അനിലേട്ടാ നിങ്ങളോട് എനിക്കും അമർഷമുണ്ട്

നിൽ മുരളിയെ ആദ്യമായി കാണുന്നത് എന്റെ ആദ്യ സിനിമയായ നായകന്റെ സെറ്റിൽവെച്ചാണ്. കൂസലില്ലാത്ത പ്രകൃതവും നോട്ടവും അയാളെ ഞാൻ സിനിമയിലെത്തുന്നതിനു മുമ്പേ വില്ലനാക്കിയിരുന്നു. അതുവരെ അഭിനയിച്ചുവന്ന പാറ്റേണിൽ നിന്ന് വ്യത്യസ്തമായ ഒരു വേഷമായിരുന്നതുകൊണ്ടും നെടുങ്കൻ ഡയലോഗുകൾ ഇല്ലാതിരുന്നതുകൊണ്ടും പുതിയ പിള്ളേരുടെ സിനിമ ആയതുകൊണ്ടും ഒരു പരുക്കൻമട്ട് അയാളിൽ പ്രകടമായിരുന്നു. അടുക്കാൻ ഞാനും കുറച്ചു മടി കാണിച്ചു. പക്ഷേ ഇയാളൊരു പാവം വില്ലനാണെന്ന് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ മനസിലായി. ഈ സിനിമയിലേത് സ്ഥിരം വില്ലൻ വേഷമല്ലെന്ന് അയാൾക്കും മനസ്സിലായിരുന്നു. നായകനിൽ അയാൾ ഹൃദയമുളള ഗുണ്ടയായിരുന്നു. സംസാരിച്ചുവന്നപ്പോൾ കുറച്ചുകാലമായി സിനിമയിൽ ഇടിമാത്രം മേടിക്കുന്നതിലുള്ള മനോവിഷമവും പുറത്തുവന്നു. എടാ വാടാ പോടാ വിളികളും തുറന്ന സംസാരവും എന്തും വെട്ടിത്തുറന്നുള്ള പറച്ചിലും നിഷേധിയുടെ ശരീരഭാഷയുമെല്ലാം അയാൾ ഉടനീളം കൊണ്ടുനടന്നു. പക്ഷേ ഇടയ്‌ക്കെപ്പോഴോ ഒരു പച്ചമനുഷ്യൻ അയാളിൽ നിന്ന് തലനീട്ടുന്നത് ശ്രദ്ധിച്ചിരുന്നു.

നായകനുശേഷം അനിൽ മുരളി "ലിജോ'യുടെ "സിറ്റി ഓഫ് ഗോഡി'ൽ നല്ലൊരു വേഷം ചെയ്തു. ലിജോ പലപ്പോഴും അങ്ങനെയാണ്. ഇഷ്ടപ്പെട്ടാൽ ഒരു നടൻ പെട്ടെന്ന് കമ്പനി ആർട്ടിസ്റ്റായി മാറുന്നത് കാണാം. അത് ആമേനിലും ആവർത്തിച്ചു. ആമേനിലെ വാക്കിന് വിലകൽപ്പിക്കുന്ന അച്ചായനെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. ഇടയ്ക്ക് സംസാരത്തിനിടയിലെപ്പോഴോ ഗിരീഷ് പുത്തഞ്ചേരി കയറിവന്നു. പുത്തഞ്ചേരി മരിച്ചതിൽ പുത്തഞ്ചേരിയോട് അമർഷമുള്ള ഒരാളെ ഞാൻ കാണുകയായിരുന്നു. എത്രയോ എഴുതാൻ ബാക്കിയുണ്ടായിരുന്ന ഒരാളായിരുന്നു എന്നു കയർക്കുന്നതും കണ്ടു. അപ്പോൾ മകനോ മകളോ വിളിച്ചു. എവിടെയോ നിന്ന് വിളിക്കുകയാണ്. കൂട്ടാൻ ആരും വന്നില്ലെന്നോ മറ്റോ പറഞ്ഞിട്ടുണ്ടാകണം. അവിടെ നിന്ന് ഓട്ടോയെടുത്ത് വീട്ടിലെത്താൻ നിർദ്ദേശിക്കുന്നതു കേട്ടു. മക്കളോടുള്ള ആ കരുതലിൽ നായകനിലെ കുടുംബസ്ഥനായ ഗുണ്ടയെയാണ് എനിക്കപ്പോൾ ഓർമ്മവന്നത്. ആമേനുശേഷം ലിജോയുടെ ഡബിൾ ബാരലിലും അനിൽമുരളിയുണ്ടായിരുന്നു. സിറ്റി ഓഫ് ഗോഡിലെ പൊടിയാടി സോമൻ ലിജോയ്ക്ക് ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു. മറ്റേതോ സിനിമയിൽ അതേ കഥാപാത്രത്തെ ഉൾപ്പെടുത്താൻ ലിജോ ആലോചിച്ചിരുന്നു.

ഇപ്പോഴിതാ അനിൽ മുരളിയും വിട്ടുപോയിരിക്കുന്നു. അനിലേട്ടാ, നിങ്ങളന്ന് ഗിരീഷ് പുത്തഞ്ചേരിയുടെ മരണത്തിൽ പ്രകടിപ്പിച്ചതുപോലുള്ള അമർഷമാണ് എനിക്കിപ്പോൾ നിങ്ങളോട് തോന്നുന്നത്. അത് എന്താണെന്ന് ഇപ്പോൾ പറയാൻ വയ്യ. എത്രയോ നല്ല കഥാപാത്രങ്ങൾ നിങ്ങൾക്ക് വേണ്ടി കാത്തിരിപ്പുണ്ടായിരുന്നു. പെട്ടെന്നൊരു ദിവസം മേക്കപ്പഴിച്ചു വച്ച് ക്യാമറയുടെ പിന്നിലേക്ക് നിങ്ങൾ പോയിരിക്കുന്നു. വിട...


പി.എസ് റഫീഖ്

കഥാകൃത്ത്​, തിരക്കഥാകൃത്ത്​, ചലച്ചിത്ര ഗാനരചയിതാവ്​, നടൻ​. സദ്ദാമിന്റെ ബാർബർ, കടുവ എന്നീ കഥാ സമാഹാരങ്ങൾ. നായകൻ, ആമേൻ, ഉട്ടോപ്യയിലെ രാജാവ്, തൊട്ടപ്പൻ എന്നീ സിനിമകളുടെ തിരക്കഥ രചിച്ചു. അങ്കമാലി ഡയറീസ്, ഗോൾഡ് കോയിൻസ്, ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.

Comments