ഒടുവിൽ യാത്രയും മുടക്കി, ലക്ഷദ്വീപ്​ ഇപ്പോഴും ഭരണകൂടവേട്ടയുടെ നടുക്കടലിലാണ്​

ചികിത്സയും വിദ്യാഭ്യാസവും ഉൾപ്പെടെ പല കാര്യങ്ങൾക്കും ലക്ഷദ്വീപുകാർ കേരളത്തെയാണ് ആശ്രയിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് വരുന്നതും തിരിച്ചുപോകുന്നതും പഴയതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും ദിവസങ്ങളോളം അല്ലെങ്കിൽ ആഴ്ചകളോളം കാത്തിരുന്നാൽ മാത്രമാണ് ദ്വീപിലേക്കുള്ള കപ്പൽ ടിക്കറ്റ് ലഭിക്കുന്നത്. കാരണം, രണ്ട് കപ്പലുകൾ മാത്രമാണ് ഇപ്പോൾ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്നത്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ദ്വീപ് വാസികളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തിൽ യാത്രാക്കപ്പലുകളുടെ എണ്ണം വെട്ടിക്കുറച്ചത്.

കൊച്ചിയിൽ നിന്നും ബേപ്പൂരിൽ നിന്നുമായി ഏഴ് യാത്രാക്കപ്പലുകളാണ് ലക്ഷദ്വീപിലേക്ക് നേരത്തെ ഉണ്ടായിരുന്നത്. ബേപ്പൂരിൽ നിന്നുള്ള അമിനി ദ്വീപ്, മിനിക്കോയ് കപ്പലുകൾ ഒരു മുന്നറിയിപ്പ് പോലും നൽകാതെയാണ് സർവീസ് നിർത്തിയത്. 450 പേർക്ക് കയറാവുന്ന എം.വി. കോറൽസ്, എം.വി. ലഗൂൺ എന്നീ കപ്പലുകൾ മാത്രമാണ് ഇപ്പോൾ കൊച്ചിയിൽ നിന്ന് സവർവീസ് നടത്തുന്നത്. കപ്പലുകളുടെ എണ്ണം കുറഞ്ഞതോടെ ടിക്കറ്റ് നിരക്കിൽ 100 ശതമാനത്തോളം വർധനയും ഉണ്ടായിട്ടുണ്ട്.

ബി.ജെ.പി. നേതാവ് പ്രഫുൽ ഖോഡ പട്ടേൽ അഡ്മിനിസ്‌ട്രേറ്ററായി എത്തിയതുമുതൽ ലക്ഷദ്വീപിൽ ജനങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഭരണകൂട ഇടപെടലുകളാണ് നടക്കുന്നത്. ഒരുതരത്തിലും ജനങ്ങളെ പരിഗണിക്കാതെ, സംഘപരിവാർ അജണ്ട നടപ്പാക്കാൻ മാത്രമാണ് പ്രഫുൽ പട്ടേലിന്റെ ശ്രമം. പ്രഫുൽ പട്ടേൽ വന്നതിനുശേഷമുള്ള ഓരോ പ്രവർത്തനങ്ങളുമായി ചേർത്തുവെച്ചുതന്നെ വേണം ഇപ്പോൾ ദ്വീപ് വാസികളുടെ യാത്രാസൗകര്യങ്ങൾ ചുരുക്കുന്നതിനെയും കാണാൻ.

ഭരണകൂടത്തിന്റെ നയങ്ങളെ വിമർശിക്കുന്നവരെ കേസിൽ കുടുക്കിയും ജയിലിലടച്ചും ഭയപ്പെടുത്തി നിശബ്ദരാക്കുകയാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന്റെ പേരിലും അഡ്മിനിസ്‌ട്രേറ്ററെ വിമർശിച്ചതിന്റെ പേരിലുമൊക്കെ ഒട്ടേറെ പേർക്കെതിരെയാണ് കേസെടുത്തത്. എന്നാൽ ലക്ഷദ്വീപിനെ രക്ഷിക്കാൻ ജീവൻ കളഞ്ഞും പോരാടാൻ ഈ ജനത തയ്യാറാണ്. 144 പ്രഖ്യാപിച്ചും കേസെടുത്തും ഒതുക്കാൻ ഭരണകൂടം ശ്രമം തുടരുമ്പോഴും ജനങ്ങൾ ചെറുത്തുനിൽപ്പ് ശക്തമാക്കുക തന്നെയാണ്.

Comments