truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 03 February 2023

truecoppy
Truecopy Logo
Readers are Thinkers

Friday, 03 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
5

Technology

ഡിജിറ്റല്‍ കുടുക്കയിലെ
നിക്ഷേപങ്ങള്‍

ഡിജിറ്റല്‍ കുടുക്കയിലെ നിക്ഷേപങ്ങള്‍

ഡിജിറ്റല്‍ കറന്‍സികള്‍ മുന്നോട്ടു വയ്ക്കുന്ന സെന്‍ട്രല്‍ ബാങ്കുകളുടെ നിഷേധം, ഗ്രേ മാര്‍ക്കറ്റ് ആധിപത്യം, ടെറര്‍ ഫണ്ടിങ്, ഡാര്‍ക്ക് വെബ് കേന്ദ്രീകരണം എന്നിവയൊക്കെ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കുപരി, പൊതുജനങ്ങളുടെ സാമൂഹ്യ സുരക്ഷയ്ക്ക് ഉയര്‍ത്താവുന്ന ഭീഷണിയുടെ വെളിച്ചത്തില്‍ ഗൗരവമായ പഠനം ആവശ്യപ്പെടുന്നു.

22 Oct 2022, 02:46 PM

ഡോ. കെ.ആര്‍. അജിതന്‍

മനുഷ്യാധ്വാനത്തിന്റെ നീക്കിവച്ച പ്രതിഫലമാണ്, സമ്പാദ്യമായും പിന്നീട് സാമൂഹ്യ വികസനമായും രൂപാന്തരം പ്രാപിച്ചിട്ടുള്ളത് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. വ്യത്യസ്ത സാഹചര്യങ്ങളോടുള്ള പരിചയപ്പെടലിലൂടെ ആര്‍ജ്ജിതമായ അറിവ് പുതിയ ആസൂത്രണങ്ങളും ഭാവനകളുമായി പരിണമിച്ചു സമൂഹത്തിന്റെ നാനാതുറകളെ സമ്പുഷ്ടീകരിക്കുമ്പോഴാണ് അത് മനുഷ്യകുലത്തിന്റെ തന്നെ പുരോഗതിയായി മാറുന്നത്. അതായത്, കാലിക ഉപഭോഗത്തിനുപരിയായി, മാറ്റിവെക്കപ്പെട്ട ഊര്‍ജമാണ് ചരിത്രത്തില്‍ അറിവ് സമ്പാദനത്തിനു ഉപോല്‍ബലകമായി വര്‍ത്തിച്ചിട്ടുള്ളതെന്നു കാണാം. മിച്ചമൂല്യം, അറിവ്, പുരോഗതി എന്നിവയുടെ അനുക്രമമായ സംഘടനത്തിന്റെ സഞ്ചിതസ്വരൂപമാണ് ഇന്നത്തെ മനുഷ്യന്‍.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

ഇന്ന് നാം കാണുന്നതുപോലെയുള്ള മനുഷ്യവംശം വികാസം പ്രാപിച്ചിട്ടു രണ്ടു ലക്ഷം വര്‍ഷത്തിനപ്പുറം പോകാനിടയില്ലെന്നു ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ഭക്ഷണം കണ്ടെത്തലും പ്രത്യുല്പാദനവും പരമപ്രധാനങ്ങളായിരുന്ന പുരാതന കാലത്തു സാധാരണജീവിതം മിക്കവാറും പ്രകൃതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കു കീഴടങ്ങിക്കൊണ്ടുതന്നെയായിരുന്നു. അതുകൊണ്ടാണ്, പുരാതന മനുഷ്യജീവികള്‍ പ്രകൃതിയുടെ ഭാഗമായിരുന്നു എന്ന് പറഞ്ഞു കൊണ്ട് സ്റ്റീഫന്‍ കപ്ലാന്‍ തന്റെ "തിരിച്ചുപിടിക്കാവുന്ന പ്രകൃതി' (Restorative Environment) എന്ന പുസ്തകം തുടങ്ങുന്നത്. നായാടി നടന്നിരുന്ന ആ "അപരിഷ്‌കൃത കാലത്തു' കൊടുക്കല്‍ വാങ്ങലുകളോ ലാഭനഷ്ടങ്ങളോ ആസ്തിബാധ്യതകളോ മനുഷ്യജീവിതത്തെ അലോസരപ്പെടുത്തിയിരുന്നില്ലെന്നു കാണാം.

വേട്ടയാടി കണ്ടെത്തിയ ഭക്ഷണം അപ്പോള്‍ത്തന്നെ കൂട്ടം ചേര്‍ന്ന് ഉപയോഗപ്പെടുത്തി അവസാനിപ്പിക്കുന്നതുകൊണ്ടു ഭക്ഷണബാക്കി മറ്റൊരിടത്തേക്ക് എത്തിക്കേണ്ടതിന്റെയോ സൂക്ഷിച്ചു വയ്ക്കേണ്ടതിന്റെയോ ചെലവും ഉത്തരവാദിത്തവും ഉണ്ടായിരുന്നില്ല. എന്നാല്‍ മനുഷ്യന്‍ മറ്റു ജീവജാലങ്ങളില്‍  നിന്നും വ്യത്യസ്ഥനാണല്ലോ! സമൂഹത്തിനു അനുയോജ്യമായി അറിവ് (wisdom) രൂപപ്പെടുത്തുകയും അത് പൊതുആവശ്യത്തിലേക്കായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരേയൊരു ജീവി വര്‍ഗമാണ് മനുഷ്യന്‍. ദേഹാധ്വാനം കൂടിയ നായാട്ടു കര്‍മ്മങ്ങളില്‍ നിന്നും വിടുതല്‍ നേടി ജലാശയങ്ങള്‍ക്കടുത്തു, കാലാവസ്ഥ അനുവദിക്കും വരെ തമ്പടിച്ചു തുടങ്ങുന്നതോടെയാണ് മനുഷ്യന്റെ ഊര്‍ജോല്പാദനം വര്‍ധിക്കുന്നതും മിച്ചമൂല്യം ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വയ്ക്കാനുള്ള പ്രവണത ആരംഭിക്കുന്നതും എന്ന് പറയാം.

സ്റ്റീഫന്‍ കപ്ലാന്‍
സ്റ്റീഫന്‍ കപ്ലാന്‍ /Photo: Steve and Rachel Kaplan
 

പ്രകൃതിയെ മാത്രം ഉപയോഗപ്പെടുത്തിയാണ് ഉല്പാദനവര്‍ദ്ധനവ് കൈ വരിച്ചതെങ്കിലും പ്രകൃതിയില്‍ നിന്നും മനുഷ്യവര്‍ഗ്ഗത്തിന്റെ കൃത്യമായ വേര്‍പിരിയല്‍ ആരംഭിക്കുന്നതും ഈ ഘട്ടത്തിലാണ് എന്നത് വൈപരീത്യമായി തോന്നാം. ഭൂമി, മനുഷ്യാധ്വാനം, മൂലധനം എന്നീ ഉല്പാദനത്തിന്റെ വിവിധ ഘടകങ്ങളില്‍ ഭൂമിയില്‍നിന്നും മാത്രമാണ് വരവിനനുസരിച്ചു നിജമായ ചെലവ് ഗണിച്ചെടുക്കാനാകാത്തത്. അധ്വാനത്തിന് കൂലിയും മൂലധനത്തിന് പലിശയും കൃത്യമാണ്, അതിന്റെ ഉപയോഗം നിശ്ചിതവുമാണ്. എന്നാല്‍ ഭൂമിയില്‍ കൃഷി ചെയ്യുമ്പോള്‍ പുത്തന്‍ കൃഷിരീതികളനുസരിച്ചും അത്യുല്പാദന വിത്തിനങ്ങള്‍ ഉപയോഗിച്ചും പത്തോ ഇരുപതോ ഇരട്ടി ഉല്പാദനം നടത്താനാകും. അപ്പോള്‍ പ്രകൃതിയില്‍ നിന്നുമുള്ള ഈ ഉല്പാദനവര്‍ധനവാണ് മനുഷ്യന്റെ സമ്പാദ്യശീലത്തിന്റെയും പുരോഗതിയുടെയും അടിസ്ഥാനം എന്ന് പറയാം.
ഊര്‍ജോല്പാദനവും സമ്പാദ്യവും അറിവും മനുഷ്യനെ കൂടുതല്‍ ഉല്പാദനത്തിലേക്കും കൂടുതല്‍ മിച്ചമൂല്യ സമ്പാദനത്തിലേക്കും നയിച്ചു.

ആദ്യകാലത്തു ഉല്‍പാദനം നേരിട്ട് പ്രകൃതിയില്‍ നിന്നും മാത്രമായിരുന്നുവെങ്കില്‍ പരിശ്രമ ശാലിയായ മനുഷ്യന്‍ അധികവരുമാനത്തിനും അമിതലാഭത്തിനും മാത്രമായി പുതുമാതൃകകള്‍ പരീക്ഷിക്കാന്‍ തയ്യാറാവുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. തദ്ദേശീയരെ ആട്ടിയോടിച്ചു അന്യരുടെ ഭൂമി കൈയ്യടക്കുന്നതും സ്വന്തം ഭൂമിയില്‍ തന്നെ നിര്‍ബന്ധിത മനുഷ്യാധ്വാനം അടിച്ചേല്‍പ്പിച്ച് ഉല്‍പാദനം നടത്തിയും, മിച്ചമൂല്യം കുമിഞ്ഞു കൂട്ടിയ വ്യക്തികളെയും, സ്ഥാപനങ്ങളെയും , രാജ്യങ്ങളെയും ചരിത്രപാതയില്‍ ഉടനീളം കാണാം. എന്തായാലും കാര്‍ഷികോല്പാദനത്തിലുണ്ടായ വന്‍വര്‍ധനവും പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തോടെ അരങ്ങേറിയ വ്യവസായിക വിപ്ലവത്തിന്റെ പിന്തുണയും അതുമൂലമുണ്ടായ ഖനിജ ഇന്ധനങ്ങളുടെ ലഭ്യതയും മനുഷ്യചരിത്രത്തില്‍ നാളതുവരെയില്ലാത്ത ഊര്‍ജോല്പാദനത്തിനും ആസ്തിവികസനത്തിനും ജീവിതശൈലീ മാറ്റങ്ങള്‍ക്കുമാണ് വഴിവച്ചതെന്നു പറയാതെ വയ്യ.

ALSO READ

ഓണ്‍ലൈനില്‍ പതിയിരിക്കുന്ന അപകടങ്ങള്‍, സുരക്ഷ ശക്തമാക്കാന്‍ ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

പത്തു പന്ത്രണ്ടായിരം വര്‍ഷം മുന്‍പു മുതലേ മനുഷ്യന്‍ കാര്‍ഷികോല്പാദനത്തിലൂടെ മിച്ച മൂല്യ ധനസമ്പാദനം സമാരംഭിച്ചിരുന്നുവെങ്കിലും സമ്പാദ്യത്തിന്റെ ബഹുമുഖമായ നിക്ഷേപരൂപങ്ങള്‍ പുറത്തു വരുന്നതും പരീക്ഷിക്കപ്പെടുന്നതും പത്തൊന്‍പതാം നൂറ്റാണ്ടുമുതലാണ്. കൈവശമുള്ള സമ്പാദ്യം ലാഭത്തോടെ തിരിച്ചു കിട്ടുന്നതിനായി നിക്ഷേപിക്കാന്‍ അവനെ പ്രാപ്തനാക്കിയത് അറിവ് സമ്പാദ്യത്തിന്റെ ആത്മവിശ്വാസവും ഭാവിയെക്കുറിച്ചുള്ള ഉത്തമബോധ്യവുമാണ്.

പ്രകൃതിയില്‍ മനുഷ്യന്റെ കടന്നാക്രമണം ഏറിയതോടെ ധനസമ്പാദനത്തിലും അതിന്റെ സൂക്ഷിപ്പിലും പുത്തന്‍ സാങ്കേതികവിദ്യകളുടെ  കടന്നുവരവ് ഒഴിച്ചുകൂടാനായില്ല. മാര്‍ക്കറ്റില്‍ ലഭ്യമായ ആഡംബര വസ്തുക്കളുടെ ധാരാളിത്തവും അവ സ്വന്തമാക്കി ജീവിതം അനായാസവും സുഖകരവുമാക്കാനുള്ള മനുഷ്യന്റെ കൂടിക്കൂടിവരുന്ന വ്യഗ്രതയുമാണ് മിച്ചമൂല്യത്തിന്റെ നിക്ഷേപത്തിനും കൈമാറ്റത്തിനും വ്യവസ്ഥാപിത കറന്‍സി തന്നെ നിര്‍ബന്ധമില്ല എന്ന തീരുമാനത്തിലേക്ക് മനുഷ്യരാശിയെ നയിച്ചത്. ഉപഭോക്താവിന്റെ അഭീഷ്ടങ്ങള്‍ക്കനുസരിച്ചു കൈമാറ്റനടപടികള്‍ ലഘൂകരിക്കാനും കാര്യക്ഷമമാക്കാനും മുതലാളിത്ത ശ്രേണികള്‍ തയ്യാറായി എന്നതും എടുത്തുപറയേണ്ടതാണ്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ അരികു പിടിച്ചു അന്തര്‍ദേശീയവിപണനവും സമ്പത്തു കൈമാറ്റവും ഇങ്ങനെ ആരോഗ്യകരമായി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ പണം, അരൂപിയും അദൃശ്യവും സര്‍വവ്യാപിയുമായി മാറുകയാണ്. കൈമാറ്റത്തിലെ രഹസ്യാത്മകതയും നിഷ്‌കര്‍ഷയും വച്ചുപുലര്‍ത്തുമ്പോള്‍ തന്നെ വേഗതയും കൃത്യതയും പുത്തന്‍ സാങ്കേതികമാര്‍ഗ്ഗങ്ങള്‍ ഉപഭോക്താവിന് വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടാണ് വ്യാപാരസ്ഥാപനങ്ങളില്‍ ഇ-കോമേഴ്സ് മുഖേനയുള്ള വില്പന 19 ശതമാനം വച്ച് പ്രതിവര്‍ഷം വര്‍ധിച്ചു വരുന്നത് (1).
ഉത്പാദനം കൂടുന്നതോടെ, സമ്പാദ്യം വര്‍ധിക്കുന്നതുകൊണ്ടു അത് സുരക്ഷിതമായി വരുംകാലത്തേക്കു സൂക്ഷിച്ചു വയ്ക്കുക എന്നത് ആധുനിക മനുഷ്യന്‍ നേരിട്ട വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. ആദ്യകാലങ്ങളില്‍ ഉല്പാദനോപകരണങ്ങളിലും കന്നുകാലികളിലും നടത്തിയ ഈ നിക്ഷേപങ്ങള്‍ ലാഭത്തിന്റെ കുമിഞ്ഞു കൂടലിനനുസരിച്ചു പുതു വഴികള്‍ കണ്ടെത്താതെ നിവൃത്തിയില്ലായിരുന്നു. അത്രത്തോളം അമിതമായിരുന്നു കാര്‍ഷികവൃത്തി വഴി ഭൂമി, മനുഷ്യന് തിരിച്ചു നല്‍കിയ ആദായം എന്ന് ചുരുക്കം.  ഉപകരണങ്ങളിലും കന്നുകാലികളിലുമുള്ള നിക്ഷേപം കൂടുതല്‍ ചെലവ് വരുന്നതും കൃത്യമായ ആദായം ഉറപ്പാക്കാത്തതുമാണെന്ന തിരിച്ചറിവ് പുതിയ ലാഭ അന്വേഷണങ്ങള്‍ക്ക് തുടക്കമിട്ടു. കമ്പനി രൂപീകരണങ്ങളിലെ ഓഹരി പങ്കാളിത്തവും കച്ചവട സംരംഭങ്ങളും ബാങ്കിങ്ങ് സ്ഥാപനങ്ങളും രൂപം കൊള്ളുന്നത് അങ്ങനെയാണ്.

ഉത്പാദനം കൂടുന്നതോടെ, സമ്പാദ്യം വര്‍ധിക്കുന്നതുകൊണ്ടു അത് സുരക്ഷിതമായി വരുംകാലത്തേക്കു സൂക്ഷിച്ചു വയ്ക്കുക എന്നത് ആധുനിക മനുഷ്യന്‍ നേരിട്ട വലിയൊരു വെല്ലുവിളി തന്നെയായിരുന്നു.
 Photo: rajgors.com

