ഹാന്‍സ് മാഗ്നസ് എന്‍സെന്‍സ്ബര്‍ഗര്‍,
ചിന്തയിലെ തെളിച്ചം
ഹാന്‍സ് മാഗ്നസ് എന്‍സെന്‍സ്ബര്‍ഗര്‍, ചിന്തയിലെ തെളിച്ചം
അത്രയൊന്നും രസിച്ചല്ല എന്‍സെന്‍ബെര്‍ഗറിന്റെ രചനകള്‍ ഞാന്‍ വായിച്ചത്. എന്നാല്‍ ആ എഴുത്തുലോകത്തേക്ക് വീണ്ടും വീണ്ടും കടന്നുപോകാന്‍ എനിക്ക് ആഗ്രഹമുണ്ട്. അവിടെ എന്തോ ചില പുതിയ കാര്യങ്ങള്‍ എന്നെ കാത്തിരിപ്പുണ്ട്. അവയില്‍ ഒരു പുതിയ ലോക വീക്ഷണം ഒളിഞ്ഞിരിപ്പുണ്ട്. അറിവിന്റെ മാസ്മരികത അറിയുന്ന ഒരാളാണ് ഹാന്‍സ് മാഗ്നസ് എന്‍സെന്‍സ്ബര്‍ഗര്‍. ചിന്തയുടെ ലോകത്ത് ഏകാകിയായി അലയാന്‍ അയാള്‍ പ്രേരിപ്പിക്കുന്നു. അങ്ങനെയൊരാളാണ് വിട പറഞ്ഞിരിക്കുന്നത്.
27 Nov 2022, 09:58 AM
ഹാന്‍സ് മാഗ്നസ് എന്‍സെന്‍സ്ബര്‍ഗര്‍ യൂറോപ്പിനു പുറത്ത് അത്രയൊന്നും അറിയപ്പെടുന്ന ആളല്ല. കവിയും നോവലിസ്റ്റും ചിന്തകനും ഒക്കെ ആയ ഈ ജര്‍മ്മന്‍കാരന്‍ അറിയപ്പെടുവാനൊന്നും അഗ്രഹിച്ചിരുന്നില്ല എന്നതും ശരിയാണ്. എന്നാല്‍ യൂറോപ്പിലെ പ്രധാനിയാണ് ഈ മനുഷ്യന്‍. എന്‍സെന്‍സ്ബര്‍ഗര്‍ കഴിഞ്ഞ ദിവസം മ്യൂണിക്കില്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. രണ്ടാംലോകയുദ്ധാനന്തരം ജര്‍മ്മനിയില്‍ വളര്‍ന്നു വന്ന വലിയൊരു സാംസ്‌കാരിക പ്രതിഭാസമായാണ് ഇദ്ദേഹം കരുതപ്പെടുന്നത്. വേറിട്ട ചിന്തയിലൂടെയും വ്യത്യസ്തമായ രചനകളിലൂടെയും യൂറോപ്പിനെ വലിയ രീതിയില്‍ സ്വാധീനിച്ച ബുദ്ധിജീവി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഞാനദ്ദേഹത്തെ വായിച്ചു തുടങ്ങിയത്. എന്‍സെന്‍സ്ബര്‍ഗര്‍ എഴുതിയ "Is Science A Secular Religion ?' എന്ന ലേഖനത്തിലെ വാദമുഖങ്ങളാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. ഇതിലെ പല ആശയങ്ങളോടും യോജിക്കുക പ്രയാസം. എന്നാല്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ കയ്യില്‍ കിട്ടിയാല്‍ വായിക്കാതിരിക്കുക എന്നത് അതിലേറെ പ്രയാസം. ആ ലേഖനത്തിലെ പ്രധാന വാദങ്ങള്‍ ഞാനൊന്ന് ചുരുക്കിയെഴുതാം. തീര്‍ച്ചയായും അത് അദ്ദേഹത്തിന്റെ ചിന്താലോകത്തെ മനസ്സിലാക്കാന്‍ വഴിയൊരുക്കും.
സത്യത്തിന്റെ മേലുള്ള പരമാധികാരം ആര്‍ക്കാണ് എന്ന ആ പഴയ ചോദ്യത്തിന് ഇപ്പോഴും തീര്‍പ്പായിട്ടില്ല. ശാസ്ത്രവും മതവും ഇതിനായുള്ള അവകാശവാദത്തില്‍ പിടിമുറുക്കി യാത്ര തുടരുകയാണ്. എന്തുകൊണ്ടാണ് ഇതിങ്ങനെ തുടരുന്നത്? ശാസ്ത്രത്തിന്റെയും മതത്തിന്റെയും ആഭ്യന്തര ഘടനയില്‍ സമാനതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ശാസ്ത്രത്തിന്റെ "പ്രവാചകന്മാരില്‍ ' പലരും മതത്തിന്റെ സ്വാധീനവലയത്തില്‍ നിന്നും മോചനം നേടാത്തവരാണ്. അവരില്‍ ചിലരൊക്കെ മതങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവര്‍ കൂടിയാണ്. ഐസക് ന്യൂട്ടണ്‍ മത പഠനത്തിനായി ചിലവഴിച്ചത് പതിറ്റാണ്ടുകളാണ്. ലിയോണ്‍ഹാര്‍ഡ് ഒയുലര്‍ എന്ന സ്വിസ്സ് ഗണിത - ഭൗതികശാസ്ത്രജ്ഞനാണ് സ്വതന്ത്ര ചിന്തകരുടെ അക്രമത്തില്‍ നിന്ന് പതിനെട്ടാം നൂറ്റാണ്ടില്‍ ബൈബിളിനെ പ്രതിരോധിച്ചത്. ജനിതകശാസ്ത്രത്തിന് അടിത്തറയിട്ട ഗ്രിഗറി മെന്‍ഡല്‍ ഒരു അഗസ്റ്റീനിയന്‍ സന്യാസിയായിരുന്നു. സെറ്റ് തിയറി കണ്ടെത്തിയ ജോര്‍ജ് കാന്റര്‍ പറഞ്ഞത് അത് ദൈവമാണ് അയാള്‍ക്ക് പറഞ്ഞു കൊടുത്തത് എന്നാണ്. മാക്‌സ് പ്ലാങ്ക് എപ്പോഴും മതപരമായി ചിന്തിച്ചയാളായിരുന്നു. ആധുനിക കാലത്തെ ഗണിത ശാസ്ത്ര-താര്‍ക്കികന്‍ കര്‍ട്ട് ഗോദല്‍ ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാനായാണ് അദ്ദേഹത്തിന്റെ ജീവിതാവസാനം വിനിയോഗിച്ചത്. മതവും ശാസ്ത്രവും തമ്മിലുള്ള ബൗദ്ധിക അതിര്‍വരമ്പുകള്‍ മധ്യകാലത്തോടെ അവസാനിച്ചില്ല. പഴയ തര്‍ക്കങ്ങള്‍ വീണ്ടും രംഗത്തേക്ക് വന്നിരിക്കുന്നു. റിച്ചാര്‍ഡ് ഡോക്കിന്‍സും സാം ഹാരിസ്സും കൃസ്‌റ്റഫര്‍ ഹിച്ചന്‍സുമൊക്കെ നേരിടുന്നത് പഴയ തര്‍ക്കങ്ങളെ തന്നെയാണ്. ചില കാര്യങ്ങള്‍ക്ക് ഉത്തരം കിട്ടുകയില്ല. അതിനാല്‍ അവയ്ക്കു വേണ്ടി സമയം കളയേണ്ടതില്ല എന്നും ശാസ്ത്രം മതത്തിനു പകരമാവില്ല എന്നും അതുപോലെ മതം ശാസ്ത്രത്തിനു പകരമാവില്ല എന്നും തിരിച്ചറിയുകയാണ് വേണ്ടത്.
ഏറെ കൗതുകം നിറഞ്ഞവയാണ് എന്‍സെന്‍സ്‌ബെര്‍ഗറിന്റെ വാദങ്ങള്‍. വേറിട്ട ധാരാളം അറിവുകളും അവയുടെ വിശകലനങ്ങളും ചുരുങ്ങിയ വാക്കുകളില്‍ ലേഖനങ്ങളില്‍ നിറച്ചു വെക്കുന്ന ഒരു രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. അത്തരത്തിലുള്ള 20 ലേഖനങ്ങളുടെ സമാഹാരമാണ് "Panopticon'. അതിലെ ഒരു ലേഖനമാണ് "Is Science A Secular Religion ?'( Panopticon - Twenty Ten -Minute Essays - Hans Magnus Enzenberger - Seagull Books). രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം, മതം, ശാസ്ത്രം, സമൂഹ്യ ചിന്ത, ദര്‍ശനം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഈ പുസ്തകത്തിന്റെ പേര് എന്തിനെയാണ് സൂചിപ്പിക്കുന്നത് ? ഗ്രന്ഥകാരന്‍ തന്നെ അത് വിശദീകരിക്കുന്നുണ്ട്.
ആരാധന തോന്നിപ്പിക്കും, സംഭ്രമിപ്പിക്കും, കൂട്ടത്തില്‍ ചെറുതായി പീഡിപ്പിക്കും - ഇങ്ങനെയുള്ളവയെയാണ് "പാനോപ്റ്റികോണ്‍' എന്ന് വിശേഷിപ്പിക്കുന്നത്. ഇതു തന്നെയാണ് എന്‍സെന്‍സ്ബര്‍ഗറിന്റെ ലേഖനങ്ങള്‍ വായിക്കുമ്പോള്‍ നമുക്കുണ്ടാവുന്ന തോന്നലുകള്‍. ആ എഴുത്തിനോട് വല്ലാത്തൊരു ആരാധന വായനക്കാര്‍ക്ക് തോന്നും. പല ഭാഗങ്ങളും ഞെട്ടലുണ്ടാക്കും. വായിച്ചു മുന്നേറുമ്പോള്‍ വാദങ്ങളെ അദ്ദേഹം തലകീഴായി നിര്‍ത്തി വായനക്കാരെ പീഡിപ്പിക്കും. വിഷയങ്ങളെക്കാള്‍ ആ രീതിയാണ് ശ്രദ്ധ നേടുക. ഗൗരവമായ പ്രശ്‌നങ്ങളെ ലളിതമായി പുതിയ കാഴ്ചപ്പാടിലൂടെ മുന്നോട്ട് വെക്കുകയാണ് ലേഖകന്‍. പലപ്പോഴും വായനക്കാരെ അപ്രതീക്ഷിത തലങ്ങളില്‍ കൊണ്ടെത്തിച്ച് എന്‍സെന്‍ബര്‍ഗര്‍ മുങ്ങിക്കളയും. അവിടെ വായനക്കാരന്‍ ഏകാകിയായിമാറുന്നു. പീഡകനായ എഴുത്തുകാരന്‍ മുന്നിലേക്കെത്തിച്ച വിഷയത്തിന്റെ മുന്നില്‍ അയാള്‍ ഒറ്റപ്പെടുന്നു. വലിയ കാര്യങ്ങളെപ്പറ്റിയുള്ള ഇത്തരം ചെറിയ സംഭാഷണങ്ങള്‍ വലിയ ആലോചനകളിലേക്ക് നയിക്കും. പലപ്പോഴും ലേഖനത്തിന്റെ വിഷയം നമ്മളില്‍ നിന്ന് അകന്നു കഴിഞ്ഞിരിക്കും. താര്‍ക്കിക യുക്തിയെ വെല്ലുവിളിക്കുന്ന ഒരു രീതി ഇവയിലെല്ലാം പൊതുവില്‍ കാണാനുണ്ട്.
അപ്രതീക്ഷിത നിലപാടുകളില്‍ നിന്നു കൊണ്ട് സ്വയം ചിരിക്കുന്ന ഒരാളാണ് എന്‍സെന്‍ബര്‍ഗര്‍. കളിയാക്കലിന്റെ ഒരു രാഷ്ട്രീയമാണ് അദ്ദേഹത്തിനിഷ്ടം. ലേഖനങ്ങളില്‍ പലേടത്തായി ഈ ഇഷ്ടങ്ങള്‍ കടന്നു വരുന്നുണ്ട്. വര്‍ഗ്ഗസമരം സ്വകാര്യവല്‍ക്കരിക്കപ്പെട്ട കാലത്താണ് നമ്മള്‍ ജീവിക്കുന്നത് എന്നൊരിടത്ത് അദ്ദേഹം എഴുതുന്നു. പല തരത്തിലുള്ള ക്രഡിറ്റ് കാര്‍ഡുകള്‍ വാങ്ങാന്‍ കിട്ടുന്നതിനെപ്പറ്റി സൂചിപ്പിക്കുമ്പോഴാണ് ഈ കളിയാക്കല്‍. ആദ്യകാലത്ത് കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന എന്‍സന്‍ബര്‍ഗര്‍ കമ്മ്യൂണിസത്തിന്റെ താല്‍ക്കാലിക വിടവാങ്ങല്‍ എന്നാണ് സാന്ദര്‍ഭികമായി ഉപയോഗിക്കുന്നത്. അവര്‍ വിഭാവനം ചെയ്ത സാങ്കല്പിക സ്വര്‍ഗ്ഗത്തിനെ മാറ്റിപ്പണിയാന്‍ നിയോ ക്ലാസിക്കല്‍ സിദ്ധാന്തം ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം എഴുതി. അവരതില്‍ വിജയിക്കും എന്നദ്ദേഹം കരുതുന്നുമില്ല.
