പി.കെ. വാരിയർ; അനുകമ്പയുടെ അപൂർവ വൈദ്യം

ആയുർവേദത്തിന്റെ ശാസ്ത്രീയത തെളിയിക്കാനും അതിനെ ഉയർത്തിക്കാട്ടാനും നിരന്തരമായ പ്രഭാഷണങ്ങൾക്ക് മുതിരുകയോ ചർച്ച നടത്തുകയോ അല്ല പി.കെ. വാര്യർ ചെയ്തത്. അത് ജീവിതത്തിൽ കാണിച്ചു തന്നു- അന്തരിച്ച പി.കെ. വാര്യരെക്കുറിച്ച്​ ഒരു ശിഷ്യന്റെ ഓർമക്കുറിപ്പ്​

യുർവേദ പ്രപഞ്ചത്തിന്റെ സൂര്യതേജസ്സ് വിട വാങ്ങിയിരിക്കുന്നു, തന്റെ
പ്രകാശം ലോകം മുഴുവൻ പങ്കുവെച്ച ശേഷം. സത്കർമ്മങ്ങൾ ചെയ്ത പുണ്യാത്മാക്കൾക്കു മാത്രം ലഭിക്കുന്ന ശാന്തമായ അന്ത്യം. ഒരു ഉർവ്വാരുക ഫലം മൂത്തു പഴുത്ത ശേഷം ഞെട്ടിൽനിന്ന് അടർന്നു മാറും പോലെ ലളിതമായി...

"ഉർവ്വാരുകമിവ ബന്ധനാത്
മൃത്യോർമുക്ഷീയമാമൃതാത് '
ചെയ്യാനുള്ള കർമ്മങ്ങൾ പൂർത്തിയാക്കി സ്വഛന്ദമായ ഒരു മരണം...
നൂറാം പിറന്നാളിന്റെ ആഘോഷാരവങ്ങൾ അടങ്ങിയിട്ടേയുള്ളൂ. പിന്മടക്കം അതും കൂടി പൂർത്തിയായശേഷമാവാമെന്ന പോലെ എല്ലാ ആശംസകളും ഏറ്റുവാങ്ങി എല്ലാവരെയും അനുഗ്രഹിച്ച് ആ വന്ദ്യവയോധികൻ മെല്ലെ എന്നെന്നേക്കുമായി കണ്ണടച്ചിരിക്കുന്നു.

ആരായിരുന്നു പി. കെ. വാര്യർ എന്ന് ചോദിച്ചാൽ "ഞങ്ങളുടെ അഭിമാനത്തിന്റെ ദീപസ്തംഭം' എന്ന് ആയുർവേദ ലോകത്തെക്കൊണ്ട് ഉറക്കെ പറയാറാക്കിയ ആ മഹാനുഭാവൻ തന്റെ തെളിമയാർന്ന ജീവിതത്തിലൂടെ എല്ലാവർക്കും മാതൃകയായി. അദ്ദേഹം നേതൃത്വം നൽകിയ കോട്ടക്കൽ ആര്യവൈദ്യശാല എന്ന പ്രസ്ഥാനത്തോടൊപ്പം കേരളവും ആയുർവേദത്തിന്റെ പര്യായമായി.

കൈ തൊട്ട മേഖലകളെയൊക്കെ തന്റെ സ്നേഹ സാന്നിധ്യംകൊണ്ട് അനുഗ്രഹിച്ച ഈ വൈദ്യ ശ്രേഷ്ഠൻ ഏതിന്റെ പേരിലാണ് കൂടുതൽ സ്മരിക്കപ്പെടേണ്ടത് എന്ന് പറയാനാകുന്നില്ല.

അമ്മാവനും കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകനുമായ പി. എസ്. വാരിയരുടെ മരണശേഷം പി.കെ. വാരിയരുടെ ജ്യേഷ്ഠനായ മാധവവാര്യർ ആണ് സ്ഥാപനത്തിന്റെ മാനേജിങ് ട്രസ്റ്റിയായത്. അദ്ദേഹത്തിന്റെ ആകസ്മിക മരണത്തെത്തുടർന്നാണ് പി. കെ. വാരിയർക്ക് ആ പദവി ഏറ്റെടുക്കേണ്ടി വന്നത്. അന്നുതൊട്ടിന്നോളം കോട്ടക്കലിന്റെയും ആയുർവേദത്തിന്റെയും പെരുമ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. ഔഷധനിർമ്മാണം, സസ്യ ഔഷധ പരിപാലനം, ഗവേഷണം, നാട്യസംഘം, ആയുർവേദ വിദ്യാഭ്യാസം, പുസ്തക പ്രസിദ്ധീകരണം, ധർമ്മാശുപത്രി, തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ ആര്യവൈദ്യശാല നടത്തിയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് അദ്ദേഹമാണ്.

സാധാരണക്കാർക്കിടയിൽപ്പോലും ആയുർവേദ ചികിത്സയെ പ്രചാരത്തിൽ വരുന്നതിൽ അദ്ദേഹം വഹിച്ച പങ്കു ചെറുതല്ല. ഒപ്പം പുതിയ ഗവേഷണ സാധ്യതകൾ ഉൾക്കൊണ്ട് ആയുർവേദത്തെ നവീകരിച്ച് കാലാനുരൂപമാക്കാനുള്ള പ്രയത്നങ്ങളിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. കാലത്തെപ്പറ്റിയും ചുറ്റുമുള്ള സമൂഹത്തെപ്പറ്റിയുമൊക്കെ തത്വചിന്താപരമായ കാഴ്ചപ്പാട് പുലർത്തിയ ഒരു വലിയ മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയവും ഇടപെടലുകളും എല്ലാം അതിന്റെ നേർസാക്ഷ്യങ്ങളായിരുന്നു. ദുരിതമനുഭവിക്കുന്നവരുടെ കൂടെ നിൽക്കുന്ന തത്വശാസ്ത്രമായിരുന്നു അദ്ദേഹത്തിനിഷ്ടം. നിരുപാധികമായ അനുകമ്പയായിരുന്നു അതിന്റെ ഉറവ്. അദ്ദേഹത്തിന്റെ ജീവചരിത്രം മലയാളിക്ക് പരിചിതമായതുകൊണ്ട് അതൊന്നും ഇവിടെ എഴുതുന്നില്ല.

ഡോ.പി.കെ. വാരിയർക്കൊപ്പം ലേഖകൻ

കൈപ്പുണ്യമുള്ള ചികിത്സകൻ എന്ന് പേരെടുത്ത വാരിയറെത്തേടി വിദേശങ്ങളിൽ നിന്നുപോലും നിരവധിപേർ കോട്ടക്കലിലേക്ക് ഒഴുകിയെത്തി. ദർശനത്തിൽ തന്നെ രോഗികൾക്ക് സുരക്ഷിതത്വവും ആശ്വാസവും പകരാനുള്ള അപൂർവ്വ സിദ്ധിയുണ്ടായിരുന്നു അദ്ദേഹത്തിന്. എല്ലാ ഡോക്ടർമാരും കൈയൊഴിഞ്ഞ നിരവധി രോഗികളാണ് അദ്ദേഹത്തിന്റെ അവധാനതാ പൂർവ്വമുള്ള പരിചരണത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. രോഗികൾക്ക് ആത്മവിശ്വാസം പകരുന്ന വാക്കും നോക്കുമൊക്കെ ഇഴചേർന്ന സ്വതസിദ്ധമായ ഒരു ശൈലി തന്നെയുണ്ടായിരുന്നു അദ്ദേഹത്തിന്.

ആയുർവേദത്തിന്റെ ശാസ്ത്രീയത തെളിയിക്കാനും അതിനെ ഉയർത്തിക്കാട്ടാനും നിരന്തരമായ പ്രഭാഷണങ്ങൾക്ക് മുതിരുകയോ ചർച്ച നടത്തുകയോ അല്ല അദ്ദേഹം ചെയ്തത്. അത് ജീവിതത്തിൽ കാണിച്ചു തന്നു. രാവിലെ നേരത്തേ എഴുന്നേൽക്കുന്നതിലും വ്യായാമം ചെയ്യുന്നതിലും ഭക്ഷണത്തിൽ മിതത്വം പാലിക്കുന്നതിലും നല്ല ചിന്തകൾ പുലർത്തുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും ഈശ്വര ചിന്തയിലും എല്ലാം ഒരു നല്ല ഉദാഹരണമായി മാറി. അതുതന്നെയാവേണ്ടതുണ്ട് പുതിയ തലമുറയ്ക്ക് അദ്ദേഹത്തിന്റെ സന്ദേശവും.

ആയുർവേദത്തിന്റെ ശാസ്ത്രീയത ചോദ്യം ചെയ്യപ്പെട്ട പല സന്ദർഭങ്ങളിലും പുതുതലമുറയിലെ ആയുർവേദക്കാർക്കിടയിൽ പല ആശങ്കകളും ഉയർന്നു. വാദങ്ങളും എതിർവാദങ്ങളും കൊണ്ട് രംഗം കലുഷിതമായപ്പോൾ ആയുർവേദക്കാർക്കിടയിൽ ഒരുതരം അനാഥത്വമാണ് തോന്നിയത്. ഭരണകൂടം പോലും തങ്ങളെ എതിർക്കുന്നുവോ എന്ന തോന്നൽ. സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം പറഞ്ഞു; "ആയുർവേദത്തിന്റെ വഴികളോ കാഴ്ചപ്പാടുകളോ എന്തോ ആയിക്കൊള്ളട്ടെ, ചികിത്സ ഫലപ്രദമാണ്. അതിൽ സംശയങ്ങൾ ഇല്ലാത്തിടത്തോളം തർക്കത്തിന്റെ ആവശ്യമില്ല'

ചുറ്റുവട്ടത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും ഒക്കെയായി വന്ന നിരവധി രോഗികളെ ആയുർവേദത്തിന്റെ സാമ്പ്രദായിക ചികിത്സകളിലൂടെ സുഖപ്പെടുത്തിയതിന്റെ വെളിച്ചത്തിൽ അദ്ദേഹമതു പറഞ്ഞപ്പോൾ ലോകം ശ്രദ്ധാപൂർവ്വം കാതു കൊടുത്തു.

കോട്ടക്കൽ ആര്യവൈദ്യശാല

കോട്ടക്കൽ ആയുർവേദ കോളേജിലെ എന്റെ പഠന കാലത്ത് ഇടയ്ക്കൊക്കെ പുലർച്ചെ വിശ്വംഭരൻ ക്ഷേത്രത്തിൽ തൊഴാൻ പോകുമായിരുന്നു. ചുണ്ടിൽ ജപവുമായി ക്ഷേത്രത്തിന് വലം വെക്കുന്ന വാരിയർ സാർ നല്ല വേഗത്തിലാണ് നടക്കുക. തൊട്ടുപിന്നിൽ കുറച്ചുനേരം നടക്കണം. നേർക്കു നേർ കണ്ടു തൊഴുമ്പോൾ മടക്കിത്തരുന്ന ആ പുഞ്ചിരി കാണണം... കാല് തൊട്ട് വന്ദിച്ചാൽ തലയിൽ മെല്ലെയൊന്നു തൊടും...അതിനുകൂടിയായിരുന്നു ക്ഷേത്രത്തിൽ ​ഞാനും പോയിരുന്നത്​.
അളവില്ലാത്ത കാരുണ്യത്തിന്റെ നേർക്കാഴ്ച... അതു മാത്രം മതിയായിരുന്നു ആയുർവേദം പഠിക്കാനുള്ള പ്രോത്സാഹനത്തിന്.

പിന്നീടും പലപ്പോഴായി ആ വാത്സല്യത്തിന്റെ തേൻ നുകരാൻ സാധിച്ചിട്ടുണ്ട്. എല്ലാം ജന്മത്തിന്റെ സ്വകാര്യ സൗഭാഗ്യങ്ങളായി ഹൃദയത്തോടു ചേർത്തുവെയ്ക്കുന്നു. അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്ന ആയുർവേദത്തിന്റെ സനാതന സത്യങ്ങൾ ലോകത്തിനു തന്നെ വഴിവിളക്കാവുമെന്ന് പ്രത്യാശിക്കാം.


Comments