അറിവിന്റെ നാനാതുറകളിലുള്ള ബഹുമുഖമായ ഉപയോഗം ലാഭത്തിന്റെ വര്‍ധനവിനോടൊപ്പം തന്നെ സമൂഹത്തിലും രാജ്യങ്ങള്‍ക്കിടയിലും അസന്തുലിതാവസ്ഥയും പ്രദാനം ചെയ്തു. വ്യക്തികള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലും അറിവിന്റെയും ഉല്പാദനത്തിന്റെയും സ്രോതസ്സുകളെ കൈവശപ്പെടുത്താനുള്ള മത്സരം കോര്‍പ്പറേറ്റ് ചൂഷണത്തിലേക്കും സമ്പത്തിന്റെ കേന്ദ്രീകരണത്തിലേക്കും നയിച്ചു. അമിതമായ അളവിലുള്ള, മിക്കവാറും കണക്കില്‍പ്പെടാത്ത, സമ്പാദ്യം മനുഷ്യന് എടുത്തുകൊണ്ടു നടക്കാനോ സൂക്ഷിച്ചുവയ്ക്കനോ കഴിയാത്ത വിധം വളര്‍ന്നു പെരുകിയപ്പോഴാണ് ഊഹക്കച്ചവടസാധ്യതകള്‍ വര്‍ധിക്കുന്നത്. ആര്‍ഭാടങ്ങള്‍ക്കും അനാവശ്യചെലവുകള്‍ക്കും ശേഷം മിച്ചം വരുന്ന തുക എങ്ങനെ സൂക്ഷിച്ചുവെക്കും എന്ന ആധുനിക മനുഷ്യന്റെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കുള്ള കൃത്യമായ മറുപടിയായി ആണ് ഡിജിറ്റല്‍ കറന്‍സികള്‍ ഊഹക്കച്ചവടത്തിന്റെ അപാര സാധ്യതകളുമായി രംഗപ്രവേശം ചെയ്യുന്നത്.

ഡിജിറ്റല്‍ കറന്‍സി 

കമ്പ്യൂട്ടര്‍ ഡാറ്റാബേസിലെ ഡിജിറ്റല്‍ ഫയലുകളില്‍ കണക്കു രേഖപ്പെടുത്തി സൂക്ഷിക്കുന്ന സങ്കല്പികമൂല്യമാണ് ഡിജിറ്റല്‍ കറന്‍സികള്‍ (2). ഇടപാടുവേഗം, സുരക്ഷാ, സ്വീകാര്യത എന്നിവയില്‍ മുന്നിട്ടു നില്‍ക്കുന്ന ഇത്തരം കറന്‍സികള്‍, ക്രെഡിറ്റ് കാര്‍ഡ്,  ഇ ബാങ്കിങ്ങ്, തുടങ്ങി വിവിധ രൂപങ്ങളില്‍ കമ്പോളത്തില്‍ ലഭ്യമാണ് എങ്കിലും കമ്പ്യൂട്ടര്‍ ഫയലുകളിലെ കേന്ദ്രീകൃത രേഖപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊതുവെ ഇവയെ രണ്ടായി തരം തിരിക്കാം. 
ഏതെങ്കിലുമൊരു സെന്‍ട്രല്‍ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പുറത്തിറക്കുന്ന നിയമാനുസൃതമായ സര്‍ക്കാര്‍ ആധികാരിക ഡിജിറ്റല്‍ കറന്‍സികളാണ് ഒന്നാമത്തേത് (3). അവ വിശ്വാസയോഗ്യവുമാണ്. അതിഗഹനങ്ങളായ സുരക്ഷാ മാനദണ്ഡങ്ങളുള്‍പ്പെടുന്ന നിബന്ധനകള്‍ പാലിച്ചുമാത്രമേ ഇവയുടെ ഇടപാടുകള്‍ നടത്താവൂ എന്നുണ്ട്. അതാതു സെന്‍ട്രല്‍ ബാങ്കുകളുടെ ഡാറ്റാബേസ് ഉപയോഗിച്ചുള്ള കേന്ദ്രീകൃത കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെയാണ് ഇത്തരം ഡിജിറ്റല്‍ കറന്‍സികളുടെ നടത്തിപ്പ്. കാര്യക്ഷമതയും ധനസുരക്ഷയും വേഗതയും അതുകൊണ്ടുതന്നെ  ഉറപ്പാക്കാവുന്നതാണ്. നികുതിതട്ടിപ്പിനോ മറ്റു സാമ്പത്തിക അഴിമതികള്‍ക്കോ യാതൊരു അവസരവും ഇത്തരം കൈമാറ്റങ്ങളില്‍ സാധ്യതയില്ല. ഇംഗ്ലണ്ട്, സ്വീഡന്‍, ഉറുഗ്വായ്, ചൈന തുടങ്ങിയ രാജ്യങ്ങളൊക്കെ അതാതു സെന്‍ട്രല്‍ ബാങ്കുകളിലൂടെ ഇത്തരം ഡിജിറ്റല്‍ കറന്‍സികള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. (4).

1

2019 ലെ ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ് സര്‍വേ പ്രകാരം ലോകമൊട്ടാകെയുള്ള 66 സെന്‍ട്രല്‍ ബാങ്കുകളില്‍ 80 ശതമാനവും ഡിജിറ്റല്‍ കറന്‍സി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. എന്നാല്‍, നൂറിലധികം രാജ്യങ്ങള്‍ ഇത്തരം കറന്‍സികളുടെ അവതരണ നടപടികളുമായി മുന്നോട്ടു പോകുന്നുണ്ടെന്നാണ് ഐഎംഎഫ് അഭിപ്രായപ്പെടുന്നത്.
2022 , ഫെബ്രുവരി ഒന്നാം തിയതി, കേന്ദ്ര ധനമന്ത്രി നടത്തിയ ബജറ്റ് പ്രസംഗത്തില്‍ 2022 - 23 സാമ്പത്തിക വര്‍ഷത്തോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ കറന്‍സി മേഖലയിലേക്ക് കാല്‍ വെക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇതേതുടര്‍ന്ന്, ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴാംതീയതി ആര്‍ബിഐ പ്രസിദ്ധീകരിച്ച കണ്‍സെപ്റ്റ് നോട്ടുപ്രകാരം രണ്ടു തരത്തിലുള്ള ഡിജിറ്റല്‍ കറന്‍സികളാണ് പുറത്തിറങ്ങാന്‍  പോകുന്നത് എന്നറിയുന്നു. അന്തര്‍ബാങ്ക് നടപടികള്‍ക്കായി ഒരു ഹോള്‍സെയില്‍ വേര്‍ഷനും പൊതുജനങ്ങളുടെ ഉപയോഗത്തിലേക്കായി ഒരു റീട്ടെയില്‍ വേര്‍ഷനും.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

ഏതെങ്കിലും ബാങ്കുകളുമായി ബന്ധപ്പെടുത്തിയുള്ള വാലറ്റ് സര്‍വീസില്‍ നിക്ഷേപിച്ചുകൊണ്ടു മാത്രമേ കൈമാറ്റങ്ങള്‍ നടത്താന്‍ അനുവദിക്കുകയുള്ളൂ എന്നും ഉറപ്പാക്കുന്നുണ്ട് (5). ഇത്തരം കറന്‍സികളുടെ നിയമപരമായ അസ്തിത്വം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും, അവയുടെ  കൈമാറ്റത്തിന് മേല്‍ 30 ശതമാനം നികുതി (സര്‍ചാര്‍ജ്, സെസ്സിനു പുറമെ) ഈടാക്കുമെന്ന് ആദായനികുതി നിയമം ഇന്ത്യയില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട് (6).

ക്രിപ്‌റ്റോ കറന്‍സികള്‍ 

സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സികളെപ്പോലെ തന്നെ ഭൗതികരൂപം അവകാശപ്പെടാനില്ലാത്ത മൂല്യ കൈമാറ്റ മാധ്യമങ്ങളാണ് ക്രിപ്‌റ്റോ കറന്‍സികള്‍. ഇവക്കു പക്ഷേ, ഏതെങ്കിലും സര്‍ക്കാരിന്റെ അധികാരികതയോ സെന്‍ട്രല്‍ ബാങ്കിന്റെ പിന്തുണയോ അവകാശപ്പെടാനില്ല എന്നത് മേല്പറഞ്ഞ ഡിജിറ്റല്‍ കറന്‍സികളില്‍ നിന്നും ക്രിപ്‌റ്റോ കറന്‍സികളെ വ്യത്യസ്തമാക്കുന്നു. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ഇടപെടലുകളെക്കുറിച്ചു ആധിപ്പെടേണ്ടതില്ലാത്ത സ്വകാര്യ സംരംഭങ്ങളാണ് ഇവ (7) സാധാരണ കറന്‍സികള്‍ പ്രിന്റ് ചെയ്‌തെടുക്കുന്നതുപോലെ ക്രിപ്‌റ്റോ കറന്‍സികള്‍ (സാങ്കേതിക വിദഗ്ധര്‍) മിന്റ് ചെയ്യുകയാണ് പതിവ്. മിന്റ് ചെയ്യുന്നവരെ മിന്റര്‍മാര്‍ എന്നും പറയും. എത്രത്തോളം കറന്‍സികള്‍ മിന്റ് ചെയ്യുന്നു എന്നതില്‍ മാത്രമേ നിയന്ത്രണം നടപ്പാക്കുന്നുള്ളൂ. ഓരോ കറന്‍സിയും  പ്രചാരത്തിലായിക്കഴിഞ്ഞാല്‍ പിന്നെ അതിന്റെ ഉടമസ്ഥാവകാശം ഉപയോഗിക്കപ്പെടുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതുമൊക്കെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും മിന്റര്‍മാര്‍ വിന്യസിക്കുന്ന  രഹസ്യലിപികളിലുള്ള ബ്ലോക്ക് ചെയിനുകളിലൂടെയാണ് (8 ).

ALSO READ

സമൂഹ മാധ്യമങ്ങള്‍ നിങ്ങളുടെ ദൈനംദിന സ്വഭാവത്തെ ബാധിക്കുന്നുണ്ടോ

അതുകൊണ്ട്, കറന്‍സിയുടെ കൈമാറ്റത്തിന്റെ രേഖപ്പെടുത്തലുകള്‍, ഡിസ്ട്രിബ്യുട്ടഡ് ലെഡ്ജര്‍ ടെക്‌നോളജി എന്ന ബ്ലോക്ക് ചെയിന്‍ ശൃംഖല മുഖേനയുള്ള രഹസ്യകോഡുകളുപയോഗിച്ചുകൊണ്ടാണ്. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളുടെ നട്ടെല്ലാണ്, നടപടിക്രമങ്ങളുടെ സാധുതയും സത്യാവസ്ഥയും ഉറപ്പുവരുത്തുന്ന ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ (9). ഓരോ പുതിയ ഇടപാടും ഡാറ്റാബേസുകള്‍ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തി വികേന്ദ്രീകൃത കമ്പ്യൂട്ടര്‍ ലെഡ്ജറുകളില്‍ രേഖപ്പെടുത്തുന്നതു വഴി കള്ളത്തരം, ആവര്‍ത്തനം എന്നിവയ്ക്കുള്ള സാധ്യതകള്‍ ദൂരീകരിക്കപ്പെടുന്നു. ഇന്ന് കമ്പോളത്തില്‍ ബിറ്റ്കോയിന്‍, എഥീറിയം, റിപ്പിള്‍, ലൈറ്റ്‌കോയിന്‍, മോനിറോ തുടങ്ങി 1600 ല്‍ പരം ക്രിപ്‌റ്റോ കറന്‍സികള്‍ പ്രചാരത്തിലുണ്ട്. ഓരോന്നും മേല്പറഞ്ഞപോലെ തനതായ ബ്ലോക്ക് ചെയിന്‍ നെറ്റ് വര്‍ക്കുകളുടെ നിര്‍വഹണത്തിനുകീഴിലും പരിരക്ഷണത്തിലുമാണ്. വികേന്ദ്രീകൃത ലെഡ്ജറോ, ബ്ലോക്ക് ചെയിന്‍ പദ്ധതിയോ ആരുടെയും ഉടമസ്ഥതയിലല്ല. ഒരു മൂന്നാംകക്ഷിയുടെയും ഇടപെടല്‍ സാധ്യതയില്ലാത്ത സ്വയം നിയന്ത്രിത നിര്‍വഹണ  പ്രോട്ടോക്കോളായി അത് ഇടപാടുകള്‍ രേഖപ്പെടുത്തുന്നു. 2009 ല്‍ സറ്റോഷി നാകമോട്ടോ എന്ന വ്യക്തി (ഇതൊരു വ്യാജനാമമാണെന്നും അതല്ല, ഒരു സ്ഥാപനമാണെന്നും വ്യത്യസ്താഭിപ്രായങ്ങള്‍ ഉണ്ട്) പുറത്തിറക്കിയ ബിറ്റ്കോയിന്‍  ഇന്ന് 96 രാജ്യങ്ങളില്‍ 25 ദശലക്ഷം പേര് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. രണ്ടു വിധത്തിലാണ് ഒരാള്‍ക്ക് ബിറ്റ്കോയിന്‍ കൈവശപ്പെടുത്താന്‍ സാധിക്കുക. ഒന്നെങ്കില്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ നിന്നും പണം കൊടുത്തു വാങ്ങാം. അല്ലെങ്കില്‍ മിന്റിങ് പ്രവര്‍ത്തനത്തിനുള്ള പ്രതിഫലമായി നേടാം. ബിറ്റ്കോയിന്‍ ഉള്‍പ്പെടെ വിവിധങ്ങളായ ഡിജിറ്റല്‍ കറന്‍സികള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും സ്റ്റോക്ക് എക്‌സ്‌ചെഞ്ചുകള്‍ പോലെ നിരവധി  ക്രിപ്‌റ്റോ എക്‌സ്‌ചെഞ്ചുകള്‍ വെര്‍ച്ച്വല്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു മണിക്കൂറില്‍ ഏതാണ്ട് 12000 -ത്തോളം ബിറ്റ്കോയിന്‍ ഇടപാടുകള്‍ നടക്കുന്നുണ്ടത്രേ. ഒരു ബിറ്റ് കോയിന്റെ ഇന്നത്തെ വില 1577011 രൂപയ്ക്കു സമമാണ് (10)

1

പുത്തന്‍ മുതലാളിത്തവ്യവസ്ഥയില്‍ ധനം അല്ലെങ്കില്‍ ലാഭം രഹസ്യവും സുരക്ഷിതവുമായി സൂക്ഷിക്കാവുന്ന എളുപ്പ വഴികളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അത്തരം പോംവഴികളാവട്ടെ, സര്‍ക്കാര്‍ നിയന്ത്രണങ്ങളിലോ ദൃഷ്ടിഗോചരമോ അല്ലെങ്കില്‍ പോലും ആകര്‍ഷണീയത വര്‍ധിക്കുകയും ചൂഷണത്തിന്റെയും ലാഭനിര്‍മിതിയുടെയും ധനസഞ്ചയപ്രവണതയുടെയും ആക്കം കൂട്ടുകയും ചെയ്യും. വികസ്വര രാജ്യങ്ങളില്‍ കൊള്ളലാഭവും വരേണ്യ അനുകൂലനയങ്ങളും പ്രോത്സാഹിപ്പിക്കപ്പെടാനുള്ള അന്തര്‍ദേശീയ ധാരണകള്‍ക്ക് സ്വീകാര്യത കൂട്ടുമെന്നതാണ് ഇത്തരം സംവിധാനങ്ങളുടെ മറുവശം. അമിത ലാഭത്തിന്റെ സുരക്ഷ, ക്രിപ്‌റ്റോ കറന്‍സികള്‍പോലെയുള്ള അതിസൂക്ഷ്മ ഉത്പന്നങ്ങളില്‍ അതീവ രഹസ്യമായി സമ്പന്നര്‍ നിര്‍വഹിക്കുമ്പോള്‍  മിച്ചമൂല്യത്തിന്റെ അടിസ്ഥാനമായ പ്രകൃതി മൂലധനത്തിന് എന്ത് സംഭവിക്കുന്നു എന്ന് പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല. ഒരു വാഹനം പോലും സ്വന്തമായി ഇല്ലാത്ത കമ്പനി ലോകത്തിലെ ഏറ്റവും വലിയ ട്രാന്‍സ്പോര്‍ട് കമ്പനി ആകുന്നതുപോലെയും ഒരൊറ്റ ഹോട്ടല്‍ പോലും സ്വന്തമാക്കാതെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖല രൂപം കൊള്ളുന്നതുപോലെയും തന്നെയാണ്, അധ്വാനിക്കാതെ ലാഭം കൊയ്യുന്നത് എന്ന് പറയേണ്ടിവരും.

ആദിമനുഷ്യരെപ്പോലെ എന്തുകൊണ്ടാണ്, ആധുനിക മനുഷ്യന്‍ ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളെ നേരിടാന്‍ തന്റെ തന്നെ സമ്പത്തിനെ കരുതിവെക്കാത്തത്? മൂല്യവര്‍ദ്ധനവോടെയോ അല്ലാതെയോ അത് ഏതെങ്കിലും കാലത്തു തിരിച്ചു കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത അരൂപിയായ ഉത്പന്നങ്ങളില്‍ നിക്ഷേപിക്കാന്‍ ധൈര്യപ്പെടുന്നത്? ഈ ചോദ്യത്തിന് വിവിധ തലത്തിലുള്ള മറുപടികള്‍ തയ്യാറാണ്. ഒന്നാമത്, ശാസ്ത്രരംഗത്തുണ്ടായ മനുഷ്യന്റെ മുന്നേറ്റം, രോഗം, ശുശ്രൂഷ, മരണം തുടങ്ങിയ നിര്‍ണ്ണായക സന്ദര്‍ഭങ്ങളെ ഒരു പരിധിവരെ ഒഴിവാക്കാനും വെള്ളപ്പൊക്കം, ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങളെക്കുറിച്ചു മുന്‍കൂട്ടി അറിയാനും സാധിക്കുന്നു എന്നതാണ്. ഇത്, ധനവ്യയം കൂടാതെതന്നെ ദുരന്തങ്ങളുമായി കൂടിച്ചേര്‍ന്നു പോകാനും അതിന്റെ തീവ്രതയെ ലഘൂകരിക്കാനും സഹായിക്കുന്നു. ഏതോ കാലത്തു സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങളെയോര്‍ത്ത് ഇപ്പോഴേ ആകുലപ്പെടേണ്ടതില്ലെന്ന ആത്മവിശ്വാസമാണ് മറ്റൊരു മറുപടി. കാരണം, പ്രതിസന്ധികളെ സാമ്പത്തികമായി നേരിടാന്‍ ധാരാളം സംവിധാനങ്ങള്‍ ഇന്ന് നിലവില്‍ ഉണ്ട്. സാമൂഹ്യശാസ്ത്രപരമായി പുരോഗതി  പ്രാപിച്ച സമൂഹങ്ങളില്‍ ജനാധിപത്യ സര്‍ക്കാരുകളും അതിന്റെ എണ്ണമറ്റ ഉപകരണങ്ങളും പൊതുജന സേവനത്തിനായി തയ്യാറായി നില്പുണ്ട്. വൈദ്യശാസ്ത്രരംഗത്തെ നേട്ടങ്ങള്‍ എക്കാലത്തും വിലയിട്ടു പൊതുജനങ്ങള്‍ക്ക് വില്‍ക്കാന്‍ തയ്യാറായി സ്വകാര്യ ആതുര സ്ഥാപനങ്ങള്‍ കൈമെയ് മറന്നു നില്‍പ്പുണ്ട്. ഇതിനൊക്കെ പുറമെയാണ് അഹിതമായി യാതൊന്നും (മറ്റുള്ളവര്‍ക്ക് സംഭവിച്ചാലും) തന്നെയൊന്നും ബാധിക്കില്ലെന്ന അമിത ആത്മവിശ്വാസം. അഥവാ അത്യാപത്ത് എന്തെങ്കിലും വന്നുഭവിച്ചാല്‍ തന്നെ അതിനെ പണം ഉണ്ടായതുകൊണ്ടുമാത്രം നേരിടാനാകില്ലെന്ന് അവര്‍ സമര്‍ഥിക്കുന്നു. എന്തായാലും മനുഷ്യന്റെ ലാഭാര്‍ത്തിക്കും ഊഹക്കച്ചവടത്തിനും കമനീയ സൗകര്യങ്ങളൊരുക്കുന്നതില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഒരു കാലത്തും പുറകിലല്ലല്ലോ?

ALSO READ

കുട്ടികളുടെ സ്മാര്‍ട്ട്​ ഫോണുകളുടെ സെക്യൂരിറ്റി എവിടെനിന്ന് തുടങ്ങണം?

ഉല്പാദന സ്രോതസ്സുകളെ  അടിസ്ഥാനപ്പെടുത്തി മനുഷ്യാധ്വാനത്തിലൂടെ പ്രകൃതിയില്‍നിന്നും ജീവസന്ധാരണത്തിനുള്ള വക കണ്ടെത്തിയ അടിമ കര്‍ഷകനില്‍ നിന്നും വെറും ഊഹക്കച്ചവടത്തിലൂടെ കേവലനിക്ഷേപം പോലും ഇല്ലാതെ ലാഭം കൊയ്യുന്ന പുതിയ ലാപ്‌ടോപ്പ് സംരംഭകനിലേക്കുള്ള രൂപമാറ്റത്തിന്റെ വിദൂരമായ അവലോകനത്തിനാണ് ഇവിടെ ശ്രമിച്ചത്. ഡിജിറ്റല്‍ കറന്‍സികളുടെ  നന്മതിന്മകളെക്കുറിച്ചും, സര്‍ക്കാര്‍ തന്നെ അവയുടെ നടത്തിപ്പിനായി ഒരുങ്ങിയിറങ്ങുന്ന സാഹചര്യത്തില്‍, സമ്പദ്‍വ്യവസ്ഥയില്‍ അവ രേഖപ്പെടുത്താവുന്ന സ്ഥാനം എന്തായിരിക്കുമെന്നും പരിശോധിക്കേണ്ടതുണ്ട്. ഊഹക്കച്ചവടം പോലെ നിര്‍ണ്ണായകമായ ഒരു നിക്ഷേപ പദ്ധതി ഒരു മൂന്നാം ലോക രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനസാമാന്യത്തിനു വാഗ്ദാനം ചെയ്യുന്നത്, സമത്വത്തിന്റെ എന്ത് മൗലികാവകാശമായിരിക്കും? അതുപോലെ ബ്ലോക്ക് ചെയിന്‍ മിന്റര്‍മാരുടെ അവസാനമില്ലാത്ത മിന്റിങ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്ന ഊര്‍ജ ഉപഭോഗവും അതിന്റെ നാനാവിധമായ പരിസ്ഥിതി ആഘാതങ്ങളെപ്പറ്റിയും ഗഹനമായ പഠനം ആവശ്യപ്പെടുന്നുണ്ട്.

ഇന്ന് പരക്കെ  സ്വീകാര്യമായിക്കൊണ്ടിരിക്കുന്ന ഗിഗ്എക്കണോമി ഉയര്‍ത്തിപ്പിടിക്കുന്ന ധനത്തിന്റെ രാഷ്ട്രീയവല്‍ക്കരണവും തൊഴില്‍ നിയമങ്ങളുടെ ലംഘനങ്ങളും ജാഗ്രതയോടെ ചര്‍ച്ച ചെയ്യപ്പെടണം. ഡിജിറ്റല്‍ കറന്‍സികളുടെ നിയമപരമായ സാധുതയെക്കുറിച്ചു സര്‍ക്കാരിന് തന്നെ കൃത്യമായ നിലപാടില്ലെങ്കിലും ആദായനികുതിയില്‍ നീക്കുപോക്കില്ല എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ മുന്നറിയിപ്പ്, ക്രിപ്‌റ്റോ കറന്‍സികളുടെ ആകര്‍ഷണീയത വര്‍ധിക്കാന്‍ സഹായകമാകുമോ എന്ന് സംശയിക്കേണ്ടതുണ്ട്. എന്തായാലും, ഡിജിറ്റല്‍ കറന്‍സികള്‍ മുന്നോട്ടു വയ്ക്കുന്ന സെന്‍ട്രല്‍ ബാങ്കുകളുടെ നിഷേധം, ഗ്രേ മാര്‍ക്കറ്റ് ആധിപത്യം, ടെറര്‍ ഫണ്ടിങ്, ഡാര്‍ക്ക് വെബ് കേന്ദ്രീകരണം എന്നിവയൊക്കെ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കുപരി, പൊതു ജനങ്ങളുടെ സാമൂഹ്യ സുരക്ഷയ്ക്ക് ഉയര്‍ത്താവുന്ന ഭീഷണിയുടെ വെളിച്ചത്തില്‍ ഗൗരവമായ പഠനം ആവശ്യപ്പെടുന്നു.

References:
1.    Mc Cue,TJ
(2013) "Why Don't More Small Business Accept Credit Cards?' Forbes dated 16.08.013
2.  Al-Laham. Mohammed and Abdallat Najwan (2009) 'Development of Electronic Money and its Impact on the Central Bank Role and Monetary Policy' Issues in Informing Science and Information Technology
3. Bech, Morlen and Garrat, Rodney (2017) 'Central Bank Crypto Currencies' PDF. BIS Quarterly Review. September 2017
4. "Innovation and its impact on the European retail payment landscape' PDF. European Central Bank. December 2019.
5. "Mint' dated 08.10.2022
6. Barucha, Justin M and Jain, Aashika "How Crypto Currencies are taxed in India' Forbes dated 20.10.2022
7.  Alliosn, Ian (2015) "If Banks want Benefits to Block Chains, They must go Permissionless' International Business Times dated 15.09.2015
8.    D'Agnoto, Matteo (2015) 'All you need to know about Bitcoin' Economic Times dated 26.10.2015
9. Narayanan, Aravind et al. (2016)' Bitcoin and Crypto currency Technologies: A Comprehensive Introduction' Princeton University Press, Princeton
10. The Economic Times - Market dated 21.10.2022

ഡോ. കെ.ആര്‍. അജിതന്‍  

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ലൈബ്രേറിയനായിരുന്നു. സാമ്പത്തിക  ശാസ്ത്രത്തിൽ സ്വതന്ത്ര പഠനം നടത്തുന്നു.

  • Tags
  • #Technology
  • #Sangameshwar Iyer
  • #Crypto Currency
  • # Digital Economy
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
ethiran

Interview

എതിരൻ കതിരവൻ

പാലാ ടു ഷിക്കാഗോ; ശാസ്ത്രം, വിശ്വാസം, കഞ്ചാവ്

Jan 21, 2023

60 Minutes Watch

Sangameswar

Technology

സംഗമേശ്വരന്‍ മാണിക്യം

സൂക്ഷിക്കുക, 2023 ൽ ഒരു സോഷ്യൽ മീഡിയ ആക്രമണം നിങ്ങളെയും കാത്തിരിക്കുന്നു

Jan 13, 2023

10 Minutes Read

technology

Education

ആഷിക്ക്​ കെ.പി.

കുതിക്കുന്ന ടെക്‌നോളജി, കിതയ്​ക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

Dec 26, 2022

8 minutes read

hash-value

Technology

സംഗമേശ്വരന്‍ മാണിക്യം

ഡാറ്റയും പാറ്റയും അഥവാ ഹാഷ്​ വാല്യുവിന്റെ മറിമായങ്ങൾ

Dec 14, 2022

5 Minutes Read

Data Privacy

Data Privacy

സംഗമേശ്വരന്‍ മാണിക്യം

സൂക്ഷിക്കുക, നിങ്ങള്‍ ഡാറ്റ ബ്രോക്കേഴ്‌സിന്റെ നിരീക്ഷണത്തിലാണ്‌

Nov 24, 2022

5 Minutes Read

Android Kunjappan

Cinema

ധന്യ പി.എസ്​.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ : നിര്‍മ്മിത ബുദ്ധി പ്രമേയമായ മലയാളത്തിലെ ആദ്യത്തെ സയന്‍സ് ഫിക്ഷന്‍

Oct 28, 2022

6 Minutes Read

online password

Technology

സംഗമേശ്വരന്‍ മാണിക്യം

ഓണ്‍ലൈനില്‍ പതിയിരിക്കുന്ന അപകടങ്ങള്‍, സുരക്ഷ ശക്തമാക്കാന്‍ ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

Oct 16, 2022

9 Minutes Read

 home_2.jpg

Technology

റിദാ നാസര്‍

എല്ലാ വിദ്യാർഥികളുടെയും വിരൽത്തുമ്പിലെത്തണം ഫ്രീ സോഫ്​റ്റ്​വെയർ

Sep 29, 2022

5 Minutes Watch

Next Article

കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് പൊലീസില്‍ സ്ഥാനം ഉണ്ടാവില്ല

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster