വിശുദ്ധ ഏകാന്തതയിൽ വിരിയുന്ന വാക്കുകൾ

1950 കളിൽ കാവ്യ ലോകത്ത് സജീവമായിരുന്ന ഒരു കവി പത്തു വർഷത്തിനു ശേഷം പൂർണ്ണമായും നിശ്ശബ്ദതയിലേക്ക് പോവുന്നു. കാൽ നൂറ്റാണ്ടിനു ശേഷം അവർ വീണ്ടും മുഖ്യധാരാ സാഹിത്യമണ്ഡലത്തിലേക്ക് തിരിച്ചെത്തുന്നു. പുതിയതായി എഴുതിക്കൊണ്ടല്ല; മറിച്ച് മുൻപെഴുതിയ രചനകളുടെ മാത്രം പിൻബലത്തോടെ. കവി പോലും ആഗ്രഹിക്കാതെയാണ് ഈ പുനർവായന സംഭവിച്ചത്. പറഞ്ഞു വരുന്നത് ക്യൂബൻ കവി ദുൽസേ മരിയ ലോയ്‌നസിനെപ്പറ്റിയാണ്.

ദുൽസേ മരിയ ലോയ്‌നസ്

'ലോകത്ത് പലതരം ചിറകുകളോടുകൂടിയ ജീവികളുണ്ടെങ്കിലും ദൈവം അതിന്റെ പ്രിയപ്പെട്ട പുത്രന് ചിറകുകളൊന്നും കൊടുത്തില്ലല്ലോ എന്ന് ഞാനോലിചിക്കാറുണ്ട്. അവന് ഒരു കാലുയർത്തണമെങ്കിൽ മറ്റേക്കാൽ ഭൂമിയിലുറപ്പിച്ചു നിർത്തണമല്ലോ.'

മനുഷ്യാവസ്ഥയുടെ പരിമിതികളെപ്പറ്റിയുള്ള ചിന്തകളാണ് കവിതയായി വാക്കുകളിൽ അഭയം തേടുന്നത്. കവിതയും ഏകാന്തതയും തമ്മിലുള്ള അടുപ്പത്തിന്റെ മാറ്റുരച്ചു നോക്കുന്ന ഒരു ജീവിതമായിരുന്നു ലോയ്‌നസിന്റെത്. അതുകൊണ്ടു തന്നെയാണ് അവർ കവിതയുടെ മുഖ്യധാരാ വർത്തമാനങ്ങളിൽ നിന്ന് മറഞ്ഞു പോയത്. അങ്ങനെയൊരാൾ ജീവിച്ചിരിക്കുന്നു എന്നു പോലും

ക്യൂബയിലും സ്‌പെയിനിലുമുള്ളവർ മറന്നു പോയിരുന്നു. പതിറ്റാണ്ടുകൾക്കു ശേഷം അസാധാരണമായ ഒരു തിരിച്ചുവരവാണ് അവരുടെ സാഹിത്യ ജീവിതത്തിനുണ്ടായത്.

