പ്രൊഫ. എം.കെ. പ്രസാദ്:
അദ്ദേഹത്തിന്റെ ആശങ്കകള്‍ പോലും
നമുക്കൊരു ധൈര്യമായിരുന്നു
പ്രൊഫ. എം.കെ. പ്രസാദ്: അദ്ദേഹത്തിന്റെ ആശങ്കകള്‍ പോലും നമുക്കൊരു ധൈര്യമായിരുന്നു
ചില വിഷയങ്ങളില്‍ അദ്ദേഹം രേഖപ്പെടുത്തിയ അഭിപ്രായ വ്യത്യാസങ്ങള്‍ പോലും നമുക്ക് നല്ല രീതിയില്‍ ഗുണം ചെയ്തിട്ടുണ്ട്. ചില കാര്യങ്ങളില്‍ ഇന്ന നിലപാട് സ്വീകരിക്കാന്‍ പാടില്ലാത്തതാണെന്നൊക്കെ പറയുന്നതൊരു ഗുണമാണ്. അദ്ദേഹമൊരിക്കലും പ്രത്യേകമായ എന്തെങ്കിലും താല്‍പര്യങ്ങളുടെ തടവറയില്‍ നിന്നുകൊണ്ടല്ല അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുള്ളത്. വിശാലമായ ഒരു താല്‍പര്യത്തെയാണ് അദ്ദേഹം ചേര്‍ത്തുവച്ചത്. പരിസ്ഥിതിയെന്നത് ഏറ്റവും ഗൗരവകരമായ കാര്യമാണെന്നദ്ദേഹം നമുക്ക് പറഞ്ഞുതന്നു: തിങ്കളാഴ്ച രാവിലെ അന്തരിച്ച പ്രൊഫ. എം.കെ. പ്രസാദിനെ കൃഷി വകുപ്പുമന്ത്രി പി. പ്രസാദ് ഓർക്കുന്നു
17 Jan 2022, 12:56 PM
എന്റെ വിദ്യാര്‍ത്ഥി ജീവിത കാലത്തുതന്നെ പ്രൊഫ. എം.കെ പ്രസാദ് എന്ന പേരും പരിസ്ഥിതി വിഷയങ്ങളില്‍ അദ്ദേഹമെടുക്കുന്ന നിലപാടുകളും ശ്രദ്ധയില്‍പ്പെട്ടതാണ്. എന്റെ തലമുറയില്‍പ്പെട്ടവര്‍ക്ക് അദ്ദേഹത്തിന്റെ നിലപാടുകളോട് അടുപ്പം തോന്നുകയും സൈലന്റ്‌വാലി പ്രക്ഷോഭത്തിന്റെയൊക്കെ ചുവടുപിടിച്ച് കേരളത്തില്‍ നടന്ന എല്ലാ പരിസ്ഥിതി പ്രശ്നങ്ങളിലും അദ്ദേഹം നടത്തിയ ഇടപെടലുകളോട് ആദരവ് തോന്നുകയും ചെയ്തിട്ടുണ്ട്. അത് പിന്നീട് നല്ല ഒരു അടുപ്പത്തിന് കാരണമായി. പലപ്പോഴും പല പ്രശ്നങ്ങളിലും ഇടപെടുമ്പോള്‍ അദ്ദേഹത്തോട് അഭിപ്രായം ചോദിച്ച് നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അപ്പോഴെല്ലാം വളരെ തുറന്ന മനസ്സോടെ, നിറഞ്ഞ ചിരിയോടെ- അദ്ദേഹത്തിന്റെ ആ ചിരി വളരെ പ്രശസ്തമാണ്- നമുക്ക് വേണ്ട ഉപദേശങ്ങള്‍ തരും. ഉള്ളില്‍ നിന്നുവന്ന് മുഖത്ത് പരക്കുന്ന തരത്തില്‍ യാതൊരു കാപട്യവുമില്ലാത്ത ചിരിയാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിനടുത്തെത്തുന്നതും സംസാരിച്ചിരിക്കുന്നതും വലിയ കരുത്ത് നല്‍കുന്ന അനുഭവമായി തോന്നിയിട്ടുണ്ട്.
അവസാനമായി അദ്ദേഹത്തെ കണ്ടത് തെരഞ്ഞെടുപ്പിനൊക്കെ ശേഷമായിരുന്നു. കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംബന്ധിയായ ഓഫീസിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. ഇടയ്ക്കെല്ലാം അവിടെ അദ്ദേഹം മീറ്റിംഗുകള്‍ക്കായി വരുമായിരുന്നു. അവിചാരിതമായി അദ്ദേഹമവിടെ ഉണ്ടെന്നറിഞ്ഞ് ഞാന്‍ പോയി കാണുകയായിരുന്നു. ഒരു രക്ഷകര്‍ത്താവിനടുത്ത് ഇരിക്കുന്നതുപോലെയാണ് അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ തോന്നിയിട്ടുള്ളത്. അതുപോലുള്ള സ്നേഹവും വാത്സല്യവുമാണ് എനിക്കും എന്നെ പോലെ നിരവധി പേര്‍ക്കും പകര്‍ന്നുകിട്ടിയിട്ടുണ്ട്. ഞാന്‍ എ.ഐ.എസ്.എഫിന്റെയും മറ്റും ചുമതലക്കാരനായിരിക്കുന്ന അവസരത്തില്‍ പല മീറ്റിംഗുകള്‍ക്കും വിളിക്കുമ്പോള്‍ അദ്ദേഹം എത്തുമായിരുന്നു.
ഞങ്ങളൊക്കെ എടുത്ത പരിസ്ഥിതി അനുകൂല നിലപാടുകളുടെ കാര്യത്തില്‍ എം.കെ പ്രസാദ് മാഷിന്റെ ഉറച്ച പിന്തുണയും പിന്‍ബലവും ഉണ്ടായിരുന്നു. നമുക്കൊരു ധൈര്യമായിരുന്നു അദ്ദേഹത്തിന്റെ സാമിപ്യം. ഗൗരവകരമായ ചില പ്രശ്നങ്ങള്‍ കേരളീയ സമൂഹത്തില്‍ ഉയര്‍ന്നുവരികയും പരിസ്ഥിതി സംബന്ധമായ വിഷയങ്ങളില്‍ നിലപാടുകള്‍ സ്വീകരിക്കേണ്ടതായി വരികയും ചെയ്യുന്ന അവസരങ്ങളില്‍ വിദഗ്ധാഭിപ്രായം തേടി ഞങ്ങള്‍ ചെന്നിരുന്നത് എം.കെ. പ്രസാദ് മാഷിന്റെ അടുക്കലാണ്. ഒരു നിലപാട് സ്വീകരിക്കാന്‍ ഉതകുന്ന എല്ലാ വിധത്തിലുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അദ്ദേഹത്തില്‍ നിന്ന് ലഭിക്കുമായിരുന്നു. അത് വലിയൊരു ബലമായിരുന്നു, ഒരു കരുത്തായിരുന്നു. ആ ഒരു കരുത്തില്ലാതാകുന്നുവെന്നതാണ് ഏറ്റവും വലിയ പ്രശ്നം.

ഓരോ വിഷയങ്ങളുണ്ടാകുമ്പോഴും അദ്ദേഹത്തോട് അഭിപ്രായം ചോദിക്കുകയും അദ്ദേഹത്തിന്റെ ഉപദേശം തേടുകയും ചെയ്യുന്നതില്‍ നിന്ന് കിട്ടുന്ന ഊര്‍ജ്ജം ചെറുതായിരുന്നില്ല. ചിലപ്പോള്‍ അദ്ദേഹം തന്നെ പ്രകടിപ്പിച്ചിരുന്ന ചില പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാകും. നമുക്കത് ചെയ്യാന്‍ കഴിയുമോയെന്ന് ആശങ്കകള്‍ പങ്കുവയ്ക്കും. അദ്ദേഹം പങ്കുവയ്ക്കുന്ന ആശങ്കയും വിഷമവും പോലും നമുക്കൊരു ധൈര്യമായി മാറുമായിരുന്നു. അത്രമാത്രം ആഴം ആ വിഷയത്തിനുണ്ടെന്ന് നമുക്ക് മനസ്സിലാകും അതിലൂടെ. ചില വിഷയങ്ങളുണ്ടാകുമ്പോള്‍ നമ്മളൊക്കെ എന്ത് പറയാന്‍, ഇത് നടക്കുമോ, എങ്ങനെ നടത്താന്‍ പറ്റും എന്നൊക്കെ അഭിപ്രായം പറയും. അദ്ദേഹത്തിന് അത്രയും വിഷമം ഒരു വിഷയത്തില്‍ തോന്നുന്നെങ്കില്‍ ആ പ്രശ്നത്തില്‍ അത്ര ഗൗരവത്തോടെ നമ്മള്‍ ഇടപെട്ടേ മതിയാകൂവെന്ന് നമുക്ക് തോന്നുമായിരുന്നു. എല്ലാ അര്‍ത്ഥത്തിലും അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഒരു കരുത്തും ബലവുമായിരുന്നു.
ചില വിഷയങ്ങളില്‍ അദ്ദേഹം രേഖപ്പെടുത്തിയ അഭിപ്രായ വ്യത്യാസങ്ങള്‍ പോലും നമുക്ക് നല്ല രീതിയില്‍ ഗുണം ചെയ്തിട്ടുണ്ട്. ചില കാര്യങ്ങളില്‍ ഇന്ന നിലപാട് സ്വീകരിക്കാന്‍ പാടില്ലാത്തതാണെന്നൊക്കെ പറയുന്നതൊരു ഗുണമാണ്. അദ്ദേഹമൊരിക്കലും പ്രത്യേകമായ എന്തെങ്കിലും താല്‍പര്യങ്ങളുടെ തടവറയില്‍ നിന്നുകൊണ്ടല്ല അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുള്ളത്. വിശാലമായ ഒരു താല്‍പര്യത്തെയാണ് അദ്ദേഹം ചേര്‍ത്തുവച്ചത്. പരിസ്ഥിതിയെന്നത് ഏറ്റവും ഗൗരവകരമായ കാര്യമാണെന്നദ്ദേഹം നമുക്ക് പറഞ്ഞുതന്നു.
‘സൈലൻറ് സ്പ്രിങ്’ പോലുള്ള പുസ്തകം ‘പാടാത്ത പക്ഷികള്‍’ എന്ന പേരില്‍ കേരളത്തില്‍ അവതരിപ്പിക്കുമ്പോള്‍ അതൊരു പുതിയ അനുഭവമായിരുന്നു. റേച്ചല്‍ കാഴ്സണെ കേരളത്തില്‍ പരിചയപ്പെടുത്തുന്നത് എം.കെ. പ്രസാദ് മാഷാണ്. അതെല്ലാം വേറിട്ട ഒരു അനുഭവമായിരുന്നു. ഇതെല്ലാമാണ് നമ്മുടെ പ്രകൃതിയില്‍ സംഭവിക്കുന്നതെന്നും ഇന്നതിനോടെല്ലാം എതിര്‍ത്ത് നിന്നേ മതിയാകൂവെന്നുമുള്ള ധാരണയിലേക്ക് നമ്മള്‍ എത്തുന്നത് അങ്ങനെയാണ്.
(മന്ത്രി പി. പ്രസാദുമായി സംസാരിച്ച് തയാറാക്കിയത് അരുണ്‍ ടി. വിജയന്‍)
അനസുദ്ദീൻ അസീസ്
May 12, 2022
8 minutes read
മുഹമ്മദ് ഫാസില്‍
Apr 28, 2022
9 Minutes Watch
ബിപിന്‍ ചന്ദ്രന്‍
Apr 26, 2022
7 Minutes Read
സി. രാധാകൃഷ്ണൻ അമ്പലപ്പുഴ
Apr 04, 2022
2 minutes read
സിവിക് ചന്ദ്രൻ
Mar 19, 2022
3 Minutes Read
ജോയ് മാത്യു
Mar 19, 2022
3 Minutes Read
കെ.വി. ദിവ്യശ്രീ
Mar 11, 2022
17 Minutes Watch