ഈ കുറ്റപത്രം അസാധുവാണ് പകരക്കാരനല്ല, ഇ ലേണിങ് യാഥാർഥ്യമാണ്

വികലമായ ദിശാബോധത്തോടെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസപ്രക്രിയയിൽ സാങ്കേതികവിദ്യയ്ക്ക് പ്രതിലോമകരമായ ദൗത്യമായിരിക്കും നിർവഹിക്കേണ്ടിവരുന്നത്. മാറ്റം വേണ്ടത് പാഠ്യപദ്ധതിയിലും അതിന് ആധാരമായ ദാർശനിക നിലപാടുകളിലുമാണ്. അതിനാൽ പാഠ്യപദ്ധതിപുനർനിണയത്തിനുള്ള സന്ദർഭമായിക്കൂടി ഓൺലൈൻ കാലത്തെ കണക്കാക്കേണ്ടതുണ്ടെന്ന്, ഇ ലേണിങുമായി ബന്ധപ്പെട്ട ചർച്ചയിൽ ലേഖകൻ

പുതിയ സംരംഭങ്ങളെ ഭീതിയോടെ കാണുകയും അവ പ്രതിഷ്ഠിതമായിക്കഴിഞ്ഞാൽ ഭ്രാന്തമായി അവയുടെ പിന്നാലെ പായുകയും ചെയ്യുന്ന പ്രവണത പൊതുവിൽ കാണാം. കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഇത് നാം പലകുറി അനുഭവിച്ചതാണ്. ഇപ്പോൾ സവിശേഷമായ ലോകസാഹചര്യത്തിൽ, പരിശീലിച്ച പലതും അപ്രാപ്യമായതോടെ പരിചിതമല്ലാതിരുന്ന ശീലങ്ങൾ വഴക്കിയെടുക്കാൻ നമ്മൾ നിർബന്ധിതരായിത്തീർന്നിട്ടുണ്ട്. ഓൺലൈൻ പഠനം സംബന്ധിച്ച ചർച്ച പ്രസക്തമായിത്തീരുന്നത് ഈ ഘട്ടത്തിലാണ്.

സാങ്കേതികവിദ്യയല്ല വില്ലൻ
മഹാമാരിയായ ഒരു പകർച്ചവ്യാധി നേരിടാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുമ്പോൾ പ്രയോഗിക്കേണ്ട പകരക്കാരന്റെ സ്ഥാനമാണോ ഓൺലൈൻ പഠനത്തിനു നൽകേണ്ടത്? പകരക്കാരനെ അറപ്പോടെയും വെറുപ്പോടെയും സമീപിക്കുന്നവരുണ്ട്. കുറച്ചുനാൾ അടക്കിപ്പിടിച്ചുകഴിയാം എന്ന് സ്വയം സമാശ്വസിക്കുന്നവരുണ്ട്. സാങ്കേതികവിദ്യക്കുനേരെയുള്ള കുറ്റപത്രം പിൻവലിക്കാതെയാണ് അതിന് വിദ്യാഭ്യാസത്തിന്റെ പവിത്രവേദിയിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്.
* ഡിജിറ്റൽ സാങ്കേതികവിദ്യ പഠനപ്രക്രിയയെ യാന്ത്രികമാക്കുന്നു.
* മനപ്പാഠമാക്കലിനുള്ള കൃത്രിമമായ ഉപാധിയായി അത് മാറുന്നു.
* യഥാർഥ അനുഭവങ്ങൾക്കു പകരം കൽപിതമോ ഭ്രമാത്മകമോ ആയ അനുഭവങ്ങൾ മാത്രമാണ് നൽകുന്നത്.
* വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനശിലയായ സാമൂഹീകരണത്തിനുള്ള അവസരം നഷ്ടപ്പെടുത്തുന്നു.
* കാഴ്ചപ്പണ്ടാരങ്ങളായി കുട്ടികളെ അധപ്പതിപ്പിക്കാൻ കാരണമാകും.
* സാങ്കേതികവിദ്യയുടെ പ്രയോഗം വിദ്യാർത്ഥികൾക്കിടയിൽ ഗൗരവതരമായ വിഭജനം സൃഷ്ടിക്കുകയും ഒരു വിഭാഗത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യും.
* സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ അരികുചേർക്കപ്പെടുന്നു.
* ശരീരത്തിന്റെ ചലനശേഷി കുറയ്ക്കുകയും പൊണ്ണത്തടിപോലുള്ള ശാരീരിക പ്രശ്‌നങ്ങൾക്ക് വഴിതെളിക്കുകയും ചെയ്യുന്നു.
* കാഴ്ചശക്തിയെ ബാധിക്കും, നാഡീസംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകും.
* കുട്ടികൾ ഉപകരണങ്ങൾക്ക് അടിമപ്പെടുകയും അവ ഒരുക്കുന്ന കെണികളിൽപ്പെടുകയും ചെയ്യും.
* സൈബർ കുറ്റകൃത്യങ്ങളിലേക്ക് വഴുതിപ്പോകാൻ സാധ്യത.
ഇങ്ങനെ അസംഖ്യം ദോഷങ്ങൾ ആരോപിച്ചാണ് ഓൺലൈൻ പഠനത്തെ യാഥാസ്ഥിതിക സമൂഹം സ്വീകരിക്കുന്നത്.

വിദ്യാഭ്യാസത്തിന്റെ ദിശാബോധം തകരാറിലാക്കുന്നത് സാങ്കേതികവിദ്യയല്ല, വിദ്യാഭ്യാസം സംബന്ധിച്ച് സമൂഹത്തിൽ വളർന്നുവരുന്ന കാഴ്ചപ്പാടാണ്

