വഖഫ് ബോർഡിലേക്ക് പി.എസ്.സി;
എന്തിന് യോജിപ്പ്?
എന്തിന് വിയോജിപ്പ്?
വഖഫ് ബോർഡിലേക്ക് പി.എസ്.സി; എന്തിന് യോജിപ്പ്? എന്തിന് വിയോജിപ്പ്?
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള ബിൽ സര്‍ക്കാര്‍ പാസാക്കിയതോടെ അനുകൂലവും പ്രതികൂലവുമായ വാദങ്ങളുയരുകയാണ്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് മുസ്‌ലിംലീഗ് വാദിക്കുമ്പോള്‍ സമുദായത്തിന്റെ പൊതു താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഹായകമാകുമെന്നാണ് എ.പി.വിഭാഗം സുന്നികൾ പറയുന്നത്. ദേവസ്വം ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാത്ത സർക്കാർ നടപടിയും ചർച്ചയാകുന്നുണ്ട്
12 Nov 2021, 05:36 PM
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള ബിൽ കേരള സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയതോടെ അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ ഉയരുകയാണ്. 112 തസ്തികകളിലേക്ക് മാത്രമാണ് നിയമനമെങ്കിലും ദൂരവ്യാപക പ്രത്യാഘാതം ഇതുണ്ടാക്കുമെന്ന് മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും നിയമനങ്ങള്‍ പി.എസ്.എസിക്ക് വിടുന്നത് വഴി ബോര്‍ഡിന്റെ പ്രവര്‍ത്തനം സുതാര്യവും ശാസ്ത്രീയവുമാകുമെന്ന് സര്‍ക്കാറും ഉറപ്പിച്ചുപറയുന്നു.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്ന 2021ലെ കേരള പബ്ലിക് സര്‍വിസ് കമീഷന്‍ (വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള സര്‍വിസുകള്‍ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ബില്ലാണ് നിയമസഭ പാസാക്കിയത്. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. നിയമനം പി എസ് സിക്ക് വിടാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. ഈ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണ് പാസാക്കിയിരിക്കുന്നത്.
വഖഫ് ബോര്‍ഡ് ചെയ്യുന്നത്
ഗവണ്‍മെന്റിനു കീഴിലുള്ള ഒരു സ്റ്റാറ്റ്യൂറ്ററി സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. 1995 ലെ കേന്ദ്ര വഖഫ് നിയമ പ്രകാരം കേരള സര്‍ക്കാര്‍ രൂപീകരിച്ച സ്ഥാപനമാണ് കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്. 1954-ല്‍ ഇന്ത്യ ഗവണ്‍മെൻറ് രൂപം നല്‍കിയ കേന്ദ്ര വഖഫ് ആക്റ്റ് അനുസരിച്ചാണ് രാജ്യത്തെ വഖഫ് ബോർഡുകള്‍ രൂപീകരിച്ചത്. സംസ്ഥാനത്തെ മുസ്‌ലിം പള്ളികള്‍, അനാഥാലയങ്ങള്‍, ദര്‍ഗകള്‍, വസ്തുക്കള്‍ തുടങ്ങിയ വഖഫ് സ്ഥാപനങ്ങളുടെയും സ്ഥാവരജംഗമ വസ്തുക്കളുടെയും പൊതുവായ മേല്‍നോട്ടം, വഖഫ് സ്വത്തുക്കളുടെ വിശദമായ രേഖകള്‍ സൂക്ഷിക്കുക, അവയുടെ ആദായം നിശ്ചിത ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു മാത്രമാണ് ചെലവിടുന്നതെന്ന് ഉറപ്പുവരുത്തുക, കോടതി നടപടികളില്‍ ഭാഗമാക്കുക, നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മേല്‍നോട്ടക്കാരെ മാറ്റുക തുടങ്ങിയ കര്‍ത്തവ്യങ്ങളാണ് വഖഫ് ബോര്‍ഡ് നിര്‍വഹിക്കുന്നത്.
വഖഫ് നിയമം അനുശാസിക്കുന്നപ്രകാരം വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട ആറ് പേരും നാമനിര്‍ദേശം ചെയ്യപ്പെട്ട നാല് പേരും ഉള്‍പ്പെടുന്നതാണ് വഖഫ് ബോര്‍ഡിന്റെ ഭരണസമിതി. അഞ്ചുവര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. ബോര്‍ഡ് അധ്യക്ഷനെ അംഗങ്ങളാണ് തെരഞ്ഞെടുക്കുന്നത്. വഖഫ് സ്വത്തുക്കള്‍ മുസ്‌ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ വിശ്വാസ - ആചാര അനുഷ്ഠാനങ്ങള്‍ക്കനുസൃതമായി നിയന്ത്രിക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥമാണ്.
ഒമ്പത് പേരുടെ സംഘമാണ് വഖഫ് ബോര്‍ഡ് ഭരണം നടത്തുന്നത്. ചെയര്‍മാനെ കൂടാതെ മറ്റ് അംഗങ്ങളില്‍ രണ്ടു പേര്‍ നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എ, എംപിമാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഇസ്ലാം വിശ്വാസിയായ ഒരു എം.എല്‍.എയും ഒരു എം.പിയുമായിരിക്കും. ഹൈക്കോടതിയിലെ ബാര്‍ കൗണ്‍സിലില്‍ നിന്ന്തെരഞ്ഞെടുക്കപ്പെടുന്ന ഇസ്ലാം വിശ്വാസിയായ ഒരു അഭിഭാഷകൻ, ഒരു ലക്ഷം രൂപ വരുമാനമുള്ള മഹല്ലുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് മുത്തവല്ലിമാര്‍, ശരീയത്ത് നിയമം അറിയുന്ന സമൂഹിക പ്രവര്‍ത്തകരായ രണ്ടു പേര്‍, ഒരു ഗവണ്‍മെൻറ് സെക്രട്ടറി എന്നിവരാണ് വഖഫ് ബോര്‍ഡിലെ ഒമ്പതു പേര്‍. അവസാനത്തെ മൂന്നു പേരെ സര്‍ക്കാരാണ് നോമിനേറ്റ് ചെയ്യുന്നത്. വഖഫ് ചെയ്ത വസ്തുവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സ്വത്ത് സംരക്ഷിക്കുകയാണ് വഖഫിന്റെ പ്രധാന ചുമതല.
വഖഫിന്റെ സ്വഭാവമുള്ള എല്ലാ സ്ഥാപനങ്ങളും സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഒരു പ്രോപ്പര്‍ട്ടി അള്ളാഹുവിന് സമര്‍പ്പിക്കുകയാണെങ്കില്‍ അത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
വഖഫ് സ്വത്തുക്കള്‍ വില്‍ക്കാന്‍ ബോര്‍ഡിന് അധികാരമില്ല. കാരണം അത് ‘ദൈവത്തിന് സമര്‍പ്പിച്ച’താണ്. അവ സംരക്ഷിക്കാനാണ് ബോര്‍ഡ്. വഖഫ് സ്വത്തുക്കളില്‍ ഓഡിറ്റ് നടത്തി കണക്കുകള്‍ കൃത്യമായി സൂക്ഷിക്കേണ്ടതും അതില്‍ എന്തെങ്കിലും വിധത്തില്‍ അഴിമതി കണ്ടാല്‍ നടപടി സ്വീകരിക്കാനും വഖഫിന് അധികാരമുണ്ട്.

സംസ്ഥാന വഖഫ് ബോര്‍ഡില്‍ കേന്ദ്രത്തിന് കാര്യമായ റോളില്ല. കേന്ദ്ര അപക്‌സ് ബോഡിയാണ് സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍. അതിന്റെ എക്സ് ഒഫീഷ്യോ ചെയര്‍മാന്‍ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ആണ്. എല്ലാ സംസ്ഥാന വഖഫ് ബോര്‍ഡുകളെയും നിയന്ത്രിക്കുന്നത് കേന്ദ്ര അപക്‌സ് ബോഡിയാണ്. വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടുണ്ടാക്കി നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അയച്ചുകൊടുക്കാന്‍ അധികാരമുണ്ട്.
രാജ്യത്തെ മൂന്നാമത്തെ വലിയ ഭൂ ഉടമ
ഇസ്‌ലാമിക രാജ്യങ്ങളിലെ മന്ത്രിസഭയില്‍ അതിപ്രധാന വകുപ്പായാണ് വഖഫ് സ്വത്തുക്കളെ പരിഗണിച്ചുപോരുന്നത്. നൂറുകണക്കിന് വര്‍ഷങ്ങളുടെ ചരിത്രവും അനുദിനം വികസിച്ചു വരുന്നതുമായ വഖഫ് സ്വത്തുക്കള്‍ പ്രത്യേക ബോര്‍ഡുകള്‍ക്ക് കീഴിലായാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനങ്ങളില്‍ പ്രത്യേകമായി വഖഫ് ബോര്‍ഡുകള്‍ നിലനിന്നുപോരുന്നതോടൊപ്പം ഇവക്ക് മുകളിലായി കേന്ദ്ര ന്യൂനപക്ഷ വകുപ്പിന് കീഴില്‍ സെന്‍ട്രല്‍ വഖഫ് കൗണ്‍സിലും പ്രവര്‍ത്തിച്ചുവരുന്നു. 2009ല്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന കെ.റഹ്‌മാന്‍ ഖാന്‍ രാജ്യസഭയെ അറിയിച്ചത് നാലു ലക്ഷത്തോളം ഏക്കര്‍ ഭൂമി വഖഫ് സ്വത്തുക്കളായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ്. ഇതുപ്രകാരം റെയില്‍വേയും പ്രതിരോധ വകുപ്പും കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ ഭൂ ഉടമസ്ഥ വഖഫ് ബോര്‍ഡിന്റെ കൈയ്യിലാണെന്ന് സബ നഖ്‌വി ഔട്ട്‌ലുക് മാഗസിനിലെഴുതിയ ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്.
രാജ്യത്തെ പലസംസ്ഥാനങ്ങളിലും വഖഫ് ബോര്‍ഡുകള്‍ നിരന്തരം വിവാദങ്ങളിലും കോടതി വ്യവഹാരങ്ങളിലുമെത്തുമ്പോഴും കേരളത്തില്‍ സുതാര്യമായും ശാസ്ത്രീയമായും വഖഫ് സ്വത്തുക്കള്‍ സംരക്ഷിച്ചുവരുന്നു എന്നാല്‍ സംസ്ഥാന വഖഫ് ബോർഡിലെ നിയമനം കൂടുതല്‍ കാര്യക്ഷമകേണ്ടതുണ്ട് എന്നാണ് സർക്കാർ ബില്ലിലൂടെ വ്യക്തമാക്കുന്നത്.
മുസ്ലിം ലീഗ് എതിർക്കുന്നു
പുതിയ ബിൽ വഖഫ് ബോര്‍ഡിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും പി.എസ്.സിക്ക് വിടുന്നതിന് പകരം വഖഫ് ബോര്‍ഡ് റിക്രൂട്ട്മെന്റ് ബോര്‍ഡിന് രൂപം നല്‍കുകയാണ് വേണ്ടതെന്നുമാണ് പ്രതിപക്ഷം പറയുന്നത്. പി.എസ്.സി മുഖേനയാവുന്നതോടെ മുസ്‌ലിംകള്‍ക്ക് മാത്രം നിയമനമെന്ന നിഷ്‌കര്‍ഷത ഭാവിയില്‍ നീതിപീഠങ്ങള്‍ക്കുമുമ്പാകെ ചോദ്യംചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ബില്ലിനെ ശക്തമായി എതിര്‍ക്കുന്ന മുസ്‌ലിം ലീഗിന്റെ വാദം.
