നായാട്ടും കർണ്ണനും ദളിതനെ അടയാളപ്പെടുത്തുന്ന വിധം

മലയാളത്തിൽ ദളിതനെ അവതരിപ്പിച്ചപ്പോൾ അവൻ പ്രശ്നക്കാരനും നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നവനുമാണ്. തമിഴിൽ അവതരിപ്പിക്കുമ്പോൾ അവൻ ആത്മാഭിമാനമുള്ളവനും തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി അടിയുറച്ച് നിൽക്കുന്നവനുമാണ്.

ന്ത്യൻ പൊതുസമൂഹം ദളിത് വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന രീതി എല്ലാക്കാലത്തും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ദളിതരെക്കുറിച്ചുള്ള പരാമർശങ്ങളിൽ ബോധപൂർവ്വമോ അല്ലാതെയോ കടന്നുവരുന്ന വെറുപ്പാണ് പലപ്പോഴും വിമർശന വിധേയമാകുന്നത്. ഒരു ജനപ്രിയ കലാരൂപം എന്ന നിലയിൽ സിനിമകളിൽ കടന്നുവരുന്ന ദളിത് വിരുദ്ധത ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുകയും ചെയ്യാറുണ്ട്. തിയറ്ററുകളിൽ റിലീസിനെത്തി അധികം വൈകാതെ ലോക്ക്​ഡൗൺ മൂലം ഓൺലൈൻ ഇടങ്ങളിൽ ലഭ്യമായ, മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രം ദളിത് വിരുദ്ധമാണെന്ന തരത്തിലുള്ള ചർച്ച സജീവമായിരിക്കുകയാണ്. ഇതേസമയത്ത് തന്നെയാണ് മാരി സെൽവരാജ് സംവിധാനം ചെയ്​ത തമിഴ് സിനിമ കർണ്ണൻ പ്രേക്ഷകശ്രദ്ധ നേടുന്നത്.

പൊലീസുകാർ ഭരണകൂടത്തിന്റെ കളിപ്പാവകളാകുന്നതാണ് നായാട്ടിന്റെ കഥാതന്തു. പൊലീസ് അധികാര കേന്ദ്രങ്ങളുടെ മർദ്ദന ഉപകരണങ്ങളാകുന്നതും വേട്ടക്കാരാകുന്നതും ഇവിടെ നിത്യസംഭവമാണ്. ഈ യാഥാർത്ഥ്യമാണ് ഈ സിനിമയും തുറന്നുകാട്ടുന്നത്. ഇരവാദത്തിന് പിന്നാലെ മലയാള സിനിമ പായാൻ തുടങ്ങിയിട്ട് കാലമേറെയായി. തിയറ്ററുകളിൽ കയ്യടി നേടുകയും നിരൂപകശ്രദ്ധ ആകർഷിക്കുകയും ചെയ്ത ജല്ലിക്കെട്ട് മുതലായ സിനിമകളെല്ലാം ആ ഒരു ഗണത്തിൽ ഉൾപ്പെടുത്താവും. എന്നാൽ കോവിഡ്​വ്യാപനത്തിന് തൊട്ടുമുമ്പ് തിയറ്ററുകളിലെത്തിയ അയ്യപ്പനും കോശിയും നേടിയ കയ്യടി ഇരയ്ക്കും വേട്ടക്കാരനും ഒപ്പം സഞ്ചരിക്കുന്ന ഒരു പുതിയ പ്രവണത മലയാള സിനിമയിൽ കൊണ്ടുവന്നു. അതിനുശേഷം മലയാളത്തിലിറങ്ങിയ ഭൂരിഭാഗം സിനിമകളും ഈയൊരു മാതൃക പിൻപറ്റുന്നവയാണെന്ന് കാണാം. നായാട്ടും അത്തരത്തിലൊരു പാറ്റേൺ ആണ് പിന്തുടരുന്നത്.

