ഒരു മൂവ്​മെൻറിനാൽ അടിമുടി മാറിയ ഒരു ജീവിതവർഷം

‘‘ഈ കാലം എന്നെ തൊട്ടാണ് കടന്നുപോകുന്നത്. എളുപ്പത്തിൽ തിരകയറി മായാത്ത വരകൾ അത് കോറിയിട്ടിട്ടുണ്ട്. മറ്റൊരു കാലത്തുനിന്ന് അവയെയെല്ലാം എങ്ങനെയാകും ഞാൻ തിരിഞ്ഞുനോക്കുകയെന്ന ആകാംക്ഷയും എന്നിലുണ്ട്. ആ ഞാനും അതിലെ മനുഷ്യരും അങ്ങനങ്ങനെ ബാക്കിയാവട്ടെ’’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. നിതീഷ്​ നാരായണൻ​​ എഴുതുന്നു.

ഹാവെളിച്ചത്തിന്റെ വിളക്കുകാലുകൾ നിലം പൊത്തിയ ചരിത്രത്തിന്റെ കുത്തൊഴുക്കിൽ ഒരു കുഞ്ഞുവെട്ടത്തിനു ചുറ്റും ഇത്തിരിപ്പോന്നൊരു ദ്വീപ് കുമ്പിൾ തീർത്ത് കാവലിരുന്നു. കെട്ടുപോകുമായിരുന്ന മനുഷ്യവംശത്തിന്റെ പ്രതീക്ഷകളിലേക്ക് ആ തിരി വെട്ടം പടർന്നു. സംസ്‌കാരങ്ങൾ അവസാനിച്ചുവെന്ന വിധിയെഴുത്തുകാർ അതിശയത്തോടെ, ആടിയുലഞ്ഞിട്ടും വീഴാതെ വാഴുന്ന ആ ഒറ്റയിലയെ നോക്കി. ശിരസ്സുയർത്തി നിൽക്കുന്ന ധീര മനുഷ്യന്റെ ലോകം ഇതാ ഇവിടെയെന്ന് സാർവദേശീയ ജീവികൾ ആഹ്ലാദഭരിതരായി. കൂടുതൽ ഉൽകൃഷ്ടരായ മനുഷ്യരുടെ സമൂഹത്തെ കെട്ടിപ്പടുക്കാനുള്ള പ്രക്രിയയായി വിപ്ലവം പുനർ നിർവചിക്കപ്പെട്ടു. കീഴടങ്ങാത്ത തുരുത്തുകളെല്ലാം ക്യൂബയെന്ന് നാമകരണം ചെയ്യപ്പെട്ടു. പുതിയ മനുഷ്യന്റെ വേരുകൾ അവിടെ മണ്ണിലേക്ക് കുതിച്ചിറങ്ങി.

ഫിഡലിന്റെയും ചെ യുടെയും എണ്ണമറ്റ വിപ്ലവകാരികളുടെയും വിപ്ലവത്തെ ഹൃദയത്തിൽ പേറുന്ന മനുഷ്യരുടെയും നാടായ ക്യൂബയിലേക്ക് ഒരു തവണയെങ്കിലും യാത്ര ചെയ്യാൻ ആഗ്രഹിക്കാത്ത ഇടതുപക്ഷ രാഷ്ട്രീയ ജീവികൾ ഉണ്ടാകുമോ? അത്തരമൊരു അവസരം അവസാന നിമിഷം കൈവിട്ടു പോയതിന്റെ നഷ്ടബോധമാണ് ഈ വർഷത്തെ രാഷ്ട്രീയാനുഭവങ്ങളെ അടയാളപ്പെടുത്തുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത്.

