തുടർ മുഖ്യമന്ത്രിയാകുന്ന പിണറായി വിജയനോട് എൻ.എസ്. മാധവൻ

തുടർഭരണത്തിന്റെ കാര്യത്തിൽ ഉൽക്കണ്ഠക്ക് സ്ഥാനമില്ല. ഇത് കോൺഗ്രസിനെ തളർത്താനും പോകുന്നില്ല. ഇതിലും മോശം അവസ്ഥയിൽ നിന്ന് കോൺഗ്രസ് തിരിച്ചു വന്നിട്ടുണ്ട്.

Truecopy Webzine

കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റുകൾക്ക് എപ്പോഴും, എ.കെ.ജി സെന്ററും മുഖ്യമന്ത്രിയുടെ ഓഫീസും എന്നീ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടായിരുന്നുവെന്നും അത് കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായില്ല എന്നും അതിന് കുറെ വില കൊടുക്കേണ്ടിവന്നുവെന്നും പ്രമുഖ എഴുത്തുകാരൻ എൻ.എസ്. മാധവൻ.

‘‘കഴിഞ്ഞ തവണ പിണറായി വിജയൻ പിന്തുടർന്നത് ഒരു ചീഫ് മിനിസ്റ്റീരിയൽ ഭരണമായിരുന്നു. അത് കേരളത്തിലെ ഇടതുപക്ഷത്തിന്റെ രീതിയായിരുന്നില്ല. ഇക്കാര്യങ്ങളിലൊക്കെ ഒരു സമവായം ഇത്തവണ ഉണ്ടായേക്കാം. അങ്ങനെ കുറെ പ്രശ്നങ്ങളെ തീർക്കാനാവുമായിരിക്കും എന്നാണ് എനിക്കു തോന്നുന്നത്.''- ട്രൂ കോപ്പി വെബ്‌സീനിനുവേണ്ടി എൻ.ഇ. സുധീറുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

പൊലീസ് നയം മാറ്റണം, പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കണം എന്നൊക്കെ താൻ പറഞ്ഞിട്ടുള്ള കാര്യവും മാധവൻ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. തുടർഭരണത്തിന്റെ കാര്യത്തിൽ ഉൽക്കണ്ഠക്ക് സ്ഥാനമില്ല. ഇത് കോൺഗ്രസിനെ തളർത്താനും പോകുന്നില്ല. ഇതിലും മോശം അവസ്ഥയിൽ നിന്ന് കോൺഗ്രസ് തിരിച്ചു വന്നിട്ടുണ്ട്. കേരളത്തിൽ ബി.ജെ.പി ഇതിലധികമൊന്നും വളരുമെന്ന് കരുതുന്നില്ല. ഇവിടെ സംഭവിക്കാൻ പോകുന്നത്, ബി.ജെ.പിയിലെ കേരളത്തിലെ ഇപ്പോഴത്തെ നേതൃത്വത്തിന് പകരം ഇന്ത്യയിൽ മറ്റു പലേടത്തും വർക്കു ചെയ്യുന്ന മലയാളികളായ ആർ.എസ്. എസ് നേതാക്കളെ ഇറക്കുമതി ചെയ്ത് മറ്റൊരു ധ്രുവീകരണ ശ്രമം നടക്കും- മാധവൻ പറയുന്നു.

ലോകത്തിൽ എവിടെയെല്ലാം ശക്തന്മാരും മൂഢന്മാരുമായ ഭരണാധികാരികളുണ്ടായിരുന്നുവോ അവിടെയെല്ലാം കോവിഡ് ഒരു വലിയ പ്രശ്നമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിന് വലിയൊരു ഉദാഹരണമാണ് അമേരിക്കയിലെ മുൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ഈ കാറ്റഗറിയിൽ പെടുന്ന ഭരണാധികാരിയാണ് മോദിയും. ജനാധിപത്യവിരുദ്ധരും ഫാസിസ്റ്റ് മനോഗതിയുള്ളതുമായ ഭരണാധികാരികൾ എവിടെയെല്ലാം ഭരിക്കുന്നുവോ അവിടെയെല്ലാം കോവിഡിന് ഇത്തരത്തിൽ മാരകമായ വ്യാപനം ഉണ്ടായിട്ടുണ്ട്. ഇവർ വെറും നാഭിദൃക്കുകളാണ്. ഇവർക്ക് ഇവരുടെ സ്വന്തം നാഭിയ്ക്കപ്പുറത്ത് ഒരു ലോകമുള്ളതായി തോന്നുന്നില്ല. ഇത്രയും വലിയ മഹാമാരി നടക്കുമ്പോൾ മോദി 10,000 കോടി രൂപ ചെലവാക്കി സെൻട്രൽ വിസ്ത പണിത് സ്വന്തം മഹത്വം ഭാവി തലമുറക്കായി അവശേഷിപ്പിക്കാനാണ് ശ്രമിക്കുന്നത്. സത്യം പറഞ്ഞാൽ മനുഷ്യസ്നേഹമില്ലാത്ത ഒരുകൂട്ടം ഭരണാധികാരികളാണ് നമുക്കുള്ളത്. അത്തരക്കാർ ഭരിക്കുന്ന എല്ലായിടത്തും കോവിഡ് ഇത്തരത്തിൽ രൂക്ഷമായിട്ടുണ്ട്.

മോദിയുടെ ഭരണം കൊണ്ടുവന്ന ന്യൂനപക്ഷ വിരോധം, പൗരത്വ ബിൽ തുടങ്ങിയ മനുഷ്യാവകാശ വിരുദ്ധ നടപടികൾ ലോകരാഷ്ടങ്ങളുടെ മുമ്പിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർത്തിട്ടുണ്ട്. ഈ പ്രതിച്ഛായ വീണ്ടെടുക്കുന്നതിന് ഇന്ത്യയിൽ ഉൽപാദിപ്പിച്ച കോവിഡ് വാക്സിൻ ഏതാണ്ട് 94 രാജ്യങ്ങൾക്ക് ആദ്യം തന്നെ വിതരണം ചെയ്തു. അതിന്റെ ഫലമായിട്ടാണ് ഇപ്പോൾ ഇന്ത്യയിൽ ആദ്യ ഡോസെടുത്തവർക്കുപോലും രണ്ടാം ഡോസ് കൊടുക്കാൻ വാക്സിൻ ഇല്ലാത്തത്. ഇേവിടെ നടത്തിക്കൊണ്ടിരുന്ന ചെയ്തികൾ ലോകരാഷ്ട്രങ്ങൾക്കു മുന്നിലുണ്ടാക്കിയേക്കാവുന്ന പ്രതിച്ഛായക്കുറവിനെ വാക്സിൻ നൽകി തിരിച്ചുപിടിക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ. അതിന്റെ ഫലമായാണ് ഇവിടത്തെ വാക്സിൻ പ്രതിസന്ധി വർധിച്ചത്. ഇങ്ങനെയൊരു വിഷ്യസ് സർക്കിളിൽ കിടന്ന് നമ്മൾ കറങ്ങുകയാണെന്നാണ് എനിക്കു തോന്നുന്നത്- മാധവൻ വ്യക്തമാക്കി.

കോവിഡിന്റെ രണ്ടാം തരംഗം നേരിടുന്നതിൽ കേന്ദ്ര സർക്കാറി​നുണ്ടായ വീഴ്​ചകളും വാക്​സിൻ പ്രതിസന്ധിയും കേരളത്തിലെ ഇടതുപക്ഷ തുടർഭരണവും വിശകലനം ചെയ്യുന്ന
അഭിമുഖത്തിന്റെ പൂർണരൂപം വെബ്‌സീൻ പാക്കറ്റ് 24ൽ വായിക്കാം.

Comments