‘‘മുസ്‌ലിം മതവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള മാത്രമാണ് നിയമിക്കുക എന്ന് ഇടപക്ഷ സര്‍ക്കാര്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ബോധപൂര്‍വ്വ എഴുതിച്ചേര്‍ത്തതാണ്. സര്‍ക്കാറിന് കീഴിലുള്ള ഒരു സ്ഥാപനത്തിലെ തൊഴിലിന് ഒരു വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമായി നീക്കിവെക്കുമ്പോള്‍ ഭാവിയില്‍ അത് കോടയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെ റദ്ദാക്കിയാല്‍ എല്ലാ വിഭാഗം ആളുകള്‍ക്കും തൊഴില്‍ ലഭിക്കുന്ന അവസ്ഥയുണ്ടാകും. അപ്പോൾ സ്വാഭാവികമായും ചെറിയൊരു ശതമാനം മാത്രമായിരിക്കും ബോര്‍ഡില്‍ മുസ്‌ലിം വിഭാഗം ഉണ്ടാവുക. ചില ഘട്ടങ്ങളില്‍ പള്ളികളിലെയും മദ്രസകളുടെയും മതസ്ഥാപനങ്ങളുടെയുമൊക്കെ നിയന്ത്രണം വഖഫ് ബോര്‍ഡ് ഏറ്റെടുക്കുന്ന ഘട്ടങ്ങളുണ്ട്. അപ്പോള്‍ മുസ്‌ലിംകള്‍ അല്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് ഈ നിയന്ത്രണ ചുമതലകള്‍ വരും. അത് അനഭിലഷണീയമായ പ്രവണതകള്‍ക്ക് തെറ്റിദ്ധാരണകള്‍ക്കും വഴിവെക്കും. ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന് ഹൈക്കോടതി പറഞ്ഞത് പോലെ ഈ ബില്ലിലും അങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ന്യായമായും ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഭാവിയില്‍ ഈ ബില്ലിന് കോടതിയില്‍ തിരിച്ചടി ലഭിക്കുമെന്ന് അറഞ്ഞ് കൊണ്ട് തന്നെയാണ് സര്‍ക്കാര്‍ ബില്ല് പാസാക്കിയിട്ടുള്ളത് എന്നുറപ്പാണ്''- മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം തിങ്കിനോട് പറഞ്ഞു.
ഒരു പ്രത്യേക മതത്തിനായി നിയമനം പി.എസ്.സി മാന്വല്‍ വഴി സാധ്യമല്ലായെന്ന സര്‍വിസ് - നിയമവൃത്തങ്ങളിലെ ചട്ടം ചൂണ്ടിക്കാട്ടിയാണ് ലീഗ് ബില്ലിനെ എതിര്‍ക്കുന്നത്. തുല്യനീതിക്കും അവസര സമത്വത്തിനും വിരുദ്ധമാണ് ഇത്തരം നിയമനമെന്ന വാദം ഭാവിയില്‍ ഉയര്‍ന്നുവരുവാന്‍ സാധ്യത വളരെയേറെയാണെന്നാണ് സംസ്ഥാന വഖഫ് ബോര്‍ഡ് അംഗം പി.വി. സൈനുദ്ദീന്‍ മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നത്. മുസ്‌ലിം പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് സച്ചാര്‍ സമിതിയുടെ ശിപാര്‍ശയനുസരിച്ച് 100 ശതമാനവും മുസ്‌ലിംകള്‍ക്ക് നല്‍കേണ്ടുന്ന സ്‌കോളര്‍ഷിപ്പ് ആനുകൂല്യം പാലോളി റിപ്പോര്‍ട്ട് പ്രകാരം 80-20 അനുപാതത്തിലാക്കുകയും കേരള ഹൈകോടതി അത് റദ്ദ് ചെയ്ത് 50:50 അനുപാതത്തിലാക്കിയതിന്റെ സമാന അവസ്ഥ ഇതിലും സംഭവിക്കുമെന്നുമാണ് സൈനുദ്ദീന്‍ പറയുന്നത്.
