ജനിതക മാറ്റം വരുത്തിയ ഭക്ഷണത്തിനുവേണ്ടി ഒരു ബിൽ; അരുചികരമായ ചില സംശയങ്ങൾ

ജനിതക മാറ്റം വരുത്തിയ ഭക്ഷണവുമായി ബന്ധപ്പെട്ട ബില്ലിൽ പ്രതികരണം അറിയിക്കാനുള്ള തീയതി, വിദഗ്​ധരുടെ സമ്മർദങ്ങളെ തുടർന്ന്​ ഫെബ്രുവരി അഞ്ചിലേക്ക്​ നീട്ടിയിരിക്കുകയാണ്​. ഭക്ഷ്യസുരക്ഷാ അതോറിറ്റി തയ്യാറാക്കിയ ഈ ബില്ല് വാസ്തവത്തിൽ ഉപഭോക്താക്കൾക്കുവേണ്ടിയല്ലെന്നും മറിച്ച് വലിയ ഭക്ഷ്യ- കാർഷിക വ്യവസായങ്ങളെ സഹായിക്കാൻ വേണ്ടിയാണെന്നും സംശയമുയർന്നുകഴിഞ്ഞു

മ്മുടെ ഭക്ഷണത്തിന്റെ സുരക്ഷിതത്വവും ഗുണവും നിശ്ചയിക്കുന്നത് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ എന്ന, ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. 2011-ലാണിത് സ്ഥാപിതമായത്. ഭക്ഷ്യസുരക്ഷാ നിയമം 2006 നടപ്പിലാക്കാനുള്ള ഒരു ഏജൻസിയായാണിത് പ്രവർത്തിച്ചുവരുന്നത്. ഭക്ഷണത്തിലുണ്ടാകുന്ന കീടനാശിനികൾ, ഓർഗാനിക് ഭക്ഷണം, ജനിതകമാറ്റം വരുത്തിയ ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ഇവരുണ്ടാക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും പുതിയതാണ് ജനിതക മാറ്റം വരുത്തിയ ഭക്ഷണ (ജി.എം. ഭക്ഷണം) വുമായി ബന്ധപ്പെട്ട ബിൽ. ഇത് 2021 നവംബർ 15-നാണ് പുറത്തിറങ്ങിയത്.

ജനങ്ങൾക്കും ഭക്ഷ്യവ്യവസായികൾക്കും സംസ്ഥാന സർക്കാറുകൾക്കുമൊക്കെ പ്രതികരിക്കാനുള്ള അവസാന ദിവസം ജനുവരി 15 ആയിരുന്നു. എന്നാൽ ഏറെ വിവാദമായ ജി.എം. ഭക്ഷണത്തിന്റെ കാര്യത്തിൽ ഇങ്ങനെ ചെറിയ സമയത്തിനുള്ളിൽ തീരുമാനമെടുക്കാൻ പാടില്ലെന്നും സംസ്ഥാനങ്ങളുമായും ജനങ്ങളുമായും ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്നുമുള്ള ആവശ്യം ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരും സംഘടനകളും മുന്നോട്ടുവെക്കുകയുണ്ടായി. ആഷ- കിസാൻ സ്വരാജ് എന്ന ദേശീയ കാർഷിക-ഭക്ഷ്യസുരക്ഷാ കൂട്ടായ്മ ഈ ബിൽ എല്ലാ ഭാഷകളിലേയ്ക്കും തർജമ ചെയ്യണമെന്നും പൊതുചർച്ചയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അവസാന തീയതി ഫെബ്രുവരി അഞ്ചിലേയ്ക്ക് നീട്ടി എന്നല്ലാതെ മറ്റൊരു മാറ്റവും ഭക്ഷ്യസുരക്ഷാ അതോറിറ്റി സ്വീകരിച്ചിട്ടില്ല.

പ്രശ്‌നമെന്താണെന്നുവെച്ചാൽ ജി.എം. ഭക്ഷണത്തിന്റെ സുരക്ഷയെപ്പറ്റിയുള്ള പുതിയ പഠനങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ജി.എം. ഭക്ഷണം കൂടുതൽ കഴിക്കുന്ന അമേരിക്കയിൽ ഫുഡ് അലർജി വ്യാപകമാണ്. ഇത്രയും ഭക്ഷണവൈവിധ്യവും കൃഷിയുമുള്ള ഇന്ത്യയെ പോലൊരു രാജ്യത്ത് ജി.എം. ഭക്ഷണത്തിന്റെ ആവശ്യമില്ലെന്നും ഇത് നമ്മുടെ ഭക്ഷണ വൈവിധ്യം ഇല്ലാതാക്കുമെന്നും, ബി.ടി. വഴുതനങ്ങ, ജി.എം. കടുക് എന്നിവയ്ക്ക് അനുമതി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച സമയത്ത് പല വിദഗ്ധരും പറയുകയുണ്ടായി. അവയ്ക്ക് താത്കാലികമായി അനുമതി നിഷേധിക്കപ്പെടുകയും ചെയ്തു.

എന്നാലിപ്പോൾ, ജി.എം. ഭക്ഷണത്തിനുള്ള മാനദണ്ഡവുമായി ഒരു ബിൽ ഭക്ഷ്യസുരക്ഷാ അതോറിറ്റി വെച്ചിരിക്കുകയാണ്. ഇത് വായിക്കുമ്പോൾ മനസ്സിലാകുന്ന ഒരു കാര്യം ഇങ്ങനെയൊരു ബിൽ പാസായാൽ മറ്റുള്ള രാജ്യങ്ങളിൽ അനുമതി കിട്ടിയ ഏത് ജി.എം. ഭക്ഷണവും ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യാനുള്ള അനുമതി നേടാൻ കഴിയും എന്നാണ്. രസകരമായ കാര്യമെന്തെന്നുവെച്ചാൽ, പ്രധാനമന്ത്രി ഈയിടെയായി ആവർത്തിച്ച് പറയുന്ന ഒരു കാര്യം കൃഷിയെ രാസവസ്തുക്കളുടെ പരീക്ഷണശാലയിൽ നിന്ന് പുറത്തുകൊണ്ടുവരണം എന്നാണ്.

എന്നാൽ ജി.എം. ഭക്ഷണവുമായി ബന്ധപ്പെട്ട ജൈവ-രാസ പരീക്ഷണങ്ങൾ കൂട്ടുന്ന തരത്തിലാണ് ഈ പുതിയ ബിൽ രൂപകൽപന ചെയ്തരിക്കുന്നത്. പ്രകൃതിയിൽ സ്വാഭാവികമായിട്ടില്ലാത്ത ജൈവ- രാസ നിർമിതിയാണ് ഇത്തരം പരീക്ഷണശാലകളിൽ നടക്കുന്നത്.

ജനിതക മാറ്റം വരുത്തിയ ഗോൾഡൻ റൈസ്‌ / Photo: Wikimedia Commons

ജി.എം. ഭക്ഷണത്തെക്കുറിച്ചുള്ള നിരവധി ശാസ്ത്രീയ പഠനങ്ങളിൽ നിന്ന് പുറത്തുവരുന്നൊരു കാര്യം ഇവയ്ക്ക് മനുഷ്യരിൽ ആരോഗ്യ തകരാറുകൾ ഉണ്ടാക്കാൻ കഴിയും എന്നാണ്. പ്രധാനമായും ശരീരത്തിന്റെ പ്രതിരോധശേഷി, പ്രത്യുൽപാദന ആരോഗ്യം, പ്രധാനപ്പെട്ട അവയവങ്ങളുടെ ആരോഗ്യകരമായ പ്രവർത്തനം എന്നിവയെയൊക്കെയാണ് ഇത്തരം ഭക്ഷണം ബാധിക്കുക എന്ന് ഇത്തരം പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കൃത്രിമമായി ജി.എം. ഉണ്ടാക്കുന്ന പ്രക്രിയയകളും ഇതിൽനിന്നുണ്ടാകുന്ന വിഷ ഉത്പന്നങ്ങളും ഇതിന്റെ കൂടെ കൂട്ടിച്ചേർക്കുന്ന വിവിധ രാസവസ്തുക്കളും എല്ലാം ചേർന്നാണ് ഇത്തരം ആരോഗ്യത്തകരാറുകളുണ്ടാക്കുന്നതെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞരെത്തുന്നത്. ജി.എം. ഭക്ഷണം വേണ്ടെന്ന് പറയുന്ന കൂടുതൽ ഉപഭോക്താക്കൾ യൂറോപ്യൻ രാജ്യങ്ങളിലാണുള്ളത്. അതിനുകാരണം ഇവർ ജി.എം. ഭക്ഷണത്തെക്കുറിച്ച്, നല്ല ഭക്ഷണത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാണെന്നതാണ്.

ഭക്ഷ്യസുരക്ഷയ്ക്കായുള്ള ബിൽ 2005-ൽ പാർലമെന്റിൽ ചർക്കുവന്നപ്പോൾ രണ്ടുതവണ അംഗങ്ങൾ ജി.എം. ഭക്ഷണവുമായി ബന്ധപ്പെട്ട സുരക്ഷാപ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. ഭക്ഷ്യവ്യവസായികളുടെ ജി.എം. ഭക്ഷണത്തിലുള്ള താത്പര്യം അന്നുതൊ​ട്ടേ ചർച്ചാവിഷയമായിരുന്നു. 2006 ഫെബ്രുവരിയിലാണ് പാർലമെന്റിന്റെ അഗ്രികൾച്ചർ സ്റ്റാൻഡിങ് കമ്മിറ്റി ഈ ബിൽ മേശപ്പുറത്ത് വെച്ചത്. അവരുടെ നിർദേശമായിരുന്നു ഭക്ഷ്യ അതോറിറ്റിയെ ഭക്ഷ്യസുരക്ഷാ അതോറിറ്റി എന്ന് വിളിക്കണമെന്ന്. മാത്രവുമല്ല, ഇത് ആരോഗ്യ മന്ത്രാലയത്തിനുകീഴിൽ വരണമെന്നതും ഈ കമ്മിറ്റിയുടെ നിർദേശമായിരുന്നു. അന്നത്തെ ചർച്ചയിൽ പെപ്‌സി, നെസ്‌ലെ, മോൺസാന്റോ തുടങ്ങിയ കമ്പനികൾ നമ്മുടെ ഭക്ഷണശീലങ്ങളെയും വ്യവസ്ഥകളെയും മാറ്റിയെടുക്കുന്നത് ചർച്ചയായിരുന്നു. ഓർഗാനിക് ഭക്ഷണത്തിന്റെ പ്രത്യേകതകളും അന്ന് ചർച്ച ചെയ്തിരുന്നു. എന്നിരുന്നാലും ബില്ല് പാസായപ്പോൾ ജി.എം. ഭക്ഷണവും ഓർഗാനിക് ഭക്ഷണവും ഒരു സെക്ഷനിൽ (സെക്ഷൻ 22) തന്നെ കൊണ്ടുവന്നു.

അതിനുശേഷം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭക്ഷ്യസുരക്ഷാ അതോറിറ്റി കൂടുതൽ പ്രാധാന്യം കൊടുത്തത് ഓർഗാനിക് ഭക്ഷണത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്കായിരുന്നു. നിയമവിരുദ്ധമായി ജി.എം. ഭക്ഷണം ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്നതിനെ നിയന്ത്രിക്കാൻ അതോറിറ്റി കാര്യമായൊന്നും ചെയ്തില്ല. ഒടുവിൽ സുപ്രീംകോടതിയിൽ ബോധിപ്പിച്ചതിനെതുടർന്ന് കഴിഞ്ഞ നവംബർ മാസത്തിൽ ഭക്ഷ്യസുരക്ഷാ അതോറിറ്റി ജി.എം. ഭക്ഷണത്തെ നിയന്ത്രിക്കാനുള്ള ബില്ല് അവതരിപ്പിച്ചു. അതിനോട് പ്രതികരിക്കാൻ രണ്ടുമാസത്തെ സമയം മാത്രം നൽകിക്കൊണ്ടാണിത് ചെയ്തത്. കോവിഡ്​ മഹാമാരിയുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഇടയിൽ നട്ടംതിരിയുന്ന ജനങ്ങൾക്ക് സ്വന്തം ഭാഷയിൽ തന്നെ ഇത്തരത്തിലൊരു ബില്ല് കിട്ടിയാൽ വായിച്ച് മനസ്സിലാക്കി പ്രതികരിക്കാൻ ഏറെ സമയമെടുക്കും. അപ്പോൾ പിന്നെ ഇംഗ്ലീഷിൽ മാത്രം പ്രസിദ്ധീകരിച്ച ഈ ബിൽ എത്ര പേർ കണ്ടിട്ടുണ്ടാകം?

ഭക്ഷ്യസുരക്ഷാ അതോറിറ്റി കൊണ്ടുവന്ന ഈ ബില്ലിൽ രണ്ടുതരം ജി.എം. ഭക്ഷണത്തെ നിയന്ത്രിക്കേണ്ടതിനെക്കുറിച്ച് പറയുന്നുണ്ട്. പക്ഷേ ഈ രണ്ട് വിഭാഗത്തിനും എങ്ങനെയാണ് സുരക്ഷാ പഠനങ്ങൾ നടത്തുന്നതെന്ന് ബില്ലിൽ പറഞ്ഞിട്ടുമില്ല. ബില്ലിൽ കൊടുത്തിട്ടുള്ള അനുബന്ധത്തിൽ നിന്ന് മനസ്സിലാകുന്നത് ജി.എം. ഭക്ഷണത്തിനുള്ള മറ്റു രാജ്യങ്ങളിലെ അനുമതി ഇവിടെ പരിഗണിക്കും എന്നാണ്. മാത്രവുമല്ല, ഭക്ഷ്യസുരക്ഷാ അതോറിറ്റിയിൽ ഇത് പരിശോധിക്കാനുള്ള വിദഗ്ധരും ഇല്ല. അതുകൊണ്ടുതന്നെ എങ്ങനെ ഇവിടെ ജൈവസുരക്ഷാ പഠനങ്ങൾ നടത്തുമെന്നത് വ്യക്തമല്ല. പൊതുജനങ്ങൾക്കോ മറ്റേതെങ്കിലും ഏജൻസിക്കോ ഇടപെടാനുള്ള യാതൊരു സുതാര്യമായ പ്രവർത്തനരീതികളും ഇതിൽ പ്രതിപാദിക്കുന്നില്ല. അതോറിറ്റിയുടെ ഭാഗത്തുനിന്ന് നിയമവിരുദ്ധമായ ജി.എം. ഭക്ഷണമോ ഉത്പന്നങ്ങളോ മാർക്കറ്റിൽ കണ്ടെത്താനുള്ള സജീവമായ ഒരു ഇടപെടലിനെക്കുരിച്ചും ബില്ലിൽ സൂചനകളില്ല. ജി.എം. പരിശോധിക്കുന്ന പരീക്ഷണശാലകളിൽ 0.01% വരെ ജി.എം. സാന്നിധ്യം പരിശോധിക്കാമെന്നിരിക്കെ, ഒരു ജി.എം. ഉത്പന്നത്തിന്റെ അനുവദനീയമായ അളവ് 1% ആയാണ് വച്ചിരിക്കുന്നത്. ഇത്​ ഉപഭോക്താവിന്റെ സുരക്ഷയ്ക്ക് യാതൊരു പ്രധാന്യവും കൊടുക്കാത്ത സമീപനത്തിന്റെ സൂചനയായി വേണം കരുതാൻ. മൊത്തത്തിൽ നോക്കുമ്പോൾ പരിമിതമായ രീതിയിലെങ്കിലും ജി.എം. ഉത്പന്നങ്ങളെ നിയന്ത്രിച്ചിരുന്ന ജനറ്റിക് എൻജിനീയറിങ് അപ്രൈസൽ കമ്മിറ്റിയുടെ നിയന്ത്രണ സംവിധാനങ്ങളെ വരെ ശോഷിപ്പിക്കുന്ന രീതിയാണ് ഈ ബില്ലിലുള്ളത്.

ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം പൊതുജനാരോഗ്യ കാര്യത്തിൽ സംസ്ഥാന സർക്കാരുകളാണ് പ്രധാന ഉത്തരവാദി എങ്കിലും ജി.എം. ഭക്ഷണത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരുകളുടെ നയത്തെക്കുറിച്ചോ അവരുടെ പങ്കാളിത്തത്തെക്കുറിച്ചോ യാതൊന്നും ബില്ലിൽ പറയുന്നില്ല. സംസ്ഥാനങ്ങളും ജി.എം. ഭക്ഷണത്തിന്റെ കാര്യത്തിൽ തങ്ങളുടെ എതിർപ്പോ ഉത്കണ്ഠയോ നേരത്തെ പലപ്പോഴായി കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുള്ളതാണ്. കേരള സർക്കാർ ഇതുവരെയും ജി.എം. വിളകൾക്കോ ഭക്ഷണത്തിനോ അനുമതി നൽകിയിട്ടില്ല.

ഭക്ഷ്യസുരക്ഷാ അതോറിറ്റി തയ്യാറാക്കിയ ഈ ബില്ല് വാസ്തവത്തിൽ ഉപഭോക്താക്കൾക്കുവേണ്ടിയല്ലെന്നും മറിച്ച് വലിയ ഭക്ഷ്യ- കാർഷിക വ്യവസായങ്ങളെ സഹായിക്കാൻ വേണ്ടിയാണെന്നും തന്നെയേ ഇപ്പോൾ കരുതാൻ കഴിയൂ. ജി.എം. വിളകൾക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ജി.എം. ഭക്ഷണത്തിന് അനുമതി കൊടുക്കുന്ന രീതി ഭാവിയിൽ ജി.എം. വിളകൾക്കുമുള്ള അനുമതിയിലേയ്ക്ക് നീങ്ങാവുന്നതുമാണ്. ഇത്​ തന്ത്രപരമായ ഒരു ഇടപെടലാണ്. സംസ്ഥാന സർക്കാരുകളും പൊതുജനങ്ങളും ഇത് തിരിച്ചറിയേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷാ അതോറിറ്റി ഭക്ഷ്യവ്യവസായികളുടെ ബിസിനസ്സിനെയാണോ സംരക്ഷിക്കാൻ ശ്രമിക്കുന്നത്? ജനങ്ങളുടെ സുരക്ഷ അപ്പോൾ ആരുടെ ഉത്തരവാദിത്തമാണ്? ഉപഭോക്താക്കളുടെ സുരക്ഷയിൽ ഭക്ഷ്യസുരക്ഷാ അതോറിറ്റിക്ക് താൽപര്യമുണ്ടെങ്കിൽ കുറേക്കൂടി ശക്തമായ രീതിയിലുള്ള ഒരു മുൻകരുതൽ നയമാണ് അവർ എടുക്കേണ്ടിയിരുന്നത്.

ഇന്ത്യയിലെ ഭക്ഷ്യവ്യവസായം ലോകത്ത്​ മൂന്നാം സ്​ഥാനത്തുനിൽക്കുന്ന ഭക്ഷ്യവ്യവസായമാണ്. രണ്ടുവർഷമായി കൂടുതൽ വളർച്ച നേടിയ ഒരു വ്യവസായവുമാണിത്. രാജ്യത്തെ ഏറ്റവും ലാഭകരമായ ഒരു വ്യവസായമായും ഭക്ഷ്യ വ്യവസായം മാറിക്കൊണ്ടിരിക്കുന്നു. 2021-ൽ 645.8 ബില്യൺ യു.എസ്. ഡോളറായിരുന്നു ഈ മേഖലയുടെ വരുമാനം. ഭക്ഷ്യോത്പാദനത്തിലും ഇന്ത്യ ഏറെ മുന്നിലാണ്. ചൈനയാണ് ഏറ്റവും മുന്നിൽ. അതിന്റെ തൊട്ടുപിറകെ ഇന്ത്യയാണ്. വരുംവർഷങ്ങളിൽ ഇന്ത്യ ഒന്നാമതെത്താനും സാധ്യതയുണ്ട്. ഇതാണെങ്കിലും ഭക്ഷ്യ ഉത്പന്നങ്ങളുടെ ഇറക്കുമതിയും ഇന്ത്യയിൽ ഉയർന്ന നിലയിലാണ്. 2020-ൽ ഇന്ത്യ ഇറക്കുമതി ചെയ്ത ഭക്ഷ്യോത്പന്നങ്ങളിൽ 19 ശതമാനവും അമേരിക്കയിൽ നിന്നായിരുന്നു.

ഇന്ത്യയുടെ ഭക്ഷ്യസംസ്‌കരണ വ്യവസായവും ഏറെ വലുതാണ്. ഇന്ത്യയുടെ ജി.ഡി.പി.യുടെ 1.5 ശതമാനം ഈ മേഖലയിൽ നിന്നാണ്. കോവിഡ് മഹാമാരിയിൽ പല മേഖലകളും തകർന്നപ്പോഴും ഭക്ഷ്യസംസ്‌കരണ വ്യവസായം വളരുകയാണുണ്ടായത്. ഈ മേഖലയ്ക്ക് ഇനിയും വികസന സാധ്യതകളുണ്ട്. സംസ്‌കരിച്ച ഭക്ഷണവും പാക്കേജ് ചെയ്ത ഭക്ഷണവും കഴിക്കുന്ന ആളുകളുടെ എണ്ണം കൂടിവരികയുമാണ്. പ്രത്യേകിച്ചും പ്രതിരോധശേഷിക്കുവേണ്ടിയുള്ള ഭക്ഷ്യോത്പന്നങ്ങൾ കഴിക്കുന്ന പ്രവണത കൂടിവരുന്നു. ഭക്ഷ്യ വ്യവസായത്തിലേയ്ക്ക് പുറത്തുനിന്നുള്ള നിക്ഷേപം കൊണ്ടുവരാനും സർക്കാർ ആലോചിക്കുന്നു.

ഇത്തരം സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ കാര്യത്തിൽ നമ്മൾ കൂടുതൽ ജാഗരൂകരാകേണ്ടതുണ്ട്. ജി.എം. കലർന്ന ഭക്ഷണസാധനങ്ങൾ സംസ്‌കരിച്ച ഭക്ഷണത്തിലെത്തിയാൽ അത് തിരിച്ചറിയാൻ പോലും സാധിക്കാതെ വരും. അതുകൊണ്ടുതന്നെ കുറേക്കൂടി ശക്തമായ നിയന്ത്രണങ്ങൾ ജി.എം. ഭക്ഷണത്തിൽ കൊണ്ടുവരാൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി തയ്യാറാകേണ്ടതുണ്ട്.

Comments