118- A: വായടപ്പന്‍ നിയമത്തെ
തോല്‍പിച്ച പ്രതിഷേധത്തിന്റെ
വായ്ക്കുരവകള്‍
118- A: വായടപ്പന്‍ നിയമത്തെ തോല്‍പിച്ച പ്രതിഷേധത്തിന്റെ വായ്ക്കുരവകള്‍
കേരള പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കേരള സര്‍ക്കാര്‍ എടുത്ത തീരുമാനം കേരള സമൂഹത്തിന്റെ ഒരു പുതിയ സാധ്യതയിലേക്ക് വലിയ വാതിലുകള്‍ തുറക്കുന്നുണ്ട്. ഒരു ജനാധിപത്യ വിരുദ്ധ നിയമത്തെ, ആ നിയമം നിലവില്‍ വന്നപ്പോള്‍ മുതല്‍ അതിശക്തമായ പ്രതിഷേധങ്ങളുയര്‍ത്തി കേരളീയ സമൂഹം നേരിട്ടു എന്നതാണത്. വായ്മൂടിക്കെട്ടാന്‍ ഉദ്ദേശിച്ച അതേ നവ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഈ എതിര്‍പ്പ് സാധ്യമായത്. ഇത് മറ്റൊന്നുകൂടി കാണിക്കുന്നു; ഈ നവസാങ്കേതികവിദ്യ ജനാധിപത്യത്തിലെ പൗരഇടപെടലുകള്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാക്കി മാറ്റിയെടുക്കാം. ജനാധിപത്യ സംവാദത്തിന്റെ പല മേഖലകളും അത് സമൂഹത്തില്‍ തുറന്നുതരുന്നു
23 Nov 2020, 04:44 PM
കേരള പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സിലൂടെ കൂട്ടിച്ചേര്‍ത്ത 118- A ഉപവകുപ്പ് കേരളത്തിന്റെ ജനാധിപത്യ സാമൂഹ്യ ഘടനയുടെ നേര്‍ക്കുനടന്ന ഏറ്റവും ഭീകരമായ ഭരണകൂട ആക്രമണങ്ങളില്‍ ഒന്നായാണ് കരുതേണ്ടത്. വ്യക്തികള്‍ക്കുനേരെ വിശിഷ്യ, സ്ത്രീകള്‍ക്കുനേരെ ഓണ്‍ലൈന്‍- സാമൂഹ്യ മാധ്യമങ്ങളിലൂടെ പലപ്പോഴും നടക്കുന്ന വ്യക്ത്യാധിക്ഷേപങ്ങളെ തടയാനെന്ന പേരിലാണ് ഈ നിയമഭേദഗതിയെന്ന സര്‍ക്കാര്‍ വ്യാഖ്യാനം പറയുന്നതിനുമുമ്പേ തട്ടിപ്പിന്റെ തൊപ്പിയിട്ട ഒന്നാണ്.
എല്ലാ വിധത്തിലുള്ള ജനാധിപത്യ, രാഷ്ട്രീയ സംവാദങ്ങളെയും അടിച്ചമര്‍ത്തുന്നതിന് ഭരണകൂടം നടത്തുന്ന നഗ്നമായ ആക്രമണമാണ് ഈ നിയമഭേദഗതി. ഭരണഘടന ആര്‍ട്ടിക്കിള്‍ 19(1)(a ) പ്രകാരം ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികമായ പൗരാവകാശത്തെ അടിമുടി ഇല്ലാതാക്കുന്നതായിരുന്നു പുതിയ നിയമഭേദഗതി. അതുകൊണ്ടുതന്നെയാണ് കേരളീയ സമൂഹത്തില്‍ വ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഓര്‍ഡിനന്‍സിലൂടെയുള്ള നിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കേണ്ടി വന്നത്.
എന്നാല്‍ അപ്പോഴും ഇത്തരത്തിലൊരു ഭരണകൂട പ്രവണതയുടെ ഭീഷണി നമ്മുടെ സമൂഹത്തില്‍ അധികാരവര്‍ഗം നിതാന്തമായി നിലനിര്‍ത്തുന്നു എന്നത് പൗരജാഗ്രതയുടെ അലസമാകാന്‍ പാടില്ലാത്ത പ്രജ്ഞയെക്കുറിച്ചും നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നുണ്ട്.