മുസ്‌ലിം സംഘടനകളുടെ നിലപാട്
നിയമനം പി.എസ്.സിക്ക് വിടുന്നതില്‍ മുസ്‌ലിം സംഘടനകള്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. രാഷ്ട്രീയ നിയമനങ്ങള്‍ വഴി കഴിവുള്ളവര്‍ക്ക് അവസരം നിഷേധിക്കപ്പെട്ട സ്ഥിതി മാറുന്നത് സമുദായത്തിന്റെ പൊതു താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഹായകമാകുമെന്നാണ് സമസ്ത കേരള എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി ഹക്കീം അസ്ഹരി തിങ്കിനോട് പറഞ്ഞത്: ‘‘കേരളത്തിലെ സുന്നി സംഘടനകളുടെ ദീര്‍ഘ കാലത്തെ ആവശ്യമാണ് വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ് സിക്ക് വിടണം എന്നത്. കേരളത്തിലെ വഖഫ് സ്വത്തുക്കള്‍ 99 ശതമാനവും സുന്നികളുടെതാണ്. എന്നാല്‍ ഇതിന്റെ നടത്തിപ്പിന്റെ നിയന്ത്രണം നിര്‍വ്വിക്കുന്ന വഖഫ് ബോര്‍ഡിലെ നിയമനങ്ങളില്‍ സലഫികള്‍ക്കായിരുന്നു മേല്‍കൈ. രാഷ്ട്രീയ നിയമനങ്ങള്‍ ആയിരുന്നു ഇതെല്ലാം തന്നെ. ഫലമായി സംഭവിച്ചതോ, പല വഖഫ് സ്വത്തുക്കളും സുന്നികള്‍ക്ക് നഷ്ടപ്പെട്ടു. വഖഫ് ചെയ്ത ആളുകളുടെ ഉദ്ദേശ്യ ലക്ഷ്യത്തില്‍ നിന്നും വിഭിന്നമായി വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യപ്പെടരുത് എന്നാണ് ഇസ്ലാമിക നിയമം. ആ അടിസ്ഥാന തത്വം ലംഘിച്ചാണ് പലപ്പോഴും വഖഫ് ബോര്‍ഡ് പ്രവര്‍ത്തിച്ചത്. കോഴിക്കോട്ടെ മുഹ്യുദ്ദീന്‍ പള്ളിയും ശാദുലി പള്ളിയും സുന്നികള്‍ക്ക് നഷ്ടപ്പെട്ടത് ഇതിന്റെ ഉദാഹരണമാണ്. ഇത്തരം ആയിരക്കണക്കിന് നഷ്ടങ്ങള്‍ സുന്നികള്‍ക്ക് സംഭവിച്ചത് വഖഫ് ബോര്‍ഡിലെ രാഷ്ട്രീയ നിയമനങ്ങള്‍ കാരണമാണ്. ആ അവസ്ഥക്ക് മാറ്റം വരാന്‍ പുതിയ തീരുമാനം സഹായകമാകും. പി എസ് സി നിയമനം വഴി സമുദായത്തിലെ കഴിവുള്ള ഉദ്യോഗാര്‍ത്ഥി കള്‍ തൊഴില്‍ മേഖലയില്‍ എത്തിപ്പെടും. രാഷ്ട്രീയ നിയമനങ്ങള്‍ വഴി കഴിവുള്ളവര്‍ക്ക് അവസരം നിഷേധിക്കപ്പെട്ട സ്ഥിതി മാറുന്നത് സമുദായത്തിന്റെ പൊതു താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഹായകമാകും. പി എസ് സി വിടുമ്പോള്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരെ മാത്രമേ നിയമിക്കൂ എന്നതിനാല്‍ സമുദായത്തിന് ഒരു നഷ്ടവും സംഭവിക്കുന്നു മില്ല. കേരളത്തിലെ മുസ്ലിംകള്‍ക്കിടയിലേ കക്ഷി രാഷ്ട്രീയ തര്‍ക്കങ്ങളുടെ ഭാഗമായി വഖഫ് സ്വത്തുക്കള്‍ മാറുന്ന സ്ഥിതി മാറണം. അതിനു സര്‍ക്കാരിന്റെ പുതിയ നീക്കം സഹായകമാകും എന്നാണ് പ്രതീക്ഷ’’ - ഡോ.ഹക്കിം അസ്ഹരി വ്യക്തമാക്കി.