കാഴ്ചക്കാരെ സ്‌ക്രീനിന് മുന്നിൽ പിടിച്ചിരുത്താൻ ആവശ്യമായ ചേരുവകളെല്ലാം ഈ ചിത്രത്തിലുമുണ്ട്. എന്നാൽ ഇവിടെ ഇരയാകുന്നതും വേട്ടക്കാരനാകുന്നതും ഒരേ വിഭാഗം തന്നെയാണെന്ന വ്യത്യാസം മാത്രമാണ് ഉള്ളത്. പ്രത്യക്ഷത്തിൽ ആ ഇരയും വേട്ടക്കാരനും പൊലീസ് ആണ്. സിനിമ ലക്ഷ്യമിടുന്ന ആശയത്തിലൂടെ പ്രേക്ഷകനെ വളരെ കൃത്യമായി മുന്നോട്ടുകൊണ്ടുപോകാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്. അതിന് മാർട്ടിൻ പ്രക്കാട്ട്​ എന്ന സംവിധായകനും ഷാഹി കബീറിന്റെ തിരക്കഥയ്ക്കും ഷൈജു ഖാലിദിന്റെ മനോഹരമായ ഷോട്ടുകൾക്കും സാധിക്കുന്നുണ്ട്. പിറവം പൊലീസ് സ്റ്റേഷനെ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഈ ചിത്രത്തിൽ പൊലീസ് സേനയിൽ ചേർന്നിട്ട് അധികകാലമായിട്ടില്ലാത്ത ഒരു മുൻ പൊലീസുകാരന്റെ മകനും (കുഞ്ചാക്കോ ബോബൻ) ദളിത് സമുദായക്കാരനായ ഒരു സീനിയർ പൊലീസുകാരനും (ജോജു ജോർജ്ജ്) ദളിത് സമുദായക്കാരിയായ ഒരു വനിതാ പൊലീസുകാരി (നിമിഷ സജയൻ)യുമാണ് പ്രധാന കഥാപാത്രങ്ങൾ. പൊലീസുകാരിയുടെ വാക്കാലുള്ള പരാതിയിൽ സ്റ്റേഷനിൽ എത്തിയ ബന്ധുവായ ദളിത് യുവാവും അയാളുടെ സുഹൃത്തുക്കളുമാണ് സിനിമയെ ഒരു "നായാട്ട്' ആക്കി മാറ്റുന്നത്.

‘നായാട്ടി’ൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്​, നിമിഷ സജയൻ

ഇവിടെ കുറ്റവാളിയായി സ്റ്റേഷനിൽ എത്തുന്നത് ദളിതൻ ആണ്. അയാളാകട്ടെ തന്റെ അവകാശങ്ങളെക്കുറിച്ചും പട്ടിക വിഭാഗ പീഡന നിരോധന നിയമ (PoA)ത്തെക്കുറിച്ചും തികഞ്ഞ ബോധവാനായ വ്യക്തിയുമാണ്. തന്നെ തൊട്ടാൽ വകുപ്പ് വേറെയാണെന്നും കുനിഞ്ഞു നിന്ന കാലം കഴിഞ്ഞെന്നും അയാൾ പൊലീസുകാർക്ക് ഇടയ്ക്ക് മുന്നറിയിപ്പ് കൊടുക്കുന്നുമുണ്ട്. എന്നാൽ തുടക്കം മുതലേ അയാളെ ഒരു നികൃഷ്ടനായാണ് സിനിമ ചിത്രീകരിക്കുന്നത്. സ്ത്രീകളുടെ സ്വെെര്യജീവിതത്തിന് തടസം നിൽക്കുകയും പൊലീസ് സ്റ്റേഷന്റെ മതിലിൽ തുപ്പുകയും യാതൊന്നിനെയും കൂസാതിരിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരൻ. സുനിത എന്ന വനിതാപൊലീസുകാരിയുടെ മേൽ ആണധികാരവും പൊലീസുകാരുടെ മേൽ രാഷ്ട്രീയാധികാരവും കളിക്കുന്ന ഒരാളായാണ് സിനിമയിൽ ഇയാളെ ചിത്രീകരിക്കുന്നത്. പൊലീസ് ആകുകയെന്നതാണ് പ്രതിസ്ഥാനത്തുനിന്ന്​ ദളിതനെ ഒഴിച്ചു നിർത്തുന്നത്.

