നിശ്ശബ്ദയാകാൻ വിസമ്മതിച്ച് പാട്ടിലേക്ക് പിടിച്ചുകയറിയ പുഷ്പവതി

സംഗീതത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശനമില്ലാത്ത പലതരം ശബ്ദങ്ങളുടെ അതിജീവനാനുഭവങ്ങൾ സ്വന്തം പാട്ടുജീവിതത്തെ മുൻനിർത്തി പറയുകയാണ് ഗായികയും കമ്പോസറുമായ പുഷ്പവതി.

ചിട്ടയായ രീതിയിൽ കർണാടക സംഗീതം അഭ്യസിച്ച്, പാലക്കാട് സംഗീത കോളേജിൽ നിന്ന് ഗാനപ്രവീണ ഒന്നാം റാങ്കിൽ പാസായ പുഷ്പവതി, വിദ്യാർഥിയായിരിക്കുമ്പോഴേ സംഗീതത്തിലെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. പഠിക്കുമ്പോൾ തന്നെ കർണാടക സംഗീതത്തിൽ AIR ൽ നിന്ന് B ഗ്രേഡ് നേടി. കേന്ദ്ര സർക്കാറിനു കീഴിലെ സാംസ്‌കാരിക വകുപ്പ് ഏർപ്പെടുത്തിയ ജൂനിയർ സ്‌കോളർഷിപ്പും നേടി. ട്രാക്ക് പാടി സിനിമാസംഗീതത്തിലേക്കുവന്നു.

പാടിയ പല പാട്ടുകളും ഹിറ്റായിട്ടും പുഷ്​പവതി മുഖ്യധാരയുടെ പിന്നാമ്പുറത്തേക്ക് ഒതുക്കപ്പെട്ടു. ‘ആപ്പിൾ പാട്ടുകാർ' മാത്രമേ സിനിമയിലെ മുഖ്യധാരക്കുവേണ്ടൂ എന്നാണ് ഇതിനെ അവർ വിമർശിക്കുന്നത്. കമൽ സംവിധാനം ചെയ്ത ‘നമ്മൾ' എന്ന സിനിമയിൽ മോഹൻ സിതാരയുടെ സംഗീതത്തിൽ പാടിയ ‘കാത്തുകാത്തൊരു മഴയത്ത്' എന്ന പാട്ടിലൂടെയാണ് അവർ പിന്നണി ഗായികയായത്. അതിന്റെ ട്രാക്കാണ് ആദ്യം പാടിയത്. എന്നാൽ, തന്റെ ശബ്ദം തന്നെയാണ് സിനിമയിലേക്കെടുത്തതെന്ന കാര്യം അവരെ അറിയിച്ചില്ല. ബസിൽ വച്ചാണ് ആദ്യമായി പാടിയ സ്വന്തം പാട്ട് അവർ കേൾക്കുന്നത്. ആ പാട്ടിന് കിട്ടിയ പ്രതിഫലമാകട്ടെ, ട്രാക്ക് പാടിയതിന് കിട്ടിയ ആയിരം രൂപയും!

2011 ൽ സാൾട്ട് ആന്റ് പെപ്പർ എന്ന സിനിമയിലെ ‘ചെമ്പാവ് പുന്നെല്ലിൻ' എന്ന പാട്ടും ശ്രദ്ധ പിടിച്ചുപറ്റി. എങ്കിലും പാട്ടുകാരിയെ കാണാമറയത്തുതന്നെ നിർത്തി. പലതരം പ്രിവിലേജുകളാണ് ഇന്നും സംഗീതത്തെ ഭരിക്കുന്നത്. ടി.എം. കൃഷ്ണ നടത്തുന്ന വിപ്ലവകരമായ പരീക്ഷണങ്ങൾക്കുപോലും അദ്ദേഹത്തിന് അനുഭവിക്കാൻ കഴിയുന്ന പ്രിവിലേജിന്റെ ആനുകൂല്യമുണ്ടെന്നും അവർ പറയുന്നുണ്ട്.

കേരളത്തിന്റെ പൊതുജീവിതത്തിലും കലയിലും, പ്രത്യേകിച്ച് സംഗീതത്തിലും പ്രത്യക്ഷമായി തന്നെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജാതിയാണ് തനിക്ക് വിസിബിലിറ്റി നിഷേധിക്കുന്നതിന് പ്രധാന കാരണം എന്ന് പുഷ്പവതി തുറന്നുപറയുന്നു. അതുകൊണ്ടുതന്നെ ജാതിക്കും സവർണതക്കുമെതിരെ സംഗീതത്തിലൂടെ ഒരു രാഷ്ട്രീയാവിഷ്‌കാരത്തിനുകൂടിയാണ് അവരുടെ ശ്രമം.

പൊയ്കയിൽ അപ്പച്ചന്റെയും ശ്രീനാരായണഗുരുവിന്റെയും കൃതികളുടെ പുതിയ സംഗീതപ്രയോഗങ്ങളിലൂടെ, അപരമാക്കപ്പെട്ട ശബ്ദങ്ങളെ വീണ്ടെടുക്കുകയാണ്. പാട്ട് വീണ്ടെടുക്കേണ്ട, പാട്ടിൽ നാം കേൾക്കേണ്ട യഥാർഥ ശബ്ദങ്ങളെക്കുറിച്ചാണ് ഈ സംഭാഷണം.

Comments