truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 18 May 2022

truecoppy
Truecopy Logo
Readers are Thinkers

Wednesday, 18 May 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
churuli

Opinion

ചുരുളിയിലെ തെറി:
കാക്കിക്കുള്ളിലാണ്​
കലാഹൃദയം

ചുരുളിയിലെ തെറി: കാക്കിക്കുള്ളിലാണ്​ കലാഹൃദയം

‘ചുരുളി’ എന്ന സിനിമയിലെ തെറികള്‍ ഒരു കലാവിഷ്‌കാരമെന്ന നിലയില്‍ സിനിമയുടെ പൂര്‍ണതയ്ക്ക് തീര്‍ത്തും ആവശ്യമാണെന്ന്​ വിലയിരുത്തിയ പൊലീസ്​ ഓഫീസർ പത്മകുമാറിന്റെ സഹൃദയത്വം കേരളാ പൊലീസിലെ പ്രബലരായ ക്രിമിനലുകളിലും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയനേതൃത്വത്തിലും മാനസാന്തരമുണ്ടാക്കുമെന്നൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും അത് ഒരു തുറന്ന ജനാധിപത്യത്തിലുള്ള പൗരന്റെ പ്രതീക്ഷയെയും വിശ്വാസത്തെയും ഉറപ്പിക്കുന്നതാണ്. എന്നാല്‍, സമൂഹം അംഗീകരിച്ച, വിശ്വാസ്യതയുള്ള ഒരു കലാകാരന്റെ സിനിമ, അത് നല്ലതോ ചീത്തയോ ആവട്ടെ, പ്രദര്‍ശനയോഗ്യമാണോ എന്ന് പൊലീസ് തീരുമാനിക്കുന്ന ഒരു രാജ്യത്ത് ജീവിക്കുന്നതിനേക്കാള്‍ ഭേദം നാടുകടത്തപ്പെടുന്നതാണ്.

20 Jan 2022, 03:19 PM

ഒ.കെ. ജോണി

കാവിയണിഞ്ഞ സെന്‍സര്‍ ബോര്‍ഡിനേക്കാള്‍ സിനിമ മനസിലാവുക കാക്കിയണിഞ്ഞ പൊലീസിനാണോ?  ആ സംശയമാണ് ഈ സാന്ദര്‍ഭികക്കുറിപ്പിന്റെ പ്രചോദനം. 

സംസ്‌കാരത്തിന്റെയും സദാചാരത്തിന്റെയുമെല്ലാം കാവല്‍മാലാഖമാരായി വാര്‍ത്തകളില്‍ ഇടംപിടിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന സദാചാര ഗുണ്ടകള്‍ക്ക് അടുത്തിടെ വീണുകിട്ടിയ ഒരു ആയുധമായിരുന്നു ചുരുളി എന്ന സിനിമ. ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡിന്റെ അധികാര പരിധിയിലല്ലാത്ത ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ പ്രത്യക്ഷപ്പെട്ട ആ സിനിമയിലെ തിരഞ്ഞെടുത്ത ചില രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. നാട്ടിന്‍പുറത്തെ സാധാരണക്കാരും, സാധാരണക്കാരായ പാവങ്ങളോട് സംസ്ഥാനത്തെ ക്രിമിനലുകളായ ഒരു വിഭാഗം പൊലീസുകാരും നിരന്തരം പ്രയോഗിക്കാറുള്ള തെറിവാക്കുകളാണ് ആ രംഗങ്ങളില്‍ കഥാപാത്രങ്ങള്‍ പരസ്പരം വിളിച്ചിരുന്നത്. വളരെ ക്രൂഡായ ഒരു സാധാരണ സിനിമയാവുമെന്ന് സിനിമാപരിചയമുള്ള ആരെയും ബോദ്ധ്യപ്പെടുത്തുവാന്‍ സെക്കന്റുകള്‍ മാത്രമുള്ള ആ രംഗങ്ങള്‍ ധാരാളവുമാണ്. ഒരു പുരുഷായുസ്സില്‍ കണ്ടുതീര്‍ക്കാനാവാത്തത്ര ക്ലാസിക് സിനിമകള്‍ മുന്നിലുള്ളപ്പോള്‍ നല്ലൊരു സിനിമാസ്വാദകന്  ഇത്തരം സിനിമകള്‍ കാണേണ്ട കാര്യവുമില്ലല്ലോ. 

