20-20 യ്ക്കും ആം ആദ്മിക്കും ആശയപരമായി യോജിപ്പു തോന്നണമെങ്കിൽ നിങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്റെ പേരെന്താണ് സ്വരാജ്?

എന്തുകൊണ്ടാണ് ഇങ്ങനെയൊരു പ്രത്യയശാസ്ത്ര ശൂന്യതയുടെ പൊള്ളത്തരങ്ങളിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന നേതൃത്വം പോകുന്നത്? അത് വ്യക്തിപരമായ വീഴ്ചയല്ല, മറിച്ച് അതൊരു രാഷ്ട്രീയമാറ്റമാണ്. അത്തരത്തിലൊരു രാഷ്ട്രീയസ്വഭാവത്തിലേക്ക് പാർട്ടി മാറുമ്പോഴാണ് അതിനുപറ്റിയ നേതൃത്വത്തിന് അതിനുള്ളിൽ തഴച്ചുവളരാൻ കഴിയുന്നത്. പാർട്ടിയുടെ പുതിയ തലമുറയുടെ പ്രതിനിധികളായി സെക്രട്ടേറിയറ്റിൽ വന്നവരെ നോക്കൂ. തൊഴിലാളിവർഗത്തിൽ പെട്ടവരോ അടിസ്ഥാനവിഭാഗങ്ങളിൽ നിന്നുള്ളവരോ ആയി ഒരാളെപ്പോലും കാണാനാവില്ല.

ആം ആദ്മി - ട്വന്റി-ട്വന്റി സഖ്യത്തിന്റെ ആശയങ്ങൾ ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്നവയാണെന്നും അവർക്ക് ഇടതുപക്ഷത്തോടേ യോജിക്കാൻ കഴിയൂ എന്നും അതുകൊണ്ട് അവരുടെ വോട്ടുകൾ തൃക്കാക്കരയിൽ കിട്ടുമെന്നുമാണ് ഉപതെരഞ്ഞെടുപ്പിന്റെ ചുമതലയിലുള്ള ഒരു സി.പി.ഐ (എം) സെക്രട്ടേറിയറ്റംഗം പറയുന്നത്. ആശയത്തെക്കുറിച്ചും മുദ്രാവാക്യങ്ങളെക്കുറിച്ചും രാഷ്ട്രീയകക്ഷികളുടെ ലക്ഷ്യങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹത്തിനുള്ള ധാരണകൾ എന്തൊക്കെയാണെങ്കിലും ടിയാൻ പറഞ്ഞത് സി പി എമ്മിന്റെ അഭിപ്രായമായിരിക്കുമെന്നാണ് നമുക്ക് കരുതാനാവുക.
അഴിമതിരഹിത രാഷ്ട്രീയം, പ്രൊഫഷനലുകൾ രാഷ്ട്രീയത്തിലേക്ക് വരിക, വികസന നയങ്ങൾ എന്നിവയാണ് AAP -20/ 20 കക്ഷികളുടെ രാഷ്ട്രീയ ആശയങ്ങളെന്നും അവ നടപ്പാക്കുന്നത് തങ്ങളാണെന്നുമാണ് ടി സെക്രട്ടേറിയറ്റ് അംഗം അവകാശപ്പെടുന്നത്. വാസ്തവത്തിൽ വലിയ തോതിൽ സത്യസന്ധതയുള്ള ഒരു പ്രസ്താവനയായാണ് ഞാനതിനെ കാണുന്നത്.

അത്തരത്തിലൊരു നേതൃത്വമാണ് തങ്ങൾ ഇടതുപക്ഷത്തിനുവേണ്ടി ഉണ്ടാക്കിക്കൊണ്ടുവരുന്നത് എന്നതിന്റെ തെളിമയുള്ള കാഴ്ച കൂടിയാണത്. പൊതുവെ കേരളത്തിലിനിയങ്ങോട്ട് കൂടുതൽ ശക്തിയാർജ്ജിക്കാൻ പോകുന്ന സർവ്വകക്ഷി രാഷ്ട്രീയ വ്യവഹാരത്തിന്റെ പൊതുഭാഷയും ഇതുതന്നെയാണ്.
എന്നാൽ, ശക്തിപ്പെടുകയും പ്രബലമാവുകയും ചെയ്യുന്ന പൊതുബോധത്തിനൊപ്പം ആർപ്പുവിളിക്കുക എന്ന എളുപ്പവഴിയല്ല രാഷ്ട്രീയ നിലപാടുകൾ. പൊതുബോധം പിന്തിരിപ്പനാണെങ്കിൽ പൊതുബോധത്തെ മാറ്റുക എന്നതാണ് വേണ്ടത്. എന്താണ് AAP -20/ 20 സഖ്യത്തിനോടുള്ള ഇടതുപക്ഷ നിലപാടും ഇപ്പോഴത്തെ സി പി എം നിലപാടും തമ്മിലുള്ള വ്യത്യാസം? മുദ്രാവാക്യങ്ങളുടെ സമാനതയല്ല ആശയങ്ങൾ ഒന്നാണെന്ന് പറയുന്നതിലേക്ക് എത്തിക്കേണ്ടത്. അത് വളരെ ഉപരിപ്ലവമായ, അവസരവാദപരമായ, പൊള്ളയായ കസർത്ത് മാത്രമാണ്. അഴിമതിരഹിത ഭരണവും സദ്ഭരണവും സോഷ്യലിസവും വാഗ്ദാനം ചെയ്യാത്ത ഒരു കക്ഷിയും നാട്ടിലില്ല എന്നുതന്നെ പറയാം. "എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം' എന്ന ബി.ജെ.പിയുടെ മുദ്രാവാക്യത്തിലെ പ്രശ്‌നം എന്താണ് ബി.ജെ.പിയുടെ രാഷ്ട്രീയം എന്നതാണ്. ഏറ്റവും കൂടുതൽ ആളുകളുള്ള ജാഥയിൽ ചേരുകയോ, നമ്മൾ ചേർന്നുനിൽക്കുന്ന രാഷ്ട്രീയകക്ഷി അതിന്റെ സ്വഭാവത്തെത്തന്നെ മാറ്റിക്കൊണ്ട് മറ്റൊരുതരം രാഷ്ട്രീയവർത്തമാനത്തിലേക്ക് ഉൾപരിവർത്തനം നടത്തുകയോ ചെയ്യുമ്പോൾ (mutation) അതിനൊപ്പം ചേർന്ന് ബലവാന്റെ മഹിമ പാടുകയല്ല മാർക്‌സിസ്റ്റ് രാഷ്ട്രീയം. മറിച്ച് അതിനെക്കുറിച്ച് നിശിതമായ പ്രത്യയശാസ്ത്ര-പ്രയോഗ സംഘർഷങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടത്.

തെരഞ്ഞെടുപ്പിനെ ഇടതുപക്ഷം ഉപയോഗിക്കേണ്ടത് തങ്ങളുടെ രാഷ്ട്രീയം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനും അതിനു കൂടുതൽ ജനസമ്മതി നേടാനും വേണ്ടിയാണ്. അതിനുപകരം വെള്ളാപ്പള്ളി നടേശൻ വയറു നിറയെ ഭക്ഷണവും അനുഗ്രഹവും തന്നു എന്നും നായന്മാരുടെ പോപ്പ് അനുഗ്രഹിച്ചാശീർവദിച്ചു എന്നും സ്ഥാനാർത്ഥിയെക്കൊണ്ട് പറയിപ്പിക്കുന്ന രാഷ്ട്രീയത്തിന് ആം ആദ്മി -20/ 0 രാഷ്ട്രീയത്തിൽ നിന്നും വലിയ അകലമൊന്നുമില്ല. എന്തുകൊണ്ടാണ് AAP -20/ 20 തള്ളിക്കളയേണ്ട രാഷ്ട്രീയം മുന്നോട്ടുവെക്കുന്നത് എന്ന് ജനങ്ങളോട് പറയുകയും അവയുടെ പൊള്ളത്തരത്തെ തുറന്നുകാട്ടുകയും ചെയ്യുന്നതിന് പകരം AAP -20/ 20 സഖ്യത്തിന്റെ രാഷ്ട്രീയം അവരേക്കാൾ ഭംഗിയായി തങ്ങളാണ് ചെയ്യുന്നത് എന്ന് പറഞ്ഞുകൊണ്ട് വോട്ട് ചോദിക്കുന്നത് വർഗ്ഗരാഷ്ട്രീയ നിലപാടുകൾ വിദൂരമായൊരു സാന്നിധ്യം പോലുമല്ലാതാകുന്ന നേതൃസഭകളെയാണ് കാണിക്കുന്നത്.

Technocrats / Professionals ഒക്കെ രാഷ്ട്രീയത്തിൽ വരണമെന്ന AAP രാഷ്ട്രീയവും ജനങ്ങളുടെ കൂട്ടായ രാഷ്ട്രീയ പങ്കാളിത്തവും തമ്മിൽ അജഗജാന്തരമുണ്ട്. രാഷ്ട്രീയ-സാമ്പത്തിക ഘടനയുടെ ഭാഗമായി അഴിമതിയും വികസനവും അടക്കമുള്ള പ്രശ്‌നങ്ങളെ കാണുകയും അവയെ ജനങ്ങൾ ഒരു കൂട്ടായ ശക്തി (Collecive force) എന്ന നിലയിൽ നേരിടുകയും മാറ്റുകയും ചെയ്യുന്നതിന് പകരം പ്രശ്നപരിഹാരത്തിന് വിദഗ്ധരായ ഒരു കൂട്ടം രക്ഷകരെ കാലാകാലം തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചുവിട്ടാൽ മതിയെന്ന ജനാധിപത്യവിരുദ്ധമായ രാഷ്ട്രീയ സങ്കല്പ്പനമാണ് AAP മുന്നോട്ടുവെക്കുന്നത്. വിദ്യാസമ്പന്നരും പ്രൊഫഷണലുകളും രാഷ്ട്രീയത്തിൽ ഉണ്ടാകണമെന്ന ഇടതുപക്ഷക്കാഴ്ചപ്പാട് ഇത്തരത്തിലല്ല. മറിച്ച് നിലവിലെ രാഷ്ട്രീയ- സാമ്പത്തിക ഘടനക്കെതിരായ സമരത്തിൽ ചൂഷിതരായ ജനങ്ങളുടെ രാഷ്ട്രീയ - പ്രത്യയശാസ്ത്ര നേതൃത്വത്തിലുള്ള സമരത്തിന്റെ ഭാഗമായാണ് ഏതു വിഭാഗത്തിൽപ്പെട്ട മനുഷ്യരും ഈ രാഷ്ട്രീയ സമരത്തിൽ പങ്കാളികളാകേണ്ടത്. അങ്ങനെയെല്ലാതെ വരുമ്പോഴാണ് വോട്ടു ചോദിക്കുന്ന "ഡോക്ടർ' സ്ഥാനാർത്ഥി മരുന്ന് നിർദ്ദേശിക്കുന്ന കോമാളിത്തമൊക്കെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

ഡൽഹിയിൽ ഒന്നിലേറെത്തവണ ആം ആദ്മി കക്ഷിയെ തെരഞ്ഞെടുത്ത അതേ ജനങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് വോട്ടു ചെയ്തത് ആം ആദ്മിയുടെ ഭൂരിപക്ഷ / ഹിന്ദുമത പ്രതീകാത്മകതയും ബി ജെ പിയുടെ ഹിന്ദുത്വ നിലപാടുകളോടുള്ള മൗനവും കൊണ്ടുമാത്രമല്ല; വികസനം, മികച്ച രക്ഷകർ, സദ്ഭരണം എന്നീ അജണ്ടകൾക്ക് ഇത്തരത്തിലൊരു പരസ്പര സഞ്ചാരം സാധ്യമാകുന്നതുകൊണ്ടാണ്. രക്ഷകനെ തെരഞ്ഞെടുക്കാൻ നിങ്ങൾ തീരുമാനിച്ചാൽ അത് മോഡിയാകാം, കെജ്രിവാളാകാം, പിണറായി വിജയനുമാകാം. അതിന് പ്രത്യയശാസ്ത്ര രാഷ്ട്രീയത്തിന്റെ "അമിതഭാരങ്ങളില്ല'. അത് നിങ്ങളെ കൂടുതൽ ചിന്തിച്ചു കാര്യങ്ങൾ വഷളാക്കുന്നതിൽ നിന്നും രക്ഷിക്കുന്നു. അവിടെ വേണ്ടത് വളരെ ലളിതമായ പണിയാണ്; നേതൃത്വത്തിന്റെ അപ്രമാദിത്വത്തിലും കഴിവിലും സമ്പൂർണമായ വിശ്വാസവും വിധേയത്വവും രേഖപ്പെടുത്തുക, ശേഷം പൊതുയോഗങ്ങളിൽ "അച്ചടക്കമുള്ള ജനക്കൂട്ടമാവുക', ഇറക്കിവിടുന്ന പ്രദേശത്ത് ആക്രമണം നടത്തുന്ന സൈന്യത്തെപ്പോലെ ചോദ്യങ്ങളോ സന്ദേഹങ്ങളോ ഇല്ലാതെ ആക്രമിച്ച് ജയിക്കുക; ജയം ആഘോഷിക്കാൻ വരുന്ന നേതാവിന്റെ രഥത്തിനു പിന്നിൽ പദവികളനുസരിച്ചും ഭടന്മാരായും വാഴ്ത്തുപാട്ടുകളുമായി അണിനിരക്കുക.
പങ്കെടുക്കുന്നവരിൽ നിന്നും വളരെ ലളിതമായ രാഷ്ട്രീയ ബൗദ്ധിക വ്യായാമം മാത്രം ആവശ്യപ്പെടുന്നൊരു പരിപാടിയാണിത്. ഒരു pornographic ചിത്രം കാണുമ്പോലെ instant gratification തരുന്ന ഒന്നാണത്. പ്രത്യേകമായി സജ്ജരായ അഭിനേതാക്കൾ നിങ്ങളുടെ വിചിത്രമായ ഭ്രമകല്പനകളെ പ്രത്യേകമായി ഉണ്ടാക്കിയെടുക്കുന്ന വൈദഗ്ധ്യത്തിൽ ഒരു നിശ്ചിത സമയത്തിൽ അവതരിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയുമാണ്. കണ്ടുകൊണ്ടിരുന്നാൽ മതി. പരമാവധി ചെയ്യാനുള്ളത് അതിനൊപ്പം സ്വയംഭോഗം ചെയ്യുക എന്നതാണ്. ഇതൊരുതരത്തിൽ ഒരു പരോക്ഷാനന്ദം -vicarious pleasure- ഉണ്ടാക്കും. എന്നാൽ ഒരു വർഗരാഷ്ട്രീയ പരിപാടിയുടെ അടിസ്ഥാനത്തിൽ ജനങ്ങളുടെ collective force മുന്നോട്ടുപോകുന്നത് ഇങ്ങനെയല്ല.

രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ തെരഞ്ഞെടുപ്പിൽ നിന്നും "പ്രായോഗിക രാഷ്ട്രീയത്തിൽ' നിന്നും തീർത്തും മാറ്റിവെക്കുകയും പ്രത്യയശാസ്ത്രം ഒരു ഭൂതകാലവ്യവഹാരമായിരുന്നു എന്നുറപ്പിക്കുകയുമാണ് പ്രൊഫഷണലുകളും, വിദ്യാസമ്പന്നരും ഒക്കെ നയിക്കുന്ന AAP മാതൃകയിലുള്ള രാഷ്ട്രീയം ചെയ്യുന്നത്. പ്രഭാത് പട്‌നായിക് ഇതിനെക്കുറിച്ച് പറയുന്നത് "A.A.P ideology, which amounts to apotheosising non-thought, is therefore opposed to the Left ideology that apotheosises thought.' എന്നാണ്. (എന്താണ് AAP ആശയങ്ങളും ഇടതുപക്ഷ ആശയങ്ങളും തമ്മിലുള്ള പ്രത്യയശാസ്ത്ര പ്രശ്‌നങ്ങൾ എന്നുള്ളത് വളരെ ചുരുക്കത്തിൽ സൂചിപ്പിക്കുന്ന പ്രഭാത് പട്‌നായ്ക്കിന്റെ ലേഖനം)

ഇത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും ടി സെക്രട്ടേറിയറ്റ് അംഗത്തിനോ അദ്ദേഹമടക്കമുള്ള നേതൃത്വത്തിനോ തോന്നാത്തതിൽ അത്ഭുതമില്ല. കാരണം AAP യും 20-20-യും മുന്നോട്ടുവെക്കുന്ന ആശയങ്ങളെ അത് വികസനമായാലും "പ്രൊഫഷനലുകളുടെയും വിദ്യാസമ്പന്നരുടെയും' കൂടുതലായുള്ള കടന്നുവരലായാലും സ്വീകരിക്കുകയും അവരേക്കാൾ മെച്ചമായി നടപ്പാക്കുകയും ചെയ്യുന്ന പാർട്ടിയാണ് തങ്ങളെന്നാണ് അവരവകാശപ്പെടുന്നത്. അവിടെയാണ്' വികസനത്തിന്റെ രാഷ്ട്രീയം ചർച്ചയാകുന്നത്. വികസനം ഒരു നടത്തിപ്പ് പ്രശ്‌നമല്ല അതൊരു രാഷ്ട്രീയ ഉള്ളടക്കത്തിന്റെ പ്രശ്‌നമാണ്.

എന്തുകൊണ്ടാണ് ഇങ്ങനെയൊരു പ്രത്യയശാസ്ത്ര ശൂന്യതയുടെ പൊള്ളത്തരങ്ങളിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന നേതൃത്വം പോകുന്നത്? അത് വ്യക്തിപരമായ വീഴ്ചയല്ല, മറിച്ച് അതൊരു രാഷ്ട്രീയമാറ്റമാണ്. അത്തരത്തിലൊരു രാഷ്ട്രീയസ്വഭാവത്തിലേക്ക് പാർട്ടി മാറുമ്പോഴാണ് അതിനുപറ്റിയ നേതൃത്വത്തിന് അതിനുള്ളിൽ തഴച്ചുവളരാൻ കഴിയുന്നത്. പാർട്ടിയുടെ പുതിയ തലമുറയുടെ പ്രതിനിധികളായി സെക്രട്ടേറിയറ്റിൽ വന്നവരെ നോക്കൂ. തൊഴിലാളിവർഗത്തിൽ പെട്ടവരോ അടിസ്ഥാനവിഭാഗങ്ങളിൽ നിന്നുള്ളവരോ ആയി ഒരാളെപ്പോലും കാണാനാവില്ല. അങ്ങനെയാണ് പാർട്ടി നേതൃത്വം ഭാവിയിലേക്ക് രൂപപ്പെടുന്നത്. ട്രേഡ് യൂണിയനുകൾ വികസനം മുടക്കികളാണെന്ന പൊതുവലതുപക്ഷ ബോധത്തെ ഊട്ടിയുറപ്പിക്കുന്ന ഗതാഗത മന്ത്രിയും KSEB ചെയർമാനുമൊക്കെ ഒരു ബുദ്ധിമുട്ടുമില്ലാതെ ഈ ഭരണസംവിധാനത്തിന്റെ ഭാഗമാണ്.

AAP-20/ 20 രാഷ്ട്രീയത്തെ നേരിടാൻ എത്രമാത്രം അപകടകരവും വർഗ്ഗരാഷ്ട്രീയ, ജനാധിപത്യ വിരുദ്ധവുമാണ് ആ രാഷ്ട്രീയം എന്നുപറഞ്ഞുകൊണ്ടല്ല മറിച്ച് അവരേക്കാൾ ഭംഗിയായി ആ ആശയങ്ങൾ തങ്ങളാണ് നടപ്പാക്കുന്നത് എന്ന് പറയുന്ന തെരഞ്ഞെടുപ്പ് നടത്തിപ്പുകാർ വിജയിക്കാൻ സാധ്യതയുള്ള ഒരു പൊതുസമൂഹത്തെ സൃഷ്ടിക്കുന്ന പണിയിൽ ചിട്ടയായി പണിയുടുക്കുന്നവരാണ്,. അതിലെ സജീവ പങ്കാളികളാണ് കിറ്റക്‌സ് സാബുവും ടി സെക്രട്ടേറിയറ്റ് അംഗവുമൊക്കെ. അവർ പുത്തൻ വർഗത്തിന്റെ നടത്തിപ്പുകാരാണ്.

പിണറായി വിജയനാണ് വികസനത്തിന്റെ നായകൻ എന്ന് പാടിയ അധികാര അവസരവാദത്തിന്റെ വലതുപക്ഷ നേതാവ് എത്ര സുഗമമായി ഇടതുപക്ഷത്തിന്റെ വലിയ നേട്ടമായി കൊണ്ടാടപ്പെടുന്നുവോ അതേ താളക്രമത്തിൽ മുദ്രാവാക്യങ്ങളുടേയും കയ്യടികളുടെയും ശബ്ദഗോപുരങ്ങൾ തീർത്തുകൊണ്ട് സാബു മുതലാളിയെ ആനയിക്കാൻ നിങ്ങളെ സജ്ജരാക്കുകയാണ്. വരി തെറ്റിക്കാതെ അണിചേരുകയും താളക്രമത്തിൽ കയ്യടിക്കുകയും ചെയ്യുക മാത്രമാണ് നിങ്ങൾക്കിതിൽ ചെയ്യാനുള്ളതെങ്കിൽ നിങ്ങൾ സംഘടനാ അച്ചടക്കം പാലിക്കുന്നുണ്ടാകും പക്ഷെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ അച്ചടക്കം പാലിക്കുന്നില്ല. പ്രത്യയശാസ്ത്രമില്ലാത്ത മനുഷ്യരുടെ സംഘടനകളെ ഉണ്ടാക്കുന്നത് മാർക്‌സിയൻ രാഷ്ട്രീയമല്ല. അതുവേണ്ടത് രക്ഷകരുടെ അധികാരഘടനകൾക്കാണ്.

Comments