വംശനാശം വന്ന ചുല്യാറ്റുമാർ

ജനാധിപത്യത്തിന്റെ നാലാം തൂണെന്ന്‌ അവകാശപ്പെടുന്നവർ തന്നെ മതനിരപേക്ഷതയുടെ അട്ടിമറി ആഘോഷമാക്കി മാറ്റുമ്പോൾ ഏതു ജനാധിപത്യത്തെ കുറിച്ചാണ്‌ നിങ്ങൾ സംസാരിക്കുന്നത്‌? റിപ്പബ്ലിക്കിൽനിന്ന്​മതരാഷ്‌ട്രത്തിലേക്കുള്ള പരിവർത്തനത്തിന്​ മാധ്യമങ്ങളും ചുട്ടുപിടിക്കുകയാണെന്ന്​, അയോധ്യയിൽ രാ​മക്ഷേത്രത്തിന്​ ശിലയിട്ടതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടിങ്ങിനെ വിമർശിച്ച്​ ദേശാഭിമാനി ചീഫ്​ എഡിറ്റർ കൂടിയായ ലേഖകൻ എഴുതുന്നു

യോധ്യയിൽ രാമക്ഷേത്രത്തിന്‌ പ്രധാനമന്ത്രി ശിലയിട്ട വാർത്തയെ ഇന്ത്യൻ മാധ്യമങ്ങൾ കൊണ്ടാടിയ രീതി ഞെട്ടിപ്പിക്കുന്നതാണ്‌. ‘വെള്ളിശില’യും ‘ആധാരശില’യും ‘സ്വർണശോഭ”യും ‘സരയൂ സാക്ഷി’യും തുടങ്ങി ‘ശ്രീരാമ വിജയം’ വരെയായി മാധ്യമങ്ങൾ തലക്കെട്ടുകളിൽ ആഘോഷിച്ചു. വിശേഷണങ്ങൾക്കും വിവരണങ്ങൾക്കും തെരഞ്ഞെടുത്ത വാക്കുകളും പ്രയോഗങ്ങളും ദൃശ്യങ്ങളും ബോധപൂർവ്വമാണെന്ന്‌, ഗൗരവമായി വാർത്തകളെ പിന്തുടരുന്നവർക്ക്‌ തിരിച്ചറിയാൻ കഴിയും. ജയ്‌ ശ്രീറാം വിളിച്ച്‌ ചാനൽ റിപ്പോർട്ടർമാർ തങ്ങളുടെ റോളും ഭംഗിയാക്കി. തങ്ങളുടെ ആഘോഷം കുറഞ്ഞുപോയോ എന്ന മട്ടിലാണ്‌ ദേശീയ മാധ്യമങ്ങളും ഈ സന്ദർഭത്തെ കണ്ടത്‌.
ശക്തമായ ഗവേഷണ വിഭാഗങ്ങളുള്ള മാധ്യമങ്ങളിൽ മഹാഭൂരിപക്ഷവും ചരിത്രത്തിന്റെ വഴികൾ അന്വേഷിച്ചില്ല. ബാബറി മസ്‌ജിദ്‌ തകർത്തതും അതിലേക്കുള്ള വഴികളും വരികളിൽപോലും വരാതിരിക്കുന്നതിന്​ അ​തീവ ജാഗ്രത കാണിച്ചു. ബാബറിമസ്‌ജിദ്‌ നിന്ന സ്ഥലത്തുതന്നെ ക്ഷേത്രം പണിയുന്നതിന്‌ അനുമതി നൽകിയ സുപ്രീംകോടതി, പള്ളിപൊളിച്ചത്‌ ക്രിമിനൽ കുറ്റമാണെന്ന്‌ പറഞ്ഞിരുന്നു. ആ കേസിലെ പ്രതിയായിരുന്ന ഉമാഭാരതിയാണ്‌ ചടങ്ങിൽ പങ്കെടുക്കുന്നത്‌ എന്നത്​ അറിഞ്ഞതായി പോലും നടിച്ചില്ല. 1989ൽ ശിലാന്യാസം നടത്തിയിരുന്നുവെന്നും അതുകൊണ്ടാണ്‌ ഇപ്പോൾ ഭൂമി പൂജ നടത്തുന്നതെന്നുമുള്ള കാര്യം മനോരമ കണ്ടെത്തിയിരുന്നു. എന്നാൽ, അന്നത്തെ ശിലാന്യാസം സംഘടിപ്പിച്ചത്‌ ആരാണെന്ന കാര്യം പറയാതെ വിട്ടു. ഹിന്ദുത്വശക്തികൾ ഇട്ട ശിലയുടെ തുടർച്ചയിൽ എങ്ങനെയാണ്‌ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി ഭൂമി പൂജക്ക്‌ നേതൃത്വം നൽകുന്നതെന്ന കേവല യുക്തിയുടെ ചോദ്യം വായനക്കാരനിൽനിന്ന്​ഉയരാതിരിക്കുന്നതിനുള്ള സൂക്ഷമതയാണ്‌ അവർ കാണിച്ചത്‌.
സുപ്രീംകോടതി വിധിച്ച കാര്യത്തിൽ ഇനി എന്തു പ്രശ്‌നമാണുള്ളതെന്ന്‌ ആങ്കർമാർ ചാനലുകളിൽ ആക്രോശിക്കുന്നു. എന്നാൽ, ക്ഷേത്രം പണിയുന്നതിന്‌ ചുമതലപ്പെടുത്തിയത്‌ ട്രസ്‌റ്റിനെയാണെന്നും അത്‌ പ്രധാനമന്ത്രിയുടേയും ആർ.എസ്‌.എസിന്റേയും ഉത്തരവാദിത്തമല്ലെന്നുമുള്ള വസ്‌തുത ജനങ്ങളിൽ എത്തിക്കുന്നില്ല. പതിനേഴുപേർ ഭൂമി പൂജയിൽ പങ്കെടുത്തുവെന്ന്‌ എഴുതിയ മാധ്യമങ്ങൾ തന്നെ ട്രസ്റ്റ്‌ ചെയർമാൻ മഹന്ത്‌ സത്യഗോപാൽ ദാസ്‌ ആ ചടങ്ങിൽ ഉണ്ടായിരുന്നില്ല എന്ന്‌ സൂചിപ്പിച്ചിട്ടുണ്ട്‌.

ടെലഗ്രാഫ്​ മുഖപ്പേജ്​, ആഗസ്​റ്റ്​ ആറ്

താൽക്കാലിക ക്ഷേത്രത്തിന്റെ പൂജാരി സത്യേന്തരദാസും ഭൂമി പൂജയിൽ ഉണ്ടായിരുന്നില്ല. സുപ്രീംകോടതി ഏൽപ്പിച്ചവരെ മാറ്റിനിർത്തി ഭരണകൂടം തന്നെ ക്ഷേത്രം പണിയാൻ ഇറങ്ങിയത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യം ഇവർ ഉന്നയിച്ചതേയില്ല.
ഇതാണ്‌ ‘ഈ റിപ്പബ്ലിക്കിൽ രാജയും ഋഷിയും തമ്മിൽ വേർതിരിവില്ലാതായി’ എന്ന്‌ ടെലഗ്രാഫ്‌ പത്രം ഒറ്റപ്പെട്ട ശബ്‌ദമായി പറഞ്ഞത്‌. മതവും ഭരണകൂടവും തമ്മിൽ അന്തരമില്ലാതായി എന്നാണ്‌ അതിന്റെ അർഥം. പ്രധാനമന്ത്രി എല്ലാ മതസ്ഥരുടേയുമാണ്‌. നമ്മൾ ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരാമധികാര, സ്ഥിതി സമത്വ, മതിനരിപേക്ഷ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നുവെന്ന്‌ ആമുഖത്തിൽ തന്നെ പ്രഖ്യാപിക്കുന്ന ഭരണഘടന തൊട്ട്‌ സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രി യഥാർഥത്തിൽ ആ ഭരണഘടനയുടെ തന്നെ അന്ത്യം പരോക്ഷമായി പ്രഖ്യാപിക്കുകയാണ്‌ ചെയ്യുന്നതെന്ന യാഥാർഥ്യം തുറന്നുകാണിക്കാൻ മഹാഭൂരിപക്ഷം മാധ്യമങ്ങളും തയ്യാറായില്ല. റിപ്പബ്ലിക്കിൽനിന്നും മതരാഷ്‌ട്രത്തിലേക്കുള്ള പരിവർത്തനത്തിനു മാധ്യമങ്ങളും ചുട്ടുപിടിക്കുന്നു.
‘ഹിന്ദു രാഷ്‌ട്രത്തിലേക്ക്‌’ എന്ന്‌ ദേശാഭിമാനിയും സുചിപ്പിച്ചത്‌ ഇതു തന്നെയാണ്‌. ഹിന്ദുത്വ ഒരു പ്രത്യയശാസ്‌ത്രമാണ്‌. മതരാഷ്‌ട്രത്തിനായുള്ള പ്രത്യയശാസ്‌ത്രം. ഹിന്ദുരാഷ്‌ട്രം സൃഷ്‌ടിക്കുന്നതിനായുള്ള ശ്രമം മറ്റൊരു ഘട്ടത്തിലേക്ക്‌ കടക്കുന്നുവെന്നാണ്‌ ശിലയിടൽ വ്യക്തമാക്കുന്നത്‌. അത്‌ മഹാഭൂരിപക്ഷം ഹിന്ദുക്കളുടെ താൽപര്യമല്ല പ്രതിനിധാനം ചെയ്യുന്നത്‌. സവർണ പ്രത്യയശാസ്‌ത്രമാണ്‌ ഹിന്ദുത്വയുടേത്‌.

രാമക്ഷേത്രത്തിന്​ ശിലയിട്ട വാർത്ത, ആഗസ്​റ്റ്​ ആറിലെ ദേശാഭിമാനി മുഖപ്പേജ്

ഈ മാറ്റം ഭരണഘടനയിൽനിന്ന്​ മനുസ്‌മൃതിയിലേക്കുള്ള മടക്കമാണ്‌. മതനിരപേക്ഷതയിൽനിന്ന്​ മതാധിപത്യത്തിലേക്കുള്ള പ്രയാണം, ജനാധിപത്യത്തിൽനിന്ന്​ ഏകാധിപത്യത്തിലേക്കുള്ള പിൻമടക്കമാണ്‌. ഇതിൽ കോൺഗ്രസ്‌ സ്വീകരിക്കുന്ന സമീപനവും മാധ്യമങ്ങളുടെ വിമർശനത്തിനു വിധേയമാകുന്നില്ല. എല്ലാവരും ചേർന്ന്‌ ഹിന്ദുത്വയുടെ പ്രചാരണം ഏറ്റെടുത്തിരിക്കുന്നു.
മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാംതൂണാണെന്ന വിശേഷണങ്ങൾക്ക്‌ ഇനി പ്രസക്തിയില്ല. അവർ സമ്മതനിർമ്മാണത്തിന്റെ ഉപകരണങ്ങൾ മാത്രമല്ല ഏകാധിപത്യത്തിന്റെ കുഴലൂത്തുകാർ കൂടിയായി അധഃപതിച്ചിരിക്കുന്നു. ഇരിക്കാൻ പറയുന്നതിനു മുമ്പ്‌ കമിഴ്‌ന്നുകിടന്ന്‌ സാഷ്‌ടാംഗം പ്രണമിക്കുന്നവരായി ഇന്ത്യൻ മാധ്യമങ്ങൾ മാറി. ഇന്ത്യ പോലെ വൈവിധ്യങ്ങളുള്ള രാജ്യത്ത്‌ ജനാധിപത്യം നിലനിൽക്കണമെങ്കിൽ മതനിരപേക്ഷത അനിവാര്യമായ മുന്നുപാധിയാണ്‌. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന്‌ അവകാശപ്പെടുന്നവർ തന്നെ മതനിരപേക്ഷതയുടെ അട്ടിമറി ആഘോഷമാക്കി മാറ്റുമ്പോൾ ഏതു ജനാധിപത്യത്തെ കുറിച്ചാണ്‌ നിങ്ങൾ സംസാരിക്കുന്നത്‌.
1996 ൽനിന്ന്​ 2020 ലേക്ക്‌ ഇന്ത്യ എത്തിയപ്പോൾ ക്ഷോഭിക്കാൻ ചുല്യാറ്റുമാർ പോലുമില്ലാത്ത, വിനീത വിധേയരുടെ കൂടിചേരലുകളായി മാധ്യമങ്ങളുടെ ന്യൂസ്‌ റൂമുകൾ മാറി. സബ്‌എഡിറ്റർ നൽകിയ തർക്കമന്ദിരം തകർത്തു എന്ന തലക്കെട്ടിലെ ‘തർക്കമന്ദിരം’ പത്രാധിപരുടെ പെൻസിൽ കൊണ്ട്‌ തിരുത്തി ബാബറിമസ്‌ജിദ്‌ എന്നാക്കി മാറ്റിയത്‌ കരുത്തുള്ള ഇടപെടലായിരുന്നു. എൻ.എസ്‌. മാധവന്റെ തിരുത്ത്‌ എന്ന കഥയിൽ മാത്രമായിരുന്നില്ല അന്നത്തെ ഇന്ത്യയിൽ ചുല്യാറ്റുമാർ ഉണ്ടായിരുന്നത്. ജീവൻ പണയം വെച്ചും മതനിരപേക്ഷതക്ക്‌ നേരെ നടന്ന സമാനതകളില്ലാത്ത ആക്രമണത്തെ സമൂഹത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ മാധ്യമപ്രവർത്തകർ ശ്രമിച്ചു. അവർ നൽകിയ വാർത്തകൾ എഡിറ്റിങ്ങില്ലാതെ സംപ്രേഷണം ചെയ്യപ്പെട്ടു. വാർത്തകളും ചരിത്രവും വിശകലനവും അന്ന്‌ അച്ചടി മാധ്യമങ്ങളിൽ ഭൂരിപക്ഷവും നൽകി. തർക്കമന്ദിരം എന്ന വാക്കിന്റെ പ്രയോഗത്താൽ തകർക്കപ്പെടേണ്ടതാണെന്ന അവബോധം രൂപപ്പെടുത്താൻ ശ്രമിച്ച മാധ്യമങ്ങൾ അന്നുമുണ്ടായിരുന്നുവെന്നത്‌ യാഥാർഥ്യമാണ്‌. എന്നാൽ, അവ എണ്ണത്തിൽ കുറവായിരുന്നു
എൻ.എസിന്റെ കഥയിലെ പത്രാധിപർ ഇന്നായിരുന്നുവെങ്കിൽ തർക്കമന്ദിരം തകർത്തു എന്നതിലെ ‘തകർത്തു’ എന്ന വാക്കായിരിക്കും തിരുത്തുന്നത്‌. അവരുടെ അടിമത്തത്തിന്റെ പെൻസിൽ കൊണ്ട്‌ പകരം ‘തകർന്നു’ എന്ന വാക്ക്‌ എഴുതിചേർക്കും. ദൈവകോപത്താൽ എന്ന വിശേഷണം കൂടി എഴുതിചേർക്കുമായിരിക്കും! രാമകോപത്താൽ തകർക്കപ്പെട്ട കഥകൾ പുരാണങ്ങളിലും നിന്നും മറ്റും കണ്ടെത്തി സമ്പന്നമാക്കും.

Comments