Churuli
‘ചുരുളി’യിൽ ചെമ്പൻ വിനോദ്​, വിനയ്​ ​ഫോർട്ട്​

എന്നാല്‍, ഒ.ടി.ടിയില്‍ വന്ന ആ സിനിമയിലെ തെറിവിളികള്‍ സമൂഹത്തെ വഴിതെറ്റിക്കുന്ന അശ്ലീലമാണെന്നാരോപിച്ച്​  സദാചാര ബോധത്താല്‍ വിജ്രംഭിതയായ ഒരു തൃശൂരുകാരി ഹൈക്കോടതിയിലെത്തിയതോടെയാണ്, ചുരുളി തരക്കേടില്ലാത്ത ഒരു സിനിമയാവാനിടയുണ്ടെന്ന തോന്നലുണ്ടായത്. സദാചാരപ്പൊലീസ് ചമയുന്ന മനോരോഗികളെ പുറത്തുകൊണ്ടുവരാന്‍ ആ സിനിമയിലെ തെറിവിളിക്ക് കഴിഞ്ഞുവല്ലോ.

ഓരോ സാംസ്‌കാരികോല്‍പ്പന്നത്തിനും, അത് കലയായാലും കച്ചവടമായാലും ഓരോ കാലത്തും ഓരോരോ ദൗത്യങ്ങളുണ്ടെന്ന് അറിയാത്തവരുണ്ടാവില്ല. ഭേദപ്പെട്ടതും നല്ലതുമായ ഏതാനും സിനിമകളെടുത്ത ലിജോ ജോസ് പല്ലിശ്ശേരി എന്ന സംവിധായകനും ഈയര്‍ത്ഥത്തില്‍ തന്റെ സാമൂഹികമായ ഉത്തരവാദിത്വം ചുരുളിയിലൂടെ നിര്‍വ്വഹിച്ചിരിക്കുന്നുവെന്ന് പറയുവാന്‍ മടിക്കേണ്ടതില്ല. ഇനിയും ആ സിനിമ കണ്ടിട്ടില്ലാത്ത എനിക്ക് അത്രയും സാമാന്യ വിജ്ഞാനം നല്‍കിയതാവട്ടെ, മാന്യന്മാര്‍ സംശയത്തോടെ മാത്രം (തെല്ല് പേടിയോടെയും!)  കാണേണ്ട കേരളാ പൊലീസാണെന്നതാണ് കൗതുകകരമായ സംഗതി.

ALSO READ

ചുരുളി: കാണാക്കാഴ്ചകളുടെ പറുദീസ

ചുരുളി നിരോധിക്കണമെന്നാവശ്യപ്പെട്ട്​ സ്വയംപ്രഖ്യാപിത സദാചാരസംരക്ഷകര്‍ രംഗത്തുവന്നതോടെ ഹൈക്കോടതി കണ്ടെത്തിയ ഉപായം, സിനിമയിലെ അശ്ലീലം ശ്ലീലമാണോ എന്ന് പരിശോാധിക്കുവാന്‍ ഐ.പി. എസ് ആപ്പീസറുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയെ നിയോഗിക്കുകയെന്നതായിരുന്നു. സഹൃദയനായ പത്മകുമാര്‍ എന്ന ഐ.പി.എസുകാരനായിരുന്നു അതിന്റെ നേതൃത്വം. സിനിമയുടെ പ്രമേയത്തിനും അതത് സന്ദര്‍ഭങ്ങളുടെ സ്വാഭാവികതയ്ക്കും അനുസൃതമായി ഉപയോഗിച്ചിരിക്കുന്ന ആ തെറികള്‍ ഒരു കലാവിഷ്‌കാരമെന്ന നിലയില്‍ സിനിമയുടെ പൂര്‍ണതയ്ക്ക് തീര്‍ത്തും ആവശ്യമാണെന്നാണ് പത്മകുമാര്‍ വിലയിരുത്തിയത്. ഒരു പരിഷ്‌കൃസമൂഹം കലാസൃഷ്ടികളെ കാണേണ്ടത് എങ്ങിനെയായിരിക്കണമെന്നതിന്റെ മികച്ച ദൃഷ്ടാന്തമാണിത്. ഒരുപക്ഷെ, പെരുമാള്‍ മുരുകനെതിരെയുള്ള കേസില്‍ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കുശേഷമുണ്ടായ യുക്തിഭദ്രവും നീതിയുക്തവും പ്രശംസനീയവുമായ ഒരു നിരീക്ഷണമായിരുന്നു പത്മകുമാര്‍ കമ്മിറ്റിയുടേത്.

വിശേഷിച്ചും, പൗരന്റെ ഏതുതരം സര്‍ഗ്ഗാത്മകാവിഷ്‌കാരങ്ങളെയും അഭിപ്രായങ്ങളെയും അടിച്ചമര്‍ത്തുവാന്‍ ആസൂത്രിത ശ്രമങ്ങളുണ്ടാവുന്ന ഇക്കാലത്ത് പൊലീസ് ഇത്തരമൊരു നിലപാടെടുക്കുകയെന്നത് നിസ്സാരമല്ല. സിനിമയെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമെല്ലാം വികലധാരണകള്‍ മാത്രമുള്ള സംഘപരിവാരഭക്തരായ നൂറാംകിട സിനിമാ- സീരിയല്‍ വേഷങ്ങള്‍ സെന്‍സര്‍ബോര്‍ഡിലെത്തിയതോടെ ബോധമുള്ള സംവിധായകര്‍ സിനിമയെടുക്കുവാന്‍ പേടിക്കുന്ന ഇക്കാലത്ത് ഒരു സിനിമയെ സിനിമയായിക്കാണാന്‍ സന്മനസും സഹൃദയത്വവും പ്രകടിപ്പിച്ച കേരള പൊലീസിലെ ഈ ഉദ്യോഗസ്ഥന്മാര്‍ ലിജോ പല്ലിശ്ശേരിയുടെ മാത്രമല്ല, സകല സിനിമാപ്രേമികളുടെയും പ്രശംസയര്‍ഹിക്കുന്നുണ്ട്. സംഘപരിവാര സര്‍ക്കാരിന്റെ സെന്‍സര്‍ ബോര്‍ഡിനേക്കാള്‍ സിനിമയെ വിലയിരുത്താന്‍ പ്രാപ്തി  കേരളാ പൊലീസിനാണെന്നുകൂടി തെളിയിക്കപ്പെട്ട ഒരു സംഭവമാണിത്.

Churuli

സിനിമാ മാദ്ധ്യമത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സംബന്ധിച്ച ഒരു പ്രശ്‌നത്തില്‍ തീരുമാനമെടുക്കുവാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയ കോടതി നടപടിയെ സംശയത്തോടെയും പേടിയോടെയും കണ്ടവരിലൊരാളാണ് ഞാനും. കാരണം, അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ സെന്‍സര്‍മാര്‍ക്കൊപ്പം അച്ചടി മാദ്ധ്യമങ്ങളെയും സിനിമയെയുമെല്ലാം നിയന്ത്രിക്കാനിറങ്ങിയ കേരളാ പൊലീസിന്റെ പരാക്രമങ്ങളെക്കുറിച്ച് അക്കാലത്തുതന്നെ നേരിട്ടറിയാനിടയായ ഒരാളെന്ന നിലയില്‍ എനിക്കതില്‍ പേടിയും പ്രതിഷേധവും ഉണ്ടായിരുന്നു. പി.എ. ബക്കറിന്റെ കബനീനദി ചുവന്നപ്പോള്‍ സെന്‍സറിങ്ങിനുശേഷം തിയേറ്ററിലെത്തിയപ്പോഴും കേരള പൊലീസ് തിയേറ്ററുകളില്‍ നിരീക്ഷകരായി കാവലുണ്ടായിരുന്നുവെന്നോര്‍ക്കുക. മോദിയുടെ ഇന്ത്യയിലെ ഇന്നത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലും സര്‍ക്കാര്‍ അനുകൂലികളല്ലാത്തവരെ വേട്ടയാടിക്കൊണ്ടിരിക്കുമ്പോള്‍, ചുരുളിക്കെതിരെ രംഗത്തെത്തിയ സദാചാര ഗുണ്ടകളെയും ഭയപ്പെടാതെവയ്യ. അവരെ നിരുത്സാഹപ്പെടുത്തിയ പത്മകുമാറിനോട് നന്ദി പറയാതെയും വയ്യ.      

ALSO READ

ആലുവയിലെ ആ പൊലീസ് സ്റ്റേഷനും ചുരുളിയും തമ്മില്‍

     

പൊലീസുകാര്‍ സ്‌റ്റേഷനിലെത്തുന്നവരോടും വഴിയില്‍ക്കാണുന്നവരോടും അനവസരത്തില്‍, നിയമവിരുദ്ധമായി ഉപയോഗിക്കുന്ന ഒന്നാംതരം തെറികള്‍ അവസരോചിതം സ്വാഭാവികമായി ചിത്രീകരിച്ചതുകണ്ടതുകൊണ്ടാവാം പൊലീസ് സിനിമയക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് സാമൂഹികമായ ഉത്തരവാദിത്വങ്ങളില്ലാത്ത സാമൂഹിക മാദ്ധ്യമങ്ങള്‍ പതിവുപോലെ തമാശ പറയുന്നുണ്ടെങ്കിലും ഞാന്‍ ആ തമാശക്കാരോടൊപ്പമല്ല. വൃത്താന്ത മാധ്യമങ്ങളിലും കലയിലും സാഹിത്യത്തിലും നാടകത്തിലും സിനിമയിലും ചിത്രകലയിലുമെല്ലാം  ഉത്തരവാദിത്വബോധത്തോടെ പെരുമാറുന്ന പൗരന്മാരെ നിക്ഷിപ്ത താല്‍പര്യക്കാരുടെ ക്രിമിനല്‍ സംഘങ്ങളും ഭരണകൂടവും അടിച്ചമര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യയില്‍, പൊലീസ് മേധാവിയായ പത്മകുമാറിന്റെ ഈ ഔദ്യോഗിക നിലപാടിന് വലിയ അര്‍ത്ഥവും പ്രാധാന്യവമുണ്ടെന്ന് ഞാന്‍ കരുതുന്നു. പത്മകുമാറിന്റെ സഹൃദയത്വം കേരളാ പൊലീസിലെ പ്രബലരായ ക്രിമിനലുകളിലും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയനേതൃത്വത്തിലും മാനസാന്തരമുണ്ടാക്കുമെന്നൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും അത് ഒരു തുറന്ന ജനാധിപത്യത്തിലുള്ള പൗരന്റെ പ്രതീക്ഷയെയും വിശ്വാസത്തെയും ഉറപ്പിക്കുന്നതാണ്. എന്നാല്‍, സമൂഹം അംഗീകരിച്ച, വിശ്വാസ്യതയുള്ള ഒരു കലാകാരന്റെ സിനിമ, അത് നല്ലതോ ചീത്തയോ ആവട്ടെ, പ്രദര്‍ശനയോഗ്യമാണോ എന്ന് പൊലീസ് തീരുമാനിക്കുന്ന ഒരു രാജ്യത്ത് ജീവിക്കുന്നതിനേക്കാള്‍ ഭേദം നാടുകടത്തപ്പെടുന്നതാണ്.

Churuli

അതുകൊണ്ടാണ് ലിജോയുടെ പടം കാണാതെ തന്നെ, അത് നല്ലതോ തിയ്യതോ എന്നറിയാതെതന്നെ അതിനോടൊപ്പം നില്‍ക്കുവാന്‍ പലരും സന്നദ്ധരാവുന്നത്. പൊലീസിനുപകരം, ചുരുളിയിലെ അശ്ലീലത്തെക്കുറിച്ച് അഭിപ്രായമാരായാന്‍ കേരളത്തിലെ മാറിമാറിവരുന്ന സര്‍ക്കാരുകളെ പ്രീണിപ്പിക്കുവാന്‍ മത്സരിക്കുന്ന, എസ്റ്റാബ്ലിഷ്‌മെന്റുകളുടെ ദാസ്യമനോഭാവക്കാരായ എതെങ്കിലും സാംസ്‌കാരിക നായികാനായകന്മാരെയായിരുന്നു നിയോഗിച്ചിരുന്നതെങ്കില്‍ ലിജോ ജോസ് എന്ന സംവിധായകന്‍ പ്രതിക്കൂട്ടിലാവുമായിരുന്നു. അതോര്‍ക്കുമ്പോള്‍, പത്മകുമാര്‍ ഉള്‍പ്പടെയുള്ള കാക്കിക്കുള്ളിലെ കലാഹൃദയങ്ങള്‍ മലയാളിയുടെ മാനംകാത്തുവെന്നേ പറഞ്ഞുകൂടൂ. സിനിമയിലെ അശ്ലീല സംഭാഷണത്തേക്കാള്‍ വലിയ അശ്ലീമാണ് സദാചാരഗുണ്ടകളുടെ വാദമുഖങ്ങളെന്നുകൂടിയാണ് അവരുടെ നിരീക്ഷണത്തിന്റെ കാതല്‍.

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

ഇത്തരുണത്തിലാണ്, കേരള ചലച്ചിത്ര അക്കാദമിയെ ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലാക്കുന്നതാവില്ലേ കരണീയമെന്ന തോന്നലുണ്ടാവുന്നത്. കാരണം, നടിയെ ആക്രമിച്ച കേസിനോടനുബന്ധിച്ച് രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുറന്നുനോക്കാന്‍ രണ്ടുകൊല്ലമായിട്ടും സമയംകിട്ടാതിരുന്ന സാംസ്‌കാരിക വകുപ്പ് മരയ്ക്കാര്‍ സിനിമയുടെ റിലീസിനെച്ചൊല്ലി ബേജാറാവുന്നതുകാണുന്ന ഒരു മലയാളിക്ക് വേറെന്താണ് നിര്‍ദ്ദേശിക്കാനാവുക? 

  • Tags
  • #Churuli
  • #O.K Johnny
  • #CINEMA
  • #Kerala Police
  • #Lijo Jose Pellissery
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Puzhu Movie Review

Film Review

വി.കെ. ബാബു

കുട്ടപ്പനും കുട്ടനും

May 15, 2022

10 Minutes Read

koodevide

Film Review

യാക്കോബ് തോമസ്

നെഗറ്റീവ്​, ആണത്തം, മമ്മൂട്ടി: ‘കൂടെവിടെ’ വീണ്ടും കാണാം

May 15, 2022

16 Minutes Read

Ratheena Puzhu Director

Interview

ടി.എം. ഹര്‍ഷന്‍

എന്റെ സെറ്റില്‍ ഒരാളും സ്ത്രീകളോട് മോശമായി പെരുമാറില്ല

May 15, 2022

31 Minutes Watch

Appunni Sasi

Film Review

അരുണ്‍ ടി. വിജയന്‍

നമ്മുടെയെല്ലാമുള്ളില്‍ ഇഴഞ്ഞു നടക്കുന്ന പുഴു

May 14, 2022

4 Minutes Read

Mammootty Interview with Harshan

Interview

ടി.എം. ഹര്‍ഷന്‍

Mammootty Interview with Harshan

May 11, 2022

22 Minutes Watch

Kireedam Mohanlal Jeril Joy

Film Studies

ജെറില്‍ ജോയ്

‘കിരീടം’ സിനിമയിലെ സവർണത: ഒരു വിയോജിപ്പ്​

May 06, 2022

7 Minutes Read

Vijay Babu

Crime against women

കെ.വി. ദിവ്യശ്രീ

വിജയ്​ബാബുവിനെതിരായ പരാതി പൊലീസ്​ പിടിച്ചുവച്ചത്​ എന്തിന്​?

May 05, 2022

14 Minutes Read

Janaganamana

Film Review

ഇ.കെ. ദിനേശന്‍

ജന ഗണ മന: രാഷ്​ട്രീയം പറയുന്ന മലയാള സിനിമ

May 05, 2022

8 minutes Read

Next Article

ജാതിഗ്രാമത്തിലെ പൊന്മുട്ടയി(ടാത്ത)ടുന്ന ഗള്‍ഫ്                     

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster