ആറു മാസം മുൻപായിരുന്നെങ്കിൽ ഈ റിട്ട് ഹർജിയുമായി ഞാൻ സുപ്രീം കോടതിയെ സമീപിക്കില്ലായിരുന്നു- ജോൺ ബ്രിട്ടാസ്

സ്ഥാപിത താൽപര്യങ്ങളെ മുൻനിർത്തിയുള്ള സ്നൂപ്പിങ്ങ് നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. 2009-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയുടെ പ്രത്യേക താൽപര്യ പ്രകാരം ഒരു സ്ത്രീയെ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു.

Truecopy Webzine

മോദി സർക്കാർ അധികാരത്തിലേറിയശേഷം ഇസ്രയേലുമായുള്ള ഇന്ത്യയുടെ വിദേശകാര്യ നയത്തിൽ വന്ന സവിശേഷ മാറ്റങ്ങളും ഇസ്രയേലുമായുള്ള ആയുധകരാറുകൾ ക്രമാതീതമായി വർധിച്ചതും പെഗാസസ് ചോർത്തലുമായി കൂട്ടിവായിക്കേണ്ടതുണ്ടെന്ന് ജോൺ ബ്രിട്ടാസ് എം.പി.

പെഗാസസുമായി ഇന്ത്യൻ സർക്കാരിന് ബന്ധമൊന്നുമില്ലെന്നാണെങ്കിലും വിഷയം അതീവ ഗുരുതരമാണ്. ഒരു ബാഹ്യശക്തി ഇന്ത്യക്കെതിരെ പെഗാസസ് പ്രയോഗിച്ചതാണെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും അപകടത്തിലാണെന്നു വേണം അനുമാനിക്കാൻ. പെഗാസസിൽ ഭരണകൂട ഇടപെടലുണ്ടായിട്ടില്ലെങ്കിൽ വിപുലമായ അന്വേഷണത്തിന് സർക്കാർ മുൻകൈ എടുക്കേണ്ടതാണ്. ഇന്ത്യയുടെ അസ്തിത്വത്തിനു തന്നെ ഭീഷണിയായി നിൽക്കുന്ന പെഗാസസിൽ സമ്പൂർണ അന്വേഷണത്തിൽ കുറഞ്ഞ ഒന്നും പര്യാപ്തമല്ല. സുപ്രീം കോടതിയിൽ നിന്ന് നീതിയുക്തമായ പരിഹാരം പ്രതീക്ഷിക്കുന്നതായും ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ജോൺ ബ്രിട്ടാസ് ട്രൂ കോപ്പി വെബ്‌സീനിൽ എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെടുന്നു.

നരേന്ദ്രമോദിക്ക് നിരീക്ഷിക്കേണ്ടവരെ പെഗാസസിലൂടെ നിരീക്ഷിക്കുന്നുണ്ട്. ഒരു ജഡ്ജിക്കെതിരേയും, ഒരു ജഡ്ജിക്ക് വേണ്ടിയും ഇത് പ്രയോഗിച്ചതായി തെളിയിക്കപ്പെട്ടു. പ്രധാനപ്പെട്ട എല്ലാ പ്രതിപക്ഷ നേതാക്കൾക്കു നേരെയും ഈ സ്‌പൈ വെയർ പ്രയോഗിച്ചിട്ടുണ്ട്. സർക്കാറിനെ പിന്തുണക്കുന്ന മാധ്യമങ്ങളുടെ എഡിറ്റർമാരെ പോലും ഈ സമ്പൂർണ നിരീക്ഷണ വലയത്തിനുള്ളിൽ കൊണ്ടുവന്നിട്ടുണ്ട്. ആദ്യ പേജിൽ പെഗാസസിനെ കുറിച്ച് വാർത്ത നൽകാത്ത പത്രങ്ങൾ പോലും രാജ്യത്തുണ്ട്. അത്ര പ്രാധാന്യമാണ് മുഖ്യധാരാ മാധ്യമങ്ങൾ പെഗാസസിന് നൽകുന്നത്.

‘‘ഒരു മാധ്യമപ്രവർത്തകൻ എന്ന നിലക്കും, പാർലമെൻറ്​ അംഗം എന്ന നിലക്കുമാണ് പെഗാസസ് സ്‌പൈ വെയർ പ്രയോഗത്തിനെതിരെ ഞാൻ സുപ്രീം കോടതിയെ സമീപിച്ചത്. പാർലമെന്റിൽ ഇതു സംബന്ധിച്ച് പ്രതികരണമൊന്നും ലഭിക്കുന്നില്ല. ഇന്ത്യയുടേത് ഒരു പാർലമെന്ററി സമ്പ്രദായമാണ്, അതിൽ എക്സിക്യുട്ടീവ് അഥവാ സർക്കാർ പാർലമെന്റിനോട് ഉത്തരവാദിത്തം പ്രകടിപ്പിച്ചു കൊണ്ടാണ് ഭരണം മുന്നോട്ടു കൊണ്ടു പോകേണ്ടത്. എന്നാൽ പാർലമെന്റിനെ ഒരു കാരണവശാലും വിശ്വാസത്തിലെടുക്കില്ലെന്ന സർക്കാറിന്റെ നിർബന്ധബുദ്ധി കാരണമാണ് പാർലമെൻറ്​ അംഗമായ എനിക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്.''- ജോൺ ബ്രിട്ടാസ് എഴുതുന്നു.

‘‘ആറു മാസം മുൻപായിരുന്നെങ്കിൽ ഈ റിട്ട് ഹർജിയുമായി ഞാൻ സുപ്രീം കോടതിയെ സമീപിക്കില്ലായിരുന്നു. എന്നാൽ ഇന്ന് ഞാൻ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നുണ്ട്. സുപ്രീം കോടതി ഉൾപ്പടെ ഇന്ത്യയിലെ ഒരു സംവിധാനത്തിനും ഇതിൽ നിന്ന് പരിരക്ഷ ഇല്ലെന്ന തിരിച്ചറിവാണ് വേണ്ടത്.''

40 രാജ്യങ്ങൾ, പത്തു പ്രധാനമന്ത്രിമാർ, മൂന്നു പ്രസിഡന്റുമാർ, ഒരു റോയൽ കിങ്ങ്, ഇത്ര ഗുരുതരമാണ് പെഗാസസ് അക്രമണത്തിന്റെ വ്യാപ്തിയും ടാർഗെറ്റിങ്ങും. എന്നാൽ പെഗാസസ് വിഷയം, പാർലമെന്റിന്റെ വർഷകാല സമ്മേളനം അലങ്കോലമാക്കാനുള്ള പ്രതിപക്ഷത്തിന്റെ പൊയ്വെടിയാണെന്നാണ് കേന്ദ്ര സർക്കാർ ഭാഷ്യം. അശ്വിനി വൈഷ്ണവ് പാർലമെന്റിൽ അവരിപ്പിച്ച പ്രസ്താവനയിൽ അതെടുത്തു പറയുന്നുണ്ട്. ഇത്തരത്തിൽ വിഷയത്തെ അടച്ചാക്ഷേപിക്കാനാണ് കേന്ദ്ര സർക്കാർ തുടക്കം മുതൽ ശ്രമിക്കുന്നത്.

ഒരു വ്യക്തിയുടെ സ്വകാര്യതയെ എല്ലാ തലത്തിലും ഭേദിക്കുന്ന പെഗാസസ് സ്പൈവെയറിനെ കുറിച്ച് തങ്ങൾ ചർച്ച ചെയ്യാൻ തയ്യാറല്ലെന്ന് പറയുന്നത്, കേന്ദ്ര സർക്കാറിന്റെ അമിതാധികാര പ്രവണതയുടെ തെളിവാണ്.
2019 നവംബറിൽ കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് ഇന്ത്യയിലെ പെഗാസസിന്റെ പ്രയോഗത്തെ കുറിച്ച് രാജ്യസഭയിൽ ചോദ്യം ചെയ്തിരുന്നു. വാട്സ്ആപ്പ് മെസഞ്ചർ പെഗാസസ് നിർമാതാക്കളായ എൻ.എസ്.ഒ ഗ്രൂപ്പിനെതിരെ കാലിഫോർണിയയിലെ കോടതിയിൽ നൽകിയ ഹർജിയുടെ പശ്ചാത്തലത്തിലായിരുന്നു വിഷയം രാജ്യസഭയിൽ ഉന്നയിക്കപ്പെട്ടത്. വാട്സ്ആപ്പിന്റെ ഹരജിയിൽ ഇന്ത്യയിലെ വാട്സ്ആപ് ഉപഭോക്താക്കളിൽ പെഗാസസ് സ്പൈവെയർ പ്രയോഗിച്ച് വിവരങ്ങൾ ശേഖരിച്ചെന്ന് പരമാർശിച്ചിരുന്നു. അന്ന് ഐ.ടി. മന്ത്രിയായിരുന്ന രവി ശങ്കർ പ്രസാദ് ഇതിന് നൽകിയ മറുപടി ഇങ്ങനെയായിരുന്നു: ‘നടപടിക്രമങ്ങളുടെ ലംഘനത്തിന് നിയമപ്രകാരം നടപടിയെടുക്കാം. വിഷയത്തിൽ എന്തെങ്കിലും പ്രശ്നമുള്ളവർക്ക് ഔപചാരികമായി കേസ് നൽകാം. സർക്കാർ വേണ്ട നടപടി എടുക്കും.' ജനാധിപത്യം അട്ടിമറിക്കപ്പെടുമെന്ന് ചൂണ്ടിക്കാണിക്കുമ്പോൾ, വ്യക്തികളിലേക്ക് വിഷയത്തെ ചുരുക്കി നിസ്സാരവത്കരിക്കാനാണ് അന്നും ബി.ജെ.പി സർക്കാർ ശ്രമിച്ചത്.

ഹിമക്കട്ടയുടെ അഗ്രം അൽപം കൂടെ വെളിപ്പെടുകയാണ് 2019ൽ നിന്ന് 2021-ലേക്കെത്തുമ്പോൾ. പെഗാസസിന്റെ വ്യാപ്തിയും, ജനാധിപത്യ വ്യവസ്ഥയെ തകിടം മറിക്കാനുള്ള അതിന്റെ ഉപയോഗ സാധ്യതയും വെളിപ്പെട്ടിരിക്കുകയാണ്.

സ്ഥാപിത താൽപര്യങ്ങളെ മുൻനിർത്തിയുള്ള സ്നൂപ്പിങ്ങ് നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. 2009-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയുടെ പ്രത്യേക താൽപര്യ പ്രകാരം ഒരു സ്ത്രീയെ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ, തന്റെ 'സാഹെബിന്' വേണ്ടി പ്രസ്തുത സ്ത്രീയുടെ ഫോൺ ടാപ്പ് ചെയ്യണമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് നിർദേശം നൽകുന്ന ഫോൺ സന്ദേശം മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നിരുന്നു. എന്നാൽ സ്ത്രീയുടെ അച്ഛൻ നരേന്ദ്ര മോദിക്ക് നൽകിയ അപേക്ഷ പ്രകാരമാണ് അവരെ നിരീക്ഷണത്തിന് വിധേയമാക്കിയതെന്ന വികലവാദമായിരുന്നു വിഷയത്തിൽ ബി.ജെ.പി ഉയർത്തിയത്. ഇത് പൊതു താൽപര്യവുമായി ബന്ധപ്പെട്ട വിഷയമല്ലെന്ന് വിലയിരുത്തി പ്രസ്തുത കേസ് അന്വേഷിക്കാൻ നിയോഗിച്ച സ്നൂപ് ഗേറ്റ് പാനൽ ഗുജറാത്ത് ഹൈക്കോടതി പിരിച്ചു വിടുകയും ചെയ്തു.

പെഗാസസ് ആക്രമണം: ഈ നിശ്ശബ്ദത മോദി സർക്കാറിനെ പ്രതികൂട്ടിലാക്കുന്നു- ജോൺ ബ്രിട്ടാസ്
വെബ്‌സീൻ പാക്കറ്റ്​ 37 ഡൗൺലോഡ് ചെയ്ത് ലേഖനം സൗജന്യമായി വായിക്കാം,കേൾക്കാം.


Comments