കോവിഡാനന്തര ചികിത്സ അവകാശമാക്കണം; ഒരു ബ്ലാക്ക് ഫംഗസ് ബാധിതന്റെ അനുഭവക്കുറിപ്പ്

കഴിഞ്ഞ അഞ്ചു മാസത്തോളം ബ്ലാക്ക് ഫംഗസ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞ വ്യക്തിയുടെ അനുഭവക്കുറിപ്പാണിത്. എ.പി.എൽ / ബി.പി.എൽ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കോവിഡാനന്തര സൗജന്യ ചികിത്സ പരിമിതപ്പെടുത്തിയത് പ്രതിസന്ധികൾക്കിടയിലെ നീതി നിഷേധമാണ്. നീണ്ടു നിൽക്കുന്ന, വലിയ സാമ്പത്തിക ബാധ്യതയായേക്കാവുന്ന കോവിഡാനന്തര രോഗങ്ങളെ കൂടുതൽ ഗൗരവമായി കണ്ട് അതിനെ കോവിഡ് പ്രതിരോധപദ്ധതിയുടെ തന്നെ ഭാഗമാക്കുകയും, ചികിത്സാ മാനദണ്ഡങ്ങളിലടക്കം ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരണമെന്നും ലേഖകൻ സമർത്ഥിക്കുന്നു.

കേരളത്തിൽ കോവിഡാനന്തര ചികിത്സക്ക് APL ക്യാറ്റഗറിയിലുള്ളവർക്ക് ചാർജ് ഈടാക്കും എന്നുള്ള സർക്കാരിന്റെ തീരുമാനം തികച്ചും നിർഭാഗ്യകരമാണ്. എങ്ങനെയാണ് APL/BPL വിഭാഗത്തിൽ പെടുന്നതെന്നും ഈ വിഭാഗങ്ങളിൽ ഉൾപ്പെടുത്തുന്നതിന്റെ പ്രയോഗികപ്രശ്‌നങ്ങളും പലതവണ പൊതുമണ്ഡലങ്ങളിൽ ചർച്ചയാകുകയും, സാധാരണകാർക്കുപോലും അറിവുള്ളതുമാണ്. APL കുടുംബങ്ങൾക്ക് സൗജന്യ ചികിത്സയും സേവനവും നിഷേധിക്കുന്നത്, കോവിഡ് പ്രതിസന്ധിക്കിടയിലെ നീതി നിഷേധം കൂടിയാണ്. പ്രത്യേകിച്ച് ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങൾക്ക് അടിസ്ഥാന പൊതുജനാരോഗ്യ സേവനങ്ങൾ നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമായിരിക്കുമ്പോൾ. നിലവിലെ സാഹചര്യമനുസരിച്ചു തന്നെ, കോവിഡാനന്തര അസുഖങ്ങളുടെ ചികിത്സയ്ക്കുള്ള ചെലവ് സാധാരണക്കാർക്കു താങ്ങുവാൻ പറ്റുന്നതിലും കൂടുതലാണ്. ബ്ലാക്ക്ഫംഗസ് ഉൾപ്പെടെയുള്ള പോസ്റ്റ് കോവിഡ് ചികത്സകളെകുറിച്ച് സർക്കാർവിജ്ഞാപനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ 4-5 മാസമായി ഡൽഹിയിലും കേരളത്തിലും ബ്ലാക്ക്ഫംഗസിന് ചികിൽസിയിലായിരിക്കുന്ന എന്റെ അനുഭവത്തിൽ, വരുമാനം, മെഡിക്കൽ ഫീസ്, ചികിത്സയുടെ ലഭ്യത, ഗുണനിലവാരം എന്നിവയുടെ പരസ്പരബന്ധം എത്ര സങ്കീർണ്ണമാണെന്ന് വിശകലനം ചെയ്യണമെന്ന് തോന്നി. ഇത് APL/BPL വിഭാഗങ്ങളുടെ പ്രശ്‌നം മാത്രമല്ല.

ബ്ലാക്ക്ഫംഗസ് (mucormycosis) പ്രമേഹരോഗികളിലും രോഗപ്രതിരോധ ശേഷിയില്ലാത്ത മറ്റു വ്യക്തികളിലും, കോവിഡ് ചികിത്സയുടെ പാർശ്വഫലങ്ങളിലൊന്നായും, ജീവൻതന്നെ അപകടപ്പെടുത്തുന്ന ഒരു രോഗമാണെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഈ രോഗത്തിനുള്ള ചികിത്സ ഇപ്പോഴും സങ്കീർണ്ണവും നിരവധി ശസ്ത്രക്രിയകൾ ഉൾപെടുന്നതും ഒപ്പം ചെലവേറിയ മരുന്നുകൾ ആവശ്യമുള്ളതുമാണ്. 2021 ജൂണിൽ പ്രസിദ്ധീകരിച്ച ബി.ബി.സി-യുടെ മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യയിൽ 4,300 ലധികം ആളുകൾ ഈ രോഗം ബാധിച്ചു മരിച്ചുവെന്നാണ് കണക്ക്. അതിനോടൊപ്പം തന്നെ മരണനിരക്ക് 50% ൽ കൂടുതലാണെന്നുള്ളത് ഭീതിയുളവാക്കുന്നതുമാണ്. രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതിലെ കാലതാമസവും രോഗികളിലും മെഡിക്കൽ സംവിധാനങ്ങളിലുമുള്ള അവബോധമില്ലായ്മയും മരണനിരക്ക് ഉയരാൻ കാരണമായിട്ടുണ്ടെന്നാണ് മെഡിക്കൽ വിദഗ്ധർ സൂചിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ, ജനങ്ങളിൽ കൂടുതൽ അവബോധമുണ്ടാകുവാനും തക്കസമയത്ത് ചികിത്സതേടുവാനാവുന്ന വിധത്തിൽ ജില്ലാടിസ്ഥാനത്തിൽ Help Desk തുടങ്ങുമെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

മുമ്പ് സൂചിപ്പിച്ചതുപോലെ, നിലവിൽ ബ്ലാക്ക്ഫംഗസ് ചികിത്സക്കുള്ള മരുന്നുകളുടെ വില വളരെ കൂടുതലാണ്. ചികിത്സയുടെ ഭാഗമായുള്ള വിവിധ ഘട്ടങ്ങൾക്കും പല ശസ്ത്രക്രിയകൾക്കും വിധേയമായതിന്റെ അടിസ്ഥാനത്തിലുള്ള എന്റെ അനുഭവത്തിൽ, Amphotericin B ഇൻജെക്ഷൻ (വില Rs. 7000-8000 ), Isavuconazole (വില Rs.21500 for 7 capsules), Posaconazole (വില Rs. 5400 for 10 tablets) എന്നിങ്ങനെയുള്ള മരുന്നുകളാണ് ഈ രോഗത്തിന്റെ തോതനുസരിച്ചു മെഡിക്കൽ വിദഗ്ധർ നിർദ്ദേശിക്കുന്നത്. ഇത്തരം മെഡിസിന്റെ വിലയോടൊപ്പംതന്നെ ഈ മരുന്നുകളുടെ ലഭ്യതക്കുറവും ഓരോ ഘട്ടത്തിലും രോഗികളെയും മെഡിക്കൽ സംഘത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

APL/BPL പദവി പരിഗണിക്കാതെ ബ്ലാക്ക്ഫംഗസിന് ഒന്നോ രണ്ടോ മാസത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുള്ള ചികിത്സയാണു നിർദ്ദേശിക്കുന്നത്. രോഗം വളരെ മൂർച്ഛിച്ച അവസ്ഥയിലാണ് കൂടുതൽ രോഗികളും ചികിത്സതേടുന്നത് / Photo: UNICEF/Amarjeet Singh

ആവശ്യമായ ഈ മരുന്നുകളുടെ അഭാവത്തിൽ, അനുബന്ധമായ മരുന്നുകൾ, കുറഞ്ഞ കാലയളവിൽ ഫലപ്രദമാണെങ്കിലും കൂടുതൽ പാർശ്വഫലങ്ങളുള്ളവ, നിർദ്ദേശിക്കാൻ ഡോക്ടർമാർ നിർബന്ധിതരാകുന്നു. ഇത് വൃക്കകളുടെ തകരാറുൾപ്പെടെ പലവിധ അനുബന്ധരോഗങ്ങളും വരുത്തുവാൻ സാധ്യതയുണ്ടെന്ന് പല ഡോക്ടർമാരും സൂചിപ്പിച്ചിട്ടുണ്ട്. പലവിധത്തിൽ പല ഘട്ടത്തിൽ, പലരിലൂടെയും ഉത്തരവാദിത്തപെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നിർദ്ദിഷ്ട മരുന്നുകൾ സംസ്ഥാനത്ത് വലിയ തോതിൽ ലഭ്യമായിട്ടില്ല. ശ്രദ്ധിക്കാം, പെട്ടെന്ന് പരിഹരിക്കാം എന്നുള്ള ഉറപ്പിന്മേൽ മിക്ക രോഗികളും പ്രതീക്ഷയോടെ കടന്നു പോയികൊണ്ടിരിക്കുന്ന നാളുകൾ. ഇത്തരം ഉറപ്പുകളെല്ലാം, മെഡിസിൻ എത്തിയിരിക്കുന്നു, ലഭ്യമായിരിക്കുന്നു എന്നുള്ള മീഡിയ വാർത്തയിൽ ചുരുങ്ങുന്നു. യഥാർത്ഥത്തിൽ ആവശ്യമുള്ള മെഡിസിൻ ലഭ്യമായോ എന്നത് മറ്റൊരു വിഷയമാണ്. അതിന്റെ യാഥാർഥ്യവും അനുബന്ധ പ്രശ്‌നങ്ങളും മാധ്യമങ്ങളിൽ വരാറില്ല.

ഉദാഹരണമായി, 20 കിടപ്പുരോഗികളിൽ പല കേസുകളിലും /രോഗികൾക്കും ഒരു ദിവസം 2 -3 ഡോസ് /കുപ്പി (vial) കുത്തിവയ്പ്പ് (Amphotericin b) ആവശ്യമാണെങ്കിലും, ആശുപത്രികൾക്ക് 10 വയൽ മാത്രം ലഭിക്കുകയും ചില രോഗികൾക്ക് മാത്രം മരുന്ന് ലഭിക്കുകയും/ മൂന്നു ടോസിന് പകരം ഒരു ഡോസുമാത്രം കൊടുത്തും, മരുന്നുകളുടെ കുറവ് പരിഹരിക്കപ്പെട്ടതായി മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നു.

APL/BPL പദവി പരിഗണിക്കാതെ ബ്ലാക്ക്ഫംഗസിന് ഒന്നോ രണ്ടോ മാസത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുള്ള ചികിത്സയാണു നിർദ്ദേശിക്കുന്നത്. കാരണം, രോഗം വളരെ മൂർച്ഛിച്ച അവസ്ഥയിലാണ് കൂടുതൽ രോഗികളും ചികിത്സതേടുന്നത്. പല രോഗികളും ഒന്നിലധികം ശസ്ത്രക്രിയകൾക്കും , നിരവധി ഡയഗ്‌നോസ്റ്റിക് അനാലിസിസിനും, മറ്റ് അനുബന്ധ രോഗങ്ങൾക്കുള്ള ചികിത്സകൾക്കും വിധേയമാകേണ്ടിവരുന്നുണ്ട്. കോവിഡാനന്തര ചികിത്സകളിൽ, ഇത്തരത്തിലുള്ള രോഗങ്ങളുടെ സങ്കീർണതകളും ചിലവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ നിലവിലെ സൗകര്യങ്ങളിലെ അപര്യാപ്തതകൾ കാരണം രോഗികൾക്ക് രോഗ നിർണയത്തിനും, ശസ്ത്രക്രിയകൾക്കും തുടർന്നുള്ള പരിശോധനകൾക്ക് വേണ്ടിയും നിരവധി മരുന്നുകളും മറ്റു അവശ്യയിനങ്ങളും (ഉദാഹരണമായി, ഇൻസുലിൻ സ്ട്രിപ്പുകൾ, ഡേറ്റോൾ, സൂചികൾ, കയ്യുറകൾ, PPE Kit തുടിങ്ങിയവ ) പുറത്ത് നിന്ന് വാങ്ങേണ്ടിവരുന്നു. കൂടാതെ, രക്തപരിശോധനകൾക്കും, MRI/സ്‌കാൻ ചെയ്യുന്നതിനും പുറത്തെ ഏജൻസികളെ ആശ്രയിക്കേണ്ടിയും വരുന്നു.

ബി.പി.എൽ കുടുംബത്തിന് അവരുടെ ഇൻഷുറൻസിൽ നിന്ന് ഈ മരുന്നുകൾ ലഭിച്ചേക്കാം, പക്ഷെ APL കുടുംബം ഇതിന് പണം നൽകണം. ഡോക്ടർമാർ ഇത്തരം കാര്യങ്ങളിൽ പലപ്പോഴും sympathetic ആണെങ്കിലും, അവർ നിസ്സഹായരാണ്. ഹോസ്പിറ്റലിൽനിന്ന് ഡിസ്ചാർജ് ചെയ്തതിനു ശേക്ഷവും മെഡിക്കേഷൻ 2-3 മാസത്തേക്ക് തുടരേണ്ടിവരുന്നതാണ് കൂടുതൽ കേസുകളും. ആവറേജ് ചെലവ് ഈ ഒരു രോഗത്തിനുതന്നെ ഒരു മാസത്തിൽ അമ്പതിനായിരത്തിൽ കൂടുതലാണ്. പ്രധാനമരുന്നായ Isavuconazole വില 7 കാപ്സ്യൂളുകൾക്ക് ന് Rs. 21500 ആണെങ്കിൽ, ഒരു ദിവസം തന്നെ കുറഞ്ഞത് Rs. 9,000 (300 mg / 3 capsules) ആവും. നിലവിൽ Isavuconazole ആണ് FDA (U.S. Food and Drug Administration) അംഗീകരിച്ചിട്ടുള്ളതും എന്നാൽ നിലവിൽ ഇവിടെ ലഭ്യതയില്ലാത്തതും. ഇതിനോടൊപ്പം അനുബന്ധ അസുഖങ്ങൾക്കുള്ള മരുന്നുകൾ വേറെയും. കർശനമായ ഫോളോ അപ്പും തുടർചികിത്സകളുമാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ഈ ചിലവേറിയ മരുന്നുകൾക്ക് പുറമെ, റെഗുലറായുള്ള രക്ത പരിശോധന, ആവശ്യമെങ്കിൽ സ്‌കാനിംഗ്, MRI എന്നിവയും ഇതിനോടൊപ്പം ചെയ്യേണ്ടതുണ്ട്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുകഴിഞ്ഞാൽ എല്ലാവരും (APL/BPL) മരുന്നുകളും അനുബന്ധ ടെസ്റ്റുകളും സ്വന്തം ചെലവിൽ വാങ്ങണം/ചെയ്യണം. അവരുടെ സാമ്പത്തിക ശേഷിക്ക് അപ്പുറം കുടുംബാങ്ങളുടെ ചികിത്സക്കുവേണ്ടി പണം ചിലവഴിക്കേണ്ടിവരുന്ന നിരവധി കുടുംബങ്ങളാണ് നമുക്ക് ചുറ്റും: ജോലി നഷ്ടപ്പെട്ടവർ, വിദേശത്ത് നിന്ന് മടങ്ങിയവർ, ദിവസവേതനക്കാർ, ഓട്ടോ-ബസ്-ടാക്‌സി ഡ്രൈവേഴ്‌സ്, മത്സ്യത്തൊഴിലാളികൾ, ചെറുകിട/ നാമമാത്ര കർഷകർ അങ്ങനെ അങ്ങനെ... നമ്മുടെ ചുറ്റുവട്ടത്തുള്ള ഭൂരിപക്ഷം പേരും.

മൂന്നാം തരംഗം നേരിടാൻ ഞങ്ങൾ തയ്യാറാണെന്ന് ആരോഗ്യമന്ത്രി ഏതാനും ആഴ്ചകൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇത്തരം തയ്യാറെടുപ്പുകളിൽ കോവിഡ് കഴിഞ്ഞുള്ള രോഗ ചികിത്സകളും ഉൾപെടുന്നുണ്ടോ? എത്ര ഹോസ്പിറ്റലുകളിൽ ചികിത്സകൾ ലഭ്യമാണ്? അതോ വാക്‌സിനേഷനും കോവിഡ് ടെസ്റ്റും മാത്രമാണോ തയാറെടുപ്പുകൾ / Photo: Veena George, Fb

മിക്ക മെഡിക്കൽ കോളേജുകളിലും, പ്രാദേശിക സന്നദ്ധപ്രവർത്തകരുടെയും വിവിധ രാഷ്ട്രീയപാർട്ടികളുടെയും കൂട്ടായ്മയിൽ സൗജന്യമായി ഭക്ഷണവും ഭാഗികമായി അവശ്യസാധനങ്ങളും നൽകാറുണ്ട്. നിരവധി രോഗികളും/ കൂട്ടിരിക്കുന്നവരും ഈ സഹായത്തെ ആശ്രയിച്ചാണ് കഴിയുന്നത്. മെഡിക്കൽ കോളേജുകളുടെ മുന്നിൽ ഭക്ഷണം മേടിക്കാനുള്ള നീണ്ട ക്യൂ മൂന്നുനേരവും കാണാം. എന്തുകൊണ്ടാണ് ഈ ക്യൂ?. രോഗികൾക്ക് ഏറ്റവും കുറഞ്ഞ ചിലവിലുള്ള ഭക്ഷണം പോലും പ്രാപ്തമല്ലാത്തതിനാലാണ് ഇത്. 10 രൂപ പോലും അവർക്ക് പ്രധാനമാണ്. രോഗികളുടെ കുടുംബാംഗങ്ങൾ ബസ് ചാർജ് ലാഭിക്കാൻ വളരെ ദൂരം നടന്നു രാവിലെ 6 മണിക്ക് മുമ്പുതന്നെ ആശുപത്രിയിൽ എത്തിച്ചേരുന്നുണ്ട്. അവരിൽ പലരും ഈ APL/BPL ക്യാറ്റഗറിയിലുൾപ്പെടുന്നവരാണ്.

മൂന്നാം തരംഗം നേരിടാൻ ഞങ്ങൾ തയ്യാറാണെന്ന് ആരോഗ്യമന്ത്രി ഏതാനും ആഴ്ചകൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇത്തരം തയ്യാറെടുപ്പുകളിൽ കോവിഡ് കഴിഞ്ഞുള്ള രോഗ ചികിത്സകളും ഉൾപെടുന്നുണ്ടോ? എത്ര ഹോസ്പിറ്റലുകളിൽ ചികിത്സകൾ ലഭ്യമാണ്? അതോ വാക്‌സിനേഷനും കോവിഡ് ടെസ്റ്റും മാത്രമാണോ?. മരുന്നുകളുടെ ലഭ്യത ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. വിലകൂടിയ മരുന്നുകൾക്ക് സബ് സിഡി വേണമെന്ന ആവശ്യവും സർക്കാരിന്റെ ശ്രേദ്ധയിൽ പെടുത്തിയിട്ടുണ്ടായിരുന്നു. നിലവിൽ, ബ്ലാക്ക്ഫംഗസിനുള്ള ചികിത്സയും പരിമിതമായി മാത്രം ലഭ്യതയുള്ള മരുന്നുകളും സംസ്ഥാനത്തെ ചുരുക്കം ചില ആശുപത്രികളിലും (സ്വകാര്യ ആശുപത്രികളിലുൾപ്പടെ) മെഡിക്കൽ സ്റ്റോറുകളിലും മാത്രമേ ലഭ്യമാകൂ. കേരളത്തിലെ എത്ര ഡോക്ടർമാർക്ക് ബ്ലാക്ക്ഫംഗസിനെ കുറിച്ചുള്ള ധാരണയുണ്ട്? ഇപ്പോഴും ആദ്യം കേൾക്കുമ്പോൾ ഒരു ഞെട്ടൽ പലരിലുമുണ്ടാവാറുണ്ട്, ഒപ്പം ബോധപൂർവമായ അകലവും പാലിക്കാറുണ്ട് (ഇതിൽ ഡോക്ടർമാർ, അയൽവാസികൾ, കുടുംബക്കാർ, സുഹൃത്തുക്കൾ, പോലീസുകാർ എന്നിങ്ങനെ സമൂഹത്തിലെ നാനാതുറകളിലുള്ളവരുമുണ്ട്).

കോവിഡാനന്തര കേസുകളുടെ സങ്കീർണതയും, വില-ലഭ്യത-വാങ്ങുവാനുള്ള ശേഷി, സോഷ്യൽ ബോയ്ക്കോട്ടിങ് തുടങ്ങിയ പ്രതിസന്ധികൾ ഇപ്പോഴും വലിയ മാറ്റമില്ലാതെ തുടരുകയും ദിവസംതോറും കൂടുതൽ സങ്കീർണമായിരിക്കുകയുമാണ്. പല മരുന്നുകളുടെയും ലഭ്യതക്ക് കേന്ദ്ര-സംസ്ഥാന ഏകോപനങ്ങളും കേന്ദ്ര സർക്കാരിന്റെ ഇടപെടലുകളും ആവശ്യമാണ്. ഏതാനും ആഴ്ചകൾക്കുമുമ്പ് കോവിഡ്, പോസ്റ്റ് കോവിഡ് മരുന്നുകൾക്കൊപ്പം ബ്ലാക്ക്ഫംഗസിനുള്ള മരുന്നിനും ജിഎസ്ടി ഉണ്ടായിരിക്കില്ലെന്ന് കേന്ദ്ര സർക്കാരിന്റെ അറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഈ മരുന്നുകൾക്ക് ( ഉദാഹരണമായി-ലഭ്യമായുള്ള Posaconazole ഗുളികകൾക്ക്) ജിഎസ്ടി ഇപ്പോഴും ചുമത്തുന്നു. ഫെയർ പ്രൈസ് (Fair Price) മെഡിക്കൽ സ്റ്റോറിൽ Rs. 471.42 ആണ് ടോട്ടൽ GST ഈടാക്കിയിരിക്കുന്നത്.

രോഗികളായുള്ളവർ/രോഗികളുടെ കുടുബാംഗങ്ങൾ ചികിത്സയുമായി ബന്ധപ്പെട്ട മറ്റു ചിലവുകളും കണ്ടെത്തേണ്ടതുണ്ട് : മറ്റു ജില്ലകളിൽനിന്ന് വളരെ ദൂരെയുള്ള ആശുപത്രിയിലേക്കുള്ള യാത്രാച്ചിലവ്, ഭക്ഷണം, താമസം, ഉയർന്ന വിലയുള്ള മരുന്നുകൾ, ശസ്ത്രക്രിയകൾക്കും ഫോളോ അപ്പ് പരിശോധനകൾക്കും ആവശ്യമായ മെറ്റീരിയൽസിനുമുള്ള ചിലവുകൾ തുടങ്ങിയവ. ഇതിനോടൊപ്പം തന്നെ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ മറ്റ് പല രോഗങ്ങൾക്കുമുള്ള ചികിത്സാ ചെലവുകളും. ഇത്തരമൊരു സാഹചര്യത്തിൽ എ.പി.എൽ കുടുംബങ്ങൾ കോവിഡാനന്തര ചികിത്സയ്ക്ക് ഫീസ് നൽകണമെന്ന് സർക്കാരിന് എങ്ങനെ തീരുമാനിക്കാനാവും. രോഗികളുടെയും കുടുംബത്തിന്റെയും മെഡിക്കൽ അടിയന്തരാവസ്ഥ നേരിടാനുള്ള പ്രതിസന്ധികളിൽ, ഇത് വരുമാന സ്രോതസ്സായി കണക്കാക്കുന്നതിനുപകരം മരുന്നുകളുടെയും ട്രീറ്റ്‌മെറ്റിന്റെയും ലഭ്യതയും അവയുടെ ഉപയോഗം എല്ലാ രോഗികൾക്കും ഉറപ്പുവരുത്തുകയുമാണ് സർക്കാർ ചെയ്യേണ്ടത്.

കേന്ദ്ര ഗവൺമെന്റ് തലത്തിൽ വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലകളിലെ ബജറ്റ് കുറയ്ക്കുന്ന പശ്ചാത്തലത്തിൽ, ഈ മേഖലകളിലെ കേരള സർക്കാറിന്റെ ഇടപെടൽ ശരിക്കും അഭിനന്ദനമർഹിക്കുന്നതാണ്. സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, കോവിഡ് ഘട്ടത്തിൽ കൂടുതൽ സൗകര്യങ്ങൾ, മരുന്നുകളടക്കം ഉറപ്പുവരുത്തുകയാണെങ്കിൽ കോവിഡ്, കോവിഡാനന്തര ചികിത്സകളിൽ മികച്ച ഫലങ്ങൾ കാണാൻ കഴിയമെന്നുറപ്പാണ്. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ടീം നിലവിലെ പരിമിതമായ സൗകര്യങ്ങളിൽനിന്നുകൊണ്ടു തന്നെ രോഗികൾക്ക് നല്ല ചികിത്സയും പരിചരണവും നൽകുന്നത് കണ്ടപ്പോൾ അതിശയം തോന്നിയിരുന്നു. ഇതൊരു മാജിക്കൽ റിയലിസമായിട്ടാണ് തോന്നിയത്.

ഈ പ്രതിസന്ധികളുടെ കാലഘട്ടത്തിൽ കോവിഡാനന്തര രോഗികളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നതിനുപകരം സർക്കാർ ആശുപത്രികളിലെയും മെഡിക്കൽ കോളേജുകളിലെയും അടിസ്ഥാന സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്തുകയും മെഡിക്കൽ ടീമിന് മികച്ച ചികിത്സ നടത്തുവാനുള്ള എല്ലാവിധ ഭൗതീക സാഹചര്യങ്ങളും, ഒപ്പം ആധുനികവുമായ ചികിത്സാരീതികളും ഉറപ്പുവരുത്തുകയുമാണ് സർക്കാരിൽനിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഇത് "പാവപെട്ടവർക്കുവേണ്ടിയുള്ള' ഒരു ദയാവായ്പിന്റെ അടിസ്ഥാനത്തിലാവരുത്, പകരം ആരോഗ്യകരമായ ജീവിതം ഉറപ്പ് വരുത്തുന്നതും മഹാവ്യാധിയെ അതിജീവിക്കുന്നതും സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്നുള്ളതിന്റെ അടിസ്ഥാനത്തിലാവണം. APL പദവി കാരണം ആശുപത്രി കിടക്കയ്ക്കും മറ്റുകാര്യങ്ങൾക്കും പണമടക്കുവാൻ രോഗികൾ നിർബന്ധിതരാകുമ്പോൾ, ആശുപത്രികളിലെ നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അഭാവങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ രോഗികളും കൂടെനിൽക്കുന്നവരും കൂടുതൽ ഡിമാൻഡിങ് ആകുവാൻ സാധ്യതകാണുന്നു. ഇത് ഒരുപക്ഷെ അസുഖകരമായതും സംഘർഷഭരിതവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ കാരണമായേക്കാം. കോവിഡ് ജനങ്ങളുടെമേലുണ്ടാക്കുന്ന അരക്ഷിതാവസ്ഥ അത്രയേറെയാണ്.

ഇവിടെ സൂചിപ്പിച്ച വിവിധ ഘടകങ്ങൾ തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ള അപര്യാപ്തമായ അറിവുകൾ പലപ്പോഴും ജനവിരുദ്ധ നയതീരുമാനങ്ങളിലേക്കാണ് പോകുന്നത്. സാമൂഹികമായി ഒഴിവാക്കപ്പെട്ടുകൊണ്ടിരുക്കുന്ന കമ്മ്യൂണിറ്റികളുടെ പങ്കും പ്രാതിനിധ്യവും ഇത്തരം സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്. കോവിഡിന് ശേഷമുള്ള രോഗ സങ്കീർണതകൾ വർധിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ ഓരോ ചില്ലിക്കാശും പാവങ്ങൾക്ക് (അവർ APL ആണെങ്കിലും) പ്രധാനമാണ്, അവരെ മറ്റൊരു കടക്കെണിയിലേക്ക് തള്ളിവിടരുത്. ഇത്തരത്തിൽ കഷ്ടപ്പെടുന്ന ആളുകളുടെ ജീവൻ രക്ഷിക്കാൻ സർക്കാർ വ്യവസ്ഥാപിതവും ശക്തവുമായ തുടർ നടപടികൾ കൈക്കൊള്ളണം. അല്ലാതെ, ഈ മഹാവ്യാധിയുടെ പ്രതിസന്ധിഘട്ടത്തിൽ , ഇത് ഖജനാവിലേക്കു പണം സമ്പാദിക്കാനുള്ള അവസരമായി ഭരണകൂടം കാണരുത്. കോവിഡ് മുന്നോട്ടു വയ്ക്കുന്ന പ്രതിസന്ധികൾ തരണം ചെയ്യുന്നതിൽ കേരളം വളരെ മുന്നിലാണെന്ന തിരിച്ചറിവിൽ തന്നെ, സർക്കാരിന്, APL വിഭാഗത്തിന് ബാധ്യതയാകുന്ന ഇത്തരത്തിലുള്ള തീരുമാനം ഒഴിവാക്കാൻ കഴിയുകയാണെങ്കിൽ അത് വലിയൊരു വിഭാഗമാളുകൾക്കും പ്രയോജനം ചെയ്യുകയും പ്രതീക്ഷ നൽകുകയും ചെയ്യും.


Comments