നമ്മുടെ സമൂഹത്തിൽ പൊതുവായി ദൃശ്യമാകുന്ന അനാരോഗ്യകരമായ പ്രവണതകളുടെ ദോഷങ്ങൾ സാങ്കേതികവിദ്യയുടെമേൽ ആരോപിക്കാനുള്ള ശ്രമമാണ് ആരോപണങ്ങളിൽ മുന്തിനിൽക്കുന്നത്. സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അതിന്റെ ഫലസിദ്ധി. വിദ്യാഭ്യാസത്തിന്റെ ദിശാബോധം തകരാറിലാക്കുന്നത് സാങ്കേതികവിദ്യയല്ല, വിദ്യാഭ്യാസം സംബന്ധിച്ച് സമൂഹത്തിൽ വളർന്നുവരുന്ന കാഴ്ചപ്പാടാണ്. വികലമായ ദിശാബോധത്തോടെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസപ്രക്രിയയിൽ സാങ്കേതികവിദ്യയ്ക്ക് പ്രതിലോമകരമായ ദൗത്യമായിരിക്കും നിർവഹിക്കേണ്ടിവരുന്നത്. ഉള്ളടക്കത്തിന്റെ അപ്രമാദിത്തം ഘോഷിക്കുകയും വിധേയത്വവും അനുകരണശീലവും മുഖ്യഗുണങ്ങളായി കൊണ്ടാടുകയും കൂടുതൽ ഓർക്കാൻ കഴിയുന്നവരിൽ സമൂഹത്തിന്റെ ഭാവി കാണുകയും ചെയ്യുന്ന (ഓർത്തുവയ്ക്കൽ പക സൂക്ഷിക്കുന്നതിന്റെ ലക്ഷണമാണല്ലോ) വിദ്യാഭ്യാസക്രമത്തിൽ സാങ്കതികവിദ്യ മാധ്യമമായിത്തീരുമ്പോൾ മറിച്ചൊന്ന് പ്രതീക്ഷിക്കാനാവില്ല. മാറ്റം വേണ്ടത് പാഠ്യപദ്ധതിയിലും അതിന് ആധാരമായ ദാർശനിക നിലപാടുകളിലുമാണ്. അതിനാൽ പാഠ്യപദ്ധതിപുനർനിണയത്തിനുള്ള സന്ദർഭമായിക്കൂടി ഓൺലൈൻ കാലത്തെ കണക്കാക്കേണ്ടതുണ്ട്.

വിദ്യാഭ്യാസം സമൂഹത്തിന്റെ ചുമതലയായി പരിഗണിക്കാൻ തുടങ്ങിയ കാലം മുതൽ വിദ്യാഭ്യാസരീതിയിലോ സമീപനത്തിലോ വരുത്തുന്ന ചെറിയ മാറ്റങ്ങളെപ്പോലും അസഹിഷ്ണുതയോടെ സമീപിക്കുന്ന പ്രവണത കാണാൻ കഴിയും. എഴുത്തുവിദ്യയ്ക്കു പ്രചാരമില്ലാതിരുന്ന കാലത്തുനിന്ന് എഴുത്തിന്റെ കാലത്തിലേക്കു കടന്നപ്പോൾ ഓർമശക്തി നശിക്കുന്നതായി ആരോപിക്കപ്പെട്ടു. എഴുത്തോലകളിൽ നിന്ന് കടലാസിലേക്കുള്ള ചുവടുമാറ്റത്തെയും ചെറുത്തുനിൽക്കാൻ ശ്രമങ്ങൾ ഉണ്ടായി. പവിത്രമായ രേഖപ്പെടുത്തലുകളെല്ലാം ഓലയിൽ പരിമിതപ്പെടുത്തി. പാഠപുസ്തകങ്ങളും അച്ചടിയും ഡിജിറ്റൽ സാങ്കേതികവിദ്യയുമെല്ലാം ഏറെനാളത്തെ നിരാകരണങ്ങൾക്കു ശേഷം മാത്രം സ്വീകരിക്കപ്പെടുന്നു എന്ന സാമാന്യവൽക്കരണത്തിൽ എത്താവുന്നതാണ്. നാം ഇന്ന് എത്തിനിൽക്കുന്ന ഡിജിറ്റൽ സാങ്കേതികവിദ്യയും നിർമ്മിത ബുദ്ധിയും ഏറെ സാധ്യത തുറന്നുതരുന്നു.

വേണം, ഡിജിറ്റൽ വിപ്ലവം

ശാരീരികാധ്വാനത്തിൽനിന്നുള്ള മോചനമായാണ് പല കുടുംബങ്ങളും വിദ്യാഭ്യാസത്തെ ആശ്രയിക്കുന്നത്. അയൽപക്കത്തിന്റെ ബാധകളിൽ നിന്ന് ഒഴിഞ്ഞു വളരാൻ നാം കുട്ടികളെ അകലങ്ങളിലുള്ള വിദ്യാലയങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു. അവരുടെ കുറവുകൾ മാത്രം പറയുകയും മറ്റുള്ളവരുമായി അവരെ താരതമ്യപ്പെടുത്തുകയും ജീവിതം മത്സരത്തിന്റെ വേദിയാണെന്നു നിരന്തരം ഓർമ്മപ്പെടുത്തുകയും ചെയ്ത് സാങ്കൽപികമായ ചക്രവ്യൂഹത്തിൽ അവരെ കുടിയിരുത്തുന്നു. ഇതിനു പിന്നിലെ കുടിലതയും ചിന്താശൂന്യതയും സമൂഹത്തിന് ബോധ്യപ്പെടേണ്ടതുണ്ട്. അതുവരെ കാത്തിരുന്നാൽ മാറ്റങ്ങൾ കാലഹരണപ്പെട്ടേക്കാം.

‘ഡിജിറ്റൽ ഡിവൈഡ്' ഇല്ലാതാക്കാൻ എല്ലാ വിദ്യാലയങ്ങളിലും ഡിജിറ്റൽ വിപ്ലവം സംഘടിപ്പിക്കുകയാണു വേണ്ടത്. ലോകത്തെ മികച്ച വിഭവങ്ങൾ മുഴുവൻ ന്യൂനപക്ഷം വരുന്ന ‘സ്വാധീനജനത' കൈപ്പിടിയിൽ ഒതുക്കാതിരിക്കാനുള്ള ജാഗ്രത ആവശ്യമാണ്

ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം പല രംഗങ്ങളിലും യാഥാർത്ഥ്യമായിത്തന്നെ നിലനിൽക്കുന്നു. അതിനെതിരായ പോരാട്ടം തുടർന്നുപോകേണ്ടതുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് ഈ അന്തരത്തിന് പുതിയ മാനം കൈവരുന്നു. ‘ഡിജിറ്റൽ ഡിവൈഡ്' ഇല്ലാതാക്കാൻ എല്ലാ വിദ്യാലയങ്ങളിലും ഡിജിറ്റൽ വിപ്ലവം സംഘടിപ്പിക്കുകയാണു വേണ്ടത്. ലോകത്തെ മികച്ച വിഭവങ്ങൾ മുഴുവൻ ന്യൂനപക്ഷം വരുന്ന ‘സ്വാധീനജനത' കൈപ്പിടിയിൽ ഒതുക്കാതിരിക്കാനുള്ള ജാഗ്രത ആവശ്യമാണ്. താരതമ്യേന ചെലവു കുറഞ്ഞ സാങ്കേതികവിദ്യയാണ് ഡിജിറ്റൽ ലോകം വാഗ്ദാനം ചെയ്യുന്നത്. സമൂഹത്തിൽ ഏറ്റവും പിന്തുണ ആവശ്യമായ ജനവിഭാഗങ്ങൾക്കു പോലും അത് പ്രാപ്യമാക്കാൻ ശ്രമം ഉണ്ടാവണം. അതിനുള്ള സന്നദ്ധപ്രവർത്തനങ്ങൾ ഒരുഭാഗത്ത് നടക്കുന്നുണ്ട്.

ഉള്ളടക്കത്തിന്റെ പരപ്പ് ബാധയാകില്ല
കുട്ടികളുടെ അവകാശനിയമം, വിദ്യാഭ്യാസ അവകാശനിയമം എന്നിവയുടെ പശ്ചാത്തലത്തിൽ പഠനഭാരം ലഘൂകരിക്കാനുള്ള ശ്രമം നടന്നുവരുന്നുണ്ട്. കോവിഡ് മൂലം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവർത്തനം സ്തംഭിച്ചതോടെ സിലബസ് ലഘൂകരണം വിദ്യാഭ്യാസ ആസൂത്രകരുടെ മുഖ്യപരിപാടിയായി തീർന്നു. ഇക്കാര്യത്തിൽ നടന്നുവരുന്ന തർക്കവിതർക്കങ്ങൾക്കു പിന്നിലെ മനോഭാവവും കാഴ്ചപ്പാടുമെല്ലാംതന്നെ വിശദ പരിശോധനയ്ക്ക് വിധേയമാക്കണം. സിലബസ് ലഘൂകരണം നിർദോഷകരമല്ലെന്ന ഓർമപ്പെടുത്തൽ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ക്ലാസ് മുറിയിൽ പരിശീലിപ്പിക്കാനും പരീക്ഷയ്ക്കു ചോദ്യം ചോദിക്കാനും കുറെ വിവരങ്ങൾ ഉൾപ്പെടുത്തുകയോ മുമ്പ് ഉൾപ്പെടുത്തിയിരുന്നവയിൽ ചിലത് ഒഴിവാക്കുകയോ ചെയ്യുന്നതു സംബന്ധിച്ചാണ് ഏറ്റുമുട്ടൽ. അത്തരം വിവാദങ്ങൾക്ക് പലപ്പോഴും വിദ്യാഭ്യാസപരമായ സാധൂകരണങ്ങൾ ഉണ്ടാവുന്നില്ല. ഒഴിവാക്കിയവർ സമാശ്വസിക്കുന്നത് തങ്ങൾക്ക് അനിഷ്ടകരമായ ചില വസ്തുതകളെ തമസ്‌കരിക്കാൻ കഴിഞ്ഞു എന്നാണ്.

വിദ്യാഭ്യാസം സമൂഹത്തിന്റെ ചുമതലയായി പരിഗണിക്കാൻ തുടങ്ങിയ കാലം മുതൽ വിദ്യാഭ്യാസരീതിയിലോ സമീപനത്തിലോ വരുത്തുന്ന ചെറിയ മാറ്റങ്ങളെപ്പോലും അസഹിഷ്ണുതയോടെ സമീപിക്കുന്ന പ്രവണത കാണാൻ കഴിയും

അതിനെതിരെ വാദിക്കുന്നവരാകട്ടെ തങ്ങൾ ഉയർത്തിപ്പിടിക്കാൻ ആഗ്രഹിച്ച ചില ആശയങ്ങൾ പരിഗണിക്കപ്പെടാതെ പോയതിന്റെ വേവലാതിയിലാണ്. എന്തൊക്കെ ശ്രേഷ്ഠമായ ഉള്ളടക്കം ഉണ്ടായാലും വിദ്യാർത്ഥികളുടെ ചിന്താപരമായ വികാസത്തിൽ ഗുണകരമായ സംഭാവന ഉണ്ടാവണമെങ്കിൽ പഠനപ്രക്രിയ അതിന് അനുഗുണമാകണം. ബുദ്ധിയെ സംബന്ധിച്ച്​ ഘർഷണദീപ്​തി ​എന്നെല്ലാം ആലങ്കാരികമായി പറയുന്നവർ പോലും അതിന്റെ പൊരുൾ പലപ്പോഴും അറിയുന്നില്ല. വ്യക്തിത്വ രൂപീകരണത്തിൽ പങ്കുവഹിക്കുന്ന വിദ്യാഭ്യാസം ഘർഷണദീപ്തിയുള്ള ചിന്തകൾ വളർത്തുന്നതാവണം. സംവാദാത്മകവും അന്വേഷണാത്മകവുമായ പഠനമാണ് അതിന് ആവശ്യം. വിമർശനാത്മക ബോധനം പ്രസക്തമായിത്തീരുന്നത് അവിടെയാണ്. ഉള്ളടക്കത്തെ സംബന്ധിച്ച ദിശാസൂചനകൾ മാത്രമേ അവിടെ ആവശ്യമായിവരുന്നുള്ളൂ. അതിന്റെ വ്യാപ്തി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വിദ്യാർത്ഥികൾക്കുതന്നെ നൽകാൻ കഴിയും. പ്രക്രിയ സംബന്ധിച്ച കൃത്യതയും സുതാര്യതയും ഉറപ്പുവരുത്താൻ കഴിഞ്ഞാൽ ഉള്ളടക്കത്തിന്റെ പരപ്പ് ബാധയായി അനുഭവപ്പെടുകയില്ല.