Absolute Solitude/ Selected Poems/ Dulce Maria Loynaz/ Archipelago Books

1992-ൽ സ്പാനിഷിലെ അതി പ്രശസ്തമായ സെർവാന്റസ് സാഹിത്യപുരസ്‌കാരം തേടിയെത്തുമ്പോൾ ലോയ്‌നസിന് 90 വയസ്സായിരുന്നു. 1950 കളിൽ സ്‌പെയിനിൽ പ്രസിദ്ധീകരിച്ച കവിതകളാണ് അവരെ ഈ അംഗീകാരത്തിന് അർഹമാക്കിയത്. എഴുത്തിനും അംഗീകാരത്തിനുമിടയിൽ കാലത്തിന്റെ അമാന്തങ്ങൾ വന്നു പെട്ടിട്ടുണ്ടെങ്കിൽ അതിലും ഏകാന്തതയുടെ കരസ്പർശം ആരോപിക്കാവുന്നതാണ്. കൂട്ടത്തിൽ രാഷ്ട്രീയത്തിന്റെ ചില നിശ്ചയങ്ങളും വന്നു പെട്ടു. 1997-ൽ അന്തരിച്ച ലോയ്‌നസിന്റെ ആദ്യകാല ഗദ്യകവിതകളുടെ സമാഹാരമാണ് 'Absolute Solitude'. 1953-ൽ പ്രസിദ്ധീകരിച്ച 'Poems Without Names ' എന്ന സമാഹാരത്തിൽ നിന്നും പിന്നീടു പുറത്തു വന്ന 'Autumn Melancholy ' എന്ന കൃതിയിൽ നിന്നും തിരഞ്ഞെടുത്ത ഗദ്യ കാവ്യങ്ങളാണ് ഈ പുസ്തകത്തിൽ ചേർത്തിട്ടുള്ളത്. അമേരിക്കൻ കവിയും നാടകകൃത്തുമായ ജെയിംസ് ഒ' കോണോറാണ് സ്പാനിഷ് ഭാഷയിൽ നിന്നും ഈ കവിതകൾ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ശീർഷകമില്ലാത്ത ഈ ചെറുകാവ്യശകലങ്ങൾ കാവ്യാസ്വാദകന്റെ ചിന്താലോകത്തെ വികസിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നവയാണ്. പേജിന്റെ ഒരു ഭാഗത്ത് സ്പാനിഷിലും മറുഭാഗത്ത് ഇംഗ്ലീഷിലും എന്ന രീതിയിലാണ് കവിതകൾ ഈ പുസ്തകത്തിൽ സംവിധാനം ചെയ്തിട്ടുള്ളത്. വിസ്മൃതിയിലാണ്ടു പോവുമായിരുന്ന ആ കാവ്യ പ്രതിഭയെ ലോക വായനയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് ഈ പ്രസാധനം വഴിയൊരുക്കും. ന്യൂയോർക്കിലെ Archipelago ബുക്‌സാണ് ഇതിന്റെ പ്രസാധകർ.

' Solitude ! Ever dreamed of solitude ! I love you so much I sometimes fear God will punish me one day by filling my life with you.' ഈ ലോകം തനിക്ക് പലതും സമ്മാനിച്ചു. എന്നാൽ അവയിൽ ഏറ്റവും സൂക്ഷ്മതയോടെ, ഒരിക്കലും കൈവിടാതെ ഞാൻ സൂക്ഷിക്കുന്നത് ഏകാന്തതയെയാണ് എന്ന് പ്രഖ്യാപിച്ച ഈ കവി ജീവിതത്തിലും മിക്കപ്പോഴും ഏകാന്തവാസത്തിലായിരുന്നു. ('The world gave me many things, but the only thing I ever kept was absolute solitude'). വാക്കുകൾക്കും ആശയങ്ങൾക്കുമിടയിൽ നിന്ന് അവർ ഏകാന്തതയെ കണ്ടെത്തുന്നു. അതിന്റെ സൗന്ദര്യം നിശ്ശബ്ദ സ്വരങ്ങളായി ഈ കവിതകളിൽ നിറയുന്നു. സ്വയം നിർമ്മിച്ചെടുത്ത ആന്തരിക ഭ്രഷ്ടിനെ വാക്കുകളിലൂടെ അറിഞ്ഞോ അറിയാതെയോ അവർ പുറത്തെടുക്കുകയാണ്. വായനക്കാരുടെ മനസ്സിൽ ആ ചെറിയ വരികൾ വലിയൊരു ലോകം തന്നെ സൃഷ്ടിക്കുന്നു.'I cast my word on the wind so everyone might see it, feel it, squeeze it, or squander it'

ഈ ലോകം തനിക്ക് പലതും സമ്മാനിച്ചു. എന്നാൽ അവയിൽ ഏറ്റവും സൂക്ഷ്മതയോടെ, ഒരിക്കലും കൈവിടാതെ ഞാൻ സൂക്ഷിക്കുന്നത് ഏകാന്തതയെയാണ് എന്ന് പ്രഖ്യാപിച്ച ഈ കവി ജീവിതത്തിലും മിക്കപ്പോഴും ഏകാന്തവാസത്തിലായിരുന്നു

ഇരുളും വെളിച്ചവും നിറഞ്ഞ ഒരു ലോകം ആ വരികളിലൂടെ നിറഞ്ഞൊഴുകുന്നു. അതിനൊരു ദാർശനിക മുഖമുണ്ട്. അത് പ്രകൃതിയോട് ഇണങ്ങി ചേർന്നു നിൽക്കുന്നു. ലൗകിക ലോകത്തിന്റെ മുദ്രകളൊന്നും അവയിൽ നമുക്ക് കാണാനൊക്കുകയുമില്ല. അസ്വസ്ഥമായ ഒരു മനസ്സും ആ വരികളിൽ നിന്നും വായിച്ചെടുക്കാനാവും. ഒരു വേള അസ്തിത്വ വേദനയുടെ ഒരു തലം ലോയ്‌നസയുടെ കാവ്യങ്ങളിൽ സൂക്ഷ്മവായനക്കാർ ആരോപിച്ചെന്നു വരാം. അത് പൂർണ്ണമായും അസ്ഥാനത്തല്ല എന്നാണ് ഞാനും കരുതുന്നത്.

' My poetry suffers whenever I write it down, whenever I give it body, whenever I try to make it serve me.

I have to wrestle with it constantly, like Jacob with his angel. Sometimes I overpower it, but other times it knocks me down with a single twitch of its wings.'

ലോയ്‌നസയുടെ ആത്മീയ മനസ്സും ചില വരികളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. ഒരു ക്രിസ്ത്യൻ ബന്ധം അപൂർവ്വം ചില കവിതകളിൽ കാണാനുണ്ട്. എന്നാൽ എല്ലാറ്റിനുമുപരിയായ പ്രകൃതി സ്‌നേഹം ഇവയിൽ നിറഞ്ഞു നിൽക്കുന്നു. അതാകട്ടെ ആവർത്തിക്കപ്പെടുന്ന ചില വാക്കുകളിലൂടെയാണ് പ്രകാശിതമാവുന്നത്. അതുപോലെ പൈതൃകങ്ങളെയും അവർ ഉൾക്കൊള്ളുന്നുണ്ട്. ' Wise men gave a name to my valleys, measurements to my dreams and solitudes to my solitude'. ഫെമിനിസത്തോട് ചേർന്നു നിൽക്കാൻ വെമ്പുന്ന ഒരു കവിഹൃദയമായിരുന്നു ലോയ്‌നസിന്റേത്. എന്റെ മുന്നിൽ മുഴുവൻ ലോകവും ശൂന്യമായിരിക്കുന്നു. എന്നെ കൂടെ കൂട്ടാൻ മറന്നു പോയ പുരുഷന്മാരാൽ എന്നും അവർ പറഞ്ഞു വെക്കുന്നു. വാക്കിന്റെ ശക്തിയാണ് ഈ കവിതകൾ വിളംബരം ചെയ്യുന്നത്. മിക്കപ്പോഴും ഒരു വരിയിൽ ഒരു കവിത സമ്പൂർണ്ണമാകുന്നു. ഒരിക്കലും അത് പത്തുവരിയിൽ കവിയുന്നുമില്ല. ഒരു പക്ഷേ, ഇംഗ്ലീഷ് പരിഭാഷകൾ വൈകിയതിനു പിന്നിലും ഈ ഗൂഢാർത്ഥങ്ങളെ ഗർഭം ധരിച്ച വാക്കുകൾ മുന്നോട്ടുവെച്ച പ്രതിസന്ധിയുണ്ടാവും (ഈ ലേഖനത്തിലും കവിതകൾ ഇംഗ്ലീഷിൽ തന്നെ കൊടുക്കുവാൻ തീരുമാനിച്ചതിന് പിന്നിലും അതേ കാരണമാണ്). കവികളുടെ ശക്തിയെ ഉയർത്തി കാണിക്കുന്ന വരികളും ഈ സമാഹാരത്തിലുണ്ട്.' If man lost the birds of the sky, the poet's would invent new birds... എന്നാണ് ഒരു കവിതയിൽ അവർ പറയുന്നത്.

എന്റെ മുന്നിൽ മുഴുവൻ ലോകവും ശൂന്യമായിരിക്കുന്നു. എന്നെ കൂടെ കൂട്ടാൻ മറന്നു പോയ പുരുഷന്മാരാൽ എന്നും അവർ പറഞ്ഞു വെക്കുന്നു.

കാസ്‌ട്രോയുടെ ക്യൂബ ഈ പ്രതിഭയെ അവഗണിച്ചുവോ അതോ ലോയ്‌നസ് കാസ്‌ട്രോയുടെ ക്യൂബയെ ഉപേക്ഷിച്ചുവോ എന്ന ചോദ്യം പലേടത്തും ഉന്നയിക്കപ്പെട്ടു കാണുന്നുണ്ട്. കാസ്‌ട്രോയുടെ കമ്യൂണിസ്റ്റു ഭരണം നിലവിൽ വരുന്നതിനു മുമ്പുതന്നെ അവർ കവിയെന്ന നിലയിൽ യൂറോപ്പിലാകെ പ്രശസ്തയായിക്കഴിഞ്ഞിരുന്നു. സാഹിത്യ പ്രഭാഷണങ്ങൾക്കായി നിരന്തരം മറ്റുരാജ്യങ്ങളിൽ സഞ്ചരിച്ചിരുന്നു. 1938 ൽ അവരുടെ കവിതാ സമാഹാരവും ക്യൂബയിൽ പുറത്തു വന്നിരുന്നു. 1950-ൽ സ്പാനിഷിൽ അവരെഴുതിയ ഏക നോവലായ Jardin പ്രസിദ്ധപ്പെടുത്തി. മാജിക്കൽ റിയലിസത്തിന്റെ ആദ്യകാല വേരുകൾ ജാർദിനിൽ പിന്നീട് പലരും കണ്ടെത്തിയിട്ടുണ്ട്.

Jardin

സ്പാനിഷ് കവി ലോർകയും ചിലിയൻ കവി ഗബ്രിയേല മിസ്ട്രലും ക്യൂബൻ എഴുത്തുകാരനായ കാർപ്പന്റിയറും ഒക്കെ ദുൽസേ മരിയ ലോയ്‌നസിന്റെ പരിചയക്കാരായിരുന്നു. കാസ്‌ട്രോ അധികാരമേറ്റതോടെ അവർ നിശ്ശബ്ദയായി. പിന്നീടവർ ക്യൂബയിൽ പുസ്തകങ്ങളൊന്നും പ്രസിദ്ധീകരിച്ചില്ല. എന്നാൽ ക്യൂബ വിട്ടു പോവാൻ അവർ തയ്യാറായതുമില്ല. അവർക്ക് രാജ്യത്തോട് അത്ര മാത്രം ഇഷ്ടമായിരുന്നു. എന്നാൽ സ്വന്തം വീടിന്റെ മുന്നിൽ നടക്കുന്ന മാറ്റങ്ങളെ അവർ പാടേ അവഗണിച്ചു. വിപ്ലവത്തിന്റെ മുഖം അവരെ ഒട്ടും ആകർഷിച്ചില്ല. അതിനെ അനുകൂലിച്ചോ എതിർത്തോ ഒരു നിലപാടും അവർ കൈക്കൊണ്ടില്ല. കമ്യൂണിസ്റ്റു പാർട്ടിയുടെ ഭാഗമാവാൻ അവർ തയ്യാറായതുമില്ല. എഴുത്ത് എന്നന്നേക്കുമായി ഉപേക്ഷിക്കുകയാണെന്നും എന്നാൽ നാട് വിടില്ലെന്നും അവർ പ്രഖ്യാപിച്ചു. തന്റെ കാവ്യബോധം മാർക്‌സിസ്റ്റ് സൗന്ദര്യ ശാസ്ത്രവുമായി ചേർന്നു പോവുന്ന ഒന്നല്ലെന്നും അവർ വിശ്വസിച്ചു. എന്റെ രാജ്യം എന്നെ രണ്ടു പതിറ്റാണ്ടിലേറെ നിശ്ശബ്ദയാക്കിക്കളഞ്ഞു എന്നവർ ഒരു സുഹൃത്തിനയച്ച കത്തിൽ പരാമർശിക്കുന്നുണ്ട്. വിപ്ലവം ആവശ്യപ്പെട്ട നിശ്ശബ്ദത അവർ സ്വയം തിരഞ്ഞെടുക്കുകയാണെന്ന വാദവും ക്യൂബൻ സാഹിത്യ മണ്ഡലത്തിൽ പ്രചാരത്തിലുണ്ട്. എന്തായാലും ക്യൂബൻ വിപ്ലവം അവരുടെ സാഹിത്യ ജീവിതത്തിന് അർദ്ധവിരാമമിട്ടു എന്നത് അവിതർക്കിതമായ വസ്തുതയാണ്.

ദുൽസേ മരിയ ലോയ്‌നസ്

ഏതായാലും വർഷങ്ങൾക്കു ശേഷം ക്യൂബ അവരെ മെല്ലെ മെല്ലെ അംഗീകരിച്ചുതുടങ്ങി .1984 ൽ അവരുടെ ഒരു കവിതാ സമാഹാരം ക്യൂബയിൽ പ്രസിദ്ധീകരിച്ചു. 1987 ൽ സാഹിത്യത്തിനുള്ള ക്യൂബൻ ദേശീയ പുരസ്‌കാരവും അവരെ തേടിയെത്തി. 80 കളിലെ പുതിയ യുവതലമുറ ദുൽസേ മരിയ ലോയ്‌നസെന്ന കവിയെ തിരിച്ചറിഞ്ഞു. അതോടെ അവരുടെ വീട്ടിൽ സന്ദർശകർ നിറഞ്ഞു തുടങ്ങി. വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാൽ ക്യൂബയിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും അവിടെ ഒത്തുകൂടി. അപ്പോഴേക്കും വാർദ്ധക്യം അവരെ അവശയാക്കിയിരുന്നു. 1992 ലെ സെർവന്റ്‌സ് പുരസ്‌കാരലബ്ധിയോടെ യൂറോപ്പിലാകെ വീണ്ടും ലോയ്‌നസിന്റെ കവിതകൾ തരംഗമായി. അതോടെയാണ് ഇംഗ്ലീഷ് പരിഭാഷകൾക്കും അവസരമൊരുങ്ങിയത്. 1997 ഏപ്രിൽ 27 ന് അവർ എന്നന്നേക്കുമായി നിശ്ശബ്ദയായി. അവർ തന്നെ പറഞ്ഞതുപോലെ അവരൊരിക്കലും വർത്തമാനകാലത്തിൽ ജീവിച്ചിട്ടില്ല. അതിനവർക്ക് സാധിച്ചിട്ടില്ല. ഭൂതകാലത്തിലെ രചനകളുടെ മഹത്വം അവരെ ഭാവിയുടെ കലവറയിൽ സജീവമായി നിലനിർത്തും എന്ന് ജീവിതാവസാനകാലത്ത് അവരും തിരിച്ചറിഞ്ഞിട്ടുണ്ട്.

വൈകാരികതീവ്രതയാർന്ന ഒരാത്മബോധം അവരുടെ രചനകളെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. ജിവിതവും മരണവും തമ്മിലുള്ള ഇടപെടലുകളെയാണ് അവർ നോക്കിക്കാണാൻ ശ്രമിച്ചത്. അതുകൊണ്ടുതന്നെ ആ വരികൾക്ക് ആത്മനിവേദനത്തിന്റെ ഒരു സ്വഭാവം കാണാനുണ്ട്. ഏകാന്തതയിലേക്ക് സ്വയം മറഞ്ഞുകൊണ്ട് അതിനെപ്പറ്റി വിലപിക്കുന്ന ഒരു കവിയായിരുന്നു ലോയ്‌നസ്. ' നീണ്ട നിശ്ശബ്ദതയ്ക്കു ശേഷം നിങ്ങളെന്നിലേക്ക് തിരിച്ചെത്തി. മരണത്തെ കീഴടക്കിയ ആ വാക്ക്, സ്വയം സംരക്ഷിക്കുവാൻ കഴിവുള്ള ആ വാക്ക് മാത്രം നിങ്ങളുടെ ചുണ്ടിലുണ്ട്. ഈ ലോകത്തെ മധുരതരമാക്കാൻ ആ വാക്ക് മതി . നിങ്ങൾക്കു ചുറ്റും വലയം സൃഷ്ടിക്കാൻ, നിങ്ങളെ രക്ഷിക്കാൻ അതുമതി.'

മരണത്തെ തോൽപ്പിക്കാൻ കഴിയുന്ന വരികൾ കുറിച്ചു കൊണ്ട് അവർ ഭാവിയിലേക്ക് വേണ്ടി കവിതകളെ നിർമ്മിച്ചു. ' ഇരുട്ടിൽ മറഞ്ഞിരിക്കുന്ന എന്റെ പാതിയെ ഈ ഭൂമിയിൽ ആരും ഒരിക്കലും കാണില്ല; അതെന്റെ തെറ്റുമല്ല.'

ഈ കവിയുടെ വരികൾ ലോകം വീണ്ടും വീണ്ടും വായിക്കും എന്നതിന് സംശയമില്ല. അതിനു തുടക്കമിടുന്ന സമാഹാരമാണ് 'Absolute Solitude '. നമ്മുടെ സ്വപ്നങ്ങളെ പോലെ കരുത്തും സൗന്ദര്യവും ഇവയിലെ ഓരോ വരികളിലും നിറഞ്ഞു നിൽക്കുന്നു. സർഗ്ഗാത്മകതയുടെ സ്വപ്ന സമാനമായ അഭൗമ സൗന്ദര്യം അവയുടെ കരുത്തായി നിലകൊള്ളുന്നു.

' The dream spoke and said, I am beyond death because I have yet to be born, and though I remain unborn, I am already stronger than death.'

Comments