നാരായൻ കണ്ടെടുത്ത അക്ഷരങ്ങൾ, ജീവിതങ്ങൾ

സ്വന്തം ജനത അപമാനിക്കപ്പടുകയാണെന്നും യഥാർത്ഥ ആദിവാസി ജീവിതം ലോകത്തിന് മുമ്പിൽ ആവിഷ്‌ക്കരിക്കണമെന്നും തീവ്രമായി ആഗ്രഹിച്ചതിന്റെ ഫലമായാണ് താൻ എഴുത്തിലേക്ക് പ്രവേശിച്ചത് എന്ന് നാരായൻ എഴുതിയിട്ടുണ്ട്. താനുൾപ്പെടുന്ന ആദിവാസി ജനതയുടെ യഥാർത്ഥ ജീവിതവും പ്രശ്‌നങ്ങളും ‘മുഖ്യധാരാ സാഹിത്യ’ വിഷയമാക്കാനുള്ള ഒരു പോരാട്ടം കൂടിയായിരുന്നു ആ എഴുത്തുജീവിതം. ആഗസ്​റ്റ്​ 16ന്​ അന്തരിച്ച​ നോവലിസ്​റ്റ്​ നാരായനെക്കുറിച്ച്​ ഒരോർമക്കുറിപ്പ്​.

2004ൽ കോഴിക്കോട് സർവ്വകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയായിരുന്ന കാലത്താണ് നാരായനെ ആദ്യമായി കാണുന്നത്. അദ്ദേഹം ഉൾപ്പെടുന്ന മലയരയ ആദിവാസി സമൂഹത്തെപ്പറ്റി ചില കാര്യങ്ങൾ ആരായുന്നതിന്​ ഫോൺ ചെയ്തതായിരുന്നു. അൽപ്പനേരത്തെ സംസാരത്തിനുശേഷം, അടുത്തു തന്നെ കോഴിക്കോട് വരുന്നുണ്ടെന്നും നേരിൽ കാണാമെന്നും പറഞ്ഞ് അദ്ദേഹം ഫോൺ വെച്ചു.

ആയിടെ, കോഴിക്കോട് നടക്കുന്ന ഒരു സാഹിത്യ പരിപാടിയിൽ സംബന്ധിക്കുവാൻ വരുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചിരുന്നു. പ്രസ്തുത ദിവസം വൈകുന്നേരം നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ എറണാകുളത്തുനിന്ന് രാവിലെ തന്നെ എത്തിയത് എനിക്കേറെ സഹായകമായി. കൂടെ അദ്ദേഹത്തിന്റെ ഭാര്യ പങ്കജാക്ഷിയുമുണ്ടായിരുന്നു.
അന്നദ്ദേഹം പല കാര്യങ്ങളെപ്പറ്റിയും ദീർഘമായി സംസാരിച്ചു. തന്റെ സമുദായം ഉൾപ്പെടെയുള്ള കേരളത്തിലെ ആദിവാസി സമുദായങ്ങൾ നേരിടുന്ന സ്വത്വ- അസ്ഥിത്വപ്രശ്‌നങ്ങളും സാഹിത്യലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായിരുന്നു പ്രധാനമായും അദ്ദേഹത്തിന് പറയുവാനുണ്ടായിരുന്നത്.

എഴുത്തിലേക്കു കടക്കുവാനുണ്ടായ കാരണങ്ങളെപ്പറ്റി അന്നദ്ദേഹം ദീർഘമായി സംസാരിച്ചു. മലയാള സിനിമയിലെയും സാഹിത്യത്തിലേയും ആദിവാസി പ്രതിനിധാനം കണ്ടു മനസ്സ് മടുത്താണ് താൻ എഴുതി തുടങ്ങിയത് എന്നദ്ദേഹം പറഞ്ഞു.

