ആർക്കുവേണ്ടിയാണ്​ പെട്ടിമുടിയിലെ ആ ജീവനുകൾ മണ്ണിൽ മൂടിപ്പോയത്​?

ഓരോ മഴക്കാലം വരുമ്പോഴും പെട്ടിമുടി ദുരന്തത്തിന്റെ ആഘാതം മൂന്നാറിലെ തൊഴിലാളികളുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ചുകൊണ്ടിരിക്കും; ഇനിയും മരിക്കാൻ പോകുന്നത് ആരാണ് എന്നതിന്റെ ഭീതിയും. മലയോര മേഖലയിലെ, തേയിലക്കാട്ടിലെ തൊഴിലാളികളുടെ ജീവിതം എന്നും ഇങ്ങനെയാണ്. ഈ കൊടുംമഴക്കാലത്ത്​, മൂന്നാറിലിരുന്ന്​, രണ്ടുവർഷം മുമ്പുനടന്ന പെട്ടിമുടി ദുരന്തത്തെ ഓർക്കുകയാണ്, കേരള സർവകലാശാലയിൽ ഗവേഷകനായ​ പ്രഭാഹരൻ കെ. മൂന്നാർ

2020 ആഗസ്റ്റ് 6.
രാവിലെ ഒമ്പതുമണി കഴിഞ്ഞിരുന്നു, ഫോണടിക്കുന്നു.
പ്രിയ സുഹൃത്ത്, കേരള സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥി, ചോദിച്ചു; മൂന്നാറിലെ ഉരുൾപൊട്ടൽ നീയറിഞ്ഞോ?
ചോദിച്ചു തീരും മുമ്പ് ഞാൻ ടി.വിക്കുമുന്നിലെത്തി. ഓരോരോ ചാനലുകളിലായി വാർത്തകൾ തിരഞ്ഞു.
ഒടുവിൽ സ്ഥലം മനസിലായി; പെട്ടിമുടി. അമ്മക്കും അപ്പനും പരിചയമുള്ള ഒരുപാട് ആൾക്കാർ താമസിക്കുന്ന സ്ഥലം; രാജമലയുടെ പുറകുവശം.

പണ്ട് ഒരു കഥ കേട്ടിട്ടുണ്ട്. പെട്ടിമുടി വളവിൽ ഒരു ചെറിയ ബസിന്റെ ഹാൻഡ്​ ബാർ പിടിച്ചുവളയ്ക്കാൻ രണ്ടുപേരുടെ സഹായം ആവശ്യമുണ്ട്. അത്രയും വലിയ വളവുകളാണ് അവിടെയുള്ളത്.

പെട്ടിമുടി ദുരന്തം. / Photo : Collector Idukki, Fb Page

പെട്ടിമുടിയും ചിട്ടിവരയും തമ്മിൽ നല്ല ദൂരമുണ്ട്. എങ്കിലും രണ്ടിടത്തെയും നാട്ടുകാർ തമ്മിൽ നല്ല ബന്ധമാണ്. തമിഴ്നാട്ടിൽ തിരുനെൽവേലി ജില്ലയിലെ കയത്താറിൽനിന്ന്​ നാല് തലമുറയ്ക്കുമുമ്പ് തേയില തോട്ടങ്ങളിൽ പണിയെടുക്കാൻ എത്തിപ്പെട്ട തൊഴിലാളികളാവട്ടെ ചിട്ടിവര എസ്റ്റേറ്റ് സൗത്ത് ഡിവിഷനിലും രാജമല എസ്റ്റേറ്റ് പെട്ടിമുടിയിലും സമാസമമാണ്. അതുകൊണ്ടുതന്നെ മൂന്നാർ ടൗണിൽ വല്ലപ്പോഴും കണ്ടുമുട്ടുമ്പോൾ അവർ അച്ഛന്റെ പേര് പറഞ്ഞ്​, ‘കിട്ടുണൻ മകനാപ്പേ' എന്ന് ചോദിക്കും, വളരെ സ്‌നേഹമുള്ളവർ.
അമ്മയുടെ സമപ്രയക്കാരനായ സൺമുകൈയാ മരിച്ചു എന്ന വിവരമറിഞ്ഞ്​അമ്മയെ തന്നെ വിളിച്ചു. ‘അതേ, അദ്ദേഹത്തിന്റെ ഭാര്യയാണ് ആ കിടന്നു നിലവിളിക്കുന്നത് അവരുടെ പേര് കറുപ്പായി' എന്ന്​ അമ്മ വളരെ ശോകത്തോടെയുള്ള ശബ്ദത്തിൽ പറഞ്ഞു.

ഒറ്റ​പ്പെട്ട മനുഷ്യരുടെ എസ്​റ്റേറ്റുകൾ

പെട്ടിമുടി ദുരന്തത്തിലേക്ക്​ തിരിച്ചുപോകാം.
മൂന്നാറിൽ ഒരാഴ്ചയായി നല്ല മഴയായിരുന്നു. കറൻറ്​ ഇല്ല. മൊബൈൽ ഫോൺ നെറ്റ് വർക്കില്ല. ചില പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, ഗതാഗതക്കുരുക്ക്. ആരെയും ബന്ധപ്പെടൻ സാധിക്കുന്നില്ല. 2018ലെ പ്രളയസമയത്തുണ്ടായതിനേക്കാൾ സംഹാരമായ അവസ്ഥ. എന്തുചെയ്യണം എന്നറിയാനാവുന്നില്ല. മൂന്നാർ ഒറ്റപ്പെട്ടു, ചിട്ടിവരയിലും ബാക്കി എസ്റ്റേറ്റുകളിലും തൊഴിലാളികൾ ഈ ദുരന്തത്തെക്കുറിച്ചറിഞ്ഞോ? തമിഴ്നാട്ടിലുള്ള അവരുടെ ബന്ധുക്കൾ ഹൈറേഞ്ചിൽ ജീവിക്കുന്നവരുടെ ബന്ധുക്കളെക്കാൾ മുമ്പ് ദുരന്തം അറിഞ്ഞിരുന്നു. എസ്റ്റേറ്റുകളിൽ, ഫാക്ടറികളിൽ ലാൻഡ് ഫോൺ ഉള്ളതുകൊണ്ട് ആ ആശങ്ക മാറി. പക്ഷേ ഇലക്​ട്രിസിറ്റി ഇല്ലാത്തത് എല്ലാവരെയും വല്ലാതെ അലട്ടുന്നു. തമിഴ്‌നാട്ടിൽ ടോപ് സ്റ്റേഷനിൽ നിന്ന്​ചിട്ടിവര സൗത്ത് ഡിവിഷനിലേക്കുള്ള ദൂരം വെറും നാല് കിലോമീറ്ററാണ്. അതുകൊണ്ട് നേരിയതോതിൽ ആശ്വാസമുണ്ടായിരുന്നു. കാരണം എസ്റ്റേറ്റ് ഫാക്ടറിയിൽ മെസ്സേജ് എത്തിക്കഴിഞ്ഞാൽ പിന്നീട് ബൈക്കിൽ ടോപ് സ്റ്റേഷൻ വരെ സഞ്ചരിച്ച് തമിഴ്‌നാട്ടിൽ ബി.എസ്.എൻ.എൽ റേഞ്ച് പിടിച്ച് പെട്ടിമുടിയിലുള്ള അവരുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ചു വിവരം പറയാം. ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും ആശയവിനിമയം നടക്കും.

പെട്ടിമുടി (2014), ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പകർത്തിയ ചിത്രം

ഒടുവിൽ വൈദ്യുതി മന്ത്രി, മൂന്നാറിലേക്ക് വൈദ്യുതി പുനഃസ്ഥാപിക്കാൻ പറഞ്ഞു. ആ ഉത്തരവിന്റെ പേരിൽ മൂന്നു മണിക്കൂറിനകം എല്ലാ എസ്റ്റേറ്റുകളിലും വൈദ്യുതി വന്നു. ടവർ പ്രവർത്തിക്കാൻ തുടങ്ങി. അപ്പോൾ കാര്യങ്ങൾ എളുപ്പമായി. പിന്നീടാണറിഞ്ഞത്, ഈ മഴ ഇനിയും ഒരു ദിവസം തുടരുമായിരുന്നെങ്കിൽ പെട്ടിമുടിയല്ല, മൂന്നാറിലെ നിരവധി എസ്റ്റേറ്റുകൾ പെട്ടിമുടിക്ക് സമാനമായ ദുരന്തഭൂമിയായി മാറുമായിരുന്നു എന്ന്.

ഫോണിൽ ബന്ധുക്കളെ വിളിച്ചു തിരക്കിയപ്പോൾ അവർ പറഞ്ഞു, മൂന്നുനാല് ദിവസങ്ങളായി ജീവിതം തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയായിരുന്നുവെന്ന്​. കറന്റില്ല, ഗതാഗതമില്ല, വിടിഞ്ഞാലും അടഞ്ഞാലും മഴ മഴ മഴ മാത്രം. ഒരുകാലത്തും ഇങ്ങനെയൊരു മഴ പെയ്തിട്ടില്ല. പെട്ടിമുടിയിലെ ദുരന്തം ഞങ്ങളറിഞ്ഞത് 11 മണിക്കുശേഷമാണ്. ബാക്കി എസ്റ്റേറ്റുകളിൽ എന്ത് സംഭവിച്ചു എന്നുപോലും അറിയത്തില്ല. കാരണം എല്ലാ മഴക്കാലത്തും മൂന്നാർ തോട്ടം തൊഴിലാളികൾ ഇങ്ങനെ ഒറ്റപ്പെടും. ചില സമയങ്ങളിൽ ഭൂലോകത്തിൽ ഒരു ദ്വീപിനെ പോലെ, ഭൂമിയിൽ നിന്ന്​ 2000 അടി മുകളിൽ ജീവിക്കുന്ന മാട്ടുപ്പെട്ടി, അരുവിക്കാട്, കുണ്ടല, ചെണ്ടുവര, എല്ലപ്പെട്ടി, ചിട്ടിവര ടോപ്‌സ്റ്റേഷൻ (തമിഴ്‌നാട്ടിലെ കൊട്ടകുടി ഗ്രാമം) തുടങ്ങിയ എസ്റ്റേറ്റുകളിൽ ജീവിക്കുന്ന ജനങ്ങൾ തികച്ചും ഒറ്റപ്പെടും. കാരണം, മൂന്നാർ ടൗണിൽ നിന്ന്​ 30 കിലോമീറ്റർ മുകളിലോട്ടാണ് ഇവർ ജീവിക്കുന്നത്. അതുകൊണ്ട് മൂന്നാർ ടൗണിന് എന്തെങ്കിലും പറ്റിയാൽ തമിഴ്‌നാട് കുരങ്ങണി വഴി മാത്ര​മേ ഇവർക്ക് പുറത്തോട്ട് കടക്കാൻ പറ്റൂ. അങ്ങനത്തെ ഒരു ഭൂപ്രകൃതിയാണ് മാട്ടുപ്പെട്ടിയിലും തമിഴ്‌നാടിനോട് ചേർന്നുകിടക്കുന്ന എസ്റ്റേറ്റ് പ്രദേശങ്ങളിലുമുള്ളത്.

അവർ ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. അവർക്കറിയാവുന്നത് എസ്റ്റേറ്റ്, അതിനെ ചുറ്റിയുള്ള മലകൾ, തേയിലക്കാട് എന്നിവ മാത്രം. സ്വന്തം ജനതയ്ക്ക് എന്തെങ്കിലും പറ്റിക്കഴിഞ്ഞാൽ പോലും ദിവസങ്ങൾക്കുശേഷം മാത്രമേ അറിയാനും അറിയിക്കാനും പറ്റൂ. ഈ ജീവിതമാണ് അവർ ബ്രിട്ടീഷ് ഇന്ത്യാ കാലഘട്ടം മുതൽ ഇന്നുവരെ ജീവിച്ചുതീർക്കുന്നത്​, അതാണ്​ അവരുടെ ഏറ്റവും വലിയ പ്രശ്​നവും. മൂന്നാറിൽ എത്തിപ്പെടണമെങ്കിൽ ഒരു മണിക്കൂറിലേറെ ജീപ്പിലോ ബസിലോ യാത്ര ചെയ്യേണ്ടിവരും. അതിനിടയിൽ രണ്ട് ഡാമുകൾ കൂടി കടക്കേണ്ടിവരും.
ഒന്ന് ഗുണ്ടല ഡാം, രണ്ട് മാട്ടുപെട്ടി ഡാം. ഈ സാഹചര്യത്തിലാണ് തൊഴിലാളികൾ അവരുടെ ജീവിതം ജീവിച്ചുതീർക്കുന്നത്​. പരിമിതികളിൽ നിന്ന്​പരിമിതികളിലേക്ക് ചുരുങ്ങിയാണ് അവരുടെ ജീവിതം. പെട്ടിമുടിയിൽ ദുരന്തമുണ്ടായി അവിടേക്ക്​ എത്തിപ്പെടാൻ നാലോ അഞ്ചോ മണിക്കൂർ വേണ്ടിവന്നു. മാത്രമല്ല, കേരളത്തിൽ ഭാഗികമായ ലോക്ക് ഡൗൺ നിലവിലുണ്ടായതുകൊണ്ട്​ പലർക്കും അവസാനമായി ബന്ധുക്കളെ കാണാൻ പറ്റിയില്ല.

പെട്ടിമുടിയിലെ രക്ഷാപ്രവർത്തനം. / Photo : Collector Idukki, Fb Page

തോട്ടം തൊഴിലാളികൾ; ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ

പെട്ടിമുടി ദുരന്തം മൂന്നാറിലെ തൊഴിലാളികളുടെ മനസ്സിലാണ് മുറിവേൽപ്പിച്ചത്. ഇതുവരെ തൊഴിലാളികളുടെ ജീവിതത്തിൽ കാണാത്ത വലിയ ദുരന്തമാണ് പെട്ടിമുടി അവരുടെ മുമ്പിൽ കാണിച്ചുകൊടുത്തത്.

രാത്രി 10.45 ആയപ്പോൾ മൂത്രമൊഴിക്കാൻ പുറത്തേക്ക് വന്നതുകൊണ്ടുമാത്രം രക്ഷപ്പെട്ടയാളാണ്​ കറുപ്പായി. അതും ടോയ്‌ലറ്റ് അകത്തില്ലാത്തതുകൊണ്ടു മാത്രമാണ് അവർ രക്ഷപ്പെട്ടത്. അതുകൊണ്ട് ആ മഹാദുരന്തത്തിന്റെ ദൃക്‌സാക്ഷിയായി ഇന്നും ജീവിക്കുന്നു. അവർക്ക് നഷ്ടപ്പെട്ടത് ഭർത്താവും മക്കളും അടങ്ങുന്ന 13 പേരെയാണ്. തമിഴ്‌നാട്ടിൽ കയത്താർ ഭാരതി നഗറിൽ നിന്ന്​ പെട്ടിമുടിയിലേക്ക് പണിയെടുത്ത് ജീവിക്കാൻ എത്തിയ 25ലേറെ പേരാണ്​ സംഭവത്തിൽ മരിച്ചത്. ഇവരെല്ലാവരും ബന്ധുക്കളാണ് എന്നത് മറ്റൊരു ദുഃഖം. മഴ പെയ്യുമ്പോൾ തൊഴിലാളികളുടെ ഓടിട്ട വീടുകൾ മാത്രമല്ല ചോരുന്നത്; മറിച്ച് അവരുടെ ജീവിതം കൂടിയാണ്. തൊഴിലാളികളായി ജനിച്ച് തൊഴിലാളികളായി ജീവിച്ച് തൊഴിലാളികളായി മരിച്ചുപോയ ഒരു കൂട്ടം ജനതയുടെ വേദനാജനകമായ കഥയാണ് പെട്ടിമുടി ദുരന്തം. സ്വന്തം എന്നുപറയാൻ അധ്വാനം മാത്രമുള്ള ഒരു ജനക്കൂട്ടമാണ് ആ പാതിരാത്രിയിൽ മണ്ണിൽ പുതഞ്ഞുപോയത്.

അവർക്ക്​ സ്വന്തമായി വീടില്ല, നിലമില്ല, അവരെ സംസ്‌കരിച്ചതുപോലും കൂട്ടമായിട്ടാണ്. ആധുനിക മുതലാളിത്തത്തിന്റെയും രൂക്ഷമായ പോസ്റ്റ് കൊളോണിയൽ അവസ്ഥയുടെയും ബിംബമാണ് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതം. ഈ ജീവിതം എങ്ങനെ അർത്ഥവത്താകും, എങ്ങനെ പുരോഗമിക്കും എന്നതിനെക്കുറിച്ച് എപ്പോഴും ആശങ്ക മാത്രമാണ് ബാക്കി. പരിസ്ഥിതിദുരന്തത്തിന്റെ ആഘാതം ഏറ്റുവാങ്ങുന്നത് കോർപറേറ്റ് മുതലാളിമാരല്ല; നിത്യദരിദ്രരായി ജനിച്ചു മരിച്ചു പോവുന്ന പാവം കുടിയേറ്റ തൊഴിലാളികളാണ്.

പുത്തുമല തുടങ്ങിയ സ്ഥലങ്ങളിൽ ലയങ്ങളിൽ താമസിച്ചിരുന്ന തൊഴിലാളികളാണ് ആഘാതം ഏറ്റുവാങ്ങിയത് എന്നുകൂടി ഓർക്കണം. മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചലും എല്ലാ മഴക്കാലത്തും പതിവാകുമ്പോൾ നമ്മൾ ആരെയാണ് സംരക്ഷിക്കേണ്ടത്? പെട്ടിമുടികൾ ഇനിയും ആവർത്തിക്കുമെന്ന സൂചന നൽകി, ഈ ദുരന്തത്തിന്റെ രണ്ടാം വാർഷികദിനത്തിൽ മൂന്നാർ കുണ്ടള പുതുക്കുടി എസ്‌റ്റേറ്റിൽ ഉരുൾപൊട്ടലുണ്ടായി. 150ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അർധരാത്രിയാണ് കല്ലും മണ്ണും ഇടിഞ്ഞ് ക്ഷേത്രവും കടകളും മണ്ണിനടിയിലായത്. 45,000 ലീറ്ററിന്റെ കുടിവെള്ള സംഭരണിയും തകർന്നു.

മഴയിൽ കുതിർന്നുപോകുന്ന ലയങ്ങൾ

പെട്ടിമുടി ദുരന്തത്തെ തുടർന്ന്​ മുഖ്യമന്ത്രിയും ഗവർണറും സ്​ഥലം സന്ദർശിച്ച് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തു. എന്നാൽ, പെട്ടിമുടി അഭിമുഖീകരിക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങൾ അതേ പടി ഇന്നും നിലനിൽക്കുകയാണ്. 'എന്തുകൊണ്ടാണ് ഞങ്ങളെ ഒരുമിച്ച് അടക്കേണ്ടിവന്നത്' എന്ന തോട്ടം തൊഴിലാളി പ്രവർത്തക ഗോമതിയെപ്പോലുള്ളവരുടെ ചോദ്യത്തിന് ഇന്നും ഭരണകൂടം ഉത്തരം നൽകിയിട്ടില്ല. ഇവിടെ, ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ മനുഷ്യരുടെ ജീവിതസാഹചര്യമാണ് ദുരന്തം ഇത്രക്ക് രൂക്ഷമാക്കിയത്. ഇവിടുത്തെ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങൾ, താമസിക്കാൻ കൊള്ളാത്തവിധം പഴക്കമുള്ളതായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഇത് അവഗണിക്കപ്പെട്ടു. അതിനുപകരം, കണ്ണൻദേവൻ കമ്പനി നൽകിയ വിവരങ്ങളാണ് ഔദ്യോഗിക സംവിധാനങ്ങളെല്ലാം ആശ്രയിച്ചത്.

പെട്ടിമുടി ദുരുന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നു.

മൂന്നാറിലെ തോട്ടം തൊഴിലാളികൾ 1924 ൽ ആദ്യ പ്രളയത്തിൽ മരിച്ചതിന് ബ്രിട്ടീഷ് കണക്കുകൾ പ്രകാരം തെളിവില്ല. അത്രത്തോളം ജീവന് ഉത്തരവാദിത്വം നൽകാത്ത ജീവിതമാണ് അവർ കാലങ്ങളായി ജീവിച്ചു വരുന്നത്. 1956ൽ ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപ്പെട്ടപ്പോൾ കേരളത്തിന്റെ ഭാഗമായാണ് മൂന്നാർ തുടരുന്നത്. എന്നാൽ, മലയാളത്തിലെ പ്രമുഖ ചാനൽ, മൂന്നാറിലെ തൊഴിലാളികൾ തമിഴ്‌നാട്ടിൽ നിന്ന്​പണിയെടുക്കാൻ വന്നവരാണ് എന്നാണ് 2020ൽ വാർത്ത കൊടുത്തത്. ഇന്നത്തെ മൂന്നാറിനെ മൂന്നാർ ആക്കിയത് തൊഴിലാളികളാണ്, മൂന്നാറുകാരുടെ മുത്തപ്പന്മാരും മുത്തമ്മമാരുമാണ്. അവരുടെ അധ്വാനവും രക്തവും വിയർപ്പും അറിയാതെ ചിലർ ചരിത്രബോധമില്ലാത്ത വാർത്തകൾ കൊടുക്കുന്നു.

പെട്ടിമുടിയിൽ തോട്ടം തൊഴിലാളിയായ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട ഹേമലത എന്ന വിദ്യാർത്ഥിനി 2021 മാർച്ചിൽ പ്ലസ്ടു റിസൾട്ട് വന്നപ്പോൾ തന്റെ അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മരിക്കുന്നതിനുമുമ്പ് അച്ഛൻ തന്റെ മകളെ ഡോക്ടർ ആക്കണം എന്ന സ്വപ്നത്തോടെയാണ് തിരുവനന്തപുരം പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് പറഞ്ഞയച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോൾ, തങ്ങളുടെ മാതാപിതാക്കൾ മൺമറഞ്ഞ മണ്ണുമാത്രമാണ്​ ഹേമലതക്കും അവളുടെ അനിയത്തിയ്ക്കും കാണാൻ സാധിച്ചത്. ഇങ്ങനെ ചില സ്വപ്നങ്ങളുടെയും നാടുകൂടിയാണ്​ ആ മലനാട്.

മൂന്നാറിലെ തോട്ടം തൊഴിലാളികൾ. / Photo : keralatourism.org

ഓരോ മഴക്കാലം വരുമ്പോഴും പെട്ടിമുടി ദുരന്തത്തിന്റെ ആഘാതം മൂന്നാറിലെ തൊഴിലാളികളുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ചുകൊണ്ടിരിക്കും; ഇനിയും മരിക്കാൻ പോകുന്നത് ആരാണ് എന്നതിന്റെ ഭീതിയും. മലയോര മേഖലയിലെ, തേയിലക്കാട്ടിലെ തൊഴിലാളികളുടെ ജീവിതം എന്നും ഇങ്ങനെയാണ്. കുളിർകായാനാഗ്രഹിക്കുന്ന മഴക്കാട്ടിലെ സഞ്ചാരിയെ പോലെ. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിക്കാർക്ക് നഷ്ടപ്പെട്ടത്​ വെറും നമ്പറുകൾ മാത്രം, പക്ഷേ ഹേമലതയെ പോലുള്ളവർക്ക് നഷ്ടപ്പെട്ടത് അവരുടെ ജീവിതവും.

കറുപ്പായിയെ പോലുള്ള വയസ്സായ അമ്മയ്ക്ക് നഷ്ടപ്പെട്ടത് ജീവിതത്തിൽ തിരിച്ചുകിട്ടാത്ത ഭർത്താവിനെയും മക്കളെയും പേരക്കുട്ടികളെയുമാണ്. ആരാണ് ഈ ദുരന്തത്തിന് ഉത്തരവാദികൾ? ആർക്കുവേണ്ടിയാണ് ഇത്രയും ജീവനുകൾ മണ്ണിൽ മൂടിപ്പോയത്​?

Comments