കേരളത്തിലും ഇനി കോൺഗ്രസ് ഉണ്ടായിരിക്കില്ല: കാരണങ്ങൾ

വിമോചന സമരത്തിലെ മുദ്രാവാക്യങ്ങൾ നോക്കുക: 'പാളേക്കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്നു വിളിപ്പിക്കും, ചാത്തൻ പൂട്ടാൻ പൊയ്‌ക്കോട്ടെ, ചാക്കോ നാടു ഭരിക്കട്ടെ'; മറ്റൊന്ന്: 'ഗൗരിച്ചോത്തി പെണ്ണല്ലെ, പുല്ലു പറയ്ക്കാൻ പൊയ്ക്കൂടെ'. ചാത്തനോടും ചോത്തിയോടും ആക്രോശിക്കുന്ന മേലാളരാഷ്ട്രീയം മുന്നോട്ടുവെച്ച വിമോചന സമരത്തിന്റെ യഥാർഥ സന്തതികളാണ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടങ്ങുന്ന ഇന്നുവരെയുള്ള കേരളത്തിലെ കോൺഗ്രസ് നേതൃത്വം. 1959 ജൂലൈ 31നാണ്​ ഭരണഘടനയുടെ 356ാം വകുപ്പ്​ ഉപയോഗിച്ച്​ ഇ.എം.എസ്​ മന്ത്രിസഭയെ പുറത്താക്കിയത്​. കേരളത്തിന്റെ രാഷ്​ട്രീയ ചരിത്രത്തിലെ ആ നിർണായക സംഭവത്തിന്റെ വാർഷികദിനമാണ്​ ഇന്ന്​.

1959 ജൂലൈ 31.
കേരളത്തിലെ ഇ.എം.എസ് സർക്കാറിനെ കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ് സർക്കാർ പിരിച്ചുവിട്ട ദിവസം. ഏറ്റവും മൂർത്തമായ രാഷ്ട്രീയ അനുഭവങ്ങളിൽനിന്ന് കേരളം എന്ന ഐഡന്റിറ്റി രൂപപ്പെടുകയും അത് ആധുനിക ജനാധിപത്യത്തിലേക്ക് കാലെടുത്തുവെക്കുകയും ചെയ്ത സന്ദർഭത്തിലായിരുന്നു, അപ്രതീക്ഷിത നടപടിയുണ്ടായത്. സ്വാതന്ത്ര്യാനന്തരം, ഒരുവിധ പ്രത്യയശാസ്ത്ര പ്രതിബദ്ധതയുമില്ലാതെ, വെറും ഭൂതകാലത്തിന്റെ പാർട്ടിയായി മാറിത്തുടങ്ങിയിരുന്ന കോൺഗ്രസിന്റെ ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും മികച്ച ദൃഷ്ടാന്തമായിരുന്നു ഇ.എം.എസ് സർക്കാറിന്റെ പിരിച്ചുവിടൽ.

1959 ജൂലൈ 31 എന്ന തിയതിക്ക് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്: ജാതിവിരുദ്ധവും കീഴാളോന്മുഖവും ബ്രാഹ്മണാധിപത്യപരമായ ഭൂബന്ധങ്ങളെ തകർത്തുകളഞ്ഞതുമായ ഒരു പുരോഗമന രാഷ്ട്രീയപ്രക്രിയയുടെ തുടർച്ച ഈ തിയതിയിൽ റദ്ദാക്കപ്പെട്ടു. അതുവരെയുള്ള കേരളീയ സ്വത്വനിർമിതിയിൽ പ്രധാനം അടിസ്ഥാനവർഗത്തിന്റെ പ്രാതിനിധ്യമായിരുന്നു- അതായത്, പിന്നാക്കരാക്കപ്പെട്ടവർ, ദലിതർ, കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ തുടങ്ങിയവർ. അടിസ്ഥാനവർഗത്തിന്റെ അധ്വാനവും അവർക്ക് അർഹമായ സമ്പത്തും സാമൂഹിക ഇടവും പ്രാതിനിധ്യവും ആയിരുന്നു അതുവരെയുള്ള സാമൂഹിക- രാഷ്ട്രീയ സംഘർഷത്തിന്റെ ഭൂമിക. ഒരുപക്ഷെ, ആധുനിക ജനാധിപത്യം പോലും പലവിധ സന്ദേശങ്ങളോടെയും സ്വാംശീകരിച്ച സ്ത്രീ-പുരുഷ തുല്യതയുടെയും അവസര സമത്വത്തിന്റെയുമെല്ലാം ആദർശങ്ങളെ അതിതീവ്രമായി മുന്നോട്ടുവെച്ചിരുന്നു ഈ മുന്നേറ്റം എന്നുകൂടി ഓർക്കുക (പ്രത്യക്ഷരക്ഷാ ദൈവസഭയുടെ മൗലിക വിഷയങ്ങളായി പൊയ്കയിൽ അപ്പച്ചൻ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ഒന്ന് ഇതായിരുന്നു: സ്ത്രീയും പുരുഷനും ഒരേ ദൈവിക ചൈതന്യമായതിനാൽ രണ്ടുപേർക്കും തുല്യ പ്രാധാന്യം നൽകണം).
കേരളീയതയെ നിർണയിക്കേണ്ടിയിരുന്ന ഇത്തരം അടിസ്ഥാനങ്ങളെ റദ്ദാക്കുകയാണ്, ഇ.എം.എസ് സർക്കാറിനെ പിരിച്ചുവിട്ടതിലൂടെ കോൺഗ്രസ് സർക്കാർ ചെയ്തത്.