Photo : picryl.com

വിപ്ലവത്തെ അനുഭവിച്ചറിയാനായി ഫ്രാൻസ് വഴി ഹവാനയിലേക്ക് യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായിരുന്നു. പാസ്‌പോർട്ടിൽ ആദ്യം ചേർക്കപ്പെട്ട വിസ ക്യൂബൻ എംബസിയിൽ നിന്നുമാണെന്ന അഭിമാനം എന്നെ പൊതിഞ്ഞിരുന്നു. എന്നാൽ സർവനാശം വിതച്ച പേമാരിയുടെ രൂപത്തിൽ മറ്റൊരു വെല്ലുവിളി ക്യൂബക്ക്​ നേരിടേണ്ടി വന്നു. ഈ കാലവും തങ്ങൾ മറികടക്കുമെന്നും തൽക്കാലം നിശ്ചയിച്ച പരിപാടി സംഘടിപ്പിക്കാനുള്ള സാഹചര്യമില്ലെന്നും അറിയിച്ച് ക്യൂബൻ അംബാസിഡറുടെ സന്ദേശം വന്നു. ക്യൂബയിൽ നിന്നുള്ള വാർത്തകൾ അറിഞ്ഞിരുന്നതിനാൽ തന്നെ അത്തരമൊരു സന്ദേശം പ്രതീക്ഷിച്ചിരുന്നു.

‘പ്രിയ സഖാക്കളെ, നിങ്ങൾ പോരാട്ടം തുടരുക. ഈ വെല്ലുവിളിയെയും ക്യൂബ മറികടക്കുമെന്ന് ഞങ്ങൾക്ക് നിശ്ചയമുണ്ട്. നിങ്ങൾ ചെറുത്തുനിൽപ്പ് തുടരുന്നതുതന്നെ ഞങ്ങൾക്ക് പകരുന്ന ആത്മവിശ്വാസം എത്രയാണെന്ന് പറഞ്ഞറിയിക്കാൻ വയ്യല്ലോ. തീർച്ചയായും വിപ്ലവത്തിന്റെ നാടിനെ ഏറെ വൈകാതെ അനുഭവിച്ചറിയാനാകുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്' എന്ന് ഞങ്ങൾ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ സംഘാടകരായിരുന്ന സഖാക്കളെ അറിയിച്ചു. ആ കാത്തിരിപ്പിന്റെ തുടർച്ചയിൽ ഈ വർഷമിതാ വിടപറയുന്നു.

നല്ലതെന്നോ മോശമെന്നോ ഉള്ള സ്ഥായിയായ കള്ളികളിലേക്ക് ഒരു കാലത്തെയും അടയാളപ്പെടുത്തിവെക്കാനാകുമെന്ന് എനിക്ക് തോന്നിയിട്ടില്ല. ഓരോ അനുഭവങ്ങളെയും അതിലൂടെ കടന്നുപോകുമ്പോൾ വിലയിരുത്തിയ പോലെയാകില്ല നമ്മൾ അതിന് പുറത്തെത്തിക്കഴിഞ്ഞ് നോക്കിക്കാണുക. തീർത്തും വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ച് അത്തരത്തിൽ എഴുതാനുള്ള ധൈര്യം ലഭിക്കാത്തതും ഈ തോന്നൽ കൊണ്ടാണ്. അതിനിവിടെ മുതിരുന്നുമില്ല. ഈ കാലം എന്നെ തൊട്ടാണ് കടന്നുപോകുന്നത്. എളുപ്പത്തിൽ തിരകയറി മായാത്ത വരകൾ അത് കോറിയിട്ടിട്ടുണ്ട്. മറ്റൊരു കാലത്തുനിന്ന് അവയെയെല്ലാം എങ്ങനെയാകും ഞാൻ തിരിഞ്ഞുനോക്കുകയെന്ന ആകാംക്ഷയും എന്നിലുണ്ട്. ആ ഞാനും അതിലെ മനുഷ്യരും അങ്ങനങ്ങനെ ബാക്കിയാവട്ടെ.

