു പോര്‍ത്തുഗീസ് രേഖയില്‍ എരിപുരത്തെ പരാമര്‍ശിച്ചുകൊണ്ട് ഉപയോഗിച്ച വാക്കുകള്‍ "the city of burning fire' എന്ന് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്താവുന്നവയാണെന്ന് ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് എരിപുരത്ത് നടന്ന ഒരു സാംസ്‌കാരിക സമ്മേളനത്തില്‍ പ്രാസംഗകരിലൊരാള്‍ പറയുന്നത്  കേട്ടിരുന്നു. ഫോക് എറ്റിമോളജി അനുസരിച്ചും എരിപുരം എരിഞ്ഞ പുരം തന്നെ. തപസ്സനുഷ്ഠിക്കെ തന്നില്‍ കാമമുണ്ടാക്കാന്‍ ശ്രമിച്ച കാമദേവനെ ശിവന്‍ തന്റെ മൂന്നാം കണ്ണില്‍ നിന്ന് പുറപ്പെടുവിച്ച തീകൊണ്ട് എരിച്ചു കളഞ്ഞ പുരമാണ് എരിപുരം എന്ന് പുരാവൃത്തം.
ഈ വിവരങ്ങളുടെയൊക്കെ പിന്തുണയോടെ എരിപുരവും സമീപഗ്രാമങ്ങളുമെല്ലാം ഉള്‍ച്ചേരുന്ന ഒരു പ്രദേശത്തെ മനസ്സില്‍ ഉറപ്പിച്ചു വെച്ച് അതിന്റെ അടിസ്ഥാനത്തില്‍ ഭാവന ചെയ്ത ഒരു ദേശത്തിനാണ്  ഞാന്‍ തീയൂര്‍ എന്നു പേരിട്ടത്.(തീയൂര്‍ രേഖകള്‍). എരിപുരം എരിയുന്ന പുരം തന്നെയാണ്. വര്‍ഷത്തില്‍ രണ്ടുമൂന്ന് മാസം അവിടെ കൊടുംചൂട് തന്നെയാണ്. പാറ ചുട്ടുണ്ടാവുന്ന  പ്രത്യേകതരം ചൂട്.

N-prabhakaran-autobiography

എരിപുരത്തിന്റെയും മാടായിക്കാവിന്റെ ചുറ്റുപാടുമായുള്ള പ്രദേശത്തിന്റെയും ചില ഭാഗങ്ങളില്‍ ചിലപ്പോള്‍ ഈ ചൂട് അസഹ്യമായിത്തീരും. പ്രദേശവാസികള്‍ ഇതുമായി പൊരുത്തപ്പെട്ടവരാണെങ്കിലും അവരില്‍ ചിലരെങ്കിലും ഇത് അവ്യക്തമായ മാനസിക സമ്മര്‍ദ്ദമായി അനുഭവിക്കുന്നുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. എരിപുരം ദശകങ്ങളായി കാര്യമായ മാറ്റമൊന്നും സംഭവിക്കാതെ ഉണങ്ങിക്കിടക്കുന്ന ഒരു സ്ഥലമാണെന്ന് പലരും പറയാറുണ്ട്. പഴയകാല എരിപുരത്തെ അടയാളപ്പെടുത്തിയിരുന്ന പലതും ഇല്ലാതായി. പകരം പുതിയത് പലതും വന്നു. മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ വലിയ കെട്ടിട്ടം, ബാങ്ക് വക ഓഡിറ്റോറിയം, എരിപുരം പബ്ലിക് ലൈബ്രറിയുടെ സ്വന്തം കെട്ടിടം എല്ലാം പുതുതായി വന്നതാണ്. പഴയ മാടായി ഹൈസ്‌കൂള്‍ വളര്‍ന്ന് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള രണ്ട് ഹയര്‍സെക്കന്ററി സ്‌കൂളുകളായി മാറി. മാടായി കോ ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വന്നു. പാറപ്പുറത്ത് മാടായിക്കാവില്‍ നിന്ന് ഏറെ അകലയല്ലാതെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്  വന്നു. എരിപുരത്തെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആസ്പത്രിയായി ഉയര്‍ന്നു. ഇതു പോലുള്ള  മാറ്റങ്ങള്‍ പലതുമുണ്ടായിട്ടും എരിപുരത്തിന് പത്തറുപത് വര്‍ഷം മുമ്പ് ഉണ്ടായിരുന്നതും ഇടക്കാലത്ത് എന്തോ ഒക്കെ കാരണങ്ങള്‍ കൊണ്ട് നഷ്ടപ്പെട്ടതുമായ ആന്തരികോര്‍ജം വീണ്ടെടുക്കാനായിട്ടില്ല. എരിപുരത്ത് ഇപ്പോള്‍ കോപ്പറേറ്റീവ് ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഗാന്ധി അന്ത്രുമാന്‍ എന്നയാളുടെ ഉടമസ്ഥതയില്‍ ഒളിമ്പിയാടാക്കീസ് എന്ന ഒരു സിനിമാടാക്കീസ് ഉണ്ടായിരുന്നു പണ്ട്. അവിടെ സിനിമയ്ക്ക് ടിക്കറ്റ് വില്‍ക്കാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായി വെച്ചിരുന്ന പാട്ടിലെ, മഹാത്മജിയുടെ പ്രിയപ്പെട്ട ആ പ്രാര്‍ത്ഥനാഗാനത്തിലെ 
രഘുപതി രാഘവ രാജാറാം 
പതീത പാവന സീതാറാം
ഈശ്വര് അള്ളാ തേരേ നാം 
സബ്‌കൊ സന്മതി ദേ ഭഗവാന്‍

എന്ന ആദ്യവരികള്‍ മാടായിപ്പാറയുടെ കിഴക്കുതെക്കേ കോണിലിരുന്ന് കേട്ട് കോരിത്തരിച്ച പത്ത് വയസ്സുകാരനായ എന്നെ ഞാന്‍ ഓര്‍മിക്കുന്നു. അവനെ വീണ്ടെടുക്കാന്‍ ഇനി സാധ്യമല്ല എന്ന അറിവുണ്ടാക്കുന്ന വേദന എനിക്ക് താങ്ങാനാവുന്നതിനും എത്രയോ അപ്പുറത്താണ്.

ആറ്

രണ്ട് ഗ്രന്ഥാലയങ്ങള്‍

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഞാന്‍ ബന്ധപ്പെട്ട രണ്ട് ഗ്രന്ഥാലയങ്ങള്‍ വെങ്ങര കസ്തൂര്‍ബാ സ്മാരക ഗ്രന്ഥാലയവും എരിപുരം പബ്ലിക് ലൈബ്രറിയുമാണ്."കസ്തൂര്‍ബാ സ്മാരക'-ത്തില്‍ ഞാനൊരു സാദാ മെമ്പര്‍ മാത്രമായിരുന്നു. എരിപുരം പബ്ലിക് ലൈബ്രറിയില്‍ ഒന്നാംനമ്പര്‍ മെമ്പറും ഗ്രന്ഥാലയം സ്ഥാപിതമാവുന്ന ഘട്ടത്തിലെ പ്രധാന പ്രവര്‍ത്തകരിലൊരാളും.

ഏഴാം ക്ലാസ് കഴിഞ്ഞുള്ള അവധിക്കാലത്താണ് ഞാന്‍ സാഹിത്യവായനയിലേക്ക് പ്രവേശിക്കുന്നത്. ഈ പുതിയ തുടക്കം, പാഠപുസ്തകങ്ങള്‍ക്ക് പുറത്തുള്ള പുസ്തകങ്ങളുടെ അനന്തവിശാലമായ ലോകത്തേക്കുള്ള പ്രവേശം എത്ര ആവേശകരമായിരുന്നുവെന്ന് പറഞ്ഞറിയിക്കാനാവില്ല. എന്റെ അയല്‍ക്കാരനായ നാരായണേട്ടനാണ് എന്നെ വായനയിലേക്ക് നയിച്ചത്. വി.എന്‍.എരിപുരം എന്ന പേരില്‍ അക്കാലത്ത് "ദേശമിത്ര'-(പി.വി.കെ നെടുങ്ങാടി പത്രാധിപരായി കണ്ണൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വാരിക) ത്തിലും മറ്റും കവിതകളെഴുതിയിരുന്ന അദ്ദേഹം പിന്നീട്  കണ്ണൂര്‍ജില്ലയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവായി.

N-prabhakaran-autobiography

നാരാണേട്ടനുമായുള്ള എന്റെ പരിചയം സൗഹൃദമായി വളരുന്നതിനു വഴിവെച്ചത് സാഹിത്യമാണെങ്കിലും സാഹിത്യത്തിലേക്ക് എത്തുന്നതിനിടയില്‍ മറ്റൊരു സംഗതിയുണ്ടായിരുന്നു. അന്ന് ടി.ടി.സിക്ക് പഠിക്കുകയായിരുന്ന അദ്ദേഹം ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ്മിറ്റ് ചെയ്യേണ്ട അസൈന്‍മെന്റ്‌സ് (അക്കാലത്ത് അതിന്റെ പേര് മറ്റെന്തോ ആയിരുന്നിരിക്കാം) തരക്കേടില്ലാത്ത കയ്യക്ഷരമുണ്ടായിരുന്ന എന്നെക്കൊണ്ടാണ്  പകര്‍ത്തിയെഴുതിച്ചിരുന്നത്. അവയിലൊന്ന് മഹാത്മാഗാന്ധിയുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെപ്പറ്റിയുള്ളതായിരുന്നു എന്ന് ഞാന്‍ കൃത്യമായി ഓര്‍മിക്കുന്നു.

ഏതോ ഒക്കെ ലൈബ്രറികളില്‍ നിന്ന് വി.എന്‍ പല പുസ്തകങ്ങളും സംഘടിപ്പിച്ചു കൊണ്ടുവരുമായിരുന്നു. ടാഗോര്‍ കൃതികളുടെയും പ്രേംചന്ദിന്റെ നോവലുകളുടെയും പരിഭാഷകള്‍, എം.ടിയുടെ നാലുകെട്ട്, മഞ്ഞ്, നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ എല്ലാം അദ്ദേഹത്തിന്റെ കയ്യില്‍ നിന്നാണ് ഞാന്‍ വായിക്കാനെടുത്തത്.

അക്കാലത്ത് ദേശമിത്രം വാരികയുടെ അനുഗ്രഹാശിസ്സുകളോടെ കണ്ണൂര്‍ ജില്ലയിലെ ചില സ്ഥലങ്ങളില്‍  സാഹിത്യവേദികള്‍ പ്രവര്‍ത്തിച്ചിരുന്നു. വേദിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ കവിതകള്‍ വായിച്ച് ചര്‍ച്ച ചെയ്യുക, കാവ്യസ്വാദനം പരിശീലിപ്പിക്കുന്ന ക്ലാസുകള്‍ സംഘടിപ്പിക്കുക, വള്ളത്തോള്‍ക്കവിതയിലെ ദേശീയത, കവിതയുടെ കൂമ്പടഞ്ഞോ? എന്നിങ്ങനെ പഴയതും പുതിയതുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക, കയ്യെഴുത്ത് മാസികകള്‍ പ്രസിദ്ധീകരിക്കുക ഇവയൊക്കെയാണ് വേദിയുടെ ആഭിമുഖ്യത്തില്‍ നടന്നു വന്നിരുന്നത്. സാഹിത്യവേദിയുടെ എരിപുരത്തെ മുഖ്യസംഘാടകന്‍

വി.എന്‍.ആയിരുന്നു."ദേശമിത്ര'ത്തില്‍ കവിതകളെഴുതിയിരുന്ന പലരും അദ്ദേഹത്തെ കാണാന്‍ വരാറുണ്ടായിരുന്നു. ഞാന്‍ നേരില്‍ക്കണ്ട ആദ്യത്തെ കവികള്‍ അവരാണ്. അവരില്‍ പലരും അന്നൊക്കെ കവികളെപ്പറ്റി സമൂഹത്തില്‍ ഒരു വിഭാഗം ആളുകള്‍ സൂക്ഷിച്ചിരുന്ന സങ്കല്‍പങ്ങള്‍ക്ക് പൂര്‍ണമായും ഇണങ്ങും വിധം ഇരിപ്പിലും നടപ്പിലും വേഷത്തിലും ചിന്തയിലുമെല്ലാം തനി കാല്‍പനികരായിരുന്നു. ചിലര്‍ അങ്ങേയറ്റം വിഷാദാത്മകരും.

ടി.ടി.സി കാലത്തു തന്നെ വി.എന്‍. കറകളഞ്ഞ കോണ്‍ഗ്രസ്സുകാരനായിരുന്നെങ്കിലും എന്നോട് അദ്ദേഹം ഒരിക്കല്‍പ്പോലും രാഷ്ട്രീയം പറഞ്ഞിരുന്നില്ല. നീണ്ടകാലം അദ്ദേഹവുമായുള്ള സൗഹൃദം ഉലച്ചിലില്ലാതെ സൂക്ഷിക്കാന്‍ കഴിഞ്ഞുവെങ്കിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് ഒരിക്കലും എനിക്ക് അടുപ്പം പുലര്‍ത്താന്‍ കഴിഞ്ഞതുമില്ല. എന്നോട് എന്നും  ഒരു സഹോദരനോടെന്ന പോലെ പെരുമാറുകയും ചില സന്ദര്‍ഭങ്ങളില്‍ മനസ്സിന് വലിയ താങ്ങായിരിക്കുകയും ചെയ്ത നാരായണേട്ടന്‍ ഇന്ന് ഓര്‍മ മാത്രമാണ്. ഒരു വര്‍ഷം മുമ്പ് അദ്ദേഹം അന്തരിച്ചു.

/N-prabhakaran-autobiography
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ഞാൻ മാത്രമല്ലാത്ത ഞാൻ' പുസ്തകത്തിന്റെ കവർ 

നാരായണേട്ടന്റെ പ്രേരണ വഴി വായനയുടെ ലോകത്തെത്തിച്ചേര്‍ന്ന ഞാന്‍ വായനാനുഭവങ്ങള്‍ പങ്കുവെച്ചത് പ്രധാനമായും എന്റെ സമപ്രായക്കാരനായ വേണുവുമായിട്ടാണ്. എന്നെക്കാള്‍ രണ്ടോ മൂന്നോ വയസ്സ് കൂടുതലുള്ള മറ്റ് ചില സുഹൃത്തുക്കളും പുസ്തകങ്ങളെക്കുറിച്ച് പറയാനും കേള്‍ക്കാനുമുള്ള താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. വളരെ നന്നായി രേഖാചിത്രങ്ങള്‍ വരയ്ക്കാനുള്ള കഴിവ് കൂടിയുണ്ടായിരുന്ന കുഞ്ഞിക്കണ്ണനായിരുന്നു പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പില്‍ വിദഗ്ധന്‍. വായനയില്‍ ആ സുഹൃത്ത് ഒരു വഴികാട്ടി തന്നെയായിരുന്നു. കുഞ്ഞിക്കണ്ണന്‍ നിര്‍ദ്ദേശിച്ച ആദ്യപുസ്തകം ബഷീറിന്റെ "ബാല്യകാലസഖി'യായിരുന്നു. എം.ടിയുടെ "മഞ്ഞ്' മൂപ്പര്‍ക്ക്  മന:പാഠമായിരുന്നു. നിന്ന നിലപില്‍ "മഞ്ഞി'ലെ നാലഞ്ച് പേജുകള്‍ കുഞ്ഞിക്കണ്ണന്‍ വള്ളിപുള്ളി വിടാതെ ഓര്‍ത്തു പറയുന്നതുകേട്ട് ഞാന്‍ അന്തം വിട്ടിട്ടുണ്ട്.

ടി.ടി.സി പരീക്ഷ എഴുതി റിസല്‍ട്ട് വരുന്നതിന് മുമ്പാണെന്നാണോര്‍മ കുഞ്ഞിക്കണ്ണന്‍ നാടുവിട്ടു. ആര്‍ക്കും ഒരു സൂചനയും നല്‍കാതെയായിരുന്നു ആ പോക്ക്. എന്നിട്ടും തിരുവനന്തപുരത്ത് ഏതോ സ്‌കൂളില്‍ ചേര്‍ന്നിട്ടുണ്ട്, മദിരാശിയില്‍  സിനിമാ പോസ്റ്റുകള്‍ നിര്‍മിക്കുന്ന ഒരു സ്ഥാപനത്തില്‍ പണിയെടുക്കുന്നുണ്ട്, കൊച്ചിയില്‍ ഒരു ജോലി സംഘടിപ്പിച്ചിട്ടുണ്ട് എന്നൊക്കെ ഓരോരുത്തര്‍ താന്താങ്ങളുടെ ഭാവനയ്ക്കനുസരിച്ച് ഓരോന്ന് പറഞ്ഞു. 

1970 അടുപ്പിച്ചാണ് കുഞ്ഞിക്കണ്ണന്‍ നാടുവിട്ടത്. ഏകദേശം 48 വര്‍ഷം കഴിഞ്ഞ് ഭാര്യയും മക്കളുമായി അദ്ദേഹം നാട്ടില്‍ വന്നു. പ്രായത്തിന്റെ എല്ലാ അവശതകളുമായി കുഞ്ഞിക്കണ്ണന്റെ അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നു. മകനും കുടുംബവും രണ്ടുമൂന്ന് ദിവസം അവരോടൊപ്പം താമസിച്ച് മടങ്ങിപ്പോയി. ഒരാഴ്ചയ്ക്കകം അമ്മ മരിക്കുകയും ചെയ്തു.

ഗുജറാത്തില്‍ നിന്നായിരുന്നു കുഞ്ഞിക്കണ്ണന്റെ വരവ്. ഭാര്യ മലയാളി തന്നെ. കുഞ്ഞിക്കണ്ണന്‍ എങ്ങനെ അവിടെ എത്തി എന്നതിനെക്കുറിച്ച് എരിപുരത്തുകാരായ ആര്‍ക്കും ഒന്നും മനസ്സിലാക്കാനായില്ല. "വായനയിലും ചിത്രം വരയിലുമൊക്കെ ഉണ്ടായിരുന്ന പഴയ താല്‍പര്യം ഏതാണ്ട് മറന്ന മട്ടാണ് 'എന്നാണ് അദ്ദേഹത്തെ കണ്ട് സംസാരിച്ചവര്‍ പറഞ്ഞത്.

"കസ്തൂര്‍ബാ സ്മാരക'ത്തില്‍ പുസ്തകമെടുക്കാന്‍ പോയ്‌ക്കൊണ്ടിരുന്ന കാലത്ത് കുഞ്ഞിക്കണ്ണന്‍ എന്നോട് "ബാല്യകാലസഖി' വായിക്കാനാണല്ലോ പറഞ്ഞത്. ഞാനത് വായിച്ചു. വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ, എന്തുകൊണ്ടെന്നറിയില്ല തുടര്‍ന്ന് വായിച്ച ജീവിതനിഴല്‍പ്പാടുകള്‍, മരണത്തിന്റെ നിഴലില്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍ എന്നീ കൃതികളാണ് എന്നെ കൂടുതല്‍ ആഴത്തില്‍ സ്പര്‍ശിച്ചത്. വിശേഷിച്ചും ജീവിതനിഴല്‍പ്പാടുകള്‍. സ്‌കൂള്‍ കാലത്തെ ബഷീര്‍ വായന ഇങ്ങനെ ഏതാനും കൃതികളില്‍ ഒതുങ്ങി. അക്കാലത്ത് തകഴി, ബഷീര്‍, ദേവ് തുടങ്ങിയവരെപ്പറ്റിയെല്ലാം എല്ലാവരും പറയുമായിരുന്നെങ്കിലും പെട്ടെന്ന് ഇരച്ചുകയറി വന്ന ആധുനികത അവരെയെല്ലാം നിഷ്പ്രഭരും പഴഞ്ചന്മാരുമാക്കി. എസ്.കെ.പൊറ്റെക്കാട്ടും എം.ടിയും പിടിച്ചു നിന്നു."ഖസാക്കിന്റെ ഇതിഹാസം' വന്നതോടെ നമ്മുടെ സാഹിത്യം പുതിയൊരു യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്ന പ്രീതീതിയുണ്ടായി.1968ല്‍ "ഖസാക്ക്' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സീരിയലൈസ്  ചെയ്തുകൊണ്ടിരുന്നപ്പോള്‍ എരിപുരത്തെ സാഹിത്യപ്രണയികളായ യുവാക്കള്‍ ആഴ്ചപ്പതിപ്പിന്റെ ഓരോ പുതിയ ലക്കത്തിനും വേണ്ടി അക്ഷമരായി കാത്തു നിന്നത് എനിക്ക് കൃത്യമായി ഓര്‍മയുണ്ട്.

"ഖസാക്കി'-ന്റെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ അവരില്‍ എത്രപേര്‍ക്ക് കഴിഞ്ഞിരുന്നു എന്നത് സംശയമുള്ള സംഗതി തന്നെയാണ്. ബിംബങ്ങളുടെ അപൂര്‍വ ഭംഗി, കഥാപാത്രങ്ങളുടെ തികച്ചും വ്യത്യസ്തമായ പ്രകൃതം, സംഭാഷണങ്ങളിലെ നര്‍മം, കൗതുകമുണര്‍ത്തുന്ന ചില കഥാസന്ദര്‍ഭങ്ങള്‍ ഇങ്ങനെയൊക്കെയുള്ള ഘടകങ്ങളില്‍ കുരുങ്ങി നിന്നിരിക്കാം അവരുടെ ആസ്വാദനം. എന്തായാലും എന്റെ അന്നത്തെ ഖസാക്ക് വായന തീര്‍ച്ചയായും വളരെ ഉപരിപ്ലവമായിരുന്നു. പിന്നെയും ഒന്നുരണ്ട് വര്‍ഷം കഴിഞ്ഞ് ബ്രണ്ണനില്‍ മലയാളം ബി.എക്ക് ചേര്‍ന്നതില്‍പ്പിന്നെയാണ് ആ നോവല്‍ "വലിയൊരു സംഭവം' തന്നെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ബ്രണ്ണനില്‍ അന്ന് ഖസാക്ക് ആരാധകരായി ഒരുപാട് പേരുണ്ടായിരുന്നു. "ഹോ,ഖസാക്കിലെ ആ പന, പുതുമഴയുടെ സുരതാവേഗം, പനന്തത്തത്തകളുടെ ധനുസ്സ്, വരുംവരായ്കകളുടെ ഓര്‍മകളിലെവിടെയോ, കര്‍മബന്ധത്തിന്റെ ഏത് ചരടാണ് 'എന്നൊക്കെ പറയുന്നതില്‍ എന്തെന്നില്ലാത്ത ആത്മസംതൃപ്തി അനുഭവിച്ചവരായിരുന്നു അവര്‍. 

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ വെങ്ങര കസ്തൂര്‍ബാസ്മാരക ഗ്രന്ഥാലയത്തില്‍ അംഗത്വമെടുത്തത്. കസ്തൂര്‍ബയില്‍ നിന്ന് വായിച്ചതിനേക്കാള്‍ എത്രയോ അധികം പുസ്തകങ്ങള്‍ പിന്നീട് ഞാന്‍ ബ്രണ്ണന്‍ കോളേജ് ലൈബ്രറിയില്‍ നിന്ന് വായിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയായി അഞ്ച് വര്‍ഷവും അധ്യാപകനായി 25 വര്‍ഷത്തിലേറെയും ഞാന്‍ ബ്രണ്ണനില്‍ ഉണ്ടായിരുന്നു. പക്ഷേ,1965 മുതല്‍ 68 വരെയുള്ള കാലത്ത്, അതായത് 12 മുതല്‍ 16 വയസ്സ് വരെയുള്ള കാലത്ത് "കസ്തൂര്‍ബ'യില്‍ നിന്നെടുത്ത പുസ്തകങ്ങള്‍ക്കു മുന്നില്‍ ഇരുന്നപ്പോള്‍ അനുഭവിച്ച അത്രയും ആവേശവും ആനന്ദവും പിന്നീടൊരിക്കലും അനുഭവിക്കാനായില്ല എന്നതാണ് സത്യം.

"കസ്തൂര്‍ബ'-യില്‍ നിന്ന് ഞാന്‍ വായിച്ച പുസ്തകങ്ങള്‍ പല തരത്തിലുള്ളതായിരുന്നു. അക്കാര്യത്തില്‍ വിവേചനശേഷി നന്നേ കുറച്ചേ പ്രയോഗിച്ചുള്ളൂ എന്നു തന്നെ പറയാം. ഒരു പക്ഷേ, എല്ലാ വിഭാഗങ്ങളിലും പെടുന്ന പുസ്തകങ്ങള്‍ വായനയില്‍ വരണം എന്ന് തീരുമാനിച്ചു തന്നെയാകാം നോവലുകളും കഥാസമാഹാരങ്ങളും ബാലസാഹിത്യകൃതികളും ജീവചരിത്രങ്ങളും സാഹിത്യചരിത്രങ്ങളും നിരൂപണങ്ങളുമെല്ലാം ഒരേ ആവേശത്തോടെ ഞാന്‍ വായിച്ചുകൂട്ടിയത്. "പാവങ്ങള്‍' വായിച്ചു തീര്‍ത്തതിന്റെ പിറ്റേന്നായിരിക്കാം മുട്ടത്തുവര്‍ക്കിയുടെ "ഇണപ്രാവുകളോ' "തെക്കന്‍ കാറ്റോ'  എടുക്കുന്നത്. എം.ടിയുടെ "കാഥികന്റെ പണിപ്പുര' വായിച്ചതിന്റെ തൊട്ടടുത്ത ദിവസം പി.ഗോവിന്ദപ്പിള്ളയുടെ "മലയാളഭാഷാ ചരിത്രം' അല്ലെങ്കില്‍ ടി.എം.ചുമ്മാറിന്റെ "പദ്യസാഹിത്യചരിത്രം', പി.നരേന്ദ്രനാഥിന്റെ "അന്ധഗായകനു' പുറകേ കുമാരനാശാന്റെ "ചണ്ഡാലഭിക്ഷുകി'..പിന്നെ പ്രേംചന്ദിന്റെ വഞ്ചന അല്ലെങ്കില്‍ വിമല്‍കറിന്റെ തടാകം ഇങ്ങനെയായിരുന്നു വായന.കുട്ടിക്കാലത്തെ ഈ രീതി പറയത്തക്ക മാറ്റമൊന്നുമില്ലാതെ ഇപ്പോഴും തുടരുന്നു. ഇത് നല്ലതാണെന്നും അല്ലെന്നും ഉള്ള തോന്നല്‍ മാറിമാറി ഉണ്ടാവാറുണ്ട്.

കസ്തൂര്‍ബാ സ്മാരക ഗ്രന്ഥാലയം അന്ന് ഗംഭീരമായൊരു സ്ഥാപനം തന്നെയായിരുന്നു. നാരായണന്‍ മാഷ്, കുഞ്ഞിരാമന്‍ മാഷ്, കെ.പി.ഗോപാലന്‍ തുടങ്ങിയവരായിരുന്നു ഞാന്‍ അവിടെ നിത്യസന്ദര്‍ശകനായിരുന്ന കാലത്തെ ലൈബ്രേറിയന്മാർ. പുസ്തകങ്ങളെ ഹൃദയംകൊണ്ട് സ്‌നേഹിച്ചിരുന്നവരായിരുന്നു അവരെല്ലാം. മാതൃഭൂമി ആഴ്ചപ്പതിപ്പിനു പുറമെ അന്വേഷണം, ജയകേരളം എന്നീ മാസികകളും കൗമുദി ഓണപ്പതിപ്പുമെല്ലാം ആ ഗ്രന്ഥാലയത്തില്‍ കിട്ടുമായിരുന്നു. സാഹിത്യപ്രവര്‍ത്തകസഹകരണ സംഘം എല്ലാ വര്‍ഷവും പുറത്തിറക്കിയിരുന്ന "സമ്മാനപ്പെട്ടി' എന്ന ബാലസാഹിത്യകൃതികളുടെ സമാഹാരമാണ് ദീപ്തമായ മറ്റൊരോര്‍മ.

വൈകുന്നേരം അഞ്ചരക്കും ആറരക്കുമിടയില്‍ അങ്ങോട്ടുമിങ്ങോട്ടുമായി നാല് കിലോമീറ്ററിലേറെ ഓടിയാണ് ഞാന്‍ "കസ്തൂര്‍ബാ സ്മാരക'ത്തില്‍ നിന്ന് പുസ്തകമെടുത്തിരുന്നത്. ഓരോ ദിവസവും എന്നെ ഏറ്റവുമധികം കൊതിപ്പിച്ചിരുന്ന, എന്റെ ജീവനില്‍ അസാധാരണമായ ഊര്‍ജം വന്നു നിറഞ്ഞിരുന്ന സമയമാണത്. ലൈബ്രറിയിലേക്കുള്ള എന്റെ ഓട്ടത്തിന്റെ ഏറിയ ഭാഗവും മാടായിപ്പാറ എന്ന വിജനവും വിശാലവുമായ പാറപ്പരപ്പിനു നടുവിലൂടെയായിരുന്നു.

എന്റെ അമ്മ വൈകുന്നേരം സ്‌കൂള്‍ വിട്ട് രണ്ടുമൂന്ന് കിലോമീറ്ററോളം നടന്ന് വീട്ടിലെത്തുമ്പോഴേക്കും അഞ്ച് മണിയോളമാവും. അപ്പോഴേക്കും ഞാന്‍ പിറ്റേന്ന് രാവിലത്തെ ദോശക്കോ ഇഡ്ഡിലിക്കോ ഉള്ള അരിയും ഉഴുന്നും ആട്ടമ്മിയില്‍ അരച്ച് റെഡിയാക്കിവെക്കും. പിന്നെ പൊടിയടുപ്പില്‍ ഈര്‍ച്ചപ്പൊടി നിറച്ച് അതില്‍ വൈകുന്നേരത്തെ ചായക്കുള്ള വെള്ളം വെക്കും. ഇത്രയുമൊക്കെ ചെയ്യുന്നത് ലൈബ്രറിയിലേക്ക് പോവുന്നതിനുള്ള അനുവാദത്തിന് വേണ്ടിയാണ്. ഈ അനുഭവത്തെപ്പറ്റി "പണിക്ക് കൂലി പുസ്തകം' എന്ന ശീര്‍ഷകത്തില്‍ ഞാന്‍ നേരത്തേ ഒരു ലേഖനം എഴുതിയിട്ടുണ്ട്.

ഞാന്‍ "കസ്തൂര്‍ബാ സ്മാരക'-ത്തില്‍ പോയ്‌ക്കൊണ്ടിരുന്ന കാലത്തു തന്നെയാണ് "എരിപുരം പബ്ലിക് ലൈബ്രറി' പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഈ ലൈബ്രറിക്കു വേണ്ടി പുസ്തകങ്ങള്‍ ശേഖരിക്കാന്‍ കെ.വി.ബാലന്‍ മാഷോടൊപ്പം പല വീടുകളിലും കയറിയിറങ്ങിയത് ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. പുസ്തകം വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്ന പതിവ് അക്കാലത്ത് വളരെ കുറച്ചു പേര്‍ക്കേ ഉണ്ടായിരുന്നുള്ളൂ. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആദ്യബാച്ചിലെ ഒരേയൊരു മുസ്‌ലിം വിദ്യാര്‍ത്ഥിനി, മലബാറില്‍ നിന്ന് ഡോക്ടറാവുന്ന ആദ്യത്തെ മുസ്‌ലിംസ്ത്രീ എന്നീ അഭിമാനകരമായ പ്രത്യേകതകളൊക്കെയുള്ള, മാടായി, മാട്ടൂല്‍, പഴയങ്ങാടി, എരിപുരം പ്രദേശത്തെ മുഴുവനാളുകളും സ്‌നേഹബഹുമാനപൂര്‍വം പരാമര്‍ശിക്കുന്ന ഡോ.മുബാറക്കാബീവിയുടെ പിതാവ് അഡ്വ.അബ്ദുറഹിം മലബാറി തന്റെ ശേഖരത്തില്‍ നിന്ന് നന്നായി ബൈന്‍ഡ് ചെയ്ത് സൂക്ഷിച്ച വിലയേറിയ ചില പുസ്തകങ്ങള്‍ വളരെ സന്തോഷത്തോടെ ഞങ്ങള്‍ക്ക് സംഭാവന ചെയ്തത് ഞാന്‍ പ്രത്യേകം ഓര്‍മിക്കുന്നു. "എരിപുരം പബ്ലിക് ലൈബ്രറി'യെപ്പറ്റി കുറച്ചധികം പറയാനുണ്ട്. 

ഏഴ്​​​​​

ഒരു പുസ്തകമോഷണത്തിന്റെ അപ്പുറവും ഇപ്പുറവും

1966-67 കാലത്ത് നാലഞ്ച് മാര്‍ക്സിസ്റ്റ് അനുഭാവികളും അത്രയും തന്നെ കോണ്‍ഗ്രസ് അനുഭാവികളും ചേര്‍ന്നാണ് എരിപുരത്ത് ലൈബ്രറി സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ ഏതാനും വീടുകളില്‍ കയറിയിറങ്ങി പുസ്തകങ്ങള്‍
ശേഖരിച്ചത്. കെ.വി.ബാലന്‍ മാഷ്, വി.എന്‍.എരിപുരം, കെ.ശശിധരന്‍ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ കെ.രവീന്ദ്രന്‍, രാജന്‍ മാഷ് അദ്ദേഹത്തിന്റെ അനിയന്‍ വേണു, പത്രപ്രവര്‍ത്തകനായ അടുത്തിലയിലെ കൃഷ്ണന്‍ തുടങ്ങിയവരോടൊപ്പം ഈ
സംരംഭത്തില്‍ ഞാനും പൂര്‍ണമനസ്സോടെ സഹകരിച്ചിരുന്നു. ലൈബ്രറി പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ വൈകുന്നേരം അവിടെ ഒത്തുകൂടാനും പത്രം വായിക്കാനും ലൈബ്രറിയുടെ വരാന്തയിലിരുന്ന് വര്‍ത്തമാനം പറയാനുമൊക്കെ ഒരുപാട് പേര്‍ ഉത്സാഹം കാണിച്ചു.

N-prabhakaran-autobiography

ലൈബ്രറിയുടെ ആദ്യത്തെ വാര്‍ഷിക സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോഴൊന്നും അവിടെ സംഘര്‍ഷത്തിലേക്ക് നയിക്കുന്ന എന്തെങ്കിലും സംഭവിക്കുമെന്ന് ആരും കരുതിയിരുന്നില്ല. മാടായി എല്‍.പി.സ്‌കൂളില്‍ ഒരു ഞായറാഴ്ചയാണ് വാര്‍ഷികസമ്മേളനം നടന്നത്. അന്ന് രാവിലെ പത്ത് മണിയായപ്പോള്‍ അമ്പതോളം പേര്‍ അവിടെ എത്തി. അത്രയും പേരെ ഒന്നിച്ചു കണ്ടപ്പോള്‍ത്തന്നെ എന്തോ പന്തികേടുള്ളതായി ചിലര്‍ക്കൊക്കെ തോന്നിയിരുന്നു. അതിന്റെ പിറുപിറുപ്പുകള്‍ ചില കോണുകളില്‍ നിന്ന് കേള്‍ക്കാമായിരുന്നു. കാര്യപരിപാടിയിലെ ആദ്യ ഇനങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരാള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോവണമെങ്കില്‍ പുതിയ ഒരു കമ്മിറ്റി വേണം. "അതെ, പുതിയ കമ്മിറ്റി വേണം' പലരും ആ നിര്‍ദ്ദേശത്തെ എഴുന്നേറ്റുനിന്ന് പിന്താങ്ങി. സമയം പാഴാക്കാതെ ഒരാള്‍ ഒരു പാനല്‍ അവതരിപ്പിച്ചു. വേദിയിലുണ്ടായിരുന്ന ബാലന്‍മാഷാണെന്നു തോന്നുന്നു, പാനലിലെ പേരുകള്‍ വായിച്ചു. ഉടനെ അത് കയ്യടിച്ച് പാസ്സാക്കപ്പെടുകയും ചെയ്തു. വി.എന്‍. എരിപുരം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സുകാരൊന്നും ആ പാനലിലുണ്ടായിരുന്നില്ല. കുറച്ച് ഒച്ചപ്പാടും ബഹളവുമൊക്കെ ഉണ്ടായി. പക്ഷേ, ഭൂരിപക്ഷാഭിപ്രായ പ്രകാരം അധികാരത്തില്‍ വന്ന പുതിയ ഭാരവാഹികളെ അംഗീകരിക്കില്ലെന്ന് പറയാനൊന്നും ആരും ധൈര്യപ്പെട്ടില്ല. അങ്ങനെ എരിപുരം പബ്ലിക് ലൈബ്രറിയുടെ ആദ്യവാര്‍ഷികസമ്മേളനം ഒരു വശത്ത് ജേതാക്കളുടെ ആഹ്ലാദവും മറുവശത്ത് പരാജിതരുടെ കടുത്ത ഇച്ഛാഭംഗവുമായി അവസാനിച്ചു.

ലൈബ്രറി പിച്ചവെച്ചുതുടങ്ങുന്ന കാലമായിരുന്നു അത്. മാടായി എല്‍.പി.സ്‌കൂളിലേക്ക് പോവുന്ന വഴിയുടെ വലതുവശത്തുള്ള ലൈന്‍മുറികളിലൊന്നിലായിരുന്നു അതിന്റെ പ്രവര്‍ത്തനം. ഈ ലൈന്‍മുറി ഒറ്റമുറിയല്ല. പൊതുവായ വരാന്ത. വരാന്തയില്‍ നിന്ന് അകത്തേക്കു കടന്നാല്‍ ഒരു മുറി. അതില്‍ നിന്ന് പ്രവേശിക്കാവുന്നതായി മറ്റൊരു ചെറിയ മുറികൂടിയുണ്ട്. രണ്ട് മുറികളും മുന്നിലുള്ള വരാന്തയും ചേര്‍ന്നാല്‍ ഒരു വീടായി എന്ന് സങ്കല്‍പിക്കുകയാണെങ്കില്‍ ആ ചെറിയ മുറി അടുക്കളയായിരിക്കും. അവിടെയാണ് ലൈബ്രറിയുടെ രണ്ട് ചെറിയ അലമാരകള്‍ സൂക്ഷിച്ചിരുന്നത്. രണ്ടിലും കൂടി ഏതാണ്ട് ഇരുന്നൂറ്റമ്പതോളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. അതിനുള്ള ആവശ്യക്കാര്‍ പത്ത് പേരെ വരൂ. ലൈബ്രറിയില്‍ വൈകുന്നേരം ഒത്തുകൂടുന്നവരില്‍ ഏറെപ്പേരും ആദ്യം കയറുന്ന മുറിയിലെ വലിയ മേശപ്പുറത്ത് കാണാമായിരുന്ന ഒരു ഇംഗ്ലീഷ് പത്രം, രണ്ട് മലയാള പത്രങ്ങള്‍, മൂന്നോ നാലോ ആനുകാലികങ്ങള്‍ എന്നിവ വായിക്കാനെത്തുന്നവരാണ്. ആദ്യവാര്‍ഷിക സമ്മേളനം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, ലൈബ്രറിയിലെ രണ്ട് അലമാരകളിലെയും പുസ്തകങ്ങളില്‍ വലിയൊരു ഭാഗം അപ്രത്യക്ഷമായി. മോഷ്ടിക്കപ്പെട്ട പുസ്തകങ്ങള്‍ മാടായി പാറപ്പുറത്ത് കൊണ്ടുപോയിട്ട് കത്തിച്ചുവെന്നും അല്ല, ചാക്കില്‍ കെട്ടി പാറയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള വടുകുന്ദപ്പുഴ എന്ന് പേരുള്ള തടാകത്തില്‍ എറിയുകയാണ് ചെയ്തത് എന്നുമൊക്കെ സംസാരമുണ്ടായി. രണ്ടിനും ദൃക്സാക്ഷികളായി ആരും ഉണ്ടായിരുന്നില്ല.

N. Prabhakaran

അന്ന് വൈകുന്നേരം ലൈബ്രറിയിലെത്തിയ ആദ്യത്തെ ആള്‍ അലമാരകള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ രണ്ടുമൂന്ന് ഓടുകള്‍ നീങ്ങിക്കിടക്കുന്നതായി കണ്ടിരുന്നുവത്രെ. എന്തായാലും പുസ്തകമോഷണത്തെപ്പറ്റി അന്വേഷിക്കാന്‍ അഞ്ചംഗ കമ്മിറ്റിയുണ്ടായി. ഏത് വകുപ്പനുസരിച്ചാണെന്ന് ഇപ്പോഴും എനിക്കറിയില്ല. എരിപുരത്ത് ചെരിപ്പു കച്ചവടം നടത്തിയിരുന്ന മൊയ്തുവും ഞാനും കമ്മിറ്റിക്കുള്ളിലെ പ്രത്യേക കമ്മിറ്റിയായി. ഞങ്ങള്‍ പ്രത്യേകമായ ഒരന്വേഷണറിപ്പോര്‍ട്ട് പ്രവര്‍ത്തക സമിതിക്ക് മുമ്പാകെ വെക്കുകയും ചെയ്തു. റിപ്പോര്‍ട്ട് എങ്ങനെ ഗംഭീരമാക്കാം എന്നതിനപ്പറ്റി ഞാനും മൊയ്തുവും എത്രയോ മണിക്കൂറുകള്‍ തല പുകഞ്ഞാലോചിച്ചിരുന്നു. ഒരുപാട് ദിവസം മൊയ്തുവിന്റെ പീടികയിലിരുന്ന് വെട്ടിയും തിരുത്തിയും തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ആദ്യവാചകങ്ങള്‍ ഏതാണ്ട് ഇങ്ങനെയായിരുന്നു:

"അര്‍ധരാത്രി. കൂരാക്കൂരിരുട്ട്. ഭയങ്കരമായ നിശ്ശബ്ദത. അതാ മൂന്ന് തസ്‌കരന്മാര്‍ എരിപുരം പബ്ലിക് ലൈബ്രറിയുടെ ഓട് നീക്കി അകത്തേക്കിറങ്ങുന്നു.' ഞങ്ങളുടെ റിപ്പോര്‍ട്ട് വെറും കഥയാണെന്നു പറഞ്ഞ് കമ്മിറ്റി തള്ളി. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. മൊയ്തു ഇന്ന് നമ്മോടൊപ്പമില്ല. പഴയ പുസ്തമോഷണം ഇന്നിപ്പോള്‍ ഒരു തമാശയായിപ്പോലും ആരും പരാമര്‍ശിക്കാറില്ല. കാലവും ചുറ്റുപാടുകളും മാറി. എരിപുരം പബ്ലിക് ലൈബ്രറിക്ക് വര്‍ഷങ്ങള്‍ക്കു മുമ്പേ പുതിയ കെട്ടിടം വന്നു. നാല് പതിറ്റാണ്ടിലേറെയായി ഞാന്‍ ലൈബ്രറിയിലേക്ക് പോയിട്ടില്ല. ലൈബ്രറിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല. ഇടയ്ക്കാലത്ത് എന്റെ അനിയന് അവിടെ മെമ്പര്‍ഷിപ്പുണ്ടായിരുന്നതായി അറിയാം. അവനും ഇന്നീ ഭൂമിയിലില്ല. ഗ്രാമീണ ലൈബ്രറികള്‍ക്ക് നമ്മുടെ സാമൂഹ്യജീവിതത്തില്‍ വളരെ വലിയ ഇടപെടലുകള്‍ സാധ്യമാവുമെന്നാണ് ഞാന്‍ കരുതുന്നത്. അവയ്ക്ക് ഒരു പ്രദേശത്തെ ജനങ്ങളെ, വിശേഷിച്ചും യുവജനങ്ങളെ പണത്തിനും നാനാതരം ജീവിതസുഖങ്ങള്‍ക്കും അപ്പുറത്തുള്ള പലതിനെയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന ആകര്‍ഷകമായ അനൗപചാരിക വിദ്യാലയങ്ങളായും ഊര്‍ജസ്വലമായ സാംസ്‌കാരിക കേന്ദ്രങ്ങളായും വ്യക്തികളുടെ മാനസിക വളര്‍ച്ച ഉറപ്പാക്കുന്ന സ്വതന്ത്ര സംവാദങ്ങള്‍ക്കുള്ള വേദിയായും പ്രവര്‍ത്തിക്കാന്‍ കഴിയും. അങ്ങനെ ആയിത്തീര്‍ന്നാല്‍ ഓരോ പ്രദേശത്തെയും പുതിയ തലമുറയെ എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി വേദനിക്കുന്ന മുഴുവന്‍ മനുഷ്യരെയും
നെഞ്ചോട് ചേര്‍ത്തുപിടിക്കാന്‍ കഴിയുന്ന വലിയ മനുഷ്യരാക്കി മാറ്റുന്ന പ്രവൃത്തി നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഇടങ്ങളായി അവ മാറും.

നാലരപ്പതിറ്റാണ്ടിനു മുമ്പ് അങ്ങനെയൊരു മാറ്റത്തിലേക്കുള്ള ആദ്യചുവടുകള്‍ വെച്ച സ്ഥാപനമാണ് എരിപുരം പബ്ലിക് ലൈബ്രറി. എ.കെ.മൂസ മാസ്റ്റര്‍, (പിന്നീട് യു.എ.ഇയിലെ വിദ്യാഭ്യാസ കലാസാംസ്‌കാരിക മേഖലകളിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ ആള്‍. അബുദാബി ശക്തി തിയറ്റേഴ്സിന്റെ സ്ഥാപക പ്രസിഡന്റും കൈരളി ടി.വിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും) സി.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ (കുറച്ചു കാലത്തിനു ശേഷം അധ്യാപനത്തില്‍ നിന്നുമാറി ബി.ഡി.ഒയും പില്‍ക്കാലത്ത് കേരള ദിനേശ്ബീഡിയുടെ ചെയര്‍മാനും ആയി) എന്നിവരുടെ നേതൃത്വത്തില്‍ 1975 നു മുമ്പ് പല സന്ധ്യകളിലും ലൈബ്രറിയില്‍ നടന്നിരുന്ന ചൂടുപിടിച്ച ചര്‍ച്ചകളെ ഓര്‍ത്തുകൊണ്ടാണ് ഞാനിത് പറയുന്നത്. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരില്‍ ആത്മവിശ്വാസം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ തന്നെ അവയില്‍ ചുരുക്കം ചിലത് ഗ്രാമര്‍ മാറ്റിവെച്ചും കൃത്യമായ വാക്കുകള്‍ എന്ന നിര്‍ബന്ധം ഒഴിവാക്കിയും ഇംഗ്ലീഷ് ഭാഷയിലായിരുന്നു എന്ന രസകരമായ വസ്തുതയും എനിക്ക് മറക്കാനാവില്ല.

ട്രൂകോപ്പി വെബ്സീനില്‍ പ്രസിദ്ധീകരിച്ച, മാതൃഭൂമി ബുക്സ് പുസ്തകമായി പുറത്തിറക്കിയ എന്‍.പ്രഭാകരന്റെ ആത്മകഥയിലെ ആദ്യ ഭാഗങ്ങള്‍

 

  • Tags
  • #Autobiography
  • #N. Prabhakaran
  • #Memoir
  • #Truecopy Webzine
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Nehru

Constitution of India

എം. കുഞ്ഞാമൻ

ഭരണഘടന വിമർശിക്കപ്പെടണം, ​​​​​​​എന്നാൽ നിഷേധിക്കപ്പെടരുത്​

Jan 26, 2023

10 Minutes Read

kamal

Truecopy Webzine

കമൽ കെ.എം.

അടൂരിന്റെ കാലത്ത്​ പൂന ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിലും വിദ്യാർഥികൾ സമരത്തിലായിരുന്നു

Jan 25, 2023

3 Minutes Read

Film Studies

Film Studies

Truecopy Webzine

പുതിയ സിനിമയെടുക്കാൻ പഴഞ്ചൻ പഠനം മതിയോ?

Jan 24, 2023

3 Minutes Read

malappuram

Life Sketch

പി.പി. ഷാനവാസ്​

നൊസ്സിനെ ആഘോഷിച്ച മലപ്പുറം

Jan 19, 2023

3 Minutes Read

Gandhi-Kunhaman

AFTERLIFE OF GANDHI

എം. കുഞ്ഞാമൻ

ഗാന്ധിജിയുടെ ഉയരങ്ങൾ

Jan 18, 2023

2 Minutes Read

 Zainul-Abid-Rahul-cover.jpg

Interview

സൈനുൽ ആബിദ്​

എന്തുകൊണ്ട്​ ഇങ്ങനെയൊരു രാഹുൽ കവർ? സൈനുല്‍ ആബിദ്​ പറയുന്നു

Jan 13, 2023

3 Minutes Read

ea salim

Truecopy Webzine

ഇ.എ. സലീം

മലയാളിയുടെ ഗള്‍ഫ് ജീവിതത്തെ കുറിച്ചുള്ള ഒരു സമഗ്രാന്വേഷണം

Jan 12, 2023

9 Minutes Watch

rahul cover 2

Truecopy Webzine

ഷാജഹാന്‍ മാടമ്പാട്ട്

എന്തുകൊണ്ട്​ രാഹുൽ ഗാന്ധി ഒരു ശുഭാപ്​തി വിശ്വാസമാകുന്നു?

Jan 12, 2023

6 Minutes Read

Next Article

എം. രാധാകൃഷ്ണന്റെ അധികാര ദുര്‍വിനിയോഗം; ഭാര്യയുടെ ജോലിക്കായി ആരോഗ്യമന്ത്രിക്ക് നല്‍കിയ കത്ത് പുറത്ത്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster