കുട്ടികള്‍ ഞങ്ങള്‍ ഇത് മലയാളത്തില്‍ എഴുതിക്കോട്ടെ എന്നു ചോദിച്ചാല്‍ അധ്യാപകർ പുലികളാകും. തുടര്‍പഠനം, ഉന്നത വിദ്യാഭ്യാസം, ദേശീയപരീക്ഷകള്‍.. അവരുടെ കണ്ണു മിഴിക്കലിന് മുന്നില്‍ രക്ഷയുണ്ടാവില്ല. പിന്നെന്താണ് ക്ലാസ് പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ ആക്കാത്തത്? ഇംഗ്ലീഷില്‍ സംസാരിക്കാനും ആശയ വിനിമയം നടത്താനും ഉള്ള സന്ദര്‍ഭങ്ങള്‍ ക്ലാസില്‍ കൊണ്ടു വരാത്തത്? എന്നതിന്റെ ഉത്തരമാണ് വിചിത്രം. അത് കുട്ടികള്‍ക്ക് മനസ്സിലാവില്ല. കുട്ടികള്‍ക്ക് വേണ്ടിയാണ് അങ്ങനെ ചെയ്യാത്തത്. അല്ലാതെ ഇംഗ്ലീഷ് ആ നിലയില്‍ തനിക്ക് വഴങ്ങാത്തത് കൊണ്ടാണെന്ന് ഒരാളും സമ്മതിച്ചുതരില്ല.
13 Jun 2022, 10:40 AM
ഭാഷകൊണ്ട് മുറിവേറ്റവരുടെ ചോര കിനിയുന്ന ഓര്‍മ്മകള്‍ മലയാള ഐക്യവേദിയുടെ സംസ്ഥാന തല കൂടിയിരിപ്പില്‍ വിവിധ ജില്ലകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ പങ്കുവെക്കുകയുണ്ടായി. കടുത്ത ഭാഷാ വിവേചനത്തിന്റെ ഇരകളായിരുന്നു അവർ. വിദ്യാഭ്യാസ ഘട്ടത്തില്‍ സ്വന്തം മാതൃഭാഷ ഉപയോഗിക്കാനാഞ്ഞ സന്ദര്‍ഭങ്ങളില്‍ അപമാനിതരായവര്‍, അവസരങ്ങള്‍ നഷ്ടപ്പെട്ടവര്‍, പഠന സാമഗ്രികള്‍ ഇല്ലാതെ കുഴങ്ങിയവര്‍.. അവര്‍ പറയുമ്പോള്‍ അധ്യാപകരായ, സാംസ്‌കാരിക പ്രവര്‍ത്തകരായ മനുഷ്യര്‍ ലജ്ജകൊണ്ട് പുളയുകയായിരുന്നു. ഇതൊക്കെ നടക്കുന്നത് "മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്ത്യന്ന് പെറ്റമ്മ തന്‍ ഭാഷ താന്‍' എന്ന് മേനി നടിച്ചിരുന്ന ഒരു ദേശത്തു തന്നെയാണോ എന്നവര്‍ അമ്പരന്നു. അവരുടെ അനുഭവ കഥനങ്ങളില്‍ പലതിലും പ്രതികളായവര്‍ അധ്യാപകരായതുകൊണ്ട് സ്വന്തം തൊഴിലിന്റെ മനുഷ്യ വിരുദ്ധമുഖം കണ്ട് പലരും ഞടുങ്ങി. ഭാഷയാല്‍ ഉണ്ടാക്കപ്പെട്ട ഒരു ദേശം അതിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനത്തെപ്പോലും അപമാനകരമായി കാണുന്ന ദുര്‍ഗ്ഗതിയില്‍ എത്തിയതിന്റെ നേര്‍സാക്ഷ്യമായിരുന്നു അവരുടെ അനുഭവങ്ങള്‍. അവര്‍ സ്വയം അവരെ വിശേഷിപ്പിച്ചത് ഭാഷയാല്‍ മുറിവേറ്റവര്‍ എന്നാണ്.