വിമോചന സമരവും അതിന് നൽകിയ ന്യായത്തിന്റെയും ബലത്തിൽ,അടിസ്ഥാനവർഗ മൂലധനത്തെ നിഷേധിച്ച് ജാതിയുടെയും സാമുദായികതയുടെയും അഴിമതിയുടെയും ജനവിരുദ്ധതയുടെയും വ്യാജ ജനാധിപത്യത്തിന്റെയും വലതുപക്ഷത്തേക്ക് കേരളത്തെ ആനയിക്കാനുള്ള ഗൂഢപദ്ധതിക്ക് പിന്നീട്, നേതൃത്വം നൽകുന്നത് കോൺഗ്രസാണ്.
ഒരു ജനപക്ഷ രാഷ്ട്രീയ - സാമൂഹിക വ്യവസ്ഥ പൂർണമായി വികസിക്കാതിരിക്കുന്നതിന്, കേരളത്തെ സംബന്ധിച്ച് ഇന്നും ഏറ്റവും വിഘാതം കോൺഗ്രസിന്റെ സാന്നിധ്യമാണ്.

കേരളത്തെ സംബന്ധിച്ച് കോൺഗ്രസ് ഇന്ന് ചത്ത കുതിരയായി മാറിക്കഴിഞ്ഞു, അതിന് ശ്മശാനത്തിലേക്കുള്ള വഴിയൊരുക്കുകയേ ഏതൊരു മലയാളിക്കും ചെയ്യാനുള്ളൂ.

ഇടതുപക്ഷം എന്ന വിപുലമായ വിവക്ഷകളുള്ള ഇത്തരമൊരു വ്യവസ്ഥയെ സങ്കുചിതമാക്കിയതും മുഖ്യധാര കമ്യൂണിസ്റ്റ് പാർട്ടികളെ പോലും ഈ സങ്കുചിതത്വത്തിന്റെ ഇരകളാക്കിയതും കേരളത്തിൽ കോൺഗ്രസിന് രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞ മധ്യവർഗ-അരാഷ്ട്രീയ മുന്നണിവൽക്കരണത്തിലൂടെയാണ്.

1957ലെ കമ്യൂണിസ്റ്റ് സർക്കാർ മുന്നോട്ടുവെച്ച അടിസ്ഥാന വികസന നയരൂപീകരണങ്ങളുടെ തുടർച്ച എന്തുകൊണ്ട് റദ്ദാക്കപ്പെട്ടു എന്ന അന്വേഷണം, പീന്നിടുവന്ന ഇടതുപക്ഷമുന്നണി സർക്കാറുകളുടെ മാത്രം ഉത്തരവാദിത്തത്തിൽ കെട്ടിവെക്കപ്പെടേണ്ട ഒന്നല്ല.

1957-ലെ കേരള മന്ത്രിസഭ

വിമോചന സമരത്തിന് വീര്യം പകർന്ന വിദ്യാഭ്യാസ ബിൽ 1957ലാണ് ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ചത്. ബിൽ, അടുത്തവർഷം സുപ്രീംകോടതി ഭരണഘടനാ ബഞ്ചിനുമുമ്പാകെ വാദം കേൾക്കാനെത്തി. ബിൽ ന്യൂനപക്ഷ താൽപ്പര്യങ്ങൾക്ക് എതിരാണെന്ന കാഴ്ചപ്പാട് കോടതി തള്ളി. സുപ്രീംകോടതി വിധിയെക്കുറിച്ച് പരാമർശിക്കവേ ടൈംസ് ഓഫ് ഇന്ത്യ (മേയ് 24,1958) കേരളത്തിലെ കോൺഗ്രസിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: കേരളത്തിലെ കോൺഗ്രസുകാർ കമ്യൂണിസ്റ്റുകാരെ എതിർക്കുമ്പോൾ തന്നെ സ്വന്തം താൽപ്പര്യങ്ങളും ജനാധിപത്യവും സംരക്ഷിക്കണമെങ്കിൽ അവരുടെ എതിർപ്പ് ന്യായമായ തത്വങ്ങളിലും രീതികളിലും അടിയുറച്ചതും ഭരണഘടനാനുസൃതവും ആയിരിക്കണമെന്ന് നിഷ്‌ക്കർഷിക്കണം.

മറ്റൊന്നാണ് ഭൂപരിഷ്‌കരണം. കേരളത്തിൽ നടപ്പാക്കിയ ഭൂപരിഷ്‌കരണം പരമ്പരാഗത കർഷകത്തൊഴിലാളികളെ വെറും കൂലിപ്പണിക്കാരായി മാറ്റിയെന്നും ആദിവാസികൾക്കും ദലിതർക്കും ഭൂമി നിഷേധിച്ചുവെന്നുമുള്ള കൃത്യമായ വിമർശനം ഉൾക്കൊണ്ടുതന്നെ, അതിന്റെ ഫലപ്രദമായ പിന്തുടർച്ചക്ക്, കമ്യൂണിസ്റ്റ് സർക്കാറുകളുടേതുപോലെ തന്നെ, പിന്നീടുവന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണകൂടങ്ങളുടെ നിലപാടുകളും പരിശോധിക്കപ്പെടേണ്ടതാണ്.

വർഗീയതയിൽ ഊന്നി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിന് കേരളത്തിൽ കോൺഗ്രസ് കാണിച്ചുതരും നല്ല വഴി.

കേരളത്തെ ആധുനിക സമൂഹമായി രൂപപ്പെടുത്തുന്ന ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങളെ ജാതിയുടെയും മതത്തിന്റെയും സമ്പന്നവർഗത്തിന്റെയും ഒത്താശയോടെയാണ് കോൺഗ്രസ് അഭിമുഖീകരിച്ചിട്ടുള്ളത്. വിമോചന സമരകാലത്ത് രൂപപ്പെട്ട സീറോ മലബാർ കത്തോലിക്കാ സഭ, മന്നത്തു പത്മനാഭന്റെ നേതൃത്വത്തിലുള്ള നായർ സർവീസ് സൊസൈറ്റി, മുസ്ലിംലീഗ് എന്നിവയുടെ കുറുമുന്നണി പിന്നീട് കോൺഗ്രസിന്റെ നേതൃത്വത്തിൽ വികസിക്കുന്നതാണ് കണ്ടത്.

കമ്യൂണിസം ആഗോളതലത്തിൽ തന്നെ രൂപപ്പെടുത്തിയെടുത്ത മനുഷ്യാസ്തിത്വത്തെക്കുറിച്ചും നിലനിൽപിനെക്കുറിച്ചും അതിജീവനത്തെക്കുറിച്ചുമുള്ള വലിയ പാഠങ്ങൾ, മനുഷ്യവിരുദ്ധമായി കെട്ടിപ്പൊക്കിയ വിശ്വാസത്തിന്റെയും അതിലൂടെ രൂപപ്പെടുത്തിയ സാമ്പത്തിക- വിഭവ അധികാരത്തിന്റെയും അടിത്തറയിളക്കുമെന്ന ഭീതിയിൽനിന്നാണ് ജാതി-മതനേതൃത്വങ്ങൾ കേരളത്തിലും കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ തിരിഞ്ഞത്. ജാതി- മത- സമുദായ നേതൃത്വങ്ങളുടെ സാമൂഹികവിരുദ്ധമായ ഉപാധികളെ ഒരുതരം ചോദ്യം ചെയ്യലുമില്ലാതെ ഏറ്റെടുത്തതിലൂടെ, കേരളത്തിൽ ജനാധിപത്യപരമായ ഒരു എതിർചേരി രൂപപ്പെടാത്ത സാഹചര്യമൊരുക്കുകയായിരുന്നു കോൺഗ്രസ് നേതൃത്വം.

എത്രമാത്രം വർഗീയവൽക്കരിക്കപ്പെട്ടതും വംശീയതയും ജാതീയതയും അസഹിഷ്ണുതയും നിറഞ്ഞതുമായിരുന്നു ഈ കോൺഗ്രസ് മുന്നണി എന്ന് ഇതിനകം വിലയിരുത്തപ്പെട്ടിട്ടുള്ളതാണ്. വിമോചന സമരത്തിലെ മുദ്രാവാക്യങ്ങൾ നോക്കുക: 'പാളേക്കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്നു വിളിപ്പിക്കും, ചാത്തൻ പൂട്ടാൻ പൊയ്‌ക്കോട്ടെ, ചാക്കോ നാടു ഭരിക്കട്ടെ'; മറ്റൊന്ന്: 'ഗൗരിച്ചോത്തി പെണ്ണല്ലെ, പുല്ലു പറയ്ക്കാൻ പൊയ്ക്കൂടെ'.
ചാത്തനോടും ചോത്തിയോടും ആക്രോശിക്കുന്ന മേലാളരാഷ്ട്രീയം മുന്നോട്ടുവെച്ച വിമോചന സമരത്തിന്റെ യഥാർഥ സന്തതികളാണ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടങ്ങുന്ന ഇന്നുവരെയുള്ള കേരളത്തിലെ കോൺഗ്രസ് നേതൃത്വം.

പുതുതായി രൂപംകൊണ്ട സംസ്ഥാനമെന്ന നിലക്ക് കേരളത്തിന്റെ അടിസ്ഥാന വികസന കാഴ്ചപ്പാടുകൾക്ക് രൂപം നൽകുകയെന്ന വെല്ലുവിളിയാണ് ആദ്യ ഇ.എം.എസ് സർക്കാറിനുണ്ടായിരുന്നത്. അത് ഫലപ്രദമായി ആ സർക്കാർ നേരിടുകയും ചെയ്തു. എന്നാൽ, പിന്നീട് അധികാരരാഷ്ട്രീയം എന്ന ഒരൊറ്റ അജണ്ടയുടെ മേൽ കെട്ടിപ്പടുക്കപ്പെട്ട കക്ഷിരാഷ്ട്രീയ സമവാക്യങ്ങൾ ഈയൊരു തുടർച്ച അസാധ്യമാക്കി. ഇടതുപക്ഷ സർക്കാറുകൾക്കുപോലും ആ തുടർച്ച നഷ്ടമായത്, കോൺഗ്രസിന്റെ ആശീർവാദത്തിൽ രൂപപ്പെട്ട അധികാരരാഷ്ട്രീയത്തിന്റെ അമിതപ്രയോഗം മൂലമാണ്.

നെഹ്റുവിനൊപ്പം ഇ.എം.എസ്

കെ. കരുണാകരൻ മുതൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വരെയുള്ള കോൺഗ്രസ് നേതാക്കളുടെ രാഷ്ട്രീയ നിലപാട് പരിശോധിച്ചാൽ, കേരളത്തെ പുറകോട്ടുനയിച്ചതും നയിച്ചുകൊണ്ടിരിക്കുന്നതുമായ പ്രതിലോമ രാഷ്ട്രീയത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയും.
കേരളത്തിൽ, വിലപേശലിന്റെയും അധികാര ദുർവിനിയോഗത്തിന്റെയും ദുഷിച്ച മുന്നണി രാഷ്ട്രീയ സംസ്‌കാരത്തിന് രൂപം കൊടുത്തയാളാണ് കെ. കരുണാകരൻ. അഞ്ചുവർഷം തന്റേതായ സാമന്തഭരണകൂടം നിലനിർത്തിക്കൊണ്ടുപോകുകയും 'ഭരണമൊഴിഞ്ഞാലും കരുണാകരത്വം ഒഴിയില്ല' എന്നുതോന്നിപ്പിക്കുകയും ചെയ്യുന്ന മിനിമം അജണ്ട മാത്രമേ കരുണാകരനുണ്ടായിരുന്നുള്ളൂ.

രാജൻ

നവാബ് രാജേന്ദ്രൻ മുതൽ ആർ.ഇ.സി.വിദ്യാർത്ഥി രാജൻ വരെ അടിയന്തരാവസ്ഥയിലും അല്ലാതെയും കരുണാകരൻ നടത്തിയ സമാനതകളില്ലാത്ത പൊലീസ് ഭീകരതയിൽ നിന്നും കേരളം രക്ഷപ്പെട്ടു വരുന്നേയുള്ളൂ ഇപ്പോഴും. സൂക്ഷ്മമായ ഏതു വിശകലനത്തിലും ജനവിരുദ്ധതയായിരുന്നു കരുണാകരഭരണത്തിന്റെ എക്കാലത്തെയും സവിശേഷത എന്നു കാണാൻ കഴിയും.ഏറെ കാലം ഭരണനേതൃത്വത്തിലിരുന്നിട്ടും കരുണാകരന്റെ സംഭാവന നെടുമ്പാശ്ശേരി വിമാനത്താവളം പോലുള്ള ഏതാനും പദ്ധതികളിൽ ഒതുങ്ങിപ്പോകുന്നത് അതുകൊണ്ടാണ്.
വിമോചന സമരത്തിലെ 'ഒരണ' നായകനായിരുന്ന എ.കെ. ആന്റണി മാധ്യമങ്ങൾ ഊതിവീർപ്പിച്ച ആദർശത്തിന്റെ വ്യാജപ്രതീകം മാത്രമാണ്. 37-ാം വയസ്സിൽ കേരളത്തിലെ പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായ ആന്റണിയുടെ മൂന്നു ഭരണകാലങ്ങളും, അദ്ദേഹത്തിൽ ആരോപിക്കപ്പെടുന്ന മൂല്യങ്ങളുടെ ഒരുവിധ പ്രതിനിധാനങ്ങളും ഇല്ലാത്ത വ്യാജങ്ങളായിരുന്നു.

നവാബ് രാജേന്ദ്രൻ

ആഗോളീകരണത്തിനുശേഷം രൂപപ്പെട്ട പുത്തൻ മൂലധന വിനിയോഗത്തിന്റെയും ഉപരിവർഗ വികസന സങ്കൽപങ്ങളുടെയും സാഹചര്യം, കേരളത്തിലും കോൺഗ്രസിന് ഉണർവേകി. കരുണാകരനുശേഷം, ഉമ്മൻചാണ്ടിയെപ്പോലൊരു നേതാവിനെ സൃഷ്ടിച്ചതിൽ വലതുപക്ഷ സാമ്പത്തികക്രമത്തിനും പങ്കുണ്ട്. കരുണാകരനെപ്പോലെ, ആൾക്കൂട്ടത്തെ വശീകരിക്കുന്നതാണ് ജനകീയത എന്ന പ്രതീതിയുണ്ടാക്കുകയാണ് ഉമ്മൻചാണ്ടി ആദ്യം ചെയ്തത്. ഒരു നേതാവിനും രാഷ്ട്രീയം പറയാനില്ലാതാകുമ്പോഴാണ്, ഒരു നേതാവിനും രാഷ്ട്രീയം കേൾക്കാൻ ഇഷ്ടമില്ലാതാകുമ്പോഴാണ് ആൾക്കൂട്ടത്തിനും ഇത്തരം വശീകരണവിദ്യയുടെ ആവശ്യം. അത് നന്നായി തിരിച്ചറിഞ്ഞതുകൊണ്ടാണ്, രാഷ്ട്രീയം ബോധപൂർവം ചോർത്തിക്കളഞ്ഞ് ഭരണത്തെ വെറും ക്ലറിക്കൽ തന്ത്രമായി ഉമ്മൻചാണ്ടി 'ജനകീയ'വൽക്കരിച്ചത്.

കേരള മാതൃക തകർന്നു, വികസനം മുരടിച്ചു എന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ വികസന പരിപ്രേഷ്യമെന്ന പേരിൽ കോൺഗ്രസ് സർക്കാറുകൾ മുന്നോട്ടുവെച്ച പദ്ധതികളെല്ലാം ഉപരിവർഗകേന്ദ്രീകൃതവും അതുകൊണ്ടുതന്നെ ജനവിരുദ്ധവുമായിരുന്നു. 2003ൽ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ കൊച്ചിയിൽ ജിം എന്ന പേരിൽ അഞ്ചു കോടി രൂപ ചെലവിൽ വികസനസംഗമം നടന്നു. വികസനത്തിലേക്കുള്ള അവസാന ബസ്സാണ് ജിം എന്നാണ് ആന്റണി വിശേഷിപ്പിച്ചത്. അഞ്ചു വർഷം കൊണ്ട് 50,000 കോടി രൂപയുടെ നിക്ഷേപവും 15,000 പേർക്ക് തൊഴിലും ആയിരുന്നു പദ്ധതി ലക്ഷ്യം. 26,000 കോടിയുടെ നിക്ഷേപം വരുമെന്ന് പറഞ്ഞിടത്ത് വന്നത് 120 കോടിയുടെ പദ്ധതികളായിരുന്നു. അതും ചില സ്വർണക്കടകളുടെയും റിസോർട്ടുകളുടെയും. മാത്രമല്ല, ജിം കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയെ സ്വകാര്യമേഖലക്ക് തുറന്നുകൊടുക്കുകയും ചെയ്തു. അവിടെ തീരുന്നില്ല, 2012-ൽ ഉമ്മൻചാണ്ടി സർക്കാർ നടത്തിയ എമർജിംഗ് കേരള എന്ന 'വികസന'സംഗമത്തിലൂടെ കാർഷിക മേഖലയുടെ കടയ്ക്കൽ കത്തിവെക്കുകയും വിനാശകരമായ സംരംഭകത്വത്തിന്റെ കയറൂരി വിടലുമായിരുന്നു ലക്ഷ്യം. ജിമ്മിനും എമർജിങ് കേരളക്കുമൊന്നും അത് നടന്ന വർഷത്തിനപ്പുറം ആയുസ്സുമുണ്ടായില്ല.

ഉമ്മൻ ചാണ്ടി

ഉമ്മൻചാണ്ടിയുടെ കഴിഞ്ഞ മന്ത്രിസഭ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അശ്ലീലമായിരുന്നു. അഴിമതിയുടെയും അധികാരത്തിന്റെ ഇടനാഴികളിൽ നടന്ന പരസ്യമായ കൊടുക്കൽവാങ്ങലുകളുടെയൂം നഗ്‌നമായ അധികാരദുർവിനിയോഗത്തിന്റെയും എത്രയെത്ര കഥകളാണ് ദിനേന അന്ന് പുറത്തുവന്നുകൊണ്ടിരുന്നത്. സരിത എസ്. നായർ എന്നൊരു ഏജൻസിഷിപ്പിന് ഒരു ഭരണകൂടത്തെയും ഭരണപക്ഷ പാർട്ടികളെയൊന്നാകെയും അമ്മാനമാടാൻ കഴിഞ്ഞുവെന്നത്, രാഷ്ട്രീയപ്രബുദ്ധത അവകാശപ്പെടുന്ന ഒരു സമൂഹത്തെ സംബന്ധിച്ച് ലജ്ജാകരമായിരുന്നു. ഒരു തെളിവും അവശേഷിപ്പിക്കാത്ത തരത്തിലുള്ള ഇത്തരം ഇടപാടുകളാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളെ സവിശേഷ പ്രതിഭാസങ്ങളാക്കുന്നത്. ഇത്തരം ഇടപാടുകളുടെ മത്സരത്തിൽ, ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് രണ്ട് പ്രളയങ്ങളും നിപയും സംഭവിച്ചിരുന്നതെങ്കിൽ കേരളം ഒരു ദുരന്തസ്മരണയായി അവശേഷിക്കുമായിരുന്നു.

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ഒരു കാലത്തും പ്രത്യയശാസ്ത്ര അടിത്തറ ഉണ്ടായിരുന്നില്ല, അതുകൊണ്ട് കരുണാകരന്റെയോ ആന്റണിയുടെയോ ഉമ്മൻചാണ്ടിയുടെയോ സർക്കാറുകൾ നയപരമായ എന്ത് ഭരണസമീപനം കാഴ്ചവെച്ചു എന്നന്വേഷിക്കുന്നതിൽ അർഥവുമില്ല. ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ പത്രങ്ങളുടെയും ചാനലുകളുടെയും ആർക്കൈവ്‌സ് പരിശോധിക്കുന്ന ഒരു മലയാളി, അഞ്ചുവർഷത്തെ തന്റെ പൗരജീവിതം എത്രമേൽ അസംബന്ധജഡിലമായിരുന്നുവെന്നോർത്ത് തലതാഴ്ത്തുമെന്നതിൽ സംശയമില്ല.

കേരളത്തിലെ കോൺഗ്രസ് ഇടതുപക്ഷത്തിനെതിരെ ഇന്ന് ഉന്നയിക്കുന്ന കരിനിയമപ്രയോഗങ്ങളുടെ യഥാർഥ പിതൃത്വം അറിയാൻ ഡി.എൻ.എ പരിശോധന വേണ്ടതില്ല.

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ഒരു കാലത്തും പ്രത്യയശാസ്ത്ര അടിത്തറ ഉണ്ടായിരുന്നില്ല, അതുകൊണ്ട് കരുണാകരന്റെയോ ആന്റണിയുടെയോ ഉമ്മൻചാണ്ടിയുടെയോ സർക്കാറുകൾ നയപരമായ എന്ത് ഭരണസമീപനം കാഴ്ചവെച്ചു എന്നന്വേഷിക്കുന്നതിൽ അർഥവുമില്ല.

ഇന്ത്യയിൽ പൗരന്മാരെ വേട്ടയാടാൻ ഭരണകൂടത്തിന് ഒത്താശ ചെയ്തുകൊടുത്ത എല്ലാ കരിനിയമങ്ങളും കോൺഗ്രസ് സർക്കാറുകളാണ് കൊണ്ടുവന്നത്. ടാഡ (Terrorist and Disruptive Activities (Prevention), പോട്ട (Prevention of Terrorism Act, 2002) എന്നിവക്കുശേഷമായിരുന്നു യു.എ.പി.എയുടെ വരവ്. പൊലീസിനും സൈന്യത്തിനും അമിതാധികാരം നൽകിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആംഡ് ഫോഴ്‌സസ് സ്‌പെഷൽ പവർ ആക്ട് (AFSPA) ഒരു ജനതയെ ആകെ ബലപ്രയോഗത്തിനിരയാക്കിയ ഏറ്റവും ക്രൂരമായ കരിനിയമങ്ങളിലൊന്നാണ്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്, 'ദേശസുരക്ഷക്കൊപ്പം ആരുണ്ട്' എന്ന ചോദ്യമുയർത്തി 2008ൽ പി. ചിദംബരമാണ് യു.എ.പി.എ നിയമം കർക്കശമാക്കാൻ ഭേദഗതി കൊണ്ടുവന്നത്. നേരത്തേ, നിരോധിത സംഘടനകളിലെ അംഗങ്ങൾക്കെതിരെയാണ് യു.എ.പി.എ ചുമത്തിയിരുന്നെങ്കിൽ 2008ലെ ഭേദഗതിയിലൂടെ അത് വ്യക്തികൾക്കെതിരെയും ചുമത്താമെന്നായി. സംശയം മാത്രം മതി കേസെടുക്കാൻ. ഈ നിയമം വേട്ടയാടിയവരിലേറെയും ദലിത്, മുസ്ലിം വിഭാഗങ്ങളായിരുന്നുവെന്നതും ഓർക്കണം.

രമേശ് ചെന്നിത്തല

രാജ്യത്തെ എതിർശബ്ദങ്ങളെയൊന്നാകെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കരിനിയമമായി ഇന്ന് യു.എ.പി.എ മാറിയതിന്റെ ഉത്തരവാദിത്തം കോൺഗ്രസ് സർക്കാറിനാണ്. കേരളത്തിൽ മാവോവാദി പ്രവർത്തകരെ വെടിവെച്ചുകൊന്നതിനെ ന്യായീകരിക്കാൻ പിണറായി വിജയന് ബലം നൽകിയത് രമേശ് ചെന്നിത്തലയുടെ പാർട്ടിയാണ്. പൗരത്വ നിയമം അടക്കം കോൺഗ്രസ് കൊണ്ടുവന്ന കരിനിയമങ്ങളുടെ മേൽ ഒരു ഫൈൻ ട്യൂണിങ്ങേ ബി.ജെ.പിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ. ഇന്ത്യൻ രാഷ്ട്രീയത്തിൽ വർഗീയതയെ കെട്ടഴിച്ചുവിടുകയും സമൂഹത്തെ വിഭജിക്കുകയും ചെയ്ത ബാബരി മസ്ജിദ് ധ്വംസനം കോൺഗ്രസിന്റെ കൂടി മൗനാനുവാദത്തോടെ സംഭവിച്ചതാണ് എന്നത് വ്യക്തമാക്കപ്പെട്ടതാണ്.

ബി.ജെ.പിയെപ്പോലൊരു വർഗീയ പാർട്ടിക്ക് കേരളത്തിൽ വേരോട്ടമുണ്ടാകാത്തത് തങ്ങളുടെ ഇടപെടൽ മൂലമാണെന്ന് ഇടതുപക്ഷ കക്ഷികൾ അവകാശപ്പെടാറുണ്ട്.

കൃത്യമായ വസ്തുതകളോടെ, യുക്തിപൂർവം ഒരു ആരോപണം ഉന്നയിക്കാനുള്ള ശേഷിയില്ലായ്മയാണ് ചെന്നിത്തലയെ വകതിരിവില്ലാത്ത ഒരു പ്രതിപക്ഷനേതാവാക്കുന്നത്.

എന്നാൽ, വർഗീയവൽക്കരിക്കപ്പെട്ട ഒരു മധ്യവർഗ വലതുപക്ഷ പാർട്ടിയായി കേരളത്തിൽ കോൺഗ്രസ് ഉള്ളതുകൊണ്ടാണ് ബി.ജെ.പിക്ക് കേരളത്തിൽ ഇടം നഷ്ടമാകുന്നത്. കഴിഞ്ഞ തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം ഇതിന് അടിയവരയിടുന്നതാണ്. ജാതീയമായും വർഗീയമായും വിഭജിക്കപ്പെട്ട ഒരു വോട്ടുബാങ്കാണ് 19 മണ്ഡലങ്ങളിലും കോൺഗ്രസിന് വൻ ജയം നേടിക്കൊടുത്തത്. നിപയെയും പ്രളയത്തെയും ഫലപ്രദമായി നേരിടുന്നതുവഴി അധികാരരാഷ്ട്രീയത്തിന്റെ വോട്ടുബാങ്ക് സൃഷ്ടിക്കാനാകില്ല. വർഗീയതയിൽ ഊന്നി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിന് കേരളത്തിൽ കോൺഗ്രസ് കാണിച്ചുതരും നല്ല വഴി.

കേരളത്തിൽ ഏറ്റവും ഒടുവിൽ നടക്കുന്ന വിവാദം ശ്രദ്ധിക്കുക. അതിലെ നായകൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണല്ലോ. സ്പ്രിംഗ്ളർ എന്ന ഐ.ടി കമ്പനിയുമായി ബന്ധപ്പെട്ട വിഷയം ഒരു വിവാദമാക്കി വഴിതിരിച്ചുവിട്ടതിനുപുറകിൽ പ്രതിപക്ഷനേതാവിന്റെ സാങ്കേതിക ജ്ഞാനമില്ലായ്മ മാത്രമല്ല, രാഷ്ട്രീയ പാപ്പരത്വം കൂടി അടങ്ങിയിട്ടുണ്ട്. പൗരന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട ഉദാത്ത ആദർശങ്ങളുള്ള ഒരു പാർട്ടിയൊന്നുമല്ല ചെന്നിത്തലയുടേത് എന്ന് അദ്ദേഹത്തിന്റെ തന്നെ നേതാക്കളായ ഇന്ദിരഗാന്ധിയെയും കരുണാകരനെയും മുൻനിർത്തി നിസ്സംശയം പറയാം. ചെന്നിത്തല ഈ വിവാദം സൃഷ്ടിച്ചെടുത്ത സമയം പ്രധാനമാണ്. ലോകത്തിനൊപ്പം, അല്ല ലോകത്തിന് മാതൃകയായി തന്നെ ഒരു മഹാമാരിയെ കേരളം നേരിടുന്ന സമയം. അത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ വിദഗ്ധമായി ചെയ്യുന്നുമുണ്ട്. ഫാൻ ക്ലബുകൾ പ്രചരിപ്പിക്കുന്നതുപോലെ അത് പിണറായി വിജയന്റെയോ കെ.കെ. ശൈലജയുടെയോ വ്യക്തിപരമായ നേട്ടവുമല്ല (കോവിഡ് കാലത്ത് അമൃതാന്ദമയിയെ ആവശ്യമില്ലാത്തതുപോലെ രാഷ്ട്രീയത്തിലും ഒരു ആൾദൈവത്തെ സൃഷ്ടിച്ചെടുക്കേണ്ട ആവശ്യമില്ല എന്നും ഓർക്കണം). ആരോഗ്യസുരക്ഷയുടെ കാര്യത്തിൽ കേരളം പിന്തുടർന്നുവരുന്ന മികവിന്റെയും, അത് ഏറ്റെടുക്കാൻ പ്രാപ്തരായി കേരളം രൂപപ്പെടുത്തിയെടുത്ത ആരോഗ്യപ്രവർത്തകരടങ്ങുന്ന റാഷനൽ ജനറേഷന്റെയും സംഭാവനയാണ് ഈ മികവ്. അത് ഒരു ഭരണാധികാരി സമർഥമായി നടപ്പിലാക്കുന്നുവെന്നേയുള്ളൂ..

കോടിക്കണക്കിന് രൂപ നൽകി മരുന്ന് ഗവേഷണം നടത്തുന്ന ഫാർമാ കമ്പനികൾക്കും അവയവ കച്ചവട കമ്പനികൾക്കും ആവശ്യമുള്ള വിവരങ്ങളാണ് ഈ കമ്പനിക്ക് കൈമാറിയിട്ടുള്ളതെന്നും ഇതിന്റെ വിപണി മൂല്യം കോടികളാണെന്നുമാണ് ചെന്നിത്തല പറയുന്നത്. അതിശക്തമായ ഡാറ്റ പ്രൈവസി നിയമങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്ന ഈ കമ്പനിയെക്കുറിച്ചും ഇന്നത്തെ സാഹചര്യത്തിൽ ഡാറ്റ കൈമാറ്റം ഈ പറയുന്നതുപോലെ ദുരൂഹമായ കച്ചവടമാക്കാൻ കഴിയില്ലെന്നും ഐ.ടി രംഗത്തെയും ആരോഗ്യമേഖലയിലെയും വിദഗ്ധർ തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല, റിച്ചാർഡ് ഫ്രാങ്കി, തോമസ് ഐസക്, ശാസ്ത്രസാഹിത്യ പരിഷത്ത് എന്നൊരു ത്രയമുണ്ടാക്കി 15 വർഷം മുമ്പ് കേരളത്തിൽ ഒരു സി.ഐ.എ ആഭിചാരക്രിയ വിജയിപ്പിച്ചെടുത്ത അത്ര വേഗത്തിൽ ഇന്ന് ഇത്തരമൊരു വിവാദത്തെ ചുട്ടെടുക്കാനും കഴിയില്ല. കാരണം, ഇന്ന് ഈ വിവാദത്തിന്റെ മറുപുറത്തുള്ള സാങ്കേതികവും വസ്തുതാപരവുമായ കാര്യങ്ങൾ ഏവർക്കും ലഭ്യമാണ്. കൃത്യമായ വസ്തുതകളോടെ, യുക്തിപൂർവം ഒരു ആരോപണം ഉന്നയിക്കാനുള്ള ശേഷിയില്ലായ്മയാണ് ചെന്നിത്തലയെ വകതിരിവില്ലാത്ത ഒരു പ്രതിപക്ഷനേതാവാക്കുന്നത്. സ്വന്തം കസേര ഉറപ്പിക്കുന്നതിന് ഒരു സുപ്രഭാതത്തിൽ ബാറുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട ഉമ്മൻചാണ്ടിയെ കടത്തിവെട്ടാൻ ഏതായാലും ഇത്തരം ദുഃസാമർഥ്യങ്ങൾ പോരാ എന്ന് ചെന്നിത്തല എന്നാണ് തിരിച്ചറിയുക? കേരളത്തെ സംബന്ധിച്ച് കോൺഗ്രസ് ഇന്ന് ചത്ത കുതിരയായി മാറിക്കഴിഞ്ഞു, അതിന് ശ്മശാനത്തിലേക്കുള്ള വഴിയൊരുക്കുകയേ ഏതൊരു മലയാളിക്കും ചെയ്യാനുള്ളൂ.

Comments