ഗീവർഗീസച്ചാ, കാലുയർത്തി അടിച്ചുപരത്തൂ, ഈ എഴുത്തുത​മ്പ്രാക്കന്മാരെ

ഹിഗ്വിറ്റ എന്ന കഥ എഴുതപ്പെടുന്ന സമയത്ത്​ എത്ര മലയാളികൾക്ക്​ ഹിഗ്വിറ്റയെ അറിയാം എന്നതിന്​ എൻ.എസ്​. മാധവന്​ എന്തുകണക്കാണ്​ നിരത്താനുള്ളത്​? ഹിഗ്വിറ്റയെ അറിയുന്ന ആളുകളുടെ എണ്ണത്തിന്റെ അടിസ്​ഥാനത്തിലാണോ, ഈ കളിക്കാരന്റെ പേരിൽ കോപ്പി റൈറ്റ്​ ഉന്നയിക്കാൻ മാധവൻ എന്ന കഥാകൃത്ത്​ മുതിരുന്നത്​? ‘ഹിഗ്വിറ്റ’ എന്ന കഥ വരുന്നതിനുമുമ്പും ശേഷവും തീർച്ചയായും ഈ കളിക്കാരൻ മലയാളികളടക്കം, ഫുട്ബോൾ കാണുന്നവരുടെ മുന്നിലുണ്ട്​.

തിവിചിത്രമായ ഒരു കോപ്പിറൈറ്റ് അവകാശവാദം നടക്കുകയാണ് മലയാളത്തിൽ. മലയാളിയുടെ സർഗശേഷിയെ ക്രിയാത്മകമായി സ്വാധീനിച്ച എഴുത്തുകാരാണ് ഈ അവകാശവാദത്തിനുപുറകിൽ എന്നതുമാത്രമല്ല, സൃഷ്ടികളുടെമേലുള്ള എല്ലാതരത്തിലുമുള്ള സ്വകാര്യസ്വത്തവകാശപ്രകടനങ്ങളെയും പുരോഗമനപരമായ ചോദ്യം ചെയ്യലുകൾക്കുവിധേയമാക്കിയ എഴുത്തുകാരുടെ കൂട്ടത്തിൽ പെട്ടവരുമാണിവരെന്നു പറയാം.

മലയാള കഥയിൽ, ഭാവുകത്വപരമായ നവീകരണം കൊണ്ടുവന്ന കഥയാണ് എൻ.എസ്. മാധവൻ എഴുതിയ ഹിഗ്വിറ്റ. 1992 -ൽ പുറത്തുവന്ന, പത്തുവർഷത്തെ മൗനത്തിനുശേഷമുള്ള അദ്ദേഹത്തിന്റെ പ്രധാന കഥകളിൽ ഒന്ന്. എന്തുകൊണ്ടാണ് മാധവൻ തന്റെ കഥയക്ക് ഈ പേരിട്ടത്? 2018 -ൽ മലയാള മനോരമക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു: ‘‘ലോകത്തെ മികച്ച പത്തു ഗോളികളിൽ പോലും ഹിഗ്വിറ്റ വരില്ല. പക്ഷെ, ഹിഗ്വിറ്റ ഏറ്റവും വ്യത്യസ്തനായ ഗോളിയായിരുന്നു. 10 വർഷത്തെ മൗനത്തിനുശേഷം തിരിച്ചുവന്ന് ആദ്യമെഴുതുന്ന കഥയാണ് അത്. അതുകൊണ്ടാണ് കഥക്ക് ആ പേരിട്ടത്.''

അതായത്, വ്യത്യസ്തമായ ഒരു സന്ദർഭത്തെയും കഥാപാത്രത്തെയും കഥയിൽ ആവിഷ്‌കരിക്കാൻ, അത്രതന്നെ വ്യത്യസ്തതയുള്ള ഒരു കളിക്കാരൻ എന്ന് താൻ കരുതുന്ന ഒരാളുടെ പേര് കഥയ്ക്ക് നൽകുകയാണ് എൻ.എസ്. മാധവൻ ചെയ്തത്. സ്‌കൂളിലെ പി.ടി മാഷുടെ മകനായ ഗീവറുഗീസ് എന്ന ഗീവറുഗീസ് അച്ചനാണ് ഈ കഥയിലെ നായകൻ. സെവൻസ് ഫുട്‌ബോളിലെ താരമായിരുന്നു ഗീവറുഗീസ്. മൈതാനത്ത് ഹിഗ്വിറ്റ നടത്തുന്നതിനുസമാനമായി, ജീവിതത്തിൽ ഒരിടപെടൽ നടത്തുകയാണ്​ ഗീവറുഗീസ്​ അച്ചൻ. ളോഹ ഊരിവച്ച് വീട്ടുജോലിക്കാരിയായ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ രക്ഷകനായി ഇടപെടുന്നു അദ്ദേഹം. തനിക്കിഷ്ടമുള്ള ഒരു ഫുട്‌ബോൾ കളിക്കാരന്റെ കേളീശൈലിയുടെ അതിസമർഥമായ അന്യാപദേശമായിരുന്നു ഈ കഥ.

ഇപ്പോൾ, സുരാജ് വെഞ്ഞാറമ്മൂട് നായകനായി, ഹേമന്ത് ജി. നായർ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘ഹിഗ്വിറ്റ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയിരിക്കുന്നു. ഈ പോസ്റ്റർ പങ്കുവെച്ച് എൻ.എസ്. മാധവൻ ഇങ്ങനെ ട്വീറ്റ് ചെയ്തു: ‘ഒരു എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഇത്രയേ പറയാനുള്ളൂ: ഇത് ദുഃഖകരമാണ്.'

ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദുഃഖകരമാണ് എന്നാണ് അദ്ദേഹം പറയുന്നത്: ‘അനേകം തലമുറകൾ അവരുടെ സ്‌കൂൾ തലത്തിൽ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുന്ന അവകാശം മറികടന്ന് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെ എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഇത്രയേ പറയാനുള്ളൂ ഇത് ദുഃഖകരമാണ്.'- ഇങ്ങനെയാണ് അദ്ദേഹത്തിന്റെ വിചിത്രമായ ട്വീറ്റ്. തന്റെ കഥയുടെ ജനപ്രിയത കവരാനുള്ള ശ്രമമാണ് ഈ സിനിമയുടെ ടൈറ്റിലിലൂടെ നടത്തുന്നത് എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതുസംബന്ധിച്ച് എൻ.എസ്. മാധവൻ സർക്കാറിന് കത്തു നൽകിയതായും അറിയുന്നു.

എൻ.എസ്. മാധവന്റെ വാദം ശരിയാകുമായിരുന്നു; "ഹിഗ്വിറ്റ' എന്ന കഥ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ അതേ ടൈറ്റിലോടെ സിനിമയാക്കുകയാണ് എങ്കിൽ. എന്നാൽ, സിനിമക്ക് ഒരുതരത്തിലും എൻ.എസ്. മാധവന്റെ കഥയുമായി ബന്ധമില്ല എന്ന് സംവിധായകൻ തന്നെ പറഞ്ഞിട്ടുണ്ട്. കൊളംബിയൻ ഗോൾകീപ്പറായ ഹിഗ്വിറ്റയുടെ പേരാണ് സിനിമക്ക് ഉപയോഗിച്ചത്. ഒരു ഗോൾകീപ്പറെപോലെ തന്റെ രാഷ്ട്രീയപാർട്ടിയെ പ്രതിരോധിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കഥയാണ് സിനിമ. സംവിധായകന്റെ ഈ വിശദീകരണത്തിൽ ഒരു സംശയത്തിനും ഇടയില്ല. എൻ.എസ്. മാധവൻ തന്റെ കഥാസന്ദർഭത്തെ വ്യത്യസ്തമായി ആവിഷ്‌കരിക്കാൻ എങ്ങനെയാണോ ഹിഗ്വിറ്റ എന്ന ഗോളിയെ ഉപയോഗപ്പെടുത്തിയത്, അതേ സർഗാത്മകമായ ഒരാവിഷ്‌കാരം തന്നെയാണ് ഹിഗ്വിറ്റ എന്ന സിനിമാ ടൈറ്റിലിലൂടെ ഹേമന്ത് ജി. നായരും നടത്തുന്നത്.