പുതിയ നിയമഭേദഗതി 118 A ഇങ്ങനെ പറയുന്നു: whoever makes, expresses, publishes or disseminates through any kind of mode of communication, any matter or subject for threatening, abusing, humiliating or defaming a person or class of persons, knowing it to be false and that causes injury to the mind, reputation or property of such person or class of persons or any other person in whom they have interest shall on conviction, be punished with imprisonment for a term which may extend to three years or with fine which may extend to ten thousand rupees or with both.
അതായത്, ഇന്നുമുതല്‍ നിങ്ങള്‍ മറ്റൊരാളായി നടത്തുന്ന സംഭാഷണങ്ങള്‍ പോലും പൊലീസിന് കേസെടുക്കാവുന്ന കുറ്റകൃത്യമായി മാറുന്നു. ഭരണകൂടത്തിനും അതിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും അനുസൃതമായി മാത്രം സംസാരിക്കേണ്ട ബാധ്യത കൂടിയാണ് മുകളില്‍ അടിച്ചേല്‍പ്പിക്കുന്നത്. ഈ നിയമഭേദഗതിയില്‍ ഓരോ വാക്കും ആലോചനക്കുറവിന്റെയല്ല, അതിസൂക്ഷ്മമായ ഭരണകൂട ഭീകരതയുടെ ആലോചനകളിലൂടെ ഉരുത്തിരിഞ്ഞതാണ് എന്ന് നിസംശയം പറയാന്‍ കഴിയും.
2009-ലാണ് Information Technology Act ല്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അന്നത്തെ UPA സര്‍ക്കാര്‍ 66 A എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തത്. ഇന്നിപ്പോള്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ 118- A യുടെ ഏതാണ്ടൊരു പകര്‍പ്പായിരുന്നു ആ നിയമം. 118- A അതിന്റെ പൂര്‍വിക നിയമത്തെക്കാള്‍ ഭീകരമാണ് എന്നൊരു വ്യത്യാസം മാത്രമേയുള്ളു.

അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഹനിക്കുന്നു എന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) (a) നല്‍കുന്ന സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്യം ആര്‍ട്ടിക്കിള്‍ 19(2) അനുസരിച്ചുള്ള നിബന്ധനകള്‍ക്ക് അപ്പുറത്തായി അടിച്ചമര്‍ത്തുന്നു എന്നും കണ്ടാണ് സുപ്രീംകോടതി IT നിയമത്തിലെ 66 A ഭരണഘടനാവിരുദ്ധമെന്നു കണ്ട് റദ്ദാക്കിയത് (Shreya Singhal Vs Union of India 2015) . അതിനൊപ്പം, കേരള പൊലീസ് നിയമത്തിലെ 118 (d) എന്ന ഉപവകുപ്പും കോടതി ഇതേ കാരണം കാണിച്ച് റദ്ദാക്കി.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിശാല രൂപങ്ങളെ മാത്രമല്ല, സൂക്ഷ്മമായ വ്യക്തിസംവാദങ്ങളെയടക്കം അപകടത്തിലാക്കാന്‍ പോന്ന സാധ്യതയുണ്ട് ആ നിയമഭേദഗതിക്ക് എന്നാണ് കോടതി കണ്ടത്. ഇപ്പോള്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതിയാകട്ടെ പരാതിക്കാരന്‍ പോലുമില്ലാതെ ഏതു തരത്തിലുള്ള ‘കീര്‍ത്തിയുടെയും' (Reputation) അളവധികാരിയായി പൊലീസിനെ വെക്കുന്ന ഒന്നാണ്. പൊലീസ് വാസ്തവത്തില്‍ ഒരു Extra -Judicial authority ആയി മാറുന്ന അപകടകരമായ കാഴ്ചയാണ് ഇവിടെ സംഭവിക്കുന്നത്.
പുതിയ നിയമഭേദഗതി defamation സംബന്ധിച്ച ഇതുവരെയുള്ള Jurisprudential interpretations ല്‍ വലിയ മാറ്റമാണ് ഉണ്ടാക്കുക. വ്യക്തികളുടെ മാത്രമല്ല, ഒരു വ്യക്തിക്ക് താല്‍പര്യമുള്ള മറ്റാളുകള്‍, വിഭാഗങ്ങള്‍ എന്നിവ കൂടി ഇപ്പോള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നു. ഇത് വളരെ കുഴപ്പം പിടിച്ച, ഒരു ജനാധിപത്യ സമൂഹത്തിലെ പൗരാവകാശങ്ങളുടെ സങ്കല്പനങ്ങളെ മാറ്റിമറിക്കുന്ന ഒന്നാണ്. പൗരന്‍ എന്നതിനുപകരം കുടുംബം എന്നും സംരക്ഷിക്കപ്പെടുന്ന ആശ്രിതര്‍ എന്ന നിലക്കും ആളുകളെ മാറ്റിയെടുക്കുകയാണിത്.
ഓരോ വ്യക്തിയുടെയും അവകാശം എന്നതിന് പകരം മറ്റൊരാളുമായി ബന്ധപ്പെട്ടു ലഭിക്കുന്ന ഒന്നാകുന്നു ഇവിടെ പൗരാവകാശം എന്ന് വരും. കുടുംബം എന്ന സ്ഥാപനത്തെ മാനാപമാനത്തിന്റെ മാനകമാക്കി മാറ്റുന്നത് ഒരു പിന്തിരിപ്പന്‍ നടപടി കൂടിയാണ്. ആധുനിക നിയമവാഴ്ച്ച കുടുംബങ്ങള്‍ക്കല്ല മാനവും അപമാനവും അവകാശവും നല്‍കുന്നത് വ്യക്തികളായ പൗരന്മാര്‍ക്കാണ്.
നിയമഭേദഗതിയുടെ മറ്റൊരു വലിയ ഭീഷണി ‘ഒരു വിഭാഗം ആളുകളുടെ' അവകാശത്തെക്കുറിച്ചാണ്. ഒരു വ്യക്തിക്ക് നേരിട്ട അപമാനത്തെക്കുറിച്ച് അയാള്‍ക്കുള്ള പരാതിക്കപ്പുറം ഒരു വിഭാഗത്തിനെതിരായി എന്ന് ആരോപിക്കുന്ന അധിക്ഷേപങ്ങളെയോ അസത്യ വാര്‍ത്തകളെയോ ഒക്കെ കൈകാര്യം ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ മറ്റു പല വകുപ്പുകളുമാണുള്ളത്. അത് Public order -നെ ഹനിക്കുന്നതോ വിവിധ സമുദായങ്ങള്‍ക്കിടയ്ക്ക് സ്പര്‍ദ്ധ വളര്‍ത്തുന്നതോ മുതലായ വകുപ്പുകള്‍ അനുസരിച്ചാണ് കൈകാര്യം ചെയ്യപ്പെടുക.
എന്നാല്‍ 118- A പ്രകാരം ഒരു വിഭാഗം ആളുകളുടെ കീര്‍ത്തി മാനാപമാനങ്ങള്‍ക്ക് വിധേയമായ, നിയമസാധുതയുള്ള ഒന്നായി മാറിയിരിക്കുന്നു. ലളിതമായി പറഞ്ഞാല്‍ പൊലീസുകാര്‍ ഭരണകൂടത്തിന്റെ വേട്ടപ്പട്ടികളാണ് എന്ന് നിങ്ങളെഴുതിയാല്‍ അത് മതി 118- A പ്രകാരം നിങ്ങളെ അകത്താക്കാന്‍.
ശ്രേയ സിംഗാള്‍ കേസില്‍ കോടതി 66- A യും 118 (d) യും തള്ളിയത് ഇത്തരത്തില്‍ വളരെ അവ്യക്തമായ രീതിയില്‍ തയ്യാറാക്കുന്ന നിയമങ്ങള്‍, കുറ്റത്തെയും അതിന്റെ അനുബന്ധ ഘടകങ്ങളെയുമൊക്കെ വളരെ ഉദാരമായ ഭരണകൂട വ്യാഖ്യാനങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന നിയമങ്ങള്‍ ആത്യന്തികമായി ജനാധിപത്യ വിരുദ്ധമായ ഒരു ഒരു സമൂഹത്തെയാണ് സൃഷ്ടിക്കുക എന്ന് കണ്ടുകൊണ്ടാണ്.

ഇത്തരം നിയമങ്ങള്‍ കുറ്റകൃത്യങ്ങളെ നേരിടാനോ അല്ലെങ്കില്‍ പരസ്യമായ രാഷ്ട്രീയ എതിര്‍പ്പുകളെ തടവിലിടാനോ ഉദ്ദേശിക്കുക മാത്രമല്ല ചെയ്യുന്നത്. അത് സ്വയം നിയന്ത്രിക്കുന്ന (Self -Censored ) ആയ ഒരു പൗരസമൂഹത്തെ ഉണ്ടാക്കുന്നു എന്നുകൂടിയുണ്ട്. മുഷ്ടി ചുരുട്ടുന്നതിനു മുമ്പും വായ തുറക്കുന്നതിനു മുമ്പും പേനയെടുക്കുന്നതിനു മുമ്പും ലോക്കപ്പുകളെയും തടവറകളെയും കുറിച്ചാലോചിക്കേണ്ടിവരുന്ന ഒരു സമൂഹം ചിന്താശൈത്യത്തില്‍ പുതഞ്ഞുപോകും. വരിതെറ്റാതെ നടക്കുകയും വരിതെറ്റിക്കുന്നവരെ ഒറ്റുകയും ചെയ്യുന്ന വിധേയന്മാരുടെ ഒരു സമൂഹമാണ്. അതോടെ ജനാധിപത്യം എന്ന സാമൂഹ്യഘടന ഏതാണ്ട് അപ്രത്യക്ഷമാവുകയും സമഗ്രാധിപത്യ ഭരണകൂടത്തിന്റെ രാഷ്ട്രീയ ധാര്‍മ്മികത പൊതുസമൂഹത്തിന്റെ സാമാന്യബോധമായി മാറുകയും ചെയ്യും. ഇന്നത്തെ ഇന്ത്യയില്‍ സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടം നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഈ പ്രക്രിയയാണ്.
ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന മാനദണ്ഡമായ സ്വതന്ത്ര സംവാദങ്ങളെ ഇല്ലാതാക്കുന്നതിന് സംഘപരിവാര്‍ ഭരണകൂടം ഇന്ത്യയില്‍ നടപ്പാക്കുന്ന നിയമബാഹ്യ ഭീകരത ഇന്നിപ്പോള്‍ ഒരു സ്വാഭാവികതയായി മാറിയിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ മോദി സര്‍ക്കാരിന്റെ ഉച്ചഭാഷിണികള്‍ മാത്രമാണ്. കോര്‍പ്പറേറ്റ്- സംഘപരിവാര്‍-ഭരണകൂട കൂട്ടുകെട്ടിന്റെ മിശ്രണം വേര്‍തിരിക്കാനാകാത്ത വിധത്തില്‍ പൂര്‍ത്തിയാവുകയാണ്. ഈയൊരു നിര്‍ണായക പ്രതിസന്ധിയെ ഇന്ത്യയിലെ മതേതര, ഇടത്, ജനാധിപത്യ സമൂഹം എതിര്‍ക്കുന്നത് സാധ്യമായ എല്ലാ ആശയവിനിമ, സംവേദന മാധ്യമങ്ങളും ഉപയോഗിച്ചാണ്.
അത്തരത്തിലുള്ള ജനാധിപത്യ ചെറുത്തുനില്‍പ്പുകളെ ഇല്ലാതാക്കുക എന്ന സംഘപരിവാറിന്റെ ഫാസിസ്റ്റ് ഭരണകൂട അജണ്ടയെ കേരളത്തിലേക്ക് നിയമസാധുത കൊടുത്ത് ആനയിക്കാനുള്ള ഒരു നിയമഭേദഗതി അടിയന്തരമായി നടപ്പാക്കാന്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ പ്രേരിപ്പിച്ച ചോദന എന്തായാലും ഇടതുപക്ഷ രാഷ്ട്രീയത്തിന്റേതല്ല.
ഒരു സമൂഹത്തിലെ പൗരാവകാശത്തെ ദൂരവ്യാപകമായ ബാധിക്കുന്ന ഇത്തരത്തിലൊരു നിയമഭേദഗതി നിയമനിര്‍മ്മാണ സഭയിലും പൊതുസമൂഹത്തിലുമുള്‍പ്പെടെ വ്യാപകമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രം നടപ്പാക്കുക എന്ന പ്രാഥമിക ജനാധിപത്യ മര്യാദക്കുകൂടി എതിരായിരുന്നു സര്‍ക്കാരിന്റെ ഈ ഓര്‍ഡിനന്‍സ് നീക്കം. ആവശ്യഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ട ഒരു വഴിയാണ് ഓര്‍ഡിനന്‍സ് വഴിയുള്ള നിയമനിര്‍മ്മാണം.
നിയമസഭാ ചേരാത്ത സാഹചര്യത്തില്‍ അടിയന്തരമായി എന്തെങ്കിലും നിയമം ഉണ്ടാക്കേണ്ടതുണ്ട് എങ്കില്‍ മാത്രമാണ് ഓര്‍ഡിനനസിന്റെ മാര്‍ഗം തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ എത്രയോ കാലമായി നമ്മുടെ നാട്ടില്‍ സര്‍ക്കാരുകള്‍, പ്രത്യേകിച്ചും കേന്ദ്ര സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് വഴിയുള്ള നിയമനിര്‍മ്മാണം നിയമനിര്മാണസഭകളെ മറികടക്കാനുള്ള ഒരു എളുപ്പവഴിയായാണ് ഉപയോഗിച്ച് പോരുന്നത്. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കുപ്രസിദ്ധി നേടിയിരുന്നു. എന്നാല്‍ ഒന്നാം മോദി സര്‍ക്കാര്‍ അതിനെ മറികടന്നു. ഇരുപത്തെട്ട് ദിവസത്തില്‍ ഒന്ന് എന്ന കണക്കിലാണ് ഒന്നാം മോദി സര്‍ക്കാര്‍ ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കിയത്.
D.C. Wadhwa and Ors. v. State of Bihar and Ors. [(1987) 1 SCC 378] കേസിലെ വിധിയെ ഒന്നുകൂടി വിശദമാക്കിക്കൊണ്ട് സുപ്രീം കോടതിയോട് ഏഴംഗ ഭരണഘടനാബെഞ്ച് 2017-ല്‍ വീണ്ടും ഓര്‍ഡിനന്‍സുകള്‍ ജനാധിപത്യ വിരുദ്ധ സ്വഭാവം കൈവരിക്കുന്നതിനുള്ള സാദ്ധ്യതകള്‍ ചൂണ്ടിക്കാണിക്കുകയും അതിനു തടയിടാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. നിയമനിര്‍മ്മാണ സഭകളെയും ജനാധിപത്യ ചര്‍ച്ചകളെയും ഒഴിവാക്കാനുള്ള ഒരു ഭരണകൂട തന്ത്രത്തെ, Constitutional fraud എന്നാണ് വ്യാഖ്യാനിക്കേണ്ടത്. ഇത്തരത്തിലൊരു ഓര്‍ഡിനന്‍സ് മാര്‍ഗം ഒരു ഇടതു സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്നത് ഒട്ടും ആശാസ്യമല്ല. ആരുടെ കീര്‍ത്തിയാണ് ഇത്ര അടിയന്തരമായി സംരക്ഷിക്കേണ്ടത്!
Giorgio Agamben പറയുന്ന Permananet State of Exception എന്ന അവസ്ഥയുടെ മറ്റൊരു ഉദാഹരണം കൂടിയാണ് ഈ ഓര്‍ഡിനനന്‍സ് രാജൂം ഇത്തരം നിയമങ്ങളും. നിയമവാഴ്ചയെ സംരക്ഷിക്കാന്‍ നിയമബാഹ്യമായ അധികാരങ്ങള്‍ ഭരണകൂടത്തിനുണ്ടാവുക എന്ന സമഗ്രാധിപത്യ ഭരണകൂട നിര്‍മ്മിതിയാണിത്.
ഈ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കേരള സര്‍ക്കാര്‍ ഇപ്പോഴെടുത്ത തീരുമാനം കേരള സമൂഹത്തിന്റെ ഒരു പുതിയ സാധ്യതയിലേക്ക് വലിയ വാതിലുകള്‍ തുറക്കുന്നുണ്ട്.
ഒരു ജനാധിപത്യ വിരുദ്ധ നിയമത്തെ, ജനങ്ങളുടെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ പൊലീസ് സംവിധാനത്തിന്റെ ഇഷ്ടാനിഷ്ടങ്ങളിലേക്ക് വിട്ടുകൊടുക്കുന്ന ഒരു നിയമത്തെ ആ നിയമം നിലവില്‍ വന്നപ്പോള്‍ മുതല്‍ അതിശക്തമായ പ്രതിഷേധങ്ങളുയര്‍ത്തിക്കൊണ്ട് കേരളീയ സമൂഹം നേരിട്ടു എന്നതാണിത്. ഏതു തരത്തിലുള്ള മാധ്യമത്തെയാണോ അത് വായ്മൂടിക്കെട്ടാന്‍ ഉദ്ദേശിച്ചത് അതെ സംവേദനോപാധികളിലൂടെയാണ് ഈ എതിര്‍പ്പ് സാധ്യമായതും. നവ സാമൂഹ്യ മാധ്യമങ്ങളാണ് 118- A എന്ന ജനാധിപത്യ വിരുദ്ധ നിയമത്തിനെതിരായ പ്രതിഷേധം ശക്തമായി മുന്നോട്ടു കൊണ്ടുപോയത്.
ഇത് മറ്റൊന്നുകൂടി കാണിക്കുന്നുണ്ട്. ഈ നവസാങ്കേതികവിദ്യ ജനാധിപത്യത്തിലെ പൗര ഇടപെടലുകള്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാക്കി മാറ്റിയെടുക്കാം എന്ന് കൂടിയാണത്. ഈ വിഷയത്തില്‍ അഭിപ്രായമുള്ള ഓരോരുത്തര്‍ക്കും അത് പ്രകടിപ്പിക്കാനും മറ്റുള്ളവരെ അറിയിക്കാനും കഴിയുന്ന വിധത്തില്‍ ജനാധിപത്യ സംവാദത്തിന്റെ പല മേഖലകളും അത് നമ്മുടെ സമൂഹത്തില്‍ തുറക്കുന്നുണ്ട്.
ഈ നിയമഭേദഗതി ഏതുതരം സംവാദങ്ങളെയാണോ ഇല്ലാതാക്കാന്‍ ശ്രമിച്ചത്, അതെതരം സംവാദ വ്യവഹാരങ്ങളിലൂടെയാണ് രണ്ടു ദിവസം കൊണ്ട് ഒരു സര്‍ക്കാരിനെക്കൊണ്ട് ഒരു ജനാധിപത്യ വിരുദ്ധ ഓര്‍ഡിനന്‍സ് കേരള സമൂഹം പിന്‍വലിപ്പിച്ചത്.
അധികാരത്തിനെതിരായ നിരന്തരമായ സമരമാണ് ജനാധിപത്യം. ആളനക്കമില്ലാത്ത ചിന്താശൈത്യം ബാധിച്ച ശാന്തത ജനാധിപത്യവിരുദ്ധമാണ്. ഒട്ടും ശാന്തമല്ലാത്ത, അസ്വസ്ഥമായ സമൂഹം മാത്രമേ നീതിക്കു വേണ്ടിയുള്ള അന്വേഷണങ്ങളെ സാധ്യമാക്കുകയുള്ളു. കേരളം ഇപ്പോഴും അത്തരത്തിലൊരു അന്വേഷണത്തിനുള്ള സമര സാദ്ധ്യതകള്‍ നിലനിര്‍ത്തുന്നു എന്നുതന്നെയാണ് 118- A പിന്‍വലിപ്പിച്ച ജനാധിപത്യ പൗരാവകാശ ഇടപെടല്‍ സൂചിപ്പിക്കുന്നത്.
കെ.കെ. സുരേന്ദ്രൻ / കെ. കണ്ണൻ
Jan 18, 2021
20 Minutes Read
കെ.കെ. സുരേന്ദ്രൻ
Jan 14, 2021
5 Minutes Read
ഉമ്മർ ടി.കെ.
Jan 11, 2021
15 Minutes Read
ഒ. സി. നിധിന്‍ പവിത്രന്‍
Jan 04, 2021
14 Minutes Read
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
സി.പി. ജോൺ
Dec 30, 2020
14 Minutes Read
ഡോ.പി.ഹരികുമാർ
24 Nov 2020, 04:45 PM
എന്നാലും ഒരു നൽ വാക്ക് പിൻവലിച്ച തീരുമാനത്തിന് നൽകരുത്! കമ്യൂവിരോധവും,പിണറായി വിരോധവും ആകാം. നഗ്നമായാലതും അശ്ലലീലം തന്നെ!