ആന സംരക്ഷണത്തെക്കുറിച്ച് തമിഴ്​നാട്ടിൽനിന്ന്​ കേരളം പഠിക്കേണ്ടത്​

മദ്രാസ് ഹൈക്കോടതി നാട്ടാനകളുടെ സംരക്ഷണത്തിന്​ രണ്ട് സുപ്രധാന വിധികൾ പുറപ്പെടുവിച്ചു. വന്യജീവികളെ കാടുകളിൽ നിലനിർത്തുന്നതാണ് ഉത്തമം എന്ന് കോടതി അടിവരയിട്ടു പരാമർശിച്ചു. മറ്റൊരു കേസിൽ, പുതുതായി ആനകളെ പിടിക്കുന്നതും സ്വകാര്യ ഉടമസ്ഥതയിൽ വെക്കുന്നതും കോടതി നിർത്തലാക്കി. സമാനതകളില്ലാത്ത ഈ രണ്ടു വിധികളുടെയും വെളിച്ചത്തിൽ കേരളത്തിൽ നാട്ടാനകൾക്കുനേരെ തുടരുന്ന പീഡനങ്ങളെക്കുറിച്ച്​ ഒരു വിചാരം

ഴിഞ്ഞ സെപ്റ്റംബറിൽ മദ്രാസ് ഹൈക്കോടതി നാട്ടാനകളുടെ (captive elephants) സംരക്ഷണത്തിന്​ രണ്ട് സുപ്രധാന വിധികൾ പുറപ്പെടുവിച്ചു.
സെപ്റ്റംബർ 23ന് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെൻറ്​ പിടി കൂടി പിന്നീട് കാട്ടിലേക്ക് തുറന്നുവിട്ട റിവാൾഡോ എന്ന ആനയെ തിരികെ പിടിക്കണമെന്ന പരാതി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ബാനർജിയുടെ നേതൃത്വത്തിലുള്ള കോടതി വന്യജീവികളെ കാടുകളിൽ നിലനിർത്തുന്നതാണ് ഉത്തമം എന്ന് അടിവരയിട്ടു പരാമർശിച്ചു. തൊട്ടടുത്ത ദിവസം, സെപ്റ്റംബർ 24ന് തമിഴ്‌നാട്ടിൽ, നിലവിലുള്ള വ്യക്തികളുടെയോ ക്ഷേത്രങ്ങളുടെയോ ഉടമസ്ഥതയിലുള്ള ആനകളുടെ സുരക്ഷിത ഭാവിയെക്കുറിച്ച് നടക്കുന്ന കേസിനിടെ മേൽപ്പറഞ്ഞ കോടതി പുതുതായി ആനകളെ പിടിക്കുന്നതും സ്വകാര്യ ഉടമസ്ഥതയിൽ വെക്കുന്നതും നിർത്തലാക്കി. സമാനതകളില്ലാത്ത ഈ രണ്ടു വിധികളും തീർച്ചയായും ആഘോഷിക്കപ്പെടേണ്ടതാണ്.

എന്നാൽ നീലഗിരി മലനിരകൾക്കിപ്പറമുള്ള കേരളത്തിൽ നിന്ന് വരുന്ന വാർത്തകൾ ഹൃദയഭേദകമാണ്. തൃശ്ശൂരിലെ തിരുവല്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ കഴിഞ്ഞ മാസം കൊടിയേറിയതോടു കൂടി കേരളത്തിൽ പൂരക്കാലത്തിന് തുടക്കമായി, ഈ പൂരങ്ങളുടെ എല്ലാം ആകർഷണീയത അണിയിച്ചൊരുക്കിയ ഗജവീരൻമാരുടെ എഴുന്നള്ളിപ്പാണ്.

തൃശ്ശൂരിലെ തിരുവല്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ കഴിഞ്ഞ മാസം കൊടിയേറിയതോടു കൂടി കേരളക്കരയിലെ പൂരക്കാലത്തിന് തുടക്കമായി, ഈ പൂരങ്ങളുടെ എല്ലാം ആകർഷണീയത അണിയിച്ചൊരുക്കിയ ഗജവീരൻമാരുടെ എഴുന്നള്ളിപ്പാണ്. / Photo : Wikimedia Commons.