ഇയാളെ മർദ്ദിക്കുന്നതിന് മുമ്പുള്ള ജോജുവിന്റെ മണിയൻ പൊലീസിന്റെ ഒരു ഡയലോഗിലൂടെയാണ് അത് വെളിവാകുന്നത്. തന്നെ തൊട്ടാൽ വകുപ്പ് വേറെയാണെന്ന് പറയുന്ന ദളിത് യുവാവിനോട് നിന്നെ ഞാൻ തല്ലിയാൽ കുഴപ്പമില്ലല്ലോ എന്ന് ചോദിച്ചാണ് മണിയൻ അയാളെ മർദ്ദിക്കുന്നത്. പിറവം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനാകുന്ന നിർണായക ശക്തിയാണ് ദളിതർ എന്നതിന് സംശയം വേണ്ട. എറണാകുളം ജില്ലയിൽ ഏറ്റവും ദളിത് ജനസംഖ്യയുള്ള പഞ്ചായത്ത് ആയ മണീട് ഈ മണ്ഡലത്തിലാണ് സ്ഥിതിചെയ്യുന്നത്.

സമുദായത്തിന്റെ ആവശ്യങ്ങൾക്കായി ദളിത് നേതാക്കൾ പാർട്ടിയെ പിന്തുണയ്ക്കുന്നത് ഈ ചിത്രത്തിന്റെ തുടക്കത്തിൽ കാണാം. ‘ദളിത് യുവാവിനെ ലോക്കപ്പിലിട്ട് മർദ്ദിച്ചതിൽ പിള്ളാര് ദേഷ്യത്തിലാണ് അതുകൊണ്ട് സമുദായത്തിന് ഗുണമുള്ള എന്തെങ്കിലും വേണമെന്നാണ്’ പറയുന്നത്. പ്രശ്നപരിഹാരമായി തങ്ങൾക്ക് അട്ടച്ചിറയിലുള്ള എൻജിനിയറിംഗ് കോളേജ് അനുവദിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അതുകൂടാതെ പ്രശ്നക്കാരായ പൊലീസുകാരെ ഒന്ന് സസ്പെൻഡ് ചെയ്തേക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നുമുണ്ട്. ഈ കഥാസന്ദർഭങ്ങളിലൂടെ ദളിതർ നിർണായക വോട്ട് ശക്തിയാണെന്ന് വ്യക്തമാക്കാനാണ് തിരക്കഥാകൃത്ത് ശ്രമിച്ചിട്ടുള്ളത്.

‘നായാട്ടി’ൽ നിന്ന്​

ഒരു ദൃശ്യമാധ്യമമായതിനാൽ തന്നെ ഒരു സിനിമ കാണുമ്പോൾ അതിലെ കേന്ദ്രകഥാപാത്രങ്ങൾക്കൊപ്പമാണ് ഇവിടുത്തെ കാഴ്ചക്കാർ സഞ്ചരിക്കുന്നത്. ആ കേന്ദ്രകഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാകും പൊതുസമൂഹം ചിന്തിക്കുന്നതും. ഇവിടെ പുറത്തുവരുന്ന വാർത്തകളിൽ നിന്ന്​ വ്യത്യസ്തമാണ് അത്. അതിനാൽ തന്നെ കേന്ദ്രകഥാപാത്രങ്ങൾ നേരിടുന്ന അനുഭവങ്ങൾ സിനിമയുടെ അനുഭവങ്ങളാകുകയും കാഴ്ചക്കാരനും അത് അനുഭവവേദ്യമാകുകയും ചെയ്യുന്നു. ഇതിനിടയിൽ മറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളെ നാം കാണാതെ പോകുകയും ചെയ്യുന്നു. നായാട്ടിലും അതുതന്നെയാണ് സംഭവിക്കുന്നത്.

ചിത്രത്തിൽ മറ്റൊരു ദളിത് യുവാവ് അപകടത്തിൽ മരിക്കുകയും കേന്ദ്രകഥാപാത്രങ്ങളായ മൂന്ന് പൊലീസുകാരും കൊലപാതകത്തിൽ പ്രതിക്കൂട്ടിലാകുകയും ചെയ്യുന്നു. അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് പൊലീസുകാരല്ലെന്നും ദളിത് സമുദായത്തിൽ നിന്നുള്ള പൊലീസുകാരന്റെ ബന്ധുവായിരുന്നെന്നും ഇവിടെ പൊലീസിനെ വെള്ളപൂശുന്നുമുണ്ട്. ഉപതെരഞ്ഞെടുപ്പിന്റെ തലേന്ന് നടന്ന ഈ മരണം ദളിത് നേതാക്കൾക്ക് വിലപേശാനുള്ള ഉപാധിയായി മാറുന്നു. അവർ ഹർത്താൽ പ്രഖ്യാപിക്കുകയും പരക്കെ അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്നു.

പൊലീസുകാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പത്രസമ്മേളനം വിളിച്ചുകൂട്ടി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുമെന്ന അവരുടെ വെല്ലുവിളിക്ക് മുന്നിൽ ഭരണകൂടം വഴങ്ങുന്നു. പൊലീസുകാരെ വേട്ടയാടാൻ അവർ പൊലീസിനെ തന്നെ നിയോഗിക്കുന്നതോടെയാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ആസ്വാദകർക്ക് മുന്നിൽ ദളിതർ വില്ലരാകുന്നത്. ദളിത് രാഷ്ട്രീയവും പ്രവർത്തകരും അണികളും ഇവിടെ പ്രതിക്കൂട്ടിലാകുന്നു.

‘നായാട്ടി’ൽ ദളിത്​ യുവാവിനെ അവതരിപ്പിച്ച ദിനേശ് ആലപ്പി

ദളിതന് രാഷ്ട്രീയത്തിൽ ഇടപെടാനുള്ള അവസരം മുതലെടുപ്പുകൾക്ക് കാരണമാകുന്നുവെന്ന സന്ദേശമാണ് ഇവിടെ നൽകുന്നത്. പട്ടിക വിഭാഗ പീഡന നിരോധന നിയമം തെറ്റായി ഉപയോഗിക്കപ്പെടുന്നതോടെയാണ് കേന്ദ്രകഥാപാത്രങ്ങൾ ഇരകളായി മാറുന്നത്. ഈ നിയമം ദളിതർ ഇരകളാകുന്ന സാഹചര്യങ്ങൾക്കെതിരെയാണെന്ന യാഥാർത്ഥ്യം ഇവിടെ മറച്ചുവയ്ക്കപ്പെടുന്നു. അതിനെ ബാലൻസ് ചെയ്യാനായി സിനിമയിൽ ഇരകളാകുന്ന പൊലീസുകാർക്കിടയിലും ദളിത് പ്രാതിനിധ്യം കൊണ്ടുവരുന്നു.

വിനായകനെ പോലെയുള്ള ദളിത് യുവാക്കൾ ക്രൂരമായ പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട സംഭവങ്ങൾ സമീപകാലത്ത് തന്നെ സംഭവിച്ചതായിട്ടും ആ നിയമത്തെ ഒരു അനാവശ്യമായി ചിന്തിക്കാൻ സിനിമ പ്രേരിപ്പിക്കുന്നു. പട്ടിക വിഭാഗ നിരോധന നിയമത്തെക്കുറിച്ച് ഇന്നും നമ്മുടെ സമൂഹത്തിന് വ്യക്തമായ ധാരണയൊന്നുമില്ല. എന്നാൽ ചിത്രത്തിലെ ആ ദളിത് യുവാവിന് അത് വ്യക്തമായി അറിയാം. പൊലീസ് സ്റ്റേഷനിൽ അയാൾക്ക് നേരിട്ട അനുഭവം തന്നെ ഈ നിയമം ഉപയോഗിക്കാൻ മതിയായ കാരണമാണ്. എന്നാൽ അത് അംഗീകരിക്കാൻ നമ്മുടെ പൊതുബോധം തയ്യാറല്ല. അഥവാ തയ്യാറാണെങ്കിലും ഇരകളായി മാറുന്ന പൊലീസുകാരോടുള്ള സഹതാപത്തിൽ അത് മറക്കുകയും ചെയ്യുന്നു.

സിനിമയിലൂടെ പറഞ്ഞ് വയ്ക്കുന്ന രാഷ്ട്രീയം ഇത്രയുമാണ്: ദളിതർ സർക്കാരിനെ നിയന്ത്രിക്കാൻ ശക്തരാകാതെ അവരെ സൂക്ഷിക്കുക. അങ്ങനെ അവർ സർക്കാരുകളെ നിയന്ത്രിച്ചാൽ ദോഷം ദളിതർക്ക് തന്നെയാണ്. പതിറ്റാണ്ടുകളായി ദളിത് വിരോധം കൊണ്ടുനടന്ന് ദളിതരെ ചവിട്ടി താഴ്ത്തിയ സർക്കാരുകൾ ഇവിടെ വെള്ളപൂശപ്പെടുന്നു. ഇവിടുത്തെ സവർണ പൊതുബോധത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ദളിത് വിരുദ്ധത എന്ന വൈകൃതമാണ് ഇതിന് ആത്യന്തികമായ കാരണം. സംസ്‌കാര സമ്പന്നരെന്നും പുരോഗമനവാദികളെന്നും അവകാശപ്പെടുന്ന കേരളീയ സാമൂഹിക ചുറ്റുപാടുകളും ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻപൊതുബോധം.

ദളിത് പീഡനത്തെ ഒരു തെറ്റായി കണക്കാക്കത്തതാണ് കേരള പൊതുബോധമെങ്കിൽ ദളിത് പീഡനം ഒരു അവകാശമായി കൊണ്ടുനടക്കുന്ന സവർണ സമൂഹമാണ് തമിഴ്നാട്ടിലുള്ളത്. ദ്രാവിഡ സംസ്‌കാരമെന്ന് ഊറ്റംകൊള്ളുമ്പോൾ തന്നെ ആ സമൂഹം തങ്ങളിൽ പിന്നാക്കം നിൽക്കുന്നവരെയും അവരുടെ മെച്ചപ്പെട്ട ജീവിതവും അംഗീകരിക്കാൻ തയ്യാറാകുന്നില്ല. ഈ സാഹചര്യമാണ് കർണ്ണനിൽ പറയുന്നത്. 1996ലെ കൊടിയങ്കുളം കലാപമാണ് കർണ്ണന്റെ കഥാതന്തുവെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും സംവിധായകൻ ഇത് നിഷേധിച്ചിട്ടുണ്ട്. പ്രമേയപരമായി യാതൊരു ബന്ധവും ഇല്ലാതിരുന്നിട്ടും കർണ്ണനുമായി നായാട്ടിനെ ബന്ധപ്പെടുത്താനാകുന്നത് രണ്ട് സിനിമകളിലും ദളിതനെയും അവരുടെ പ്രശ്നങ്ങളെയും കൈകാര്യം ചെയ്ത രീതികൊണ്ട് മാത്രമാണ്. പ്രമേയത്തിനൊപ്പം രണ്ട് സിനിമകളും മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ പരിസരങ്ങളും പരിശോധിക്കേണ്ടതുണ്ട്.

"സാധാരണക്കാരായ മനുഷ്യർ അടിസ്ഥാന ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി പോരാടാൻ ആരംഭിച്ച കാലം' എന്ന് സൂചിപ്പിച്ച് ആരംഭിക്കുന്ന കർണ്ണൻ പൊടിയങ്കുളം എന്ന കീഴാള ഗ്രാമത്തിൽ അപസ്മാരം ബാധിച്ച് റോഡിൽ വീണ് കിടന്നിട്ടും ബസുകളോ മറ്റ് വാഹനങ്ങളോ നിർത്താത്തതിനാൽ മരണപ്പെടുന്നതോടെയാണ് കഥ പറഞ്ഞ് തുടങ്ങുന്നത്. "സൂരിയനും വെക്കമില്ലേ, ചന്ദിരനും സാക്ഷിയല്ല' എന്ന ഗോത്രഗാനത്തിലൂടെ പത്ത് വർഷങ്ങൾക്കിപ്പുറവും ഗ്രാമത്തിലെ സാഹചര്യത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് വ്യക്തമാകുന്നു. ഒപ്പം ഗ്രാമത്തിലെ കർണ്ണൻ എന്ന യുവാവ് തിരിച്ചെത്താൻ അവർ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നും. കുട്ടികൾ വിദ്യാഭ്യാസം നേടി സർക്കാർ ജോലി നേടുന്നതാണ് തങ്ങളുടെ ഉയർച്ചയ്ക്കുള്ള ഏകവഴിയെന്ന് അവർ വിശ്വസിക്കുന്നു. ആ നല്ല ഭാവി സ്വപ്നം കണ്ടാണ് അവർ ദുര്യോധനൻ, അഭിമന്യു, കർണ്ണൻ, ദ്രൗപതി തുടങ്ങിയ പേരുകൾ സ്വീകരിക്കുന്നത്. എന്നാൽ സ്‌കൂളിലോ കോളേജിലോ പോകാൻ അവർക്ക് ആ പ്രദേശത്ത് ഇപ്പോഴും ബസ് സ്റ്റോപ്പില്ല. ഗ്രാമീണർ നിരന്തരം ആവശ്യപ്പെട്ടിട്ടും സ്റ്റോപ്പില്ലാത്തിടത്ത് ബസ് നിർത്തില്ലെന്ന നിലപാടിലാണ് ബസ് ഉടമകൾ.

തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പിൽ ചെന്നാൽ അവിടുത്തെ സവർണരുടെ അവഹേളനങ്ങളും ഉപദ്രവങ്ങളുമാണ് നേരിടേണ്ടി വരുന്നതെന്നും സിനിമയുടെ തുടക്കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഒരുകാലത്ത് പൊലീസിനെ ഭയന്നിരുന്നവർ ഇപ്പോൾ ആനയ്ക്ക് ചുറ്റും തുള്ളുന്നുവെന്നും ബസ് സ്റ്റോപ്പ് പോലുമില്ലാത്ത പൊടിയങ്കുളത്തുകാർ ബസിനായി മേലൂർ എന്ന പ്രദേശത്ത് എത്തണമെന്നും പൊലീസിനെക്കൊണ്ട് തന്നെ പറയിക്കുന്നുമുണ്ട്. കോളേജിൽ പോകാൻ ബസിനായി മേലൂരിൽ എത്തിയ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിക്കുകയും അവളുടെ അച്ഛനെ മർദ്ദിക്കുകയും ചെയ്ത സവർണരെ തല്ലിച്ചതയ്ക്കുന്നതിലൂടെയാണ് പൂർവ്വികരെ പോലെ ഇനിയും സഹിക്കാനാകില്ലെന്നും തങ്ങളുടെ ജീവിതം തുടങ്ങിയതേയുള്ളൂവെന്നും കർണ്ണനെക്കൊണ്ട് പറയിക്കുന്നത്.

കർണ്ണനിലെ ഒരു രംഗം

അതേസമയം തങ്ങൾ ഊരുതെണ്ടി നടന്ന് ഒടുവിൽ കണ്ടെത്തിയ ഇടമാണ് ഇതെന്നും മേലാളന്മാരോട് പോരടിച്ച് അത് നഷ്ടപ്പെടുത്തരുതെന്നുമാണ് ഗ്രാമത്തിലെ മുതിർന്നവരുടെ നിലപാട്. ഒടുവിൽ ഒരു ഗർഭിണിക്കും ബസുകൾ നിർത്തിക്കൊടുക്കാതെ വരുമ്പോൾ ഒരു ചെറിയ കുട്ടിയെറിയുന്ന കല്ല് ഗ്രാമത്തെ കലാപകലുഷിതമാക്കുന്നു. കർണ്ണനും കൂട്ടരും ബസ് തല്ലിപ്പൊളിക്കുകയും പോലീസ് അവരെ അന്വേഷിച്ച് ഗ്രാമത്തിൽ എത്തുകയും ചെയ്യുന്നു.

ബസ് വേണ്ടെന്ന് പറയുന്നവരാണോ അതോ ബസ് വേണമെന്ന് പറയുന്നവരാണോ ഇവരെന്ന് ചോദിച്ച് ഇവരുടെ പ്രതിഷേധത്തെ തീവ്രവാദമാക്കി തീർക്കാനും ശ്രമിക്കുന്നുണ്ട്. ബസ് സ്റ്റോപ്പില്ലാത്തതിനാലാണ് ഈ പ്രശ്നങ്ങളൊക്കെയുണ്ടായത് എന്ന് മനസ്സിലാക്കുന്നതിന് പകരം ഗ്രാമീണരുടെ പേരുകളാണ് പോലീസിനെ അസ്വസ്ഥരാക്കുന്നത്. ഗ്രാമത്തലവൻ ദുര്യോധനൻ എന്നും മറ്റൊരു ഗ്രാമവാസി അഭിമന്യൂ എന്നും തങ്ങളുടെ പേരുകൾ പറയുമ്പോൾ രാജാക്കന്മാരുടെ പേരാണല്ലോയെന്ന പരിഹാസമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

പിന്നീട് ഗ്രാമത്തിലെ മുതിർന്ന പൗരന്മാരെ പോലീസ് സ്റ്റേഷനിലിട്ട് എസ്. പി. കണ്ണബിരാൻ ക്രൂരമായി മർദ്ദിക്കുമ്പോൾ സർ എന്ന് വിളിക്കുന്നതും നിങ്ങൾ എന്ന് വിളിക്കുന്നതും ഒരുപോലെ പ്രശ്നമാകുന്നു. മാടസാമിയുടെ മകന് ദുര്യോധനൻ എന്ന് പേര് വന്നതിന്റെ പേരിലാണ് പിന്നീട് മർദ്ദനം. പൊലീസിന്റെ അധികാരം മർദ്ദനത്തിലൂടെ ഇവിടെ ആ പാവപ്പെട്ട മനുഷ്യർക്ക് മേൽ അടിച്ചേൽപ്പിക്കുകയാണ്. "ഇപ്പോൾ നീയൊക്കെ പേര് മാറ്റാമെന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ നാളെ നീയൊക്കെ രാജാവാകും, നീയൊക്കെ ഏത് രാജ്യം ഭരിക്കും?' എന്ന പൊലീസുകാരന്റെ കണ്ടെത്തലിൽ ദളിതന്റെ ജീവിതം മെച്ചപ്പെടുന്നത് പൊലീസും അധികാരികളും എത്രമാത്രം ഭയപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നു. മറ്റൊരാൾ വടമലയൻ എന്ന പേര് പറയുമ്പോഴും മർദ്ദിക്കുന്നത് അവർ തന്റെ മുന്നിൽ നെഞ്ച് വിരിച്ച് മീശ പിരിച്ച് വന്ന് നിന്നത് മൂലമാണ്. ദളിതന് ഐഡന്റിറ്റിയുണ്ടാകുന്നതിലെ ഭീതിയും അതനുവദിക്കാതെ അടിച്ചമർത്താനുള്ള ശ്രമവും ഇവിടെ കാണാനാകും.

കർണ്ണന്റെ നേതൃത്വത്തിൽ ഗ്രാമവാസികൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് ഇവരെ രക്ഷപ്പെടുമ്പോഴാണ് വിപ്ലവത്തിന്റെ അടുത്തഘട്ടം ആരംഭിക്കുന്നത്. ഇതിനെതിരായി ഏത് സമയത്തും പൊലീസിന്റെ പ്രത്യാക്രമണമുണ്ടാകുമെന്നതിനാൽ ഗ്രാമീണർ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ തയ്യാറെടുക്കുന്നു. എന്നാൽ ഇവിടെയും ക്രൂരമായ ആക്രമണമാണ് പൊലീസ് അഴിച്ചുവിടുന്നത്. സവർണ വിഭാഗവും ഉന്നതാധികാരികളും ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും തലയൂരുന്നുമുണ്ട്.

കലാപത്തിനിടെ ലാൽ അവതരിപ്പിക്കുന്ന യമൻ എന്ന കഥാപാത്രം സ്വയം തീകൊളുത്തി മരിക്കുന്നു. ഒരു മരണം കൊണ്ട് ബാക്കിയുള്ളവരെയെല്ലാം മരണത്തിൽ നിന്നും രക്ഷിക്കാമെന്നാണ് ഇവിടെ പറയുന്നു. ജോലികിട്ടി പോകുന്ന കർണ്ണൻ തന്റെ യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് തിരികെയെത്തുമ്പോൾ പോലീസ് നായാട്ടിൽ തകർന്ന തന്റെ ഗ്രാമമാണ് കാണുന്നത്. കർണ്ണന്റെ പ്രത്യാക്രമണത്തിൽ എസ്. പിയെ ബന്ദിയാക്കുന്നു. അയാളെ മർദ്ദിക്കുന്നതിനിടയിൽ കർണ്ണൻ അയാളോട് പേരും അച്ഛന്റെ പേരും ചോദിക്കുന്നു. അയാളുടെ മറുപടിക്ക് "കണ്ണയ്യയുടെ മകന് കണ്ണബിരാൻ എന്ന് പേരിടാമെങ്കിൽ മാടസാമിയുടെ മകന് കർണ്ണനെന്നും പേര് വയ്ക്കാനാകില്ലേ' എന്നാണ് കർണ്ണന്റെ പ്രതികരണം.

നിങ്ങൾക്ക് ഞങ്ങളുടെ പ്രശ്നങ്ങളെന്താണെന്ന് കേൾക്കുകയും അറിയുകയും വേണ്ട, ഞങ്ങൾ നിങ്ങളുടെ മുന്നിൽ എങ്ങനെ വന്ന് നിൽക്കുന്നുവെന്നും എങ്ങനെ സംസാരിക്കുന്നുവെന്നതുമാണ് നിങ്ങളുടെ പ്രശ്നമെന്നും കർണ്ണൻ ചൂണ്ടിക്കാട്ടുന്നു. തങ്ങൾക്കും ആത്മാഭിമാനമുണ്ടെന്നത് അവൻ സിനിമയുടെ തുടക്കത്തിൽ വ്യക്തമാക്കുന്നുണ്ട്. കർണ്ണന്റെയും ഗ്രാമീണരുടെയും സമരം ഫലം ചെയ്യുകയും നാട്ടിൽ ബസ് സ്റ്റോപ്പ് അനുവദിക്കുകയും അവിടുത്തെ കുട്ടികൾ വിദ്യാഭ്യാസം നേടുകയും ചെയ്യുന്നുവെന്നിയിടത്താണ് സിനിമ അവസാനിക്കുന്നത്.

രജിഷ വിജയനും ഗൗരി കൃഷ്ണയ്ക്കുമൊപ്പം സംവിധായകൻ മാരി സെൽവരാജ് കർണ്ണൻ ലൊക്കേഷനിൽ

ആദ്യമേ പറഞ്ഞതുപോലെ പ്രമേയമത്തിൽ രണ്ട് സിനിമകൾക്കും യാതൊരു ബന്ധവുമില്ല. എന്നാൽ മലയാളത്തിൽ ദളിതനെ അവതരിപ്പിച്ചപ്പോൾ അവൻ പ്രശ്നക്കാരനും നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നവനുമാണ്. പൊലീസ് സ്റ്റേഷന്റെ മതിലിൽ മുറുക്കിത്തുപ്പുന്ന, മാന്യതയില്ലാതെ പെരുമാറുന്ന, പൊലീസുമായി വഴക്കടിക്കുന്ന അഹങ്കാരികളും സ്ത്രീകൾക്ക് ശല്യമാകുന്നവരുമായ ആളുകളായാണ് ദളിതനെ ഇവിടെ അടയാളപ്പെടുത്തുന്നത്.

തമിഴിൽ അവതരിപ്പിക്കുമ്പോൾ അവൻ ആത്മാഭിമാനമുള്ളവനും തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി അടിയുറച്ച് നിൽക്കുന്നവനുമാണ്. കർണ്ണനും കൂട്ടുകാരും പോലീസ് സ്റ്റേഷനിൽ ഇരച്ചുകയറുമ്പോൾ അത് കേവലമൊരു അക്രമവും അതിരുകടന്ന പ്രവർത്തിയുമായി തോന്നാതെ ഒരു പ്രതിരോധമായാണ് നമുക്ക് അനുഭവപ്പെടുന്നത്. കർണ്ണനിലെ രംഗം കാണുമ്പോൾ കയ്യടിക്കാനും നായാട്ടിലെ രംഗത്തിൽ അത് ചെയ്യുന്ന ആളുകളുടെ കരണത്തടിക്കാനും തോന്നുന്നുണ്ടെങ്കിൽ അത് തന്നെയാണ് ഈ രണ്ട് സിനിമകളും പ്രേക്ഷകനോട് പറയുന്ന കാര്യങ്ങൾ തമ്മിലുള്ള വ്യത്യാസം.

എന്നിരുന്നാലും രണ്ട് സിനിമകളും തുറന്നുകാട്ടുന്നത് ദളിത് ഭീതി തന്നെയാണെന്ന് കണ്ടെത്താനാകും. ദളിതനും അവന്റെ വോട്ടും രാഷ്ട്രീയക്കസേരയുടെ ഭാവി നിർണയിക്കാൻ പ്രാപ്തമാകുന്നതും അവരുടെ സമരങ്ങൾ സർക്കാരിനെയും പൊലീസിനെയും വിറപ്പിക്കുന്നതുമാണ് രണ്ട് സിനിമകളിലും രണ്ട് രീതിയിൽ പറഞ്ഞുവയ്ക്കുന്നത്. ദളിതനെ ഇനിയും അടിച്ചമർത്താൻ ശ്രമിച്ചാൽ അവൻ പ്രതികരിക്കുമെന്ന് കർണ്ണൻ മുന്നറിയിപ്പ് നൽകുമ്പോൾ നായാട്ട് പ്രേക്ഷകർക്ക് നൽകുന്നത് ഭയത്തിൽ അടിസ്ഥിതമായ ഒരു ദളിത് വിരുദ്ധ താക്കീതാണെന്ന് സംശയിക്കുന്നതിൽ തെറ്റില്ല.

Comments