ഹിഗ്വിറ്റ എന്ന പേര് മലയാളികൾക്ക് പരിചയപ്പെടുത്തിയത് താനാണ് എന്ന മട്ടിലുള്ള ഒരു അവകാശവാദത്തിനും എൻ.എസ്. മാധവൻ മുതിരുന്നുണ്ട്. അദ്ദേഹത്തിന്റെ ട്വീറ്റിനൊപ്പം വി.കെ. ആദർശിന്റെ ട്വീറ്റുകൂടി ഷെയർ ചെയ്തത് നമുക്ക് വായിക്കാം: ഹിഗ്വിറ്റ എന്നു പറയുമ്പോൾ ഓർമയിലാദ്യം എത്തുന്നത് എൻ.എസ്. മാധവൻ കഥയാണ്. ആ കാൽപ്പന്തുകളിക്കാരൻ വിസ്മൃതിയിലായെങ്കിലും ഓർമപ്പാട് കഥയുടെ പേരിലെന്നേ പതിഞ്ഞു. ഇപ്പോ, ദാ അതേ പേരിൽ ഒരു സിനിമയും. കഥയും കഥാകാരനുമായി ഇതിന് ബന്ധമുണ്ടാകണമെന്നില്ല. ഫുട്ബോ​ൾ കാലത്ത് ഓർമ പറഞ്ഞുവെന്നുമാത്രം' എന്നാണ് ആദർശിന്റേതായി ഷെയർ ചെയ്യപ്പെട്ട ട്വീറ്റ്.

എൻ.എസ്. മാധവൻ / Photo: Wikimedia Commons

എന്നാൽ, 2022ൽ സിനിമയെടുക്കുന്ന ഒരു സംവിധായകനുമുന്നിൽ ഹിഗ്വിറ്റ എന്നത് എൻ.എസ്. മാധവൻ ‘കണ്ടുപിടിച്ച' ഒരു ഫുട്‌ബോൾ താരമാണോ? തീർച്ചയായും അല്ല. മലയാളികൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ഒരു ഫുട്​ബോൾ താരമാണ്​. ഈ കഥ എഴുതപ്പെടുന്ന സമയത്ത്​ എത്ര മലയാളികൾക്ക്​ ഹിഗ്വിറ്റയെ അറിയാം എന്നതിന്​ എൻ.എസ്​. മാധവന്​ എന്തുകണക്കാണ്​ നിരത്താനുള്ളത്​? ഹിഗ്വിറ്റയെ അറിയുന്ന ആളുകളുടെ എണ്ണത്തിന്റെ അടിസ്​ഥാനത്തിലാണോ, ഈ കളിക്കാരന്റെ പേരിൽ കോപ്പി റൈറ്റ്​ ഉന്നയിക്കാൻ മാധവൻ എന്ന കഥാകൃത്ത്​ മുതിരുന്നത്​? ‘ഹിഗ്വിറ്റ’ എന്ന കഥ വരുന്നതിനുമുമ്പും ശേഷവും തീർച്ചയായും ഈ കളിക്കാരൻ മലയാളികളടക്കം, ഫുട്ബോൾ കാണുന്നവരുടെ മുന്നിലുണ്ട്​.

മാത്രമല്ല, ഫുട്‌ബോൾ കളി എന്ന നിലയ്ക്കുമാത്രമല്ല, അതിന്റെ സൗന്ദര്യശാസ്ത്രത്തെയും രാഷ്ട്രീയത്തെയുമെല്ലാം കുറിച്ച് അതിനുപുറകേ സഞ്ചരിക്കുന്നവർ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുകയുമാണ്. ഫുട്‌ബോൾ താരങ്ങളെ വെറും കളിക്കാരായല്ല, അവർ, പ്രതിനിധീകരിക്കുന്ന വിശാലമായ മാനവികതയുടെയും മറ്റും തലത്തിൽ വ്യാഖ്യാനിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. അത്തരമൊരു കാലത്ത്, അതും ഫുട്‌ബോളിനെ ചോരയിൽ ചാലിച്ച മനുഷ്യരുള്ള കേരളം പോലുള്ള ഒരു മണ്ണിൽനിന്നുകൊണ്ട്, ഒരു കളിക്കാരനെ അദ്ദേഹത്തിന്റെ പേരടക്കം സ്വന്തമാക്കാനുള്ള ഒരെഴുത്തുകാരന്റെ ആഗ്രഹത്തെ എങ്ങനെയാണ് വിശേഷിപ്പിക്കുക?

ഹിഗ്വിറ്റ. Photo: instagram

എൻ.എസ്. മാധവന് പിന്തുണയുമായി കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദൻ ഫേസ്ബുക്കിലിട്ട പോസ്റ്റ്, എഴുത്തുകാരൻ എന്ന നിലയിൽ സച്ചിദാനന്ദൻ പ്രതിനിധീകരിക്കുന്നുവെന്നു മലയാളികൾ ധരിച്ചുപോരുകയും അദ്ദേഹം തന്നെ അവകാശപ്പെടുകയും ചെയ്യുന്ന, സ്വാതന്ത്ര്യബോധത്തിലധിഷ്ഠിതമായ ധിഷണാജീവിതത്തിന്റെ റദ്ദാക്കൽ കൂടിയാണ്. സച്ചിദാനന്ദൻ എഴുതുന്നു: ‘‘എൻ എസ് മാധവന്റെ ‘ഹിഗ്വിറ്റ' എന്ന കഥയുടെ പേർ ഉപയോഗിച്ച് ഒരു കൂട്ടർ ആ കഥയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സിനിമ നിർമ്മിക്കുന്നതായി അറിയുന്നു. ഇത് അധാർമ്മികമാണ്. എഴുത്തുകാർ ഒന്നടങ്കം പ്രതിഷേധിക്കും എന്ന് പ്രതീക്ഷിക്കുന്നു. നീല പത്മനാഭന് വേണ്ടി മുൻപൊരിക്കൽ ഇതുപോലെ ഒരു സന്ദർഭത്തിൽ തമിഴ്നാട് സർക്കാർ ഇടപെട്ട പോലെ സർക്കാർ ഇടപെടണം എന്നും അഭ്യർത്ഥിക്കുന്നു.''

‘ഖസാക്കിന്റെ ഇതിഹാസം', ‘ആടുജീവിതം' എന്നിവയൊക്കെ പോലെ, മാധവന്റെ കഥയുടെ പേര് എന്ന നിലയ്ക്കാണ് ഹിഗ്വിറ്റ എന്ന ടൈറ്റിലിനെയും സച്ചിദാനന്ദൻ വളച്ചൊടിക്കുന്നത്. സച്ചിദാനന്ദൻ "ഗാന്ധി' എന്ന പേരിൽ നാടകം എഴുതിയിട്ടുണ്ടല്ലോ. ഇനി, ‘ഗാന്ധി' എന്ന പേരിൽ മറ്റൊരു നാടകം പാടില്ല എന്ന് ഇതേ യുക്തിവച്ച് സച്ചിദാനന്ദൻ പറയുമോ? ‘ഗാന്ധി' എന്ന പേര് ഏതെങ്കിലും രചനക്ക് ഉപയോഗിക്കാൻ സച്ചിദാനന്ദന്റെ അനുവാദം വാങ്ങേണ്ടിവരുമോ? മാധവന്റെ കഥയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സിനിമയാണ് നിർമിക്കുന്നത് എന്ന് സച്ചിദാനന്ദൻ തന്നെ പറയുന്നുണ്ട്. അതിൽനിന്നുതന്നെ, ആ സിനിമക്ക് ആ ടൈറ്റിൽ ഉപയോഗിക്കാനുള്ള അവകാശം വകവച്ചുകൊടുക്കേണ്ടതല്ലേ?

‘ഹിഗ്വിറ്റ' മലയാള കഥയിൽ ഒരു ലാൻഡ്മാർക്ക് ആയിരുന്നു എന്ന സച്ചിദാനന്ദന്റെ അഭിപ്രായം, എല്ലാ മലയാളി വായനക്കാരും അംഗീകരിക്കുന്നതാണ്. അതുകൊണ്ടുമാത്രം, ജീവിച്ചിരിക്കുന്ന ഒരു ഫുട്‌ബോൾ താരത്തിന്റെ പേരിനുമേൽ അവകാശവാദമുന്നയിക്കാൻ ആ കഥാകൃത്തിന് കഴിയുന്നതിന്റെ ന്യായം സച്ചിദാനന്ദൻ വ്യക്തമാക്കേണ്ടതുണ്ട്. ‘അത്തരം ഒരു ശീർഷകം ഒരു സിനിമയ്ക്ക് ഉപയോഗിക്കുമ്പോൾ കഥാകൃത്തിനെ അറിയിക്കുകയെങ്കിലും ചെയ്യുന്നത് സാമാന്യമര്യാദ മാത്രമാണ്' എന്ന് സച്ചിദാനന്ദൻ പറയുന്നതിനും ഒരുതരം ന്യായീകരണവുമില്ല. കാരണം, ഇന്ന് ഒരു സിനിമാ സംവിധായകന്റെ മുന്നിൽ ‘ഹിഗ്വിറ്റ' എന്ന പേര്, തീർച്ചയായും ഒരു കഥയുടെ ടൈറ്റിൽ അല്ല, അതൊരു കളിക്കാരൻ തന്നെയാണ്. ‘മറഡോണ എന്നോ നെയ്മർ എന്നോ റൊണാൾഡോ എന്നോ പേരിടുന്ന പോലെയല്ല, ഒരു പ്രശസ്തമായ സാഹിത്യസൃഷ്ടിയുടെ പേര് ഒരു സിനിമയ്ക്ക് ഇടുന്നത്' എന്നും സച്ചിദാനന്ദൻ പറയുന്നുണ്ട്.
ഹിഗ്വിറ്റ എന്നത് ഒരു പ്രശസ്ത സാഹിത്യസൃഷ്ടിയുടെ പേരുമാത്രമാണ് എന്ന വാദം സാമാന്യയുക്തിക്ക് നിരക്കുന്നതാണോ? ഈ പേര് എൻ.എസ്. മാധവന്റെ സൃഷ്ടിയാണെങ്കിൽ മാത്രമല്ലേ, സച്ചിദാനന്ദന്റെ വാദം നിലനിൽക്കുകയുള്ളൂ?

സച്ചിദാനന്ദൻ. ഫോട്ടോ: മുഹമ്മദ്. എ.

സാഹിത്യത്തിലും കലയിലും എഴുത്തുകാരുടെയും കലാകാരുടെയും വായനക്കാരുടെയും ആസ്വാദകരുടെയുമെല്ലാം യാഥാസ്ഥിതികമായ ഓണർഷിപ്പുകൾ അപ്രസക്തമാകുകയും എഴുത്തും കലാസൃഷ്ടിയുമെല്ലാം ബഹുസ്വരവും ജനാധിപത്യപരവുമായ സ്വാംശീകരണങ്ങളിലൂടെ, അവയുടെ സ്രഷ്ടാക്കൾക്കുപുറത്തേക്ക് വികസിക്കുകയും അവ പുതിയ രചനകൾ തന്നെയായി പുനരാവിഷ്‌കരിക്കപ്പെടുകയും ചെയ്യുന്ന കാലം കൂടിയാണിത്. ഓരോ രചനയും അവ വായിക്കുകയും ആസ്വദിക്കുകയും കാണുകയും കേൾക്കുകയുമെല്ലാം ചെയ്യുന്ന ഏതു മനുഷ്യന്റെയും സ്വന്തമാക്കപ്പെടുന്ന ഒരു കാലത്താണ്, വരേണ്യവും യാഥാസ്ഥിതികവുമായ ഓണർഷിപ്പുകൾ- അതും, നമുക്കുമുന്നിൽ ചോരയും നീരുമായി ജീവിച്ചിരിക്കുന്ന, നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്റെ പേരിൽ പോലും- നമ്മുടെ എഴുത്തുകാർ അവകാശപ്പെടുന്നു എന്നത്, ‘വിരിനെഞ്ചിൽ പന്തെടുത്ത് തല കൊണ്ടടിച്ച്' പറത്തിവിടേണ്ട ദുരാചാരമാണ്.

Comments