truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 01 July 2022

truecoppy
Truecopy Logo
Readers are Thinkers

Friday, 01 July 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
vd savarkar

History

സവർക്കറുടെ മാപ്പപേക്ഷയിൽ
ഗാന്ധിയുണ്ടോ?
ചരിത്രരേഖകൾ പറയുന്നത്​

സവർക്കറുടെ മാപ്പപേക്ഷയിൽ ഗാന്ധിയുണ്ടോ? ചരിത്രരേഖകൾ പറയുന്നത്​

സവര്‍ക്കറുടെ മാപ്പപേക്ഷകളിൻ മേല്‍ ഗാന്ധിക്ക്​ യാതൊരു പങ്കും ഇല്ലായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. എങ്കിലും ഹിന്ദുത്വ പരിവാര്‍ ഇപ്പോള്‍ രാജ്‌നാഥ് സിങ്ങിലൂടെ ഇതിന് ശ്രമിക്കുന്നത് എന്തിനാകും? ഉത്തരം എളുപ്പമാണ്. സവര്‍ക്കറെ പുതിയ രാഷ്ട്രപിതാവായി പ്രതിഷ്ഠിക്കുന്നതിന് രണ്ടേ രണ്ട് ഘടകങ്ങളാണ് എതിര്‍ നില്‍ക്കുന്നത്. ഒന്ന്​, സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് സമര്‍പ്പിച്ച നിര്‍ലജ്ജമായ മാപ്പപേക്ഷകള്‍. രണ്ട്​, കപൂര്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ, ഗാന്ധി വധത്തില്‍ സവര്‍ക്കര്‍ക്കുള്ള പങ്ക്. സംഘ്​പരിവാറിന്റെ അടുത്ത ലക്ഷ്യം കപൂർ കമീഷൻ റിപ്പോർട്ടായിരിക്കും.

15 Oct 2021, 08:22 AM

പി.എന്‍.ഗോപീകൃഷ്ണന്‍

ബ്രിട്ടീഷ് സർക്കാറിന് മാപ്പെഴുതിക്കൊടുക്കാൻ വി.ഡി. സവർക്കറെ നിർബന്ധിച്ചത് മഹാത്മാഗാന്ധിയാണെന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന ചർച്ചാവിഷയമായ ഘട്ടത്തിൽ, ചരിത്രരേഖകൾ പരിശോധിക്കാം.

സവര്‍ക്കര്‍ സെല്ലുലാര്‍ ജയിലില്‍ എത്തിപ്പെട്ടത് എങ്ങനെ?

1909 ഡിസംബര്‍ 21 ന് നാസിക് കലക്ടറായിരുന്ന എ.എം.ടി. ജാക്‌സണ്‍ എന്ന ബ്രിട്ടീഷുകാരന്​ നാസിക്കിലെ പൗരപ്രമുഖര്‍ ഒരു യാത്രയയപ്പ് നല്‍കി. ബോംബെ കമീഷണറായി നിയമിതനായതിനെ തുടര്‍ന്ന് സ്ഥലം മാറിപ്പോകാന്‍ ജാക്‌സണ്‍ നിര്‍ബന്ധിതനായതിനെ തുടര്‍ന്നായിരുന്നു ഈ യാത്രയയപ്പു സമ്മേളനം. നാസിക്കിലെ വിജയാനന്ദ് തിയേറ്ററിലായിരുന്നു സമ്മേളനം. അതിനോടനുബന്ധിച്ച് അന്ന് പ്രശസ്തമായിരുന്ന കിര്‍ലോസ്‌ക്കര്‍ നാടകസംഘത്തിന്റെ ശാരദ എന്ന നാടകവും അരങ്ങേറി.

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

നാടകം കണ്ടുകൊണ്ടിരിക്കേ അനന്ത് ലക്ഷ്മണ്‍ കന്‍ഹാരേ എന്ന് പേരുള്ള യുവാവ് ജാക്‌സണെ വെടിവെച്ചുകൊന്നു. വി.ഡി. സവര്‍ക്കറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അഭിനവ് ഭാരത് എന്ന സംഘടനയുടെ പ്രവര്‍ത്തകനായിരുന്നു അനന്ത് കന്‍ഹാരേ. സംഭവസ്ഥലത്ത് വെച്ചുതന്നെ അദ്ദേഹം പിടിയിലായി. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഈ കൊലപാതകം സംഘടന ആസൂത്രണം ചെയ്തതാണെന്നും അതിന് ഉപയോഗിച്ച ബ്രൗണിങ് പിസ്റ്റള്‍ അന്ന് ഇംഗ്ലണ്ടില്‍ ബാരിസ്റ്റര്‍ ബിരുദത്തിന് പഠിച്ചുകൊണ്ടിരുന്ന വി.ഡി. സവര്‍ക്കര്‍ അവിടെനിന്ന്​ഇന്ത്യയിലേയ്ക്ക് ഒളിച്ചുകടത്തിയ ഇരുപത് പിസ്റ്റളുകളില്‍ ഒന്നാണ് എന്നും തെളിഞ്ഞു.

ഇന്ത്യയില്‍ ഈ സംഭവം നടന്ന കാലത്ത് വി.ഡി. സവര്‍ക്കര്‍ ഇംഗ്ലണ്ടില്‍ നിന്ന്​പാരീസിലേയ്ക്ക് പോയിരുന്നു. പാരീസില്‍ താമസിച്ച്​ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പരിശ്രമിച്ചുകൊണ്ടിരുന്ന ശ്യാംജി കൃഷ്ണവര്‍മ, മാഡം ബിക്കാജി കാമ എന്നിവര്‍ക്കൊപ്പമായിരുന്നു അവിടെ സവര്‍ക്കറുടെ താമസം. നാസിക്കിലെ സംഭവവികാസങ്ങള്‍ അറിഞ്ഞ സവര്‍ക്കര്‍ ഇംഗ്ലണ്ടിലേയ്‌ക്കെത്താന്‍ തിടുക്കപ്പെട്ടു. മാഡം കാമയും മറ്റും അത് തടയാന്‍ ശ്രമിച്ചെങ്കിലും സവര്‍ക്കര്‍ വഴങ്ങിയില്ല. ഇംഗ്ലണ്ടില്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്ന ലോറന്‍സ് മാര്‍ഗരറ്റിനെ ഉപയോഗിച്ച് ബ്രിട്ടീഷ് പൊലീസ് ഒരുക്കിയ മധുരക്കുരുക്കാ (Honey Trap) യിരുന്നു അത് എന്നും പറയപ്പെടുന്നുണ്ട്.

എന്തായാലും ഇംഗ്ലണ്ടിലെത്തിയ സവര്‍ക്കറെ 1910 മാര്‍ച്ച് 13-ന് ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. ജാക്‌സണ്‍ വധം നടന്നത് ഇന്ത്യന്‍ മണ്ണിലായതുകൊണ്ട് കപ്പലില്‍ സവര്‍ക്കറെ ഇന്ത്യയിലേയ്ക്ക് ബ്രിട്ടീഷ് പൊലീസ് കൂട്ടിക്കൊണ്ടുപോയി. യാത്രാമധ്യേ ഫ്രാന്‍സിലെ മാഴ്‌സെയില്‍സ് തുറമുഖത്ത് താല്‍ക്കാലികമായി നങ്കൂരമിട്ടപ്പോള്‍ സവര്‍ക്കര്‍ കപ്പലില്‍നിന്ന്​ കടലിലേയ്ക്ക് എടുത്തുചാടി ഫ്രാന്‍സില്‍ രാഷ്ട്രീയാഭയം തേടാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. വീണ്ടും പിടിയിലായ സവര്‍ക്കറെ ബ്രിട്ടീഷ് പൊലീസ് ഇന്ത്യയിലെത്തിച്ചു.

ALSO READ

ഗാന്ധിയേയും ഗോഡ്‌സേയേയും സമീകരിച്ചുകൊണ്ടല്ല സര്‍വ്വകലാശാലകള്‍ പ്രബുദ്ധമാക്കേണ്ടത്

ജാക്‌സണ്‍ വധത്തിന്റെ വിചാരണയ്ക്കൊടുവില്‍ അനന്ത് കന്‍ഹാരെയ്ക്കും കൂട്ടാളികളായ കാര്‍വേ, ദേശ്പാണ്ഡേ എന്നിവര്‍ക്കും തൂക്കുമരം വിധിച്ചു. ഈ സംഭവത്തില്‍ സവര്‍ക്കറുടെ പങ്കാളിത്തം കണക്കിലെടുത്ത് 1910 ഡിസംബര്‍ 23 ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അതുകൊണ്ടും തീര്‍ന്നില്ല. ആ പങ്കാളിത്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് 1911 ജനുവരി 30-ന് മറ്റൊരു ജീവപര്യന്തത്തടവ് ശിക്ഷ കൂടി കോടതി സവര്‍ക്കര്‍ക്ക് വിധിച്ചു. അതിനുമുമ്പു തന്നെ ബോംബ് നിര്‍മിക്കുന്ന ലഘുലേഖകള്‍ കൈവശം വച്ചതിന് വി.ഡി. സവര്‍ക്കറുടെ ജ്യേഷ്ഠന്‍ ജി.ഡി. സവര്‍ക്കര്‍ (ബാബാ റാവു ) ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

ഇങ്ങനെ ഇരട്ട ജീവപര്യന്തശിക്ഷയ്ക്ക് വിധേയനായാണ് സവര്‍ക്കര്‍ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ എത്തുന്നത്. അന്ന് ഏതാണ്ട് 28 വയസ്സായിരുന്നു സവര്‍ക്കര്‍ക്ക്. ബ്രിട്ടീഷ് കണക്കനുസരിച്ച് ജീവപര്യന്തത്തടവ് എന്നാല്‍ 25 വര്‍ഷത്തെ തടവുശിക്ഷയാണ്. അപ്പോള്‍ ഇരട്ട ജീവപര്യന്തമെന്നാല്‍ 50 വര്‍ഷത്തെ തടവ്

savarkar apology
വി.ഡി. സവര്‍ക്കറുടെ മാപ്പപേക്ഷയില്‍ നിന്നും

മാപ്പപേക്ഷകള്‍

ശിക്ഷയുടെ കാലാവധിയനുസരിച്ച് 78 വയസ്സിലേ പുറംലോകം കാണാന്‍ പറ്റൂ എന്നത് സവര്‍ക്കറെ അലട്ടിയിട്ടുണ്ടാകണം. അതും സെല്ലുലാര്‍ ജയിലിലെ കഠിനമായ ക്രമങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രം. 32778 എന്ന തടവുപുള്ളിക്കുപ്പായത്തിനുള്ളില്‍, ആദ്യഘട്ടത്തില്‍ ചെറുത്തുനിന്ന സവര്‍ക്കര്‍, അധികം വൈകാതെ മാപ്പപേക്ഷിക്കുന്നതായിട്ടാണ് ചരിത്രം നമുക്ക് കാണിച്ചു തരുന്നത്. ചുരുങ്ങിയത് അഞ്ച് മാപ്പപേക്ഷയെങ്കിലും സവര്‍ക്കര്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് നല്‍കുന്നുണ്ട്. അദ്ദേഹത്തിനുവേണ്ടി ഇളയ സഹോദരന്‍ നാരായണ്‍ റാവുവും ഭാര്യ യമുനയും നല്‍കിയ മാപ്പപേക്ഷകള്‍ വേറെയും. ഈ മാപ്പപേക്ഷകളുടെ സ്വരഘടന മനസ്സിലാക്കാന്‍ അതിലെ പ്രസക്ത ഭാഗങ്ങൾ നോക്കാം.

1) 1913 നവംബര്‍ 14-ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഹോം മെമ്പര്‍ ആയിരുന്ന സര്‍ റെജിനാള്‍ഡ് ക്രഡ്ഡോക്കിന് സമര്‍പ്പിച്ച മാപ്പപേക്ഷയില്‍ നിന്ന്:

ജയിലില്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെയും താന്‍ പ്രദര്‍ശിപ്പിച്ച സ്വഭാവവൈശിഷ്ട്യത്തെയും വിവരിച്ചശേഷം അവയെ മുന്‍നിര്‍ത്തി സവര്‍ക്കര്‍ ഇങ്ങനെ അഭ്യര്‍ഥിക്കുന്നു: ‘‘അതിനാല്‍ ബഹുമാനപ്പെട്ട അങ്ങ് ഈ അസാധാരണ സ്ഥിതിവിശേഷം ഒഴിവാക്കാനായി ഒന്നുകില്‍ എന്നെ ഇന്ത്യന്‍ ജയിലുകളിലേയ്ക്ക് അയക്കുക. അല്ലെങ്കില്‍ (ഇവിടെയുള്ള) മറ്റേത് തടവുകാരെയും പോലെ എന്നെ നാടുകടത്തപ്പെട്ടവനായി കണക്കാക്കി പരിപാലിക്കുക... എന്നന്നേയ്ക്കുമായി ഈ തടവറയില്‍ എന്നെ അടച്ചിടാനുള്ള നടപ്പുപദ്ധതി, ജീവനും പ്രത്യാശയും ഏതെങ്കിലും വിധേനയും നിലനിര്‍ത്തുക എന്ന സാധ്യതയെ അടച്ച് എന്നെ ഹതാശനാക്കുന്നു... സര്‍, എന്റെ കൂടെ എന്റെ മുഖത്തേയ്ക്ക് തുറിച്ചുനോക്കുന്ന 50 വര്‍ഷങ്ങളുണ്ട്... സാധാരണ തടവുകാര്‍ക്ക് അവരുടെ ജീവിതം സഹനീയമാക്കാന്‍ ലഭിക്കുന്ന ഇളവുകള്‍ പോലും നിഷേധിക്കുകയാണെങ്കില്‍ ഈ 50 വര്‍ഷങ്ങള്‍ മറികടക്കാന്‍ എങ്ങനെയാണ് എനിക്ക് കഴിയുക?’’

ALSO READ

സവർക്കറെ വരയ്​ക്കുന്ന കലാകൃത്തുക്കളേ, നിങ്ങളെ ഒറ്റുകാരെന്ന്​ ചരിത്രം രേഖപ്പെടുത്തും

ഇങ്ങനെ ശിക്ഷയുടെ കാഠിന്യം കുറയ്ക്കാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന അപേക്ഷയുടെ സ്വരഘടന അവസാനമെത്തുമ്പോള്‍ ഒന്നുകൂടി ദയനീയമാകുന്നു:  ‘‘ഗവണ്‍മെന്റിന്റെ സ്വതസിദ്ധമായ ഉദാരതയും ദയാപരതയും ചേര്‍ന്ന് എന്നെ (തടവില്‍ നിന്ന്​) മോചിപ്പിക്കുകയാണെങ്കില്‍ പുരോഗതിയുടെ അടിസ്ഥാനമായ, (ബ്രിട്ടീഷ്) ഭരണകൂടത്തിന്റെ മുന്നോട്ടുപോക്കിനെയും അതിനോടുള്ള വിധേയത്വത്തെയും പ്രചരിപ്പിക്കുന്ന ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നവരില്‍ എന്നെക്കഴിഞ്ഞേ മറ്റാരെങ്കിലും ഉണ്ടായിരിക്കൂ...
മാത്രമല്ല, ഭരണകൂടത്തിന്റെ അതിരുകള്‍ക്കുള്ളിലേയ്ക്കുള്ള എന്റെ മാറ്റം ഒരിക്കല്‍ മാര്‍ഗദര്‍ശിയെന്ന നിലയില്‍ എന്നെ നോക്കിയിരുന്ന ഇന്ത്യയിലെയും വിദേശത്തെയും വഴിതെറ്റിയ ചെറുപ്പക്കാരെ ഈ വഴിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരും. (ബ്രിട്ടീഷ്) ഗവണ്‍മെന്റിനെ അവര്‍ ആവശ്യപ്പെടുന്ന ഏത് നിലയ്ക്കും സേവിക്കാന്‍ ഞാന്‍ തയ്യാറാണ്. കാരണം എന്റെ മാറ്റം അത്രമാത്രം പരിപൂര്‍ണമാണ്. എന്റെ ഭാവിയിലെ പെരുമാറ്റവും അമ്മട്ടിലായിരിക്കും... ധീരര്‍ക്ക് മാത്രമേ ദയാലുക്കളാകാന്‍ കഴിയൂ. അതിനാല്‍ ഭരണകൂടത്തിന്റെ രക്ഷാകര്‍തൃകവാടങ്ങളിലേയ്ക്കല്ലാതെ ധൂര്‍ത്തപുത്രന്‍ എങ്ങോട്ടാണ് പോകുക.’’

mercy
സവർക്കറുടെ മാപ്പപേക്ഷയിലെ പ്രസക്തഭാഗങ്ങള്‍

പില്‍ക്കാലത്ത്  ‘ഹിന്ദുത്വ' യുടെ പിതാവായി അവരോധിക്കപ്പെട്ട സവര്‍ക്കര്‍ ബൈബിള്‍ കഥ ഉപയോഗിച്ചാണ് തന്റെ പുതിയ മാനസികാവസ്ഥയെ വെളിപ്പെടുത്തുന്നതെന്നും ശ്രദ്ധേയം. എന്നാല്‍ ഈ മാറ്റം ബ്രിട്ടീഷുകാര്‍ വേണ്ടത്ര വിലയ്‌ക്കെടുത്തില്ല എന്നുവേണം വിചാരിക്കാന്‍. അവര്‍ ഇത് തള്ളിക്കളഞ്ഞു.

2) ആന്‍ഡമാന്‍ ദ്വീപസമൂഹങ്ങളിലെ ചീഫ് കമീഷണര്‍ക്ക് 1914-ല്‍, ഒന്നാം ലോകയുദ്ധത്തിന്റെ സന്ദര്‍ഭത്തിൽ മറ്റൊരു മാപ്പപേക്ഷ സവര്‍ക്കര്‍ സമര്‍പ്പിച്ചു. അതില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനുവേണ്ടി ബ്രിട്ടീഷുകാര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പൊരുതുന്ന സാങ്കല്പിക കാഴ്ചയുടെ  ‘രോമാഞ്ചം' വാചികമായി വിവരിച്ചുകൊണ്ടാണ് സവര്‍ക്കര്‍ തുടങ്ങുന്നത്: ‘‘ലോകം കുലുക്കുന്ന ഈ യുദ്ധം യൂറോപ്പില്‍ പൊട്ടിപ്പുറപ്പെട്ടതുമുതല്‍, യുവാക്കളടക്കം മുഴുവന്‍ ഇന്ത്യാക്കാര്‍ക്കും രാജ്യത്തിന്റെയും (ബ്രിട്ടീഷ്) സാമ്രാജ്യത്തിന്റെയും രക്ഷയ്ക്കായി പൊതുശത്രുവിനെതിരെ ആയുധമണിഞ്ഞ് യുദ്ധം ചെയ്യാന്‍ അനുവാദം ലഭിച്ചിരിക്കുന്നു എന്നതല്ലാതെ, ശരിയായ ഇന്ത്യന്‍ രാജ്യസ്‌നേഹികളുടെ ഹൃദയങ്ങളില്‍ പ്രത്യാശയുടെ തിമിര്‍പ്പും ഉത്സാഹവും നിറയ്ക്കുന്ന മറ്റൊന്നും തന്നെയില്ല... (ബ്രിട്ടീഷ്) സാമ്രാജ്യത്തിന്റെ മറ്റ് പൗരരുമൊന്നിച്ച് തോളോടുതോള്‍ ചേര്‍ന്ന് യുദ്ധം ചെയ്യുക എന്നത് ഇന്ത്യയിലെ ഉദിച്ചുയരുന്ന തലമുറയ്ക്ക് തീര്‍ച്ചയായും സമത്വത്തിന്റെതായ വികാരം പകര്‍ന്നുനല്‍കുകയും അതിനാല്‍തന്നെ അവര്‍ അതിനോട് വിധേയപ്പെടുകയും ചെയ്യും. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധത്തില്‍, ഇന്ത്യന്‍ ഗവണ്‍മെൻറ്​ എന്നില്‍ നിന്നാവശ്യപ്പെടുന്ന, എന്ത് സേവനവും അനുഷ്ഠിക്കാനുള്ള എന്റെ സന്നദ്ധത ഞാന്‍ വിനയപൂര്‍വം വാഗ്ദാനം ചെയ്യുന്നു.’’

ഇത്രയും സമര്‍പ്പണമനോഭാവം പ്രദര്‍ശിപ്പിച്ചശേഷം ഈ സന്ദര്‍ഭത്തില്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നത് ഉത്തമമായിരിക്കും എന്ന നിര്‍ദേശവും സവര്‍ക്കര്‍ മുന്നോട്ടുവെയ്ക്കുന്നു: ‘‘തന്റെ മാത്രം വിമോചനത്തിനാണ്’’ താന്‍ ശ്രമിക്കുന്നതെന്ന തെറ്റിദ്ധാരണ മാറ്റാന്‍, മറ്റുള്ളവരെ വിമോചിപ്പിച്ച് തന്നെ തടവില്‍ ഇട്ടാലും പ്രശ്‌നമില്ല എന്ന ധീരമെന്ന നിലപാടിലേയ്ക്കും ഈ കത്തില്‍ സവര്‍ക്കര്‍ നീങ്ങുന്നുണ്ട്. ഈ മാപ്പപേക്ഷയും ബ്രിട്ടീഷ് സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുത്തില്ല.

ALSO READ

രോഗ കാലങ്ങളില്‍ പെരുകിപ്പടരുന്ന ജാതി വൈറസ് (1896-2020)

3) 1917 ഒക്ടോബര്‍ അഞ്ചിന് ഇന്ത്യ ഗവണ്‍മെൻറ്​ സെക്രട്ടറിയ്ക്ക് സവര്‍ക്കര്‍ സമര്‍പ്പിച്ച മാപ്പപേക്ഷ, ആന്‍ഡമാന്‍ ദ്വീപസമൂഹങ്ങളിലെ ചീഫ് കമീഷണര്‍ക്ക് സമര്‍പ്പിച്ച രണ്ടാമത്തെ മാപ്പപേക്ഷയുടെ വിപുലീകൃത രൂപമായി കരുതാം. യുദ്ധം മനുഷ്യരുടെ മനോഭാവങ്ങളെ മാറ്റിമറിക്കുമെന്നും അതിനാല്‍ യുദ്ധത്തിന് മുമ്പുള്ള സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി താനടക്കമുള്ള രാഷ്ട്രീയത്തടവുകാരെ അളക്കരുതെന്നുമുള്ള അഭ്യര്‍ഥനയാണ് ഇത്തവണയും സവര്‍ക്കര്‍ മുന്നോട്ടുവെയ്ക്കുന്നത്:  ‘‘(ബ്രിട്ടീഷ്) ചക്രവര്‍ത്തിയുടെ മഹദ് പ്രഭാഷണത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചത് ബ്രിട്ടീഷ് രാഷ്ട്രീയചാതുര്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണം ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാര്‍ക്ക് അത് എത്രമേല്‍ ശരിയായ പങ്കാളിത്തമായി , സേവകത്വമായല്ല, അനുഭവപ്പെട്ടു’’ എന്നതിലാണ്.
ആ പങ്കാളിത്തം ബോധ്യപ്പെടണമെങ്കില്‍ രാഷ്ട്രീയത്തടവുകാരെ എത്രയും വേഗം വിട്ടയക്കണമെന്നും സവര്‍ക്കര്‍ അഭ്യര്‍ഥിക്കുന്നു. കാരണം, അത് അവരുടെ ബന്ധുമിത്രാദികളുടെ മനസ്സുനിറയ്ക്കും. കാരണം ‘‘ചോര വെള്ളത്തേക്കാള്‍ കട്ടി കൂടിയതാണ്.’’

ഈ മാപ്പപേക്ഷയിലും തന്നെയൊഴിച്ച് ബാക്കി എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയച്ചാല്‍ പോലും താന്‍ സന്തോഷവാനായിരിക്കും എന്ന  ‘ഉദാത്ത’ മനോഭാവം സവര്‍ക്കര്‍ പുലര്‍ത്തുന്നുണ്ട്. ഈ അപേക്ഷയും ബ്രിട്ടീഷ് സര്‍ക്കാര്‍ കൈക്കൊണ്ടില്ല.

4 ) 1920 മാര്‍ച്ച് 20-ന് ഇന്ത്യാ ഗവണ്‍മെന്റിന് സമര്‍പ്പിച്ച മാപ്പപേക്ഷയില്‍ നിന്ന്:  ‘‘എന്റെ മുന്നില്‍ മികച്ച ഉദ്യോഗാവസരങ്ങള്‍ തുറന്നുകിടന്നിരുന്നു. എന്നാല്‍ ആപല്‍കരമായ മാര്‍ഗങ്ങളിലൂടെ ചരിക്കുക വഴി അതൊന്നും നേടാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, വ്യക്തിപരമായി എല്ലാം നഷ്ടമാകുകയും ചെയ്തു’’ എന്ന് വിലപിച്ചുതുടങ്ങുന്ന അപേക്ഷയില്‍ തന്നെ തടവിലിട്ടാലും മറ്റുള്ള രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്ന ‘ഉദാത്ത' മനോഭാവം സവര്‍ക്കര്‍ വെടിയുന്നു. പൊതുമാപ്പ് നല്‍കി രാഷ്ട്രീയത്തടവുകാരായ ബാരിനെയും ഹേമിനെയും ചൂണ്ടിക്കാട്ടി അതേ മട്ടില്‍ തനിക്കും മാപ്പുനല്‍കണമെന്നാണ് സവര്‍ക്കര്‍ അഭ്യര്‍ഥിക്കുന്നത്. 
കുറോപാട്കിന്റെയും ടോള്‍സ്റ്റോയിയുടെയും സമാധാനപരവും തത്വചിന്താപരവുമായ അരാജകത്വം പോലും തന്നിലില്ലെന്ന് സവര്‍ക്കര്‍ ഏറ്റുപറയുന്നു. തന്റെ മുന്‍കാല വിപ്ലവാഭിമുഖ്യങ്ങള്‍ എന്നേ വെടിഞ്ഞെന്നും 1914-ല്‍ തന്നെ അത് ഏറ്റുപറഞ്ഞതാണെന്നും സവര്‍ക്കര്‍ താഴ്മയോടെ ഓര്‍മപ്പെടുത്തുന്നു. ഒരു ബ്രിട്ടീഷ് ഡൊമീനിയനുള്ളില്‍ സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പരസ്പര സഹായത്തിന്റെയും ബന്ധം സ്ഥാപിക്കാന്‍ തന്റെ സകലശക്തിയും പ്രയോഗിക്കാമെന്നും അദ്ദേഹം ബ്രിട്ടീഷുകാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ബ്രിട്ടീഷുകാര്‍ ആവശ്യപ്പെടുന്ന കാലത്തോളം രാഷ്ട്രീയത്തില്‍ ഇടപെടില്ല എന്ന് പ്രതിജ്ഞയെടുക്കാന്‍ താന്‍ തയ്യാറാണ് എന്ന ഉറപ്പും അദ്ദേഹം നല്‍കുന്നു.

മറ്റ് തടവുകാരെ പൊതുമാപ്പു നല്‍കി വിട്ടയച്ചത് ചൂണ്ടിക്കാട്ടി തന്നെ വിട്ടയക്കണമെന്ന അഭ്യര്‍ഥന വീണ്ടും വീണ്ടും അദ്ദേഹം ആവര്‍ത്തിക്കുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സന്യാലിനെ നാലുവര്‍ഷത്തിനുള്ളില്‍ വിട്ടയച്ചു. തുര്‍ക്കി - അഫ്ഗാന്‍ കലാപകാരികള്‍ക്കെതിരെ തോളോടുതോള്‍ ചേര്‍ന്നുനിന്ന് പൊരുതാമെന്ന വാഗ്ദാനവും സവര്‍ക്കര്‍ നല്‍കുന്നുണ്ട്.

ഈ മാപ്പപേക്ഷയിലും അനുകൂല തീരുമാനമല്ല ബ്രിട്ടീഷുകാര്‍ സ്വീകരിച്ചത്. സവര്‍ക്കറുടെ മാപ്പപേക്ഷകള്‍ കൂടാതെ ഇക്കാലയളവില്‍ സഹോദരന്‍ നാരായണറാവുവും ഭാര്യ യമുനയും ബ്രിട്ടീഷ് ഗവണ്‍മെന്റിന് അഭ്യര്‍ഥനകള്‍ അയക്കുകയുണ്ടായി. അവസാനം 1921 മെയ് 26-ന് അദ്ദേഹം ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ നിന്ന്​ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആലിപ്പൂര്‍ ജയിലിലേയ്ക്കും തുടര്‍ന്ന് രത്‌നഗിരി ജയിലിലേയ്ക്കും അയക്കപ്പെട്ടു. രത്‌നഗിരി ജയിലില്‍ 558 നമ്പര്‍ തടവുകാരനായി കഴിയുന്ന സമയത്തും അദ്ദേഹം ഒരു മാപ്പപേക്ഷ സമര്‍പ്പിച്ചു.
5) 1921 ആഗസ്റ്റ് 19-ന് ഗവര്‍ണര്‍ ജനറലിന് സമര്‍പ്പിച്ച അപേക്ഷയില്‍ നിന്ന്: വെയില്‍സ് രാജകുമാരന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് തനിക്ക് മാപ്പുനല്‍കി വിട്ടയക്കണമെന്ന അഭ്യര്‍ഥനയാണ് സവര്‍ക്കര്‍ ഈ അപേക്ഷയില്‍ മുന്നോട്ടുവെച്ചത്. ഇതിലും മറ്റ് തടവുകാരെ, ബാരിന്‍ ഘോഷിനെയും ഹേംദാസിനെയും വിട്ടയച്ചതിനെപ്പറ്റി പരാമര്‍ശിക്കുന്നു. ഇതിലും മുന്‍കാല ചെയ്തികളിലുള്ള തന്റെ ഖേദവും വിലപ്പെട്ട ഭാവി നശിച്ചതിലുള്ള വിലാപവും നിഴലിക്കുന്നുണ്ട്. അതോടൊപ്പം ആക്രമകാരികളായ മുഹമ്മദീയര്‍ക്കെതിരെ തന്റെ സേവനം ബ്രിട്ടീഷുകാര്‍ക്ക് വാഗ്ദാനംചെയ്യുന്നു. രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ല എന്ന പ്രതിജ്ഞയും.

1924 ജനുവരി അഞ്ചിന് അദ്ദേഹം ജയില്‍ വിമോചിതനായി. 50 വര്‍ഷം തടവ് വിധിക്കപ്പെട്ട പുള്ളി 13 വര്‍ഷത്തിനുശേഷം വിമോചിതനായി.

gandhi
മഹാത്മാ ഗാന്ധി / Photo: Wikimedia Commons

ഗാന്ധിയും സവര്‍ക്കറുടെ മാപ്പപേക്ഷകളും

1916-ല്‍ രണ്ടാംക്ലാസ്​ തടവുകാരനായി ഉയര്‍ത്തപ്പെട്ടശേഷം ജയിലില്‍നിന്ന് നാരായണ്‍ റാവുവിന് സവര്‍ക്കര്‍ കത്തെഴുതുകയുണ്ടായി. രണ്ട് മാപ്പപേക്ഷകള്‍ അതിനകം സവര്‍ക്കര്‍ സമര്‍പ്പിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റിന് സമ്പൂര്‍ണമായി കീഴ്പ്പെട്ട് ജീവിച്ചുകൊള്ളാമെന്ന് അദ്ദേഹം ആദ്യത്തെ മാപ്പപേക്ഷയില്‍ തന്നെ നിരങ്കുശമായി സൂചിപ്പിച്ചിരുന്നു. നാരായണന്‍ റാവുവിനയച്ച കത്തില്‍ കോണ്‍ഗ്രസ്​ തന്റെ കാര്യത്തില്‍ ഇടപെടാത്തതിലുള്ള അതൃപ്തി സവര്‍ക്കര്‍ സൂചിപ്പിക്കുന്നുണ്ട്. തന്റെ മോചനത്തിന് ‘ഒരു പ്രമേയം' പോലും കോണ്‍ഗ്രസ്​ഇതുവരെ അവതരിപ്പിച്ചില്ലെന്നും തനിക്കുവേണ്ടി അവര്‍ ‘ഒരുതുള്ളി കണ്ണീര് പോലും പൊഴിച്ചില്ലെന്നും' ഈ കത്തില്‍ സവര്‍ക്കര്‍ രോഷംകൊള്ളുന്നു. തങ്ങള്‍ വിപ്ലവകാരികള്‍ക്കുവേണ്ടി സംസാരിച്ചാല്‍ ഭരണാധികാരികളുടെ പ്രീതി നഷ്ടപ്പെടുമെന്ന് ഭയന്നാണ് അവര്‍ അതിനൊരുമ്പെടാത്തതെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

ഈ കാലയളവില്‍ ഗാന്ധി ചിത്രത്തിലേ ഇല്ല. സവര്‍ക്കറുടെ ആത്മീയ ഗുരുക്കന്മാരില്‍ ഒരാളായ തിലക് കോണ്‍ഗ്രസിലുണ്ടുതാനും. 1919-ല്‍ റൗളറ്റ് നിയമത്തെ പ്രതിരോധിക്കുന്നതോടു കൂടിയാണ് ഗാന്ധി ചിത്രത്തില്‍ വരുന്നത്. എന്നാല്‍ ഇംഗ്ലണ്ടിലെ പഠനകാലത്ത് രണ്ടുവട്ടം സവര്‍ക്കര്‍ ഗാന്ധിയെ കാണുന്നുണ്ട്. ആദ്യ കൂടിക്കാഴ്ചയില്‍ സസ്യാഹാരിയായ ഗാന്ധിയെ സവര്‍ക്കര്‍ അക്കാര്യം പറഞ്ഞ് വിമര്‍ശിക്കുന്നുണ്ട്. മാംസാഹാരം കഴിക്കാതെ ശക്തരായ ബ്രിട്ടീഷുകാരോട് നേരിടാനാകില്ല എന്ന തന്റെ കായികദര്‍ശനവും സവര്‍ക്കര്‍ ഗാന്ധിക്കുമുന്നില്‍ അവതരിപ്പിച്ചു. 

സവര്‍ക്കറുടെ പ്രേരണയാല്‍ ഇന്ത്യാ കാര്യങ്ങള്‍ നോക്കിയിരുന്ന ബ്രിട്ടനിലെ കാര്യാലയത്തിലെ ഉദ്യോഗസ്ഥനായ കഴ്‌സണ്‍ വില്ലിയെ മദന്‍ലാല്‍ ദിംഗ്ര വെടിവെച്ചുകൊന്ന അവസരത്തിലാണ് അവരുടെ രണ്ടാം കൂടിക്കാഴ്ച. പ്രസ്തുത കുറ്റകൃത്യത്തിന് മദന്‍ലാല്‍ ദിംഗ്ര തൂക്കിലേറ്റപ്പെട്ടു. ഹിംസയിലധിഷ്ഠിതമായ മാര്‍ഗം ദിംഗ്ര സ്വീകരിച്ചതിനെ അന്ന് ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്ന ഗാന്ധി വിമര്‍ശിക്കുകയുണ്ടായി. അത് സവര്‍ക്കറെ ചൊടിപ്പിച്ചു.

അങ്ങനെ ഗാന്ധിയെ തുടക്കം മുതല്‍ സവര്‍ക്കര്‍ പ്രത്യയശാസ്ത്രപരമായി എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്ന ഒരാളായാണ് വീക്ഷിച്ചത്. തന്റെ ആത്മീയ ഗുരുവായ തിലകിന്റെ പ്രതിയോഗിയായ ഗോഖലെയുടെ ശിഷ്യനായിരുന്നു ഗാന്ധി എന്നതും ആ അകല്‍ച്ചക്ക് മാറ്റുകൂട്ടി. അഹിംസാ സിദ്ധാന്തത്തെ അത്രമേല്‍ വെറുപ്പോടെയാണ് സവര്‍ക്കര്‍ കണ്ടിരുന്നത്. എങ്കിലും 1920-ല്‍ തന്റെ സഹോദരന്റെ മോചനത്തിന് പരിശ്രമിക്കണം എന്നാവശ്യപ്പെട്ട് നാരായണ്‍ റാവു ഗാന്ധിക്കെഴുതി: ‘‘അവരുടെ (സവര്‍ക്കറുടെയും സഹോദരന്‍ ബാബാറാവുവിന്റെയും) തൂക്കം 118 പൗണ്ടില്‍ നിന്ന്​ 95- 100 പൗണ്ടിലേയ്ക്ക് എത്തിയിരിക്കുന്നു. ഇപ്പോള്‍ അവര്‍ക്ക് ആശുപത്രിയില്‍ നിന്ന് നിര്‍ദിഷ്ട ഭക്ഷണം ലഭിക്കുന്നുണ്ടെങ്കില്‍ പോലും, അവരുടെ ആരോഗ്യം മെച്ചപ്പെടുന്നതിന്റെ ഒരു ലക്ഷണവും കാണിക്കുന്നില്ല. ഏറ്റവും ചുരുങ്ങിയത് (ആന്‍ഡമാനില്‍ നിന്ന്) ഏതെങ്കിലും ഇന്ത്യന്‍ ജയിലിലേയ്ക്ക് മാറാന്‍ കഴിയുമെങ്കില്‍ അവരുടെ ആരോഗ്യം മെച്ചപ്പെടുന്നതായിരിക്കും... ഇക്കാര്യത്തില്‍ താങ്കള്‍ എന്ത് ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്ന് എന്നെ അറിയിക്കുമല്ലോ ’’ എന്ന മട്ടില്‍ അവസാനിക്കുന്ന ഒന്നായിരുന്നു സാമാന്യം ദീര്‍ഘമായ ആ കത്ത്.

1920 ജനുവരി 25-ന് ഗാന്ധി തിരിച്ചെഴുതി. ഇതായിരുന്നു ആ കത്തിന്റെ ഉള്ളടക്കം:  ‘‘പ്രിയപ്പെട്ട ഡോ. സവര്‍ക്കര്‍, കത്തു കിട്ടി. താങ്കളെ ഉപദേശിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. എങ്കിലും ഞാന്‍ നിര്‍ദേശിക്കുന്നത് ഈ കേസിനാധാരമായ വസ്തുതകള്‍ ചൂണ്ടിക്കാട്ടി ഒരു നിവേദനം തയ്യാറാക്കുകയാണെങ്കില്‍ താങ്കളുടെ സഹോദരന്‍ ഉള്‍പ്പെട്ട കുറ്റകൃത്യം പരിപൂര്‍ണമായും രാഷ്ട്രീയമായ ഒന്നാണെന്ന കാര്യം വ്യക്തമാക്കാന്‍ സാധിക്കും. ഇത് ജനകീയ ശ്രദ്ധയെ ഈ കേസിലേയ്ക്ക് കേന്ദ്രീകരിക്കുന്നതിന് സാധ്യത തെളിയ്ക്കും. അതിനിടയില്‍ ഞാന്‍ എന്റെതായ രീതിയില്‍ കാര്യങ്ങള്‍ നീക്കുന്നുണ്ട്.’’

gandhi letter
മഹാത്മാ ഗാന്ധി എൻ.ഡി. സവര്‍ക്കര്‍ക്ക് അയച്ച കത്ത്‌

ഇതേത്തുടര്‍ന്ന് 1920 മെയ് 26-ന് "സവര്‍ക്കര്‍ സഹോദരന്മാര്‍" എന്ന തലക്കെട്ടില്‍ യങ്ങ് ഇന്ത്യയില്‍ ഗാന്ധി ഒരു ലേഖനം എഴുതി. രാഷ്ട്രീയ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പ്രവൃത്തിയെ ശ്ലാഘിച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്;  ‘‘പക്ഷെ, ചില ശ്രദ്ധേയരായ രാഷ്ട്രീയ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ ഇതുവരെയും വിട്ടയച്ചിട്ടില്ല. അക്കൂട്ടത്തില്‍ ഞാന്‍ സവര്‍ക്കര്‍ സഹോദരരെയും ഉള്‍പ്പെടുത്തുന്നു.’’

രണ്ടുപേര്‍ക്കും ഹിംസയില്‍ നേരിട്ട് ഉത്തരവാദം ഇല്ലാത്തതിനാല്‍ പൊതുമാപ്പ് നല്‍കി വിട്ടയയ്ക്കണമെന്ന് ഗാന്ധി ലേഖനത്തില്‍ ആവശ്യപ്പെടുന്നു. പഞ്ചാബിലെ ഭായ് പരമാനന്ദ് കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഭായ് പരമാനന്ദിനെ വിട്ടയക്കാമെങ്കില്‍ സവര്‍ക്കര്‍ സഹോദരരെയും പൊതുമാപ്പ് നല്‍കി വിട്ടയക്കേണ്ടതാണെന്ന് ഗാന്ധി അഭിപ്രായപ്പെടുന്നു.

ഇക്കാര്യത്തില്‍ ഗാന്ധിയും സവര്‍ക്കറും തമ്മിലുള്ള ബന്ധം ഇവിടെ തീരുന്നു. സവര്‍ക്കറുടെ മാപ്പപേക്ഷകളിൻമേല്‍ ഗാന്ധിയ്ക്ക് യാതൊരു പങ്കും ഇല്ലായിരുന്നു എന്ന് സൂര്യചന്ദ്രന്മാരെപ്പോലെ മാത്രമല്ല, ഭൂമിയോളവും സത്യസന്ധമാണ്. എങ്കിലും ഹിന്ദുത്വ പരിവാര്‍ ഇപ്പോള്‍ രാജ്‌നാഥ് സിങ്ങിലൂടെ ഇതിന് ശ്രമിക്കുന്നത് എന്തിനാകും?

ഉത്തരം എളുപ്പമാണ്. സവര്‍ക്കറെ പുതിയ രാഷ്ട്രപിതാവായി പ്രതിഷ്ഠിക്കുന്നതിന് രണ്ടേ രണ്ട് ഘടകങ്ങളാണ് എതിര്‍നില്‍ക്കുന്നത്.
1) സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് സമര്‍പ്പിച്ച നിര്‍ലജ്ജമായ മാപ്പപേക്ഷകള്‍.
2) കപൂര്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ ഗാന്ധി വധത്തില്‍ സവര്‍ക്കര്‍ക്കുള്ള പങ്ക്.

ചരിത്രം അലക്കി കറകള്‍ നീക്കാനുള്ള നുണ ഡിറ്റര്‍ജന്റുകള്‍ ഇനി പ്രയോഗിക്കുക കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആയിരിക്കും എന്ന് നമുക്ക് ഉറപ്പിക്കാം.

  • Tags
  • #VD Savarkar
  • #P.N. Gopikrishnan
  • #Gandhi
  • #Mahatma Gandhi
  • #British Colonialism
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

എം.സി.പ്രമോദ് വടകര

19 Oct 2021, 07:17 PM

ചരിത്രത്തെ വളച്ചൊടിക്കാൻ, തിരുത്തിയെഴുതാൻ തങ്ങൾക്കനുകൂലമാക്കി വായിച്ചെടുക്കാൻ സംഘപരിവാർ സംഘടനകൾ ശ്രമം തുടങ്ങിയിട്ട് ഏറെ നാളായി. സ്വാതന്ത്ര്യ സമരത്തിൻ്റെ ആഴത്തിലുള്ള മൂല്യബോധവും സമര പോരാട്ട ചരിത്രവും അഹിംസാത്മകവും മതേതര-ജനാധിപത്യ സങ്കല്പത്തിലധിഷ്ഠിതമായ ഉയർന്ന കാഴ്ചപ്പാടുകളും അവരെ അലട്ടുന്നുണ്ട്; സങ്കുചിതമായ അവരുടെ ആഗ്രഹങ്ങൾക്ക് വിലങ്ങുതടിയാവുന്നുണ്ട്. ഇന്നും ഭാരതത്തിൻ്റെ അടിസ്ഥാന ശിലകളായി ഗാന്ധിയൻ മൂല്യങ്ങളുണ്ട്. അവ ഇല്ലാതാക്കുന്നതിൻ്റെ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വെളിപ്പെടുത്താൻ ശ്രീ. പി. എൻ ഗോപീകൃഷ്ണന് കഴിയുന്നുണ്ട്. ഇനിയും തുടരുക ശക്തമായി !

M Kunjaman

Education

എം. കുഞ്ഞാമൻ

ചിന്തിക്കാന്‍ പഠിപ്പിക്കണം, എങ്ങനെ ചിന്തിക്കണം എന്ന് പറയാനുള്ള സ്വാതന്ത്ര്യം അധ്യാപകര്‍ക്കില്ല

Jun 21, 2022

3.2 minutes Read

russia

International Politics

കെ. സഹദേവന്‍

യുദ്ധകാലത്തെ സമാധാന വിചാരം: ഗാന്ധിയുടെ അഹിംസാത്മക യുദ്ധങ്ങള്‍

Feb 27, 2022

9 Minutes Read

Lata Mangeshkar

Political Read

പി.എന്‍.ഗോപീകൃഷ്ണന്‍

ലതാ മങ്കേഷ്‌ക്കര്‍ വി.ഡി.സവര്‍ക്കറില്‍ നിന്ന്​ ​​​​​​​രക്ഷപ്പെട്ടതെങ്ങനെ?

Feb 08, 2022

25 Minutes Read

sarojini

Life Sketch

കെ. സജിമോൻ

ശാന്തികുടി സരോജിനി: സ്വയം നൂറ്റ നൂലില്‍ ജീവിതം അവസാനിപ്പിച്ച സ്വാതന്ത്ര്യസമരപോരാളി

Feb 08, 2022

8 minutes read

2

History

അബ്ദുല്‍ ബാരി സി.

വാരിയംകുന്നത്ത് 'ദി ഹിന്ദു' വിലേക്കയച്ച കത്ത് പുനര്‍വായിക്കുമ്പോള്‍

Jan 20, 2022

15 Minutes Read

gandhi

History

Truecopy Webzine

ഗാന്ധിവധവും ആര്‍.എസ്.എസും: ജസ്റ്റിസ് കെ.ടി. തോമസിന് പി.എന്‍. ഗോപീകൃഷ്ണന്റെ കത്ത്

Nov 22, 2021

10 Minutes Read

Savarkar

Opinion

മുല്ലക്കര രത്‌നാകരന്‍

സ്വാര്‍ത്ഥനായ ഒരു ഇരട്ടത്താപ്പുകാരന്‍ മാത്രമായിരുന്നു സവര്‍ക്കര്‍

Oct 22, 2021

11 Minutes Read

gandhi

Gandhi

ഇ.കെ. ദിനേശന്‍

അസമിൽ ഗാന്ധി എങ്ങനെയാണ്​ ഇടപെടുക?

Oct 02, 2021

8 minutes read

Next Article

സദാചാര ഗുണ്ടായിസത്തിന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് വോട്ട് ചെയ്യുമോ?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster