ലിംഗശക്തിയുടെ അധികാരം

ഉണ്ണി ആറിന്റെ 'പ്രതി പൂവൻകോഴി' എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനമായ 'The Cock is the Culprit' എന്ന കൃതിക്ക് പരിഭാഷകയായ ജെ. ദേവിക എഴുതിയ കുറിപ്പ്.

‘The Cock is the Culprit' കേരളത്തിലെ ഒരു ഗ്രാമത്തിന്റെ കൊച്ചുലോകത്തിലെ അടക്കം പറച്ചിലുകളുടെ (gossipy) ആഖ്യാനമാണ്. ഉണ്ണിയെന്ന ആഖ്യാതാവിന്റെ ശബ്ദം, അദ്ദേഹത്തിന്റെ മുൻകാല രചനകളിലെ പോലെ, നാട്ടിൻപുറത്തെ കിംവദന്തികളുടെയും കൊച്ചു-വർത്തമാനങ്ങളുടെയും ആൺ-പെൺ ശബ്ദരൂപങ്ങൾക്കിടയിൽ മാറിക്കൊണ്ടിരിക്കുന്നു - കാരണം, കിംവദന്തി ദുർബലരുടെ തിരഞ്ഞെടുക്കപ്പെട്ട ആയുധമാണ് - അത് ആണാകട്ടെ, പെണ്ണാകട്ടെ.
ഭരണകൂടം, മുമ്പേ ഉള്ള കഥകളിലെ പോലെ, ദൂരസ്ഥിതവും ഭീഷണമായതും ആണ്; ദുർബലരെ പീഡിപ്പിക്കുന്നവരും, പ്രബലർക്കായി കൂട്ടികൊടുക്കുന്നവരുമാണിതിൽ പൊലീസ്. ദേശസ്‌നേഹം, അത് ദേശത്തിന്റെ ശക്തികേന്ദ്രത്തിൽ നിന്ന് അകലെയുള്ള ഒരു ചെറിയ ഗ്രാമത്തിൽ പ്രകടമാകുമ്പോൾ, അടിച്ചേൽപിക്കപ്പെട്ടതും ഹാസ്യാത്മകവുമാവുന്നു. ഇതിനെല്ലാം അപ്പുറം അത് ആത്യന്തികമായി അത്യാഗ്രഹങ്ങളെയും കുറ്റകൃത്യങ്ങളെയും ശേഷ്ഠമായ പ്രവൃത്തികളാണന്നു കാണിക്കുന്ന കൃത്രിമമായ വികാരമായി മാറുന്നു. ഇതിനെതിരെ നിരന്നുനിൽക്കുന്നത് ഗ്രാമത്തിലെ മതങ്ങളുടെ അതിർവരമ്പുകൾ ഭേദിക്കുന്ന സ്‌നേഹബന്ധങ്ങളും സൗഹൃദങ്ങളും ആണ്. ഒരു നാട്ടിലെ അധികാരപുരുഷന്മാരുടെ- അതായത് പുരുഷാധിപത്യ ദേശവാദവും സമുദായസ്വത്വവും ആയുധമായി ഉപയോഗിക്കുന്നവർ അവരുടെ അധികാരത്തെ നിലനിർത്തുന്ന ദൈനംദിനപ്രയോഗങ്ങളിൽ ഏർപ്പെടുന്നതിനെ ഒരു പൂവൻകോഴി അതിന്റെ കൂവലിലൂടെ നിരന്തരം തടസ്സപ്പെടുത്തുന്നു. ഇത് അവരിൽ കഠിനമായ അസ്വാസ്ഥ്യം ഉണ്ടാക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ഉണ്ണിയുടെ കഥയിൽ.

പക്ഷെ, ഒരു വിവർത്തക എന്ന നിലയിൽ ഒരു കഥയിലെ മറ്റു പ്രാധാന്യം അർഹിക്കുന്ന ഉപപാഠങ്ങളെ കൂടി അന്വേഷിച്ചു കണ്ടെത്തുകയും അവയോട് നീതി പുലർത്തുകയും ചെയ്യേണ്ടതായുണ്ട്. ഈ കഥയുടെ ശീർഷകമായ ‘പ്രതി പൂവൻകോഴി' എന്നുള്ളതിന് The Rooster is the Culprit എന്നല്ലാതെ The Cock is the Culprit എന്ന് വിവർത്തനം ചെയ്തത് യാദൃച്ഛികമായി സംഭവിച്ചതല്ല. മലയാളത്തിൽ പൂവൻകോഴി എന്നാൽ ധാർഷ്ട്യം നിറഞ്ഞ, അമിത -ആണത്തത്തെയും (cocky hypermasculinity) അതു പ്രദർശിപ്പിക്കുന്നവർ ചെലുത്തുന്ന അധികാരത്തെയും സൂചിപ്പിക്കുന്നു. എന്നാൽ ആ വാക്കിന്റെ ഇംഗ്ലീഷ് വിവർത്തനങ്ങളിൽ ഒന്നായ ‘rooster' ഇതു സൂചിപ്പിക്കാൻ പര്യാപ്തമല്ല. ‘Cock' എന്ന വാക്കാകട്ടെ ഈ ലിംഗശക്തിയുടെ അധികാരത്തെ കൃത്യമായി സൂചിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഈ കഥയെ തികച്ചും ശ്രദ്ധേയമാക്കുന്ന ശക്തമായ ഉപ-പാഠങ്ങളോട് നീതി പുലർത്താൻ സഹായിക്കുന്നു. വിവർത്തനത്തിൽ ഈ രണ്ടു വാക്കുകളും സന്ദർഭോചിതമായി ഉപയോഗിച്ചിട്ടുണ്ട്. ‘പ്രതി' എന്ന മലയാളം വാക്കിനായി ‘defendant' എന്നോ ‘accused' എന്നോ അല്ല, പകരം ‘culprit' എന്ന വാക്കാണ് മനഃപൂർവം ഞാൻ ഉപയോഗിച്ചിരിക്കുന്നത്. വിചാരണ തുടങ്ങും മുൻപേ കുറ്റവാളി എന്ന അർത്ഥസൂചനയുള്ള ഈ വാക്കാണ് ഇവിടെ തികച്ചും അനുയോജ്യം.
ഈ കഥയിൽ അനിഷേധ്യമായ ഒരു gendered/queer sub-text ഉണ്ട്. ഇതിലെ പൂവൻകോഴി നിശ്ചയമായും ധാർഷ്ട്യമുള്ളൊരു ‘cock' തന്നെ ആണ് - അദൃശ്യനാണെങ്കിലും, തന്റെ കൂവൽ മാത്രം കൊണ്ട് അത് അമിത-ആണത്തത്തെ (hyper masculinity) യുക്തിരഹിതമായ ഭയത്തിലേക്കു തള്ളിവിടുന്നു. പൂവൻകോഴി ആണത്ത പ്രതീകമാണെങ്കിലും ഇവിടെ അതിനൊരു queer സ്വഭാവമാണുള്ളത്. കാരണം ഈ പൂവൻകോഴിയ്ക്ക് കണ്ണുകളാൽ കാണാവുന്ന ഒരു ആകൃതി ഇല്ല - ഉള്ളതോ, ഒരു ഭാഷയിലും പകർത്താൻ സാധിക്കാത്ത ഒരു പരിഹാസ ശബ്ദം മാത്രം - ഇതാണ് അതിന്റെ ‘power of disruption'. തീർച്ചയായും അവിടുത്തെ ഗ്രാമവാസികളും, പൊലീസും, ആ പ്രദേശത്തെ പണക്കാരനായ വില്ലനുമൊക്കെ, എല്ലാവരും ഒരു തികച്ചും ‘outsider' വ്യക്തിയെ ആണ് അതിന്റെ ഉടമയായി കാണുന്നത് - തൊണ്ണൂറു വയസ്സുകാരിയായ കേൾവി ശേഷി കുറവുള്ള ഒറ്റയ്ക്ക് താമസിക്കുന്ന ഒരു അവിവാഹിതയായ സ്ത്രീ. ഇതൊക്കെ ആണെങ്കിലും അധികാരികൾക്ക് ഒരിക്കലും പിടികൊടുക്കാത്ത ഒരു പഴയകാല വിപ്ലവകാരിണിയുടെ പേരിലാണ് ഈ വൃദ്ധയായ സ്ത്രീ അവിടെ അറിയപ്പെടുന്നത്. ഈ പൂവൻകോഴിയുടെ കൂവലിനെ ചുറ്റിപ്പറ്റിയുള്ള ബഹളങ്ങളും കുഴപ്പങ്ങൾക്കും ഇടയിൽ ഒരു യുവതി വ്യവസ്ഥാപിത ലൈംഗിക -കുടുംബ സങ്കൽപങ്ങളുടെ ചട്ടക്കൂടുകളിൽനിന്ന് പുറത്തുചാടി, തന്റെ കാമുകിയുടെ കൂടെ ഓടി രക്ഷപ്പെടുന്നു. നാട്ടിലെ പുരുഷകേന്ദ്രീകൃത ശക്തിവലയത്തിനുള്ളിൽ അമിത-ഹിന്ദുത്വ രാഷ്ട്രീയവാദികളും, ന്യൂനപക്ഷ സമുദായങ്ങളിലെ മേലാളന്മാരും പിന്നെ കമ്മ്യൂണിസ്റ്റുകാരുമാണുള്ളത്. അദൃശ്യനായ പൂവൻകോഴിയുടെ ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്ന പരിഹാസമാർന്ന കൂവലുകൾ തങ്ങളുടെ അധികാര മേലാളിത്തം ദൃഢപ്പെടുത്തുന്ന (self-affirmation) ആചാരങ്ങളെ മുഴുമിക്കാൻ അനുവദിക്കുന്നില്ല എന്ന് അവരെല്ലാം പരാതിപ്പെടുന്നു. അവസാനം, കൊച്ചുകുട്ടന് തന്റെ സ്വരൂപം വെളിപ്പെടുത്തുന്ന പൂവൻകോഴി മഴവിൽ നിറങ്ങൾ ഉള്ള ഒരു ഒന്നാന്തരം പൂവൻകോഴി ആണ്.

The Cock is the Culprit എന്ന ഈ പുസ്തകം ചിലർ സൂചിപ്പിക്കുന്ന പോലെ ഹിന്ദുത്വ രാഷ്ട്രീയത്തെ കുറിച്ച് മാത്രമല്ല, കേരളത്തിലെ സാമൂഹ്യജീവിതത്തിന്റെ എല്ലാ അരങ്ങുകളിലും പടർന്നുപിടിച്ചിരിക്കുന്ന പുരുഷാധിപത്യ micro-fascism എന്ന പ്രതിഭാസമാണ് യഥാർത്ഥത്തിൽ ഇതിലെ പ്രതിപാദ്യം. മുന്നറിയിപ്പുകൾ നൽകുന്ന ഒരു കഥ കൂടിയാണിത്. മേൽജാതിക്കാരനും ഇരപിടിയൻ മുതലാളിത്തത്തിന്റെ പ്രതിനിധിയും ചൂഷകനുമായ വില്ലനെ നേരിടുന്ന കീഴ്ജാതിക്കാരനും ചെറുപ്പക്കാരനുമായ തൊഴിലാളിക്ക് വളരെ കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നതിനുശേഷം മനസ്സിലാകുന്നത്, നേരിട്ടുള്ള ഒരു പോരിൽ ഏർപ്പെടുന്നത് ഫലപ്രദമല്ല എന്നതാണ്. പലായനമാണ് ഏക പോംവഴിയെന്ന് ഓടി രക്ഷപെട്ട രണ്ടു ചെറുപ്പക്കാരികളിൽ നിന്ന് അയാൾ പഠിക്കുന്നുണ്ട്.

പരിഭാഷ: അനാമിക അജയ്

Comments