18 Aug 2021, 02:50 PM
ശമ്പളം പറ്റുന്ന ഒരുദ്യോഗമായി
ജീവിതത്തെ മാറ്റിയെടുത്തതില്‍ പിന്നെ
സന്ദേഹം എന്തെന്നറിഞ്ഞിട്ടില്ല.
സന്തോഷമോ, സങ്കടമോ
പട്ടികയിലെ മറ്റ് വികാരങ്ങളെന്തുമാകട്ടെ,
അനുവദിക്കപ്പെട്ട സമയത്തിനപ്പുറമില്ല.
മുഷിയുമ്പോള്‍ തല്‍ക്കാലം തെറിച്ചു നില്‍ക്കാന്‍
പ്രക്ഷുബ്ധമായ ഇടങ്ങള്‍ പോലുമൊരുക്കിയ
അന്തസ്സുറ്റ ചട്ടക്കൂടുകള്‍
‘എങ്ങനെയുണ്ട്' എന്ന് ചോദിക്കുന്നതും
‘അങ്ങിനേ പോണു'എന്ന് പറയുന്നതും
ഔദ്യോഗിക അഭിവാദനങ്ങള്‍
ചോദിക്കുന്നവരും പറയുന്നവരും
പല ഷിഫ്റ്റുകളുള്ള ഒരൊറ്റ ഫാക്ടറിയിലെ
പരസ്പര ബഹുമാനമുള്ള ശമ്പളക്കാര്‍
വീട്, ഓഫീസ്, വിനോദ കേന്ദ്രങ്ങള്‍
പരിമിതമുദ്രയുള്ള ത്രികോണപ്രയാണങ്ങള്‍
എവിടെയും മുദ്രിതമാകുകയുമില്ല.
അരക്ഷിതമായ ഒരുണ്മയെന്നോണം
മറ്റെവിടെയോ ജീവിതം തിരയുന്നവര്‍
കഥാപുസ്തകത്തില്‍ പോലും ഇല്ലാതായി.
തോന്നുംപടി അലയുന്നവരെ
ചട്ടപ്പടി പണിക്കാരാക്കുന്ന
ദുര്‍ഗ്ഗുണ പരിഹാര പാഠശാലയാണ് ലോകം.
കിട്ടുന്ന ശമ്പളത്തിനൊത്ത്
ജീവിച്ചുകൊണ്ടേയിരിക്കണം
പണിമുടക്കമില്ല, രാജിയില്ല.
മാസാമാസം ശമ്പളം കിട്ടും
മരിക്കും വരെ ജീവിക്കും.
2020-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരജേതാവ് ഒ.പി. സുരേഷ് ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 9-ല്‍ എഴുതിയ കവിത.

എസ്. ജോസഫ്
Jul 03, 2022
9 Minutes Read
എം.സി. അബ്ദുള്‍നാസര്‍
Jun 28, 2022
11 Minutes Read
എം.ആര്‍ രേണുകുമാര്‍
Apr 22, 2022
23 Minutes Read