കഴിഞ്ഞുപോകുന്ന വർഷം ഞാനെന്ന വ്യക്തിയെ അടയാളപ്പെടുത്തിയ ചില സന്ദർഭങ്ങൾ രാഷ്ട്രീയജീവിയെന്ന നിലയിലെ രൂപപ്പെടലിനിടയിൽ വന്നു ചേർന്നതാണ്. ആദ്യമായൊരു പുസ്തകത്തിന്റെ ചട്ടയിൽ പേരച്ചടിച്ച് വന്നതിന്റെ സന്തോഷം അനുഭവിച്ചത് ഈ വർഷമാണ്. രണ്ട് പുസ്തകങ്ങൾ ഒരേ ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സെമിനാറുകളിൽ സംസാരിക്കാൻ നടത്തിയ അന്വേഷണങ്ങൾ അവിചാരിതമായി ഒരു പുസ്തകത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. ലെനിൻ മുതൽ ഇ.എം.എസും എ.കെ.ജിയും വരെയുള്ള കമ്യൂണിസ്റ്റുകാർ മലബാർ സമരത്തെ നിരീക്ഷിക്കുകയും അതിനെക്കുറിച്ച് എഴുതുകയും ചെയ്തിരുന്നു. മലയാള മനോരമ ബ്രിട്ടീഷുകാരുടെ നാവു പോലെ ആ സമരത്തെ നിരന്തരം അധിക്ഷേപിച്ചുകൊണ്ടിരുന്നപ്പോൾ ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് ലെനിൻ എന്ന മഹാനായ വിപ്ലവകാരി ആ സമരത്തെ അഭിവാദ്യം ചെയ്തുവത്രെ.

Photo: Muhammed Fasil

മലബാറിലെ ചെറുത്തുനിൽപ്പിന്റെ വർഗപരമായ സ്വഭാവത്തെക്കുറിച്ചും കൊളോണിയൽ വിരുദ്ധ സ്വഭാവത്തെക്കുറിച്ചും ഇന്ത്യക്കുപുറത്ത് ആദ്യം പ്രചരിപ്പിക്കുന്നത് കമ്യൂണിസ്റ്റ് ഇന്റർനാഷണൽ ആണ്. അതിന്റെ തുടർച്ചയിൽ മലബാർ കലാപത്തെ പ്രകീർത്തിക്കരുതെന്ന ബ്രിട്ടീഷ് തിട്ടൂരങ്ങൾ കമ്യൂണിസ്റ്റുകാരാൽ നിരന്തരം ലംഘിക്കപ്പെട്ടു. ദേശാഭിമാനി കണ്ടുകെട്ടപ്പെട്ടു, എ.കെ.ജിയെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ചു, പടപ്പാട്ട് എഴുതിയ കമ്പളത്ത് ഗോവിന്ദൻ നായരുടെ ജോലി നഷ്ടപ്പെട്ടു... എന്നിട്ടും രാജ്യം കണ്ട ഏറ്റവും ധീരമായ സ്വാതന്ത്ര്യസമരങ്ങളിൽ ഒന്നിനെ ഭരണകൂടത്തിന്റെ ഇംഗിതം പോലെ അവഹേളിക്കാൻ കൊടിയ മർദ്ദനങ്ങളുടെ കാലത്തും കമ്യൂണിസ്റ്റുകാർ തയ്യാറായില്ല.

വർഗപരമായ വിശകലനത്തിലൂടെ എങ്ങനെയാണ് ചരിത്രത്തെ മനസിലാക്കേണ്ടത് എന്നതിന്റെ ഉദാഹരണങ്ങൾ കൂടിയായിരുന്നു മലബാർ കലാപത്തെക്കുറിച്ചുള്ള കമ്യൂണിസ്റ്റ് രചനകളും പ്രസ്താവനകളുമെല്ലാം. അവയെല്ലാം ശേഖരിച്ച് ആദ്യകാല കമ്യൂണിസ്റ്റുകാർ ജന്മിത്വത്തിനും കൊളോണിയൽ ഭരണകൂടത്തിനും എതിരായ ആ ധീരചെറുത്തുനിൽപ്പിനെ മനസിലാക്കിയതെങ്ങനെയെന്ന് പരിചയപ്പെടുത്തുന്ന വിശദമായ ആമുഖത്തോടു കൂടി ഒരു പുസ്തകം തയ്യാറാക്കിയാൽ എക്കാലത്തേക്കുമുള്ള മുതൽക്കൂട്ടായി അത് മാറുമെന്നുമുള്ള നിർദേശം പ്രമുഖ ഇടതുപക്ഷ പ്രസാധകരായ ലെഫ്റ്റ് വേഡ് ബുക്‌സിന്റെ എഡിറ്റർമാരോട് പങ്കുവെച്ചു. മലബാർ കലാപത്തിലെ രക്തസാക്ഷികളെ സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന്​ ചരിത്ര കൗൺസിൽ ഒഴിവാക്കിയ സമയം കൂടിയായിരുന്നു അത്. ചരിത്രത്തെ ഹിന്ദുരാഷ്ട്രനിർമിതിയുടെ പദ്ധതിക്കനുകൂലമായി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന കാലം. ‘നമ്മൾ ആ പുസ്തകം ചെയ്യുന്നു. നിങ്ങൾ തന്നെയാണ് അതിന്റെ എഡിറ്റർ', ലോക പ്രസിദ്ധ മാർക്‌സിസ്റ്റ് ചരിത്രകാരനും മാധ്യമപ്രവർത്തകനും ലെഫ്റ്റ് വേഡ് ബുക്‌സിന്റെ എഡിറ്ററുമായ വിജയ് പ്രഷാദാണ് അത് പറഞ്ഞത്. ഒടുവിൽ താങ്കൾ കൂടെ കൂടുകയാണെങ്കിൽ നമുക്ക് ഈ പുസ്തകം ചെയ്യാം എന്ന എന്റെ ആവശ്യത്തിനു മുന്നിൽ അദ്ദേഹം സ്‌നേഹത്തോടെ വഴങ്ങി.

ഡി.വൈ.എഫ്.ഐയുടെ സെമിനാർ പരമ്പര ഉദ്ഘാടനം ചെയ്ത സഖാവ് പിണറായി വിജയനോടുതന്നെ അവതാരിക നൽകാൻ അഭ്യർഥിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ലെനിൻ, എം.എൻ. റോയ്, അബനി മുഖർജീ, സർദാർ ചന്ദ്രോത്ത്, സൗമേന്ദ്രനാഥ് ടാഗോർ, ഇ.എം.എസ്, എ.കെ.ജി, കമ്പളത്ത് ഗോവിന്ദൻ നായർ, ആർ. രാമമൂർത്തി എന്നിവരെല്ലാം എഴുതിയത് ശേഖരിച്ചു. കലാപകാലത്ത് തന്റെ തറവാടിന്റെ അനുഭവങ്ങൾ കൂടി ഓർത്തെടുത്ത് സഖാവ് സുഭാഷിണി അലി കൂടി ഒരു ലേഖനം നൽകി. ഒടുവിൽ സി.പി.ഐ- എമ്മിന്റെ പാർട്ടികോൺഗ്രസ് വേദിയിൽ വച്ച് എന്നും സ്‌നേഹത്തോടെ എന്നെ ചേർത്ത് പിടിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് സഖാവ് എസ്.ആർ.പി പുസ്തകം പ്രകാശനം ചെയ്തു. ഇന്ത്യയിലെമ്പാടുമുള്ള കമ്യൂണിസ്റ്റ് നേതൃത്വത്തെ സാക്ഷിയാക്കി എനിക്കുകൂടി അവകാശപ്പെട്ട ഒരു പുസ്തകം പ്രകാശനം ചെയ്യപ്പെടുക. ജീവിതത്തിന് മൂല്യമുണ്ടെന്ന് ഓർമിപ്പിക്കുന്ന ഒരു സന്ദർഭം പോലും ഒരായുസ്സിന്റെ കരുത്തായി മാറും.

അതിനു തൊട്ടു മുൻപുള്ള ദിവസമാണ് ‘ആശയ സമരങ്ങളുടെ ലോകം' എന്ന മലയാള പുസ്തകം പ്രകാശനം ചെയ്തത്. ദയാൽ പലേരിക്കൊപ്പം എസ്.എഫ്.ഐയുടെ ജേർണലായ സ്റ്റുഡൻറ്​ സ്ട്രഗിളിലേക്ക് തയ്യാറാക്കിയ അഭിമുഖങ്ങൾ മൊഴിമാറ്റം ചെയ്ത് ഒന്നിച്ചൊരു പുസ്തകമാക്കി മാറ്റുകയായിരുന്നു. ഒന്നര പതിറ്റാണ്ട് കാലം അമേരിക്കൻ സാമ്രാജ്യത്വം തടവിലിട്ടിട്ടും കീഴടങ്ങാത്ത ക്യൂബൻ ഹീറോ ഫെർണാണ്ടോ ഗോൺസാലസ് മുതൽ എൻ. റാമും വിജയ് പ്രഷാദും റാം പുനിയാനിയും പ്രഭാത് പട്‌നായിക്കും യൂസഫ് തരിഗാമിയും ചമൻ ലാലുമെല്ലാം ചേരുന്ന ദീർഘ സംഭാഷണങ്ങളുടെ പുസ്തകം. സംഭാഷണം കലയാണെന്ന് തോന്നിപ്പിക്കും വിധം സംസാരിക്കുന്ന മനുഷ്യർ. രാഷ്ട്രീയ ജീവിതത്തെ വിവരണാതീതമാം വിധം സുന്ദരമാക്കി മാറ്റാൻ സഹായിച്ചവർ. ആശയങ്ങളിലൂടെ, കാഴ്ചപ്പാടുകളിലൂടെ, ചരിത്രം പകരുന്ന വ്യക്തതയിലൂടെ എത്ര പ്രൗഢമായാണ് അവരോരോരുത്തരും ഞങ്ങളോട് സംസാരിച്ചത്.

കലയും സാഹിത്യവും രാഷ്ട്രീയ സമരങ്ങളുടെ ആയുധമായതിനെ വിശദീകരിച്ച് സഹോദര തുല്ല്യനായ സഖാവ് വി. ശിവദാസൻ ഉജ്ജ്വലമായൊരു അവതാരികയും എഴുതി നൽകി. എസ്.എഫ്.ഐ തന്നെയാണ് ഈ പുസ്തകത്തിന്റെ അവകാശി. വിദ്യാർഥി പ്രസ്ഥാനം ഏല്പിച്ച ചുമതലകൾ നിർവഹിക്കുന്നതിനിടയിൽ ഒരു പുസ്തകം പിറക്കുകയായിരുന്നു. അതിന് ചുക്കാൻ പിടിക്കാനുള്ള നിയോഗം ഞങ്ങളിൽ വന്നു ചേർന്നു എന്നുമാത്രം. സമരവും സമൂഹവും ഇല്ല എങ്കിൽ ഇത്തരമൊരു പുസ്തകമില്ല. സംഭാഷണങ്ങളുടെ ആ പുസ്തകം പ്രകാശനം ചെയ്തത് സഖാവ് പ്രകാശ് കാരാട്ട് ആയിരുന്നു.

വർഷം അവസാനിക്കുന്നതിന്റെ അവസാന മാസത്തിൽ മൂന്നാമത്തെ പുസ്തകം പ്രസിദ്ധീകൃതമായി. അതും വിദ്യാർഥി പ്രസ്ഥാനം ഏല്പിച്ച ഉത്തരവാദിത്തമാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് എസ്.എഫ്.ഐയിലെ സഖാവ് ദീപ്ഷിതയ്‌ക്കൊപ്പം എഡിറ്റ് ചെയ്ത ‘എജ്യൂക്കേഷൻ ഓർ എക്‌സ്‌ക്ലൂഷൻ? ദ് പ്ലൈറ്റ് ഓഫ് ഇന്ത്യൻ സ്റ്റുഡൻറ്​സ്​' എന്ന പുസ്തകം. മുതിർന്ന അധ്യാപകർ, സമര സഖാക്കൾ, വിദ്യാഭ്യാസ പ്രവർത്തകർ, യുവ ഗവേഷകർ... ഒരു കൂട്ടം ആളുകളുടെ ചിന്തയും വിശകലനങ്ങളും ഒത്തുചേരുന്ന പുസ്തകം. അതിന്റെ ആമുഖം ഞങ്ങൾ തയ്യാറാക്കിയത് സംഭാഷണ രൂപത്തിലായിരുന്നു. അങ്ങനെ പുതിയൊരു പരീക്ഷണം. ഇന്ത്യയിലെമ്പാടുമുള്ള വിദ്യാർഥി പ്രവർത്തകരുടെ കൈയ്യിൽ ഇന്ന് ആ പുസ്തകമുണ്ട്. വ്യക്തി എന്ന നിലയിൽ നിസ്സാരമായ ജീവിതത്തെ ഒരു മൂവ്‌മെൻറ്​ എങ്ങനെയാണ് അർഥപൂർണമാക്കി മാറ്റുന്നത് എന്ന് നിരന്തരം അനുഭവിച്ചറിയുന്ന ഒരാളാണ് ഞാൻ. അതിന് നിങ്ങളുടെ പേര് അച്ചടിച്ച ഒരു പുസ്തകമോ നിങ്ങളാൽ അടയാളപ്പെടുത്തപ്പെട്ട സന്ദർഭമോ വേണം എന്ന് പോലുമില്ല. നിങ്ങൾ കൂടി ഭാഗമായ വലിയൊരു സാമൂഹിക ശക്തി, അല്ലെങ്കിൽ ചെറിയൊരു കൂട്ടായ്മ ഒരടി മുന്നോട്ടു പോയാൽ മതി. അതുകൊണ്ടാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് തുല്യമായ സന്തോഷം തന്നെ ഗുജറാത്തിലെ വിദ്യാർഥി പ്രസ്ഥാനം 33 വർഷങ്ങൾക്കുശേഷം സംസ്ഥാന സമ്മേളനം നടത്താനുള്ള കരുത്തിലേക്ക് വളരുമ്പോഴും കാശ്മീരിൽ രണ്ട് വർഷം മുൻപ് ആരംഭിച്ച പരിശ്രമങ്ങൾ അവിടത്തെ സംഘടനയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിലേക്ക് എത്തിച്ചേരുമ്പോഴും അനുഭവിക്കാനാകുന്നത്.

Illustration : Sreelakshmi S Bahuleyan

ഒറ്റപ്പെട്ട് നിൽക്കുന്ന വ്യക്തി എന്ന നിലയിൽ നിങ്ങൾക്ക് എത്തിച്ചേരാനാകാത്ത മനുഷ്യരിലേക്ക് ഒരു പ്രസ്ഥാനത്തിലൂടെ നിങ്ങൾ എത്തിച്ചേരുന്നു, നിങ്ങൾക്ക് സമീപമേയായിരുന്നില്ലാത്ത ജീവിതങ്ങളെ നിങ്ങൾ തൊടുന്നു, നിങ്ങളുടെ ലോകത്തെ പൂർണമാക്കാൻ സന്നദ്ധരായി നിൽക്കുന്ന അറിയപ്പെടാത്ത മനുഷ്യരുമായുള്ള സാഹോദര്യത്തിന്റെ ഇഴയടുപ്പം നാം ജീവിക്കുന്ന ലോകത്തിന്റെ പരിതികൾ വലുതാക്കിക്കൊണ്ടേയിരിക്കുന്നു. അസാധ്യമെന്ന് തോന്നുന്ന എന്തിനെയെല്ലാമാണ് നിസ്സാരമായത് സാധിപ്പിച്ചെടുക്കുന്നത്. വ്യക്തികളെ ആഘോഷിക്കാനുള്ള വ്യഗ്രതകൾക്കിടയിൽ പലപ്പോഴും പ്രസ്ഥാനങ്ങളെ നമ്മൾ വിട്ടുപോകാറുണ്ട്. അല്ലെങ്കിൽ കൂട്ടായ്മകളിലൂടെ മാത്രം നേടിയെടുക്കപ്പെടുന്ന തെളിച്ചങ്ങൾ അതിന് പ്രതീകമോ നിയോഗമോ മാത്രമാകുന്ന വ്യക്തികളിലേക്ക് നമ്മൾ ചുരുക്കാറുണ്ട്. ഭഗത് സിംഗിന്റെ ആശയങ്ങളെക്കുറിച്ച് ഗുജറാത്തിയിൽ പുസ്തകം അച്ചടിച്ച് തെരുവിൽ വിതരണം നടത്തിയ അന്നാട്ടിലെ സഖാക്കൾ മുതൽ പ്രേമരാജൻ കാന എന്ന എന്റെ നാട്ടുകാരനായ സഖാവ് തന്റെ കവിതകൾ ചേർത്ത് ഒരു പുസ്തകമാക്കിയപ്പോൾ അത് തങ്ങൾക്ക് കൂടി ആഘോഷിക്കാനുള്ള സന്ദർഭമാണെന്ന തോന്നലിൽ തൊഴിലും കൂലിയും സമയവും മാറ്റി വച്ച് ഒഴുകിയെത്തിയ ഒരു നാട്ടിലെ ആബാലവൃദ്ധം ജനങ്ങൾ വരെയുള്ളവരിൽ നിന്നും ഞാൻ കേട്ടത് അതാണ്.

മതനിരപേക്ഷ പൊതുഇടങ്ങൾ ജനാധിപത്യസമൂഹം കെട്ടിപ്പടുക്കാനുള്ള ആണിക്കല്ലാണെന്ന ബോധ്യത്തിൽ കണ്ണൂരിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്ന ഇന്ത്യൻ ലൈബ്രറി പഠിപ്പിക്കുന്നതും ഇതാണ്. പഞ്ചായത്തുകൾക്ക് വിനിയോഗിക്കാവുന്ന ഫണ്ടിൽ നിന്നും അമ്പലങ്ങൾ മാത്രം കെട്ടുന്നത് കണ്ട് ശീലിച്ച ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ നാട്ടിലെ ചെറുപ്പക്കാർ കണ്ണൂരിലേക്ക് വരുന്നുണ്ട്. ബാലറ്റ് ബോക്​സിനകത്ത് സീലു ചെയ്ത് പൂട്ടാത്ത ജനാധിപത്യം വായനശാലകളിൽ പത്രം വായിച്ചും നാട്ടുപ്രശ്‌നങ്ങൾ ചർച്ച ചെയ്തും ഓണാഘോഷത്തിന് സംഘാടക സമിതി ചേർന്നുമെല്ലാം വിഹരിക്കുന്നത് എങ്ങനെയെന്ന് കാണാൻ.

ഈ വർഷത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന് കണ്ണൂരിന്റെ ഗ്രാമങ്ങളിൽ പൊതുജന വായനശാലകൾ ഉണ്ടാക്കാൻ ഓടിനടക്കുന്ന മനുഷ്യരായിരുന്നു. സംസ്‌കാരത്തിൽ ഇടപെടാതെ പുരോഗമന രാഷ്ട്രീയം നിലനിൽക്കില്ല. അത്തരം രാഷ്ട്രീയ പദ്ധതികളെയെല്ലാം അങ്ങേയറ്റം പ്രതീക്ഷയോടെയും ആവേശത്തോടെയും നോക്കിനിൽക്കുന്നൊരാളാണ് ഞാൻ. എന്റെ സന്തോഷങ്ങളിൽ അത്തരം കാഴ്ചകൾ ഉണ്ട്.

രാഷ്ട്രീയമായി തന്നെ സ്പർശിച്ച ഇനിയുമേറെ സന്ദർഭങ്ങളുണ്ട്. അടുത്ത കാലത്ത് വായിച്ച ഏറ്റവും ഗംഭീരമായ പുസ്തകം ഐജാസ് അഹ്മദിനോട് ദീർഘമായി സംസാരിച്ച് അദ്ദേഹത്തിന്റെ ധൈഷണിക ജീവിതത്തെ മുഴുവൻ ഒപ്പിയെടുത്ത് വിജയ് പ്രഷാദ് തയ്യാറാക്കിയ ‘നത്തിംഗ് ഹ്യൂമൻ ഈസ് ഏലിയൻ റ്റു മി' ആയിരുന്നു. ഇടതുപക്ഷമായിരിക്കുന്നതിൽ അത്രമേൽ ആത്മവിശ്വാസം പകർന്നൊരു പുസ്തകമായിരുന്നു അത്. എല്ലാക്കാലത്തേക്കുമുള്ള ഒരു മാർഗദർശി പോലെ അത് എനിക്കൊപ്പം തുടരുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഒരു സുഹൃത്തിനൊപ്പം ആദ്യമായി ഒരു പുസ്തകം വിവർത്തനം ചെയ്യാൻ ആരംഭിച്ചതും ഇതേ കൃതിയായിരുന്നു. വിജയ് പ്രഷാദ് വഴി ആ വിവരം ഐജാസ് അഹ്മദിനെ അറിയിക്കുകയും ചെയ്തിരുന്നു. വർഷാവസാനമെത്തുമ്പോൾ ആ വിവർത്തനം ഏകദേശം പൂർത്തിയായിരിക്കുന്നു. എന്നാൽ മഹാനായ മാർക്‌സിസ്റ്റ് ചിന്തകൻ ഐജാസ് അതിന് മുന്നേ യാത്രയായി. ഞാൻ ജീവിതത്തിൽ കണ്ട വലിയ പോരാളികളിൽ ഒരാളായിരുന്നു അമ്മുക്കുട്ടിയേച്ചി എന്ന് വിളിക്കുന്ന കെ.എസ്​. അമ്മുക്കുട്ടിയെന്ന കമ്യൂണിസ്റ്റുകാരി. ‘വിശപ്പല്ലേ കുഞ്ഞേ, ഒരാൾ കൂടി പണിക്ക് പോയാൽ അത്രേം കൂടിയായില്ലേ എന്ന് കരുതി' എന്ന് 13-ാം വയസിൽ പണിക്ക് പോയി തുടങ്ങിയതിനെക്കുറിച്ച് പറഞ്ഞ, പിന്നീട് കർഷക തൊഴിലാളി യൂണിയന്റെ അഖിലേന്ത്യാ വർക്കിംഗ് കമ്മറ്റിയംഗം വരെയായി മാറിയ അഞ്ചാം ക്ലാസുകാരി അമ്മുക്കുട്ടി സഖാവ്.

ഒരു ദിവസം പുലർന്നത് അമ്മുക്കുട്ടിയേച്ചിയുടെ മരണവാർത്തയുമായി വന്ന ഫോൺ കോളോടുകൂടിയായിരുന്നു. അതുപോലെ ഒരു ദിവസം സഖാവ് കോടിയേരിയുടെ മരണവാർത്തയും തേടിയെത്തി. വിദഗ്ദ ചികിൽസയ്ക്കായി ചെന്നൈലേക്ക് പോകുന്നതിന് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തെ വീട്ടിൽ പോയി ഞങ്ങൾ കണ്ടിരുന്നു. എസ്.എഫ്.ഐയുടെ അഖിലേന്ത്യാ ജാഥ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു അത്. അടിയന്തിരാവസ്ഥാ കാലത്ത് ഉൾപ്പടെ എസ്.എഫ്.ഐയെ ധീരമായി നയിച്ച വിദ്യാർഥി നേതാവായിരുന്നു കോടിയേരി. തീരെ അവശനായിരുന്നു ഞങ്ങൾ കണ്ടപ്പോൾ അദ്ദേഹം. എന്നിട്ടും കുറച്ചധികം നേരം ഞങ്ങളോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് തീരെ വയ്യാതാകുന്നു എന്ന് കണ്ടപ്പോൾ ഞങ്ങൾ തന്നെ യാത്ര പറഞ്ഞ് ഇറങ്ങുകയായിരുന്നു.

എഴുതാൻ വിട്ടുപോയ എത്രയോ കാര്യങ്ങളുണ്ട്. ഒരു കാലവും നമ്മെ തൊടാതെ കടന്നു പോകില്ലെന്ന് അടിവരയിട്ട മറ്റൊരു വർഷം കൂടി പൂർത്തിയാകുന്നു. അതിന്റെ ഒഴുക്ക് തുടരുന്നുണ്ട്. പലതും പ്രാരംഭത്തിലും ചിലതെല്ലാം തുടർച്ചയിലും ആണ്. വരാനിരിക്കുന്ന കാലം അവയ്‌ക്കെല്ലാമൊപ്പം തുഴയും.

Comments