നിരീശ്വരവാദി ഭരിക്കുമെന്ന് ഇ.കെ. വിഭാഗം
ദേവസ്വം ബോഡ് നിയമനം ഹൈന്ദവ വിശ്വാസികള്‍ക്ക് മാത്രമാക്കിയ പോലെ വഖഫ് ബോഡ് മുസ്‌ലിംകള്‍ക്ക് മാത്രമാണ്. എന്നാല്‍ ദേവസ്വം ബോഡില്‍ ഹൈന്ദവ നാമധാരിയായ നിരീശ്വരവാദി കടന്നുവരാതിരിക്കാന്‍ ബോർഡിന് ശ്രദ്ധിക്കാം. ആ അധികാരം വഖഫ് ബോർഡിന് മാത്രം എടുത്തുമാറ്റുന്നതിലൂടെ മുസ്‌ലിം പേരുള്ള (വഖഫില്‍ വിശ്വാസമില്ലാത്ത) നിരീശ്വരവാദിക്കും വഖഫ് ബോഡില്‍ കയറി ഭരിക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കുകയാണെന്നാണ് ഇ.കെ.വിഭാഗം സുന്നികളുടെ നിലപാട്.
പി.എസ്.സി നിയമനത്തിൽ, ഭാവിയില്‍ തുല്യതാ വാദവും ജനസംഖ്യാനുപാതികവാദവും ഉയര്‍ത്തി കോടതിയില്‍ നിന്നുപോലും ഇതര സമുദായക്കാര്‍ക്കും വഖഫ് ബോഡ് ഭരിക്കാന്‍ വിധി ഒപ്പിച്ചെടുക്കാന്‍ അവസരം സര്‍ക്കാര്‍ ഒരുക്കി കൊടുക്കുകയാണെന്നും മുസ്‌ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ട സച്ചാര്‍, പാലോളി പാക്കേജിലെ 100 % മുസ്‌ലിം സമുദായത്തിന്റെ അവസരത്തിന് മൈനോരിട്ടി എന്ന പൊതു നാമം നല്‍കിയും 80:20 അവസരം സൃഷ്ടിച്ചും സര്‍ക്കാര്‍ ഒരുക്കി കൊടുത്തത് വഴി ഒരു വിഭാഗം ക്രൈസ്തവര്‍ കോടതിയിലൂടെ ജനസംഖ്യാനുപാതിക ‘ന്യായം' ഒപ്പിച്ചെടുത്തത് അനുഭവമുള്ളതാണെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി തിങ്കിനോട് പറഞ്ഞു.
‘‘നൂറോളം നിയമനങ്ങൾ വരുന്ന വഖഫ് ബോഡില്‍ നിയമനം പി.എസ്.സിക്ക് വിടുമ്പോള്‍ ആയിരത്തോളം നിയമനമുള്ള ദേവസ്വം ബോർഡ് നിയമനം പി.എസ്.സി വിടാതെ നിയമനാധികാരം ദേവസ്വം ബോഡിന് തന്നെ നല്‍കുന്നത് പ്രകടമായ അനീതിയാണ്. ദേവസ്വം ബോഡ് പി.എസ്.സിക്ക് വിടരുതെന്ന് ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടപ്പോള്‍ അതപ്പടി അംഗീകരിച്ച സര്‍ക്കാര്‍ വഖഫ് ബോഡ് കാര്യത്തില്‍ മുസ്‌ലിം സംഘടനകളുടെ ആവശ്യത്തിന് മുമ്പില്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നു. ഇന്ന് വഖഫ് ബോഡില്‍ കൈവെച്ചത് കേരള സര്‍ക്കാറെന്ന മതേതര ഭരണമാണെങ്കില്‍ ഇതുവഴി നാളെ ഏകതാവാദികളായ സംഘ് പരിവാര്‍ -കേന്ദ്ര ഭരണമാവുമെന്ന് ഉറപ്പുമാണ്. അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരെ വര്‍ഗീയമുദ്ര ചാര്‍ത്തി മുസ്‌ലിം സമുദായത്തെ മൗനികളാക്കാമെന്ന് സര്‍ക്കാര്‍ കരുതരുത്.'' നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
പി.എസ്.സി, അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിൽ മാത്രം
ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന പള്ളികളിലോ മദ്രസകളിലോ ഉള്ള നിയമനം പി.എസ്.സിക്ക് കീഴിലാകുന്നില്ലെന്നും അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിലെ 112 പേരുടെ നിയമനം മാത്രമാണ് പി.എസ്.സിക്ക് വിടുന്നതെന്നും യോഗ്യരായ ആളുകളില്‍ നിന്ന് മിടുക്കരെ കണ്ടെത്താനാണ് നിയമനം പിഎസ് സിക്ക് വിടുന്നതെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.
‘‘വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ വഖഫ് റെഗുലേഷന്‍സ് പ്രകാരം വഖഫ് ബോര്‍ഡ് തന്നെയാണ് നടത്തിയിരുന്നത്. അതിന് അധികാരം വഖഫ് ബോര്‍ഡിന് തന്നെയായിരുന്നു. ഇത് വഖഫ് ആക്ടില്‍ പറയുന്നുണ്ട്. പ്രസ്തുത നിയമത്തിലെ 110ാം വകുപ്പ് പ്രകാരമാണ് വഖഫ് ബോര്‍ഡ്, സംസ്ഥാന സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയോടുകൂടിയും നിയമത്തിനും ചട്ടങ്ങള്‍ക്കും അനുസൃതമായും വഖഫ് റഗുലേഷന്‍സ് നിര്‍മിച്ചത്. ഈ റഗുലേഷനില്‍ 2020ല്‍ വഖഫ് ബോര്‍ഡ് നിര്‍ദേശിച്ച ഭേദഗതിയാണ്, അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിലെ എല്ലാ നിയമനങ്ങളും നടത്താന്‍ പി.എസ്.സിയെ ചുമതലപ്പെടുത്താം എന്നത്.'' വഖഫ് ബോര്‍ഡ് മന്ത്രി വി.അബ്ദുല്‍ റഹ്‌മാന്‍ പറയുന്നു.
നിയമസഭയില്‍ പാസാക്കിയ ബില്ലില്‍ പറയുന്നത് : ‘‘2016 -ലെ കേരള സംസ്ഥാന വഖഫ് ബോര്‍ഡ് റെഗുലേഷനുകളിലെ റെഗുലേഷന്‍ 51), സബ്-റെഗുലേഷന്‍ (2) പ്രകാരം, നേരിട്ടുള്ള നിയമനം നടത്തുന്ന ബോര്‍ഡിലെ ഭരണപരമായ സര്‍വ്വീസിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും എല്ലാ നിയമനങ്ങളും, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് അധിക ചുമതലകള്‍ വിനിയോഗിക്കുന്നതിന് വേണ്ടി ഉണ്ടാക്കുന്ന നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, നല്‍കുന്ന മുസ്ലിം മതവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ സെലക്ട് ലിസ്റ്റില്‍ നിന്നും നടത്തേണ്ടതാണെന്ന് വ്യവസ്ഥ ചെയ്യുന്നു. അതിനാല്‍ വഖഫ് ബോര്‍ഡിലെ ഭരണപരമായ സര്‍വ്വീസുകളിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനങ്ങള്‍, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നടത്തുവാനായി. പ്രസ്തുത ആവശ്യത്തിലേയ്ക്ക് ഒരു നിയമനിര്‍മ്മാണം നടത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.''
ഈ ബില്ലിന്മേല്‍ കോടതിയ്ക്ക് ഏതെങ്കിലും തരത്തില്‍ ഇതില്‍ ഇടപെടാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ഹംസ തിങ്കിനോട് പറഞ്ഞു. അങ്ങനെ സാധിക്കുമെങ്കില്‍ ഇത്തരമൊരു ബില്ലിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കില്ലെന്നും സുതാര്യവും കാര്യക്ഷമതയുമുള്ള ഒരു സ്വതന്ത്ര ബോര്‍ഡ് ഉണ്ടാവാന്‍ ചെയ്ത കാര്യമാണിതെന്നും ഇതില്‍ മുസ്‌ലിം വിഭാഗം ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്നും അദ്ദേഹം പറയുന്നു.
സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
കെ.ടി. കുഞ്ഞിക്കണ്ണൻ
Feb 17, 2023
8 minutes read
Think
Feb 03, 2023
10 Minutes Read
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
കെ.പി. നൗഷാദ് അലി
Jan 10, 2023
7 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read
അശോകകുമാർ വി.
Dec 18, 2022
5 Minutes Read
അജിത്ത് ഇ. എ.
Nov 19, 2022
8 Minutes Read
പി.ബി. ജിജീഷ്
Nov 09, 2022
18 Minutes Read