ഓൺലൈൻ കാലത്തെ പാഠ്യപദ്ധതി എന്നത് നിശ്ചിത കാലത്തുമാത്രം പ്രസക്തമാകുന്ന പാഠ്യപദ്ധതി എന്നു ധരിക്കരുത്. ഡിജിറ്റൽ സാങ്കേതികവിദ്യ അനിവാര്യമായിത്തീർന്ന സാഹചര്യം പ്രയോജനപ്പെടുത്തി പ്രചാരം നൽകാൻ കഴിയുന്ന പാഠ്യപദ്ധതി എന്ന നിലയിൽ അതിനെ കാണാം. സാങ്കേതികവിദ്യയുടെ രംഗത്ത് ഉണ്ടായ വികാസം വിവരങ്ങൾ വിരൽത്തുമ്പിൽ എത്തിക്കാൻ ഇടയാക്കി. വിപുലമായ വിവരശേഖരത്തെ സൗകര്യപ്രദമായ വിധത്തിൽ ക്രമീകരിക്കാനും അതിനുള്ളിലെ സാധ്യത തിരയാനും കഴിയുന്ന വിധത്തിൽ സ്വയംപ്രവർത്തക യുക്തികൾ സൃഷ്ടിക്കപ്പെട്ടു. കമ്പ്യൂട്ടേഷൻ പോലുള്ള പല ​പ്രവർത്തനങ്ങൾക്കും വേണ്ടിയിരുന്ന യാന്ത്രികപരിശീലനം ഒഴിവാക്കുന്നതിന് അത് ഇടയാക്കി. വിവിധ ഇന്ദ്രിയങ്ങളുടെ ഏകോപിച്ച പ്രവർത്തനത്തിലൂടെ സാധ്യമാക്കിയിരുന്ന യത്‌നങ്ങൾ ചില ഇന്ദ്രിയങ്ങളുടെ ഭാഗിക പിന്തുണയോടെയോ പിന്തുണ കൂടാതെയോ സാധ്യമാക്കാൻ സാങ്കേതികവിദ്യയിലൂടെ കഴിയുന്നു. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസകാര്യത്തിലും എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസത്തിലും പുതിയ അവസരങ്ങളാണ് ഇത് പ്രദാനംചെയ്യുന്നത്. ഇതെല്ലാം പഠനത്തെ സംബന്ധിച്ച് മുമ്പ് രൂപപ്പെടുത്തിയിരുന്ന മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നതാണ്. അറിവിന്റെയും അനുഭവങ്ങളുടെയും പങ്കുവയ്ക്കലിനും സൗഹൃദങ്ങൾ വ്യാപിപ്പിക്കുന്നതിനും നിലനിന്നിരുന്ന ദൂരപരിധികൾ ഇല്ലാതായി എന്നതും ശ്രദ്ധേയമാണ്. സാമുഹീകരണത്തെ ഈ പുതിയ സാഹചര്യത്തിൽ നിർവചിക്കാൻ നാം ബാധ്യസ്ഥരായിട്ടുണ്ട്.
വിഷയങ്ങൾക്കിടയിൽ ഉണ്ടായിരുന്ന താരതമ്യഭേദവും വിഭജനക്രമവും ഓൺലൈൻ കാലത്തെ പാഠ്യപദ്ധതിയിൽ പ്രശ്‌നീകരിക്കപ്പെടുന്നു. പ്രായോഗിക സന്ദർഭങ്ങൾ പരിഗണിച്ച് ഉദ്ഗ്രഥന വിധേയമാക്കിക്കൊണ്ടു മാത്രമേ വിഷയങ്ങളെ പരിഗണിക്കാൻ കഴിയൂ. വിഷയങ്ങളുടെ പ്രാധാന്യം ആപേക്ഷികമായിത്തീരുന്നു. വിഷയങ്ങളെ ഉദ്ഗ്രഥിച്ച് പ്രശ്‌നവിശകലനം നടത്താനുള്ള നൈപുണി വിദ്യാർത്ഥികൾക്കെന്നപോലെ അധ്യാപകർക്കും അനിവാര്യമായിത്തീരും.

ഡിജിറ്റൽ കാലം പുതിയ സാമൂഹികക്രമം കൂടിയാണ്
മൂല്യസങ്കൽപം, ദേശീയത, മാനവികത തുടങ്ങിയവയിലെല്ലാം ചെറുതും വലുതുമായ മാറ്റം വരാനിടയുണ്ട്. അടിച്ചേൽപിക്കപ്പെടുന്ന മൂല്യങ്ങൾ സ്വാഭാവികമായി തിരസ്‌കരിക്കപ്പെടും. അവകാശം, നീതി, സ്വാതന്ത്ര്യം തുടങ്ങിയവയുടെ പരിധികൾ പുനർനിർണയിക്കപ്പെടും. ഡിജിറ്റൽ കാലം എന്നത് പുതിയ സാമൂഹികക്രമം കൂടിയാണ്. ഉദാഹരണമായി കോപ്പിറൈറ്റ് എന്നത് ഒരു കാലത്ത് പവിത്രമായ അവകാശമായിരുന്നു. എന്നാൽ, കോപ്പിലെഫ്റ്റ് എന്ന ബദലിലൂടെ ഇന്ന് പുതിയ മൂല്യസങ്കൽപംതന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ലിംഗപദവി സംബന്ധിച്ച കാഴ്ചപ്പാടുകളിൽ ഏറെ മാറ്റം വന്നിരിക്കുന്നു. പൗരത്വം പ്രശ്‌നീകരിക്കപ്പെടുന്ന ലോകസാഹചര്യത്തിൽ ദേശീയതയുടെ സ്വഭാവത്തിൽ പ്രകടമാകുന്ന മാറ്റം പരിഗണിക്കാതിരിക്കാൻ കഴിയില്ല.

പരീക്ഷകൾ ഒഴിവാക്കിയാലും വലിയ അപകടം വരാനില്ലെന്ന് ഏവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രീകൃതവും അതീവ സുരക്ഷ ആവശ്യമായതുമായ പരീക്ഷകൾ വിദ്യാഭ്യാസത്തിൽ വിലപ്പെട്ട സംഭാവനകളൊന്നും ചെയ്യില്ലെന്ന് തെളിഞ്ഞു കഴിഞ്ഞു

ഇന്ത്യ പുരാതനകാലം മുതൽ ഉയർത്തിപ്പിടിച്ചിരുന്ന വിശ്വപൗരത്വത്തിന് പ്രസക്തി ഏറുന്നു.
മൂല്യനിർണയത്തിന്റെ കാര്യത്തിൽ അടിമുടി മാറ്റം വരുത്താൻ നാം നിർബന്ധിതരായിരിക്കുന്നു. ഏറ്റവും ഗൗരവപ്പെട്ടതെന്നു കരുതിയിരുന്ന പരീക്ഷകൾ ഒഴിവാക്കിയാലും വലിയ അപകടം വരാനില്ലെന്ന് ഏവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രീകൃതവും അതീവ സുരക്ഷ ആവശ്യമായതുമായ പരീക്ഷകൾ വിദ്യാഭ്യാസത്തിൽ വിലപ്പെട്ട സംഭാവനകളൊന്നും ചെയ്യില്ലെന്ന് തെളിഞ്ഞു കഴിഞ്ഞു. പഠനം ആസൂത്രണം ചെയ്യുന്നതിന് നേതൃത്വം നൽകുന്ന അധ്യാപകർ തന്നെയാണ് വിലയിരുത്തൽ നടത്തേണ്ടത്. തന്നെ സംബന്ധിച്ച വിലയിരുത്തലിൽ വിദ്യാർത്ഥിക്കും തീരുമാനങ്ങൾ കൈക്കൊള്ളാൻ അവകാശമുണ്ട്. സമൂഹത്തിന്റെ വിലയിരുത്തലിനുള്ള അവസരങ്ങൾ നിലനിർത്തുകയും ചെയ്യാം. പഠിച്ച ഉള്ളടക്കം എത്രത്തോളം ഓർമയിലുണ്ട് എന്നും ശീലിച്ച നൈപുണി എപ്രകാരം ആവർത്തിക്കുന്നുവെന്നുമുള്ള അന്വേഷണത്തിന് ഇത്രയും വിപുലമായ സംവിധാനങ്ങൾ ആവശ്യമില്ല. എന്നാൽ, സമൂഹത്തിന് ഗുണകരമായിത്തീരുന്ന വിധത്തിൽ വിദ്യാർത്ഥിയിലുണ്ടായ ബോധപരവും ശേഷീപരവുമായ നേട്ടങ്ങൾ സൂക്ഷ്മവും ശാസ്ത്രീയവുമായ വിലയിരുത്തലിനു വിധേയമാക്കണം. എല്ലാ വ്യക്തികൾക്കും അവരുടെ വിഭവശേഷി ഉപയോഗപ്പെടുത്തി സമൂഹത്തിൽ സന്തോഷപ്രദമായ ജീവിതം നയിക്കാനുള്ള അവസരങ്ങൾ ഉറപ്പുവരുത്തേണ്ട ചുമതല പരിഷ്‌കൃത സമൂഹത്തിനുണ്ട്. ഈ സന്ദേശമാണ് പാഠ്യപദ്ധതിയിൽ നിബന്ധിക്കേണ്ടത്.

അധ്യാപകർക്ക്​ കൂടുതൽ നൈപുണി ആവശ്യമാകും
ഓൺലൈൻ പഠനം വ്യാപകമാകുന്നതോടെ ബഹുഭൂരിപക്ഷം അധ്യാപകരുടെയും തൊഴിൽ നഷ്ടമാകുമെന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. അധ്യാപകരുടെ ജോലി കൂടുതൽ വെല്ലുവിളിയുള്ളതായിത്തീരും എന്നതിൽ സംശയമില്ല. അധ്യാപകരുടെ മുഖമുദ്രയായി കൽപിക്കപ്പെട്ടിരുന്ന പ്രസംഗചാതുരിയുടെ സ്ഥാനത്ത് മറ്റനേകം നൈപുണികൾ ആവശ്യമായിവരും. അതിനാൽ കൂടുതൽ പ്രൊഫഷണലുകളുടെ സേവനം വിദ്യാഭ്യാസരംഗത്ത് അനിവാര്യമായിത്തീരും. വിദ്യാർത്ഥികൾക്ക് പലതരത്തിലുള്ള ഓൺലൈൻ ഇൻപുട്ടുകൾ ലഭ്യമാക്കിക്കൊണ്ടാണ് പഠനം ആസൂത്രണം ചെയ്യേണ്ടിവരുന്നത്. എല്ലാ ഇൻപുട്ടുകളും അധ്യാപകർതന്നെ നൽകണമെന്നില്ല. എന്നാൽ, ഇൻപുട്ടുകൾ ഐഡന്റിഫൈ ചെയ്യാനും സംഘടിപ്പിക്കാനും പ്രക്രിയ നിയന്ത്രിക്കാനും അധ്യാപകർക്കേ കഴിയൂ. സാമ്പ്രദായിക ക്ലാസ്‌റൂം വിനിമയത്തിന്റെ തനിയാവർത്തനങ്ങളും അനുകരണങ്ങളുമായ ഓൺലൈൻ ക്ലാസുകളെ നമുക്ക് വിസ്മരിക്കാം.

അധ്യാപകരുടെ ജോലി കൂടുതൽ വെല്ലുവിളിയുള്ളതായിത്തീരും എന്നതിൽ സംശയമില്ല. അധ്യാപകരുടെ മുഖമുദ്രയായി കൽപിക്കപ്പെട്ടിരുന്ന പ്രസംഗചാതുരിയുടെ സ്ഥാനത്ത് മറ്റനേകം നൈപുണികൾ ആവശ്യമായിവരും

നിലവിൽ ലഭ്യമായ ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിച്ച് പല വിവരങ്ങളും ചെലവുകുറഞ്ഞ രീതിയിൽ വിദ്യാർത്ഥികളിൽ എത്തിക്കാം. അതിനോടൊപ്പം വെർച്വൽ ലാബുകൾ, ഓൺലൈൻ ലൈബ്രറികൾ തുടങ്ങിയവ സംവിധാനംചെയ്ത് നൽകേണ്ടിവരും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും തമ്മിൽ ആശയവിനിമയം ചെയ്യുന്നതിനും വിദ്യാർത്ഥികൾക്ക് കൂട്ടായ പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും പ്രത്യേക പ്ലാറ്റ്‌ഫോമുകൾ സജ്ജമാക്കേണ്ടതുണ്ട്. ഇതിനു വേണ്ടിവരുന്ന ചെലവ് പൊതുഫണ്ടിൽ നിന്നുതന്നെ കണ്ടെത്തേണ്ടതാണ്. ഡിജിറ്റൽ പഠനവിഭവങ്ങളുടെ നിർമാണത്തിന് വിവിധ മേഖലകളിൽനിന്നുള്ള വൈദഗ്ധ്യം പ്രയോജനപ്പെടുത്തണം.

വിദ്യാർത്ഥികൾ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളാകരുത്​
ക്ലാസ് റൂം പ്രവർത്തനങ്ങളോടൊപ്പം ഫീൽഡ് തല പരിശീലനങ്ങളും ചേരുന്ന അനുഭവങ്ങൾ പഠനത്തിന് ആവശ്യമാണ്. തൊഴിൽ പരിശീലനം, കായികപരിശീലനം, കലാപരിശീലനം തുടങ്ങിയവയ്‌ക്കെല്ലാം ഫീൽഡ് തല സംവിധാനങ്ങൾകൂടെ ആവശ്യമാണല്ലോ. പകർച്ചവ്യാധികളും പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകുമ്പോൾ സ്‌കൂളിൽ എത്തിയുള്ള പഠനം സാധ്യമാകാതെ വരും. അപ്പോൾ വിദ്യാർത്ഥികളുടെ പഠനം വ്യക്തിഗത ശ്രദ്ധയോടെ നടത്തിക്കൊണ്ടുപോകേണ്ട ചുമതല ബന്ധപ്പെട്ട അധ്യാപകർക്കും പ്രത്യേകം ചുമതലപ്പെടുത്തുന്ന ഫീൽഡ് തല പ്രവർത്തകർക്കും ആയിത്തീരും. അതിനാൽ വിദ്യാർത്ഥികൾ ഏതേത് സ്‌കൂളുകളിൽ പഠിക്കണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്.

ക്ലാസ് റൂം ഘടന, പഠനവിഷയങ്ങൾ, പഠനരീതി, പഠനസമയം തുടങ്ങിയവയിലെല്ലാം മാറ്റം ആവശ്യാണ്. ഇരുപതിനു മുപ്പതിനും ഇടയിലുള്ള കുട്ടികളെ ഒരു ക്ലാസിൽ ക്രമീകരിക്കുന്നതായിരിക്കും ഉചിതം. കുട്ടികളുമായി അടുത്ത ബന്ധം സ്ഥാപിച്ച്​ പഠനപ്രവർത്തനങ്ങളിൽ ഇടപെടാൻ ഇത് സഹായകമാവും. സർവകലാശാലകൾ നൽകുന്ന ബിരുദങ്ങൾക്കൊപ്പിച്ച് സ്‌കൂൾ വിഷയങ്ങൾ നിർണയിക്കുന്ന പ്രവണത അടുത്തകാലത്ത് ഏറിവരുന്നതായി കാണാം. ഇക്കാര്യത്തിൽ പുനർവിചിന്തനം ആവശ്യമാണ്. കൂടുതൽ വിഷയങ്ങൾ ഉദ്ഗ്രഥിച്ചു പഠിക്കുന്ന രീതിയാണ് ആവശ്യം. ഇതു സംബന്ധിച്ച്​ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ട്. ഓരോ കുട്ടിയുടെയും താൽപര്യത്തിന് അനുസരിച്ചുള്ള വൈവിധ്യമാർന്ന പഠനരീതികൾക്ക് അവസരമുണ്ടാവണം. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യത ഇവിടെ ഏറെ പ്രയോജനപ്പെടും. വിദ്യാർത്ഥികൾ സാങ്കേതികവിദ്യയുടെ കേവല ഉപഭോക്താക്കളായി മാറുന്ന അവസ്ഥ അഭിലഷണീയമല്ല. സാങ്കേതികവിദ്യയുടെ പിന്തുണയോടെ പഠനത്തിൽ ഇടപെടാനും പുതിയ ദിശാബോധം നൽകാനും വിദ്യാർത്ഥികൾക്ക് അവസരമുണ്ടാവണം.

വിദ്യാർത്ഥികൾ സാങ്കേതികവിദ്യയുടെ കേവല ഉപഭോക്താക്കളായി മാറുന്ന അവസ്ഥ അഭിലഷണീയമല്ല. സാങ്കേതികവിദ്യയുടെ പിന്തുണയോടെ പഠനത്തിൽ ഇടപെടാനും പുതിയ ദിശാബോധം നൽകാനും വിദ്യാർത്ഥികൾക്ക് അവസരമുണ്ടാവണം

പഠനസമയത്തിന്റെ കാര്യത്തിൽ വഴക്കം അനിവാര്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എത്ര നിഷ്‌കർഷിച്ചാലും അളന്നുമുറിച്ച സമയക്രമം എപ്പോഴും സാധ്യമല്ലെന്നും അതുകൊണ്ട് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നും അനുഭവം പഠിപ്പിച്ചുകഴിഞ്ഞു.
വിവരങ്ങൾ വിശകലനംചെയ്യാനും തെളിവുകളെ വിമർശനാത്മകമായി സമീപിക്കാനും ജീവിതപരിസരത്തു നിന്ന് അന്വേഷണവിഷയങ്ങൾ കണ്ടെത്തി ഗവേഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാനും അവസരം നൽകുന്ന വിധത്തിലായിരിക്കണം പാഠ്യപദ്ധതി. ഓരോ ഘട്ടത്തിലും വികസിപ്പിക്കേണ്ട ആശയവിനിമയ ശേഷി സംബന്ധിച്ച രൂപരേഖ തയാറാക്കി പ്രയോഗത്തിൽ വരുത്തണം. പ്രവചനങ്ങൾ നടത്താനും ഭാവനചെയ്യാനും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അവസരമൊരുക്കുന്ന പഠനസന്ദർഭങ്ങളാണ് ഉണ്ടാവേണ്ടത്. ഓരോ വിദ്യാർത്ഥിയുടെയും സവിശേഷതകൾക്കനുസരിച്ച് പഠനം വഴക്കമുള്ളതാക്കി മാറ്റണം. വിവിധ സംഘങ്ങളിൽ അംഗമാകാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകാം. നിശ്ചിത പഠനപ്രവർത്തനത്തിന്റെ ഭാഗമായി ചുമതലപ്പെടുന്ന ക്ലാസ് ഗ്രൂപ്പിൽ അംഗമായിരിക്കുന്ന വിദ്യാർത്ഥി പ്രാദേശിക സെമിനാറിൽ പങ്കെടുത്ത് വിവിധ സ്‌കൂളുകളിലെയോ ക്ലാസുകളിലെയോ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഗ്രൂപ്പിൽ അംഗമാകേണ്ടിവരും. ഗൗരവമുള്ള ഒരു ഗവേഷണപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ദേശീയമോ സാർവദേശീയമോ ആയ പിയർ ഗ്രൂപ്പിലോ സ്‌കോളർ പ്ലാറ്റ്‌ഫോമിലോ അംഗമാകാൻ അയാൾക്ക് അവസരമുണ്ടായേക്കാം. ഇങ്ങനെ വിപുലപ്പെടുന്ന കൂട്ടായ്മകൾ വിദ്യാർത്ഥിയുടെ സാമൂഹികപദവിയിലും ലോകവീക്ഷണത്തിലും മാറ്റം വരുത്തുന്നു.
ദേശീയതലത്തിലുള്ള കൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന പാഠ്യപദ്ധതിനിർദ്ദേശങ്ങൾ പരിഗണിച്ച് സംസ്ഥാനങ്ങളിൽ സ്‌കൂൾ പാഠ്യപദ്ധതി തയാറാക്കുന്ന നിലവിലെ രീതിയായിരിക്കും അഭികാമ്യം. എന്നാൽ, സംസ്ഥാനപാഠ്യപദ്ധതിക്കു ബദലായി സംസ്ഥാനങ്ങളിലെ കുറെ സ്‌കൂളുകളിൽ കേന്ദ്രപാഠ്യപദ്ധതി നടപ്പിലാക്കുന്നത് ആരോഗ്യകരമല്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ ആരംഭിച്ച ഇത്തരം സംവിധാനങ്ങൾ തുടർന്നുപോകുന്നത് അനുചിതമാണ്. സംസ്ഥാനപാഠ്യപദ്ധതിയിൽ സ്‌കൂളുകൾക്ക് ആവശ്യമായ വഴക്കം അനുവദിക്കണം. പ്രാദേശികമായ വഴക്കം അനുവദിക്കുകയുമാവാം. എന്നാൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ചില സ്റ്റാന്റേഡുകൾ നിലനിറുത്തേണ്ടതുണ്ട്. അത്തരം ഒരു സംവിധാനത്തിൽ നിലവിലെ വിഷയക്രമങ്ങളോട് സ്വീകരിക്കാവുന്ന സമീപനം എന്തായിരിക്കണം? മാറ്റം ദേശീയതലത്തിലാകുമ്പോൾ തുലനം ചെയ്തുകൊണ്ടുള്ള ആക്ഷേപങ്ങൾ അപ്രസക്തമാവും.

ഭാഷ നിർബന്ധിച്ചു പഠിപ്പിക്കേണ്ടതില്ല
എത്ര ഭാഷ പഠിക്കണം, ഏതൊക്കെ ഭാഷ പഠിക്കണം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളിൽ തീരുമാനമെടുക്കുന്നതിന് ഭരണഘടനയോളമുള്ള പരിശോധന ആവശ്യമാണ്. എന്നാൽ, പുതിയ സാഹചര്യത്തിൽ കുട്ടികളുടെ അവകാശങ്ങൾക്ക് മുൻതൂക്കം നൽകി ആശയവിനിമയശേഷി എന്ന നൈപുണിയെ അഭിസംബോധനചെയ്യാം. ആശയങ്ങളുടെ വ്യത്യസ്ത എൻകോഡിങ്, ഡീകോഡിങ് സമ്പ്രദായങ്ങളിൽ പരിശീലനം നേടാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകണം.

യന്ത്രപരിഭാഷ വ്യാപകമാവുകയും അതിന്റെ പ്രയോഗം ലളിതമാവുകയും ചെയ്ത സാഹചര്യത്തിൽ ഭാഷാപഠനം സംബന്ധിച്ച പിടിവാശികൾക്ക് നിലനിൽപ്പില്ല

എഴുത്തുരീതിക്കൊപ്പം ഇൻപുട്ട് കീബോഡുകൾ കൈകാര്യം ചെയ്യാനും ശബ്ദലേഖനത്തിന് സഹായകമായ രീതിയിൽ ശബ്ദപരിശീലന ശേഷി വളർത്താനും കഴിയണം. വിദ്യാർത്ഥിക്ക് സ്വാധീനമുള്ള ഭാഷയിലായിരിക്കണം പരിശീലനം. വിവിധ ഘട്ടങ്ങളിലായി കൂടുതൽ ഭാഷകൾ പഠിക്കാൻ അവസരം നൽകാം. യന്ത്രപരിഭാഷ വ്യാപകമാവുകയും അതിന്റെ പ്രയോഗം ലളിതമാവുകയും ചെയ്ത സാഹചര്യത്തിൽ ഭാഷാപഠനം സംബന്ധിച്ച പിടിവാശികൾക്ക് നിലനിൽപ്പില്ല. അന്യദേശങ്ങളിൽ സേവനപരമായ തൊഴിലിന്​ പുറപ്പെടുന്നവർക്കുമാത്രമേ അവിടത്തെ ഭാഷകളിൽ ആശയവിനിമയ പരിശീലനം ആവശ്യമുള്ളു. ആ ആവശ്യം മുൻനിറുത്തി എല്ലാ കുട്ടികളെയും ഏതെങ്കിലും ഭാഷ നിർബന്ധിച്ചു പഠിപ്പിക്കേണ്ടതില്ല. കല, സാഹിത്യം സംസ്‌കാരം എന്നിവ പാഠ്യപദ്ധതിയുടെ മുഖ്യഘടകമായി തുടരേണ്ടതുണ്ട്. സ്വന്തം ചുറ്റുപാടുകളിലുള്ളതുപോലെതന്നെ ദേശീയവും സാർവദേശീയവുമായ സാഹിത്യവും സംസ്‌കാരവും അറിയാനും വിശകലനം ചെയ്യാനുമുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിക്കണം. ഇത് അതത് ഭാഷകളിലോ മാതൃഭാഷയിലോ പഠിക്കാൻ അനുവദിക്കാം. ഷേക്‌സ്പിയർ കൃതികൾ ഇംഗ്ലീഷിലും കാളിദാസന്റെ കൃതികൾ സംസ്‌കൃതത്തിലും പഠിക്കാൻ സൗകര്യം നൽകുന്നതോടൊപ്പം അവ മലയാളത്തിലോ തമിഴിലോ ഹിന്ദിയിലോ പഠിക്കാനും അവസരമൊരുക്കാം. കമ്പ്യൂട്ടിങ് സ്‌കില്ലിന്റെ സ്ഥാനത്ത് പ്രോഗ്രമിങ് സ്‌കില്ലിനാവും ഊന്നൽ. സേവനപ്രവർത്തനങ്ങൾ, തൊഴിൽ പരിശീലനങ്ങൾ എന്നിവയ്‌ക്കൊപ്പം സാമൂഹികജീവിതത്തിനുവേണ്ട അറിവും നൈപുണിയും ഉൾക്കൊള്ളാനുള്ള പഠനസന്ദർഭങ്ങൾ ഒരുക്കണം. ആരോഗ്യശാസ്ത്രം, ശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, രാഷ്ട്രതന്ത്രം, സാങ്കേതികവിദ്യ തുടങ്ങിയവയെല്ലാം ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തേണ്ടത്. പരമാവധി ഉദ്ഗ്രഥിച്ചുള്ള പഠനം ഉറപ്പുവരുത്തണം. യുക്തിചിന്ത വികസിപ്പിക്കുന്നതിനു സഹായകമായ വിധത്തിൽ തർക്കശാസ്ത്രം സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പരിചയപ്പെടുത്താം.
കലണ്ടർ വർഷം അടിസ്ഥാനമാക്കി പന്ത്രണ്ടു ക്ലാസുകളിലായി സ്‌കൂൾ വിദ്യാഭ്യാസത്തെ വിന്യസിക്കുന്നതുകൊണ്ട് ബോധനശാസ്ത്രപരമായി എന്തെങ്കിലും ഗുണമുള്ളതായി തോന്നുന്നില്ല. ഓരോ വർഷവും പരീക്ഷ നടത്തി കുറച്ചുപേരെ തോല്പിച്ചും തോല്പിക്കാതെയും തുടരുന്ന നടപടിക്രമം പുനരാലോചനയ്ക്ക് വിധേയമാക്കാം. തുടക്കത്തിൽ രണ്ടു വർഷം വീതമുള്ള മൂന്നു ഘട്ടങ്ങളും തുടർന്ന് മൂന്നുവർഷം വീതമുള്ള രണ്ടു ഘട്ടങ്ങളുമായി പന്ത്രണ്ടു വർഷത്തെ പഠനത്തെ വിഭജിക്കാം. ഓരോ ഘട്ടത്തിന്റെയും ഒടുവിൽ പഠിതാവിന്റെ മികവുകൾ സംബന്ധിച്ച ഒരു പ്രഖ്യാപനം ചുമതലപ്പെട്ട അധ്യാപകർ നടത്തേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ഘട്ടത്തിൽ വിദ്യാർത്ഥിയുടെ പഠനദിശ സംബന്ധിച്ച തീരുമാനം കൈക്കൊള്ളേണ്ടത്. ഒരു ഘട്ടത്തിൽ ഒരു ക്ലാസിൽ ഉണ്ടായിരുന്ന കുട്ടികളെത്തന്നെ അടുത്ത ഘട്ടത്തിലും ഒരേ ക്ലാസിൽ ഉൾപ്പെടുത്താൻ കഴിയുകയില്ല. അഭിരുചികൾ പരിഗണിച്ച് വ്യത്യസ്ത ക്ലാസുകളിലായി അവരെ വിന്യസിക്കേണ്ടിവരും. ഇത് കുട്ടികൾക്ക് അംഗീകാരവും ആത്മവിശ്വാസവും പകരുന്ന വിധത്തിലാണ് ക്രമീകരിക്കേണ്ടത്.

വിദ്യാഭ്യാസഭരണവും മാറണം
പാഠ്യപദ്ധതിയിൽ മാറ്റം വരുത്തുന്നതോടൊപ്പം വിദ്യാഭ്യാസഭരണത്തിലും മാറ്റം ആവശ്യമായിവരും. നിലവിൽ വിദ്യാഭ്യാസ നയങ്ങളിൽ ആത്യന്തികമായ തീരുമാനമെടുക്കുന്നത് പല തട്ടുകളിലുള്ള ഗുമസ്തന്മാരാണ്. അവരുടെ അലസതയും അജ്ഞതയുമെല്ലാംതന്നെ ഉന്നതമായ ലക്ഷ്യങ്ങൾ മുൻനിറുത്തിയുള്ള വിദ്യാഭ്യാസപദ്ധതികളെ അവതാളത്തിലാക്കാറുണ്ട്. സ്ഥാനക്കയറ്റം കിട്ടി കാലക്രമത്തിൽ വിദ്യാഭ്യാസഭരണത്തിന്റെ ഭാഗമായിത്തീരുന്ന പലരും ഗുമസ്തന്മാർക്കു ശിഷ്യപ്പെട്ടുകൊണ്ടാണ് കർമപഥത്തിൽ ഇറങ്ങുന്നത്. അതിനാൽ അധ്യാപകരെ ഒറ്റ പൂളായി പരിഗണിക്കുകയും അവരുടെ വിദ്യാഭ്യാസകാലത്തിന് ഏകതാനത കൊണ്ടുവരുകയും വേണം.

യുക്തിചിന്ത വികസിപ്പിക്കുന്നതിനു സഹായകമായ വിധത്തിൽ തർക്കശാസ്ത്രം സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പരിചയപ്പെടുത്താം

സ്‌പെഷ്യലൈസേഷൻ അനുസരിച്ച് അവർ പ്രവർത്തിക്കേണ്ട ഗ്രേഡ് നിശ്ചയിക്കാം. എട്ടുവർഷം വീതമുള്ള ചക്രങ്ങളിൽ അധ്യാപകരുടെ ശേഷികൾ വിലയിരുത്തുകയും ഉചിതമായ പരിശീലനങ്ങൾക്ക് അയയ്ക്കുകയും ചെയ്യണം. അതിന്റെ ഭാഗമായി വിദ്യാഭ്യാസനേതൃത്വവുമായി ബന്ധപ്പെട്ട അവരുടെ ശേഷികളും അഭിരുചിയും വിലയിരുത്തി അവർക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്യാൻ കഴിയും. ഇത്തരം ചില പ്രക്രിയകളിലൂടെ മികവു തെളിയിച്ചവരിൽനിന്ന് വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിലേക്കുള്ള നേതൃത്വത്തെ നിശ്ചയിക്കുകയാണെങ്കിൽ വിദ്യാഭ്യാസഗുണനിലവാരം ഗണ്യമായി ഉയരുന്നതാണ്. പഠനം, പാഠ്യപദ്ധതി, വിദ്യാഭ്യാസനേതൃത്വം തുടങ്ങിയവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ തലങ്ങളിലും സ്പർശിക്കുന്ന പരിഷ്‌കാരങ്ങളിലൂടെ മാത്രമേ നമുക്ക് പുരോഗതി കൈവരിക്കാനാവൂ.

എ.കെ.അബ്ദുൽ ഹക്കീം എഡിറ്റ് ചെയ്ത് ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഓൺലൈനിലെ സ്കൂൾ പഠനം എന്ന പുസ്തകത്തിൽ നിന്ന്

Comments