സാഹിത്യം ഈ കവിയുടെ ലേഖനങ്ങളില്‍ വളരെ കുറച്ചു മാത്രമെ കടന്നു വരുന്നുള്ളൂ. ജര്‍മ്മന്‍ സംസ്‌ക്കാരത്തെപ്പറ്റിയുള്ള ഒരു ലേഖനത്തില്‍ അദ്ദേഹം പറയുന്നതിങ്ങനെയാണ്. ജര്‍മ്മനിക്ക് സ്വന്തമായ ഒരു നോവല്‍ സംസ്‌ക്കാരമില്ല. മ്യൂസിലുണ്ട്, റോത്തുണ്ട്, കാഫ്കയുണ്ട്, സെബാള്‍ഡുണ്ട്. അവരൊക്കെ വിശേഷപ്പെട്ട നോവലിസ്റ്റുകളാണ്. എന്നാല്‍ അവരാരും സവിശേഷ നോവല്‍ സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നില്ല. റഷ്യക്കും ഫ്രാന്‍സിനും ഇംഗ്ലണ്ടിനും വേറിട്ട സാഹിത്യമുണ്ട്.
ജര്‍മ്മനിക്ക് അങ്ങനെയൊന്നില്ല. ജോര്‍ജ് ഓര്‍വെലിന്റെ രാഷ്ട്രീയത്തെപ്പറ്റി ഒരു ലേഖനമിതിലുണ്ട്. സ്വേച്ഛാധിപത്യത്തെപ്പറ്റിയുള്ള ദീര്‍ഘദര്‍ശനം നടത്തിയ ഓര്‍വെലിനെ നമ്മുടെ കാലം പരാജയപ്പെടുത്തിയത് എങ്ങനെ എന്നാണ് ലേഖകന്‍ കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ പ്രവചനങ്ങളിലെ ലക്ഷ്യത്തെ തെറ്റിച്ചു കൊണ്ടാണ് വര്‍ത്തമാനകാലം മുന്നേറുന്നത്. പൗരന്മാരെ പൂര്‍ണ്ണമായും നിരീക്ഷണ വലയത്തിലാക്കാന്‍ ഇന്നിപ്പോള്‍ ബലംപിടുത്തമോ അക്രമ മാര്‍ഗ്ഗങ്ങളോ ആവശ്യമില്ല. ഓര്‍വെല്‍ കരുതിയതു പോലെ ഇതിനായി ഒരു ബിഗ് ബ്രദറോ സേച്ഛാധിപത്യമോ വേണ്ടതില്ല. ജനാധിപത്യ സംവിധാനത്തിലൂടെ തന്നെ നടപ്പാക്കപ്പെടുകയാണ് ഇതൊക്കെയിപ്പോള്‍ നമ്മുടെ മുന്നില്‍. എന്തായാലും ഇത്രയും മുന്‍കൂട്ടിക്കാണാന്‍ ജോര്‍ജ് ഓര്‍വെല്‍ എന്ന എറിക് ബ്ലെയറിന് സാധിച്ചില്ല. ഡിജിറ്റല്‍ കാലത്തെ നിരീക്ഷണ രാഷ്ട്രീയത്തെ കളിയാക്കുകയാണ് എന്‍സെന്‍സ്ബര്‍ഗര്‍. അതിന്റെ വിശദാംശങ്ങളിലേക്കും അദ്ദേഹം കടന്നു ചെല്ലുന്നുണ്ട്.
പുതിയ കാലത്തെപ്പറ്റിയുള്ള വിചാരങ്ങള്‍ മറ്റ് ചില ലേഖനങ്ങളിലും കാണാനുണ്ട്. മൊബൈല്‍ ഫോണ്‍ തൊട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെ സൂക്ഷ്മ വിശകലനത്തിന് ഇടയാവുന്നുണ്ട്. ഒരു ശാസ്ത്രീയ വീക്ഷണം അദ്ദേഹത്തിന്റെ ഊര്‍ജമായി നിലകൊള്ളുന്നു എന്നു കാണാം. അതു പോലെ ഒരു സാമൂഹ്യ സമത്വ ബോധവും ഈ അന്വേഷണങ്ങളില്‍ നിഴലിക്കുന്നുണ്ട്. ശാസ്ത്രലോകത്തെ ഏറ്റവും പുതിയ മാറ്റങ്ങളെപ്പോലും ഈ ഗ്രന്ഥകാരന്‍ അവസാനംവരെ അടുത്തറിഞ്ഞിരുന്നു.
"Wither Photography ' എന്ന ചെറിയ ഒരു ലേഖനമാണ് എനിക്കേറെ ഇഷ്ടപ്പെട്ട ഒന്ന്. നമ്മളുപയോഗിക്കുന്ന മാധ്യമം നമ്മുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കും എന്നാണ് ഇതിലദ്ദേഹം സമര്‍ത്ഥിക്കുന്നത്. ലാന്‍ഡ്‌സ്‌കേപ്പ് എന്നത് നമുക്ക് മനസ്സിലായത് ചിത്രകാരന്മാര്‍ അങ്ങനെയൊരെണ്ണം നമ്മുടെ മുന്നില്‍ വെച്ചപ്പോഴാണ്. മൈക്രോസ്‌കോപ്പാണ് ബാക്ടീരിയയെ നമുക്ക് മുന്നില്‍ യാഥാര്‍ത്ഥ്യമാക്കിയത്. കാഴ്ച ഒരുക്കുന്ന സാധ്യത പുതിയ അറിവുകളിലേക്ക് മാനവരാശിയെ കൊണ്ടെത്തിക്കുന്നു. ഇങ്ങനെ ലോകത്തിന്റെ പുതിയൊരു കാഴ്ചയാണ് ഫോട്ടോഗ്രാഫി മനുഷ്യനു മുന്നിലെത്തിച്ചത്. ഫോട്ടോഗ്രാഫി ഇല്ലാതിരുന്ന കാലത്തെ നമ്മുടെ പൂര്‍വ്വികര്‍ അവരുടെ ചുറ്റുപാടുകളെ എങ്ങനെയായിരിക്കും ഉള്‍ക്കൊണ്ടിരിക്കുക എന്നാലോചിച്ചു നോക്കുക. ആ വ്യത്യാസം ബോദ്ധ്യമാവും. ആധുനിക വിഷ്വല്‍ മീഡിയയുടെ മാതൃസ്ഥാനമാണ് ഫോട്ടോഗ്രാഫിയുടേത്. അതിന്റെ പ്രായോഗികവും ദാര്‍ശനികവുമായ മാനങ്ങളെ ഈ ലേഖനത്തില്‍ എന്‍സെന്‍ബര്‍ഗര്‍ പ്രതിപാദിക്കുന്നുണ്ട്. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു ലേഖനമാണ് "Is Sex Necessary, If so, How ? ' എന്നത്. ജെയിംസ് തര്‍ബറും ഇ.ബി. വൈറ്റും ചേര്‍ന്ന് 1929 ല്‍ പ്രസിദ്ധീകരിച്ച "Is Sex Necessary ?' എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ സെക്‌സിന്റെ പുതിയ പഠന മേഖലകളെപ്പറ്റിയാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്. ജര്‍മ്മന്‍ സെക്‌സോളജിസ്റ്റ് വോര്‍ക്ക്മര്‍ സിഗൂഷിന്റെ "Neo-sexuaities : On the Cultural Transformation of Love and Perversion' എന്ന പുതിയ പുസ്തകത്തെപ്പറ്റിയും ഇതില്‍ വിശദമാക്കുന്നുണ്ട്. സെക്‌സ് അത്യാവശ്യമാണോ എന്ന ചോദ്യത്തിന് ആണ് എന്ന് അസന്നിഗ്ദമായി എളുപ്പം പ്രഖ്യാപിക്കാവുന്ന കാലമാണിതെന്ന് പുതിയ അറിവുകളുടെ പിന്‍ബലത്തോടെ അദ്ദേഹം പറഞ്ഞു വെക്കുന്നു.
വായനക്കാരുമായി സരസവും അതേ സമയം ഗഹനവുമായ ഒരു സംവാദതലം ലേഖനങ്ങളിലൂടെ എന്‍സെന്‍ബര്‍ഗര്‍ ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഓരോ ലേഖനവും ഓരോ വിഷയത്തിലേക്കുള്ള ക്ഷണമാണ്. കാലത്തിന്റെ ബോധ്യങ്ങളെ ചോദ്യം ചെയ്തു കൊണ്ടുള്ള ക്ഷണിക്കലാണ്. അറിവ് സമ്പാദനം പോലെ പ്രധാനമാണ് കൃത്യതയോടെയുള്ള അറിവിന്റെ ഉപയോഗിക്കല്‍. അറിവുകളെ എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞു തരികയാണ് ഈ ചിന്തകന്‍. അറിവ് അടിസ്ഥാന സത്യങ്ങളിലേക്ക് കടന്നു ചെല്ലാന്‍ മനുഷ്യനെ പ്രാപ്തനാക്കണം. ഡിജിറ്റല്‍ യുഗത്തിലെ മനുഷ്യരുടെ മുന്നിലിപ്പോള്‍ പുതിയ പ്രതിസന്ധികള്‍ പലതും അണിനിരന്നു നില്‍ക്കുന്നു. അതൊക്കെ ഒരു ഗണിതശാസ്ത്ര മനസ്സോടെ നോക്കിക്കാണാനും പരിഹാരാലോചനകള്‍ നടത്താനും ഈ ജര്‍മ്മന്‍ പണ്ഡിതന് സാധിക്കുന്നുണ്ട്. കവിത കൂടാതെ നോവലുകളും നാടകങ്ങളും ലേഖന സമാഹാരങ്ങളും ബാലസാഹിത്യ കൃതികളും എന്‍സെന്‍സ്ബര്‍ഗര്‍ രചിച്ചിട്ടുണ്ട്. ധാരാളം പരിഭാഷാ കൃതികളും അദ്ദേഹത്തിന്റേതായുണ്ട്. ഗണിത ശാസ്ത്രമാണ് അദ്ദേഹത്തിന് പ്രിയപ്പെട്ട ഒരു മേഖല. ട്രാന്‍സ് അറ്റ്‌ലാന്റിക് എന്ന മാസികയുടെ സ്ഥാപക പത്രാധിപര്‍ കൂടിയാണ് ഈ കവി. Poems for People Who Don't Read Poems , Mausoleum, The Sinking of the Titanic , Selected Poems, Lighter Than Air, Politics and Crime, Europe, Europe എന്നിവയാണ് പ്രധാന കവിതാ സമാഹാരങ്ങള്‍. The Consciounsess Industry, Raids and Reconstruction, Critical Essays , Zig Zag എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധങ്ങളാണ്. "The Silence of Hammerstein' എന്ന പുസ്തകം യൂറോപ്പില്‍ വളരെക്കാലമായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട് .നോവല്‍ ഗണത്തില്‍ ഉള്‍പ്പെടുത്തിയ ഈ രചന ജര്‍മ്മന്‍ ജനറലായ കര്‍ട്ട് വോന്‍ ഹമ്മര്‍സ്റ്റെയിന്റെ ജീവിതകഥയാണ്. ഹിറ്റ്‌ലറിനു തൊട്ട് മുന്‍പ് ജര്‍മ്മന്‍ സൈന്യത്തെ നയിച്ച ആ ജനറലുമായി എന്‍സെന്‍സ്ബര്‍ഗര്‍ ഭാവനയില്‍ നടത്തുന്ന അഭിമുഖമാണ് ഈ കൃതി.
കുട്ടികള്‍ക്ക് വേണ്ടി എന്‍സെന്‍ബര്‍ഗര്‍ രചിച്ച "The Number Devil' ലക്ഷക്കണക്കിന് കോപ്പികള്‍ വില്ക്കപ്പെട്ട ഗണിത ശാസ്ത്ര ഗ്രന്ഥമാണ്. 26 ഭാഷകളിലേക്ക് ഈ കൃതി പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പരിഭാഷകളുടെ കൂട്ടത്തില്‍ നമ്മുടെ മലയാളവും ഉള്‍പ്പെടുന്നു എന്ന അറിവ് എന്നെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു. സംഖ്യാരാക്ഷസന്‍ എന്ന പേരില്‍ ഈ കൃതിയുടെ മലയാള പരിഭാഷ 2011 ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. (സംഖ്യാരാക്ഷസന്‍ - ഹാന്‍സ് മാഗ്‌നസ് എന്‍സെന്‍ബര്‍ഗര്‍ - പൂര്‍ണ പബ്ലിക്കേഷന്‍സ് - കോഴിക്കോട്).
അത്രയൊന്നും രസിച്ചല്ല എന്‍സെന്‍ബെര്‍ഗറിന്റെ രചനകള്‍ ഞാന്‍ വായിച്ചത്. എന്നാല്‍ ആ എഴുത്തുലോകത്തേക്ക് വീണ്ടും വീണ്ടും കടന്നുപോകാന്‍ എനിക്ക് ആഗ്രഹമുണ്ട്. അവിടെ എന്തോ ചില പുതിയ കാര്യങ്ങള്‍ എന്നെ കാത്തിരിപ്പുണ്ട്. അവയില്‍ ഒരു പുതിയ ലോക വീക്ഷണം ഒളിഞ്ഞിരിപ്പുണ്ട്. അറിവിന്റെ മാസ്മരികത അറിയുന്ന ഒരാളാണ് ഹാന്‍സ് മാഗ്നസ് എന്‍സെന്‍സ്ബര്‍ഗര്‍. ചിന്തയുടെ ലോകത്ത് ഏകാകിയായി അലയാന്‍ അയാള്‍ പ്രേരിപ്പിക്കുന്നു. അങ്ങനെയൊരാളാണ് വിട പറഞ്ഞിരിക്കുന്നത്.
1929 ല്‍ ജര്‍മ്മനിയിലെ ഭവാറിയയില്‍ ജനിച്ച എന്‍സെന്‍സ്ബര്‍ഗര്‍ സ്വന്തം പേരിലല്ലാതെയും പലതും എഴുതിയിട്ടുണ്ട്. ആന്‍ഡ്രിയേസ് തല്‍മായര്‍, ജിയോര്‍ജിയോ പെല്ലിസി, ലിന്‍ഡ ക്വില്‍റ്റ്, എലിസബത്ത് അംബ്രാസ് എന്നീ പേരുകളിലാണ് അദ്ദേഹം ഏറെയും എഴുതിയത്. നാസി അനുഭവത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ് അദ്ദേഹത്തെ എഴുത്തുകാരനാക്കിയത് എന്നു പറയാം. 1963-ല്‍ ലഭിച്ച ജിയോര്‍ഗ് ബുച്ച്‌നര്‍ പുരസ്‌കാരം തൊട്ട് 2017-ല്‍ ലഭിച്ച പോയട്രി ആന്റ് പീപ്പിള്‍ ഇന്റര്‍നാഷണല്‍ പോയട്രി സമ്മാനമുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. വായനക്കാരെ പുത്തന്‍ ആശയങ്ങള്‍കൊണ്ട് നിരന്തരം പ്രകോപ്പിപ്പിച്ചുകൊണ്ടിരുന്ന വലിയൊരു പ്രതിഭയാണ് വിടവാങ്ങിയിരിക്കുന്നത്. അയാളുടെ രചനകള്‍ കുറേക്കാലം കൂടി ആ ദൗത്യം നിര്‍വ്വഹിക്കുക തന്നെ ചെയ്യും. ചിന്തയിലെ ആ തെളിച്ചം അസാധാരണമാണ്.
എഴുത്തുകാരന്‍, സാമൂഹ്യ വിമര്‍ശകന്‍
വി.കെ. ബാബു
Jan 28, 2023
8 minutes read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ടി.ഡി രാമകൃഷ്ണന്‍
Jan 07, 2023
27 Minutes Watch
എം. ജയരാജ്
Jan 06, 2023
12 Minutes Read
മധുപാൽ
Jan 05, 2023
5 Minutes Read