കൊറോണയെ ജയിച്ചാലും
സി.ബി.എസ്.ഇ. യോട് തോല്‍ക്കുമോ
എസ്.എസ്.എല്‍.സി. ?
കൊറോണയെ ജയിച്ചാലും സി.ബി.എസ്.ഇ. യോട് തോല്‍ക്കുമോ എസ്.എസ്.എല്‍.സി. ?
21 Apr 2021, 12:27 PM
കോവിഡിന്റെ രണ്ടാം വരവിനെ എങ്ങിനെ ഫലപ്രദമായി പ്രതിരോധിക്കും എന്ന് അറിയാതെ രാജ്യം അമ്പരന്നിരിക്കുകയാണ്. സമ്പൂര്‍ണ്ണ ലോക്ഡൗണിന്റെ വക്കത്താണ് നാം. പല സംസ്ഥാനങ്ങളും ലോക്ഡൌണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുണ്ട്. കേരളത്തില്‍ ഒട്ടേറെ പ്രദേശങ്ങളില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം ചേരാന്‍ ഇടയുള്ള എല്ലാ പരിപാടികളും കര്‍ശനമായും വിലക്കിയിട്ടുണ്ട്. രാത്രികാല കര്‍ഫ്യൂ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നു. രാജ്യത്തെ ഒട്ടുമിക്ക പരീക്ഷകളും മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്തു. യു.ജി.സി നടത്തുന്ന നെറ്റ് പരീക്ഷ, ജെ.ഇ.ഇ. മെയിന്‍ തുടങ്ങി സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. പത്താംക്ലാസ് പരീക്ഷവരെ പെടും ഇതില്‍. ഇതൊന്നും ബാധകമല്ലാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എഴുതുന്ന ഒരു പൊതുപരീക്ഷ നടക്കുകയാണ്. എസ്.എസ് എല്‍.സി, പ്ലസ് ടു പരീക്ഷകളാണ് അവ. ഏകദേശം എട്ടുലക്ഷത്തോളം കുട്ടികള്‍ ഭീതിതമായ ഈ സാഹചര്യത്തില്‍ അവരുടെ ഭാവിയെ തന്നെ നിര്‍ണ്ണയിക്കാവുന്ന ഒരു പരീക്ഷയിലൂടെ കടന്നുപോകുന്നു.
പലകുട്ടികളും കോവിഡിന്റെ പിടിയിലോ അല്ലെങ്കില്‍ സമ്പര്‍ക്കം മൂലം ക്വാറന്റൈനിലോ ആണ്. പി.പി.ഇ കിറ്റ് ധരിച്ച് പരീക്ഷ എഴുതുന്ന കോവിഡ് ബാധിതര്‍, മറ്റുള്ളവരെ കാണാതെ സ്കൂളിന്റെ ഏതോ മൂലയില്‍ ഇരുന്ന് പരീക്ഷ എഴുതുന്ന സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍, പരീക്ഷാ സെന്ററില്‍ എത്തിച്ചേരാന്‍ തിങ്ങിനിറഞ്ഞ പൊതുവാഹനങ്ങളില്‍ ഭയചകിതരായി യാത്രചെയ്യുന്നവര്‍, പരീക്ഷാഹാളില്‍ രോഗഭീതിയില്‍ പരസ്പരം അടുക്കാന്‍ മടിക്കുന്ന കുട്ടികളും അധ്യാപകരും... ശരിക്കും പരീക്ഷാ നടത്തിപ്പ് അതീവ ഗുരുതരമായ ഒരു ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. എന്തിനാണ് നമ്മുടെ കുഞ്ഞുങ്ങള്‍ ഈ ഭയാനകമായ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നത്? ഒറ്റ ഉത്തരമേ അതിനുള്ളൂ. ഹയര്‍ സെക്കന്ററി പ്രവേശനം ഉറപ്പിക്കാന്‍. അവര്‍ ആഗ്രഹിക്കുന്ന സ്കൂളുകളില്‍, കോഴ്സുകളില്‍ പ്രവേശനം നേടണമെങ്കില്‍ മികച്ച സ്കോര്‍ കൂടിയേ കഴിയൂ. അതിനുവേണ്ടി മാത്രമാണ് എന്തും സംഭവിക്കാവുന്ന ഒരു സാഹചര്യത്തെ കൂസാതെ നാലു ലക്ഷത്തോളം കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും ഈ പരീക്ഷണത്തെ സധൈര്യം നേരിടുന്നത്. എന്നാല്‍ അവര്‍ ലക്ഷ്യം വെക്കുന്ന ആ പ്രവേശനം അവര്‍ക്ക് ലഭിക്കുമോ? ഈ ഘട്ടത്തിലൂടെ ഒന്നും പോകാതെ വീട്ടില്‍ സുരക്ഷിതരായി ഇരിക്കുന്ന മറ്റാരെങ്കിലും അവര്‍ക്ക് മുന്നേ ആ സീറ്റുകള്‍ കരസ്ഥമാക്കുമോ?
കോവിഡ് ഭീതി മാത്രമല്ല, ഇക്കുറിയത്തെ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നവര്‍ നേരിടുന്ന പ്രതിസന്ധികള്‍. നേരാംവണ്ണം പഠനവിഷയങ്ങള്‍ സ്വായത്തമാക്കാന്‍ കഴിയാത്തവരാണ് അവര്‍. ടെലിവിഷന്‍ ക്ലാസുകള്‍ ആയിരുന്നു അവര്‍ക്ക് ഒരു വര്‍ഷം കിട്ടിക്കൊണ്ടിരുന്നത്. നെറ്റും സ്മാര്‍ട്ട് ഫോണുകളും ഇല്ലാത്ത കുട്ടികള്‍ക്ക് മറ്റൊരു പിന്തുണയും ലഭിച്ചിരുന്നില്ല. പരീക്ഷയോട് തൊട്ടടുത്ത് നടന്ന റിവിഷന്‍ ക്ലാസുകള്‍ വിശദമായ പഠനത്തിനുള്ള അവസരം നല്‍കിയിട്ടില്ല. പരീക്ഷയെ പലവിധത്തില്‍ പരിഷ്കരിച്ചും പരീക്ഷാ ഭീതിയകറ്റാന്‍ പലമാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിച്ചും ആണ് ഈ കടുത്ത സമ്മര്‍ദ്ദത്തെ താങ്ങാന്‍ അവരെ നമ്മള്‍ ഒരു വിധത്തില്‍ പ്രാപ്തരാക്കിയത്. മറ്റുവഴികള്‍ ഇല്ലായിരുന്നു, കടുത്ത മത്സരം നിലനില്‍ക്കുന്ന പ്ലസ് ടു പ്രവേശനത്തിനുള്ള അവരുടെ യോഗ്യത നിര്‍ണ്ണയിക്കാന്‍. പാഠഭാഗങ്ങള്‍ ശരിയായി വിനിമയം ചെയ്തിട്ടുപോലുമില്ലാത്ത ഒരു സന്ദര്‍ഭത്തില്‍ ഒരു പൊതുപരീക്ഷയെ, അതും ആദ്യമായി എഴുതുന്നതാണെന്നും ഓര്‍ക്കണം, അവര്‍ അഭിമുഖീകരിക്കുന്നത് നേരത്തെ പറഞ്ഞത് പോലെ ആഗ്രഹിച്ച സ്കൂളിലും കോഴ്സിലും ഹയര്‍ സെക്കന്ററി പ്രവേശനത്തിനു വേണ്ടിയാണ്. വീണ്ടും ആ ചോദ്യം മനസ്സില്‍ ഉയരുകയാണ്, അവര്‍ ആഗ്രഹിച്ച ആ സീറ്റുകള്‍ അവര്‍ക്ക് മുന്നേ മറ്റാരെങ്കിലും കയ്യടക്കുമോ?

കടുത്ത വേനല്‍ ചൂടിന്റെ അന്തരീക്ഷത്തിലും നോമ്പ് കാലം പോലെ പ്രധാനപ്പെട്ട ഒരു പ്രാര്‍ത്ഥനാ സന്ദര്‍ഭത്തിലും കൂടിയാണ് ഇക്കുറി പരീക്ഷ നടക്കുന്നത് എന്നതും മറന്നുപോകരുത്. വേനല്‍ ഒഴിവിനെയാണ് ഇക്കുറി പരീക്ഷാകാലമാക്കിയത്. അപ്പോഴേക്കും പകല്‍ മുഴുവന്‍ ആഹാരമൊഴിവാക്കിയുള്ള കഠിന വ്രതത്തിന്റെ നോമ്പുകാലവും എത്തി. എങ്കിലും കേരളത്തിലെ പൊതുസമൂഹം സാഹചര്യം മനസ്സിലാക്കി വലിയ പ്രതിഷേധങ്ങള്‍ ഇല്ലാതെ കുട്ടികളെ പരീക്ഷയ്ക്കൊരുക്കി. കടുത്തചൂടില്‍ വാടിത്തളരുന്ന കുഞ്ഞുങ്ങളാണ് ക്ലാസിലിരുന്ന് വിയര്‍ത്ത് ഇപ്പോള്‍ പരീക്ഷയെഴുതുന്നത്. എന്നാല്‍ ഈ പ്രയാസങ്ങള്‍ ഒന്നുമില്ലാതെ, വീട്ടിലെ സുഖപരിലാളനകള്‍ ഏറ്റുവാങ്ങിയും അടുത്ത കോഴ്സിനുള്ള സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ ക്ലാസുകളില്‍ അറ്റന്‍ഡ് ചെയ്തും ഇതേ ക്ലാസുകളില്‍ പഠിക്കുന്ന മറ്റൊരു വിഭാഗം കുട്ടികളും കേരളത്തില്‍ ഉണ്ട്. കേരളത്തിലെ സി ബി എസ് ഇ, ഐ സി എസ് ഇ സിലബസ്സുള്ള സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളാണ് അവര്‍. അവര്‍ പൊതു പരീക്ഷ എഴുതേണ്ടതില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. സ്കൂളില്‍ നിന്ന് നല്‍കുന്ന ഇന്റേണല്‍ മാര്‍ക്കുകളാണ് അവരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ ഇക്കുറി അച്ചടിക്കപ്പെടുക. അതില്‍ പരാതി ഉള്ളവര്‍ക്ക് മാത്രം പിന്നീട് വേണമെങ്കില്‍ പരീക്ഷ എഴുതാം എന്നതാണ് അവരുടെ നിലപാട്.
അതൊക്കെ അവരുടെ അക്കാദമികമായ കാര്യങ്ങളാണ്. സി.ബി.എസ് ഇ, ഐ സി എസ് ഇ അധികൃതര്‍ക്ക് തീരുമാനിക്കാവുന്നതെ ഉള്ളൂ അവരെ സംബന്ധിക്കുന്ന ഇത്തരം കാര്യങ്ങള്‍. എന്നാല്‍ കേരളത്തിലെ പൊതുസമൂഹം ആശങ്കാകുലരാകേണ്ട ഒറ്റ കാര്യം മാത്രമേ ഇതില്‍ ഉള്ളൂ. സ്കൂളില്‍ നിന്നും ഇന്റേണല്‍ അസ്സസ്മെന്റ് എന്ന പേരില്‍ നൂറില്‍ നൂറുമാര്‍ക്കും നേടി വരുന്ന സി ബി എസ് ഇ, ഐ സി എസ് ഇ കുട്ടികള്‍ക്കായി, കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ ഹയര്‍ സെക്കന്ററി ഘട്ടത്തിലെ സീറ്റുകള്‍ ആദ്യഘട്ടത്തില്‍ തന്നെ മാറ്റിവെക്കപ്പെടുമോ എന്നതാണത്. അങ്ങിനെയെങ്കില്‍, നേരത്തെ സൂചിപ്പിച്ചതരം കഠിനമായ വൈതരണികള്‍ താണ്ടി തളര്‍ന്നെത്തുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിലൂടെ കടന്നുവന്ന ഒരു കുട്ടിയോട്, നാം ചെയ്യുന്ന ഏറ്റവും വലിയ നീതികേടാവും അത്. ജീവഹാനിവരെ സംഭവിച്ചേക്കാവുന്ന ഒരു സാഹചര്യത്തെ സ്റ്റേറ്റ് ആവശ്യപ്പെട്ടതുകൊണ്ടുമാത്രം സധൈര്യം നേരിട്ട നിഷ്കളങ്കരായ മക്കളോടും, കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തില്‍ വിശ്വാസമര്‍പ്പിച്ച് ഏതറ്റംവരെയും അതോടൊപ്പം ചേര്‍ന്നുനിന്ന അവരുടെ രക്ഷകാര്‍ത്താക്കളോടും കാണിക്കുന്ന കൊടുംചതിയാവും അത്.
ഒരു സമ്പ്രദായത്തിലും ഇക്കുറി കുട്ടികളുടെ ഇന്റേണല്‍ അസ്സസ്മെന്റ് കൃത്യവും സത്യസന്ധവുമായാണ് നടന്നത് എന്ന് പറയാന്‍ കഴിയില്ല. അതാരുടെയും കുറ്റംകൊണ്ടല്ല. ഇന്റേണല്‍ അസ്സസ്മെന്റ് എന്ന സങ്കല്പം തന്നെ കുട്ടിയുമായുള്ള ദൈനംദിനമായ അക്കാദമിക ഇടപെടലിലൂടെ അധ്യാപിക സ്വരുക്കൂട്ടിയെടുക്കുന്ന അവരുടെ ശക്തിയെയും ദൌര്‍ബല്യങ്ങളെയും കുറിച്ചുള്ള ധാരണയാണ്. പഠനപുരോഗതി നിര്‍ണ്ണയിക്കുന്നതിനുള്ള നിരന്തരമായ ഇടപെടലിന്റെ ഭാഗം. എഴുതിക്കിട്ടിയ ഏതെങ്കിലും നോട്ടിന്റെയോ അസൈന്മെന്റിന്റെയോ മാര്‍ക്കിടല്‍ അല്ല അത്. അങ്ങിനെയെങ്കില്‍ പുതിയ ഓണ്‍ലൈന്‍ കാലത്ത് അതാര്‍ക്കും വ്യാജമായ നൂറുനൂറു വഴികളിലൂടെ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ. പഠിതാവിനെ നിരന്തരം നിരീക്ഷിക്കാനും സംവാദത്തില്‍ ഏര്‍പ്പെടാനും പ്രക്രിയകളില്‍ പങ്കാളികളാക്കാനും ഒരു ഓണ്‍ലൈന്‍ പഠനകാലത്ത് എളുപ്പമല്ല. സ്വാഭാവികമായും അപ്പോള്‍ കുട്ടിയുടെ പക്ഷത്ത് നിന്നുകൊണ്ട് പരമാവധി സ്കോര്‍ നല്‍കുക എന്ന രീതിയായിരിക്കും ഏതൊരു സമ്പ്രദായവും സ്വീകരിക്കുക. ഓരോ സമ്പ്രദായത്തിനും ഇന്റേണല്‍ സ്കോര്‍ നല്‍കുന്നതിന് വ്യത്യസ്തമായ വഴികളും കാണും. എന്നാല്‍ അങ്ങിനെ നല്‍കപ്പെടുന്ന സ്കോറുമായി ഒരു പൊതുപരീക്ഷ എഴുതിവരുന്ന, അതിന്റെ ഏറ്റവും പിന്നിലുള്ള കുട്ടിയുടെ പോലും മുന്നില്‍ കയറുന്നത് നീതികരിക്കാന്‍ കഴിയുന്ന ഒന്നല്ല. പൊതുവിദ്യാഭ്യാസത്തെ മുന്‍നിര്‍ത്തി നാം ആണയിടുന്ന സാമൂഹിക നീതിയുടെയും ഏറ്റവും സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടിന്റെയും കടയ്ക്കല്‍ കത്തിവെക്കുന നടപടിയാവും അത്.
എന്തുകൊണ്ടാണ് പൊതുവിദ്യാഭ്യാസത്തിന്റെ ഹയര്‍ സെക്കന്ററി എന്ന മുഴുത്ത കഷ്ണം മാത്രം ചിലര്‍ക്ക് പഥ്യമാവുന്നു? പ്രീ കെ ജി മുതല്‍ സി ബി എസ് ഇ യുടെയും ഐ സി എസ് ഇ യുടെയും ആരാധകന്മാരായ ആളുകള്‍ക്ക് പത്താംതരം കഴിയുമ്പോള്‍ ഇവിടുത്തെ പൊതുവിദ്യാഭ്യാസം മധുരമുള്ളതായി തോന്നുന്നു? പത്താതരം വരെയുള്ള കേരളത്തിലെ പാഠ്യപദ്ധതിയോടുള്ള വെറുപ്പാണ് അവരെ കേന്ദ്രീയവിദ്യാലയങ്ങള്‍ തുടങ്ങി നാടന്‍ സി ബി എസ് ഇ സ്കൂളുകള്‍ വരെയുള്ള വരേണ്യവിദ്യാലയങ്ങളിലേക്ക് ആട്ടിത്തെളിച്ചത്. ഇംഗ്ലീഷ് മീഡിയവും കേന്ദ്ര സിലബസ്സും മറ്റു പൊങ്ങച്ചങ്ങളും ആയിരുന്നു അവിടുത്തെ ആകര്‍ഷകഘടകങ്ങള്‍. കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തില്‍ നടന്നു വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ പരിഹസിക്കുകയും കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ കുറ്റവും കുറവുകളും എണ്ണിപ്പെറുക്കുകയും ചെയ്ത ഒരു കൂട്ടരും ഇവരില്‍ ഉണ്ട്. എന്നാല്‍ ഹയര്‍ സെക്കന്ററി എത്തുമ്പോള്‍ കാര്യങ്ങള്‍ മാറുന്നതായി അവര്‍ക്ക് ബോധ്യപ്പെടുന്നു.

സി ബി എസ് ഇ യില്‍ ഹയര്‍ സെക്കന്ററിക്ക് തിളക്കമില്ല. പല നാടന്‍ സി ബി എസ് ഇ സ്കൂളുകളിലും ഹയര്‍ സെക്കന്ററി വിദ്യാഭ്യാസത്തിനു ആവശ്യമായ യാതൊരു അടിസ്ഥാന സൗകര്യവും ഇല്ല. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, മാത്തമാറ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ് മുതലായ വിഷയങ്ങള്‍ക്കുള്ള സുസജ്ജമായ ലബോറട്ടറി, മികച്ച ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ തുടങ്ങി പൊതു വിദ്യാലയങ്ങളിലെ ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ ഭൗതികനേട്ടങ്ങള്‍ ഒരു സ്വകാര്യസ്കൂളിനും കൈയ്യെത്തിപ്പിടിക്കാന്‍ പറ്റാത്തത്രയും ഉയരാത്തിലാണ്. പോസ്റ്റ് ഗ്രാജ്വേഷനും സെറ്റും അതില്‍ കൂടുതലും യോഗ്യതയുള്ള അധ്യാപകര്‍, എന്‍ സി ഇ ആര്‍ ടി സിലബസ്, ഇംഗ്ലീഷ് മീഡിയത്തിലുള്ള പാഠപുസ്തകങ്ങള്‍ തുടങ്ങി ഇനിയും മേന്മകളുടെ പട്ടികകള്‍ നീട്ടാം. അപ്പോള്‍ ആ നടുക്കഷ്ണം കഴിക്കാന്‍ അന്നുവരെ സ്വകാര്യസ്കൂളുകളില്‍ അഭിമാനംപൂണ്ട ആളുകള്‍ എത്തിച്ചേരും. സായിപ്പിനെ കാണുമ്പോള്‍ പലരും അപ്പോള്‍ കവാത്ത് മറക്കും. സി ബി എസ് ഇ യോട് അവിടെ എസ് എസ് എല്‍ സി ദയനീയമായി തോല്‍ക്കും. അല്ലെങ്കില്‍ തോല്‍പ്പിക്കും.
ഹയര്‍ സെക്കന്ററിയില്‍ ഏകജാലക സംവിധാനം തുടങ്ങിയ ആദ്യനാളുകളില്‍ സ്റ്റേറ്റ് സിലബസ്സില്‍ പഠിച്ച കുട്ടികള്‍ക്കുള്ള രണ്ടുഘട്ടം അലോട്ട്മെന്റ് കഴിഞ്ഞതിനു ശേഷം മാത്രമേ സി ബി എസ് ഇ ക്കാര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. പിന്നീട് പലവിധ ഇടപെടലുകളാല്‍ ആദ്യഘട്ടത്തില്‍ തന്നെ സി ബി എസ് ഇ യില്‍ പഠിച്ചവര്‍ക്ക് അപേക്ഷിക്കാം എന്നാക്കി. ഒടുവിലൊടുവില്‍ എസ് എസ് എല്‍ സി റിസള്‍ട്ട് എത്രനെരത്തെ വന്നാലും സി ബി എസ് ഇ ഫലം വൈകുകയാണെങ്കില്‍ അതുവരെ കേരളത്തിലെ ഹയര്‍ സെക്കന്ററി പ്രവേശനവും നീട്ടിവെക്കുന്നിടത്ത് എത്തിയിരുന്നു കാര്യങ്ങള്‍. ഇപ്പോഴും സ്ഥിതി അതുതന്നെയാണ്. ഇക്കൊല്ലം സി ബി എസ് ഇ റിസള്‍ട്ട് വൈകുന്ന പ്രശ്നമില്ല. പൊതുപരീക്ഷ ഇല്ലാത്തതുകൊണ്ട് അത് ഇപ്പോഴേ തയ്യാറായിട്ടുണ്ടാകും. അവരുടെ ഇന്റേണല്‍ സ്കോറും എസ് എസ് എല്‍ സി എന്ന പൊതുപരീക്ഷയിലെ സ്കോറും സമീകരിക്കുന്ന സൂത്രവാക്യം എന്തായിരിക്കും എന്നേ അറിയേണ്ടതുള്ളൂ.
പൊതുവിദ്യാലയങ്ങളോട് പ്രതിജ്ഞാബദ്ധതയുള്ള ഒരു സര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള നിലപാട് ഇപ്പോള്‍ തന്നെ വ്യക്തമാക്കേണ്ടതുണ്ട്. സി ബി എസ് ഇ വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുകതന്നെ വേണം. അപ്പോഴും ഉറപ്പിക്കെണ്ടുന്ന ഒരു കാര്യമുണ്ട്. സംസ്ഥാനസര്‍ക്കാര്‍ വലിയ പ്രതിസന്ധികളെ നേരിട്ട് ഒരു പൊതുപരീക്ഷ നടത്തി, അതിലെ സ്കോറിനെ അടിസ്ഥാനപ്പെടുത്തി ഒരു റാങ്ക് ലിസ്റ്റ് തയ്യാക്കിക്കയാണ് ഇവിടുത്തെ ഹയര്‍ സെക്കന്ററി ക്ലാസുകളിലേക്ക് കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നത്. ആ പ്രവേശന പ്രക്രിയയിലേക്ക് മറ്റൊരു സിലബസ്സില്‍ പഠിച്ച കുട്ടികള്‍ക്ക് കടക്കണമെങ്കില്‍ സമാനമായ ഒരു പൊതുപരീക്ഷയെ അവരും അഭിമുഖീകരികണം എന്നത് പ്രധാനമാണ്.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സി ബി എസ് ഇ, ഐ സി എസ് ഇ സിലബസ്സില്‍ പഠിച്ചവര്‍ ഒരു പൊതുപരീക്ഷയിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും, സ്വന്തം സ്ട്രീമിന് പുറത്തുപോകാന്‍ ആഗ്രഹിക്കുന്ന അങ്ങിനെയുള്ളവര്‍ക്കായി ഒരു പൊതുപരീക്ഷ സംഘടിപ്പിക്കണമെന്നും അതത് അധികൃതരോട് അടിയന്തിരമായി സര്‍ക്കാര്‍ ആവശ്യപ്പെടേണ്ടതുണ്ട്. അല്ലാത്തപക്ഷം കേരളത്തിലെ ഹയര്‍ സെക്കന്ററി പ്രവേശനത്തിന്റെ ആദ്യഘട്ടം പൂര്‍ണ്ണമായും ഇവിടുത്തെ എസ് എസ് എല്‍ സി പരീക്ഷയിലെ സ്കോറിനെ അടിസ്ഥാനപ്പെടുത്തിയാവണം. ഇത് ആരെയെങ്കിലും മാറ്റിനിര്‍ത്തുന്നതിന്റെയോ ഒഴിവാക്കുന്നതിന്റെയോ പ്രശ്നമല്ല എന്നും നമ്മുടെ പൊതുവിദ്യാഭ്യാസം മുന്നോട്ടുവെക്കുന്ന അടിസ്ഥാന ആദര്‍ശങ്ങളുടെ പ്രകാശനം മാത്രമാണെന്നും നമ്മള്‍ തിരിച്ചറിയുകയും വേണ്ടതുണ്ട്.

അശ്വതി റിബേക്ക അശോക്
Mar 26, 2023
5 Minutes Read
ജെ. വിഷ്ണുനാഥ്
Mar 20, 2023
5 Minutes Read
പി. പ്രേമചന്ദ്രന്‍
Mar 03, 2023
10 Minutes Read
അഡ്വ. കെ.പി. രവിപ്രകാശ്
Mar 03, 2023
5 Minutes Read
ഡോ. പി.വി. പുരുഷോത്തമൻ
Feb 23, 2023
8 minutes read
പി. പ്രേമചന്ദ്രന്‍
Feb 09, 2023
5 Minutes Read