പാണക്കാട്
തറവാട്ടില്‍ നിന്നുയരുന്ന
അനീതിയുടെ കൊടുവാള്‍
പാണക്കാട് തറവാട്ടില്‍ നിന്നുയരുന്ന അനീതിയുടെ കൊടുവാള്‍
''ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്ര തമ്പുരാട്ടിയും മാത്രം മതി എന്ന നയം ലീഗില്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. പാര്‍ട്ടി നശിച്ചാലും സമുദായം റോട്ടിലായാലും ഞാന്‍ പറയുന്നതാണ് ശരിയെന്ന് വിശ്വസിച്ചു റോട്ടിലൂടെ നടക്കുന്ന രാജാവ് പൂര്‍ണ്ണ നഗ്‌നനാണെന്ന് വിളിച്ചുപറയാനുള്ള ചങ്കൂറ്റം കാണിച്ച പുലിക്കുട്ടികളായി ചരിത്രത്തില്‍ തിളങ്ങിനില്‍ക്കും ഹരിതയിലെ പത്തുപെണ്‍കുട്ടികള്‍.''
15 Sep 2021, 10:29 AM
കോഴിക്കോട് വെള്ളയിലെ എം.എസ്.എഫ് ആസ്ഥാനമായ ഹബീബ്സെന്ററില്‍ എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം 24.06.2021ന് നടക്കുന്നു. 28 ആണ്‍കുട്ടികളും 1 പെണ്‍കുട്ടിയും പങ്കെടുത്ത യോഗത്തില്‍ മലപ്പുറത്ത് പ്രഖ്യാപിച്ച ഹരിത കമ്മിറ്റിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കാന്‍ ഹരിത ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയെ ക്ഷണിക്കുന്നു. "ഏതു വേശ്യക്കും അവരുടെ ന്യായം പറയാനുണ്ടാകും' എന്ന യോഗാധ്യക്ഷന്‍ പി.കെ നവാസിന്റെ കമന്റോടുകൂടി യോഗത്തില്‍ പരസ്പര വാക്ക് പോരുകളും ബഹളവും നടക്കുന്നു. വീണ്ടും ഹരിതയുടെ ഭാരവാഹികളെയും മറ്റും നിയന്ത്രിക്കുന്നത് യാസര്‍ എടപ്പാളാണെന്നും ഇവരുടെ വീഡിയോകളും മറ്റുമൊക്കെ യാസര്‍ എടപ്പാളിന്റെ കൈയില്‍ ഉണ്ടെന്നുമൊക്കെ പറഞ്ഞ് പെണ്‍കുട്ടികളെ ആക്ഷേപിക്കുന്നു. ബഹളവും വാക്പോരും തുടരുന്നു. പിന്നീട് മുസ്ലിം ലീഗ് ഇന്‍ചാര്‍ജ് സെക്രട്ടറി പി.എം.ഇ സലാം ഇടപെട്ട് യോഗം പിരിച്ചുവിടുന്നു..!
പിറ്റേദിവസം മുഴുവന്‍ നേതാക്കളെയും നേരിട്ടും ഫോണ്‍ മുഖേനയും ഹരിത ഭാരവാഹികള്‍ പരാതി അറിയിക്കുന്നു. സാധാരണ നടക്കാറുള്ള നിസ്സംഗതയും ലാഗും തുടര്‍ന്നപ്പോള്‍ രേഖാമൂലം തന്നെ പരാതി നല്‍കുന്നു. പിന്നെയും കുലുങ്ങാത്ത നേതാക്കളെ ഓരോരുത്തരെയും നേരിട്ട് കണ്ട് തങ്ങള്‍ക്കുള്ള പ്രയാസവും പരാതിയും ആവര്‍ത്തിക്കുന്നു.

"ലീഗിലെ ഇടക്കാല തമ്പുരാന്‍ കെട്ടിയിറക്കിയ പി.കെ. നവാസിനെതിരേ എന്തെങ്കിലും നടപടിയെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമോ നിഷ്‌കളങ്കരെ' എന്നതായിരുന്നു ഭൂരിപക്ഷം നേതാക്കളുടെയും മറുപടി.
"നിങ്ങളുടെ പരാതിയൊന്നും ലീഗില്‍ വിലപ്പോകില്ല, സാദിഖലി തങ്ങളാണ് എതിര്‍ഭാഗത്ത്, നിങ്ങളെക്കൊണ്ട് പറ്റുന്നത് ചെയ്‌തോ' ഇതായിരുന്നു ഇന്‍ചാര്‍ജ് സെക്രട്ടറി പി.എം.എ. സലാമിന്റെ ഉപദേശം.
വിഷയത്തിന്റെ ഗൗരവം മുഴുവന്‍ നേതാക്കള്‍ക്കും കൃത്യമായി ബോധ്യപ്പെട്ടിട്ടും നിസ്സഹായരായി നില്‍ക്കുന്ന നേതാക്കളില്‍നിന്നുണ്ടായ അവഗണനയും സാദിഖലി തങ്ങളുടെ ചുറ്റിലും കറങ്ങുന്ന ഉപജാപക സംഘത്തിന്റെ അവഹേളനവും സഹിക്കാതെ ഒടുവില്‍ നിയമത്തിന്റെ പരിരക്ഷ തേടി വനിതാ കമ്മീഷനെ സമീപിക്കുന്നു. "പിണറായിയുടെ വനിതാ കമ്മീഷനെയാണോ ഇവര്‍ക്ക്' എന്ന നരേഷന്‍ മനഃപൂര്‍വ്വം പ്രചരിപ്പിച്ചവര്‍ മേലില്‍ സര്‍ക്കാറാപ്പീസിലും പോലീസ് സ്റ്റേഷനിലും കയറിപ്പോകരുത് എന്ന് സാന്ദര്‍ഭികമായി ഉണര്‍ത്തുന്നു.
സംഗതി കൈവിട്ട് പോവുകയും സമൂഹം വലിയ തോതില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നം ഗുരുതരമെന്ന് നേതാക്കള്‍ക്ക് ബോധ്യമായത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നത അധികാരികള്‍ യോഗം ചേരുന്നു. പരാതിക്കാരായ ഹരിതയെ മരവിപ്പിക്കകയും ആരോപണ വിധേയരായ സംഘത്തോട് വിശദീകരണം ചോദിക്കുകയും ചെയ്യുന്നു.
യോഗം കഴിഞ്ഞിറങ്ങിയ സാദിഖലി തങ്ങള്‍ മുതിര്‍ന്ന നേതാക്കളോട് ഹരിതക്കും ഫാത്തിമ തഹ്ലിയാക്കുമെതിരെ നടപടി എടുക്കണമെന്ന് നിര്‍ബന്ധിക്കുന്നു. നമ്മളോര്‍ക്കേണ്ടത് ചരിത്രത്തില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വമെന്ന് എഴുതിച്ചേര്‍ത്ത പാണക്കാട് കുടുംബത്തിലെ നാലാം ഖലീഫയാണ് ഈ തങ്ങള്‍ എന്നതാണ്.
നീതി തേടിയെത്തുന്ന അനേകായിരങ്ങള്‍ക്ക് സംതൃപ്തിയോടെ മടങ്ങാന്‍ സാധിച്ചിരുന്ന പാണക്കാട് തറവാട്ടില്‍നിന്നാണ് ഒരു കുറ്റവാളിക്കൊപ്പം നിന്ന് നിരപരാധികളെ പുറത്താക്കാന്‍ നേതാക്കളെ ചട്ടംകെട്ടുന്ന ഗ്രൂപ്പ് നേതാവിന്റെ അനീതിയുടെ കൊടുവാള്‍ ഉയര്‍ന്ന് താഴുന്നത്.

പെണ്‍കുട്ടികളുടെ നിസ്സഹായാവസ്ഥയും സാദിഖലി തങ്ങളുടെ തോന്നിവാസവും തിരിച്ചറിഞ്ഞ ഇ.ടി. മുഹമ്മദ് ബഷീറും എം.കെ. മുനീറും മുന്‍കയ്യെടുത്ത് ഇരുവിഭാഗത്തെയും ഒന്നിച്ചിരുത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നു. നവാസിനെതിരെ നടപടി വേണമെന്ന നിലപാടില്‍ ഉറച്ചുനിന്ന പെണ്‍കുട്ടികള്‍ക്കെതിരെ സാദിഖലി തങ്ങള്‍ ഉറഞ്ഞു തുള്ളുന്നു. ആശ്രിതവത്സനായ പി.കെ. നവാസ് ആരോപണം നിഷേധിക്കുകയും എന്റെ കാര്യങ്ങള്‍ സാദിഖലി തങ്ങള്‍ തീരുമാനിക്കും എന്നും പറയുന്നു. നിസ്സഹായരായ മറ്റുനേതാക്കള്‍ "എന്നാല്‍ അവസാന തീരുമാനം സാദിഖലി തങ്ങള്‍ എടുക്കട്ടെ' എന്ന് തീരുമാനിക്കുന്നു.
പിറ്റേദിവസം സംസ്ഥാന സെക്രട്ടറി തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുന്നു. തീര്‍ത്തും അന്യായമായ തീരുമാനം സ്വീകാര്യമല്ലെന്ന നിലപാട് ഹരിതയും തെറ്റ് ചെയ്തിട്ടില്ലെന്നും ഇനി നിങ്ങള്‍ക്ക് അങ്ങിനെ തോന്നിയിട്ടുണ്ടെങ്കില്‍ ഞങ്ങളുടെ കുറ്റമല്ലെന്നും ആരോപണ വിദേയരായ നവാസും കബീറും വഹാബും ഫെയ്സ്ബുക്ക് പോസ്റ്റുമിടുന്നു.
വനിതാ കമ്മീഷന്‍ സിറ്റിംഗ് തീരുമാനിച്ചെങ്കിലും പാര്‍ട്ടി തീരുമാനം കാത്ത് ഹരിത ഭാരവാഹികള്‍ പോകാതിരുന്നു. എന്നാല്‍ പ്രാഥമിക നടപടി ക്രമത്തിന്റെ ഭാഗമായി പോലീസ് നവാസിനെ വിളിപ്പിക്കുകയും അറസ്റ്റ് രേഖപ്പെടുത്തി വിടുകയും ചെയ്തു.
പെട്ടി താങ്ങിയും കാലുഴിഞ്ഞും തങ്ങള്‍ ഗ്രൂപ്പിലെത്തിയ ആശ്രിതവത്സര്‍ എല്ലാം ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്ന് നിസ്സാരവല്‍ക്കരിച്ചു അവര്‍ക്കിഷ്ടമില്ലാത്തവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നു. പാര്‍ട്ടിയെ ഹൃദയത്തിലേറ്റിയ നിഷ്‌കളങ്കരായ ലീഗണികള്‍ ഇവരുടെ നുണകള്‍ വിശ്വസിച്ചു പാര്‍ട്ടിക്ക് വേണ്ടി പ്രതിരോധം തീര്‍ക്കുന്നു.
അതിനിടയിലൂടെ ആജന്മ വിഷമരങ്ങള്‍ അവരുടെ ടാര്‍ഗറ്റ് ലക്ഷ്യംവെച്ച് കളത്തിലിറങ്ങുന്നു.

പാര്‍ട്ടിക്കുവേണ്ടി രാവും പകലുമില്ലാതെ ഓടിനടന്ന് പ്രവര്‍ത്തിച്ച പെണ്‍കുട്ടികള്‍ നീതിക്ക് വേണ്ടി ഉറച്ചുനിന്നതിന്റെ പേരില്‍ ഹരിത കമ്മിറ്റിയെ അന്യായമായി പിരിച്ചുവിടുന്നു.
കഴിഞ്ഞ കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയാകാന്‍ ഇതേ സാദിഖലി തങ്ങളുടെ കത്തുമായി എത്തിയ വ്യക്തിയെ പുതിയ ഹരിത പ്രസിഡന്റായി പ്രഖ്യാപിക്കുന്നു. ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്ര തമ്പുരാട്ടിയും മാത്രം മതി എന്ന നയം ലീഗില്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.
പാര്‍ട്ടി നശിച്ചാലും സമുദായം റോട്ടിലായാലും ഞാന്‍ പറയുന്നതാണ് ശരിയെന്ന് വിശ്വസിച്ചു റോട്ടിലൂടെ നടക്കുന്ന രാജാവ് പൂര്‍ണ്ണ നഗ്‌നനാണെന്ന് വിളിച്ചുപറയാനുള്ള ചങ്കൂറ്റം കാണിച്ച പുലിക്കുട്ടികളായി ചരിത്രത്തില്‍ തിളങ്ങിനില്‍ക്കും ഹരിതയിലെ പത്തുപെണ്‍കുട്ടികള്‍.
എല്ലാ പദവികളും നഷ്ടമാകുമെന്നറിഞ്ഞിട്ടും, സൈബറിടത്തില്‍ കൊത്തിവലിക്കുമെന്നറിഞ്ഞിട്ടും നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കാണിച്ച കരളുറപ്പാണ് ലീഗ് രാഷ്ട്രീയത്തിലെ ഇടക്കാല വിപ്ലവകാരികള്‍ക്കൊന്നും ഇല്ലാതെപോയത്.
ഗ്രൂപ്പിന്റെ കോളത്തില്‍ എല്ലാം എഴുതിച്ചേര്‍ത്ത് രക്ഷപ്പെടാനാണ് ഈ കുശ്മാണ്ഡങ്ങളുടെ ശ്രമമെങ്കില്‍ കാലത്തിന്റെ കാവ്യനീതി നിങ്ങളെയും കാത്തിരിക്കുന്നുണ്ട് എന്നുമാത്രമേ പറയാനുള്ളൂ...
ഹരിത മുന്‍ ജോയിന്റ് സെക്രട്ടറി
PJJ Antony
15 Sep 2021, 01:06 PM
HARITHA leadership has every reason to be discontent. League can't sustain its strength if it continue to be male chauvinistic. It is destined to get weaker and perish if they ignore the points raised by former Haritha leadership.
ഡോ. സിന്ധു പ്രഭാകരന്‍
Jul 01, 2022
8 Minutes Read
റിദാ നാസര്‍
Jun 29, 2022
5 Minutes Read
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
കെ.എ. സൈഫുദ്ദീന്‍
Jun 23, 2022
4 Minutes Read
മനില സി.മോഹൻ
Jun 13, 2022
60 Minutes Watch
ഡോ. റ്റിസി മറിയം തോമസ്
Jun 04, 2022
6 Minutes Read
Basheer
16 Sep 2021, 12:31 PM
HARITHABIVADYANGHAL