അതില്‍ മിക്കതിലെയും പ്രധാന പ്രതികള്‍ ഹയര്‍ സെക്കന്ററി അധ്യാപകരായിരുന്നു. തങ്ങളുടെ വിദ്യാഭ്യാസ ഘട്ടത്തിലെ ഏറ്റവും ഉപയോഗശൂന്യമായ, സംഘര്‍ഷഭരിതമായ, ഉത്കണ്ഠകള്‍ മാത്രം സമ്മാനിച്ച കാലമായി അവര്‍ വിലയിരുത്തിയത് ഹയര്‍ സെക്കന്ററി പഠനകാലത്തെയാണ്. പത്താംതരം വരെ നല്ല സ്‌കോര്‍ വാങ്ങി വന്നവര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പിന്നീട് വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയവരും. എന്നാല്‍ ഹയര്‍ സെക്കന്ററി ഘട്ടത്തെ അവര്‍ ഇന്നും ഭീതിയോടെയാണ് ഓര്‍ക്കുന്നത്. അതിലെ പ്രധാനപ്പെട്ട ഒരു കാരണം ഇംഗ്ലീഷ് എന്ന ഭാഷയാണ്. മലയാള മാധ്യമത്തിലും ഇംഗ്ലീഷ് മീഡിയത്തിലും പഠിച്ചവര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഏത് മീഡിയത്തില്‍ പഠിച്ചാലും അവര്‍ക്ക് വഴങ്ങാത്ത ഒരു ഭാഷയായി ഇംഗ്ലീഷ് അപ്പോഴും നിലകൊണ്ടു. തനിക്ക് വഴങ്ങാത്ത ഭാഷയില്‍ വായിക്കുകയും എഴുതുകയും ചെയ്യേണ്ടി വന്നപ്പോള്‍ അവര്‍ അവരുടെ ഇഷ്ട വിഷയങ്ങളെപ്പോലും വെറുത്തു. ഒരാശയവും മനസ്സിലാകാതെ, ഉള്ളില്‍ ഒന്നും കയറാതെ കാണാപ്പാഠം പഠിച്ച് അവര്‍ എങ്ങിനെയോ ആ കടമ്പ കടന്നു എന്നു മാത്രം. ചിലപ്പോള്‍ മാതൃഭാഷയില്‍ ആ വിഷയങ്ങള്‍ ലളിതമായി തങ്ങളിലേക്ക് പകര്‍ന്നിരുന്നെങ്കില്‍, അതിന്റെ അന്വേഷണ, സംവാദ, അവതരണവഴികളില്‍ തങ്ങളെക്കൂടി പങ്കാളികളാക്കിയിരുന്നെങ്കില്‍ രസതത്രത്തിന്റെയും ഊര്‍ജ്ജതന്ത്രത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും ഒക്കെ മേഖലകളില്‍ മൗലികമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവരായി വളരേണ്ടുന്നവരായിരുന്നു അവര്‍.

2007-ലെ പാഠ്യപദ്ധതി നവീകരണ സന്ദര്‍ഭത്തിലാണ് ഹയര്‍ സെക്കന്ററിയില്‍ പരീക്ഷാ ചോദ്യപേപ്പറുകളില്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും ചോദ്യങ്ങള്‍ അച്ചടിക്കാന്‍ തുടങ്ങിയത്. വലിയ എതിര്‍പ്പുകള്‍ അക്കാര്യത്തില്‍ പല വിഷയവിദഗ്ധരും പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ ഉദാത്തമായ വിഷയം മലയാളത്തിന്റെ അഴുക്കുപുരണ്ട് വികൃതമാവുന്നത് സഹിക്കാന്‍ കഴിയാത്തവരായിരുന്നു അവര്‍. എന്നാല്‍ പരീക്ഷാ ചോദ്യപേപ്പറുകള്‍ പോലും കുട്ടിയുടെ അറിവ് നിര്‍മ്മാണത്തിന്റെ സാമഗ്രി മാത്രമാണ് എന്നും പഴയതുപോലെ എന്ത്? എങ്ങിനെ? എപ്രകാരം? എന്നിത്യാദി രീതിയില്‍ ഓര്‍മ്മപരിശോധനയല്ല പരീക്ഷകളില്‍ നടക്കണ്ടത് എന്നും അംഗീകരിച്ചു കഴിഞ്ഞാല്‍ കുട്ടിക്ക് വഴങ്ങാത്ത ഭാഷയില്‍ ഒരു സന്ദര്‍ഭത്തെ വിവരിക്കുന്ന ചോദ്യം നല്‍കാന്‍ കഴിയില്ല. കുട്ടിയുടെ ചിന്താ പ്രക്രിയയെ പ്രധാനമായി കാണുന്ന ഒരു വിലയിരുത്തല്‍ രീതിയില്‍ അവര്‍ക്ക് മനസ്സിലാവാത്ത ഭാഷയിലുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. ഈ വാദത്തിനു മുന്നിലാണ് മലയാളത്തില്‍ കൂടി ചോദ്യങ്ങള്‍ നല്‍കാന്‍ മനസ്സില്ലാ മനസ്സോടെ വിഷയ വിദഗ്ധര്‍ സമ്മതിച്ചത്.
എങ്കില്‍ ഈ വിഷയ വിദഗ്ധര്‍ തങ്ങളുടെ വിഷയം വൃത്തിയായി ഇംഗ്ലീഷില്‍ അവതരിപ്പിക്കാന്‍ ത്രാണിയുള്ളവര്‍ ആണോ? അവര്‍ ഇംഗ്ലീഷാലാണോ തങ്ങളുടെ ക്ലാസുകള്‍ നിത്യവും കൈകാര്യം ചെയ്യുന്നത്? അവരുടെ ഇംഗ്ലീഷ് കൊണ്ട്, ഉള്ള ഇംഗ്ലീഷ് തന്നെ പൊയ്‌പ്പോയ കുട്ടികള്‍ എത്ര? എന്തിന് ഹയര്‍ സെക്കന്ററിയില്‍, ബിരുദതലത്തില്‍, ബിരുദാനന്തര തലത്തില്‍ പഠിപ്പിക്കുന്ന എത്ര അധ്യാപകര്‍ക്ക് ഒരു ദേശീയ സെമിനാറില്‍ തങ്ങളുടെ ഒരു വിഷയമേഖല നല്ല ഇംഗ്ലീഷില്‍ ലളിതമായും വിശദമായും അവതരിപ്പിക്കാന്‍ കഴിയും. സംശയമുള്ളവര്‍ ഹയര്‍ സെക്കന്ററി മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള ശാസ്ത്ര സാമൂഹിക ശാസ്ത്ര മാനവിക വിഷയങ്ങളുടെ ക്ലാസ് മുറിക്കു പുറത്തു കൂടെ, വരാന്തയിലൂടെ സഞ്ചരിക്കൂ. വൃത്തിയുള്ള മലയാളത്തില്‍ അവര്‍ അവരുടെ വിഷയ മേഖല കുട്ടികള്‍ക്ക് മുന്നില്‍ വിവരിക്കുന്നത് കേള്‍ക്കാം. പുട്ടിന് തേങ്ങയിടുന്ന പോലെ, പഠിക്കുന്ന കാലത്തേ കാണാതെ പഠിച്ചു വെച്ച ചില നിര്‍വ്വചനങ്ങളും മറ്റും അവര്‍ പറയില്ല എന്നല്ല. ചില സാങ്കേതിക പദങ്ങള്‍ ഇംഗ്ലീഷായി നിലനിര്‍ത്തില്ല എന്നല്ല. വിനിമയം ചെയ്യപ്പെടുന്നത് ഒട്ടുമുക്കാലും മലയാളത്തില്‍ തന്നെയാണ്. പിന്നെന്താണ് വിഷയം. ഈ കുട്ടികള്‍ ഞങ്ങള്‍ ഇത് മലയാളത്തില്‍ എഴുതിക്കോട്ടെ എന്നു ചോദിച്ചാല്‍, (ചോദിക്കാന്‍ പോലും ആ പാവങ്ങള്‍ക്ക് ധൈര്യം ഉണ്ടാവില്ല എന്നത് മറ്റൊരു കാര്യം) ഇവര്‍ പുലികളാകും. തുടര്‍പഠനം, ഉന്നത വിദ്യാഭ്യാസം, ദേശീയപരീക്ഷകള്‍.. അവരുടെ കണ്ണു മിഴിക്കലിന് മുന്നില്‍ രക്ഷയുണ്ടാവില്ല. പിന്നെന്താണ് ക്ലാസ് പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ ആക്കാത്തത്? ഇംഗ്ലീഷില്‍ സംസാരിക്കാനും ആശയ വിനിമയം നടത്താനും ഉള്ള സന്ദര്‍ഭങ്ങള്‍ ക്ലാസില്‍ കൊണ്ടു വരാത്തത്? എന്നതിന്റെ ഉത്തരമാണ് വിചിത്രം. അത് കുട്ടികള്‍ക്ക് മനസ്സിലാവില്ല. കുട്ടികള്‍ക്ക് വേണ്ടിയാണ് അങ്ങനെ ചെയ്യാത്തത്. അല്ലാതെ ഇംഗ്ലീഷ് ആ നിലയില്‍ തനിക്ക് വഴങ്ങാത്തത് കൊണ്ടാണെന്ന് ഒരാളും സമ്മതിച്ചുതരില്ല.
ഇന്ത്യയ്ക്കാകെ മാതൃകയാകും വിധം ശാസ്ത്ര സാമൂഹിക ശാസ്ത്ര ഗ്രന്ഥങ്ങള്‍ ദശകങ്ങള്‍ക്ക് മുന്നില്‍ മലയാളത്തില്‍ ആയിട്ടുണ്ട് എന്ന കാര്യം ഇവര്‍ക്കാര്‍ക്കും അറിയില്ല. സാങ്കേതിക പദങ്ങളുടെയും മറ്റും കാര്യത്തില്‍ വിയോജിപ്പുകള്‍ ഉണ്ടാകാമെങ്കിലും അവയിലെ ആശയ വിശദീകരണങ്ങള്‍ ഗംഭീരമാണെന്ന് വലിയ ശാസ്ത്രകാരന്മാര്‍ വരെ സാക്ഷ്യപ്പെടുത്തിയത് അവര്‍ കേട്ടിട്ടുണ്ടാവില്ല. പുതിയ കാലത്ത് ഭാഷാവബോധത്തിന്റെ തെളിച്ചങ്ങള്‍ കുറേക്കൂടി വ്യക്തത തന്ന സന്ദര്‍ഭത്തില്‍ ഈ പുസ്തകങ്ങള്‍ നവീകരിക്കുക പ്രയാസമല്ല. ഹയര്‍ സെക്കന്ററി പാഠപുസ്തകങ്ങള്‍ പൂര്‍ണ്ണമായും മലയാളത്തിലേക്ക് ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ പരിഭാഷപ്പെടുത്തുകയും ചെയ്തുകഴിഞ്ഞു. ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളിലും അവരുടെ മാതൃഭാഷയിലാണ് ഉന്നത വിദ്യാഭ്യാസം എന്ന് അറിയാത്തവരാണോ അധ്യാപകര്‍. ഇനിയും അറിയാത്ത ഭാഷയില്‍ തങ്ങളുടെ പഠനവിഷയം വായിക്കാനും മനസ്സിലാക്കാനും പരീക്ഷയെഴുതാനും കുട്ടികളെ നിര്‍ബന്ധിക്കേണ്ട കാര്യമുണ്ടോ? മലയാളത്തില്‍ എഴുതിയാല്‍ ശരിയാവില്ല എന്ന് കുട്ടികളെ ഭീഷണിപ്പെടുത്തേണ്ട കാര്യമുണ്ടോ? മാര്‍ക്ക് ലഭിക്കുക ഇംഗ്ലീഷില്‍ എഴുതിയാലാണെന്ന് കള്ളം പറയണോ? നിങ്ങള്‍ ക്ലാസില്‍ വിശദീകരിക്കുന്നതു പോലെ അവരെ എഴുതാന്‍ അനുവദിച്ചുകൂടെ? അവര്‍ക്ക് അതിനുള്ള അവകാശമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തിക്കൂടെ? അതിനവരെ പ്രോത്സാഹിപ്പിച്ചു കൂടെ? അതവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാത്തതല്ലല്ലോ. പിന്നെ, ഭാവിയിലെ മത്സര പരീക്ഷകളുടെ കാര്യമല്ലേ? ഒരാശയം വ്യക്തമായി അറിയുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷിലായാലും ചോദ്യങ്ങള്‍ വായിച്ച് കൃത്യമായി ഉത്തരമെഴുതാന്‍ അവര്‍ അപ്പോഴേക്കും സ്വാംശീകരിച്ച ഇംഗ്ലീഷ് മതിയാകും. ഇംഗ്ലീഷില്‍ കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്ന, പുസ്തകങ്ങള്‍ വെബ്‌സൈറ്റുകള്‍ ഒക്കെ അവര്‍ അപ്പോഴേക്കും വായിച്ചു മനസ്സിലാക്കാന്‍ പ്രാപ്തി നേടിയിട്ടുണ്ടാവും. അവ ആവിഷ്‌കരിക്കാന്‍ മാതൃഭാഷയിലാണ് അവര്‍ക്ക് അനായാസം സാധിക്കുക എന്നതാണ് പ്രധാനം. ഈ അനായാസതയ്ക്ക് പൊതു പരീക്ഷയില്‍ വലിയ പ്രാധാന്യമുണ്ട്. ആത്മവിശ്വാസം എന്നുകൂടിയാണ് അതിന്റെ അര്‍ത്ഥം.

എഞ്ചിനീയറിംഗ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അടക്കം മലയാളത്തില്‍ അവരുടെ വിഷയങ്ങള്‍ വിശദമാക്കുന്ന വീഡിയോകള്‍, ക്ലാസുകള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. മെഡിക്കല്‍ എഞ്ചിനിയറിംഗ് പ്രവേശന കോച്ചിംഗ് മലയാളത്തില്‍ ലഭ്യമാക്കുന്ന ആപ്പുകള്‍ നിരവധിയാണ്. എന്തിന്, നീറ്റ് പരീക്ഷകള്‍ മലയാളത്തില്‍ കൂടി വരുന്നു.. എഞ്ചിനിയറിംഗ് പഠനം മലയാളത്തില്‍ കൂടി നടപ്പിലാവുന്നു. ബിരുദതലം വരെയുള്ള യോഗ്യതകള്‍ അടിസ്ഥാനമാക്കിയുള്ള പി.എസ്.സി. പരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ കൂടി നല്‍കും. വിവരണാത്മക ചോദ്യങ്ങള്‍ക്ക് മലയാളത്തില്‍ ഉത്തരം എഴുതാം. എല്ലാ വിഷയത്തിലും മലയാളത്തില്‍ പഠനവും ഗവേഷണവും നടത്താന്‍ സര്‍ക്കാരിന്റെ തന്നെ മലയാള സര്‍വ്വകലാശാല അവസരമൊരുക്കുന്നു. അവിടെ പരിസ്ഥിതി പഠനത്തില്‍ മലയാളത്തില്‍ എം എസ് സി ചെയ്യുന്ന കുട്ടികള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പുരസ്‌കാരങ്ങളും സ്ഥാനങ്ങളും തേടുന്നു. എല്ലാ വിഷയങ്ങളിലും, നെറ്റ് യോഗ്യത കരസ്ഥമാക്കുന്നവരില്‍ ഇവിടുത്തെ കുട്ടികള്‍ മുന്നിലാണ്. ഇതൊക്കെ കുട്ടികളോട് പറയേണ്ടുന്നത് മലയാളം അധ്യാപകരല്ല. ശാസ്ത്രവും സാമൂഹിക ശാസ്ത്രവും പഠിപ്പിക്കുന്ന അധ്യാപകരാണ്.
മലയാളത്തോട് കൂട്ടിത്തൊട്ടാല്‍ തങ്ങളുടെ വിഷയം അശുദ്ധമാവും എന്ന അയിത്ത ബോധം ഇപ്പോഴും വെച്ചു പുലര്‍ത്തുന്ന സുഹൃത്തുക്കളുണ്ട്. അവര്‍ അറിയേണ്ടത്, വിജ്ഞാനം ശൂദ്രര്‍ക്ക് അവകാശപ്പെട്ടതല്ല എന്ന് ആത്മാര്‍ത്ഥമായും പലരും വിശ്വസിച്ച ഒരു കാലമുണ്ടായിരുന്നു. അണ്ടനും അടകോടനും പഠിച്ചാല്‍ പഠന വിഷയം തന്നെ മലിനമാവും എന്ന് വിചാരിച്ച പണ്ഡിതര്‍ ഉണ്ടായിരുന്നു. അതിനെ സാമൂഹികമായും രാഷ്ട്രീയമായും എതിരിട്ട് തോല്‍പ്പിച്ചാണ് നമ്മള്‍ പലരും പഠിക്കുകയും അധ്യാപകരാവുകയും ചെയ്തത്. ജനാധിപത്യത്തിന്റെയും മനുഷ്യ സ്വാതന്ത്ര്യത്തിന്റെയും വിഷയമായിരുന്നു അത്. ഇപ്പോള്‍ പുതിയ വര്‍ഗ്ഗ വിഭജനത്തിന്റെ കരു ഇംഗ്ലീഷാണെങ്കില്‍ ആ മതിലിനെ പൊളിച്ചു കളയേണ്ടത് നമ്മള്‍ തന്നെയാണ്. ഭാഷാവകാശം ഏറ്റവും വലിയ ജനാധിപത്യ മൂല്യമാണ് എന്ന് നമ്മള്‍ തിരിച്ചറിയണം.
ഇംഗ്ലീഷ് ഒരു ഭാഷയെന്ന നിലയില്‍ പഠിപ്പിക്കാന്‍ ആ ഭാഷയുടെ ഭാഷാശാസ്ത്രവും ഘടനയും രീതിയും ചരിത്രവും സാംസ്‌കാരികമായ നിലയും അറിയേണ്ടതുണ്ട്. അത് വൃത്തിയായി ചെയ്യാന്‍ ഇംഗ്ലീഷ് അധ്യാപകര്‍ ശ്രമിക്കട്ടെ. കുട്ടികള്‍ക്ക് ആത്മവിശ്വാസമുള്ള ഭാഷയില്‍ പഠിക്കാനും പരീക്ഷയെഴുതാനും അവരെ പ്രചോദിപ്പിക്കുക മാത്രമേ വിഷയാധ്യാപകര്‍ ചെയ്യേണ്ടതുള്ളൂ. അത് നിങ്ങളുടെ ഔദാര്യമല്ല, കുട്ടികളുടെ അവകാശമാണ്. കുട്ടികളെ നന്നാക്കിക്കളയാം എന്ന് വിചാരിച്ച് നിങ്ങളുടെ വികല ബോധ്യങ്ങള്‍ അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാതിരിക്കൂ. ഒരു ലജ്ജയും മടിയും കൂടാതെ, നിങ്ങള്‍ക്കറിയാവുന്ന ഭാഷയില്‍ നിങ്ങള്‍ക്ക് ഏതു വിഷയവും എത്ര വരെയും പഠിക്കാമെന്നും പരീക്ഷയെഴുതാമെന്നും ഉന്നത വിജയങ്ങള്‍ നേടാമെന്നും അവരോട് പറയൂ. ഭാഷയാല്‍ അവരെ മുറിവേല്‍പ്പിക്കാതിരിക്കൂ. നാളെ മിത്രങ്ങളായല്ലേ നിങ്ങള്‍ അവരുടെ മനസ്സില്‍ നിറയേണ്ടത്; ശത്രുക്കളായല്ലല്ലോ.
Unais N
20 Jun 2022, 11:23 AM
Aysh..... Inn vaayichathil eetto adipoli aaya article.......' Orupaad nanni :)
അശ്വതി റിബേക്ക അശോക്
Mar 26, 2023
5 Minutes Read
ജെ. വിഷ്ണുനാഥ്
Mar 20, 2023
5 Minutes Read
പി. പ്രേമചന്ദ്രന്‍
Mar 03, 2023
10 Minutes Read
അഡ്വ. കെ.പി. രവിപ്രകാശ്
Mar 03, 2023
5 Minutes Read
ഡോ. പി.വി. പുരുഷോത്തമൻ
Feb 23, 2023
8 minutes read
ഡോ. രശ്മി പി. ഭാസ്കരന്‍
Feb 04, 2023
3 Minutes Read
Aavani
20 Jun 2022, 08:23 PM
.കടുംസത്യങ്ങള്‍.......ഒട്ടും അതിശയോക്തിയില്ലാതെ പറഞ്ഞു ഇത് വായിച്ചപ്പോൾ എൻെറ പ്രീഡിഗ്രിക്കാലമാണ് ഓര്‍മ്മവന്നത്. മലയാള മീഡിയത്തിൽ നിന്ന് പെട്ടെന്ന്ഇംഗ്ലീഷിലേക്ക് വന്നപ്പോൾ ഒരുപാട് ബുദ്ധിമുട്ടി . അന്ന് അധ്യാപകരാരും മലയാളത്തിൽ പറഞ്ഞുതരാൻ പോലും തയ്യാറായിരുന്നില്ല. കാലം ഇത്രയും പുരോഗമിച്ചിട്ടും കാര്യങ്ങൾ പഴയപടി തന്നെ തുടരുന്നു എന്നത് കഷ്ടം തന്നെ..