ക്രൂരത തുടരുന്നു

റിവാൾഡോയ്ക്ക് സ്വതന്ത്രമായി കാട്ടിൽ കഴിയാനുള്ള ഉത്തരവ് ജസ്റ്റിസ് ബാനർജി പുറപ്പെടുവിച്ച അതേദിവസം കേരളത്തിലെ തിരുവല്വാമലയിലെ വില്വാദ്രിനാഥ ക്ഷേത്രത്തിലേക്ക് 26 വയസ്സുള്ള പരമേശ്വരൻ എന്ന ആനയെ ചങ്ങലക്കിട്ട് അടിച്ച് വലിച്ചിഴച്ച് എത്തിക്കുകയുണ്ടായി. തന്റെ പൂർവ്വികരെ പോലെ തന്നെ പരമേശ്വരനും ധാരാളം മർദ്ദനങ്ങൾ ഏറ്റുവാങ്ങി, ചങ്ങലയിൽ ബന്ധിക്കപ്പെട്ടു, നെറ്റിപ്പട്ടത്തിന്റെ ഉൾപ്പെടെയുള്ള ഭാരം ചുമക്കാനും നിർബന്ധിതനായി. മാനസികവും ശാരീരികവുമായ സമ്മർദ്ദം സഹിക്കവയ്യാതെ പരമേശ്വരൻ തന്റെ ശരീരം അതിശക്തമായി ഉലച്ചു, പുറകിലിരുന്ന ആളെ നിലത്തെറിഞ്ഞു, പ്രതീകാത്മകം എന്നപോലെ അമ്പലത്തിലെ ദീപസ്തംഭം ഇടിച്ചു തകർത്തു.
മാധ്യമങ്ങൾ ഈ അവസ്ഥയെ രോഗവൽക്കരിക്കുകയും, മുൻവിധിയോടുകൂടി ""കേരളത്തിൽ ക്ഷേത്രത്തിലെ ആനയ്ക്ക് ഭ്രാന്തിളകി, പുറകിലിരുന്ന് പാപ്പാനെ എടുത്തെറിഞ്ഞു'' തുടങ്ങിയ തലക്കെട്ടുകൾ പടച്ചു വിട്ടു.'' ആനയുടെ പ്രതികരണത്തിന് കാരണമായ പീഡനങ്ങൾക്കു പിന്നിലെ സാമൂഹിക സംവിധാനങ്ങളെ പരിശോധിക്കുന്നതിന് പകരം ഇരയുടെ ചെറുത്തുനിൽപ്പിനെ പഴിചാരുന്ന ഹീനമായ പ്രവണതയാണിത്. ആനപ്പുറത്ത് ഉണ്ടായിരുന്ന ആൾ ഗുരുതര പരിക്കുകളോടെ കൂടി ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ജീവിതത്തിലേക്ക് തിരിച്ചു വരികയും ഉണ്ടായി. ഈ ജനുവരി മാസം തിരുവനന്തപുരത്ത് ഗോവിന്ദരാജൻ എന്ന ആനയാൽ എറിയപ്പെട്ട 25 വയസുകാരനായ വിഷ്ണുവിന്റെ ഗതി മറ്റൊന്നായിരുന്നു. ഗോവിന്ദരാജനാൽ കൊല്ലപ്പെട്ട രണ്ടാമത്തെ പാപ്പാൻ ആണ് വിഷ്ണു.

തിമിരം ബാധിച്ച ആന പ്രേമത്തിന്റെ കൗതുകകരമായ ചരിത്രമാണ് കേരളത്തിന്റെത്, പൂരങ്ങൾ ആനകളുടെ മേൽ ചുമത്തുന്ന ആപത്തിനെക്കുറിച്ചും ചൂഷണങ്ങളെ കുറിച്ചും സാർവത്രിക ബോധ്യം ഉണ്ടായിട്ടും ഈ ഉത്സവങ്ങൾ മാറ്റമില്ലാതെ തുടർന്നു കൊണ്ടിരിക്കുന്നു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ആനപ്രേമികൾ അവരുടെ പ്രിയപ്പെട്ട ആനകളോടുള്ള സ്‌നേഹം സാമൂഹ്യ മാധ്യമങ്ങൾ വഴി ആഘോഷിക്കുന്നു, പേരുകേട്ട പല കൊമ്പന്മാർക്കും അവരവരുടേതായ സാമൂഹ്യമാധ്യമ ഹാൻഡിലുകൾ വരെ ഇന്നുണ്ട്. എന്നാൽ യാഥാർത്ഥ്യം വളരെ വ്യത്യസ്തമാണ്.

അപകടം നിറഞ്ഞ പണി

തന്നെക്കാൾ നൂറു മടങ്ങു വലിപ്പമുള്ള മൃഗത്തെ നിയന്ത്രിക്കുക എന്ന അപകടം പിടിച്ച പണിയാണ് ആന പാപ്പന്റേത്. ആനയും പാപ്പാനും തമ്മിലുള്ള ബന്ധത്തെ കലാ സംസ്‌കാരം പാരമ്പര്യം മുതലായ പദങ്ങൾ ഉപയോഗിച്ച് വർണ്ണിക്കാറുണ്ട്.എന്നാൽ ഇവ അതിലടങ്ങിയിരിക്കുന്ന ക്രൂരതക്കുള്ള മറയാണ്. നമ്മൾ പറഞ്ഞുപരത്തിയ നുണകളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് നാട്ടാനകൾ മെരുക്കപെട്ടവ ആണെന്നും അവർക്ക് അവരുടെ പാപ്പാന്മാരോട് അളവില്ലാത്തതിലേറെ സ്‌നേഹവും അനുസരണയും ഉണ്ടെന്നത്.
2014 ലിനും 2021നുമിടയിൽ കേരളത്തിലെ ആനിമൽ റൈറ്‌സ് ആക്ടിവിസ്റ്റുകൾ അമ്പതിലേറെ ആനകൾ പേടി മൂലമോ ക്രൂരമായ പരിശീലനത്തിന്റെ ബാക്കിപത്രം ആയും അവരുടെ പാപ്പാനയോ ഉടമസ്ഥനയോ കാവടികളയോ കാഴ്ചക്കാരെയൊ അക്രമിക്കുന്ന സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യജീവന് ഇത്രയും ഭീഷണി ഉണ്ടായിട്ടും ആനകളെ നിർബന്ധ ബുദ്ധിയാൽ മതപരമായ ഉത്സവങ്ങളിൽ എഴുന്നള്ളിച്ച് കൊണ്ടിരിക്കുന്നു.

Photo : fb Page, Pinarayi Vijayan.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന 54 വയസ്സ് പ്രായമുള്ള ഭാഗികമായി അന്ധനായ ആനയുടെ ഉദാഹരണം തന്നെയെടുക്കാം. കണക്കുകൾ പ്രകാരം 13 പേരെയാണ് അവൻ കൊലപ്പെടുത്തിയത്. ഇങ്ങനെയാണോ മെരുങ്ങിയ ആന! ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വന്യജീവി സംരക്ഷണ നിയമ പ്രകാരം സംസ്ഥാനത്തെ രണ്ടാമത്തെ ഉയർന്ന അധികാരി, അഞ്ചംഗ കമ്മിറ്റിയുടെ ശുപാർശ പ്രകാരം രാമചന്ദ്രനെ ഘോഷയാത്രകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ""ആരോഗ്യ പ്രശ്‌നങ്ങൾ'' മൂലം വിലക്കിയിരുന്നു . എന്നാൽ 2019 പൊതുജന സമ്മർദംമൂലം തൃശ്ശൂർ ഡിസ്ട്രിക്ട് കളക്ടർ ഈ ഉത്തരവിനെ മറികടന്നുകൊണ്ട് ഒരു മണിക്കൂർ നേരം രാമചന്ദ്രനെ പൂരത്തിൽ എഴുന്നള്ളിക്കാനുള്ള അനുമതി നൽകി. ക്ഷേത്രകമ്മിറ്റി ആകട്ടെ ഇന്നും അവനെ ഘോഷയാത്രകളിൽ പങ്കെടുപ്പിച്ചു കൊണ്ടിരിക്കുന്നു. അപകടകാരി ആണെന്ന് അറിഞ്ഞിട്ടും അല്ലെങ്കിൽ അത് മൂലമോ അവൻ ഏറെ പ്രസിദ്ധനാണ്. പൂരത്തിന് ദിവസം രണ്ടു ലക്ഷം രൂപ എന്ന വാടകയാണ് ഇവനിൽ നിന്ന് ലഭിക്കുന്നത്.
ഈ വർഷം കേരള സർക്കാരാകട്ടെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ആഴ്ചയയിൽ 2 ദിവസം പാലക്കാടും തൃശൂരുമുള്ള ക്ഷേത്രോത്സവങ്ങളിൽ എഴുന്നള്ളിക്കാൻ അനുമതി നൽകുകയുമുണ്ടായി.

പൂരങ്ങളിലെ ക്രൂരത

ഒരു സാംസ്‌കാരിക പൈതൃകം എന്ന നിലക്ക് മാത്രമാണൊ ഇത്രയും ആളുകൾ ആനകളെ കാണാൻ പൂരങ്ങളിൽ തടിച്ചുകൂടുന്നത്? അതോ അപകടകാരി എന്ന് മുദ്രകുത്തിയ ഒരു വന്യ മൃഗത്തെ മനുഷ്യന്റെ ചൊൽപ്പടിക്ക് നിൽക്കുന്നത് കാണുമ്പോൾ അഡ്രിനാലിൻ ഉണർത്തുന്ന ആണത്വ ഗർവ്വ് അനുഭവിക്കാനോ? പരമ്പരാഗതമായി തുടർന്നു വരുന്ന ഒരു സാംസ്‌കാരിക ആഘോഷം മാത്രമല്ല ഇന്ന് പൂരങ്ങൾ. ഒരു ക്രൂര കായികവിനോദം എന്ന തലത്തിലേക്ക് ഇവ മാറിക്കൊണ്ടിരിക്കുന്നു. പൂരങ്ങളുടെ അപകടങ്ങളിൽ മരിക്കുന്നത് പാപ്പാന്മാർ മാത്രമല്ല ആനകളും കൂടിയാണ്. കേരളത്തിൽ നിന്നുള്ള ആനിമൽ റൈറ്റ് ആക്ടിവിസ്റ്റ് ആയ എന്റെ സഹപ്രവർത്തകൻ 2016 മുതൽ ഇന്നുവരെ ഏകദേശം 190 നാട്ടാനകളുടെ മരണം രേഖപ്പെടുത്തിയിട്ടുണ്ട്, ശരാശരി മാസത്തിൽ മൂന്ന് മരണം. ഇന്ത്യയിലെ ഏത് ഇടത്തേക്കാളും മോശമായ അവസ്ഥയാണിത്. ആകെയുള്ള 27000 ആനകളിൽ ശരാശരി 100 ആനകൾ പ്രതിവർഷം ഇന്ത്യയിൽ അപമൃത്യു വരിക്കാറുണ്ട് (0.3%). എന്നാൽ ഏകദേശം അഞ്ഞൂറോളം ആനകൾ ഉള്ള കേരളത്തിൽ പ്രതിവർഷം 35 മുതൽ 40 നാട്ടാനകൾ മരിക്കുന്നു. ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ വെച്ച് താരതമ്യം ചെയ്താലും ഏറ്റവും ഉയർന്ന മരണ നിരക്കാണിത് (8%). ആനകൾ 80 വയസ്സുവരെ കാട്ടിൽ ജീവിക്കാറുണ്ട്, എന്നാൽ കേരളത്തിൽ 40 വയസ്സിനു മുന്നേ മരിക്കുന്ന ആനകളുടെ എണ്ണം വളരെ കൂടുതലാണ്. ഒരു വർഷം രാജ്യത്ത് അപമൃത്യു വരിക്കുന്ന കാട്ടാനകളുടെ എണ്ണത്തേക്കാൾ 30 മടങ്ങ് കൂടുതലാണ് കേരളത്തിലെ നാട്ടാനകളുടെ എണ്ണം. ഇത് ഒരു ദേശീയ പ്രതിസന്ധിയാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള അമ്പലപ്പുഴ വിജയകൃഷ്ണൻ എന്ന 51 വയസ്സുള്ള ആന പൂരാഘോഷത്തിന്റെ തയ്യാറെടുപ്പും അതുമൂലമുള്ള സമ്മർദ്ദവും സഹിക്കാനാവാതെ ഏപ്രിൽ എട്ടിന് മരിക്കുകയുണ്ടായി. സാമൂഹ്യ പ്രവർത്തകരുടെ പ്രതിഷേധവും ദിനംപ്രതി മോശമായി കൊണ്ടിരിക്കുന്ന ആനയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള തെളിവുകൾ ഉണ്ടായിട്ടും (നിരന്തരമുള്ള തളച്ചിടൽ മൂലം അവന്റെ കാലുകൾ നീര് വന്നു പഴുത്ത് പൊട്ടിയിരുന്നു) സർക്കാർ മൃഗഡോക്ടർമാർ ആനയെ ഉത്സവത്തിന് എഴുന്നള്ളിക്കാൻ വെള്ളക്കൊടി കാട്ടുകയും കൊല്ലത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകാനുള്ള അനുമതി നൽകുകയും ചെയ്തു.

2003 ലാണ് കേരളത്തിൽ ആദ്യമായി നാട്ടാന ക്ഷേമ ചട്ടങ്ങൾ നിയമമാകുന്നത്, ഇതിനുശേഷം 2012ൽ പുതിയ ചട്ടങ്ങൾ കൊണ്ടുവരികയും ചെയ്തു. ഇതുകൂടാതെ പൂരത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ആനകളെ ഏതെങ്കിലും വിധേയനെ പീഡനത്തിന് ഇരയാക്കിയെന്ന പരാതി ലഭിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും സുപ്രീംകോടതി 2015ൽ മുന്നറിയിപ്പ് നൽകി. എന്നാലും പൂരങ്ങളിൽ ആനകൾക്കെതിരെ നിരന്തരം തുടർന്നുകൊണ്ടിരിക്കുന്ന പീഡന സംസ്‌കാരം, ക്ഷേമം ഉറപ്പു വരുത്തേണ്ടത് നമ്മുടെ ഭരണകൂടത്തിന്റെ പിടിപ്പുകേഡിലേക്ക് വിരൽചൂണ്ടുന്നു.

ഒരു വർഷം രാജ്യത്ത് അപമൃത്യു വരിക്കുന്ന കാട്ടാനകളുടെ എണ്ണത്തേക്കാൾ 30 മടങ്ങ് കൂടുതലാണ് കേരളത്തിലെ നാട്ടാനകളുടെ എണ്ണം. ഇത് ഒരു ദേശീയ പ്രതിസന്ധിയാണ്. / Photo : Wikimedia Commons.

പ്രതികരിക്കേണ്ട സമയമായി

സാലി വർമ്മ പ്രീതി ശ്രീവത്സൻ എന്ന 2 മലയാളി ആനിമൽ ആക്ടിവിസ്റ്റുകൾ തൃശ്ശൂരിലെ ഒരു അമ്പലത്തിനു പുറത്ത് ഒരു പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി, ഇതിനെതിരെ പ്രതികാരബുദ്ധിയോടുകൂടി ഉണ്ടായ ഒട്ടനവധി സ്ത്രീവിരുദ്ധ പരാമർശങ്ങളും ഭക്തരായ പുരുഷ ജനങളുടെ ആക്രമണങ്ങളും ഇവർ ധൈര്യ പൂർവ്വം നേരുട്ടു.
കാളിദാസൻ എന്ന പേരുള്ള പൂരത്തിന് തയ്യാറാക്കിയ ആനയ്ക്ക് ദിവസവും കുടിക്കാനും ശരീരം തണുപ്പിക്കാനും വെള്ളം കൊടുക്കണമെന്ന് ആവശ്യമായിരുന്നു ഇവർ ഉയർത്തിയത്. ആറു മണിക്കൂറോളം ചുട്ടുപൊള്ളുന്ന വെയിലിൽ തണലു പോലും ലഭിക്കാതെ തളച്ചിട്ടത്തിന് ശേഷം വൈകുന്നേരം 3:30യോട് കൂടുയാണ് അവനു വെള്ളം കൊടുത്തത്.
ക്ഷേമപദ്ധതികളുടെ, (പൂരത്തിന് ഉപയോഗിക്കുന്ന ആനകൾക്ക് മെച്ചപ്പെട്ട താമസവും ജോലി സാഹചര്യവും ഒരുക്കി കൊടുക്കുക എന്നത് ) സമയം കഴിഞ്ഞു. ഇത് പരീക്ഷിച്ചു പരാജയപ്പെട്ടതാണ്. കഴിഞ്ഞ മാസം പരമേശ്വരൻ എന്ന ആനയ്ക്ക് സംഭവിച്ചത് ഇതിനെ അന്വർത്ഥമാക്കുന്നു . പരമേശ്വരന് മതപ്പാടുണ്ടായിരുന്നു- ആനകളെ ജോലിക്ക് ഉപയോഗിച്ചു കൂടാത്ത സമയമാണിത്, മാത്രവുമല്ല ഉടമസ്ഥന്റെ പക്കൽ അത്യാവശ്യം വേണ്ടിയിരുന്ന മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഇല്ലായിരുന്നു, എന്നിരിക്കെ നിറമാല ആഘോഷം അനുഷ്ടിക്കാൻ വേണ്ടി പാപ്പാനിൽ നിന്നും നിഷ്‌കരുണം മർദ്ദനങ്ങൾ ഏറ്റുവാങ്ങി പരമേശ്വരൻ.

ആന മൂലമുണ്ടായ അപകടങ്ങൾക്കു ആനയെ മാത്രം പഴിചാരി പരിചയിച്ച ജനസമൂഹം ആനക്കാരനും ദീപസ്തംഭത്തിനുമേറ്റ അനിഷ്ടത്തിന് പതിവിൽ നിന്ന് വിപരീതമായി പാപ്പാന്റെയും ഉടമസ്ഥന്റെയും നേരെയാണ് വിരൽചൂണ്ടിയത്. പൊതുസമൂഹത്തിന്റെ ആന പ്രേമവും, അവ അനുഭവിക്കുന്ന പീഡനത്തെകുറിച്ചുള്ള ബോധ്യവും ഒത്തുചേർന്ന മുഹൂർത്തമായിരുന്നു അത്. ഒരു പുതു ധാർമിക ബോധത്തിലേക്ക് ഉള്ള ചുവടുവെപ്പാണിത്. എല്ലാ മതപരമായ ചടങ്ങുകളിൽ നിന്നും ഘോഷയാത്രകളിൽ നിന്നും നാം ആനകളെ പരിപൂർണ്ണമായി ഒഴിവാക്കേണ്ടതുണ്ട്.

ഒട്ടനവധി തരത്തിൽ രാജ്യത്തിന് മാതൃകയാകുന്നു സംസ്ഥാനമാണ് കേരളം - പിന്നെ ആന സംരക്ഷണത്തിന്റെ കാര്യത്തിൽ എന്തിനു പുറകോട്ടു പോണം? കേരളത്തിന്റെ സംസ്ഥാന ചിഹ്നത്തെ താങ്ങിനിർത്തുന്നത് രണ്ട് ആനകളാണ്, ഒട്ടുമിക്ക തവണയും കേരളത്തെ ലോകത്തിനുമുന്നിൽ പ്രതിനിധാനം ചെയ്യുന്നതും ആനകളാലാണ്. 2021ലെങ്കിലും ഈ മൃഗം അക്രമത്തിനും ചൂഷണത്തിനും ഇരയാകാൻ പാടില്ല. നിർണ്ണായമായ നടപടികളാണ് നമുക്കാവശ്യം. അതിനൊപ്പം തമിഴ്‌നാട്ടിലെ വിധിന്യായത്തിൽ നിന്നും കുറച്ചു പ്രചോദനവും.

(സ്​​ക്രോൾ ഡോട്ട്​ ഇന്നിൽ വന്ന ലേഖനത്തിന്റെവിവർത്തനം : മാനസഗുരു.ബി, ഷാക്കിർ. പി. )

Comments