വിശാലഹൃദയാനായ ഗീവർഗീസ്‌മോദിയാശാൻ നിങ്ങളോട് ക്ഷമിച്ചിരിക്കും

കേന്ദ്ര സർക്കാരിന്റെ പാരിസ്ഥിതിക ആഘാത വിലയിരുത്തൽ (EIA) കരട് വിജ്ഞാപനം -2020, പരിസ്ഥിതിവാദത്തെക്കൊണ്ടുള്ള ശല്യത്തെ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതുകൊണ്ടാണ്. അതുകൊണ്ടുതന്നെ നിർദിഷ്ട വിജ്ഞാപനത്തിന്റെ ആഘോഷക്കമ്മറ്റിയിൽ കേരളത്തിലെ മലയോര ബാവ കക്ഷിക്കാരും അവരുടെ ചാർച്ചക്കാരായ ബാവ മാർക്സ് വിഭാഗവുമൊക്കെയുണ്ട്. മുതലാളിത്ത ചൂഷണത്തിന്റെ ഏറ്റവും രൂക്ഷമായ കാലം വലതുപക്ഷ ഫാഷിസ്റ്റുകളുടെ നേതൃത്വത്തിലായിരിക്കും. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. അതുകൊണ്ടാണ് കാലാവസ്ഥ മാറ്റം വെറും തട്ടിപ്പാണെന്നു പറയുകയും പാരീസ് ഉടമ്പടിയിൽ നിന്നുള്ള പിന്മാറൂകയും ചെയ്ത ഡൊണാൾഡ് ട്രംപും ആമസോൺ കാടുകളെ ഇഷ്ടംപോലെ വെട്ടിമുടിക്കാൻ അനുമതി നൽകുന്ന ബോൺസ്ളാരോയും ഇന്ത്യയിൽ മോദിയുമൊക്കെ സ്വാഭാവിക സഖ്യകക്ഷികളാകുന്നത്. അതേ ജാഥയിൽ സിന്ദാബാദ് വിളിച്ചു പോകുന്ന വികസന കക്ഷിക്കാർ മാനായും മാരീചനായും മാത്രമല്ല ഫാഷിസ്റ്റ് വിരുദ്ധരായും വരുമെന്നതാണ് കാണുന്നത്.

പുതിയ വിജ്ഞാപനത്തിൽ ഓരോ ഇളവും വ്യവസ്ഥയും എല്ലാ തരത്തിലുമുള്ള പാരിസ്ഥികാഘാത പഠനത്തെയും അത് പദ്ധതികൾക്ക് വരുത്താവുന്ന തടസ്സങ്ങളെ നീക്കാനും ഉദ്ദേശിച്ചുമുള്ളതാണ്. പ്രധാനമായും രണ്ടു തരത്തിലാണ് കേന്ദ്രം ഇത് സാധിച്ചെടുക്കുന്നത്. ഒന്ന്, നേരത്തെ അനുമതി ആവശ്യമായിരുന്ന നിരവധി പദ്ധതികളെ ഇപ്പോൾ അനുമതി ആവശ്യമില്ലാത്തതും ഇരട്ട പരിശോധന ആവശ്യമില്ലാത്ത B2 വിഭാഗത്തിലേക്ക് മാറ്റി. രണ്ട്, പൊതുജനാഭിപ്രായം അറിയുന്ന Public Consultation പ്രക്രിയ തീർത്തും ദുര്ബലമാക്കി. 2006-ലെ ചട്ടങ്ങളിൽ Public Consultation സമയപരിധി 30 ദിവസം ആയിരുന്നത് നിർദിഷ്ട വിജ്ഞാപനത്തിൽ 20 ദിവസമാക്കിയാണ് കുറിച്ചിരിക്കുന്നത്. മുപ്പതു ദിവസം തന്നെ തീർത്തും അപര്യാപ്തമായ കാലയളവാണ് എന്നുള്ളപ്പോഴാണ് ഈ മാറ്റം. ഈ പ്രക്രിയതന്നെ എത്രമാത്രം ക്ലിഷ്ടമാണ് എന്ന് അത്തരത്തിലുള്ള ജനാഭിപ്രായ പ്രക്രിയകളിൽ പങ്കെടുത്തവർക്കറിയാം. സംസ്ഥാന ഭരണകൂടവും, പദ്ധതി നടപ്പാക്കുന്ന സ്വകാര്യ കമ്പനിയും പദ്ധതിയുടെ ആഘാതം നേരിടുന്ന പ്രദേശത്തെ ജനതയെ മുഴുവൻ ഭീഷണിപ്പെടുത്തിയും രേഖകളിൽ തട്ടിപ്പുകാണിച്ചതും നടത്തുന്ന ഒരേർപ്പാടാണിത്.

അതിർത്തിയിൽ നിന്നും 100 കിലോമീറ്റർ വരെയുള്ള പ്രദേശത്തെ റോഡ് വികസനമടക്കമുള്ള പദ്ധതികൾക്ക് പാരിസ്ഥിതികാനുമതി വേണ്ടെന്നാണ് പുതിയ നിർദ്ദേശം. അതായത് ജൈവ്യവൈവിധ്യമാർന്ന വടക്കു കിഴക്കൻ മേഖല മുഴുവൻ തകർക്കാനുള്ള പരിപാടിയാണിത്. ദേശ സുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട പദ്ധതികളിലും ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടവയാണ്. അതായത് ആണവനിലയങ്ങൾ, എണ്ണഖന ശാലകൾ, തുടങ്ങി ഏതു വൻ വ്യവസായവും ഇതിലുൾപ്പെടുത്താം. ഒന്നരലക്ഷം ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടനിര്മാണമടക്കം ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്.

ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, പവിഴപ്പുറ്റുകൾ എന്നിവയെ ബാധിക്കുന്ന നിർമ്മാണങ്ങളിൽ ഇനി അതാത് ജില്ലകളിൽ മാത്രമേ ഇനി Public Consultation നടത്തേണ്ടതുള്ളൂ. അതായത് ഒരു വനമേഖലയിൽ ഉണ്ടാകുന്ന പദ്ധതിയുടെ ആഘാതം ജില്ലാ അതിർത്തി കടന്ന് ബാധിക്കില്ല എന്ന യുക്തി കൊള്ളാം ! 2006-ൽ Capital dredging -നു കടൽത്തട്ട്, പുഴകൾ എന്നിവക്ക് അനുമതി ആവശ്യമായിരുന്നതിൽ നിന്നും ഇത്തവണ പുഴകളെ ഒഴിവാക്കിക്കൊടുത്തു.

അതിലും വലിയ പരിസ്ഥിതി സ്നേഹം സൗരോർജ്ജ പദ്ധതികളോടാണ്. അത്തരം പദ്ധതികൾക്ക് ഇനി പാരിസ്ഥികാനുമതിയുടെ ബുദ്ധിമുട്ടില്ല. പരിസ്ഥിതി സൗഹൃദം എന്നാണു ഭാഷ്യം. ഒറ്റനോട്ടത്തിൽ കേമമെന്നു തോന്നാമെങ്കിലും വാസ്തവം എന്താണ്. അദാനിയടക്കമുള്ള വൻകിട കമ്പനികൾ സാധാരണക്കാരുടെ ഉപജീവനവും കാർഷികവൃത്തിയും തകരാറിലാക്കിക്കൊണ്ടാണ് മിക്കപ്പോഴും ഇത്തരം പദ്ധതികളുണ്ടാക്കുന്നത്. നഷ്ടപരിഹാരം, പുനരധിവാസം എന്നിവയിലൊന്നും യാതൊരു മാനദണ്ഡവും പാലിക്കുന്നില്ല. തമിഴ്നാട്ടിലൊക്കെ ഇത്തരത്തിൽ നടത്തിയ ഭൂമിതട്ടിപ്പുകൾക്ക് തെളിവുകൾ നിരവധിയാണ്.

ഇനി എല്ലാ ചട്ടങ്ങളും ലംഘിച്ചാലും വിശാലഹൃദയാനായ ഗീവർഗീസ്മോദിയാശാൻ നിങ്ങളോട് ക്ഷമിച്ചിരിക്കും. പദ്ധതിയൊക്കെ തുടങ്ങി സമയം കിട്ടുമ്പോൾ അനുമതിക്ക് അപേക്ഷ കൊടുത്താലും തരാമെന്നാണ് വ്യവസ്ഥ. ചട്ടലംഘനമുണ്ടായാൽ ദിവസം 2000- മുതൽ 10000 വരെ പിഴയുണ്ടാകും. കണ്ടോ ആയിരക്കണക്കിന് കോടി രൂപയുടെ ഖനിയൊക്കെ നടത്തുന്നവർക്ക് മാസം രണ്ടു ലക്ഷം പിഴയീടാക്കുന്ന മോദിയുടെ കാർക്കശ്യം!

പ്രകൃതി വിഭവങ്ങളുടെ നിയന്ത്രണമില്ലാത്ത ചൂഷണമെന്നത് മുതലാളിത്തത്തിന്റെ നിലനിൽപ്പിന്റെ ഭാഗമാണ്. അതിന്റെ ഗുണഭോക്താക്കൾ മുഴുവൻ സമൂഹത്തിലെ ഒരു ചെറിയ വിഭാഗം ധനികരാണ്. ഉടനെ തന്റെ വീടുകെട്ടാൻ കല്ലും ഇഷ്ടികയും ഉപയോഗിച്ചില്ല എന്ന മട്ടിലുള്ള കൊഞ്ഞനം കുത്തലിനും പരിസ്ഥിതിക്കും പ്രകൃതി വിഭവങ്ങൾ ഭൂമിയുടെ നിലനിൽപ്പിനെ കണക്കിലെടുത്തു ഉപയോഗിക്കാനുള്ള രാഷ്ട്രീയവുമായി ഒരു സംവാദ സാധ്യത പോലും ദുഷ്‌കരമാണ്. പശ്ചിമഘട്ടം മാത്രമല്ല, കേരളത്തിലെ എല്ലാ ഭൂപ്രദേശങ്ങളിലെയും വികസന പ്രവർത്തനങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും കർക്കശമായ പാരിസ്ഥിതിക നിബന്ധനകൾ അനുസരിച്ചേ നടത്താവൂ. നിലവിലുള്ള നിയമങ്ങൾ പോലും അതിനു ഉപയോഗിക്കുന്നില്ല എന്നാണവസ്ഥ.

ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും കച്ചവടക്കാരും ചേർന്നുള്ള ഒരു മാഫിയ കേരളത്തിലെ പ്രകൃതി വിഭവ ചൂഷണത്തിനായി രൂപം കൊണ്ടിട്ട് വർഷങ്ങളായി. അതിൽ കക്ഷിഭേദമില്ല. നിലം നികത്താനും കുന്നിടിക്കാനും പാറമടകൾ നടത്താനും കയ്യേറ്റങ്ങൾ നടത്താനുമൊക്കെ ഏതു സമയത്തും അനുമതിയും സഹായവുമായി സദാ സന്നദ്ധരായ ഒരു വിഭാഗം ഇവിടെയുണ്ട്. എല്ലാ എതിർപ്പുകളെയും ഇല്ലാതാക്കാൻ പാകത്തിലുള്ള ആക്രമണോത്സുകമായ ഒരു സംഘമാണത്. അത് ഏതു കക്ഷി ഭരിച്ചാലും ഈ പൊതുവ്യവസ്ഥയുടെ ഭാഗമായി മാറിയിരിക്കുന്നു. ഇന്ത്യയിലെ എല്ലായിടങ്ങളിലും ഇതുപോലെയോ, ഇതിലും ഭീകരമോ ആണ് ഇക്കാര്യത്തിലെ നില.

പുതിയ EIA കരട് ഇതിനെയൊക്കെ നിയമപരമായിത്തന്നെ സാധൂകരിക്കാൻ പോന്നതാണ്. കേരള സർക്കാർ ഇതിനെതിരെ ശക്തമായ നിലപാടെടുക്കണം. അത്തരമൊരു നിലപാടുണ്ടാകും എന്ന് കരുത്താനുള്ള പശ്ചാത്തലം ഇതുവരെ പാരിസ്ഥിതിക വിഷയങ്ങളിൽ പുലർത്താത്ത സർക്കാരാണിത് എന്ന് പറയാതെ വയ്യ. തിരുത്ത് വേണം, അത് രാഷ്ട്രീയമായ തിരുത്താകണം. 21-ആം നൂറ്റാണ്ടിലെ വർഗസമരം ഭൂമിക്ക് വേണ്ടിയുള്ള മഹാഭൂരിപക്ഷം മനുഷ്യരുടെ പോരാട്ടം കൂടിയാണ്.

Comments