നാരായൻ ഒരു സംഭവം പറഞ്ഞു: ‘‘കോട്ടയത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു വാരികയിൽ ഒരു നോവൽ കാണാനിടയായി. മലയരയവിഭാഗത്തെ കേന്ദ്രീകരിച്ചായിരുന്നു നോവൽ. അവരുടെ യഥാർത്ഥ ജീവിതത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് നോവലിൽ ചിത്രീകരിച്ചിരുന്നത്. ഈ അവസരത്തിലാണ് ഞങ്ങളുടെ നിസ്സഹായത ബോധ്യം വന്നത്. ഒരു കേസ് കൊടുത്താൽപ്പോലും ഇത്തരം കടന്നുകയറ്റത്തെ ചെറുക്കുവാൻ കഴിയില്ല എന്നു ബോധ്യമായി. പ്രസ്തുത നോവൽ പ്രസിദ്ധീകരിച്ചു വന്നിരുന്ന സമയത്ത് ഞാനൊരു കത്ത് പ്രസാധകർക്ക് എഴുതി. അതിൽ ഇങ്ങനെ എഴുതിയിരുന്നു: ‘താങ്കളുടെ പ്രസിദ്ധീകരണത്തിലെ ഇന്ന ആൾ എഴുതുന്ന ഇന്ന നോവലിൽ പരാമർശിക്കുന്ന വിഭാഗത്തിൽ പെട്ടയാളാണ് ഞാൻ. നോവലിസ്റ്റ് പറയുന്നതു പ്രകാരമുള്ള ദുരാചാരങ്ങൾ ഞങ്ങൾക്കിടയിലില്ല. അത് എവിടെയാണുള്ളത്? നോവലിസ്റ്റ് അതു പറയുകയാണെങ്കിൽ അതിന്റെ നിജസ്ഥിതി ബോധ്യമാക്കാൻ താൽപര്യമുണ്ട്. എന്നാൽ ആ കത്തിന് യാതൊരു വിധത്തിലുള്ള പരിഗണനയും പത്രാധിപർ നൽകിയില്ല.''

ഈ സംഭവം കേട്ടപ്പോൾ ഞാൻ വൈക്കം മുഹമ്മദ് ബഷീറിനെ ഓർത്തു. അദ്ദേഹം എഴുത്തിന്റെ മേഖലയിലേക്ക് പ്രവേശിക്കുവാനുള്ള കാരണവും സമാനമായിരുന്നു. ബഷീർ രചന ആരംഭിക്കുന്നതിനു മുമ്പുള്ള മലയാള നോവൽസാഹിത്യത്തിൽ പൊതുവെ മുസ്​ലിംകകളെ ചിത്രീകരിച്ചിരുന്നത്, കള്ളന്മാരും കൊള്ളക്കാരുമൊക്കെയായിരുന്നുവത്രെ. അങ്ങനെയല്ലാതെ മുസ്​ലിംകളെ ചിത്രീകരിക്കുവാനുള്ള എളിയ ശ്രമമെന്ന നിലയിലാണ് താൻ എഴുതി തുടങ്ങിയത് എന്ന് ബഷീർ എഴുതിയിട്ടുണ്ട്.

ആദിവാസി സ്വത്വത്തെയും തനിമയേയും പറ്റിയുള്ള നാരായന്റെ നിലപാട് സന്ദിഗ്ദ്ധമായിരുന്നു. മുഷിഞ്ഞ വസ്ത്രമണിഞ്ഞ്, കുളിയും നനയുമില്ലാതെ, അമ്പും വില്ലുമേന്തി നിൽക്കുന്ന ആദിവാസി വാർപ്പുമാതൃകാ ചിത്രം ഇനി വേണ്ട എന്നും മറ്റു ജനവിഭാഗങ്ങളെ പോലെ ആധുനിക ജീവിതവും വിദ്യാഭ്യാസവും തന്നെയാണ് ആദിവാസികൾക്കും വേണ്ടത് എന്നും അദ്ദേഹം പലവുരു വ്യക്തമാക്കിയിട്ടുണ്ട്. ആധുനിക വിദ്യാഭ്യാസത്തിലൂടെ മാത്രമേ ആദിവാസി ജനതയെ സമുദ്ധരിക്കുവാൻ കഴിയുകയുള്ളു എന്നദ്ദേഹം അടിയുറച്ചു വിശ്വസിച്ചിരുന്നു.

താനുൾപ്പെടുന്ന ആദിവാസി ജനതയുടെ യഥാർത്ഥ ജീവിതവും പ്രശ്‌നങ്ങളും ‘മുഖ്യധാരാ സാഹിത്യ' ത്തിൽ, ‘കാണുന്നീലൊരക്ഷരവും..' എന്ന് പൊയ്കയിൽ അപ്പച്ചൻ എഴുതിയതുപോലെ ചിന്തിച്ചതിന്റെ ഫലം കൂടിയാണ് നാരായന്റെ എഴുത്ത്. സ്വന്തം ജനത അപമാനിക്കപ്പടുകയാണെന്നും യഥാർത്ഥ ആദിവാസി ജീവിതം ലോകത്തിന് മുമ്പിൽ ആവിഷ്‌ക്കരിക്കണമെന്നും തീവ്രമായി ആഗ്രഹിച്ചതിന്റെ ഫലമായാണ് താൻ എഴുത്തിലേക്ക് പ്രവേശിച്ചത് എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.

1998-ലാണ് ആദ്യ നോവലായ കൊച്ചരേത്തി പ്രസിദ്ധീകരിച്ചത്. ആദിവാസി സമൂഹമായ മലയരയരുടെ തനത് ജീവിതാവിഷ്‌ക്കാരം എന്ന നിലയിൽ കൊച്ചരേത്തി ഏറെ ശ്രദ്ധിക്കപ്പെട്ടു. ആഖ്യാനശൈലി, മൗലികഭാഷാ പ്രയോഗരീതി എന്നിവയാൽ ഏറെ വ്യത്യസ്തമാണ് ഈ നോവൽ. 1999- ലെ തോപ്പിൽ രവി ഫൗണ്ടേഷൻ അവാർഡ്, അബുദാബി ശക്തി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, 2011 -ലെ ഇക്കണോമിസ്റ്റ് ക്രോസ് വേർഡ് ബുക്ക് അവാർഡ് (ഇംഗ്ലീഷ് പരിഭാഷയ്ക്ക്) എന്നിവ ഈ കൃതിക്ക് ലഭിക്കുകയുണ്ടായി. ‘ദ അരയ വുമൺ' എന്ന പേരിൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ് ഇംഗ്ലീഷിൽ ഈ നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ നോവൽ എഴുതി പൂർത്തിയായി പതിനഞ്ചു വർഷം കഴിഞ്ഞാണ് പ്രസിദ്ധീകരണത്തിനു നൽകിയത് എന്ന് ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. 1998ലാണ് നോവൽ പുറം ലോകം കണ്ടതെങ്കിലും 1985ലെങ്കിലും രചന പൂർത്തിയായിരുന്നു എന്നർത്ഥം. പല പ്രസാധകരേയും സമീപിച്ചെങ്കിലും ആരും പ്രസിദ്ധീകരിക്കുവാൻ തയ്യാറായിരുന്നില്ലത്രെ. ഒടുവിൽ പെൻഷൻ പറ്റിയ കാലത്ത് വലിയ പ്രതീക്ഷയൊന്നുമില്ലാതെ നോവൽ ഡി.സി ബുക്‌സിന് അയച്ചു കൊടുക്കുകയായിരുന്നു.

കൊച്ചരേത്തിയിലൂടെ നോവലിസ്റ്റ് പറയുവാൻ ശ്രമിക്കുന്നത്, സ്വന്തം ജീവിത പരിസരങ്ങളുമായി ബന്ധപ്പെട്ട ആറു പതിറ്റാണ്ടിലേറെ കാലത്തെ മലയരയ ജീവിതാവസ്ഥയാണ്. നോവലിന്റെ ‘ആമുഖ' ത്തിൽ നാരായൻ ഇങ്ങനെ കുറിച്ചു: ‘‘മലയോരത്ത് ചട്ടി, കലം, ഉണക്കമീൻ, പുകയില തുടങ്ങിയവ ചുമന്നുകൊണ്ടുവന്ന് തീവിലയ്ക്ക് വിറ്റ് കുരുമുളക്, കശുവണ്ടി, കാപ്പിക്കുരു എന്നിവയൊക്കെ കുറഞ്ഞ വിലയ്ക്ക് പകരം വാങ്ങി കൊള്ളലാഭമടിച്ചിരുന്ന നടന്നു കച്ചവടക്കാർ ചെറുപ്പക്കാരായ അമ്മമാരെ വിളിച്ചിരുന്നതാണ് കൊച്ചരേത്തി എന്ന പേര്. ഒന്നെനിക്കറിയാം സിനിമയിലെയും, ടി.വിയിലെയും ചില പ്രസിദ്ധീകരണങ്ങളിലുമൊക്കെ കാണുന്ന ആദിവാസികഥകൾക്ക് സത്യവുമായി പുലബന്ധം പോലുമില്ല. ഞാനാരെയും ചോദ്യം ചെയ്യുകയല്ല.
ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ, കൊച്ചരേത്തി ഒരു കൊച്ചരേത്തിയുടെ മകനായ ഞാനെഴുതിയത് ആരെയും അനുകരിച്ചല്ല. ഇത് എന്റെ സ്വന്തമാണ്. ആദിവാസികളെക്കുറിച്ച് ഒരാദിവാസി എഴുതിയ കഥയാണിത്...’’

തനി യഥാതഥാവിഷ്‌ക്കാര രീതി (Realistic) യാണ് കൊച്ചരേത്തിയിൽ സ്വീകരിച്ചിരിക്കുന്നത്. പുതു രചനാസങ്കേതങ്ങൾ ഒട്ടും തന്നെ അദ്ദേഹത്തെ അലട്ടിയിരുന്നില്ല എന്ന് നാരായന്റെ കൃതികൾ സാക്ഷ്യപ്പെടുത്തുന്നു.

പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന നിഷ്‌കളങ്കരായ ആദിവാസികളുടെ ലോകമാണ് കൊച്ചരേത്തിയിൽ അനാവൃതമാവുന്നത്. അതേസമയം,ആധുനീകരണത്തിനു മുമ്പുള്ള സാമൂഹികവും കുടുംബപരവുമായ വിശ്വസപ്രമാണങ്ങളെ ലംഘിക്കാതെ ഒരു സമൂഹത്തിനും പ്രബുദ്ധതയുടെ പുതുലോകത്തിലേക്ക് പ്രവേശിക്കുവാൻ കഴിയുകയില്ല എന്ന സത്യംകൂടി ഈ നോവലിലൂടെ നാരായൻ വ്യക്തമാക്കുന്നു.

പലതുകൊണ്ടും മലയാള നോവൽസാഹിത്യത്തിൽ ഒരു വിച്ഛേദം സൃഷ്ടിച്ച കൃതിയാണ് കൊച്ചരേത്തി. ചരിത്രപരവും ഭാഷാപരവും ആഖ്യാനപരവുമായ സവിശേഷതകൾ ഒട്ടേറെയുള്ള ഒരു നോവൽ എന്നതിനപ്പുറം, കേരളത്തിലെ മുപ്പത്തിയാറ് ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള ആദ്യത്തെ നോവലിസ്റ്റിന്റെ പ്രഥമ നോവൽ എന്ന ചരിത്ര പ്രാധാന്യം കൂടി കൊച്ചരേത്തിക്കുണ്ട്.

തനിക്കേറെ സുപരിചിതമായ ഇടുക്കി ജില്ലയിലെ
മലയരയർ, മുതുവാന്മാർ തുടങ്ങിയ ആദിവാസി വിഭാഗങ്ങൾ അടക്കമുള്ള അടിസ്ഥാന ജനതയുടെ ജീവിതവും പ്രശ്‌നങ്ങളുമാണ് നാരായൻ സവിശേഷമായും തന്റെ രചനകളിലൂടെ അടയാളപ്പെടുത്തുവാൻ ശ്രമിച്ചത്.
ഈയൊരർത്ഥത്തിൽ, നൂറ്റാണ്ടുകളായിട്ടവഗണിക്കപ്പെട്ട, ഓരം തള്ളി നിർത്തപ്പെട്ട അടിസ്ഥാന ജനതയുടെ എഴുത്തുകാരനായിരുന്നു
നാരായൻ. താൻ അനുഭവിച്ച, പലവിധത്തിൽ ഭാഗവാക്കായ തിക്ത യാഥാർത്ഥ്യങ്ങളിൽ നിന്നാണ് നാരായന്റെ കഥകളും നോവലുകളും പിറവി കൊണ്ടത്.

നാരായന്റെ എഴുത്തിൽ ഗോത്രീയതയുടെ പ്രാചീനതയും നിഷ്‌കളങ്ക നൈർമല്യവും നിറഞ്ഞു കവിയുന്നതായി കാണാം. അല്ലലും അലട്ടലുമുള്ള, ദുരിത പർവ്വങ്ങളിൽ മുങ്ങിത്താഴ്ന്ന, നാഗരികരെന്നു സ്വയം വിശേഷിപ്പിക്കുന്ന ജനസമൂഹത്തിന്റെ നഗ്‌നമായ ചൂഷണത്തിനു വിധേയരായ സാധാരണക്കാരുടെ അസാമാന്യ ജീവിതമാണ് നാരായന്റെ കഥകളിലും നോവലുകളിലും നിറഞ്ഞുനിൽക്കുന്നത്. എല്ലാ പ്രതിസന്ധികളോടും പ്രതിബന്ധങ്ങളോടും സന്ധിയില്ലാ സമരം ചെയ്യുന്ന, വിമോചനം സ്വപ്നം കാണുന്ന ഒട്ടേറെ കഥാപാത്രങ്ങളെ നാരായൻ സൃഷ്ടിച്ചിട്ടുണ്ട്. സൂക്ഷ്മവായനയിൽ, പ്രതിബന്ധങ്ങളെ തട്ടിമാറ്റിയ, പുതുലോകം കിനാവു കണ്ട നാരായൻ, അവർക്കെല്ലാം പ്രചോദനമേകിയ വലിയ എഴുത്തുകാരൻ കൂടിയാണ്.


ഡോ. അസീസ്​ തരുവണ

എഴുത്തുകാരൻ. കോഴിക്കോട്​ ഫാറൂഖ്​ കോളേജിൽ മലയാള വിഭാഗം മേധാവി. വയനാടൻ രാമായണം, എത്രയെത്ര രാമായണങ്ങൾ, ഗോത്രപഠനങ്ങൾ, വയനാട്ടിലെ ആദിവാസികൾ: ചരിത്രവും വർത്തമാനവും തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments